സദൃശവാക്യങ്ങൾ 4:1-14
സദൃശവാക്യങ്ങൾ 4:1-14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മക്കളേ, അപ്പന്റെ പ്രബോധനം കേട്ടു വിവേകം പ്രാപിക്കേണ്ടതിനു ശ്രദ്ധിപ്പിൻ. ഞാൻ നിങ്ങൾക്കു സൽബുദ്ധി ഉപദേശിച്ചു തരുന്നു; എന്റെ ഉപദേശം നിങ്ങൾ ഉപേക്ഷിക്കരുത്. ഞാൻ എന്റെ അപ്പനു മകനും എന്റെ അമ്മയ്ക്ക് ഓമനയും ഏക പുത്രനും ആയിരുന്നു; അവൻ എന്നെ പഠിപ്പിച്ച് എന്നോടു പറഞ്ഞത്: എന്റെ വചനങ്ങളെ ഹൃദയത്തിൽ സംഗ്രഹിച്ചുകൊൾക; എന്റെ കല്പനകളെ പ്രമാണിച്ചു ജീവിക്ക. ജ്ഞാനം സമ്പാദിക്ക; വിവേകം നേടുക; മറക്കരുത്; എന്റെ വചനങ്ങളെ വിട്ടുമാറുകയുമരുത്. അതിനെ ഉപേക്ഷിക്കരുത്; അത് നിന്നെ കാക്കും; അതിൽ പ്രിയം വയ്ക്കുക; അത് നിന്നെ സൂക്ഷിക്കും. ജ്ഞാനം തന്നെ പ്രധാനം; ജ്ഞാനം സമ്പാദിക്ക; നിന്റെ സകല സമ്പാദ്യത്താലും വിവേകം നേടുക. അതിനെ ഉയർത്തുക; അതു നിന്നെ ഉയർത്തും; അതിനെ ആലിംഗനം ചെയ്താൽ അതു നിനക്കു മാനം വരുത്തും. അതു നിന്റെ തലയെ അലങ്കാരമാല അണിയിക്കും; അതു നിന്നെ ഒരു മഹത്ത്വകിരീടം ചൂടിക്കും. മകനേ കേട്ട് എന്റെ വചനങ്ങളെ കൈക്കൊൾക; എന്നാൽ നിനക്ക് ദീർഘായുസ്സുണ്ടാകും. ജ്ഞാനത്തിന്റെ മാർഗം ഞാൻ നിന്നെ ഉപദേശിക്കുന്നു: നേരേയുള്ള പാതയിൽ ഞാൻ നിന്നെ നടത്തുന്നു. നടക്കുമ്പോൾ നിന്റെ കാലടിക്ക് ഇടുക്കം വരികയില്ല; ഓടുമ്പോൾ നീ ഇടറുകയുമില്ല. പ്രബോധനം മുറുകെ പിടിക്ക; വിട്ടുകളയരുത്; അതിനെ കാത്തുകൊൾക, അതു നിന്റെ ജീവനല്ലോ. ദുഷ്ടന്മാരുടെ പാതയിൽ നീ ചെല്ലരുത്; ദുർജനത്തിന്റെ വഴിയിൽ നടക്കയുമരുത്
സദൃശവാക്യങ്ങൾ 4:1-14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മക്കളേ, പിതാവിന്റെ പ്രബോധനം ശ്രദ്ധിക്കുവിൻ, അതു ശ്രദ്ധിച്ചു കേട്ട് വിവേകം നേടുവിൻ. സത്പ്രബോധനങ്ങളാണ് ഞാൻ നിങ്ങൾക്കു നല്‌കുന്നത്; എന്റെ ഉപദേശം നിരസിക്കരുത്. ഇളംപ്രായത്തിൽ മാതാപിതാക്കളുടെ ഏകമകനായിരിക്കെ, പിതാവെന്നെ ഇപ്രകാരം പഠിപ്പിച്ചു. എന്റെ വാക്കുകൾ എപ്പോഴും ഓർക്കുക, എന്റെ കല്പനകൾ പാലിച്ച് നീ ജീവിക്കുക. ജ്ഞാനവും വിവേകവും നേടുക; എന്റെ വാക്കുകൾ മറക്കരുത്; അവയിൽനിന്ന് വ്യതിചലിക്കയുമരുത്. ജ്ഞാനം കൈവിടരുത്, അതു നിന്നെ കാത്തുസൂക്ഷിക്കും. അതിനെ സ്നേഹിക്കുക, അതു നിന്നെ സംരക്ഷിക്കും; ജ്ഞാനം നേടുകയാണ് സർവപ്രധാനം; എന്തു വിലകൊടുത്തും വിവേകം ആർജിക്കുക. ജ്ഞാനത്തെ വിലമതിക്കുക, അതു നിന്നെ ഉയർത്തും; അതിനെ കെട്ടിപ്പുണർന്നാൽ അതു നിന്നെ ബഹുമാന്യനാക്കും. ജ്ഞാനം നിന്റെ ശിരസ്സിന് മനോഹരമായ അലങ്കാരവും കിരീടവും ആയിരിക്കും. മകനേ, എന്റെ വചനം കേട്ടു ഗ്രഹിക്കുക, എന്നാൽ നിനക്കു ദീർഘായുസ്സുണ്ടാകും. ജ്ഞാനത്തിന്റെ മാർഗം ഞാൻ നിന്നെ പഠിപ്പിച്ചു; നേർവഴിയിലൂടെ ഞാൻ നിന്നെ നയിച്ചു. നിന്റെ കാലടികൾക്ക് തടസ്സം നേരിടുകയില്ല, ഓടുമ്പോൾ നീ ഇടറിവീഴുകയുമില്ല. പ്രബോധനം മുറുകെപ്പിടിക്കുക, അതു കൈവിടരുത്; അതു കാത്തുസൂക്ഷിക്കുക; അതാണല്ലോ നിന്റെ ജീവൻ. ദുഷ്ടന്മാരുടെ പാതയിൽ പ്രവേശിക്കരുത്; ദുർജനത്തിന്റെ വഴിയിൽ നടക്കുകയുമരുത്.
സദൃശവാക്യങ്ങൾ 4:1-14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
മക്കളേ, അപ്പന്റെ പ്രബോധനം കേട്ടു വിവേകം പ്രാപിക്കേണ്ടതിന് ശ്രദ്ധിക്കുവിൻ. ഞാൻ നിങ്ങൾക്ക് സൽബുദ്ധി ഉപദേശിച്ചുതരുന്നു; എന്റെ ഉപദേശം നിങ്ങൾ ഉപേക്ഷിക്കരുത്. ഞാൻ എന്‍റെ അപ്പന് മകനും എന്റെ അമ്മയ്ക്ക് ഓമനയും ഏകപുത്രനും ആയിരുന്നു; അവൻ എന്നെ പഠിപ്പിച്ച്, എന്നോട് പറഞ്ഞത്: “എന്റെ വചനങ്ങളെ ഹൃദയത്തിൽ സംഗ്രഹിച്ചുകൊള്ളുക; എന്‍റെ കല്പനകളെ പ്രമാണിച്ച് ജീവിക്കുക. ജ്ഞാനം സമ്പാദിക്കുക: വിവേകം നേടുക; മറക്കരുത്; എന്റെ വചനങ്ങളെ വിട്ടുമാറുകയും അരുത്. അതിനെ ഉപേക്ഷിക്കരുത്; അത് നിന്നെ കാക്കും; അതിൽ പ്രിയം വെക്കുക; അത് നിന്നെ സൂക്ഷിക്കും; ജ്ഞാനംതന്നെ പ്രധാനം; ജ്ഞാനം സമ്പാദിക്കുക; നിന്‍റെ സകലസമ്പാദ്യം കൊണ്ടും വിവേകം നേടുക. അതിനെ ഉയർത്തുക; അത് നിന്നെ ഉയർത്തും; അതിനെ ആലിംഗനം ചെയ്താൽ അത് നിനക്കു മാനം വരുത്തും. അത് നിന്‍റെ തലയെ അലങ്കാരമാല അണിയിക്കും; അത് നിന്നെ ഒരു മഹത്വകിരീടം ചൂടിക്കും. മകനേ, കേട്ടു എന്റെ വചനങ്ങളെ കൈക്കൊള്ളുക; എന്നാൽ നിനക്കു ദീർഘായുസ്സുണ്ടാകും. ജ്ഞാനത്തിന്റെ മാർഗ്ഗം ഞാൻ നിന്നെ ഉപദേശിക്കുന്നു; നേരെയുള്ള പാതയിൽ ഞാൻ നിന്നെ നടത്തുന്നു. നടക്കുമ്പോൾ നിന്‍റെ കാലടികൾ തടസ്സം നേരിടുകയില്ല; ഓടുമ്പോൾ നീ ഇടറുകയുമില്ല. പ്രബോധനം മുറുകെ പിടിക്കുക; വിട്ടുകളയരുത്; അതിനെ കാത്തുകൊള്ളുക, അത് നിന്‍റെ ജീവനല്ലയോ. ദുഷ്ടന്മാരുടെ പാതയിൽ നീ ചെല്ലരുത്; ദുർജ്ജനത്തിന്‍റെ വഴിയിൽ നടക്കുകയും അരുത്
സദൃശവാക്യങ്ങൾ 4:1-14 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
മക്കളേ, അപ്പന്റെ പ്രബോധനം കേട്ടു വിവേകം പ്രാപിക്കേണ്ടതിന്നു ശ്രദ്ധിപ്പിൻ. ഞാൻ നിങ്ങൾക്കു സൽബുദ്ധി ഉപദേശിച്ചുതരുന്നു; എന്റെ ഉപദേശം നിങ്ങൾ ഉപേക്ഷിക്കരുതു. ഞാൻ എന്റെ അപ്പന്നു മകനും എന്റെ അമ്മെക്കു ഓമനയും ഏകപുത്രനും ആയിരുന്നു; അവൻ എന്നെ പഠിപ്പിച്ചു, എന്നോടു പറഞ്ഞതു: എന്റെ വചനങ്ങളെ ഹൃദയത്തിൽ സംഗ്രഹിച്ചുകൊൾക; എന്റെ കല്പനകളെ പ്രമാണിച്ചു ജീവിക്ക. ജ്ഞാനം സമ്പാദിക്ക: വിവേകം നേടുക; മറക്കരുതു; എന്റെ വചനങ്ങളെ വിട്ടുമാറുകയുമരുതു. അതിനെ ഉപേക്ഷിക്കരുതു; അതു നിന്നെ കാക്കും; അതിൽ പ്രിയം വെക്കുക; അതു നിന്നെ സൂക്ഷിക്കും; ജ്ഞാനംതന്നേ പ്രധാനം; ജ്ഞാനം സമ്പാദിക്ക; നിന്റെ സകലസമ്പാദ്യത്താലും വിവേകം നേടുക. അതിനെ ഉയർത്തുക; അതു നിന്നെ ഉയർത്തും; അതിനെ ആലിംഗനം ചെയ്താൽ അതു നിനക്കു മാനം വരുത്തും. അതു നിന്റെ തലയെ അലങ്കാരമാല അണിയിക്കും; അതു നിന്നെ ഒരു മഹത്വകിരീടം ചൂടിക്കും. മകനേ കേട്ടു എന്റെ വചനങ്ങളെ കൈക്കൊൾക; എന്നാൽ നിനക്കു ദീർഘായുസ്സുണ്ടാകും. ജ്ഞാനത്തിന്റെ മാർഗ്ഗം ഞാൻ നിന്നെ ഉപദേശിക്കുന്നു; നേരെയുള്ള പാതയിൽ ഞാൻ നിന്നെ നടത്തുന്നു. നടക്കുമ്പോൾ നിന്റെ കാലടിക്കു ഇടുക്കം വരികയില്ല; ഓടുമ്പോൾ നീ ഇടറുകയുമില്ല. പ്രബോധനം മുറുകെ പിടിക്ക; വിട്ടുകളയരുതു; അതിനെ കാത്തുകൊൾക, അതു നിന്റെ ജീവനല്ലോ. ദുഷ്ടന്മാരുടെ പാതയിൽ നീ ചെല്ലരുതു; ദുർജ്ജനത്തിന്റെ വഴിയിൽ നടക്കയുമരുതു
