സദൃശവാക്യങ്ങൾ 21:15-31

സദൃശവാക്യങ്ങൾ 21:15-31 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ന്യായം പ്രവർത്തിക്കുന്നതു നീതിമാനു സന്തോഷവും ദുഷ്പ്രവൃത്തിക്കാർക്കു ഭയങ്കരവും ആകുന്നു. വിവേകമാർഗം വിട്ടു നടക്കുന്നവൻ മൃതന്മാരുടെ കൂട്ടത്തിൽ വിശ്രമിക്കും. ഉല്ലാസപ്രിയൻ ദരിദ്രനായിത്തീരും; വീഞ്ഞും തൈലവും പ്രിയപ്പെടുന്നവൻ ധനവാനാകയില്ല. ദുഷ്ടൻ നീതിമാനു മറുവിലയാകും; ദ്രോഹി നേരുള്ളവർക്കു പകരമായിത്തീരും. ശണ്ഠയും ദുശ്ശീലവുമുള്ള സ്ത്രീയോടുകൂടെ പാർക്കുന്നതിലും നിർജനപ്രദേശത്തു പോയി പാർക്കുന്നതു നല്ലത്. ജ്ഞാനിയുടെ പാർപ്പിടത്തിൽ വിലയേറിയ നിക്ഷേപവും തൈലവും ഉണ്ട്; മൂഢനോ അവയെ ദുർവ്യയം ചെയ്തുകളയുന്നു. നീതിയും ദയയും പിന്തുടരുന്നവൻ ജീവനും നീതിയും മാനവും കണ്ടെത്തും. ജ്ഞാനി വീരന്മാരുടെ പട്ടണത്തിൽ കയറുകയും അതിന്റെ ആശ്രയമായ കോട്ടയെ ഇടിച്ചുകളകയും ചെയ്യുന്നു. വായും നാവും സൂക്ഷിക്കുന്നവൻ തന്റെ പ്രാണനെ കഷ്ടങ്ങളിൽനിന്നു സൂക്ഷിക്കുന്നു. നിഗളവും ഗർവവും ഉള്ളവനു പരിഹാസി എന്നു പേർ; അവൻ ഗർവത്തിന്റെ അഹങ്കാരത്തോടെ പ്രവർത്തിക്കുന്നു. മടിയന്റെ കൊതി അവനു മരണഹേതു; വേലചെയ്‍വാൻ അവന്റെ കൈകൾ മടിക്കുന്നുവല്ലോ. ചിലർ നിത്യം അത്യാഗ്രഹത്തോടെ ഇരിക്കുന്നു; നീതിമാനോ ലോഭിക്കാതെ കൊടുത്തുകൊണ്ടിരിക്കുന്നു. ദുഷ്ടന്മാരുടെ ഹനനയാഗം വെറുപ്പാകുന്നു; അവൻ ദുരാന്തരത്തോടെ അത് അർപ്പിച്ചാൽ എത്ര അധികം! കള്ളസ്സാക്ഷി നശിച്ചുപോകും; ശ്രദ്ധിച്ചുകേൾക്കുന്നവനോ എപ്പോഴും സംസാരിക്കാം. ദുഷ്ടൻ മുഖധാർഷ്ട്യം കാണിക്കുന്നു; നേരുള്ളവനോ തന്റെ വഴി നന്നാക്കുന്നു. യഹോവയ്ക്കെതിരേ ജ്ഞാനവുമില്ല, ബുദ്ധിയുമില്ല, ആലോചനയുമില്ല. കുതിരയെ യുദ്ധദിവസത്തേക്കു ചമയിക്കുന്നു; ജയമോ യഹോവയുടെ കൈവശത്തിലിരിക്കുന്നു.

