സങ്കീർത്തനങ്ങൾ 107:23-36
സങ്കീർത്തനങ്ങൾ 107:23-36 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
കപ്പൽ കയറി സമുദ്രത്തിൽ ഓടിയവർ, പെരുവെള്ളങ്ങളിൽ വ്യാപാരം ചെയ്തവർ, അവർ യഹോവയുടെ പ്രവൃത്തികളെയും ആഴിയിൽ അവന്റെ അദ്ഭുതങ്ങളെയും കണ്ടു. അവൻ കല്പിച്ചു കൊടുങ്കാറ്റ് അടിപ്പിച്ചു, അത് അതിലെ തിരകളെ പൊങ്ങുമാറാക്കി. അവർ ആകാശത്തിലേക്ക് ഉയർന്നു, വീണ്ടും ആഴത്തിലേക്ക് താണു, അവരുടെ പ്രാണൻ കഷ്ടത്താൽ ഉരുകിപ്പോയി. അവർ മത്തനെപ്പോലെ തുള്ളി ചാഞ്ചാടി നടന്നു; അവരുടെ ബുദ്ധി പൊയ്പോയിരുന്നു. അവർ തങ്ങളുടെ കഷ്ടതയിൽ യഹോവയോടു നിലവിളിച്ചു; അവൻ അവരെ അവരുടെ ഞെരുക്കങ്ങളിൽനിന്നു വിടുവിച്ചു. അവൻ കൊടുങ്കാറ്റിനെ ശാന്തമാക്കി; തിരമാലകൾ അടങ്ങി. ശാന്തത വന്നതുകൊണ്ട് അവർ സന്തോഷിച്ചു; അവർ ആഗ്രഹിച്ച തുറമുഖത്ത് അവൻ അവരെ എത്തിച്ചു. അവർ യഹോവയെ അവന്റെ നന്മയെ ചൊല്ലിയും മനുഷ്യപുത്രന്മാരിൽ ചെയ്ത അദ്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ. അവർ ജനത്തിന്റെ സഭയിൽ അവനെ പുകഴ്ത്തുകയും മൂപ്പന്മാരുടെ സംഘത്തിൽ അവനെ സ്തുതിക്കയും ചെയ്യട്ടെ. നിവാസികളുടെ ദുഷ്ടതനിമിത്തം അവൻ നദികളെ മരുഭൂമിയും നീരുറവുകളെ വരണ്ട നിലവും ഫലപ്രദമായ ഭൂമിയെ ഉവർന്നിലവും ആക്കി. അവൻ മരുഭൂമിയെ ജലതടാകവും വരണ്ട നിലത്തെ നീരുറവുകളും ആക്കി. വിശന്നവരെ അവൻ അവിടെ പാർപ്പിച്ചു; അവർ പാർപ്പാൻ പട്ടണം ഉണ്ടാക്കുകയും
സങ്കീർത്തനങ്ങൾ 107:23-36 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ചിലർ വ്യാപാരം ചെയ്യാൻ കപ്പലുകളിൽ സമുദ്രയാത്ര ചെയ്തു. അവർ സർവേശ്വരന്റെ പ്രവൃത്തികൾ കണ്ടു. സമുദ്രത്തിൽ അവിടുന്നു ചെയ്ത അദ്ഭുതപ്രവൃത്തികൾ തന്നെ. അവിടുന്നു കല്പിച്ചപ്പോൾ കൊടുങ്കാറ്റടിച്ചു. സമുദ്രത്തിലെ തിരമാലകൾ ഉയർന്നു. തിരമാലകൾ കപ്പലുകളെ ആകാശത്തോളം ഉയർത്തുകയും ആഴത്തിലേക്കു താഴ്ത്തുകയും ചെയ്തു. ഈ കഷ്ടസ്ഥിതിയിൽ അവരുടെ ധൈര്യം ഉരുകിപ്പോയി. ഉന്മത്തരെപ്പോലെ അവർ ആടിയുലഞ്ഞു, എന്തു ചെയ്യണമെന്ന് അവർക്ക് അറിഞ്ഞു കൂടായിരുന്നു. അപ്പോൾ, അവർ തങ്ങളുടെ കഷ്ടതയിൽ സർവേശ്വരനോടു നിലവിളിച്ചു. യാതനകളിൽനിന്ന് അവിടുന്നു അവരെ വിടുവിച്ചു. അവിടുന്നു കൊടുങ്കാറ്റിനെ ശാന്തമാക്കി. തിരമാലകൾ അടങ്ങി. കാറ്റും കോളും അടങ്ങിയതുകൊണ്ട് അവർ സന്തോഷിച്ചു. അവർ ആഗ്രഹിച്ച തുറമുഖത്ത് അവിടുന്ന് അവരെ എത്തിച്ചു. സർവേശ്വരന്റെ അചഞ്ചലസ്നേഹത്തിനായും അവിടുന്നു തങ്ങൾക്കുവേണ്ടി ചെയ്ത അദ്ഭുതപ്രവൃത്തികൾക്കായും അവർ അവിടുത്തേക്കു സ്തോത്രം അർപ്പിക്കട്ടെ. ജനങ്ങൾ ഒത്തുകൂടുന്നിടത്ത് അവർ സർവേശ്വരനെ വാഴ്ത്തട്ടെ; നേതാക്കളുടെ സഭയിൽ അവിടുത്തെ പ്രകീർത്തിക്കട്ടെ. അവിടുന്നു നദികളെ മരുഭൂമിയും നീരുറവുകളെ വരണ്ട നിലവുമാക്കുന്നു. അവിടുന്നു ഫലഭൂയിഷ്ഠമായ പ്രദേശത്തെ ഓരുള്ള പാഴ്നിലമാക്കുന്നു. അവിടെ നിവസിച്ചിരുന്നവരുടെ ദുഷ്ടത കൊണ്ടുതന്നെ. അവിടുന്നു മരുഭൂമിയെ ജലാശയമാക്കി, വരണ്ടഭൂമിയെ നീരുറവുകളുള്ള പ്രദേശമാക്കി മാറ്റുന്നു. വിശന്നു വലഞ്ഞവരെ അവിടുന്ന് അവിടെ പാർപ്പിച്ചു. തങ്ങൾക്കു വസിക്കാൻ അവർ അവിടെ ഒരു നഗരം നിർമ്മിച്ചു.
സങ്കീർത്തനങ്ങൾ 107:23-36 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
കപ്പൽ കയറി സമുദ്രത്തിൽ ഓടിയവർ, പെരുവെള്ളങ്ങളിൽ വ്യാപാരം ചെയ്തവർ, അവർ യഹോവയുടെ പ്രവൃത്തികളും ആഴിയിൽ കർത്താവിന്‍റെ അത്ഭുതങ്ങളും കണ്ടു. അവിടുന്ന് കല്പിച്ച് കൊടുങ്കാറ്റടിപ്പിച്ചു, സമുദ്രം അതിലെ തിരകളെ പൊങ്ങുമാറാക്കി. അവർ ആകാശത്തിലേക്ക് ഉയർന്നു, വീണ്ടും ആഴത്തിലേക്ക് താണു, അവരുടെ ധൈര്യം കഷ്ടത്താൽ ഉരുകിപ്പോയി. അവർ ലഹരിപിടിച്ചവനെപ്പോലെ തുള്ളി ചാഞ്ചാടി നടന്നു; അവരുടെ ബുദ്ധി കെട്ടുപോയിരുന്നു. അവർ അവരുടെ കഷ്ടതയിൽ യഹോവയോട് നിലവിളിച്ചു; കർത്താവ് അവരെ അവരുടെ ഞെരുക്കങ്ങളിൽനിന്ന് വിടുവിച്ചു. ദൈവം കൊടുങ്കാറ്റിനെ ശാന്തമാക്കി; സമുദ്രത്തിലെ തിരമാലകൾ അടങ്ങി. ശാന്തത വന്നതുകൊണ്ട് അവർ സന്തോഷിച്ചു; അവർ ആഗ്രഹിച്ച തുറമുഖത്ത് കർത്താവ് അവരെ എത്തിച്ചു. അവർ യഹോവയെ അവിടുത്തെ നന്മയെചൊല്ലിയും മനുഷ്യപുത്രന്മാരിൽ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ. അവർ ജനത്തിന്റെ സഭയിൽ അവിടുത്തെ പുകഴ്ത്തുകയും മൂപ്പന്മാരുടെ സംഘത്തിൽ അവിടുത്തെ സ്തുതിക്കുകയും ചെയ്യട്ടെ. നിവാസികളുടെ ദുഷ്ടതനിമിത്തം ദൈവം നദികളെ മരുഭൂമിയും നീരുറവുകളെ വരണ്ടനിലവും ഫലപ്രദമായ ഭൂമിയെ ഊഷരനിലവും ആക്കി. ദൈവം മരുഭൂമിയെ ജലതടാകവും വരണ്ട നിലത്തെ നീരുറവുകളും ആക്കി. വിശന്നവരെ അവിടുന്ന് അവിടെ താമസിപ്പിച്ചു; അവർ വസിക്കുവാൻ പട്ടണം ഉണ്ടാക്കുകയും
സങ്കീർത്തനങ്ങൾ 107:23-36 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
കപ്പൽ കയറി സമുദ്രത്തിൽ ഓടിയവർ, പെരുവെള്ളങ്ങളിൽ വ്യാപാരം ചെയ്തവർ, അവർ യഹോവയുടെ പ്രവൃത്തികളെയും ആഴിയിൽ അവന്റെ അത്ഭുതങ്ങളെയും കണ്ടു. അവൻ കല്പിച്ചു കൊടുങ്കാറ്റു അടിപ്പിച്ചു, അതു അതിലെ തിരകളെ പൊങ്ങുമാറാക്കി. അവർ ആകാശത്തിലേക്കു ഉയർന്നു, വീണ്ടും ആഴത്തിലേക്കു താണു, അവരുടെ പ്രാണൻ കഷ്ടത്താൽ ഉരുകിപ്പോയി. അവർ മത്തനെപ്പോലെ തുള്ളി ചാഞ്ചാടിനടന്നു; അവരുടെ ബുദ്ധി പൊയ്പോയിരുന്നു. അവർ തങ്ങളുടെ കഷ്ടതയിൽ യഹോവയോടു നിലവിളിച്ചു; അവൻ അവരെ അവരുടെ ഞെരുക്കങ്ങളിൽ നിന്നു വിടുവിച്ചു. അവൻ കൊടുങ്കാറ്റിനെ ശാന്തമാക്കി; തിരമാലകൾ അടങ്ങി. ശാന്തത വന്നതുകൊണ്ടു അവർ സന്തോഷിച്ചു; അവർ ആഗ്രഹിച്ച തുറമുഖത്തു അവൻ അവരെ എത്തിച്ചു. അവർ യഹോവയെ അവന്റെ നന്മയെ ചൊല്ലിയും മനുഷ്യപുത്രന്മാരിൽ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ. അവർ ജനത്തിന്റെ സഭയിൽ അവനെ പുകഴ്ത്തുകയും മൂപ്പന്മാരുടെ സംഘത്തിൽ അവനെ സ്തുതിക്കയും