സദൃശവാക്യങ്ങൾ 4:20-26

സദൃശവാക്യങ്ങൾ 4:20-26 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

മകനേ, എന്റെ വചനങ്ങൾക്കു ശ്രദ്ധ തരിക; എന്റെ മൊഴികൾക്കു നിന്റെ ചെവി ചായിക്ക. അവ നിന്റെ ദൃഷ്‍ടിയിൽനിന്നു മാറിപ്പോകരുത്; നിന്റെ ഹൃദയത്തിന്റെ നടുവിൽ അവയെ സൂക്ഷിച്ചുവയ്ക്കുക. അവയെ കിട്ടുന്നവർക്ക് അവ ജീവനും അവരുടെ സർവദേഹത്തിനും സൗഖ്യവും ആകുന്നു. സകല ജാഗ്രതയോടുംകൂടെ നിന്റെ ഹൃദയത്തെ കാത്തുകൊൾക; ജീവന്റെ ഉദ്ഭവം അതിൽനിന്നല്ലോ ആകുന്നത്. വായുടെ വക്രത നിങ്കൽനിന്ന് നീക്കിക്കളക; അധരങ്ങളുടെ വികടം നിങ്കൽനിന്ന് അകറ്റുക. നിന്റെ കണ്ണ് നേരേ നോക്കട്ടെ; നിന്റെ കണ്ണിമ ചൊവ്വേ മുമ്പോട്ടു മിഴിക്കട്ടെ. നിന്റെ കാലുകളുടെ പാതയെ നിരപ്പാക്കുക; നിന്റെ വഴികളെല്ലാം സ്ഥിരമായിരിക്കട്ടെ.

സദൃശവാക്യങ്ങൾ 4:20-26 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

മകനേ, എന്റെ വചനങ്ങൾ ശ്രദ്ധിക്കുക, എന്റെ മൊഴികൾക്കു ചെവിതരിക. അവയിൽനിന്നു നീ വ്യതിചലിക്കരുത്; നിന്റെ ഹൃദയത്തിൽ അവയെ സൂക്ഷിക്കുക. അവയെ കണ്ടെത്തുന്നവന് അവ ജീവനും, അവന്റെ ദേഹത്തിന് അതു സൗഖ്യദായകവുമാകുന്നു. ജാഗ്രതയോടെ നിന്റെ ഹൃദയത്തെ കാത്തുകൊള്ളുക; അവിടെനിന്നാണല്ലോ ജീവന്റെ ഉറവ പുറപ്പെടുന്നത്. കപടഭാഷണം ഉപേക്ഷിക്കുക, വ്യാജസംസാരം അകറ്റി നിർത്തുക. നിന്റെ വീക്ഷണം നേരെയുള്ളതായിരിക്കട്ടെ, നിന്റെ നോട്ടം മുന്നോട്ടായിരിക്കട്ടെ. നിന്റെ ചുവടുകൾ ശ്രദ്ധയോടെ വയ്‍ക്കുക. നിന്റെ വഴികൾ സുരക്ഷിതമായിരിക്കും.

സദൃശവാക്യങ്ങൾ 4:20-26 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

മകനേ, എന്‍റെ വചനങ്ങൾക്ക് ശ്രദ്ധതരിക; എന്‍റെ മൊഴികൾക്ക് നിന്‍റെ ചെവിചായിക്കുക. അവ നിന്‍റെ ദൃഷ്ടിയിൽനിന്ന് മാറിപ്പോകരുത്; നിന്‍റെ ഹൃദയത്തിന്‍റെ നടുവിൽ അവയെ സൂക്ഷിച്ചുവയ്ക്കുക. അവയെ കിട്ടുന്നവർക്ക് അവ ജീവനും അവരുടെ മുഴുവൻശരീരത്തിനും സൗഖ്യവും ആകുന്നു. സകലജാഗ്രതയോടുംകൂടി നിന്‍റെ ഹൃദയത്തെ കാത്തുകൊള്ളുക; ജീവന്‍റെ ഉത്ഭവം അതിൽനിന്നല്ലയോ ആകുന്നത്. വായുടെ വക്രത നിന്നിൽനിന്ന് നീക്കിക്കളയുക; അധരങ്ങളുടെ വികടം നിന്നിൽനിന്ന് അകറ്റുക. നിന്‍റെ കണ്ണ് നേരെ നോക്കട്ടെ; നിന്‍റെ ദൃഷ്ടി മുമ്പോട്ട് തന്നെ ആയിരിക്കട്ടെ. നിന്‍റെ കാലുകളുടെ പാത നിരപ്പാക്കുക; നിന്‍റെ വഴികളെല്ലാം സ്ഥിരമായിരിക്കട്ടെ.