സദൃശവാക്യങ്ങൾ 21:15-31 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

നീതി പ്രവർത്തിക്കുന്നതു നീതിമാന്മാർക്ക് സന്തോഷവും ദുർജനത്തിനു പരിഭ്രാന്തിയും ഉളവാക്കുന്നു. വിവേകമാർഗം വെടിഞ്ഞ് അലയുന്നവൻ മൃതരുടെ ഇടയിൽ കഴിയും. സുഖലോലുപൻ ദരിദ്രനായിത്തീരും; വീഞ്ഞിലും സുഗന്ധതൈലത്തിലും ആസക്തിയുള്ളവൻ സമ്പന്നനാകുകയില്ല. ദുഷ്ടൻ നീതിമാന്റെയും അവിശ്വസ്തൻ സത്യസന്ധന്റെയും മോചനദ്രവ്യം. കലഹപ്രിയയും ശുണ്ഠിക്കാരിയുമായ സ്‍ത്രീയുമൊത്തു കഴിയുന്നതിൽ ഭേദം വിജനപ്രദേശത്തു പാർക്കുകയാണ്. ജ്ഞാനിയുടെ പാർപ്പിടത്തിൽ അമൂല്യ നിക്ഷേപമുണ്ട്; മൂഢനാകട്ടെ അതു ധൂർത്തടിച്ചുകളയുന്നു. നീതിയുടെയും വിശ്വസ്തതയുടെയും മാർഗം സ്വീകരിക്കുന്നവൻ ജീവനും ബഹുമതിയും നേടും. ജ്ഞാനി കരുത്തന്മാരുടെ നഗരം ഭേദിച്ച് അവർ സുരക്ഷിതമെന്നു കരുതിയിരുന്ന കോട്ട ഇടിച്ചു നിരത്തും. തന്റെ വാക്കുകൾ നിയന്ത്രിക്കുന്നവൻ അനർഥങ്ങളിൽനിന്നു സ്വയം രക്ഷിക്കുന്നു. അഹങ്കാരവും ധിക്കാരവും ഉള്ളവന്റെ പേര് പരിഹാസി എന്നാണ്. അവൻ ആരെയും കൂസാതെ അഹങ്കാരത്തോടെ വർത്തിക്കുന്നു. മടിയന്റെ ആഗ്രഹങ്ങൾ അവനെ കൊല്ലുന്നു. അവൻ അധ്വാനിക്കാൻ വിസമ്മതിക്കുന്നുവല്ലോ. ദുഷ്ടൻ എന്നും ദുരാഗ്രഹത്തോടെ കഴിയുന്നു, നീതിനിഷ്ഠനാകട്ടെ, നിർലോഭം കൊടുക്കുന്നു. ദുഷ്ടന്മാരുടെ യാഗം സർവേശ്വരനു വെറുപ്പാണ്; അതു ദുരുദ്ദേശ്യത്തോടെ അർപ്പിക്കുമ്പോൾ വെറുപ്പ് എത്ര അധികമായിരിക്കും. കള്ളസ്സാക്ഷി നശിച്ചുപോകും; എന്നാൽ പ്രബോധനം ശ്രദ്ധയോടെ അനുസരിക്കുന്നവന്റെ വാക്കുകൾ നിലനില്‌ക്കും. ദുഷ്ടൻ ധീരഭാവം കാട്ടുന്നു; നേരുള്ളവൻ തന്റെ വഴി ഭദ്രമാക്കുന്നു. ജ്ഞാനമോ, ബുദ്ധിയോ, ആലോചനയോ സർവേശ്വരനെതിരെ വിലപ്പോവുകയില്ല. യുദ്ധത്തിനു കുതിരയെ സജ്ജമാക്കുന്നു; എന്നാൽ വിജയം സർവേശ്വരൻറേതത്രേ.

