സദൃശവാക്യങ്ങൾ 5:15-21

സദൃശവാക്യങ്ങൾ 5:15-21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

നിന്റെ സ്വന്തജലാശയത്തിലെ തണ്ണീരും സ്വന്തകിണറ്റിൽനിന്ന് ഒഴുകുന്ന വെള്ളവും കുടിക്ക. നിന്റെ ഉറവുകൾ വെളിയിലേക്കും നിന്റെ നീരൊഴുക്കുകൾ വീഥിയിലേക്കും ഒഴുകിപ്പോകേണമോ? അവ നിനക്കും അന്യന്മാർക്കും കൂടെയല്ല നിനക്കു മാത്രമേ ഇരിക്കാവൂ. നിന്റെ ഉറവ് അനുഗ്രഹിക്കപ്പെട്ടിരിക്കട്ടെ; നിന്റെ യൗവ്വനത്തിലെ ഭാര്യയിൽ സന്തോഷിച്ചുകൊൾക. കൗതുകമുള്ള പേടമാനും മനോഹരമായ ഇളമാൻപേടയുംപോലെ അവളുടെ സ്തനങ്ങൾ എല്ലാക്കാലത്തും നിന്നെ രമിപ്പിക്കട്ടെ; അവളുടെ പ്രേമത്താൽ നീ എല്ലായ്പോഴും മത്തനായിരിക്ക. മകനേ, നീ പരസ്ത്രീയെ കണ്ടു ഭ്രമിക്കുന്നതും അന്യസ്ത്രീയുടെ മാറിടം തഴുകുന്നതും എന്ത്? മനുഷ്യന്റെ വഴികൾ യഹോവയുടെ ദൃഷ്‍ടിയിൽ ഇരിക്കുന്നു; അവന്റെ നടപ്പൊക്കെയും അവൻ തൂക്കി നോക്കുന്നു.

സദൃശവാക്യങ്ങൾ 5:15-21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സ്വന്തം ഭാര്യയോടു നീ വിശ്വസ്തത പുലർത്തുക, നിന്റെ സ്നേഹം അവൾക്കു മാത്രം നല്‌കുക. നിന്റെ ഭാര്യയിലല്ലാതെ നിനക്കു മക്കൾ ഉണ്ടാകണമോ? സ്വഭവനത്തിലല്ലാതെ വേറെയും സന്താനങ്ങൾ തെരുവീഥികളിൽ നിനക്കു ജനിക്കണമോ? നിന്റെ മക്കൾ നിൻറേതു മാത്രം ആയിരിക്കട്ടെ, അന്യർക്കു കൂടി അവർ അവകാശപ്പെടാതിരിക്കട്ടെ. നിന്റെ ഭാര്യ അനുഗൃഹീതയായിരിക്കട്ടെ; നിന്റെ യൗവനത്തിലെ ഭാര്യയിൽ ആനന്ദംകൊള്ളുക. അവൾ മെയ്യഴകുള്ള പേടമാൻ; ചാരുതയാർന്ന മാൻകിടാവ്. അവളുടെ പ്രേമം നിന്നെ രമിപ്പിക്കട്ടെ, അവളുടെ സ്നേഹത്താൽ നീ എപ്പോഴും മതിമറക്കട്ടെ. മകനേ, വ്യഭിചാരിണിയിൽ നീ ഭ്രമിച്ചു വശാകുന്നതെന്ത്? അവളുടെ മാറിടത്തെ തഴുകുന്നതെന്ത്? മനുഷ്യന്റെ പ്രവൃത്തികളെല്ലാം സർവേശ്വരൻ കാണുന്നു; അവന്റെ വഴികളെല്ലാം അവിടുന്നു പരിശോധിക്കുന്നു.

സദൃശവാക്യങ്ങൾ 5:15-21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

നിന്‍റെ സ്വന്തം ജലാശയത്തിലെ ജലവും സ്വന്തം കിണറ്റിൽനിന്ന് ഒഴുകുന്ന വെള്ളവും കുടിക്കുക. നിന്‍റെ ഉറവുകൾ വെളിയിലേക്കും നിന്‍റെ നീരൊഴുക്കുകൾ വീഥിയിലേക്കും ഒഴുകിപ്പോകണമോ? അവ നിനക്കും അന്യന്മാർക്കും കൂടെയല്ല നിനക്കു മാത്രമേ ഇരിക്കാവു. നിന്‍റെ ഉറവ് അനുഗ്രഹിക്കപ്പെട്ടിരിക്കട്ടെ; നിന്‍റെ യൗവനത്തിലെ ഭാര്യയിൽ സന്തോഷിച്ചുകൊള്ളുക. കൗതുകമുള്ള പേടമാനും മനോഹരമായ ഇളമാൻപേടയുംപോലെ അവളുടെ സ്തനങ്ങൾ എല്ലാകാലത്തും നിന്നെ രമിപ്പിക്കട്ടെ; അവളുടെ പ്രേമത്താൽ നീ എല്ലായ്‌പ്പോഴും മത്തനായിരിക്കുക. മകനേ, നീ പരസ്ത്രീയെ കണ്ടു ഭ്രമിക്കുന്നതും അന്യസ്ത്രീയുടെ മാറിടം തഴുകുന്നതും എന്ത്? മനുഷ്യന്‍റെ വഴികൾ യഹോവയുടെ ദൃഷ്ടിയിൽ ഇരിക്കുന്നു; അവന്‍റെ നടപ്പ് എല്ലാം അവൻ ശോധനചെയ്യുന്നു.

