സദൃശവാക്യങ്ങൾ 1:1-7

സദൃശവാക്യങ്ങൾ 1:1-7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യിസ്രായേൽരാജാവായി ദാവീദിന്റെ മകനായ ശലോമോന്റെ സദൃശവാക്യങ്ങൾ. ജ്ഞാനവും പ്രബോധനവും പ്രാപിപ്പാനും വിവേകവചനങ്ങളെ ഗ്രഹിപ്പാനും പരിജ്ഞാനം, നീതി, ന്യായം, നേർ എന്നിവയ്ക്കായി പ്രബോധനം ലഭിപ്പാനും അല്പബുദ്ധികൾക്ക് സൂക്ഷ്മബുദ്ധിയും ബാലന് പരിജ്ഞാനവും വകതിരിവും നല്കുവാനും ജ്ഞാനി കേട്ടിട്ടു വിദ്യാഭിവൃദ്ധി പ്രാപിപ്പാനും, ബുദ്ധിമാൻ സദുപദേശം സമ്പാദിപ്പാനും സദൃശവാക്യങ്ങളും അലങ്കാരവചനങ്ങളും ജ്ഞാനികളുടെ മൊഴികളും കടങ്കഥകളും മനസ്സിലാക്കുവാനും അവ ഉതകുന്നു. യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു; ഭോഷന്മാരോ ജ്ഞാനവും പ്രബോധനവും നിരസിക്കുന്നു.

സദൃശവാക്യങ്ങൾ 1:1-7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഇസ്രായേൽരാജാവും ദാവീദിന്റെ പുത്രനുമായ ശലോമോന്റെ സുഭാഷിതങ്ങൾ: മനുഷ്യർക്ക് ജ്ഞാനവും പ്രബോധനവും ലഭിക്കാനും ഉൾക്കാഴ്ച നല്‌കുന്ന വാക്കുകൾ ഗ്രഹിക്കാനും വിവേകപൂർവമായ ജീവിതം, നീതി, ന്യായം, സത്യസന്ധത എന്നിവ പരിശീലിക്കാനും ഇവ ഉപകരിക്കും. ചഞ്ചലന്മാർക്കു വിവേകവും യുവാക്കൾക്കു ജ്ഞാനവും ലഭിക്കാനും ഈ സുഭാഷിതങ്ങൾ പ്രയോജനപ്പെടും. ഇതു കേട്ട് ജ്ഞാനമുള്ളവന്റെ അറിവു വർധിക്കും. വിവേകശാലിക്ക് മാർഗദർശനം ലഭിക്കും. അങ്ങനെ അവർക്ക് സുഭാഷിതവും ആലങ്കാരിക പ്രയോഗങ്ങളും പ്രതിരൂപ വചനങ്ങളും വൈജ്ഞാനിക സൂക്തങ്ങളും ഗ്രഹിക്കാൻ കഴിയും. ദൈവഭക്തി ജ്ഞാനത്തിന്റെ ഉറവിടം ആകുന്നു. ജ്ഞാനവും പ്രബോധനവും വെറുക്കുന്നവർ ഭോഷന്മാരാകുന്നു.