സദൃശവാക്യങ്ങൾ 21:15-31 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ന്യായം പ്രവർത്തിക്കുന്നത് നീതിമാന് സന്തോഷവും ദുഷ്പ്രവൃത്തിക്കാർക്ക് ഭയങ്കരവും ആകുന്നു. വിവേകമാർഗ്ഗം വിട്ടുനടക്കുന്നവൻ മൃതന്മാരുടെ കൂട്ടത്തിൽ വിശ്രമിക്കും. ഉല്ലാസപ്രിയൻ ദരിദ്രനായിത്തീരും; വീഞ്ഞും തൈലവും പ്രിയപ്പെടുന്നവൻ ധനവാനാകുകയില്ല. ദുഷ്ടൻ നീതിമാന് മറുവിലയാകും; അവിശ്വസ്തൻ നേരുള്ളവർക്ക് പകരമായിത്തീരും. ശണ്ഠയും ദുശ്ശീലവുമുള്ള സ്ത്രീയോടുകൂടി പാർക്കുന്നതിലും നിർജ്ജനപ്രദേശത്ത് പോയി പാർക്കുന്നത് നല്ലത്. ജ്ഞാനിയുടെ പാർപ്പിടത്തിൽ വിലയേറിയ നിക്ഷേപവും തൈലവും ഉണ്ട്; മൂഢൻ അവയെ ദുരുപയോഗം ചെയ്തുകളയുന്നു. നീതിയും ദയയും പിന്തുടരുന്നവൻ ജീവനും നീതിയും മാനവും കണ്ടെത്തും. ജ്ഞാനി വീരന്മാരുടെ പട്ടണത്തിൽ കയറുകയും അതിന്‍റെ ആശ്രയമായ കോട്ട ഇടിച്ചുകളയുകയും ചെയ്യുന്നു. വായും നാവും സൂക്ഷിക്കുന്നവൻ തന്‍റെ പ്രാണനെ കഷ്ടങ്ങളിൽനിന്ന് സൂക്ഷിക്കുന്നു. നിഗളവും ഗർവ്വവും ഉള്ളവന് പരിഹാസി എന്നു പേരാകുന്നു; അവൻ ഗർവ്വത്തിന്‍റെ അഹങ്കാരത്തോടെ പ്രവർത്തിക്കുന്നു. മടിയന്‍റെ കൊതി അവന് മരണകാരണം; വേലചെയ്യുവാൻ അവന്‍റെ കൈകൾ മടിക്കുന്നുവല്ലോ. ചിലർ നിത്യവും അത്യാഗ്രഹത്തോടെ ഇരിക്കുന്നു; എന്നാൽ നീതിമാൻ ലോഭിക്കാതെ കൊടുത്തുകൊണ്ടിരിക്കുന്നു. ദുഷ്ടന്മാരുടെ യാഗം വെറുപ്പാകുന്നു; അവൻ ദുഷ്ടതാത്പര്യത്തോടെ അത് അർപ്പിച്ചാൽ എത്ര അധികം! കള്ളസ്സാക്ഷി നശിച്ചുപോകും; ശ്രദ്ധിച്ചുകേൾക്കുന്നവന് എപ്പോഴും സംസാരിക്കാം. ദുഷ്ടൻ മുഖധാർഷ്ട്യം കാണിക്കുന്നു; നേരുള്ളവൻ തന്‍റെ വഴി നന്നാക്കുന്നു. യഹോവയ്ക്കെതിരെ ജ്ഞാനവുമില്ല, ബുദ്ധിയുമില്ല, ആലോചനയുമില്ല. കുതിരയെ യുദ്ധദിവസത്തേക്ക് ചമയിക്കുന്നു; ജയം യഹോവയിൽനിന്ന് വരുന്നു.

