സങ്കീർത്തനങ്ങൾ 107:1-22
സങ്കീർത്തനങ്ങൾ 107:1-22 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവയ്ക്കു സ്തോത്രം ചെയ്വിൻ; അവൻ നല്ലവനല്ലോ അവന്റെ ദയ എന്നേക്കുമുള്ളത്! യഹോവ വൈരിയുടെ കൈയിൽനിന്നു വീണ്ടെടുക്കയും കിഴക്കും പടിഞ്ഞാറും വടക്കും കടലിലും ഉള്ള ദേശങ്ങളിൽനിന്നു കൂട്ടിച്ചേർക്കയും ചെയ്തവരായ അവന്റെ വിമുക്തന്മാർ അങ്ങനെ പറയട്ടെ. അവർ മരുഭൂമിയിൽ ജനസഞ്ചാരമില്ലാത്ത വഴിയിൽ ഉഴന്നുനടന്നു; പാർപ്പാൻ ഒരു പട്ടണവും അവർ കണ്ടെത്തിയില്ല. അവർ വിശന്നും ദാഹിച്ചും ഇരുന്നു; അവരുടെ പ്രാണൻ അവരുടെ ഉള്ളിൽ തളർന്നു. അവർ തങ്ങളുടെ കഷ്ടതയിൽ യഹോവയോടു നിലവിളിച്ചു; അവൻ അവരെ അവരുടെ ഞെരുക്കങ്ങളിൽനിന്നു വിടുവിച്ചു. അവർ പാർപ്പാൻ തക്ക പട്ടണത്തിൽ ചെല്ലേണ്ടതിന് അവൻ അവരെ ചൊവ്വേയുള്ള വഴിയിൽ നടത്തി. അവർ യഹോവയെ അവന്റെ നന്മയെ ചൊല്ലിയും മനുഷ്യപുത്രന്മാരിൽ ചെയ്ത അദ്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ. അവൻ ആർത്തിയുള്ളവനു തൃപ്തിവരുത്തുകയും വിശപ്പുള്ളവനെ നന്മകൊണ്ടു നിറയ്ക്കുകയും ചെയ്യുന്നു. ദൈവത്തിന്റെ വചനങ്ങളോടു മത്സരിക്കയും അത്യുന്നതന്റെ ആലോചനയെ നിരസിക്കയും ചെയ്തിട്ട് ഇരുളിലും അന്ധതമസ്സിലും ഇരുന്നു അരിഷ്ടതയാലും ഇരുമ്പുചങ്ങലയാലും ബന്ധിക്കപ്പെട്ടവർ- അവരുടെ ഹൃദയത്തെ അവൻ കഷ്ടതകൊണ്ടു താഴ്ത്തി; അവർ ഇടറിവീണു; സഹായിപ്പാൻ ആരുമുണ്ടായിരുന്നില്ല. അവർ തങ്ങളുടെ കഷ്ടതയിൽ യഹോവയോടു നിലവിളിച്ചു; അവൻ അവരുടെ ഞെരുക്കങ്ങളിൽനിന്ന് അവരെ രക്ഷിച്ചു. അവൻ അവരെ ഇരുട്ടിൽനിന്നും അന്ധതമസ്സിൽനിന്നും പുറപ്പെടുവിച്ചു; അവരുടെ ബന്ധനങ്ങളെ അറുത്തുകളഞ്ഞു. അവർ യഹോവയെ, അവന്റെ നന്മയെച്ചൊല്ലിയും മനുഷ്യപുത്രന്മാരിൽ ചെയ്ത അദ്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ. അവൻ താമ്രകതകുകളെ തകർത്തു, ഇരുമ്പോടാമ്പലുകളെ മുറിച്ചു കളഞ്ഞിരിക്കുന്നു. ഭോഷന്മാർ തങ്ങളുടെ ലംഘനങ്ങൾ ഹേതുവായും തങ്ങളുടെ അകൃത്യങ്ങൾ നിമിത്തവും കഷ്ടപ്പെട്ടു. അവർക്കു സകലവിധ ഭക്ഷണത്തോടും വെറുപ്പുതോന്നി; അവർ മരണവാതിലുകളോടു സമീപിച്ചിരുന്നു. അവർ തങ്ങളുടെ കഷ്ടതയിൽ യഹോവയോടു നിലവിളിച്ചു; അവൻ അവരെ അവരുടെ ഞെരുക്കങ്ങളിൽനിന്നു രക്ഷിച്ചു. അവൻ തന്റെ വചനത്തെ അയച്ച് അവരെ സൗഖ്യമാക്കി; അവരുടെ കുഴികളിൽനിന്ന് അവരെ വിടുവിച്ചു. അവർ യഹോവയെ അവന്റെ നന്മയെച്ചൊല്ലിയും മനുഷ്യപുത്രന്മാരിൽ ചെയ്ത അദ്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ. അവർ സ്തോത്രയാഗങ്ങളെ കഴിക്കയും സംഗീതത്തോടുകൂടെ അവന്റെ പ്രവൃത്തികളെ വർണിക്കയും ചെയ്യട്ടെ.
