സദൃശവാക്യങ്ങൾ 16:1-33

സദൃശവാക്യങ്ങൾ 16:1-33 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഹൃദയത്തിലെ നിരൂപണങ്ങൾ മനുഷ്യനുള്ളവ; നാവിന്റെ ഉത്തരമോ യഹോവയാൽ വരുന്നു. മനുഷ്യനു തന്റെ വഴികളൊക്കെയും വെടിപ്പായി തോന്നുന്നു; യഹോവയോ ആത്മാക്കളെ തൂക്കിനോക്കുന്നു. നിന്റെ പ്രവൃത്തികളെ യഹോവയ്ക്കു സമർപ്പിക്ക; എന്നാൽ നിന്റെ ഉദ്ദേശ്യങ്ങൾ സാധിക്കും. യഹോവ സകലത്തെയും തന്റെ ഉദ്ദേശ്യത്തിന്നായി ഉണ്ടാക്കിയിരിക്കുന്നു; അനർഥദിവസത്തിനായി ദുഷ്ടനെയും കൂടെ. ഗർവമുള്ള ഏവനും യഹോവയ്ക്കു വെറുപ്പ്; അവനു ശിക്ഷ വരാതിരിക്കയില്ല എന്നതിനു ഞാൻ കൈയടിക്കുന്നു. ദയയും വിശ്വസ്തതയുംകൊണ്ട് അകൃത്യം പരിഹരിക്കപ്പെടുന്നു; യഹോവാഭക്തികൊണ്ട് മനുഷ്യർ ദോഷത്തെ വിട്ടകലുന്നു. ഒരുത്തന്റെ വഴികൾ യഹോവയ്ക്ക് ഇഷ്ടമായിരിക്കുമ്പോൾ അവൻ അവന്റെ ശത്രുക്കളെയും അവനോട് ഇണക്കുന്നു. ന്യായരഹിതമായ വലിയ വരവിനെക്കാൾ നീതിയോടെയുള്ള അല്പം നല്ലത്. മനുഷ്യന്റെ ഹൃദയം തന്റെ വഴിയെ നിരൂപിക്കുന്നു; അവന്റെ കാലടികളെയോ യഹോവ ക്രമപ്പെടുത്തുന്നു. രാജാവിന്റെ അധരങ്ങളിൽ അരുളപ്പാടുണ്ട്; ന്യായവിധിയിൽ അവന്റെ വായ് പിഴയ്ക്കുന്നതുമില്ല. ഒത്ത വെള്ളിക്കോലും ത്രാസും യഹോവയ്ക്കുള്ളവ; സഞ്ചിയിലെ പടിയൊക്കെയും അവന്റെ പ്രവൃത്തിയാകുന്നു. ദുഷ്ടത പ്രവർത്തിക്കുന്നതു രാജാക്കന്മാർക്കു വെറുപ്പ്; നീതികൊണ്ടല്ലോ സിംഹാസനം സ്ഥിരപ്പെടുന്നത്. നീതിയുള്ള അധരങ്ങൾ രാജാക്കന്മാർക്കു പ്രസാദം; നേർ പറയുന്നവനെ അവർ സ്നേഹിക്കുന്നു. രാജാവിന്റെ ക്രോധം മരണദൂതനു തുല്യം; ജ്ഞാനമുള്ള മനുഷ്യനോ അതിനെ ശമിപ്പിക്കും. രാജാവിന്റെ മുഖപ്രകാശത്തിൽ ജീവൻ ഉണ്ട്; അവന്റെ പ്രസാദം പിന്മഴയ്ക്കുള്ള മേഘംപോലെയാകുന്നു. തങ്കത്തെക്കാൾ ജ്ഞാനത്തെ സമ്പാദിക്കുന്നത് എത്ര നല്ലത്! വെള്ളിയെക്കാൾ വിവേകം സമ്പാദിക്കുന്നത് എത്ര ഉത്തമം! ദോഷം അകറ്റിനടക്കുന്നതു നേരുള്ളവരുടെ പെരുവഴി; തന്റെ വഴി സൂക്ഷിക്കുന്നവൻ തന്റെ പ്രാണനെ കാത്തുകൊള്ളുന്നു. നാശത്തിനു മുമ്പേ ഗർവം; വീഴ്ചയ്ക്കു മുമ്പേ ഉന്നതഭാവം. ഗർവികളോടുകൂടെ കവർച്ച പങ്കിടുന്നതിനെക്കാൾ താഴ്മയുള്ളവരോടുകൂടെ താഴ്മയുള്ളവനായിരിക്കുന്നതു നല്ലത്. തിരുവചനം പ്രമാണിക്കുന്നവൻ നന്മ കണ്ടെത്തും; യഹോവയിൽ ആശ്രയിക്കുന്നവൻ ഭാഗ്യവാൻ. ജ്ഞാനഹൃദയൻ വിവേകി എന്നു വിളിക്കപ്പെടും; അധരമാധുര്യം വിദ്യയെ വർധിപ്പിക്കുന്നു. വിവേകം വിവേകിക്കു ജീവന്റെ ഉറവാകുന്നു; ഭോഷന്മാരുടെ പ്രബോധനമോ ഭോഷത്തം തന്നെ. ജ്ഞാനിയുടെ ഹൃദയം അവന്റെ വായ് പഠിപ്പിക്കുന്നു; അവന്റെ അധരങ്ങൾക്കു വിദ്യ വർധിപ്പിക്കുന്നു. ഇമ്പമുള്ള വാക്ക് തേൻകട്ടയാകുന്നു; മനസ്സിനു മധുരവും അസ്ഥികൾക്കു ഔഷധവും തന്നെ; ചിലപ്പോൾ ഒരു വഴി മനുഷ്യനു ചൊവ്വായി തോന്നുന്നു. അതിന്റെ അവസാനമോ മരണവഴികൾ അത്രേ. പണിക്കാരന്റെ വിശപ്പ് അവനെക്കൊണ്ടു പണി ചെയ്യിക്കുന്നു; അവന്റെ വായ് അവനെ അതിനായി നിർബന്ധിക്കുന്നു. നിസ്സാരമനുഷ്യൻ പാതകം എന്ന കുഴി കുഴിക്കുന്നു; അവന്റെ അധരങ്ങളിൽ കത്തുന്ന തീ ഉണ്ട്. വക്രതയുള്ള മനുഷ്യൻ വഴക്ക് ഉണ്ടാക്കുന്നു; ഏഷണിക്കാരൻ മിത്രങ്ങളെ ഭേദിപ്പിക്കുന്നു. സാഹസക്കാരൻ കൂട്ടുകാരനെ വശീകരിക്കയും കൊള്ളരുതാത്ത വഴിയിൽ നടത്തുകയും ചെയ്യുന്നു. കണ്ണ് അടയ്ക്കുന്നവൻ വക്രത നിരൂപിക്കുന്നു; വപ്പു കടിക്കുന്നവൻ ദോഷം നിവർത്തിക്കുന്നു. നരച്ച തല ശോഭയുള്ള കിരീടമാകുന്നു; നീതിയുടെ മാർഗത്തിൽ അതിനെ പ്രാപിക്കാം. ദീർഘക്ഷമയുള്ളവൻ യുദ്ധവീരനിലും ജിതമാനസൻ പട്ടണം പിടിക്കുന്നവനിലും ശ്രേഷ്ഠൻ. ചീട്ടു മടിയിൽ ഇടുന്നു; അതിന്റെ വിധാനമോ യഹോവയാലത്രെ.

സദൃശവാക്യങ്ങൾ 16:1-33 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

മനുഷ്യൻ പദ്ധതികൾ നിരൂപിക്കുന്നു, അന്തിമതീരുമാനം സർവേശ്വരൻറേതത്രേ. തന്റെ മാർഗങ്ങൾ ശരിയാണെന്ന് ഒരുവനു തോന്നുന്നു, സർവേശ്വരനോ ഹൃദയവിചാരങ്ങൾ പരിശോധിക്കുന്നു. നിന്റെ പ്രവൃത്തികൾ സർവേശ്വരനിൽ സമർപ്പിക്കുക, എന്നാൽ നിന്റെ ആഗ്രഹങ്ങൾ സഫലമാകും. ഓരോന്നിനെയും പ്രത്യേക ലക്ഷ്യത്തോടെ സർവേശ്വരൻ സൃഷ്‍ടിച്ചിരിക്കുന്നു, അനർഥദിവസത്തിനുവേണ്ടി ദുഷ്ടനെയും. അഹങ്കാരികളെ സർവേശ്വരൻ വെറുക്കുന്നു, അവർക്ക് തീർച്ചയായും ശിക്ഷ ലഭിക്കും. വിശ്വസ്തതയും കൂറും ആണ് അകൃത്യത്തിനു പരിഹാരം. ദൈവഭക്തി മനുഷ്യനെ തിന്മയിൽ നിന്ന് അകറ്റും. ഒരുവന്റെ വഴികൾ സർവേശ്വരനു പ്രസാദകരമാകുമ്പോൾ അവന്റെ ശത്രുക്കളെപ്പോലും അവിടുന്ന് അവനോട് രഞ്ജിപ്പിക്കുന്നു. നീതികൊണ്ടു നേടിയ അല്പ ധനമാണ്, അനീതികൊണ്ടു നേടിയ വലിയ ധനത്തെക്കാൾ മെച്ചം. ഒരു മനുഷ്യൻ തന്റെ മാർഗങ്ങൾ ആലോചിച്ചുവയ്‍ക്കുന്നു, എന്നാൽ സർവേശ്വരനാണ് അവന്റെ കാലടികളെ നിയന്ത്രിക്കുന്നത്. ദൈവപ്രചോദിതമായ വാക്കുകൾ രാജാവിന്റെ അധരങ്ങളിലുണ്ട്; വിധിക്കുമ്പോൾ അദ്ദേഹത്തിനു തെറ്റുപറ്റുകയില്ല. ഒത്തതുലാസും അളവുകോലും സർവേശ്വരൻ ആഗ്രഹിക്കുന്നു. സഞ്ചിയിലെ തൂക്കുകട്ടികളെല്ലാം അവിടുന്നു നിശ്ചയിച്ചത്. രാജാക്കന്മാർക്ക് അധാർമികത മ്ലേച്ഛമാണ്. ധാർമികതയിലാണ് സിംഹാസനം ഉറപ്പിക്കപ്പെട്ടിരിക്കുന്നത്. സത്യസന്ധമായ ഭാഷണം രാജാവിനെ സന്തോഷിപ്പിക്കുന്നു. സത്യം പറയുന്നവനെ അദ്ദേഹം സ്നേഹിക്കുന്നു. രാജാവിന്റെ രോഷം മരണദൂതനാകുന്നു; അതു ശമിപ്പിക്കാൻ ജ്ഞാനിക്കു കഴിയും. രാജാവിന്റെ പ്രസാദത്തിൽ ജീവനുണ്ട്, അദ്ദേഹത്തിന്റെ പ്രസാദം വസന്തത്തിൽ മഴ പെയ്യിക്കുന്ന മേഘംപോലെ ആകുന്നു. ജ്ഞാനം നേടുന്നതു സ്വർണസമ്പാദനത്തിലും മെച്ചം! വിവേകം വെള്ളിയെക്കാൾ എത്ര അഭികാമ്യം! നേരുള്ളവരുടെ വഴി ദോഷം വിട്ട് അകന്നുപോകുന്നു; തന്റെ വഴി സൂക്ഷിക്കുന്നവൻ സ്വന്തജീവൻ സുരക്ഷിതമാക്കുന്നു. അഹങ്കാരം നാശത്തിന്റെയും ധാർഷ്ട്യം പതനത്തിന്റെയും മുന്നോടിയാണ്. ഗർവിഷ്ഠരോടുകൂടി കൊള്ള പങ്കിടുന്നതിലും നല്ലത് എളിയവരോടൊപ്പം എളിമയിൽ കഴിയുന്നതാണ്. ദൈവവചനം അനുസരിക്കുന്നവൻ ഐശ്വര്യം പ്രാപിക്കും; സർവേശ്വരനിൽ ശരണപ്പെടുന്നവൻ ഭാഗ്യവാൻ. വിവേകി ജ്ഞാനമുള്ളവൻ എന്ന് അറിയപ്പെടും; ഹൃദ്യമായി സംസാരിക്കുന്നവൻ അനുനയമുള്ളവനാകുന്നു. ജ്ഞാനിക്ക് വിജ്ഞാനം ജീവന്റെ ഉറവയാകുന്നു, ഭോഷത്തമോ ഭോഷനുള്ള ശിക്ഷയത്രേ. ജ്ഞാനിയുടെ മനസ്സ് വിവേകപൂർണമാകുന്നു; അതുകൊണ്ട് അവന്റെ വാക്കുകൾക്ക് കൂടുതൽ അനുനയശക്തിയുണ്ട്. ഹൃദ്യമായ വാക്കു തേൻകട്ടയാണ്, അതു മനസ്സിനു മാധുര്യവും ശരീരത്തിന് ആരോഗ്യവും പകരുന്നു. നേരായി തോന്നുന്ന മാർഗം അവസാനം മരണത്തിലേക്കു നയിക്കുന്നതാവാം. വിശപ്പു തൊഴിലാളിയെക്കൊണ്ടു കഠിനാധ്വാനം ചെയ്യിക്കുന്നു. അവന്റെ വിശപ്പ് അവനെ അതിനു പ്രേരിപ്പിക്കുന്നു. വിലകെട്ട മനുഷ്യൻ ദോഷം നിരൂപിക്കുന്നു; അവന്റെ വാക്കുകൾ എരിതീയാണ്. വികടബുദ്ധി കലഹം പരത്തുന്നു, ഏഷണിക്കാരൻ മിത്രങ്ങളെ ഭിന്നിപ്പിക്കുന്നു. അക്രമി അയൽക്കാരനെ വശീകരിച്ചു ഹീനമായ മാർഗത്തിലേക്കു നയിക്കുന്നു. കണ്ണിറുക്കി കാട്ടുന്നവൻ വക്രത ആലോചിക്കുന്നു, തന്റെ അധരങ്ങൾ കടിച്ചമർത്തുന്നവൻ തിന്മയ്‍ക്കു വഴിഒരുക്കുന്നു. നരച്ച തല മഹത്ത്വത്തിന്റെ കിരീടം, നീതിനിഷ്ഠമായ ജീവിതംകൊണ്ട് അതു കൈവരും. ക്ഷമാശീലൻ അതിശക്തനെക്കാളും ആത്മനിയന്ത്രണമുള്ളവൻ നഗരം പിടിച്ചടക്കുന്നവനെക്കാളും ശ്രേഷ്ഠൻ. കാര്യങ്ങൾ തീരുമാനിക്കാൻ കുറിയിടുന്നു, അന്തിമതീർപ്പു കല്പിക്കുന്നതു സർവേശ്വരനാണ്.