സദൃശവാക്യങ്ങൾ 4:20-26 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

മകനേ, എന്റെ വചനങ്ങൾക്കു ശ്രദ്ധതരിക; എന്റെ മൊഴികൾക്കു നിന്റെ ചെവി ചായിക്ക. അവ നിന്റെ ദൃഷ്ടിയിൽനിന്നു മാറിപ്പോകരുതു; നിന്റെ ഹൃദയത്തിന്റെ നടുവിൽ അവയെ സൂക്ഷിച്ചുവെക്കുക. അവയെ കിട്ടുന്നവർക്കു അവ ജീവനും അവരുടെ സർവ്വദേഹത്തിന്നും സൗഖ്യവും ആകുന്നു. സകലജാഗ്രതയോടുംകൂടെ നിന്റെ ഹൃദയത്തെ കാത്തുകൊൾക; ജീവന്റെ ഉത്ഭവം അതിൽനിന്നല്ലോ ആകുന്നതു. വായുടെ വക്രത നിങ്കൽനിന്നു നീക്കിക്കളക; അധരങ്ങളുടെ വികടം നിങ്കൽനിന്നകറ്റുക. നിന്റെ കണ്ണു നേരെ നോക്കട്ടെ; നിന്റെ കണ്ണിമ ചൊവ്വെ മുമ്പോട്ടു മിഴിക്കട്ടെ. നിന്റെ കാലുകളുടെ പാതയെ നിരപ്പാക്കുക; നിന്റെ വഴികളെല്ലാം സ്ഥിരമായിരിക്കട്ടെ.

സദൃശവാക്യങ്ങൾ 4:20-26 സമകാലിക മലയാളവിവർത്തനം (MCV)

എന്റെ കുഞ്ഞേ, എന്റെ വാക്കുകൾ സശ്രദ്ധം ശ്രവിക്കുക; എന്റെ മൊഴികൾക്കു ചെവിചായ്‌ക്കുക. അവ നിന്റെ കൺമുമ്പിൽനിന്നും മറയാൻ അനുവദിക്കരുത്, അവ നിന്റെ ഹൃദയത്തിൽത്തന്നെ സൂക്ഷിക്കുക; കാരണം, കണ്ടെത്തുന്നവർക്ക് അവ ജീവനും അവരുടെ ശരീരംമുഴുവൻ ആരോഗ്യവും നൽകുന്നു. എല്ലാറ്റിനുമുപരി നിന്റെ ഹൃദയത്തെ സംരക്ഷിക്കുക, കാരണം അതിൽനിന്നാണ് ജീവന്റെ ഉറവ ഉത്ഭവിക്കുന്നത്. വഞ്ചന നിന്റെ വായിൽനിന്ന് ഒഴിവാക്കുക; ദുർഭാഷണത്തിൽനിന്നു നിന്റെ അധരങ്ങളെ അകറ്റിനിർത്തുക. നിന്റെ ദൃഷ്ടികൾ ഋജുവായിരിക്കട്ടെ; നിന്റെ കണ്ണുകൾ മുൻപോട്ടുതന്നെ പതിപ്പിക്കുക. നിന്റെ പാദങ്ങൾക്കു പാത നിരപ്പാക്കുക അപ്പോൾ നിന്റെ വഴികളെല്ലാം സുസ്ഥിരമായിരിക്കും.