ചെയ്യട്ടെ. നിവാസികളുടെ ദുഷ്ടതനിമിത്തം അവൻ നദികളെ മരുഭൂമിയും നീരുറവുകളെ വരണ്ട നിലവും ഫലപ്രദമായ ഭൂമിയെ ഉവർന്നിലവും ആക്കി. അവൻ മരുഭൂമിയെ ജലതടാകവും വരണ്ട നിലത്തെ നീരുറവുകളും ആക്കി. വിശന്നവരെ അവൻ അവിടെ പാർപ്പിച്ചു; അവർ പാർപ്പാൻ പട്ടണം ഉണ്ടാക്കുകയും നിലം വിതെക്കയും
സങ്കീർത്തനങ്ങൾ 107:23-36 സമകാലിക മലയാളവിവർത്തനം (MCV)
ചിലർ മഹാസമുദ്രത്തിലെ വ്യാപാരികളായി; കടലിലൂടെയവർ കപ്പൽയാത്രചെയ്തു. അവർ യഹോവയുടെ പ്രവൃത്തികളെ നിരീക്ഷിച്ചു, ആഴിയിൽ അവിടത്തെ അത്ഭുതങ്ങളെത്തന്നെ. അവിടന്ന് ആജ്ഞാപിച്ചു; ഒരു കൊടുങ്കാറ്റ് ആഞ്ഞുവീശി, തിരമാലകൾ ഉയർന്നുപൊങ്ങി. അവ ആകാശത്തോളം ഉയർന്ന് ആഴങ്ങളിലേക്ക് താഴ്ന്നമർന്നു; തങ്ങളുടെ ദുരിതങ്ങളിൽ അവരുടെ ധൈര്യം ചോർന്നൊലിച്ചു. അവർ മദോന്മത്തരെപ്പോലെ ചാഞ്ചാടി ആടിയുലഞ്ഞു; അവർ അവരുടെ അറിവിന്റെ അന്ത്യത്തിലെത്തി. അപ്പോൾ തങ്ങളുടെ കഷ്ടതയിൽ അവർ യഹോവയോട് നിലവിളിച്ചു, അവരുടെ ദുരിതത്തിൽനിന്ന് അവിടന്ന് അവരെ രക്ഷിച്ചു. അവിടന്ന് കൊടുങ്കാറ്റിനെ ശാന്തമാക്കി; സമുദ്രത്തിലെ തിരമാലകൾ അമർന്നു. അത് ശാന്തമായപ്പോൾ അവർ ആനന്ദിച്ചു, അവർ ആഗ്രഹിച്ച തുറമുഖത്തേക്ക് അവിടന്ന് അവരെ നയിച്ചു. അവിടത്തെ അചഞ്ചലസ്നേഹംനിമിത്തവും അവിടന്ന് മനുഷ്യർക്കുവേണ്ടി ചെയ്ത അത്ഭുതപ്രവൃത്തികൾനിമിത്തവും അവർ യഹോവയ്ക്കു സ്തോത്രംചെയ്യട്ടെ. ജനങ്ങളുടെ സഭയിൽ അവർ അവിടത്തെ വാഴ്ത്തട്ടെ സമുദായനേതാക്കന്മാരുടെ സംഘത്തിൽ അവിടത്തെ സ്തുതിക്കട്ടെ. ദേശവാസികളുടെ ദുഷ്‌പ്രവൃത്തികൾനിമിത്തം അവിടന്ന് നദികളെ മരുഭൂമിയും അരുവികളെ ദാഹാർത്തഭൂമിയും ഫലഭൂയിഷ്ഠമായ ഇടത്തെ ഓരുനിലവും ആക്കിയിരിക്കുന്നു. അവിടന്ന് മരുഭൂമിയെ ജലാശയങ്ങളായും വരണ്ടനിലത്തെ നീർച്ചാലുകളായും മാറ്റുന്നു; അവിടന്ന് അവിടെ വിശക്കുന്നവരെ കുടിപാർപ്പിക്കുന്നു, അവർക്കു വാസയോഗ്യമായ ഒരു പട്ടണം അവർ പണിതുയർത്തുന്നു.