സദൃശവാക്യങ്ങൾ 16:1-33 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ഹൃദയത്തിലെ നിരൂപണങ്ങൾ മനുഷ്യനുള്ളവ; നാവിന്‍റെ ഉത്തരം യഹോവയിൽനിന്ന് വരുന്നു. മനുഷ്യന് തന്‍റെ വഴികളൊക്കെയും നിർമ്മലമായി തോന്നുന്നു; യഹോവയോ ആത്മാക്കളെ തൂക്കിനോക്കുന്നു. നിന്‍റെ പ്രവൃത്തികളെ യഹോവയ്ക്കു സമർപ്പിക്കുക; എന്നാൽ നിന്‍റെ ഉദ്ദേശ്യങ്ങൾ സാധിക്കും. യഹോവ സകലത്തെയും തന്‍റെ ഉദ്ദേശ്യത്തിനായി ഉണ്ടാക്കിയിരിക്കുന്നു; അനർത്ഥദിവസത്തിനായി ദുഷ്ടനെയും സൃഷ്ടിച്ചിരിക്കുന്നു. നിഗളഹൃദയമുള്ള ഏവനും യഹോവയ്ക്കു വെറുപ്പ്; അവന് നിശ്ചയമായും ശിക്ഷ വരാതിരിക്കുകയില്ല. ദയയും വിശ്വസ്തതയുംകൊണ്ട് അകൃത്യം പരിഹരിക്കപ്പെടുന്നു; യഹോവാഭക്തികൊണ്ട് മനുഷ്യർ ദോഷം വിട്ടകലുന്നു. ഒരുവന്‍റെ വഴികൾ യഹോവയ്ക്കു പ്രസാദകരമായിരിക്കുമ്പോൾ അവിടുന്ന് അവന്‍റെ ശത്രുക്കളെപ്പോലും അവനുമായി സമാധാനത്തിലാക്കുന്നു. ന്യായരഹിതമായ വലിയ വരവിനെക്കാൾ നീതിയോടെയുള്ള അല്പം നല്ലത്. മനുഷ്യന്‍റെ ഹൃദയം തന്‍റെ വഴിയെക്കുറിച്ച് ആലോചിച്ചുറയ്ക്കുന്നു; അവന്‍റെ കാലടികളെയോ യഹോവ ക്രമപ്പെടുത്തുന്നു. രാജാവിന്‍റെ അധരങ്ങളിൽ അരുളപ്പാടുണ്ട്; ന്യായവിധിയിൽ അവന്‍റെ വായ് തെറ്റിപ്പോകുന്നതുമില്ല. ശരിയായ അളവുകോലും ത്രാസും യഹോവയ്ക്കുള്ളവ; സഞ്ചിയിലെ പടി ഒക്കെയും അവിടുത്തെ പ്രവൃത്തിയാകുന്നു. ദുഷ്ടത പ്രവർത്തിക്കുന്നത് രാജാക്കന്മാർക്ക് വെറുപ്പ്; നീതികൊണ്ടല്ലയോ സിംഹാസനം സ്ഥിരപ്പെടുന്നത്. നീതിയുള്ള അധരങ്ങൾ രാജാക്കന്മാർക്ക് പ്രസാദം; സത്യം പറയുന്നവനെ അവർ സ്നേഹിക്കുന്നു. രാജാവിന്‍റെ ക്രോധം മരണദൂതന് തുല്യം; ജ്ഞാനമുള്ള മനുഷ്യനോ അതിനെ ശമിപ്പിക്കും. രാജാവിന്‍റെ മുഖപ്രകാശത്തിൽ ജീവൻ ഉണ്ട്; അവന്‍റെ പ്രസാദം പിന്മഴയ്ക്കുള്ള മേഘംപോലെയാകുന്നു. തങ്കത്തെക്കാൾ ജ്ഞാനം