സദൃശവാക്യങ്ങൾ 31:10-24
സദൃശവാക്യങ്ങൾ 31:10-24 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സാമർഥ്യമുള്ള ഭാര്യയെ ആർക്കു കിട്ടും? അവളുടെ വില മുത്തുകളിലും ഏറും. ഭർത്താവിന്റെ ഹൃദയം അവളെ വിശ്വസിക്കുന്നു; അവന്റെ ലാഭത്തിന് ഒരു കുറവുമില്ല. അവൾ തന്റെ ആയുഷ്കാലമൊക്കെയും അവനു തിന്മയല്ല നന്മ തന്നെ ചെയ്യുന്നു. അവൾ ആട്ടുരോമവും ചണവും സമ്പാദിച്ചു താൽപര്യത്തോടെ കൈകൊണ്ടു വേല ചെയ്യുന്നു. അവൾ കച്ചവടക്കപ്പൽപോലെയാകുന്നു; ദൂരത്തുനിന്ന് ആഹാരം കൊണ്ടുവരുന്നു. അവൾ നന്നാ രാവിലെ എഴുന്നേറ്റ്, വീട്ടിലുള്ളവർക്ക് ആഹാരവും വേലക്കാരത്തികൾക്ക് ഓഹരിയും കൊടുക്കുന്നു. അവൾ ഒരു നിലത്തിന്മേൽ ദൃഷ്‍ടിവച്ച് അതു മേടിക്കുന്നു; കൈനേട്ടംകൊണ്ട് അവൾ ഒരു മുന്തിരിത്തോട്ടം ഉണ്ടാക്കുന്നു. അവൾ ബലംകൊണ്ട് അര മുറുക്കുകയും ഭുജങ്ങളെ ശക്തീകരിക്കയും ചെയ്യുന്നു. തന്റെ വ്യാപാരം ആദായമുള്ളതെന്ന് അവൾ ഗ്രഹിക്കുന്നു; അവളുടെ വിളക്ക് രാത്രിയിൽ കെട്ടുപോകുന്നതുമില്ല. അവൾ വിടുത്തലയ്ക്കു കൈ നീട്ടുന്നു; അവളുടെ വിരൽ കതിർ പിടിക്കുന്നു. അവൾ തന്റെ കൈ എളിയവർക്കു തുറക്കുന്നു; ദരിദ്രന്മാരുടെ അടുക്കലേക്കു കൈ നീട്ടുന്നു. തന്റെ വീട്ടുകാരെച്ചൊല്ലി അവൾ ഹിമത്തെ പേടിക്കുന്നില്ല; അവളുടെ വീട്ടിലുള്ളവർക്കൊക്കെയും ചുവപ്പുകമ്പിളി ഉണ്ടല്ലോ. അവൾ തനിക്കു പരവതാനി ഉണ്ടാക്കുന്നു; ശണപടവും ധൂമ്രവസ്ത്രവും അവളുടെ ഉടുപ്പ്. ദേശത്തിലെ മൂപ്പന്മാരോടുകൂടെ ഇരിക്കുമ്പോൾ അവളുടെ ഭർത്താവ് പട്ടണവാതിൽക്കൽ പ്രസിദ്ധനാകുന്നു. അവൾ ശണവസ്ത്രം ഉണ്ടാക്കി വില്ക്കുന്നു; അരക്കച്ച ഉണ്ടാക്കി കച്ചവടക്കാരനെ ഏല്പിക്കുന്നു.