സങ്കീർത്തനങ്ങൾ 107:1-22 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരനു സ്തോത്രം അർപ്പിക്കുവിൻ, അവിടുന്നു നല്ലവനല്ലോ. അവിടുത്തെ സുസ്ഥിരസ്നേഹം ശാശ്വതമാണെന്ന് അവിടുന്നു വീണ്ടെടുത്തവർ പറയട്ടെ. സർവേശ്വരൻ ശത്രുക്കളിൽനിന്നു വിടുവിച്ച്, കിഴക്കും പടിഞ്ഞാറും വടക്കും തെക്കുമുള്ള ദേശങ്ങളിൽനിന്ന്, മടക്കിക്കൊണ്ടു വന്നവർ തന്നെ ഇങ്ങനെ പറയട്ടെ. പാർക്കാൻ പട്ടണം കാണാതെ അവരിൽ ചിലർ മരുഭൂമിയിൽ അലഞ്ഞു നടന്നു. വിശന്നും ദാഹിച്ചും അവർ തളർന്നു. അവർ ആശയറ്റവരായി. അവർ തങ്ങളുടെ കഷ്ടതയിൽ സർവേശ്വരനോടു നിലവിളിച്ചു. അവരുടെ യാതനകളിൽനിന്ന് അവിടുന്ന് അവരെ രക്ഷിച്ചു. വാസയോഗ്യമായ പട്ടണത്തിലെത്തുന്നതുവരെ അവിടുന്ന് അവർക്ക് നേർവഴി കാട്ടി. സർവേശ്വരന്റെ അചഞ്ചലസ്നേഹത്തിനായും അവിടുന്നു മനുഷ്യർക്കുവേണ്ടി ചെയ്ത അദ്ഭുതപ്രവൃത്തികൾക്കായും അവിടുത്തേക്കു സ്തോത്രം അർപ്പിക്കുവിൻ; അവിടുന്നു ദാഹാർത്തനു തൃപ്തി വരുത്തുന്നു. വിശന്നിരിക്കുന്നവനു വിശിഷ്ടഭോജ്യങ്ങൾ നല്‌കി സംതൃപ്തനാക്കുന്നു. ചിലർ ദൈവത്തിന്റെ വാക്കു ധിക്കരിക്കുകയും അത്യുന്നതന്റെ ആലോചന നിരസിക്കുകയും ചെയ്തു; അവർ അന്ധകാരത്തിലും മരണത്തിന്റെ നിഴലിലും ഇരുന്നു. അവർ പീഡിപ്പിക്കപ്പെടുകയും ചങ്ങലകളാൽ ബന്ധിക്കപ്പെടുകയും ചെയ്തു. കഠിനാധ്വാനംകൊണ്ട് അവരുടെ മനസ്സിടിഞ്ഞു, അവർ വീണപ്പോൾ സഹായിക്കാൻ ആരുമുണ്ടായില്ല. അവർ തങ്ങളുടെ കഷ്ടതയിൽ സർവേശ്വരനോടു നിലവിളിച്ചു. അവരുടെ യാതനകളിൽനിന്ന് അവിടുന്ന് അവരെ രക്ഷിച്ചു. അന്ധകാരത്തിൽനിന്നും മരണത്തിന്റെ നിഴലിൽനിന്നും അവിടുന്ന് അവരെ വിടുവിച്ചു. അവരുടെ ചങ്ങലകൾ അവിടുന്നു പൊട്ടിച്ചെറിഞ്ഞു. സർവേശ്വരന്റെ അചഞ്ചലസ്നേഹത്തിനായും അവിടുന്നു മനുഷ്യർക്കുവേണ്ടി ചെയ്ത അദ്ഭുതപ്രവൃത്തികൾക്കായും അവർ അവിടുത്തേക്കു സ്തോത്രം അർപ്പിക്കട്ടെ. അവിടുന്നു ശത്രുക്കളുടെ താമ്രവാതിലുകൾ തകർത്തു. ഇരുമ്പ് ഓടാമ്പലുകൾ ഒടിച്ചു. ഭോഷന്മാർ തങ്ങളുടെ പാപകരമായ വഴികളും അകൃത്യങ്ങളും നിമിത്തം കഷ്ടതയിലായി. അവർ ഭക്ഷണത്തെ വെറുത്തു. മൃത്യുകവാടത്തോട് അവർ അടുത്തു. അവർ തങ്ങളുടെ കഷ്ടതയിൽ സർവേശ്വരനോടു നിലവിളിച്ചു. അവരുടെ യാതനകളിൽനിന്ന് അവിടുന്നു അവരെ രക്ഷിച്ചു. അവിടുത്തെ കല്പനയാൽ അവർ സൗഖ്യം പ്രാപിച്ചു. വിനാശത്തിൽനിന്ന് അവിടുന്ന് അവരെ വിടുവിച്ചു. സർവേശ്വരന്റെ അചഞ്ചലസ്നേഹത്തിനായും അവിടുന്നു തങ്ങൾക്കുവേണ്ടി ചെയ്ത അദ്ഭുതപ്രവൃത്തികൾക്കായും മനുഷ്യർ സ്തോത്രം ചെയ്യട്ടെ. അവർ സ്തോത്രയാഗങ്ങൾ അർപ്പിക്കട്ടെ. ആനന്ദഗീതത്തോടെ അവിടുത്തെ പ്രവൃത്തികൾ പ്രഘോഷിക്കട്ടെ.
സങ്കീർത്തനങ്ങൾ 107:1-22 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യഹോവയ്ക്കു സ്തോത്രം ചെയ്യുവിൻ; ദൈവം നല്ലവനല്ലോ അവിടുത്തെ ദയ എന്നേക്കുമുള്ളത്! യഹോവ വൈരിയുടെ കയ്യിൽനിന്ന് വീണ്ടെടുക്കുകയും കിഴക്കും പടിഞ്ഞാറും വടക്കും കടലിലും ഉള്ള ദേശങ്ങളിൽനിന്ന് കൂട്ടിച്ചേർക്കുകയും ചെയ്തവരായ കർത്താവിന്‍റെ വിമുക്തന്മാർ അങ്ങനെ പറയട്ടെ. അവർ മരുഭൂമിയിൽ ജനസഞ്ചാരമില്ലാത്ത വഴിയിൽ അലഞ്ഞുനടന്നു; പാർക്കുവാൻ ഒരു പട്ടണവും അവർ കണ്ടെത്തിയില്ല. അവർ വിശന്നും ദാഹിച്ചും ഇരുന്നു; അവരുടെ പ്രാണൻ അവരുടെ ഉള്ളിൽ തളർന്നു. അവർ അവരുടെ കഷ്ടതയിൽ യഹോവയോട് നിലവിളിച്ചു; കർത്താവ് അവരെ അവരുടെ ഞെരുക്കങ്ങളിൽനിന്നു വിടുവിച്ചു. അവർ പാർക്കുവാൻ തക്ക പട്ടണത്തിൽ ചെല്ലേണ്ടതിന് ദൈവം അവരെ ശരിയായ വഴിയിൽ നടത്തി. അവർ യഹോവയെ അവിടുത്തെ നന്മയെചൊല്ലിയും മനുഷ്യപുത്രന്മാരിൽ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ. കർത്താവ് ആർത്തിയുള്ളവന് തൃപ്തി വരുത്തുകയും വിശപ്പുള്ളവനെ നന്മകൊണ്ടു നിറയ്ക്കുകയും ചെയ്യുന്നു. അരിഷ്ടതയാലും ഇരുമ്പുചങ്ങലയാലും ബന്ധിക്കപ്പെട്ടവർ ഇരുളിലും അന്ധതമസ്സിലും ഇരുന്നു. അവർ ദൈവത്തിന്‍റെ വചനങ്ങളോട് മത്സരിക്കുകയും അത്യുന്നതനായ ദൈവത്തിന്‍റെ ആലോചന നിരസിക്കുകയും ചെയ്തു. അവരുടെ ഹൃദയത്തെ ദൈവം കഷ്ടതകൊണ്ട് താഴ്ത്തി; അവർ ഇടറിവീണു; സഹായിക്കുവാൻ ആരും ഉണ്ടായിരുന്നില്ല. അവർ അവരുടെ കഷ്ടതയിൽ യഹോവയോട് നിലവിളിച്ചു; ദൈവം അവരുടെ ഞെരുക്കങ്ങളിൽനിന്ന് അവരെ രക്ഷിച്ചു. ദൈവം അവരെ ഇരുട്ടിൽനിന്നും