സദൃശവാക്യങ്ങൾ 1:1-33
സദൃശവാക്യങ്ങൾ 1:1-33 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യിസ്രായേൽരാജാവായി ദാവീദിന്റെ മകനായ ശലോമോന്റെ സദൃശവാക്യങ്ങൾ. ജ്ഞാനവും പ്രബോധനവും പ്രാപിപ്പാനും വിവേകവചനങ്ങളെ ഗ്രഹിപ്പാനും പരിജ്ഞാനം, നീതി, ന്യായം, നേർ എന്നിവയ്ക്കായി പ്രബോധനം ലഭിപ്പാനും അല്പബുദ്ധികൾക്ക് സൂക്ഷ്മബുദ്ധിയും ബാലന് പരിജ്ഞാനവും വകതിരിവും നല്കുവാനും ജ്ഞാനി കേട്ടിട്ടു വിദ്യാഭിവൃദ്ധി പ്രാപിപ്പാനും, ബുദ്ധിമാൻ സദുപദേശം സമ്പാദിപ്പാനും സദൃശവാക്യങ്ങളും അലങ്കാരവചനങ്ങളും ജ്ഞാനികളുടെ മൊഴികളും കടങ്കഥകളും മനസ്സിലാക്കുവാനും അവ ഉതകുന്നു. യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു; ഭോഷന്മാരോ ജ്ഞാനവും പ്രബോധനവും നിരസിക്കുന്നു. മകനേ, അപ്പന്റെ പ്രബോധനം കേൾക്ക. അമ്മയുടെ ഉപദേശം ഉപേക്ഷിക്കയും അരുത്; അവ നിന്റെ ശിരസ്സിന് അലങ്കാരമാലയും നിന്റെ കഴുത്തിന് സരപ്പളിയും ആയിരിക്കും. മകനേ, പാപികൾ നിന്നെ വശീകരിച്ചാൽ വഴിപ്പെട്ടുപോകരുത്. ഞങ്ങളോടുകൂടെ വരിക; നാം രക്തത്തിനായി പതിയിരിക്ക; നിർദോഷിയെ കാരണം കൂടാതെ പിടിപ്പാൻ ഒളിച്ചിരിക്ക. പാതാളംപോലെ അവരെ ജീവനോടെയും കുഴിയിൽ ഇറങ്ങുന്നവരെപ്പോലെ അവരെ സർവാംഗമായും വിഴുങ്ങിക്കളക. നമുക്ക് വിലയേറിയ സമ്പത്തൊക്കെയും കിട്ടും; നമ്മുടെ വീടുകളെ കൊള്ളകൊണ്ടു നിറയ്ക്കാം. നിനക്ക് ഞങ്ങളോടുകൂടെ സമാംശം കിട്ടും; നമുക്ക് എല്ലാവർക്കും സഞ്ചി ഒന്നായിരിക്കും; എന്നിങ്ങനെ അവർ പറഞ്ഞാൽ, മകനേ, നീ അവരുടെ വഴിക്ക് പോകരുത്; നിന്റെ കാൽ അവരുടെ പാതയിൽ വയ്ക്കുകയും അരുത്. അവരുടെ കാൽ ദോഷം ചെയ്വാൻ ഓടുന്നു; രക്തം ചൊരിയിപ്പാൻ അവർ ബദ്ധപ്പെടുന്നു. പക്ഷി കാൺകെ വലവിരിക്കുന്നത് വ്യർഥമല്ലോ. അവർ സ്വന്തരക്തത്തിനായി പതിയിരിക്കുന്നു; സ്വന്തപ്രാണഹാനിക്കായി