സദൃശവാക്യങ്ങൾ 25:11-15
സദൃശവാക്യങ്ങൾ 25:11-15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
തക്കസമയത്തു പറഞ്ഞ വാക്ക് വെള്ളിത്താലത്തിൽ പൊൻനാരങ്ങാപോലെ. കേട്ടനുസരിക്കുന്ന കാതിനു ജ്ഞാനിയായൊരു ശാസകൻ പൊൻകടുക്കനും തങ്കംകൊണ്ടുള്ള ആഭരണവും ആകുന്നു. വിശ്വസ്തനായ ദൂതൻ തന്നെ അയയ്ക്കുന്നവർക്കു കൊയ്ത്തുകാലത്തു ഹിമത്തിന്റെ തണുപ്പുപോലെ; അവൻ യജമാനന്മാരുടെ ഉള്ളം തണുപ്പിക്കുന്നു. ദാനങ്ങളെച്ചൊല്ലി വെറുതെ പ്രശംസിക്കുന്നവൻ മഴയില്ലാത്ത മേഘവും കാറ്റും പോലെയാകുന്നു. ദീർഘക്ഷാന്തികൊണ്ടു ന്യായാധിപനു സമ്മതം വരുന്നു; മൃദുവായുള്ള നാവ് അസ്ഥിയെ നുറുക്കുന്നു.
സദൃശവാക്യങ്ങൾ 25:11-15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സന്ദർഭോചിതമായ വാക്ക് വെള്ളിത്താലത്തിലെ പൊൻനാരങ്ങാപോലെയാണ്. ജ്ഞാനിയുടെ ശാസന കേൾക്കുന്നതു സ്വർണവളയമോ, കനകാഭരണമോ പോലെയാണ്. വിശ്വസ്തനായ ദൂതൻ അയാളെ അയയ്ക്കുന്നവർക്ക് കൊയ്ത്തുകാലത്തെ മഞ്ഞിന്റെ തണുപ്പുപോലെയാകുന്നു. അവൻ അവർക്ക് ഉന്മേഷം പകരുന്നു. കൊടുക്കാത്ത ദാനത്തെ ചൊല്ലി പൊങ്ങച്ചം പറയുന്നവൻ മാരി പൊഴിക്കാത്ത മേഘവും കാറ്റും പോലെയാണ്. ക്ഷമകൊണ്ട് ഭരണാധികാരിയെ അനുനയിപ്പിക്കാം; മൃദുഭാഷണംകൊണ്ട് അസ്ഥിയെപ്പോലും വഴക്കാം.
സദൃശവാക്യങ്ങൾ 25:11-15 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
തക്കസമയത്ത് പറയുന്ന വാക്ക് വെള്ളിത്താലത്തിൽ പൊൻനാരങ്ങാ പോലെ. കേട്ടനുസരിക്കുന്ന കാതിന് ജ്ഞാനിയുടെ ശാസന പൊൻകടുക്കനും തങ്കംകൊണ്ടുള്ള ആഭരണവും ആകുന്നു. വിശ്വസ്തനായ ദൂതൻ തന്നെ അയക്കുന്നവർക്ക് കൊയ്ത്തുകാലത്ത് ഹിമത്തിന്റെ തണുപ്പുപോലെ; അവൻ യജമാനന്മാരുടെ ഉള്ളം തണുപ്പിക്കുന്നു. ദാനങ്ങളെച്ചൊല്ലി വെറുതെ പ്രശംസിക്കുന്നവൻ മഴയില്ലാത്ത മേഘവും കാറ്റുംപോലെയാകുന്നു. ദീർഘക്ഷമകൊണ്ട് ന്യായാധിപനെ സമ്മതിപ്പിക്കാം; മൃദുവായുള്ള നാവ് അസ്ഥിയെ നുറുക്കുന്നു.
സദൃശവാക്യങ്ങൾ 25:11-15 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
തക്കസമയത്തു പറഞ്ഞ വാക്കു വെള്ളിത്താലത്തിൽ പൊൻനാരങ്ങാ പോലെ. കേട്ടനുസരിക്കുന്ന കാതിന്നു ജ്ഞാനിയായോരു ശാസകൻ പൊൻകടുക്കനും തങ്കംകൊണ്ടുള്ള ആഭരണവും ആകുന്നു. വിശ്വസ്തനായ ദൂതൻ തന്നേ അയക്കുന്നവർക്കു കൊയ്ത്തു കാലത്തു ഹിമത്തിന്റെ തണുപ്പുപോലെ; അവൻ യജമാനന്മാരുടെ ഉള്ളം തണുപ്പിക്കുന്നു. ദാനങ്ങളെച്ചൊല്ലി വെറുതെ പ്രശംസിക്കുന്നവൻ മഴയില്ലാത്ത മേഘവും കാറ്റുംപോലെയാകുന്നു. ദീർഘക്ഷാന്തികൊണ്ടു ന്യായാധിപന്നു സമ്മതം വരുന്നു; മൃദുവായുള്ള നാവു അസ്ഥിയെ നുറുക്കുന്നു.
സദൃശവാക്യങ്ങൾ 25:11-15 സമകാലിക മലയാളവിവർത്തനം (MCV)
തക്കസമയത്തു നൽകുന്ന ഒരു വാക്ക് വെള്ളിത്താലത്തിലെ കനകമയമായ ആപ്പിൾപോലെയാണ്. ശ്രദ്ധിക്കുന്ന കാതിനു ജ്ഞാനിയുടെ ശാസന സ്വർണക്കമ്മലുകൾപോലെയും തങ്കത്തിൻ ആഭരണം പോലെയുമാണ്. വിശ്വസ്ത സന്ദേശവാഹകർ തങ്ങളെ നിയോഗിക്കുന്നവർക്ക് കൊയ്ത്തുകാലത്തെ മഞ്ഞിന്റെ കുളിർമപോലെയാണ്; അവർ തങ്ങളുടെ യജമാനന്റെ ഹൃദയം ഉന്മേഷഭരിതമാക്കുന്നു. താൻ നൽകാത്ത ദാനത്തെക്കുറിച്ച് വമ്പുപറയുന്നവർ മഴനൽകാത്ത മേഘവും കാറ്റുംപോലെയാണ്. ദീർഘക്ഷമയാൽ ഭരണാധികാരിയെപ്പോലും അനുനയിപ്പിക്കാൻ കഴിയും, മൃദുഭാഷണം അസ്ഥിയെപ്പോലും ഭേദിക്കും.