സദൃശവാക്യങ്ങൾ 6:12-19
സദൃശവാക്യങ്ങൾ 6:12-19 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിസ്സാരനും ദുഷ്കർമിയുമായവൻ വായുടെ വക്രതയോടെ നടക്കുന്നു. അവൻ കണ്ണിമയ്ക്കുന്നു; കാൽകൊണ്ടു പരണ്ടുന്നു; വിരൽകൊണ്ട് ആംഗ്യം കാണിക്കുന്നു. അവന്റെ ഹൃദയത്തിൽ വക്രതയുണ്ട്; അവൻ എല്ലായ്പോഴും ദോഷം നിരൂപിച്ചു വഴക്കുണ്ടാക്കുന്നു. അതുകൊണ്ട് അവന്റെ ആപത്തു പെട്ടെന്നു വരും; ക്ഷണത്തിൽ അവൻ തകർന്നുപോകും; പ്രതിശാന്തി ഉണ്ടാകയുമില്ല. ആറു കാര്യം യഹോവ വെറുക്കുന്നു; ഏഴു കാര്യം അവന് അറപ്പാകുന്നു: ഗർവമുള്ള കണ്ണും വ്യാജമുള്ള നാവും കുറ്റമില്ലാത്ത രക്തം ചൊരിയുന്ന കയ്യും ദുരുപായം നിരൂപിക്കുന്ന ഹൃദയവും ദോഷത്തിനു ബദ്ധപ്പെട്ട് ഓടുന്ന കാലും ഭോഷ്കു പറയുന്ന കള്ളസ്സാക്ഷിയും സഹോദരന്മാരുടെ ഇടയിൽ വഴക്കുണ്ടാക്കുന്നവനും തന്നെ.
സദൃശവാക്യങ്ങൾ 6:12-19 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
വിലകെട്ടവനും ദുഷ്കർമിയുമായവൻ വക്രത സംസാരിച്ചുകൊണ്ടു നടക്കും. അവൻ കണ്ണുകൊണ്ടു സൂചന നല്‌കും, പാദംകൊണ്ടു നിലത്തു തോണ്ടും; വിരൽകൊണ്ട് ആംഗ്യം കാട്ടും. നിരന്തരം കലഹം വിതച്ചുകൊണ്ട് അവന്റെ കുടിലഹൃദയം ദുഷ്ടത ആസൂത്രണം ചെയ്യുന്നു. ഉടനേ അവന് ആപത്തുണ്ടാകും. വീണ്ടെടുക്കാൻ കഴിയാത്തവിധം നിമിഷങ്ങൾക്കകം അവൻ തകർന്നുപോകും. ആറു കാര്യങ്ങൾ സർവേശ്വരൻ വെറുക്കുന്നു. ഏഴാമതൊന്നുകൂടി അവിടുന്നു മ്ലേച്ഛമായി കരുതുന്നു. ഗർവുപൂണ്ട കണ്ണുകളും വ്യാജം പറയുന്ന നാവും നിർദോഷിയെ വധിക്കുന്ന കരവും ദുരുപായം നിരൂപിക്കുന്ന ഹൃദയവും ദോഷത്തിലേക്കു പായുന്ന കാലുകളും വ്യാജം ഇടവിടാതെ പറയുന്ന കള്ളസ്സാക്ഷിയെയും സഹോദരന്മാരെ തമ്മിൽ ഭിന്നിപ്പിക്കുന്നവനെയുംതന്നെ.
സദൃശവാക്യങ്ങൾ 6:12-19 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
നിസ്സാരനും ദുഷ്കർമ്മിയുമായവൻ വായുടെ വക്രതയോടെ നടക്കുന്നു. അവൻ കണ്ണിമയ്ക്കുന്നു; കാൽ കൊണ്ടു തോണ്ടുന്നു; വിരൽകൊണ്ട് ആംഗ്യം കാണിക്കുന്നു. അവന്റെ ഹൃദയത്തിൽ വക്രതയുണ്ട്; അവൻ എല്ലായ്‌പ്പോഴും ദോഷം നിരൂപിച്ച് വഴക്കുണ്ടാക്കുന്നു. അതുകൊണ്ട് അവന്‍റെ ആപത്ത് പെട്ടെന്ന് വരും; ക്ഷണത്തിൽ അവൻ തകർന്നുപോകും; പരിഹാരമുണ്ടാകുകയുമില്ല. ആറു കാര്യം യഹോവ വെറുക്കുന്നു; ഏഴു കാര്യം അവന് അറപ്പാകുന്നു: ഗർവ്വമുള്ള കണ്ണും വ്യാജമുള്ള നാവും കുറ്റമില്ലാത്ത രക്തം ചൊരിയുന്ന കയ്യും ദുരുപായം നിരൂപിക്കുന്ന ഹൃദയവും ദോഷത്തിനു ബദ്ധപ്പെട്ട് ഓടുന്ന കാലും ഭോഷ്ക് പറയുന്ന കള്ളസാക്ഷിയും സഹോദരന്മാരുടെ ഇടയിൽ വഴക്കുണ്ടാക്കുന്നവനും തന്നെ.
