സദൃശവാക്യങ്ങൾ 2:6-15
സദൃശവാക്യങ്ങൾ 2:6-15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവയല്ലോ ജ്ഞാനം നല്കുന്നത്; അവന്റെ വായിൽനിന്ന് പരിജ്ഞാനവും വിവേകവും വരുന്നു. അവൻ നേരുള്ളവർക്ക് രക്ഷ സംഗ്രഹിച്ചു വയ്ക്കുന്നു: നിഷ്കളങ്കമായി നടക്കുന്നവർക്ക് അവൻ ഒരു പരിച തന്നെ. അവൻ ന്യായത്തിന്റെ പാതകളെ കാക്കുന്നു; തന്റെ വിശുദ്ധന്മാരുടെ വഴിയെ സൂക്ഷിക്കുന്നു. അങ്ങനെ നീ നീതിയും ന്യായവും നേരും സകല സന്മാർഗവും ഗ്രഹിക്കും. ജ്ഞാനം നിന്റെ ഹൃദയത്തിൽ പ്രവേശിക്കും; പരിജ്ഞാനം നിന്റെ മനസ്സിന് ഇമ്പമായിരിക്കും. വകതിരിവ് നിന്നെ കാക്കും; വിവേകം നിന്നെ സൂക്ഷിക്കും. അത് നിന്നെ ദുഷ്ടന്റെ വഴിയിൽനിന്നും വികടം പറയുന്നവരുടെ കൂട്ടത്തിൽനിന്നും വിടുവിക്കും. അവർ ഇരുട്ടുള്ള വഴികളിൽ നടക്കേണ്ടതിന് നേരേയുള്ള പാത വിട്ടുകളകയും ദോഷപ്രവൃത്തിയിൽ സന്തോഷിക്കയും ദുഷ്ടന്റെ വികടങ്ങളിൽ ആനന്ദിക്കയും ചെയ്യുന്നു. അവർ വളഞ്ഞവഴിക്കു പോകുന്നവരും ചൊവ്വല്ലാത്ത പാതയിൽ നടക്കുന്നവരും ആകുന്നു.
സദൃശവാക്യങ്ങൾ 2:6-15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരനാണല്ലോ ജ്ഞാനം നല്കുന്നത്. ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ഉറവിടം അവിടുന്നാണല്ലോ. നീതിനിഷ്ഠർക്കുവേണ്ടി ഉദാത്തമായ ജ്ഞാനം അവിടുന്നു സംഭരിച്ചുവയ്ക്കുന്നു. നേരായ മാർഗത്തിൽ ചരിക്കുന്നവർക്ക് അവിടുന്നു പരിചയാണ്. അവിടുന്നു ന്യായത്തോടു വർത്തിക്കുന്നു; വിശുദ്ധന്മാരുടെ വഴികൾ അവിടുന്നു കാത്തുസൂക്ഷിക്കുന്നു. അങ്ങനെ നീതിയും ന്യായവും സത്യസന്ധതയും സന്മാർഗവും നീ അറിയും. നീ ജ്ഞാനം ഉൾക്കൊള്ളും; വിവേകം നിന്നെ സന്തോഷിപ്പിക്കും. വകതിരിവു നിന്നെ കാക്കും; വിവേകം നിന്നെ സംരക്ഷിക്കും. അതു ദുർമാർഗത്തിൽനിന്നും ദുർഭാഷണം നടത്തുന്നവരിൽനിന്നും നിന്നെ വിടുവിക്കും. ഇരുളിന്റെ മാർഗത്തിൽ ചരിക്കാൻ അവർ നേരായ മാർഗം ഉപേക്ഷിക്കുന്നു. തിന്മ പ്രവർത്തിക്കുന്നതിൽ അവർ ആനന്ദംകൊള്ളുന്നു. അതിന്റെ വൈകൃതത്തിൽ സന്തോഷിക്കുന്നു. അവരുടെ വഴികൾ കുടിലമാണ്, അവർ നേർവഴി വിട്ടു നടക്കുന്നവരാണ്.
സദൃശവാക്യങ്ങൾ 2:6-15 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യഹോവയല്ലയോ ജ്ഞാനം നല്കുന്നത്; അവന്റെ വായിൽനിന്ന് പരിജ്ഞാനവും വിവേകവും വരുന്നു. അവൻ നേരുള്ളവർക്ക് രക്ഷ സംഗ്രഹിച്ചു വയ്ക്കുന്നു: നിഷ്കളങ്കമായി നടക്കുന്നവർക്ക് അവൻ ഒരു പരിച തന്നെ. അവൻ ന്യായത്തിന്റെ പാതകളെ കാക്കുന്നു; തന്റെ വിശുദ്ധന്മാരുടെ വഴിയെ സൂക്ഷിക്കുന്നു. അങ്ങനെ നീ നീതിയും ന്യായവും സത്യവും സകലസന്മാർഗ്ഗവും ഗ്രഹിക്കും. ജ്ഞാനം നിന്റെ ഹൃദയത്തിൽ പ്രവേശിക്കും; പരിജ്ഞാനം നിന്റെ മനസ്സിന് ഇമ്പമായിരിക്കും. വകതിരിവ് നിന്നെ കാക്കും; വിവേകം നിന്നെ സൂക്ഷിക്കും. അത് നിന്നെ ദുഷ്ടന്റെ വഴിയിൽനിന്നും വക്രത പറയുന്നവരുടെ കൂട്ടത്തിൽനിന്നും വിടുവിക്കും. അവർ ഇരുട്ടുള്ള വഴികളിൽ നടക്കേണ്ടതിന് നേരെയുള്ള പാത വിട്ടുകളയുകയും ദോഷപ്രവൃത്തിയിൽ സന്തോഷിക്കുകയും ദുഷ്ടന്റെ വക്രതയിൽ ആനന്ദിക്കുകയും ചെയ്യുന്നു. അവർ വളഞ്ഞവഴിക്ക് പോകുന്നവരും നേരെയല്ലാത്ത പാതയിൽ നടക്കുന്നവരും ആകുന്നു.