സദൃശവാക്യങ്ങൾ 21:15-31 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ന്യായം പ്രവർത്തിക്കുന്നതു നീതിമാന്നു സന്തോഷവും ദുഷ്പ്രവൃത്തിക്കാർക്കു ഭയങ്കരവും ആകുന്നു. വിവേകമാർഗ്ഗം വിട്ടുനടക്കുന്നവൻ മൃതന്മാരുടെ കൂട്ടത്തിൽ വിശ്രമിക്കും. ഉല്ലാസപ്രിയൻ ദരിദ്രനായ്തീരും; വീഞ്ഞും തൈലവും പ്രിയപ്പെടുന്നവൻ ധനവാനാകയില്ല. ദുഷ്ടൻ നീതിമാന്നു മറുവിലയാകും; ദ്രോഹി നേരുള്ളവർക്കു പകരമായ്തീരും. ശണ്ഠയും ദുശ്ശീലവുമുള്ള സ്ത്രീയോടുകൂടെ പാർക്കുന്നതിലും നിർജ്ജനപ്രദേശത്തു പോയി പാർക്കുന്നതു നല്ലതു. ജ്ഞാനിയുടെ പാർപ്പിടത്തിൽ വിലയേറിയ നിക്ഷേപവും തൈലവും ഉണ്ടു; മൂഢനോ അവയെ ദുർവ്യയം ചെയ്തുകളയുന്നു. നീതിയും ദയയും പിന്തുടരുന്നവൻ ജീവനും നീതിയും മാനവും കണ്ടെത്തും. ജ്ഞാനി വീരന്മാരുടെ പട്ടണത്തിൽ കയറുകയും അതിന്റെ ആശ്രയമായ കോട്ടയെ ഇടിച്ചുകളകയും ചെയ്യുന്നു. വായും നാവും സൂക്ഷിക്കുന്നവൻ തന്റെ പ്രാണനെ കഷ്ടങ്ങളിൽനിന്നു സൂക്ഷിക്കുന്നു. നിഗളവും ഗർവ്വവും ഉള്ളവന്നു പരിഹാസി എന്നു പേർ; അവൻ ഗർവ്വത്തിന്റെ അഹങ്കാരത്തോടെ പ്രവർത്തിക്കുന്നു. മടിയന്റെ കൊതി അവന്നു മരണഹേതു; വേലചെയ്‌വാൻ അവന്റെ കൈകൾ മടിക്കുന്നുവല്ലോ. ചിലർ നിത്യം അത്യാഗ്രഹത്തോടെ ഇരിക്കുന്നു; നീതിമാനോ ലോഭിക്കാതെ കൊടുത്തുകൊണ്ടിരിക്കുന്നു. ദുഷ്ടന്മാരുടെ ഹനനയാഗം വെറുപ്പാകുന്നു; അവൻ ദുരാന്തരത്തോടെ അതു അർപ്പിച്ചാൽ എത്ര അധികം! കള്ളസ്സാക്ഷി നശിച്ചുപോകും; ശ്രദ്ധിച്ചുകേൾക്കുന്നവന്നോ എപ്പോഴും സംസാരിക്കാം. ദുഷ്ടൻ മുഖധാർഷ്ട്യം കാണിക്കുന്നു; നേരുള്ളവനോ തന്റെ വഴി നന്നാക്കുന്നു. യഹോവെക്കെതിരെ ജ്ഞാനവുമില്ല, ബുദ്ധിയുമില്ല, ആലോചനയുമില്ല. കുതിരയെ യുദ്ധദിവസത്തേക്കു ചമയിക്കുന്നു; ജയമോ യഹോവയുടെ കൈവശത്തിലിരിക്കുന്നു.

