സദൃശവാക്യങ്ങൾ 6:6-11

സദൃശവാക്യങ്ങൾ 6:6-11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

മടിയാ, നീ ഉറുമ്പിന്റെ പ്രവൃത്തികൾ നിരീക്ഷിച്ച് ബുദ്ധിമാനായിത്തീരുക. നായകനോ, മേലധികാരിയോ, ഭരണാധിപനോ ഇല്ലാതിരുന്നിട്ടും അതു വേനൽക്കാലത്ത് ആഹാരം തേടുന്നു; കൊയ്ത്തുകാലത്ത് ജീവസന്ധാരണത്തിനുള്ള വക സംഭരിക്കുന്നു. മടിയാ, നീ എത്രനേരം ഇങ്ങനെ കിടക്കും? മയക്കത്തിൽനിന്ന് നീ എപ്പോഴാണ് എഴുന്നേല്‌ക്കുക? അല്പനേരം കൂടി ഉറങ്ങാം; കുറച്ചു നേരം കൂടി മയങ്ങാം; കൈ കെട്ടിക്കിടന്ന് അല്പനേരം കൂടി വിശ്രമിക്കാം. അപ്പോൾ ദാരിദ്ര്യം യാചകനെപ്പോലെ വന്നുകയറും; ഇല്ലായ്മ ആയുധപാണിയെപ്പോലെ നിന്നെ പിടികൂടും.

സദൃശവാക്യങ്ങൾ 6:6-11 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

മടിയാ, ഉറുമ്പിന്റെ അടുക്കൽ ചെല്ലുക; അതിന്റെ വഴികളെ നോക്കി ബുദ്ധിപഠിക്ക. അതിന്നു നായകനും മേൽവിചാരകനും അധിപതിയും ഇല്ലാതിരുന്നിട്ടും വേനല്ക്കാലത്തു തന്റെ ആഹാരം ഒരുക്കുന്നു; കൊയ്ത്തുകാലത്തു തന്റെ തീൻ ശേഖരിക്കുന്നു. മടിയാ, നീ എത്രനേരം കിടന്നുറങ്ങും? എപ്പോൾ ഉറക്കത്തിൽ നിന്നെഴുന്നേല്ക്കും? കുറേക്കൂടെ ഉറക്കം; കുറേക്കൂടെ നിദ്ര; കുറെക്കൂടെ കൈകെട്ടിക്കിടക്ക. അങ്ങനെ നിന്റെ ദാരിദ്ര്യം വഴിപോക്കനെപ്പോലെയും നിന്റെ ബുദ്ധിമുട്ടു ആയുധപാണിയെപ്പോലെയും വരും.

സദൃശവാക്യങ്ങൾ 6:6-11 സമകാലിക മലയാളവിവർത്തനം (MCV)

ഹേ മടിയാ, നീ ഉറുമ്പുകളുടെ അടുത്തു പോകുക; അതിന്റെ പ്രവൃത്തികൾ നിരീക്ഷിച്ച് ജ്ഞാനിയാകുക! അവയ്ക്ക് അധിപതികളോ മേൽനോട്ടക്കാരോ ഭരണംനടത്തുന്നവരോ ഇല്ല, എന്നിട്ടും അവ വേനൽക്കാലത്തു ഭക്ഷ്യവസ്തുക്കൾ സംഭരിക്കുന്നു കൊയ്ത്തുകാലത്ത് ഭക്ഷണം സമാഹരിക്കുകയും ചെയ്യുന്നു. കുഴിമടിയാ, എത്രനാൾ നീ ഇങ്ങനെ മടിപിടിച്ചുകിടക്കും? എപ്പോഴാണ് നീ ഉറക്കം വെടിഞ്ഞുണരുന്നത്? ഒരൽപ്പം ഉറക്കം, ഒരൽപ്പം മയക്കം; ഒരൽപ്പനേരംകൂടി കൈകൾ കെട്ടിപ്പിണച്ചുള്ള വിശ്രമം, അങ്ങനെ ദാരിദ്ര്യം കൊള്ളക്കാരെപ്പോലെ നിന്റെമേൽ ചാടിവീഴും ദുർഭിക്ഷത ഒരു ആയുധപാണിയെപ്പോലെ നിന്നെ ആക്രമിക്കും.