സദൃശവാക്യങ്ങൾ 31:10-24 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഉത്തമയായ ഭാര്യയെ ആർക്കു ലഭിക്കും? അവൾ രത്നങ്ങളിലും വിലപ്പെട്ടവൾ. ഭർത്താവ് അവളെ പൂർണമായി വിശ്വസിക്കുന്നു. അയാളുടെ നേട്ടങ്ങൾ വർധിക്കും. അവൾ ആജീവനാന്തം തന്റെ ഭർത്താവിനു നന്മയല്ലാതെ ഒരു തിന്മയും ചെയ്യുന്നില്ല. അവൾ ആട്ടിൻരോമവും ചണവും ശേഖരിച്ച് ഉത്സാഹത്തോടെ പണിയെടുക്കുന്നു. അവൾ വ്യാപാരിയുടെ കപ്പൽപോലെ വിദൂരത്തുനിന്ന് ആഹാരസാധനങ്ങൾ കൊണ്ടുവരുന്നു. പുലരും മുമ്പേ ഉണർന്നു കുടുംബാംഗങ്ങൾക്ക് അവൾ ആഹാരം ഒരുക്കുന്നു. പരിചാരികകൾക്കു ജോലി നിർദ്ദേശിക്കുന്നു. അവൾ നല്ല നിലം നോക്കി വാങ്ങുന്നു, താൻ നേടിയ വകകൊണ്ട് അവൾ മുന്തിരിത്തോട്ടം നട്ടു പിടിപ്പിക്കുന്നു. അവൾ അര മുറുക്കി ഉത്സാഹപൂർവം കഠിനാധ്വാനം ചെയ്യുന്നു. തന്റെ വ്യാപാരം ആദായകരമാണോ എന്ന് അവൾ പരിശോധിക്കുന്നു. രാത്രിയിലും അധ്വാനിക്കുന്നതുകൊണ്ട് അവളുടെ വിളക്ക് അണയുന്നില്ല. അവൾ തക്ലിയും ചർക്കയും ഉപയോഗിച്ചു നൂൽ നൂല്‌ക്കുന്നു. ദരിദ്രരെയും അഗതികളെയും ഉദാരമായി സഹായിക്കുന്നു. മഞ്ഞു പെയ്യുന്ന കാലത്ത് അവൾ സ്വഭവനത്തിലുള്ളവരെ ഓർത്ത് ആകുലപ്പെടുന്നില്ല. വീട്ടിലുള്ള എല്ലാവർക്കും കമ്പിളി വസ്ത്രമുണ്ടല്ലോ. അവൾ സ്വന്ത കൈകൊണ്ടു വിരിപ്പുകൾ നിർമ്മിക്കുന്നു; സ്വയം നെയ്തുണ്ടാക്കിയ നേർത്ത ലിനൻ കൊണ്ടുള്ള കടുംചുവപ്പു വസ്ത്രങ്ങൾ അവൾ ധരിക്കുന്നു. അവളുടെ ഭർത്താവു ജനപ്രമാണികളോടൊത്തു പട്ടണവാതില്‌ക്കൽ ഇരിക്കുമ്പോൾ ശ്രദ്ധേയനായിത്തീരുന്നു. അവൾ ലിനൻവസ്ത്രം ഉണ്ടാക്കി വില്ക്കുന്നു; അരക്കച്ച നിർമ്മിച്ച് കച്ചവടക്കാരെ ഏല്പിക്കുന്നു.
സദൃശവാക്യങ്ങൾ 31:10-24 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
സാമർത്ഥ്യമുള്ള ഭാര്യയെ ആർക്ക് കിട്ടും? അവളുടെ വില മുത്തുകളിലും ഏറിയത്. ഭർത്താവിന്‍റെ ഹൃദയം അവളെ വിശ്വസിക്കുന്നു; അവന്റെ ലാഭത്തിന് ഒരു കുറവുമില്ല. അവൾ തന്‍റെ ആയുഷ്ക്കാലമൊക്കെയും അവന് തിന്മയല്ല നന്മ തന്നെ ചെയ്യുന്നു. അവൾ ആട്ടുരോമവും ചണവും സമ്പാദിച്ച് താത്പര്യത്തോടെ സ്വന്തം കൈകൊണ്ട് വേലചെയ്യുന്നു. അവൾ കച്ചവടക്കപ്പൽപോലെയാകുന്നു; ദൂരത്തുനിന്ന് ആഹാരം കൊണ്ടുവരുന്നു. അവൾ അതിരാവിലെ എഴുന്നേറ്റ്, വീട്ടിലുള്ളവർക്ക് ആഹാരവും വേലക്കാരികൾക്ക് ഓഹരിയും കൊടുക്കുന്നു. അവൾ ഒരു നിലത്തിന്മേൽ ദൃഷ്ടിവച്ച് അത് വാങ്ങുന്നു; സമ്പാദ്യം കൊണ്ടു അവൾ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കുന്നു. അവൾ ബലംകൊണ്ട് അരമുറുക്കുകയും