സമ്പാദിക്കുന്നത് എത്ര നല്ലത്! വെള്ളിയെക്കാൾ വിവേകം സമ്പാദിക്കുന്നത് എത്ര ഉത്തമം! ദോഷം വിട്ടുനടക്കുന്നത് നേരുള്ളവരുടെ പെരുവഴി; തന്‍റെ വഴി സൂക്ഷിക്കുന്നവൻ തന്‍റെ പ്രാണനെ കാത്തുകൊള്ളുന്നു. നാശത്തിന് മുമ്പ് ഗർവ്വം; വീഴ്ചയ്ക്ക് മുമ്പ് ഉന്നതഭാവം. ഗർവ്വികളോടുകൂടെ കവർച്ച പങ്കിടുന്നതിനെക്കാൾ താഴ്മയുള്ളവരോടുകൂടി താഴ്മയുള്ളവനായിരിക്കുന്നത് നല്ലത്. തിരുവചനം പ്രമാണിക്കുന്നവൻ നന്മ കണ്ടെത്തും; യഹോവയിൽ ആശ്രയിക്കുന്നവൻ ഭാഗ്യവാൻ. ജ്ഞാനഹൃദയൻ വിവേകി എന്നു വിളിക്കപ്പെടും; അധരമാധുര്യം വിദ്യയെ വർദ്ധിപ്പിക്കുന്നു. വിവേകം വിവേകിക്ക് ജീവന്‍റെ ഉറവാകുന്നു; ഭോഷന്മാരുടെ പ്രബോധനമോ ഭോഷത്തം തന്നെ. ജ്ഞാനിയുടെ ഹൃദയം അവന്‍റെ വായെ പഠിപ്പിക്കുന്നു; അവന്‍റെ അധരങ്ങൾക്ക് വിദ്യ വർദ്ധിപ്പിക്കുന്നു. ഇമ്പമുള്ള വാക്ക് തേൻകട്ടയാകുന്നു; മനസ്സിന് മധുരവും അസ്ഥികൾക്ക് ഔഷധവും തന്നെ; ചിലപ്പോൾ ഒരു വഴി മനുഷ്യന് ചൊവ്വായി തോന്നുന്നു; അതിന്‍റെ അവസാനമോ മരണവഴികൾ അത്രേ. പണിക്കാരന്‍റെ വിശപ്പ് അവനെക്കൊണ്ടു പണി ചെയ്യിക്കുന്നു; അവന്‍റെ വായ് അവനെ അതിനായി നിർബ്ബന്ധിക്കുന്നു. നിസ്സാരമനുഷ്യൻ ദോഷം എന്ന കുഴികുഴിയ്ക്കുന്നു; അവന്‍റെ അധരങ്ങളിൽ കത്തുന്ന തീ ഉണ്ട്. വക്രതയുള്ള മനുഷ്യൻ വഴക്ക് ഉണ്ടാക്കുന്നു; ഏഷണിക്കാരൻ മിത്രങ്ങളെ ഭേദിപ്പിക്കുന്നു. സാഹസക്കാരൻ കൂട്ടുകാരനെ വശീകരിക്കുകയും കൊള്ളരുതാത്ത വഴിയിൽ നടത്തുകയും ചെയ്യുന്നു. കണ്ണിറുക്കുന്നവൻ വക്രത നിരൂപിക്കുന്നു; വപ്പ് കടിക്കുന്നവൻ ദോഷം ചെയ്യുന്നു. നരച്ച തല ശോഭയുള്ള കിരീടമാകുന്നു; നീതിയുടെ മാർഗ്ഗത്തിൽ അതിനെ പ്രാപിക്കാം. ദീർഘക്ഷമയുള്ളവൻ യുദ്ധവീരനിലും മനോനിയന്ത്രണമുള്ളവൻ പട്ടണം പിടിക്കുന്നവനിലും ശ്രേഷ്ഠൻ. ചീട്ട് മടിയിൽ ഇടുന്നു; അതിന്‍റെ തീരുമാനമോ യഹോവയിൽനിന്ന് വരുന്നു.

