സദൃശവാക്യങ്ങൾ 6:1-5
സദൃശവാക്യങ്ങൾ 6:1-5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മകനേ, കൂട്ടുകാരനുവേണ്ടി നീ ജാമ്യം നില്ക്കയോ അന്യനുവേണ്ടി കൈയടിക്കയോ ചെയ്തിട്ടുണ്ടെങ്കിൽ, നിന്റെ വായിലെ വാക്കുകളാൽ നീ കുടുങ്ങിപ്പോയി; നിന്റെ വായിലെ മൊഴികളാൽ പിടിപെട്ടിരിക്കുന്നു. ആകയാൽ മകനേ, ഇതു ചെയ്ക; നിന്നെത്തന്നെ വിടുവിക്ക; കൂട്ടുകാരന്റെ കൈയിൽ നീ അകപ്പെട്ടുപോയല്ലോ; നീ ചെന്നു, താണുവീണു കൂട്ടുകാരനോടു മുട്ടിച്ചപേക്ഷിക്ക. നിന്റെ കണ്ണിന് ഉറക്കവും നിന്റെ കണ്ണിമയ്ക്കു നിദ്രയും കൊടുക്കരുത്. മാൻ നായാട്ടുകാരന്റെ കൈയിൽനിന്നും പക്ഷി വേട്ടക്കാരന്റെ കൈയിൽനിന്നും എന്നപോലെ നീ നിന്നെത്തന്നെ വിടുവിക്ക
സദൃശവാക്യങ്ങൾ 6:1-5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മകനേ, നീ അയൽക്കാരനുവേണ്ടി ജാമ്യം നില്ക്കുകയോ അന്യനുവേണ്ടി ഉറപ്പു കൊടുക്കുകയോ നിന്റെ വാക്കുകളാൽത്തന്നെ കെണിയിൽപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ, നീ ഇപ്രകാരം പ്രവർത്തിച്ച് രക്ഷപെടുക. നീ അയൽക്കാരന്റെ പിടിയിൽ പെട്ടിരിക്കുന്നുവല്ലോ; നീ വേഗം പോയി അയൽക്കാരനോടു നിർബന്ധപൂർവം അപേക്ഷിക്കുക. അതുവരെ നിന്റെ കണ്ണിനു നിദ്രയും നിന്റെ കൺപോളകൾക്ക് മയക്കവും അനുവദിക്കരുത്. നായാട്ടുകാരന്റെ കെണിയിൽനിന്ന് കലമാനെപ്പോലെയോ വേട്ടക്കാരന്റെ കുടുക്കിൽനിന്ന് പക്ഷിയെപ്പോലെയോ നീ രക്ഷപെടുക.
സദൃശവാക്യങ്ങൾ 6:1-5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
മകനേ, കൂട്ടുകാരനു വേണ്ടി നീ ജാമ്യം നില്ക്കുകയോ അന്യനുവേണ്ടി കൈയടിച്ച് ഉറപ്പ് നൽകുകയോ ചെയ്തിട്ടുണ്ടെങ്കിൽ, നിന്റെ വായിലെ വാക്കുകളാൽ നീ ചതിക്കപ്പെട്ടു; നിന്‍റെ വായിലെ മൊഴികളാൽ നീ കെണിയിലായി. ആകയാൽ മകനേ, ഇത് ചെയ്യുക; നിന്നെത്തന്നെ വിടുവിക്കുക; കൂട്ടുകാരന്‍റെ കൈകളിൽ നീ അകപ്പെട്ടുപോയല്ലോ; നീ ചെന്നു, താണുവീണ് കൂട്ടുകാരനോട് മുട്ടിപ്പായി അപേക്ഷിക്കുക. നിന്‍റെ കണ്ണിന് ഉറക്കവും നിന്‍റെ കൺപോളകൾക്ക് നിദ്രയും കൊടുക്കരുത്. മാൻ നായാട്ടുകാരന്റെ കൈയിൽനിന്നും പക്ഷി വേട്ടക്കാരന്റെ കൈയിൽനിന്നും എന്നപോലെ നീ നിന്നെത്തന്നെ വിടുവിക്കുക
സദൃശവാക്യങ്ങൾ 6:1-5 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
മകനേ, കൂട്ടുകാരന്നു വേണ്ടി നീ ജാമ്യം നില്ക്കയോ അന്യന്നു വേണ്ടി കയ്യടിക്കയോ ചെയ്തിട്ടുണ്ടെങ്കിൽ, നിന്റെ വായിലെ വാക്കുകളാൽ നീ കുടുങ്ങിപ്പോയി; നിന്റെ വായിലെ മൊഴികളാൽ പിടിപ്പെട്ടിരിക്കുന്നു. ആകയാൽ മകനേ, ഇതു ചെയ്ക; നിന്നെത്തന്നേ വിടുവിക്ക; കൂട്ടുകാരന്റെ കയ്യിൽ നീ അകപ്പെട്ടുപോയല്ലോ; നീ ചെന്നു, താണുവീണു കൂട്ടുകാരനോടു മുട്ടിച്ചപേക്ഷിക്ക. നിന്റെ കണ്ണിന്നു ഉറക്കവും നിന്റെ കണ്ണിമെക്കു നിദ്രയും കൊടുക്കരുതു. മാൻ നായാട്ടുകാരന്റെ കയ്യിൽനിന്നും പക്ഷി വേട്ടക്കാരന്റെ കയ്യിൽനിന്നും എന്നപോലെ നീ നിന്നെത്തന്നേ വിടുവിക്ക
സദൃശവാക്യങ്ങൾ 6:1-5 സമകാലിക മലയാളവിവർത്തനം (MCV)
എന്റെ കുഞ്ഞേ, നീ അയൽവാസിക്കുവേണ്ടി ജാമ്യം നിൽക്കുകയോ അന്യരുടെ ബാധ്യതകൾക്കുവേണ്ടി കൈയൊപ്പുചാർത്തുകയോ ചെയ്തിട്ടുണ്ടെങ്കിൽ, നിന്റെ സംസാരത്താൽ നീ കെണിയിലകപ്പെട്ടു, നിന്റെ അധരങ്ങളിലെ വാക്കുകളാൽ നീ പിടിക്കപ്പെട്ടു. എന്റെ കുഞ്ഞേ, നിന്നെത്തന്നെ സ്വതന്ത്രനാക്കാൻ നീ ഇപ്രകാരം ചെയ്യുക, നീ നിന്റെ അയൽവാസിയുടെ കൈകളിൽ വീണുപോയല്ലോ: നീ ക്ഷീണിതനാകുന്നതുവരെ അപേക്ഷിക്കുക, (ഉത്തരം കിട്ടുംവരെ) നിന്റെ അയൽവാസിക്കു വിശ്രമം നൽകയുമരുത്! നിന്റെ കണ്ണുകൾക്ക് ഉറക്കവും കൺപോളകൾക്കു മയക്കവും കൊടുക്കരുത്. കലമാൻ നായാട്ടുകാരന്റെ കൈയിൽനിന്നും പക്ഷികൾ വേട്ടക്കാരന്റെ കുടുക്കിൽനിന്നും രക്ഷപ്പെടുന്നതുപോലെ, നിന്നെത്തന്നെ സ്വതന്ത്രനാക്കുക.