സദൃശവാക്യങ്ങൾ 2:6-15 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവയല്ലോ ജ്ഞാനം നല്കുന്നതു; അവന്റെ വായിൽനിന്നു പരിജ്ഞാനവും വിവേകവും വരുന്നു. അവൻ നേരുള്ളവർക്കു രക്ഷ സംഗ്രഹിച്ചുവെക്കുന്നു: നഷ്കളങ്കമായി നടക്കുന്നവർക്കു അവൻ ഒരു പരിച തന്നേ. അവൻ ന്യായത്തിന്റെ പാതകളെ കാക്കുന്നു; തന്റെ വിശുദ്ധന്മാരുടെ വഴിയെ സൂക്ഷിക്കുന്നു. അങ്ങനെ നീ നീതിയും ന്യായവും നേരും സകലസന്മാർഗ്ഗവും ഗ്രഹിക്കും. ജ്ഞാനം നിന്റെ ഹൃദയത്തിൽ പ്രവേശിക്കും; പരിജ്ഞാനം നിന്റെ മനസ്സിന്നു ഇമ്പമായിരിക്കും. വകതിരിവു നിന്നെ കാക്കും; വിവേകം നിന്നെ സൂക്ഷിക്കും. അതു നിന്നെ ദുഷ്ടന്റെ വഴിയിൽനിന്നും വികടം പറയുന്നവരുടെ കൂട്ടത്തിൽനിന്നും വിടുവിക്കും. അവർ ഇരുട്ടുള്ള വഴികളിൽ നടക്കേണ്ടതിന്നു നേരെയുള്ള പാത വിട്ടുകളകയും ദോഷപ്രവൃത്തിയിൽ സന്തോഷിക്കയും ദുഷ്ടന്റെ വികടങ്ങളിൽ ആനന്ദിക്കയും ചെയ്യുന്നു. അവർ വളഞ്ഞവഴിക്കു പോകുന്നവരും ചൊവ്വല്ലാത്ത പാതയിൽ നടക്കുന്നവരും ആകുന്നു.
സദൃശവാക്യങ്ങൾ 2:6-15 സമകാലിക മലയാളവിവർത്തനം (MCV)
കാരണം ജ്ഞാനം പ്രദാനംചെയ്യുന്നത് യഹോവയാണ്; പരിജ്ഞാനവും വിവേകവും ഉത്ഭവിക്കുന്നത് തിരുവായിൽനിന്നാണ്. പരമാർഥികൾക്ക് അവിടന്ന് വിജയം സംഗ്രഹിച്ചുവെക്കുന്നു, നിഷ്കളങ്കരായി ജീവിക്കുന്നവർക്ക് അവിടന്ന് ഒരു സംരക്ഷണവലയമാണ്, നീതിനിഷ്ഠരുടെ കാലഗതി അവിടന്നു കാത്തുസൂക്ഷിക്കുകയും തന്റെ വിശ്വസ്തരെ സംരക്ഷിക്കുകയും ചെയ്യുന്നു. അങ്ങനെ നീ, നീതിയുക്തവും ന്യായമായതും ഔചിത്യമായതുമായ സകലമാർഗവും ഗ്രഹിക്കും. കാരണം നിന്റെ ഹൃദയത്തിൽ ജ്ഞാനം ഉദയംചെയ്യും പരിജ്ഞാനം നിന്റെ ആത്മാവിന് ഇമ്പമായിരിക്കും. വിവേചനശക്തി നിന്നെ സംരക്ഷിക്കും, വിവേകം നിന്നെ കാത്തുപരിപാലിക്കും. ജ്ഞാനം നിന്നെ ദുഷ്ടമനുഷ്യരുടെ വഴികളിൽനിന്നും വഴിപിഴച്ചവരുടെ ഉപദേശത്തിൽനിന്നും രക്ഷിക്കും, ഇരുളടഞ്ഞ വഴികളിൽ സഞ്ചരിക്കേണ്ടതിന് അവർ സത്യത്തിന്റെ മാർഗം വിട്ടുകളയുന്നു, അവർ തിന്മയുടെ വൈകൃതങ്ങളിൽ ആമോദിക്കുകയും ദുഷ്ടതയിൽ ആനന്ദിക്കുകയും ചെയ്യുന്നു, അവരുടെ മാർഗം കുടിലതനിറഞ്ഞതാണ് അവരുടെ ആസൂത്രണങ്ങൾ വക്രതനിറഞ്ഞതുമാണ്.