മരണനിഴലിൽനിന്നും പുറപ്പെടുവിച്ചു; അവരുടെ ബന്ധനങ്ങൾ അറുത്തുകളഞ്ഞു. അവർ യഹോവയെ, അവിടുത്തെ നന്മയെചൊല്ലിയും മനുഷ്യപുത്രന്മാരിൽ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ. ദൈവം താമ്രകതകുകൾ തകർത്തു, ഇരിമ്പോടാമ്പലുകൾ മുറിച്ചുകളഞ്ഞിരിക്കുന്നു. ഭോഷന്മാർ അവരുടെ ലംഘനങ്ങൾ ഹേതുവായും തങ്ങളുടെ അകൃത്യങ്ങൾനിമിത്തവും കഷ്ടപ്പെട്ടു. അവർക്ക് സകലവിധ ഭക്ഷണത്തോടും വെറുപ്പുതോന്നി; അവർ മരണവാതിലുകളോട് സമീപിച്ചിരുന്നു. അവർ അവരുടെ കഷ്ടതയിൽ യഹോവയോട് നിലവിളിച്ചു; കർത്താവ് അവരെ അവരുടെ ഞെരുക്കങ്ങളിൽനിന്നു രക്ഷിച്ചു. ദൈവം തന്‍റെ വചനം അയച്ച് അവരെ സൗഖ്യമാക്കി; അവരുടെ കുഴികളിൽനിന്ന് അവരെ വിടുവിച്ചു. അവർ യഹോവയെ അവിടുത്തെ നന്മയെചൊല്ലിയും മനുഷ്യപുത്രന്മാരിൽ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ. അവർ സ്തോത്രയാഗങ്ങൾ കഴിക്കുകയും സംഗീതത്തോടുകൂടി ദൈവത്തിന്‍റെ പ്രവൃത്തികളെ വർണ്ണിക്കുകയും ചെയ്യട്ടെ.
സങ്കീർത്തനങ്ങൾ 107:1-22 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവെക്കു സ്തോത്രം ചെയ്വിൻ; അവൻ നല്ലവനല്ലോ അവന്റെ ദയ എന്നേക്കുമുള്ളതു! യഹോവ വൈരിയുടെ കയ്യിൽനിന്നു വീണ്ടെടുക്കയും കിഴക്കും പടിഞ്ഞാറും വടക്കും കടലിലും ഉള്ള ദേശങ്ങളിൽനിന്നു കൂട്ടിച്ചേർക്കയും ചെയ്തവരായ അവന്റെ വിമുക്തന്മാർ അങ്ങനെ പറയട്ടെ. അവർ മരുഭൂമിയിൽ ജനസഞ്ചാരമില്ലാത്ത വഴിയിൽ ഉഴന്നുനടന്നു; പാർപ്പാൻ ഒരു പട്ടണവും അവർ കണ്ടെത്തിയില്ല. അവർ വിശന്നും ദാഹിച്ചും ഇരുന്നു; അവരുടെ പ്രാണൻ അവരുടെ ഉള്ളിൽ തളർന്നു. അവർ തങ്ങളുടെ കഷ്ടതയിൽ യഹോവയോടു നിലവിളിച്ചു; അവൻ അവരെ അവരുടെ ഞെരുക്കങ്ങളിൽ നിന്നു വിടുവിച്ചു. അവർ പാർപ്പാൻ തക്ക പട്ടണത്തിൽ ചെല്ലേണ്ടതിന്നു അവൻ അവരെ ചൊവ്വെയുള്ള വഴിയിൽ നടത്തി. അവർ യഹോവയെ അവന്റെ നന്മയെചൊല്ലിയും മനുഷ്യപുത്രന്മാരിൽ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ. അവൻ ആർത്തിയുള്ളവന്നു തൃപ്തിവരുത്തുകയും വിശപ്പുള്ളവനെ നന്മകൊണ്ടു നിറെക്കുകയും ചെയ്യുന്നു. ദൈവത്തിന്റെ വചനങ്ങളോടു മത്സരിക്കയും