സദൃശവാക്യങ്ങൾ 4:10-19
സദൃശവാക്യങ്ങൾ 4:10-19 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മകനേ കേട്ട് എന്റെ വചനങ്ങളെ കൈക്കൊൾക; എന്നാൽ നിനക്ക് ദീർഘായുസ്സുണ്ടാകും. ജ്ഞാനത്തിന്റെ മാർഗം ഞാൻ നിന്നെ ഉപദേശിക്കുന്നു: നേരേയുള്ള പാതയിൽ ഞാൻ നിന്നെ നടത്തുന്നു. നടക്കുമ്പോൾ നിന്റെ കാലടിക്ക് ഇടുക്കം വരികയില്ല; ഓടുമ്പോൾ നീ ഇടറുകയുമില്ല. പ്രബോധനം മുറുകെ പിടിക്ക; വിട്ടുകളയരുത്; അതിനെ കാത്തുകൊൾക, അതു നിന്റെ ജീവനല്ലോ. ദുഷ്ടന്മാരുടെ പാതയിൽ നീ ചെല്ലരുത്; ദുർജനത്തിന്റെ വഴിയിൽ നടക്കയുമരുത്; അതിനോട് അകന്നു നില്ക്ക; അതിൽ നടക്കരുത്; അത് വിട്ടുമാറി കടന്നുപോക. അവർ ദോഷം ചെയ്തിട്ടല്ലാതെ ഉറങ്ങുകയില്ല; വല്ലവരെയും വീഴിച്ചിട്ടല്ലാതെ അവർക്ക് ഉറക്കം വരികയില്ല. ദുഷ്ടതയുടെ ആഹാരംകൊണ്ട് അവർ ഉപജീവിക്കുന്നു; ബലാൽക്കാരത്തിന്റെ വീഞ്ഞ് അവർ പാനം ചെയ്യുന്നു. നീതിമാന്മാരുടെ പാതയോ പ്രഭാതത്തിന്റെ വെളിച്ചംപോലെ; അതു നട്ടുച്ചവരെ അധികമധികം ശോഭിച്ചുവരുന്നു. ദുഷ്ടന്മാരുടെ വഴി അന്ധകാരംപോലെ ആകുന്നു; ഏതിങ്കൽ തട്ടിവീഴും എന്ന് അവർ അറിയുന്നില്ല.
സദൃശവാക്യങ്ങൾ 4:10-19 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മകനേ, എന്റെ വചനം കേട്ടു ഗ്രഹിക്കുക, എന്നാൽ നിനക്കു ദീർഘായുസ്സുണ്ടാകും. ജ്ഞാനത്തിന്റെ മാർഗം ഞാൻ നിന്നെ പഠിപ്പിച്ചു; നേർവഴിയിലൂടെ ഞാൻ നിന്നെ നയിച്ചു. നിന്റെ കാലടികൾക്ക് തടസ്സം നേരിടുകയില്ല, ഓടുമ്പോൾ നീ ഇടറിവീഴുകയുമില്ല. പ്രബോധനം മുറുകെപ്പിടിക്കുക, അതു കൈവിടരുത്; അതു കാത്തുസൂക്ഷിക്കുക; അതാണല്ലോ നിന്റെ ജീവൻ. ദുഷ്ടന്മാരുടെ പാതയിൽ പ്രവേശിക്കരുത്; ദുർജനത്തിന്റെ വഴിയിൽ നടക്കുകയുമരുത്. ആ മാർഗം പരിത്യജിക്കുക, അതിലൂടെ സഞ്ചരിക്കരുത്; അതിൽനിന്ന് അകന്നു മാറിപ്പോകുക. തിന്മ പ്രവർത്തിക്കാതെ ദുഷ്ടർക്ക് ഉറക്കം വരികയില്ല. ആരെയെങ്കിലും വീഴ്ത്താതെ നിദ്ര അവരെ സമീപിക്കുകയില്ല. കാരണം, ദുഷ്ടതയുടെ അപ്പം അവർ തിന്നുകയും അക്രമത്തിന്റെ വീഞ്ഞു കുടിക്കുകയും ചെയ്യുന്നു. എന്നാൽ നീതിമാന്മാരുടെ പാത അരുണോദയത്തിലെ പ്രകാശംപോലെയാണ്. അത് അനുനിമിഷം വർധിച്ചുകൊണ്ടിരിക്കുന്നു. ദുഷ്ടന്മാരുടെ വഴി കൂരിരുട്ടിനു സമം, എവിടെ തട്ടി വീഴുമെന്ന് അവർ അറിയുന്നില്ല.