ഒളിച്ചിരിക്കുന്നു. ദുരാഗ്രഹികളായ ഏവരുടെയും വഴികൾ അങ്ങനെ തന്നെ; അത് അവരുടെ ജീവനെ എടുത്തുകളയുന്നു. ജ്ഞാനമായവൾ വീഥിയിൽ ഘോഷിക്കുന്നു; വിശാലസ്ഥലത്ത് സ്വരം കേൾപ്പിക്കുന്നു. അവൾ ആരവമുള്ള തെരുക്കളുടെ തലയ്ക്കൽനിന്നു വിളിക്കുന്നു; നഗരദ്വാരങ്ങളിലും നഗരത്തിനകത്തും പ്രസ്താവിക്കുന്നത്: ബുദ്ധിഹീനരേ, നിങ്ങൾ ബുദ്ധിഹീനതയിൽ രസിക്കയും പരിഹാസികളേ, നിങ്ങൾ പരിഹാസത്തിൽ സന്തോഷിക്കയും ഭോഷന്മാരേ, നിങ്ങൾ പരിജ്ഞാനത്തെ വെറുക്കയും ചെയ്യുന്നത് എത്രത്തോളം? എന്റെ ശാസനയ്ക്കു തിരിഞ്ഞുകൊൾവിൻ; ഞാൻ എന്റെ മനസ്സ് നിങ്ങൾക്കു പൊഴിച്ചുതരും; എന്റെ വചനങ്ങൾ നിങ്ങളെ അറിയിക്കും. ഞാൻ വിളിച്ചിട്ട് നിങ്ങൾ ശ്രദ്ധിക്കാതെയും ഞാൻ കൈ നീട്ടിയിട്ട് ആരും കൂട്ടാക്കാതെയും നിങ്ങൾ എന്റെ ആലോചനയൊക്കെയും ത്യജിച്ചുകളകയും എന്റെ ശാസനയെ ഒട്ടും അനുസരിക്കാതിരിക്കയും ചെയ്തതുകൊണ്ട് ഞാനും നിങ്ങളുടെ അനർഥദിവസത്തിൽ ചിരിക്കും; നിങ്ങൾ ഭയപ്പെടുന്നത് നിങ്ങൾക്കു ഭവിക്കുമ്പോൾ പരിഹസിക്കും. നിങ്ങൾ ഭയപ്പെടുന്നത് നിങ്ങൾക്കു കൊടുങ്കാറ്റുപോലെയും നിങ്ങളുടെ ആപത്ത് ചുഴലിക്കാറ്റു പോലെയും വരുമ്പോൾ, കഷ്ടവും സങ്കടവും നിങ്ങൾക്കു വരുമ്പോൾ തന്നെ. അപ്പോൾ അവർ എന്നെ വിളിക്കും; ഞാൻ ഉത്തരം പറകയില്ല. എന്നെ ജാഗ്രതയോടെ അന്വേഷിക്കും; കണ്ടെത്തുകയുമില്ല. അവർ പരിജ്ഞാനത്തെ വെറുത്തല്ലോ; യഹോവാഭക്തിയെ തിരഞ്ഞെടുത്തതുമില്ല. അവർ എന്റെ ആലോചന അനുസരിക്കാതെ എന്റെ ശാസനയൊക്കെയും നിരസിച്ചുകളഞ്ഞതുകൊണ്ട് അവർ സ്വന്തവഴിയുടെ ഫലം അനുഭവിക്കയും തങ്ങളുടെ ആലോചനകളാൽ തൃപ്തി പ്രാപിക്കയും ചെയ്യും. ബുദ്ധിഹീനരുടെ പിൻമാറ്റം അവരെ കൊല്ലും; ഭോഷന്മാരുടെ നിശ്ചിന്ത അവരെ നശിപ്പിക്കും. എന്റെ വാക്ക് കേൾക്കുന്നവനോ നിർഭയം വസിക്കയും ദോഷഭയം കൂടാതെ സ്വൈരമായിരിക്കയും ചെയ്യും.
