സദൃശവാക്യങ്ങൾ 6:27-35
സദൃശവാക്യങ്ങൾ 6:27-35 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഒരു മനുഷ്യനു തന്റെ വസ്ത്രം വെന്തുപോകാതെ മടിയിൽ തീ കൊണ്ടുവരാമോ? ഒരുത്തനു കാൽ പൊള്ളാതെ തീക്കനലിന്മേൽ നടക്കാമോ? കൂട്ടുകാരന്റെ ഭാര്യയുടെ അടുക്കൽ ചെല്ലുന്നവൻ ഇങ്ങനെതന്നെ; അവളെ തൊടുന്ന ഒരുത്തനും ശിക്ഷ വരാതെയിരിക്കയില്ല. കള്ളൻ വിശന്നിട്ടു വിശപ്പടക്കുവാൻ മാത്രം കട്ടാൽ ആരും അവനെ നിരസിക്കുന്നില്ല. അവനെ പിടികിട്ടിയാൽ അവൻ ഏഴിരട്ടി മടക്കിക്കൊടുക്കാം; തന്റെ വീട്ടിലെ വസ്തുവകയൊക്കെയും കൊടുക്കാം. സ്ത്രീയോടു വ്യഭിചാരം ചെയ്യുന്നവനോ, ബുദ്ധിഹീനൻ; അങ്ങനെ ചെയ്യുന്നവൻ സ്വന്തപ്രാണനെ നശിപ്പിക്കുന്നു. പ്രഹരവും അപമാനവും അവനു ലഭിക്കും; അവന്റെ നിന്ദ മാഞ്ഞുപോകയുമില്ല. ജാരശങ്ക പുരുഷനു ക്രോധഹേതുവാകുന്നു; പ്രതികാരദിവസത്തിൽ അവൻ ഇളയ്ക്കുകയില്ല. അവൻ യാതൊരു പ്രതിശാന്തിയും കൈക്കൊള്ളുകയില്ല; എത്ര സമ്മാനം കൊടുത്താലും അവൻ തൃപ്തിപ്പെടുകയുമില്ല.
സദൃശവാക്യങ്ങൾ 6:27-35 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
തന്റെ വസ്ത്രം കരിയാതെ ഒരുവനു മടിയിൽ തീ കൊണ്ടുനടക്കാമോ? കാലു പൊള്ളാതെ തീക്കനലിന്മേൽ നടക്കാമോ? അതുപോലെയാണ് അയൽക്കാരന്റെ ഭാര്യയെ പ്രാപിക്കുന്നവനും. പരസ്‍ത്രീയെ സ്പർശിക്കുന്ന ഒരുവനും ശിക്ഷ കിട്ടാതിരിക്കുകയില്ല. വിശന്നുവലഞ്ഞവൻ വിശപ്പ് അടക്കാനായി മോഷ്‍ടിച്ചാലും ആളുകൾ അവനെ നിന്ദിക്കുകയില്ലേ? പിടികൂടപ്പെട്ടാൽ, ഏഴിരട്ടി മടക്കിക്കൊടുക്കണം വീട്ടിലുള്ള സമസ്തവസ്തുക്കളും അതിലേക്കായി അവൻ നല്‌കേണ്ടിവരുമല്ലോ. വ്യഭിചരിക്കുന്നവനു സുബോധമില്ല; അവൻ സ്വയം നശിക്കുന്നു. അവനു പ്രഹരവും അപമാനവും ലഭിക്കും; അവന്റെ അവമതി മാഞ്ഞുപോകുന്നുമില്ല. ജാരശങ്ക ഭർത്താവിനെ കോപാന്ധനാക്കുന്നു; അവൻ പ്രതികാരം ചെയ്യുന്നതിൽ ഇളവുകാട്ടുകയില്ല. ഒരു നഷ്ടപരിഹാരവും അവൻ സ്വീകരിക്കുകയില്ല; എത്ര സമ്മാനം നല്‌കിയാലും അവൻ പ്രീണിതനാവുകയില്ല.
സദൃശവാക്യങ്ങൾ 6:27-35 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഒരു മനുഷ്യന് തന്‍റെ വസ്ത്രം വെന്തുപോകാതെ മടിയിൽ തീ കൊണ്ടുവരാമോ? ഒരുത്തനു കാൽ പൊള്ളാതെ തീക്കനലിന്മേൽ നടക്കാമോ? കൂട്ടുകാരന്റെ ഭാര്യയുടെ അടുക്കൽ ചെല്ലുന്നവൻ ഇങ്ങനെതന്നെ; അവളെ തൊടുന്ന ഒരുത്തനും ശിക്ഷ വരാതെയിരിക്കുകയില്ല. കള്ളൻ വിശന്നിട്ട് വിശപ്പടക്കുവാൻ മാത്രം മോഷ്ടിച്ചാൽ ആരും അവനെ നിന്ദിക്കുന്നില്ല. അവൻ പിടിക്കപ്പെട്ടാൽ അവൻ ഏഴിരട്ടി മടക്കിക്കൊടുക്കണം; തന്‍റെ വീട്ടിലെ വസ്തുവക ഒക്കെയും കൊടുക്കേണ്ടിവരാം; സ്ത്രീയോട് വ്യഭിചാരം ചെയ്യുന്നവനോ, ബുദ്ധിഹീനൻ; അങ്ങനെ ചെയ്യുന്നവൻ സ്വന്തപ്രാണനെ നശിപ്പിക്കുന്നു. പ്രഹരവും അപമാനവും അവനു ലഭിക്കും; അവന്റെ നിന്ദ മാഞ്ഞുപോകുകയുമില്ല. ജാരശങ്ക പുരുഷന് ക്രോധഹേതുവാകുന്നു; പ്രതികാരദിവസത്തിൽ അവൻ ഇളവ് നൽകുകയില്ല. അവൻ യാതൊരു നഷ്ടപരിഹാരവും സ്വീകരിക്കുകയില്ല; എത്ര സമ്മാനം കൊടുത്താലും അവൻ തൃപ്തിപ്പെടുകയുമില്ല.
