സദൃശവാക്യങ്ങൾ 2:6-11

സദൃശവാക്യങ്ങൾ 2:6-11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവേശ്വരനാണല്ലോ ജ്ഞാനം നല്‌കുന്നത്. ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ഉറവിടം അവിടുന്നാണല്ലോ. നീതിനിഷ്ഠർക്കുവേണ്ടി ഉദാത്തമായ ജ്ഞാനം അവിടുന്നു സംഭരിച്ചുവയ്‍ക്കുന്നു. നേരായ മാർഗത്തിൽ ചരിക്കുന്നവർക്ക് അവിടുന്നു പരിചയാണ്. അവിടുന്നു ന്യായത്തോടു വർത്തിക്കുന്നു; വിശുദ്ധന്മാരുടെ വഴികൾ അവിടുന്നു കാത്തുസൂക്ഷിക്കുന്നു. അങ്ങനെ നീതിയും ന്യായവും സത്യസന്ധതയും സന്മാർഗവും നീ അറിയും. നീ ജ്ഞാനം ഉൾക്കൊള്ളും; വിവേകം നിന്നെ സന്തോഷിപ്പിക്കും. വകതിരിവു നിന്നെ കാക്കും; വിവേകം നിന്നെ സംരക്ഷിക്കും.

സദൃശവാക്യങ്ങൾ 2:6-11 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യഹോവയല്ലോ ജ്ഞാനം നല്കുന്നതു; അവന്റെ വായിൽനിന്നു പരിജ്ഞാനവും വിവേകവും വരുന്നു. അവൻ നേരുള്ളവർക്കു രക്ഷ സംഗ്രഹിച്ചുവെക്കുന്നു: നഷ്കളങ്കമായി നടക്കുന്നവർക്കു അവൻ ഒരു പരിച തന്നേ. അവൻ ന്യായത്തിന്റെ പാതകളെ കാക്കുന്നു; തന്റെ വിശുദ്ധന്മാരുടെ വഴിയെ സൂക്ഷിക്കുന്നു. അങ്ങനെ നീ നീതിയും ന്യായവും നേരും സകലസന്മാർഗ്ഗവും ഗ്രഹിക്കും. ജ്ഞാനം നിന്റെ ഹൃദയത്തിൽ പ്രവേശിക്കും; പരിജ്ഞാനം നിന്റെ മനസ്സിന്നു ഇമ്പമായിരിക്കും. വകതിരിവു നിന്നെ കാക്കും; വിവേകം നിന്നെ സൂക്ഷിക്കും.

സദൃശവാക്യങ്ങൾ 2:6-11 സമകാലിക മലയാളവിവർത്തനം (MCV)

കാരണം ജ്ഞാനം പ്രദാനംചെയ്യുന്നത് യഹോവയാണ്; പരിജ്ഞാനവും വിവേകവും ഉത്ഭവിക്കുന്നത് തിരുവായിൽനിന്നാണ്. പരമാർഥികൾക്ക് അവിടന്ന് വിജയം സംഗ്രഹിച്ചുവെക്കുന്നു, നിഷ്കളങ്കരായി ജീവിക്കുന്നവർക്ക് അവിടന്ന് ഒരു സംരക്ഷണവലയമാണ്, നീതിനിഷ്ഠരുടെ കാലഗതി അവിടന്നു കാത്തുസൂക്ഷിക്കുകയും തന്റെ വിശ്വസ്തരെ സംരക്ഷിക്കുകയും ചെയ്യുന്നു. അങ്ങനെ നീ, നീതിയുക്തവും ന്യായമായതും ഔചിത്യമായതുമായ സകലമാർഗവും ഗ്രഹിക്കും. കാരണം നിന്റെ ഹൃദയത്തിൽ ജ്ഞാനം ഉദയംചെയ്യും പരിജ്ഞാനം നിന്റെ ആത്മാവിന് ഇമ്പമായിരിക്കും. വിവേചനശക്തി നിന്നെ സംരക്ഷിക്കും, വിവേകം നിന്നെ കാത്തുപരിപാലിക്കും.