സദൃശവാക്യങ്ങൾ 27:8-12
സദൃശവാക്യങ്ങൾ 27:8-12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
കൂടു വിട്ടലയുന്ന പക്ഷിയും നാടു വിട്ടുഴലുന്ന മനുഷ്യനും ഒരുപോലെ. തൈലവും ധൂപവും ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; ഹൃദ്യാലോചനയുള്ള സ്നേഹിതന്റെ മാധുര്യവും അങ്ങനെ തന്നെ. നിന്റെ സ്നേഹിതനെയും അപ്പന്റെ സ്നേഹിതനെയും ഉപേക്ഷിക്കരുത്; തന്റെ കഷ്ടകാലത്തു സഹോദരന്റെ വീട്ടിൽ പോകയും അരുത്; ദൂരത്തെ സഹോദരനിലും സമീപത്തെ അയൽക്കാരൻ നല്ലത്. മകനേ, എന്നെ നിന്ദിക്കുന്നവനോടു ഞാൻ ഉത്തരം പറയേണ്ടതിനു നീ ജ്ഞാനിയായി എന്റെ ഹൃദയത്തെ സന്തോഷിപ്പിക്ക. വിവേകമുള്ളവൻ അനർഥം കണ്ട് ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികളോ നേരേ ചെന്നു ചേതപ്പെടുന്നു.
സദൃശവാക്യങ്ങൾ 27:8-12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
കൂടു വിട്ടുഴലുന്ന പക്ഷിയെപ്പോലെയാണ് വീടു വിട്ടുഴലുന്ന മനുഷ്യൻ. സുരഭിലതൈലവും സുഗന്ധദ്രവ്യവും ഹൃദയത്തെ സന്തോഷിപ്പിക്കും. എന്നാൽ ജീവിതക്ലേശങ്ങൾ അന്തരംഗത്തെ തകർക്കുന്നു. നിന്റെ സ്നേഹിതരെയോ, നിന്റെ പിതാവിന്റെ സ്നേഹിതരെയോ കൈവിടരുത്; വിഷമകാലത്ത് നീ സഹോദരന്റെ ഭവനത്തിൽ പോകയും അരുത്. അകലെയുള്ള സഹോദരനെക്കാൾ അടുത്തുള്ള അയൽക്കാരനാണു നല്ലത്. മകനേ, നീ ജ്ഞാനിയായിത്തീർന്ന് എന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുക, അങ്ങനെ എന്നെ നിന്ദിക്കുന്നവർക്ക് മറുപടി നല്‌കാൻ എനിക്കു കഴിയും. വിവേകമുള്ളവൻ അപകടം കണ്ടു പിന്മാറുന്നു; ബുദ്ധിശൂന്യനോ നേരെ ചെന്ന് അതിൽ അകപ്പെടുന്നു.
സദൃശവാക്യങ്ങൾ 27:8-12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
കൂടുവിട്ടലയുന്ന പക്ഷിയും നാടു വിട്ടുഴലുന്ന മനുഷ്യനും ഒരുപോലെ. തൈലവും ധൂപവും ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; സ്നേഹിതന്‍റെ ഹൃദയപൂർവ്വമായ ഉപദേശവും അങ്ങനെ തന്നെ. നിന്റെ സ്നേഹിതനെയും അപ്പന്റെ സ്നേഹിതനെയും ഉപേക്ഷിക്കരുത്; നിന്‍റെ കഷ്ടകാലത്ത് സഹോദരന്‍റെ വീട്ടിൽ പോകുകയും അരുത്; ദൂരത്തെ സഹോദരനിലും സമീപത്തെ അയല്ക്കാരൻ നല്ലത്. മകനേ, എന്നെ നിന്ദിക്കുന്നവനോട് ഞാൻ ഉത്തരം പറയേണ്ടതിന് നീ ജ്ഞാനിയായി എന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുക. വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികളോ നേരെ ചെന്നു അനർത്ഥത്തിൽ അകപ്പെടുന്നു.
സദൃശവാക്യങ്ങൾ 27:8-12 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
കൂടുവിട്ടലയുന്ന പക്ഷിയും നാടു വിട്ടുഴലുന്ന മനുഷ്യനും ഒരുപോലെ. തൈലവും ധൂപവും ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; ഹൃദ്യാലോചനയുള്ള സ്നേഹിതന്റെ മാധുര്യവും അങ്ങനെ തന്നേ. നിന്റെ സ്നേഹിതനെയും അപ്പന്റെ സ്നേഹിതനെയും ഉപേക്ഷിക്കരുതു; തന്റെ കഷ്ടകാലത്തു സഹോദരന്റെ വീട്ടിൽ പോകയും അരുതു; ദൂരത്തെ സഹോദരനിലും സമീപത്തെ അയല്ക്കാരൻ നല്ലതു. മകനേ, എന്നെ നിന്ദിക്കുന്നവനോടു ഞാൻ ഉത്തരം പറയേണ്ടതിന്നു നീ ജ്ഞാനിയായി എന്റെ ഹൃദയത്തെ സന്തോഷിപ്പിക്ക. വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികളോ നേരെ ചെന്നു ചേതപ്പെടുന്നു.
സദൃശവാക്യങ്ങൾ 27:8-12 സമകാലിക മലയാളവിവർത്തനം (MCV)
വീടുവിട്ടലയുന്ന മനുഷ്യനും കൂടുവിട്ടുഴലുന്ന പക്ഷിയും ഒരുപോലെ. സുഹൃത്തിന്റെ ഹൃദ്യമായ ഉപദേശം സുഗന്ധതൈലവും ധൂപവർഗവുംപോലെ ഹൃദയത്തിനു പ്രസാദകരമാകുന്നു. നിങ്ങളുടെ സുഹൃത്തിനെയോ കുടുംബസുഹൃത്തിനെയോ ഉപേക്ഷിക്കരുത്, ദുരന്തങ്ങൾ നിങ്ങളെ വേട്ടയാടുമ്പോൾ ബന്ധുഭവനങ്ങളിൽ പോകുകയുമരുത്— അകലെയുള്ള ബന്ധുവിനെക്കാൾ ഭേദം സമീപത്തുള്ള അയൽക്കാരാണ്. എന്റെ കുഞ്ഞേ, നീ ജ്ഞാനിയായിരിക്കുക, അങ്ങനെ എന്റെ ഹൃദയത്തിന് ആനന്ദംനൽകുക; അപ്പോൾ എനിക്ക് എന്നെ നിന്ദിക്കുന്നവരോട് പ്രത്യുത്തരം പറയാൻകഴിയും. ഒരു വിവേകി ആപത്തിനെ മുൻകണ്ട് അഭയസ്ഥാനം തേടുന്നു, എന്നാൽ ലളിതമാനസർ മുമ്പോട്ടുതന്നെപോയി ദുരന്തം വരിക്കുന്നു.