അത്യുന്നതന്റെ ആലോചനയെ നിരസിക്കയും ചെയ്തിട്ടു ഇരുളിലും അന്ധതമസ്സിലും ഇരുന്നു അരിഷ്ടതയാലും ഇരുമ്പുചങ്ങലയാലും ബന്ധിക്കപ്പെട്ടവർ - അവരുടെ ഹൃദയത്തെ അവൻ കഷ്ടതകൊണ്ടു താഴ്ത്തി; അവർ ഇടറിവീണു; സഹായിപ്പാൻ ആരുമുണ്ടായിരുന്നില്ല. അവർ തങ്ങളുടെ കഷ്ടതയിൽ യഹോവയോടു നിലവിളിച്ചു; അവൻ അവരുടെ ഞെരുക്കങ്ങളിൽനിന്നു അവരെ രക്ഷിച്ചു. അവൻ അവരെ ഇരുട്ടിൽനിന്നും അന്ധതമസ്സിൽനിന്നും പുറപ്പെടുവിച്ചു; അവരുടെ ബന്ധനങ്ങളെ അറുത്തുകളഞ്ഞു. അവർ യഹോവയെ, അവന്റെ നന്മയെ ചൊല്ലിയും മനുഷ്യപുത്രന്മാരിൽ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ. അവൻ താമ്രകതകുകളെ തകർത്തു, ഇരിമ്പോടാമ്പലുകളെ മുറിച്ചുകളഞ്ഞിരിക്കുന്നു. ഭോഷന്മാർ തങ്ങളുടെ ലംഘനങ്ങൾ ഹേതുവായും തങ്ങളുടെ അകൃത്യങ്ങൾനിമിത്തവും കഷ്ടപ്പെട്ടു. അവർക്കു സകലവിധ ഭക്ഷണത്തോടും വെറുപ്പുതോന്നി; അവർ മരണവാതിലുകളോടു സമീപിച്ചിരുന്നു. അവർ തങ്ങളുടെ കഷ്ടതയിൽ യഹോവയോടു നിലവിളിച്ചു; അവൻ അവരെ അവരുടെ ഞെരുക്കങ്ങളിൽനിന്നു രക്ഷിച്ചു. അവൻ തന്റെ വചനത്തെ അയച്ചു അവരെ സൗഖ്യമാക്കി; അവരുടെ കുഴികളിൽനിന്നു അവരെ വിടുവിച്ചു. അവർ യഹോവയെ അവന്റെ നന്മയെചൊല്ലിയും മനുഷ്യപുത്രന്മാരിൽ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ. അവർ സ്തോത്രയാഗങ്ങളെ കഴിക്കയും സംഗീതത്തോടുകൂടെ അവന്റെ പ്രവൃത്തികളെ വർണ്ണിക്കയും ചെയ്യട്ടെ.
സങ്കീർത്തനങ്ങൾ 107:1-22 സമകാലിക മലയാളവിവർത്തനം (MCV)
യഹോവയ്ക്കു സ്തോത്രംചെയ്‌വിൻ, അവിടന്ന് നല്ലവനല്ലോ; അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു. യഹോവയാൽ വീണ്ടെടുക്കപ്പെട്ടവർ, അവിടന്ന് ശത്രുക്കളുടെ കൈയിൽനിന്ന് വീണ്ടെടുത്തവർ, കിഴക്കുനിന്നും പടിഞ്ഞാറുനിന്നും വടക്കുനിന്നും തെക്കുനിന്നും അവിടന്ന് കൂട്ടിച്ചേർത്തവരായ ജനം ഇപ്രകാരം പറയട്ടെ: അവർ മരുഭൂമിയിൽ വിജനപാതയിൽ അലഞ്ഞുനടന്നു, വാസയോഗ്യമായ പട്ടണമൊന്നും അവർ കണ്ടെത്തിയില്ല. അവർ വിശന്നും ദാഹിച്ചും അലഞ്ഞു, അവരുടെ ജീവൻ ചോർന്നുപോയിരിക്കുന്നു. അപ്പോൾ തങ്ങളുടെ കഷ്ടതയിൽ അവർ യഹോവയോട് നിലവിളിച്ചു, അവരുടെ ദുരിതത്തിൽനിന്ന് അവിടന്ന് അവരെ വിടുവിച്ചു. അവർക്കു വാസയോഗ്യമായ ഒരു നഗരത്തിലേക്ക് അവിടന്ന് അവരെ നേർപാതയിലൂടെ നയിച്ചു. അവിടത്തെ അചഞ്ചലസ്നേഹംനിമിത്തവും അവിടന്ന് മനുഷ്യർക്കുവേണ്ടി ചെയ്ത അത്ഭുതപ്രവൃത്തികൾനിമിത്തവും അവർ യഹോവയ്ക്കു സ്തോത്രംചെയ്യട്ടെ, കാരണം അവിടന്ന് ദാഹിക്കുന്നവരെ തൃപ്തരാക്കുകയും വിശക്കുന്നവരെ വിശിഷ്ടഭോജ്യങ്ങൾകൊണ്ടു നിറയ്ക്കുകയുംചെയ്യുന്നു. ചിലർ ഇരുമ്പുചങ്ങലകളാൽ ബന്ധിതരായി കഷ്ടമനുഭവിച്ചു, കൂരിരുളിലും അന്ധതമസ്സിലും ജീവിച്ചു. കാരണം അവർ ദൈവത്തിന്റെ കൽപ്പനകൾ തിരസ്കരിച്ചു അത്യുന്നതന്റെ ആലോചനകൾ നിരസിച്ചു. അതിനാൽ അവിടന്ന് അവരെ കഠിനാധ്വാനത്തിന് ഏൽപ്പിച്ചു; അവർ തളർന്നുവീണു, സഹായിക്കാൻ ആരും ഉണ്ടായിരുന്നില്ല. അപ്പോൾ തങ്ങളുടെ കഷ്ടതയിൽ അവർ യഹോവയോട് നിലവിളിച്ചു, അവരുടെ ദുരിതത്തിൽനിന്ന് അവിടന്ന് അവരെ രക്ഷിച്ചു. അവിടന്ന് അവരെ അന്ധകാരത്തിൽനിന്ന്, അതേ, ഘോരാന്ധകാരത്തിൽനിന്നുതന്നെ വിടുവിച്ചു, അവരുടെ ചങ്ങലകളെ അവിടന്നു പൊട്ടിച്ചെറിഞ്ഞു. അവിടത്തെ അചഞ്ചലസ്നേഹംനിമിത്തവും അവിടന്ന് മനുഷ്യർക്കുവേണ്ടി ചെയ്ത അത്ഭുതപ്രവൃത്തികൾനിമിത്തവും അവർ യഹോവയ്ക്കു സ്തോത്രംചെയ്യട്ടെ, കാരണം, അവിടന്ന് വെങ്കലക്കവാടങ്ങളെ തകർക്കുകയും ഇരുമ്പോടാമ്പലുകളെ വെട്ടിമുറിക്കുകയും ചെയ്യുന്നു. ചിലർ തങ്ങളുടെ ധിക്കാരംനിമിത്തം ഭോഷരായിത്തീർന്നു അവരുടെ അകൃത്യങ്ങളാൽ ദുരിതമനുഭവിച്ചു. എല്ലാത്തരം ഭക്ഷണത്തോടും അവർക്ക് വിരക്തിതോന്നി, മരണകവാടത്തോട് അവർ സമീപിച്ചിരുന്നു. അപ്പോൾ തങ്ങളുടെ കഷ്ടതയിൽ അവർ യഹോവയോട് നിലവിളിച്ചു, അവരുടെ ദുരിതത്തിൽനിന്ന് അവിടന്ന് അവരെ രക്ഷിച്ചു. അവിടന്ന് തന്റെ വചനം അയച്ച് അവരെ സൗഖ്യമാക്കി; ശവക്കുഴികളിൽനിന്ന് അവിടന്ന് അവരെ മോചിപ്പിച്ചു. അവിടത്തെ അചഞ്ചലസ്നേഹംനിമിത്തവും അവിടന്ന് മനുഷ്യർക്കുവേണ്ടി ചെയ്ത അത്ഭുതപ്രവൃത്തികൾനിമിത്തവും അവർ യഹോവയ്ക്കു സ്തോത്രംചെയ്യട്ടെ. അവർ അവിടത്തേക്ക് സ്തോത്രയാഗങ്ങൾ അർപ്പിക്കുകയും അവിടത്തെ പ്രവൃത്തികൾ ആനന്ദഗീതങ്ങളാൽ വർണിക്കുകയും ചെയ്യട്ടെ.