സദൃശവാക്യങ്ങൾ 16:1-33 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഹൃദയത്തിലെ നിരൂപണങ്ങൾ മനുഷ്യന്നുള്ളവ; നാവിന്റെ ഉത്തരമോ യഹോവയാൽ വരുന്നു. മനുഷ്യന്നു തന്റെ വഴികളൊക്കെയും വെടിപ്പായി തോന്നുന്നു; യഹോവയോ ആത്മാക്കളെ തൂക്കിനോക്കുന്നു. നിന്റെ പ്രവൃത്തികളെ യഹോവെക്കു സമർപ്പിക്ക; എന്നാൽ നിന്റെ ഉദ്ദേശങ്ങൾ സാധിക്കും. യഹോവ സകലത്തെയും തന്റെ ഉദ്ദേശത്തിന്നായി ഉണ്ടാക്കിയിരിക്കുന്നു; അനർത്ഥദിവസത്തിന്നായി ദുഷ്ടനെയും കൂടെ. ഗർവ്വമുള്ള ഏവനും യഹോവെക്കു വെറുപ്പു; അവന്നു ശിക്ഷ വരാതിരിക്കയില്ല എന്നതിന്നു ഞാൻ കയ്യടിക്കുന്നു. ദയയും വിശ്വസ്തതയുംകൊണ്ടു അകൃത്യം പരിഹരിക്കപ്പെടുന്നു; യഹോവാഭക്തികൊണ്ടു മനുഷ്യർ ദോഷത്തെ വിട്ടകലുന്നു. ഒരുത്തന്റെ വഴികൾ യഹോവെക്കു ഇഷ്ടമായിരിക്കുമ്പോൾ അവൻ അവന്റെ ശത്രുക്കളെയും അവനോടു ഇണക്കുന്നു. ന്യായരഹിതമായ വലിയ വരവിനെക്കാൾ നീതിയോടെയുള്ള അല്പം നല്ലതു. മനുഷ്യന്റെ ഹൃദയം തന്റെ വഴിയെ നിരൂപിക്കുന്നു; അവന്റെ കാലടികളെയോ യഹോവ ക്രമപ്പെടുത്തുന്നു. രാജാവിന്റെ അധരങ്ങളിൽ അരുളപ്പാടുണ്ടു; ന്യായവിധിയിൽ അവന്റെ വായ് പിഴെക്കുന്നതുമില്ല. ഒത്ത വെള്ളിക്കോലും ത്രാസും യഹോവെക്കുള്ളവ; സഞ്ചിയിലെ പടി ഒക്കെയും അവന്റെ പ്രവൃത്തിയാകുന്നു. ദുഷ്ടത പ്രവർത്തിക്കുന്നതു രാജാക്കന്മാർക്കു വെറുപ്പു; നീതികൊണ്ടല്ലോ സിംഹാസനം സ്ഥിരപ്പെടുന്നതു. നീതിയുള്ള അധരങ്ങൾ രാജാക്കന്മാർക്കു പ്രസാദം; നേർ പറയുന്നവനെ അവർ സ്നേഹിക്കുന്നു. രാജാവിന്റെ ക്രോധം മരണദൂതന്നു തുല്യം; ജ്ഞാനമുള്ള മനുഷ്യനോ അതിനെ ശമിപ്പിക്കും. രാജാവിന്റെ മുഖപ്രകാശത്തിൽ ജീവൻ ഉണ്ടു; അവന്റെ പ്രസാദം പിന്മഴെക്കുള്ള മേഘംപോലെയാകുന്നു. തങ്കത്തെക്കാൾ ജ്ഞാനത്തെ സമ്പാദിക്കുന്നതു എത്ര നല്ലതു! വെള്ളിയെക്കാൾ വിവേകം സമ്പാദിക്കുന്നതു എത്ര ഉത്തമം! ദോഷം അകറ്റിനടക്കുന്നതു നേരുള്ളവരുടെ പെരുവഴി; തന്റെ വഴി സൂക്ഷിക്കുന്നവൻ തന്റെ പ്രാണനെ കാത്തുകൊള്ളുന്നു. നാശത്തിന്നു മുമ്പെ ഗർവ്വം; വീഴ്ചക്കു മുമ്പെ ഉന്നതഭാവം. ഗർവ്വികളോടുകൂടെ കവർച്ച പങ്കിടുന്നതിനെക്കാൾ താഴ്മയുള്ളവരോടുകൂടെ താഴ്മയുള്ളവനായിരിക്കുന്നതു നല്ലതു. തിരുവചനം പ്രമാണിക്കുന്നവൻ നന്മ കണ്ടെത്തും; യഹോവയിൽ ആശ്രയിക്കുന്നവൻ ഭാഗ്യവാൻ. ജ്ഞാനഹൃദയൻ വിവേകി എന്നു വിളിക്കപ്പെടും; അധരമാധുര്യം വിദ്യയെ വർദ്ധിപ്പിക്കുന്നു. വിവേകം വിവേകിക്കു ജീവന്റെ ഉറവാകുന്നു; ഭോഷന്മാരുടെ പ്രബോധനമോ ഭോഷത്വം തന്നേ. ജ്ഞാനിയുടെ ഹൃദയം അവന്റെ വായെ പഠിപ്പിക്കുന്നു; അവന്റെ അധരങ്ങൾക്കു വിദ്യ വർദ്ധിപ്പിക്കുന്നു. ഇമ്പമുള്ള വാക്കു തേൻകട്ടയാകുന്നു; മനസ്സിന്നു മധുരവും അസ്ഥികൾക്കു ഔഷധവും തന്നേ; ചിലപ്പോൾ ഒരു വഴി മനുഷ്യന്നു ചൊവ്വായി തോന്നുന്നു; അതിന്റെ അവസാനമോ മരണവഴികൾ അത്രേ. പണിക്കാരന്റെ വിശപ്പു അവനെക്കൊണ്ടു പണി ചെയ്യിക്കുന്നു; അവന്റെ വായ് അവനെ അതിന്നായി നിർബ്ബന്ധിക്കുന്നു. നിസ്സാരമനുഷ്യൻ പാതകം എന്ന കുഴികുഴിക്കുന്നു; അവന്റെ അധരങ്ങളിൽ കത്തുന്ന തീ ഉണ്ടു. വക്രതയുള്ള മനുഷ്യൻ വഴക്കു ഉണ്ടാക്കുന്നു; ഏഷണിക്കാരൻ മിത്രങ്ങളെ ഭേദിപ്പിക്കുന്നു. സഹാസക്കാരൻ കൂട്ടുകാരനെ വശീകരിക്കയും കൊള്ളരുതാത്ത വഴിയിൽ നടത്തുകയും ചെയ്യുന്നു. കണ്ണു അടെക്കുന്നവൻ വക്രത നിരൂപിക്കുന്നു; വപ്പു കടിക്കുന്നവൻ ദോഷം നിവർത്തിക്കുന്നു. നരച്ച തല ശോഭയുള്ള കിരീടമാകുന്നു; നീതിയുടെ മാർഗ്ഗത്തിൽ അതിനെ പ്രാപിക്കാം. ദീർഘക്ഷമയുള്ളവൻ യുദ്ധവീരനിലും ജിതമാനസൻ പട്ടണം പിടിക്കുന്നവനിലും ശ്രേഷ്ഠൻ. ചീട്ടു മടിയിൽ ഇടുന്നു; അതിന്റെ വിധാനമോ യഹോവയാലത്രേ.