സദൃശവാക്യങ്ങൾ 4:10-19 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
മകനേ, കേട്ടു എന്റെ വചനങ്ങളെ കൈക്കൊള്ളുക; എന്നാൽ നിനക്കു ദീർഘായുസ്സുണ്ടാകും. ജ്ഞാനത്തിന്റെ മാർഗ്ഗം ഞാൻ നിന്നെ ഉപദേശിക്കുന്നു; നേരെയുള്ള പാതയിൽ ഞാൻ നിന്നെ നടത്തുന്നു. നടക്കുമ്പോൾ നിന്‍റെ കാലടികൾ തടസ്സം നേരിടുകയില്ല; ഓടുമ്പോൾ നീ ഇടറുകയുമില്ല. പ്രബോധനം മുറുകെ പിടിക്കുക; വിട്ടുകളയരുത്; അതിനെ കാത്തുകൊള്ളുക, അത് നിന്‍റെ ജീവനല്ലയോ. ദുഷ്ടന്മാരുടെ പാതയിൽ നീ ചെല്ലരുത്; ദുർജ്ജനത്തിന്‍റെ വഴിയിൽ നടക്കുകയും അരുത്; അതിനോട് അകന്നുനില്ക്കുക; അതിൽ നടക്കരുത്; അത് വിട്ടുമാറി കടന്നുപോകുക. അവർ ദോഷം ചെയ്തിട്ടല്ലാതെ ഉറങ്ങുകയില്ല; ആരെയെങ്കിലും വീഴിച്ചിട്ടല്ലാതെ അവർക്ക് ഉറക്കം വരുകയില്ല. ദുഷ്ടതയുടെ ആഹാരംകൊണ്ട് അവർ ഉപജീവിക്കുന്നു; ബലാല്ക്കാരത്തിന്‍റെ വീഞ്ഞ് അവർ പാനംചെയ്യുന്നു. നീതിമാന്മാരുടെ പാതയോ പ്രഭാതത്തിന്റെ വെളിച്ചംപോലെ; അത് നട്ടുച്ചവരെ അധികമധികം ശോഭിച്ചുവരുന്നു. ദുഷ്ടന്മാരുടെ വഴി അന്ധകാരംപോലെയാകുന്നു; ഏതിൽ തട്ടിവീഴും എന്നു അവർ അറിയുന്നില്ല.