ഭുജങ്ങളെ ശക്തീകരിക്കുകയും ചെയ്യുന്നു. തന്റെ വ്യാപാരം ആദായമുള്ളതെന്ന് അവൾ അറിയുന്നു; അവളുടെ വിളക്ക് രാത്രിയിൽ കെട്ടുപോകുന്നതുമില്ല. അവൾ നെയ്ത്തുദണ്ഡിന് കൈ നീട്ടുന്നു; അവളുടെ വിരൽ തക്ലിയും ചർക്കയും ഉപയോഗിച്ചു നൂൽ നൂല്‌ക്കുന്നു. അവൾ തന്റെ കൈ എളിയവർക്കുവേണ്ടി തുറക്കുന്നു; ദരിദ്രന്മാരുടെ അടുക്കലേക്ക് കൈ നീട്ടുന്നു. തന്‍റെ വീട്ടുകാരെക്കുറിച്ച് അവൾ ഹിമകാലത്ത് ഭയപ്പെടുന്നില്ല; അവളുടെ വീട്ടിലുള്ള എല്ലാവർക്കും ചുവപ്പു കമ്പിളി ഉണ്ടല്ലോ. അവൾ തനിക്കു പരവതാനി ഉണ്ടാക്കുന്നു; ചണപട്ടും ധൂമ്രവസ്ത്രവും അവളുടെ ഉടുപ്പ്. ദേശത്തിലെ മൂപ്പന്മാരോടുകൂടി ഇരിക്കുമ്പോൾ അവളുടെ ഭർത്താവ് പട്ടണവാതില്‍ക്കൽ പ്രസിദ്ധനാകുന്നു. അവൾ ചണവസ്ത്രം ഉണ്ടാക്കി വില്ക്കുന്നു; അരക്കച്ച ഉണ്ടാക്കി കച്ചവടക്കാരനെ ഏല്പിക്കുന്നു.
സദൃശവാക്യങ്ങൾ 31:10-24 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
സാമർത്ഥ്യമുള്ള ഭാര്യയെ ആർക്കു കിട്ടും? അവളുടെ വില മുത്തുകളിലും ഏറും. ഭർത്താവിന്റെ ഹൃദയം അവളെ വിശ്വസിക്കുന്നു; അവന്റെ ലാഭത്തിന്നു ഒരു കുറവുമില്ല. അവൾ തന്റെ ആയുഷ്കാലമൊക്കെയും അവന്നു തിന്മയല്ല നന്മ തന്നേ ചെയ്യുന്നു. അവൾ ആട്ടുരോമവും ചണവും സമ്പാദിച്ചു താല്പര്യത്തോടെ കൈകൊണ്ടു വേലചെയ്യുന്നു. അവൾ കച്ചവടക്കപ്പൽപോലെയാകുന്നു; ദൂരത്തുനിന്നു ആഹാരം കൊണ്ടുവരുന്നു. അവൾ നന്നരാവിലെ എഴുന്നേറ്റു, വീട്ടിലുള്ളവർക്കു ആഹാരവും വേലക്കാരത്തികൾക്കു ഓഹരിയും കൊടുക്കുന്നു. അവൾ ഒരു നിലത്തിന്മേൽ ദൃഷ്ടിവെച്ചു അതു മേടിക്കുന്നു; കൈനേട്ടംകൊണ്ടു അവൾ ഒരു മുന്തിരിത്തോട്ടം ഉണ്ടാക്കുന്നു. അവൾ ബലംകൊണ്ടു അര മുറക്കുകയും ഭുജങ്ങളെ ശക്തീകരിക്കയും ചെയ്യുന്നു. തന്റെ വ്യാപാരം ആദായമുള്ളതെന്നു അവൾ ഗ്രഹിക്കുന്നു; അവളുടെ വിളക്കു രാത്രിയിൽ കെട്ടുപോകുന്നതുമില്ല. അവൾ വിടുത്തലെക്കു കൈ നീട്ടുന്നു; അവളുടെ വിരൽ കതിർ പിടിക്കുന്നു. അവൾ തന്റെ കൈ എളിയവർക്കു തുറക്കുന്നു; ദരിദ്രന്മാരുടെ അടുക്കലേക്കു കൈ നീട്ടുന്നു. തന്റെ വീട്ടുകാരെച്ചൊല്ലി അവൾ ഹിമത്തെ പേടിക്കുന്നില്ല; അവളുടെ വീട്ടിലുള്ളവർക്കൊക്കെയും ചുവപ്പു കമ്പളി ഉണ്ടല്ലോ. അവൾ തനിക്കു പരവതാനി ഉണ്ടാക്കുന്നു; ശണപടവും ധൂമ്രവസ്ത്രവും അവളുടെ ഉടുപ്പു. ദേശത്തിലെ മൂപ്പന്മാരോടുകൂടെ ഇരിക്കുമ്പോൾ അവളുടെ ഭർത്താവു പട്ടണവാതില്ക്കൽ പ്രസിദ്ധനാകുന്നു. അവൾ ശണവസ്ത്രം ഉണ്ടാക്കി വില്ക്കുന്നു; അരക്കച്ച ഉണ്ടാക്കി കച്ചവടക്കാരനെ ഏല്പിക്കുന്നു.