സദൃശവാക്യങ്ങൾ 21:15-31 സമകാലിക മലയാളവിവർത്തനം (MCV)

നീതി നടപ്പിലാക്കുന്നത് നീതിനിഷ്ഠർക്ക് ആനന്ദംനൽകുന്നു, എന്നാൽ നീചർക്ക് അതു നടുക്കവും. വിവേകപാതയിൽനിന്ന് വ്യതിചലിക്കുന്ന മനുഷ്യർ മരിച്ചവരുടെ കൂട്ടത്തിൽ വിശ്രമത്തിനായി വന്നുചേരുന്നു. സുഖലോലുപത ഇഷ്ടപ്പെടുന്നവർ ദരിദ്രരായിത്തീരും; വീഞ്ഞും സുഗന്ധതൈലവും ഇഷ്ടപ്പെടുന്നവർ ഒരിക്കലും സമ്പന്നരാകുകയില്ല. ദുഷ്ടർ നീതിനിഷ്ഠർക്കു മോചനദ്രവ്യമായിത്തീരും; വഞ്ചകർ പരമാർഥിക്കും. കലഹക്കാരിയും മുൻകോപിയുമായ ഭാര്യയോടൊപ്പം ജീവിക്കുന്നതിനെക്കാൾ, മരുഭൂമിയിൽ കഴിയുന്നതാണ് ഉത്തമം. ജ്ഞാനിയുടെ ഭവനത്തിൽ വിലയേറിയ നിക്ഷേപവും തൈലവും ഉണ്ട്, എന്നാൽ ഭോഷർ തങ്ങൾക്കുള്ളതെല്ലാം വിഴുങ്ങിക്കളയുന്നു. നീതിയും സ്നേഹവും പിൻതുടരുന്നവർ ജീവനും നീതിയും ബഹുമാനവും കണ്ടെത്തും. ജ്ഞാനിക്ക് ശക്തന്മാരുടെ പട്ടണം ആക്രമിക്കാൻ കഴിയും; അവരുടെ ആശ്രയമായിരുന്ന കോട്ട ഇടിച്ചുനിരത്താനും. സ്വന്തം നാവും സ്വന്തം വായും സൂക്ഷിക്കുന്നവർ ദുരന്തങ്ങളിൽനിന്നു തന്നെത്താൻ അകന്നുനിൽക്കുന്നു. അഹങ്കാരിയും ധിക്കാരിയുമായ മനുഷ്യൻ—അയാൾക്കു “പരിഹാസി” എന്നു പേര്— മഹാഗർവത്തോടെ പെരുമാറുന്നു. അലസരുടെ അഭിലാഷം അവരെ മരണത്തിന് ഏൽപ്പിക്കുന്നു, കാരണം അവരുടെ കൈകൾ അധ്വാനം നിരസിക്കുന്നു. ദിവസംമുഴുവനും അയാൾ അത്യാർത്തിയോടെ കഴിയുന്നു. എന്നാൽ നീതിനിഷ്ഠരോ, ഒന്നും പിടിച്ചുവെക്കാതെ ദാനംചെയ്യുന്നു. ദുഷ്ടരുടെ യാഗാർപ്പണം നിന്ദ്യമാണ്— ദുഷ്ടലാക്കോടെയാണ് കൊണ്ടുവരുന്നതെങ്കിൽ എത്രയധികം! കള്ളസാക്ഷി നശിച്ചുപോകും, എന്നാൽ ശ്രദ്ധയോടെ കേൾക്കുന്നവരുടെ വാക്കുകൾ നിരന്തരം ശ്രദ്ധിക്കപ്പെടും. ദുഷ്ടർ തങ്ങളുടെ മുഖത്ത് ധൈര്യം പ്രകടമാക്കുന്നു, എന്നാൽ നീതിനിഷ്ഠർ തങ്ങളുടെ വഴികൾ ആലോചിച്ചുറപ്പിക്കുന്നു. യഹോവയ്ക്കെതിരേ നിൽക്കാൻ കഴിയുന്ന യാതൊരുവിധ ജ്ഞാനമോ ഉൾക്കാഴ്ചയോ പദ്ധതികളോ ഇല്ല. യുദ്ധദിവസത്തിനായി കുതിരയെ സജ്ജമാക്കി നിർത്തുന്നു, എന്നാൽ വിജയത്തിന്റെ അടിസ്ഥാനം യഹോവയാകുന്നു.