സദൃശവാക്യങ്ങൾ 5:15-21 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

നിന്റെ സ്വന്തജലാശയത്തിലെ തണ്ണീരും സ്വന്തകിണറ്റിൽനിന്നു ഒഴുകുന്ന വെള്ളവും കുടിക്ക. നിന്റെ ഉറവുകൾ വെളിയിലേക്കും നിന്റെ നീരൊഴുക്കുകൾ വീഥിയിലേക്കും ഒഴുകിപ്പോകേണമോ? അവ നിനക്കും അന്യന്മാർക്കും കൂടെയല്ല നിനക്കു മാത്രമേ ഇരിക്കാവു. നിന്റെ ഉറവു അനുഗ്രഹിക്കപ്പെട്ടിരിക്കട്ടെ; നിന്റെ യൗവനത്തിലെ ഭാര്യയിൽ സന്തോഷിച്ചുകൊൾക. കൗതുകമുള്ള പേടമാനും മനോഹരമായ ഇളമാൻപേടയുംപോലെ അവളുടെ സ്തനങ്ങൾ എല്ലാകാലത്തും നിന്നെ രമിപ്പിക്കട്ടെ; അവളുടെ പ്രേമത്താൽ നീ എല്ലായ്പോഴും മത്തനായിരിക്ക. മകനേ, നീ പരസ്ത്രീയെ കണ്ടു ഭ്രമിക്കുന്നതും അന്യസ്ത്രീയുടെ മാറിടം തഴുകുന്നതും എന്തു? മനുഷ്യന്റെ വഴികൾ യഹോവയുടെ ദൃഷ്ടിയിൽ ഇരിക്കുന്നു; അവന്റെ നടപ്പു ഒക്കെയും അവൻ തൂക്കിനോക്കുന്നു.

സദൃശവാക്യങ്ങൾ 5:15-21 സമകാലിക മലയാളവിവർത്തനം (MCV)

നിന്റെ സ്വന്തം ജലസംഭരണിയിൽനിന്ന് പാനംചെയ്യുക, നിന്റെ കിണറ്റിൽനിന്നുള്ള വെള്ളംമാത്രം കുടിക്കുക. നിന്റെ നീരുറവകൾ തെരുവോരങ്ങളിലേക്കു കവിഞ്ഞൊഴുകണമോ, നിന്റെ അരുവികൾ ചത്വരങ്ങളിലേക്ക് ഒഴുക്കണമോ? അതു നിന്റേതുമാത്രമായിരിക്കട്ടെ, ഒരിക്കലും അത് അന്യരുമായി പങ്കിടാനുള്ളതല്ല. നിന്റെ ജലധാര അനുഗൃഹീതമാകട്ടെ, നിന്റെ യൗവനത്തിലെ ധർമപത്നിയുമൊത്ത് ആനന്ദിക്കുക. അവൾ അനുരാഗിയായ മാൻപേട, അതേ അഴകാർന്ന മാനിനും തുല്യം— അവളുടെ മാറിടം എപ്പോഴും നിന്നെ തൃപ്തനാക്കട്ടെ, അവളുടെ പ്രേമത്താൽ നീ എപ്പോഴും ലഹരിപിടിച്ചവനായിരിക്കട്ടെ. എന്റെ കുഞ്ഞേ, അന്യപുരുഷന്റെ ഭാര്യയെക്കണ്ടു നീ ഉന്മത്തനായിത്തീരുന്നത് എന്തിന്? ലൈംഗികധാർമികതയില്ലാത്തവളുടെ മാറിടം പുണരുന്നതും എന്തിന്? ഒരു മനുഷ്യന്റെ പ്രവൃത്തികളെല്ലാം യഹോവയുടെ സൂക്ഷ്മനിരീക്ഷണത്തിലാണ്, അവരുടെ വഴികളെല്ലാം അവിടന്നു പരിശോധിക്കുന്നു.