സദൃശവാക്യങ്ങൾ 31:10-24 സമകാലിക മലയാളവിവർത്തനം (MCV)
ചാരുശീലയാം പത്നിയെ കണ്ടെത്താൻ ആർക്കു കഴിയും? അവളുടെ മൂല്യം മാണിക്യത്തെക്കാൾ എത്രയോ അധികം. അവളുടെ ഭർത്താവ് അവളിൽ സമ്പൂർണ വിശ്വാസം അർപ്പിച്ചിരിക്കുന്നു അവന് മൂല്യവത്തായ ഒന്നിനും കുറവില്ല. അവളുടെ ജീവിതകാലമെല്ലാം അവൾ അയാൾക്കു തിന്മയല്ല, നന്മതന്നെ വരുത്തുന്നു. അവൾ കമ്പിളി, ചണം എന്നിവ ശേഖരിച്ച് ചുറുചുറുക്കോടെ സ്വന്തം കൈകൾകൊണ്ട് അധ്വാനിക്കുന്നു. അവൾ വ്യാപാരക്കപ്പൽപോലെയാണ് വിദൂരതയിൽനിന്ന് അവൾ തന്റെ ഭക്ഷണം കൊണ്ടുവരുന്നു. ഇരുട്ടൊഴിയുന്നതിനുമുമ്പുതന്നെ അവൾ ഉണരുന്നു അവളുടെ കുടുംബത്തിനു ഭക്ഷണവും വേലക്കാരികൾക്ക് അവരുടെ ഓഹരിയും ഒരുക്കുന്നു. അവൾ ഒരു വയലിൽ കണ്ണുപതിപ്പിക്കുകയും അതു വാങ്ങുകയുംചെയ്യുന്നു; അവളുടെ സമ്പാദ്യംകൊണ്ടൊരു മുന്തിരിത്തോപ്പ് നട്ടുപിടിപ്പിക്കുന്നു. അവൾ തന്റെ അര മുറുക്കി കഠിനാധ്വാനം ചെയ്യുന്നു; അവളുടെ കരങ്ങൾ അധ്വാനത്തിനു ശക്തം. തന്റെ വ്യാപാരം ആദായകരമെന്ന് അവൾ ഉറപ്പുവരുത്തുന്നു, അവളുടെ വിളക്ക് രാത്രിയിൽ അണയുന്നില്ല. തന്റെ കരത്തിൽ അവൾ നെയ്ത്തുകോൽ പിടിച്ചിരിക്കുന്നു അവളുടെ കൈവിരലുകൾ തക്ലിയിൽ പിടിച്ചിട്ടുണ്ട്. അവൾ തന്റെ കൈകൾ ദരിദ്രർക്കായി തുറക്കുന്നു സഹായം അർഹിക്കുന്നവർക്കുവേണ്ടി തന്റെ കൈകൾ നീട്ടുന്നു. ഹിമകാലം വരുമ്പോൾ, തന്റെ കുടുംബാംഗങ്ങളെയോർത്തവൾ ഭയക്കുന്നില്ല; കാരണം അവരെല്ലാം രക്താംബരം ധരിച്ചിരിക്കുന്നു. അവൾ തന്റെ കിടക്കയ്ക്കു പരവതാനി ഉണ്ടാക്കുന്നു; മേൽത്തരമായ ചണനൂലും ഊതനൂലും അവൾ അണിഞ്ഞിരിക്കുന്നു. നഗരകവാടത്തിൽ അവളുടെ ഭർത്താവ് ബഹുമാനിതനാണ്, ദേശത്തിലെ നേതാക്കന്മാരോടൊപ്പം അദ്ദേഹം ഇരിപ്പിടം പങ്കിടുന്നു. അവൾ പരുത്തിനൂൽവസ്ത്രങ്ങൾ നിർമിക്കുകയും വിൽക്കുകയും അരക്കച്ചയുണ്ടാക്കി വിൽപ്പനയ്ക്കായി വ്യാപാരികളെ ഏൽപ്പിക്കുകയും ചെയ്യുന്നു.