സദൃശവാക്യങ്ങൾ 16:1-33 സമകാലിക മലയാളവിവർത്തനം (MCV)

ഹൃദയത്തിലെ നിരൂപണങ്ങൾ മനുഷ്യനുള്ളവ, എന്നാൽ നാവിൽനിന്നുള്ള ശരിയായ ഉത്തരം യഹോവയിൽനിന്നു വരുന്നു. മനുഷ്യനു തന്റെ വഴികളെല്ലാം കുറ്റമറ്റതെന്നു തോന്നുന്നു, എന്നാൽ യഹോവ അതിന്റെ ഉദ്ദേശ്യശുദ്ധി തൂക്കിനോക്കുന്നു. നിന്റെ പ്രവൃത്തികളെല്ലാം യഹോവയ്ക്കു സമർപ്പിക്കുക, അപ്പോൾ നിന്റെ പദ്ധതികളെല്ലാം അവിടന്നു സ്ഥിരമാക്കും. യഹോവ സർവവും അതിന്റെ ഉദ്ദിഷ്ടലക്ഷ്യത്തിൽ എത്തിക്കുന്നു— ദുരന്തദിനത്തിനായി ദുഷ്ടരെപ്പോലും. അഹന്തഹൃദയമുള്ള എല്ലാവരെയും യഹോവ വെറുക്കുന്നു. അവർ ശിക്ഷിക്കപ്പെടും; ഇതു നിശ്ചയം. സ്നേഹാർദ്രതയാലും വിശ്വസ്തതയാലും പാപത്തിനു പ്രായശ്ചിത്തം ഉണ്ടാകുന്നു, യഹോവാഭക്തിമൂലം ഒരു മനുഷ്യൻ തിന്മ വർജിക്കുന്നു. ഒരാളുടെ വഴി യഹോവയ്ക്കു പ്രസാദകരമാകുമ്പോൾ, അവിടന്ന് അയാളുടെ ശത്രുക്കളെപ്പോലും അയാൾക്ക് അനുകൂലമാക്കുന്നു. നീതിമാർഗത്തിലൂടെ ലഭിക്കുന്ന അൽപ്പം ധനമുള്ളതാണ് അനീതിയിലൂടെ നേടുന്ന വൻ സമ്പത്തിനെക്കാൾ നല്ലത്. മനുഷ്യർ തങ്ങളുടെ ഹൃദയത്തിൽ പദ്ധതികൾ ആസൂത്രണംചെയ്യുന്നു, എന്നാൽ യഹോവ അവരുടെ കാലടികളുടെ ഗമനം ക്രമീകരിക്കുന്നു. രാജകൽപ്പന അരുളപ്പാടുകൾപോലെയാണ്, തിരുവായ് ഒരിക്കലും അന്യായമായി വിധിക്കാൻ പാടില്ല. കൃത്യതയാർന്ന അളവുകളും തൂക്കങ്ങളും യഹോവയ്ക്കുള്ളവ; സഞ്ചിയിലുള്ള എല്ലാ തൂക്കുകട്ടികളും അവിടത്തെ കൈവേലയാണ്. ദുഷ്‌പ്രവൃത്തികൾ രാജാക്കന്മാർക്ക് നിഷിദ്ധം, നീതിയിലൂടെയാണ് രാജസിംഹാസനം ഉറപ്പിക്കപ്പെടുന്നത്. സത്യസന്ധമായ അധരം രാജാക്കന്മാർക്കു പ്രസാദകരം; സത്യം പറയുന്നവരെ അവിടന്ന് ആദരിക്കുന്നു. രാജകോപം മരണദൂതനാണ്, എന്നാൽ ജ്ഞാനി അതിനെ ശമിപ്പിക്കും. പ്രശോഭിതമാകുന്ന രാജമുഖത്തു ജീവനുണ്ട്; അവിടത്തെ പ്രസാദം വസന്തകാല മഴമേഘത്തിനുതുല്യമാണ്. ജ്ഞാനം നേടുന്നത് കനകത്തെക്കാൾ എത്രയോ അഭികാമ്യം, വിവേകം