സദൃശവാക്യങ്ങൾ 1:1-7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

യിസ്രായേൽ രാജാവായിരുന്ന ദാവീദിന്‍റെ മകനായ ശലോമോന്‍റെ സദൃശവാക്യങ്ങൾ. ജ്ഞാനവും പ്രബോധനവും പ്രാപിക്കുവാനും വിവേകവചനങ്ങളെ ഗ്രഹിക്കുവാനും പരിജ്ഞാനം, നീതി, ന്യായം, സത്യം എന്നിവയ്ക്കായി പ്രബോധനം ലഭിക്കുവാനും അല്പബുദ്ധികൾക്ക് സൂക്ഷ്മബുദ്ധിയും ബാലന് പരിജ്ഞാനവും വകതിരിവും നല്കുവാനും ജ്ഞാനി കേട്ടിട്ടു വിദ്യാഭിവൃദ്ധി പ്രാപിക്കുവാനും, ബുദ്ധിമാൻ സദുപദേശം സമ്പാദിക്കുവാനും സദൃശവാക്യങ്ങളും അലങ്കാരവചനങ്ങളും ജ്ഞാനികളുടെ മൊഴികളും കടങ്കഥകളും ഗ്രഹിക്കുവാനും അവ ഉപകരിക്കുന്നു. യഹോവാഭക്തി ജ്ഞാനത്തിന്‍റെ ആരംഭമാകുന്നു; ഭോഷന്മാർ ജ്ഞാനവും പ്രബോധനവും നിരസിക്കുന്നു.

സദൃശവാക്യങ്ങൾ 1:1-7 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യിസ്രായേൽരാജാവായി ദാവീദിന്റെ മകനായ ശലോമോന്റെ സദൃശവാക്യങ്ങൾ. ജ്ഞാനവും പ്രബോധനവും പ്രാപിപ്പാനും വിവേകവചനങ്ങളെ ഗ്രഹിപ്പാനും പരിജ്ഞാനം, നീതി, ന്യായം, നേർ എന്നിവെക്കായി പ്രബോധനം ലഭിപ്പാനും അല്പബുദ്ധികൾക്കു സൂക്ഷ്മബുദ്ധിയും ബാലന്നു പരിജ്ഞാനവും വകതിരിവും നല്കുവാനും ജ്ഞാനി കേട്ടിട്ടു വിദ്യാഭിവൃദ്ധി പ്രാപിപ്പാനും, ബുദ്ധിമാൻ സദുപദേശം സമ്പാദിപ്പാനും സദൃശവാക്യങ്ങളും അലങ്കാരവചനങ്ങളും ജ്ഞാനികളുടെ മൊഴികളും കടങ്കഥകളും മനസ്സിലാക്കുവാനും അവ ഉതകുന്നു. യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു; ഭോഷന്മാരോ ജ്ഞാനവും പ്രബോധനവും നിരസിക്കുന്നു.

സദൃശവാക്യങ്ങൾ 1:1-7 സമകാലിക മലയാളവിവർത്തനം (MCV)

ദാവീദിന്റെ പുത്രനും ഇസ്രായേൽരാജാവുമായ ശലോമോന്റെ സുഭാഷിതങ്ങൾ: മനുഷ്യർക്കു ജ്ഞാനവും ശിക്ഷണവും നേടുന്നതിനും വിവേകവചനങ്ങൾ ഗ്രഹിക്കുന്നതിനും; പരിജ്ഞാനത്തോടെയുള്ള പെരുമാറ്റം, നീതി, ന്യായം, ഔചിത്യം എന്നിവയ്ക്കുള്ള പ്രബോധനം ലഭിക്കാനും; ലളിതമാനസർക്കു കാര്യപ്രാപ്തിയും, യുവാക്കൾക്കു പരിജ്ഞാനവും വകതിരിവും പ്രദാനംചെയ്യുന്നതിനും— ഈ സുഭാഷിതങ്ങൾ കേട്ട് ജ്ഞാനി തന്റെ അറിവ് വർധിപ്പിക്കുന്നതിനും വിവേകികൾ മാർഗദർശനം നേടുന്നതിനും— സുഭാഷിതങ്ങളും സാദൃശ്യകഥകളും സൂക്തങ്ങളും കടങ്കഥകളും ഗ്രഹിക്കുന്നതിനും ഇവ പ്രയോജനപ്രദമാകും. യഹോവാഭക്തി പരിജ്ഞാനത്തിന്റെ ഉറവിടമാകുന്നു എന്നാൽ ഭോഷർ ജ്ഞാനവും ശിക്ഷണവും നിരാകരിക്കുന്നു.