സദൃശവാക്യങ്ങൾ 4:10-19 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
മകനേ കേട്ടു എന്റെ വചനങ്ങളെ കൈക്കൊൾക; എന്നാൽ നിനക്കു ദീർഘായുസ്സുണ്ടാകും. ജ്ഞാനത്തിന്റെ മാർഗ്ഗം ഞാൻ നിന്നെ ഉപദേശിക്കുന്നു; നേരെയുള്ള പാതയിൽ ഞാൻ നിന്നെ നടത്തുന്നു. നടക്കുമ്പോൾ നിന്റെ കാലടിക്കു ഇടുക്കം വരികയില്ല; ഓടുമ്പോൾ നീ ഇടറുകയുമില്ല. പ്രബോധനം മുറുകെ പിടിക്ക; വിട്ടുകളയരുതു; അതിനെ കാത്തുകൊൾക, അതു നിന്റെ ജീവനല്ലോ. ദുഷ്ടന്മാരുടെ പാതയിൽ നീ ചെല്ലരുതു; ദുർജ്ജനത്തിന്റെ വഴിയിൽ നടക്കയുമരുതു; അതിനോടു അകന്നുനില്ക്ക; അതിൽ നടക്കരുതു; അതു വിട്ടുമാറി കടന്നുപോക. അവർ ദോഷം ചെയ്തിട്ടല്ലാതെ ഉറങ്ങുകയില്ല; വല്ലവരെയും വീഴിച്ചിട്ടല്ലാതെ അവർക്കു ഉറക്കം വരികയില്ല. ദുഷ്ടതയുടെ ആഹാരംകൊണ്ടു അവർ ഉപജീവിക്കുന്നു; ബലാല്ക്കാരത്തിന്റെ വീഞ്ഞു അവർ പാനം ചെയ്യുന്നു. നീതിമാന്മാരുടെ പാതയോ പ്രഭാതത്തിന്റെ വെളിച്ചംപോലെ; അതു നട്ടുച്ചവരെ അധികമധികം ശോഭിച്ചു വരുന്നു. ദുഷ്ടന്മാരുടെവഴി അന്ധകാരംപോലെയാകുന്നു; ഏതിങ്കൽ തട്ടി വീഴും എന്നു അവർ അറിയുന്നില്ല.
സദൃശവാക്യങ്ങൾ 4:10-19 സമകാലിക മലയാളവിവർത്തനം (MCV)
എന്റെ കുഞ്ഞേ, എന്റെ വാക്കുകൾ ശ്രദ്ധിച്ച് അവ അംഗീകരിക്കുക, എന്നാൽ നീ ദീർഘായുസ്സുള്ള വ്യക്തിയായിരിക്കും. ഞാൻ നിന്നെ ജ്ഞാനമാർഗത്തിലേക്കു നയിക്കുന്നു നേരായ പാതകളിൽ നിന്നെ നടത്തുകയും ചെയ്യുന്നു. നീ നടക്കുമ്പോൾ നിന്റെ കാലടികൾക്കു തടസ്സം നേരിടുകയില്ല; ഓടുമ്പോൾ, നീ ഇടറിവീഴുകയുമില്ല. ശിക്ഷണം മുറുകെപ്പിടിക്കുക, അതിനെ കൈവെടിയരുത്; അതിനെ സംരക്ഷിക്കുക, കാരണം അതാകുന്നു നിന്റെ ജീവൻ. ദുഷ്ടരുടെ വഴിയിൽ നീ പ്രവേശിക്കരുത് ദുർമാർഗികളുടെ പാതയിൽ നീ സഞ്ചരിക്കുകയുമരുത്. അത് ഒഴിവാക്കുക, ആ വഴിയിൽക്കൂടി സഞ്ചരിക്കരുത്; അത് വിട്ടൊഴിഞ്ഞ് നിന്റെ ലക്ഷ്യത്തിലേക്കു കുതിക്കുക. കാരണം അകൃത്യംചെയ്യുന്നതുവരെ അവർക്ക് ഉറക്കംവരികയില്ല; ആരെയെങ്കിലും വീഴ്ത്തിയില്ലെങ്കിൽ അവരെ സുഖനിദ്ര കൈവിടുന്നു, അവർ ദുഷ്ടതയുടെ ആഹാരം ഭക്ഷിക്കുന്നു അതിക്രമത്തിന്റെ വീഞ്ഞു പാനംചെയ്യുന്നു. നീതിനിഷ്ഠരുടെ പാത അരുണോദയത്തിലെ പ്രഭപോലെയാകുന്നു, അതു നട്ടുച്ചവരെ അധികമധികമായി പ്രശോഭിച്ചുകൊണ്ടിരിക്കും. എന്നാൽ ദുഷ്ടരുടെ പാതകൾ ഘോരാന്ധകാരംപോലെയാണ്; ഏതിൽ തട്ടിവീഴുമെന്ന് അവർ അറിയുന്നില്ല.