സദൃശവാക്യങ്ങൾ 6:27-35 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഒരു മനുഷ്യന്നു തന്റെ വസ്ത്രം വെന്തു പോകാതെ മടിയിൽ തീ കൊണ്ടുവരാമോ? ഒരുത്തന്നു കാൽ പൊള്ളാതെ തീക്കനലിന്മേൽ നടക്കാമോ? കൂട്ടുകാരന്റെ ഭാര്യയുടെ അടുക്കൽ ചെല്ലുന്നവൻ ഇങ്ങനെ തന്നേ; അവളെ തൊടുന്ന ഒരുത്തനും ശിക്ഷവരാതെയിരിക്കയില്ല. കള്ളൻ വിശന്നിട്ടു വിശപ്പടക്കുവാൻ മാത്രം കട്ടാൽ ആരും അവനെ നിരസിക്കുന്നില്ല. അവനെ പിടികിട്ടിയാൽ അവൻ ഏഴിരട്ടി മടക്കിക്കൊടുക്കാം; തന്റെ വീട്ടിലെ വസ്തുവക ഒക്കെയും കൊടുക്കാം; സ്ത്രീയോടു വ്യഭിചാരം ചെയ്യുന്നവനോ, ബുദ്ധിഹീനൻ; അങ്ങനെ ചെയ്യുന്നവൻ സ്വന്തപ്രാണനെ നശിപ്പിക്കുന്നു. പ്രഹരവും അപമാനവും അവന്നു ലഭിക്കും; അവന്റെ നിന്ദ മാഞ്ഞുപോകയുമില്ല. ജാരശങ്ക പുരുഷന്നു ക്രോധഹേതുവാകുന്നു; പ്രതികാരദിവസത്തിൽ അവൻ ഇളെക്കുകയില്ല. അവൻ യാതൊരു പ്രതിശാന്തിയും കൈക്കൊള്ളുകയില്ല; എത്ര സമ്മാനം കൊടുത്താലും അവൻ തൃപ്തിപ്പെടുകയുമില്ല.
സദൃശവാക്യങ്ങൾ 6:27-35 സമകാലിക മലയാളവിവർത്തനം (MCV)
ഒരു പുരുഷന് തന്റെ വസ്ത്രം കത്തിയെരിയാത്തവിധം തന്റെ മടിത്തട്ടിലേക്ക് തീ കോരിയിടാൻ കഴിയുമോ? ഒരു മനുഷ്യന് തന്റെ പാദങ്ങൾക്കു പൊള്ളൽ ഏൽപ്പിക്കാതെ എരിയുന്ന കനലിന്മേൽ നടക്കാൻ കഴിയുമോ? അന്യപുരുഷന്റെ ഭാര്യയുമായി കിടക്ക പങ്കിടുന്നവന്റെ ഗതിയും ഇതുതന്നെയായിരിക്കും; അവളെ സ്പർശിക്കുന്ന ഒരുവനും ശിക്ഷിക്കപ്പെടാതെ പോകുന്നില്ല. പട്ടിണിമൂലം, വിശപ്പടക്കാൻ മോഷ്ടിക്കുന്നവനെ ആരുംതന്നെ നിന്ദിക്കുകയില്ല. പിടിക്കപ്പെടുകയാണെങ്കിൽ അയാൾ ഏഴിരട്ടി മടക്കിക്കൊടുക്കണം, മോഷണമുതലിന്റെ മതിപ്പുമൂല്യം തന്റെ ഭവനത്തിലുള്ളതെല്ലാംകൂടി മതിക്കപ്പെടുകയാണെങ്കിലും, കൊടുത്തേമതിയാകൂ. എന്നാൽ വ്യഭിചാരംചെയ്യുന്ന പുരുഷനോ, തന്റെ സ്വബോധം നശിച്ചവൻതന്നെ; അതു ചെയ്യുന്നവൻ ആരായാലും സ്വയം നശിപ്പിക്കുന്നു. മർദനവും മാനഹാനിയുമാണ് അയാളുടെ ഭാഗധേയം, അയാളുടെ നിന്ദ ഒരിക്കലും തുടച്ചുമാറ്റപ്പെടുകയില്ല. അസൂയ ഒരു ഭർത്താവിന്റെ കോപത്തെ ഉദ്ദീപിപ്പിക്കുന്നു, പ്രതികാരദിവസത്തിൽ അവൻ യാതൊരുവിധ കനിവും കാണിക്കുകയില്ല. ഈ കാര്യത്തിൽ അവൻ യാതൊരുവിധ നഷ്ടപരിഹാരവും സ്വീകരിക്കുകയില്ല; അത് എത്ര ഭീമമായത് ആയിരുന്നാലും അവൻ ആ കോഴ സ്വീകരിക്കുകയില്ല.