സമ്പാദിക്കുന്നത് വെള്ളിയെക്കാൾ എത്രശ്രേഷ്ഠം! നീതിനിഷ്ഠരുടെ രാജവീഥി തിന്മ ഒഴിവാക്കുന്നു; തങ്ങളുടെ മാർഗം സൂക്ഷിക്കുന്നവർ അവരുടെ ജീവൻ സംരക്ഷിക്കുന്നു. അഹങ്കാരം നാശത്തിന്റെ മുന്നോടിയാണ്; ധിക്കാരമനോഭാവവും നാശത്തിന്റെ മുന്നോടിതന്നെ. പീഡിതരോടൊത്ത് എളിമയോടെ ജീവിക്കുന്നതാണ്, അഹങ്കാരികളോടൊത്തു കൊള്ള പങ്കിടുന്നതിലും നല്ലത്. ഉപദേശങ്ങൾ ശ്രദ്ധിക്കുന്നവർക്ക് അഭിവൃദ്ധിയുണ്ടാകുന്നു, യഹോവയിൽ ആശ്രയമർപ്പിക്കുന്നവർ അനുഗൃഹീതർ. ജ്ഞാനഹൃദയമുള്ളവർ വിവേകി എന്നു വിളിക്കപ്പെടും, ഹൃദ്യമായ വാക്ക് സ്വാധീനംചെലുത്തും. വിവേകം കൈമുതലാക്കിയവർക്ക് അതു ജീവജലധാരയാണ്, എന്നാൽ മടയത്തരം ഭോഷർക്കു ശിക്ഷയായി ഭവിക്കുന്നു. വിവേകിയുടെ ഹൃദയം അവരുടെ അധരങ്ങൾ ജ്ഞാനമുള്ളവയാക്കുന്നു, അവരുടെ അധരങ്ങൾ സ്വാധീനംചെലുത്തും. ഹൃദ്യമായ വാക്ക് തേനടയാണ്, അത് ആത്മാവിനു മാധുര്യവും അസ്ഥികൾക്ക് ആരോഗ്യവും നൽകുന്നു. ഓരോരുത്തർക്കും തങ്ങളുടെമുമ്പിലുള്ള വഴി ശരിയായത് എന്നു തോന്നാം, എന്നാൽ അവസാനം അതു മരണത്തിലേക്കു നയിക്കുന്നു. തൊഴിലാളിയുടെ വിശപ്പ് അവരെക്കൊണ്ടു വേലചെയ്യിപ്പിക്കുന്നു; വിശപ്പുള്ള വയറ് അവരെ ഉത്സാഹിപ്പിച്ചുകൊണ്ടിരിക്കും. വഞ്ചകർ ദോഷം എന്ന കുഴി കുഴിക്കുന്നു, അവരുടെ ഭാഷണം എരിതീപോലെയാകുന്നു. വക്രഹൃദയമുള്ളവർ കലഹം ഇളക്കിവിടുന്നു, പരദൂഷണം ആത്മസുഹൃത്തുക്കളെത്തമ്മിൽ അകറ്റുന്നു. ഒരു അക്രമി അയൽവാസിയെ വശീകരിച്ച് അരുതാത്ത വഴികളിലേക്ക് ആനയിക്കുന്നു. കണ്ണിറുക്കുന്നവർ വക്രതയ്ക്കു ഗൂഢാലോചന നടത്തുന്നു; ചുണ്ട് കടിച്ചമർത്തുന്നവർ ദുഷ്കൃത്യം ആസൂത്രണംചെയ്യുന്നു. നരച്ചതല മഹിമയുടെ മകുടമാണ്; നീതിമാർഗത്തിലൂടെ അതു നേടുന്നു. പടയാളികളെക്കാൾ ശ്രേഷ്ഠരാണ് ക്ഷമാശീലർ, ഒരു നഗരം പിടിച്ചടക്കുന്നവരിലും ശ്രേഷ്ഠരാണ് ആത്മനിയന്ത്രണമുള്ളവർ. തീരുമാനങ്ങൾക്കായി നറുക്കിടുന്നു, എന്നാൽ അതിന്റെ തീർപ്പ് യഹോവയിൽനിന്നു വരുന്നു.