സദൃശവാക്യങ്ങൾ 9:1-6
സദൃശവാക്യങ്ങൾ 9:1-6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ജ്ഞാനമായവൾ തനിക്ക് ഒരു വീട് പണിതു; അതിന് ഏഴു തൂൺ തീർത്തു. അവൾ മൃഗങ്ങളെ അറുത്തു, വീഞ്ഞു കലക്കി, തന്റെ മേശ ചമയിച്ചുമിരിക്കുന്നു. അവൾ തന്റെ ദാസികളെ അയച്ചു പട്ടണത്തിലെ മേടകളിൽനിന്നു വിളിച്ചുപറയിക്കുന്നതു: അല്പബുദ്ധിയായവൻ ഇങ്ങോട്ടു വരട്ടെ; ബുദ്ധിഹീനനോടോ അവൾ പറയിക്കുന്നത്; വരുവിൻ, എന്റെ അപ്പം തിന്നുകയും ഞാൻ കലക്കിയ വീഞ്ഞു കുടിക്കയും ചെയ്വിൻ! ബുദ്ധിഹീനരേ, ബുദ്ധിഹീനത വിട്ടു ജീവിപ്പിൻ! വിവേകത്തിന്റെ മാർഗത്തിൽ നടന്നുകൊൾവിൻ.
സദൃശവാക്യങ്ങൾ 9:1-6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ജ്ഞാനം എന്നവൾ തനിക്കു വീടു പണിതു; അതിന് ഏഴു തൂണുകൾ സ്ഥാപിച്ചിരിക്കുന്നു. അവൾ മൃഗങ്ങളെ അറുത്തും വീഞ്ഞിൽ സുഗന്ധം കലർത്തിയും വിരുന്ന് ഒരുക്കിയിരിക്കുന്നു. പട്ടണത്തിലെ ഉന്നതസ്ഥലങ്ങളിൽ ചെന്ന് ‘ബുദ്ധിഹീനരേ, അടുത്തു വരുവിൻ’ എന്നു വിളിച്ചുപറയാൻ തന്റെ ദാസിമാരെ അവൾ അയച്ചിരിക്കുന്നു. അവിവേകികളോട് അവൾ പറയുന്നു: “വരിക, എന്റെ അപ്പം തിന്നുകയും ഞാൻ ഒരുക്കിയ വീഞ്ഞു കുടിക്കുകയും ചെയ്യുക.” ഭോഷത്തം വെടിഞ്ഞ് ജീവിക്കുക, വിവേകത്തിന്റെ മാർഗത്തിൽ ചരിക്കുക.
സദൃശവാക്യങ്ങൾ 9:1-6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ജ്ഞാനമായവൾ തനിക്കു ഒരു വീട് പണിതു; അതിന് ഏഴു തൂണുകൾ തീർത്തു. അവൾ മൃഗങ്ങളെ അറുത്ത്, വീഞ്ഞ് കലക്കി, തന്റെ മേശ ഒരുക്കിയിരിക്കുന്നു. അവൾ തന്റെ ദാസികളെ അയച്ച് പട്ടണത്തിലെ ഉന്നതസ്ഥലങ്ങളിൽ നിന്ന് വിളിച്ച് പറയിക്കുന്നത്: “അല്പബുദ്ധിയായവൻ ഇങ്ങോട്ട് വരട്ടെ.” ബുദ്ധിഹീനനോട് അവൾ പറയുന്നത്; “വരുവിൻ, എന്റെ അപ്പം തിന്നുകയും ഞാൻ കലക്കിയ വീഞ്ഞ് കുടിക്കുകയും ചെയ്യുവിൻ! ബുദ്ധിഹീനരേ, ബുദ്ധിഹീനത വിട്ട് ജീവിക്കുവിൻ! വിവേകത്തിന്റെ മാർഗ്ഗത്തിൽ നടന്നുകൊള്ളുവിൻ.”
സദൃശവാക്യങ്ങൾ 9:1-6 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ജ്ഞാനമായവൾ തനിക്കു ഒരു വീടുപണിതു; അതിന്നു ഏഴു തൂൺ തീർത്തു. അവൾ മൃഗങ്ങളെ അറുത്തു, വീഞ്ഞു കലക്കി, തന്റെ മേശ ചമയിച്ചുമിരിക്കുന്നു. അവൾ തന്റെ ദാസികളെ അയച്ചു പട്ടണത്തിലെ മേടകളിൽനിന്നു വിളിച്ചു പറയിക്കുന്നതു: അല്പബുദ്ധിയായവൻ ഇങ്ങോട്ടു വരട്ടെ; ബുദ്ധിഹീനനോടോ അവൾ പറയിക്കുന്നതു; വരുവിൻ, എന്റെ അപ്പം തിന്നുകയും ഞാൻ കലക്കിയ വീഞ്ഞു കുടിക്കയും ചെയ്വിൻ! ബുദ്ധിഹീനരേ, ബുദ്ധിഹീനത വിട്ടു ജീവിപ്പിൻ! വിവേകത്തിന്റെ മാർഗ്ഗത്തിൽ നടന്നുകൊൾവിൻ.
സദൃശവാക്യങ്ങൾ 9:1-6 സമകാലിക മലയാളവിവർത്തനം (MCV)
ജ്ഞാനം അവൾക്കുവേണ്ടി വീട് പണിതു; ചെത്തിമിനുക്കിയ ഏഴു സ്തംഭങ്ങൾ സ്ഥാപിച്ചു. അവൾ മാംസഭക്ഷണം പാകംചെയ്തു വീഞ്ഞ് തയ്യാറാക്കി; അവളുടെ തീന്മേശയും ഒരുക്കിവെച്ചു. അവൾ തന്റെ തോഴിമാരെ നിയോഗിച്ചു, നഗരത്തിന്റെ ഉന്നതസ്ഥാനങ്ങളിൽ വിളംബരം ചെയ്യുന്നതിനുവേണ്ടി, “ലളിതമാനസരേ, എന്റെ ഭവനത്തിലേക്കു വരിക!” ബുദ്ധിഹീനരോട് അവൾ അറിയിക്കുന്നു, “വരിക, എന്റെ ഭക്ഷണം ആസ്വദിക്കുക, ഞാൻ കലർത്തിവെച്ചിരിക്കുന്ന വീഞ്ഞ് പാനംചെയ്യുക. നിങ്ങളുടെ ഭോഷത്തം ഉപേക്ഷിച്ച് ജീവിക്കുക; വിവേകപൂർണമായ മാർഗത്തിൽ സഞ്ചരിക്കുക.”