സദൃശവാക്യങ്ങൾ 6:12-19 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നിസ്സാരനും ദുഷ്കർമ്മിയുമായവൻ വായുടെ വക്രതയോടെ നടക്കുന്നു. അവൻ കണ്ണിമെക്കുന്നു; കാൽകൊണ്ടു പരണ്ടുന്നു; വിരൽകൊണ്ടു ആംഗ്യം കാണിക്കുന്നു. അവന്റെ ഹൃദയത്തിൽ വക്രതയുണ്ടു; അവൻ എല്ലായ്പോഴും ദോഷം നിരൂപിച്ചു വഴക്കുണ്ടാക്കുന്നു. അതുകൊണ്ടു അവന്റെ ആപത്തു പെട്ടെന്നു വരും; ക്ഷണത്തിൽ അവൻ തകർന്നുപോകും; പ്രതിശാന്തിയുണ്ടാകയുമില്ല. ആറു കാര്യം യഹോവ വെറുക്കുന്നു; ഏഴു കാര്യം അവന്നു അറെപ്പാകുന്നു: ഗർവ്വമുള്ള കണ്ണും വ്യാജമുള്ള നാവും കുറ്റമില്ലാത്ത രക്തം ചൊരിയുന്ന കയ്യും ദുരുപായം നിരൂപിക്കുന്ന ഹൃദയവും ദോഷത്തിന്നു ബദ്ധപ്പെട്ടു ഓടുന്ന കാലും ഭോഷ്കു പറയുന്ന കള്ളസാക്ഷിയും സഹോദരന്മാരുടെ ഇടയിൽ വഴക്കുണ്ടാക്കുന്നവനും തന്നേ.
സദൃശവാക്യങ്ങൾ 6:12-19 സമകാലിക മലയാളവിവർത്തനം (MCV)
വഷളത്തവും ദുഷ്ടതയും പ്രവർത്തിക്കുന്നവർ, അധരങ്ങളിൽ വക്രതയുമായി ചുറ്റിനടക്കുന്നു, അവർ കണ്ണിറുക്കിക്കാട്ടുന്നു, കാലുകൾകൊണ്ട് ആംഗ്യം കാട്ടുകയും വിരലുകൾ ചലിപ്പിക്കുകയും ചെയ്യുന്നു, അവർ വഞ്ചനനിറഞ്ഞ ഹൃദയംകൊണ്ട് കുടിലതന്ത്രങ്ങൾ ആവിഷ്കരിക്കുന്നു— അവർ സദാ കലഹം ഇളക്കിവിടുന്നു. അങ്ങനെ ക്ഷണനേരംകൊണ്ട് അവർ ദുരന്തത്തിന് ഇരയാകുന്നു; പരിഹാരമില്ലാതെ അവർ ക്ഷണത്തിൽ തകർക്കപ്പെടുന്നു. യഹോവ വെറുക്കുന്ന ആറു വസ്തുതകളുണ്ട്, ഏഴെണ്ണം അവിടത്തേക്ക് അറപ്പാകുന്നു: അഹന്തനിറഞ്ഞ കണ്ണ്, വ്യാജംപറയുന്ന നാവ്, നിരപരാധിയുടെ രക്തം ചൊരിയുന്ന കൈകൾ, ദുരുപായം മെനയുന്ന ഹൃദയം, അകൃത്യത്തിലേക്ക് ദ്രുതഗതിയിൽ പായുന്ന കാലുകൾ, നുണമാത്രം പറഞ്ഞുകൂട്ടുന്ന കള്ളസാക്ഷി, സഹോദരങ്ങൾക്കിടയിൽ ഭിന്നത വളർത്തുന്ന മനുഷ്യനുംതന്നെ.