സദൃശവാക്യങ്ങൾ 4:1-14 സമകാലിക മലയാളവിവർത്തനം (MCV)
എന്റെ കുഞ്ഞുങ്ങളേ, പിതാവിന്റെ നിർദേശങ്ങൾ ശ്രവിക്കുക; അതിൽ ശ്രദ്ധനൽകി വിവേചനശക്തി കൈവരിക്കുക. കാരണം ഞാൻ നിനക്കു സദുപദേശം നൽകുന്നു, എന്റെ അഭ്യസനം നിരാകരിക്കരുത്. ഞാനും എന്റെ പിതാവിനു മകനും മാതാവിന്റെ ഏക ഓമനസന്താനവും ആയിരുന്നു. എന്റെ പിതാവ് എന്നെ പഠിപ്പിച്ച് എന്നോട് ഇപ്രകാരം പറഞ്ഞു: “എന്റെ വാക്കുകൾ നീ ഹൃദയപൂർവം സ്വീകരിക്കുക; എന്റെ കൽപ്പനകൾ പാലിച്ചാൽ നീ ജീവിക്കും. ജ്ഞാനം നേടുക, വിവേകം ആർജിക്കുക; എന്റെ വാക്കുകൾ വിസ്മരിക്കുകയോ അവയിൽനിന്നു വ്യതിചലിക്കുകയോ അരുത്. ജ്ഞാനത്തെ ഉപേക്ഷിക്കരുത്, അവൾ നിന്നെ സംരക്ഷിക്കും; അവളെ സ്നേഹിക്കുക, അവൾ നിനക്കു കാവൽനിൽക്കും. ജ്ഞാനം പരമപ്രധാനമാണ്; ആകയാൽ നീ ജ്ഞാനം കൈവരിക്കുക. നിനക്കുള്ളതെല്ലാം ചെലവഴിച്ചിട്ടായാലും അറിവ് സമ്പാദിക്കുക. അവളെ താലോലിക്കുക, അവൾ നിന്നെ ഉയർത്തും; അവളെ ആലിംഗനംചെയ്യുക, അവൾ നിന്നെ ആദരിക്കും. അവൾ നിന്റെ ശിരസ്സിന് അഴകേകുന്ന ഒരു ലതാമകുടം അണിയിക്കുകയും ശോഭയുള്ള കിരീടം നിനക്ക് ഉപഹാരമായി നൽകുകയും ചെയ്യും.” എന്റെ കുഞ്ഞേ, എന്റെ വാക്കുകൾ ശ്രദ്ധിച്ച് അവ അംഗീകരിക്കുക, എന്നാൽ നീ ദീർഘായുസ്സുള്ള വ്യക്തിയായിരിക്കും. ഞാൻ നിന്നെ ജ്ഞാനമാർഗത്തിലേക്കു നയിക്കുന്നു നേരായ പാതകളിൽ നിന്നെ നടത്തുകയും ചെയ്യുന്നു. നീ നടക്കുമ്പോൾ നിന്റെ കാലടികൾക്കു തടസ്സം നേരിടുകയില്ല; ഓടുമ്പോൾ, നീ ഇടറിവീഴുകയുമില്ല. ശിക്ഷണം മുറുകെപ്പിടിക്കുക, അതിനെ കൈവെടിയരുത്; അതിനെ സംരക്ഷിക്കുക, കാരണം അതാകുന്നു നിന്റെ ജീവൻ. ദുഷ്ടരുടെ വഴിയിൽ നീ പ്രവേശിക്കരുത് ദുർമാർഗികളുടെ പാതയിൽ നീ സഞ്ചരിക്കുകയുമരുത്.