സദൃശവാക്യങ്ങൾ 1:1-33 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇസ്രായേൽരാജാവും ദാവീദിന്റെ പുത്രനുമായ ശലോമോന്റെ സുഭാഷിതങ്ങൾ: മനുഷ്യർക്ക് ജ്ഞാനവും പ്രബോധനവും ലഭിക്കാനും ഉൾക്കാഴ്ച നല്‌കുന്ന വാക്കുകൾ ഗ്രഹിക്കാനും വിവേകപൂർവമായ ജീവിതം, നീതി, ന്യായം, സത്യസന്ധത എന്നിവ പരിശീലിക്കാനും ഇവ ഉപകരിക്കും. ചഞ്ചലന്മാർക്കു വിവേകവും യുവാക്കൾക്കു ജ്ഞാനവും ലഭിക്കാനും ഈ സുഭാഷിതങ്ങൾ പ്രയോജനപ്പെടും. ഇതു കേട്ട് ജ്ഞാനമുള്ളവന്റെ അറിവു വർധിക്കും. വിവേകശാലിക്ക് മാർഗദർശനം ലഭിക്കും. അങ്ങനെ അവർക്ക് സുഭാഷിതവും ആലങ്കാരിക പ്രയോഗങ്ങളും പ്രതിരൂപ വചനങ്ങളും വൈജ്ഞാനിക സൂക്തങ്ങളും ഗ്രഹിക്കാൻ കഴിയും. ദൈവഭക്തി ജ്ഞാനത്തിന്റെ ഉറവിടം ആകുന്നു. ജ്ഞാനവും പ്രബോധനവും വെറുക്കുന്നവർ ഭോഷന്മാരാകുന്നു. മകനേ, നിന്റെ പിതാവിന്റെ പ്രബോധനം കേൾക്കുക, മാതാവിന്റെ ഉപദേശം തള്ളിക്കളകയുമരുത്. അവ നിന്റെ ശിരസ്സിന് അലങ്കാരവും കഴുത്തിന് ആഭരണവും ആയിരിക്കും. മകനേ, പാപികളുടെ പ്രലോഭനത്തിനു നീ വശംവദനാകരുത്. അവർ പറഞ്ഞേക്കാം: “ഞങ്ങളുടെ കൂടെ വരിക; നമുക്ക് പതിയിരുന്ന് കൊലപാതകം നടത്താം, ഒളിച്ചിരുന്ന് നിഷ്കളങ്കനെ തോന്നിയതുപോലെ കടന്നാക്രമിക്കാം. പാതാളം എന്നപോലെ നമുക്ക് അവരെ ജീവനോടെ വിഴുങ്ങാം. അവർ അഗാധഗർത്തത്തിൽ പതിക്കുന്നവരെപ്പോലെയാകും. നമുക്കു വിലയേറിയ സമ്പത്തു ലഭിക്കും. കൊള്ളമുതൽകൊണ്ടു നമ്മുടെ വീടുകൾ നിറയ്‍ക്കാം. നീ ഞങ്ങളുടെ പങ്കാളിയാകുക. നമുക്കു പണസ്സഞ്ചി ഒന്നേ ഉണ്ടായിരിക്കൂ.” മകനേ, നീ അവരുടെ വഴിയേ പോകരുത്. അവരുടെ പാതയിൽനിന്ന് ഒഴിഞ്ഞു നില്‌ക്കുക. അവർ തിന്മ ചെയ്യാൻ വെമ്പൽകൊള്ളുന്നു. രക്തം ചിന്താൻ തിടുക്കം കൂട്ടുന്നു. പക്ഷി കാൺകെ വല വിരിക്കുന്നതു നിഷ്പ്രയോജനമാണല്ലോ; എന്നാൽ ഇവർ സ്വന്തം ജീവനുവേണ്ടി കെണിവയ്‍ക്കുന്നു. അക്രമത്തിലൂടെ നേട്ടമുണ്ടാക്കുന്നവരുടെ ഗതി ഇതാണ്. അത് അവരുടെ ജീവൻ അപഹരിക്കും. ജ്ഞാനം തെരുവീഥിയിൽനിന്ന് ഉച്ചത്തിൽ ഘോഷിക്കുന്നു; ചന്തസ്ഥലങ്ങളിൽ അവൾ തന്റെ ശബ്ദം കേൾപ്പിക്കുന്നു; മതിലുകളുടെ മുകളിൽ നിന്നുകൊണ്ട് അവൾ ഉദ്ഘോഷിക്കുന്നു. നഗരകവാടങ്ങളിൽനിന്ന് അവൾ പ്രസ്താവിക്കുന്നു. അവിവേകികളേ, എത്രകാലം നിങ്ങൾ അവിവേകം വച്ചു പുലർത്തും? പരിഹാസികൾ എത്രകാലം തങ്ങളുടെ പരിഹാസത്തിൽ രസിക്കും? ഭോഷന്മാരേ, എത്രകാലം നിങ്ങൾ ജ്ഞാനത്തെ വെറുക്കും? എന്റെ ശാസനം ശ്രദ്ധിക്കുക; ഇതാ, ഞാൻ എന്റെ ചിന്തകൾ നിങ്ങൾക്കു പകർന്നുതരുന്നു; എന്റെ വചനങ്ങൾ നിങ്ങൾക്കു ഞാൻ വെളിവാക്കിത്തരുന്നു. ഞാൻ വിളിച്ചിട്ടു നിങ്ങൾ ശ്രദ്ധിച്ചില്ലല്ലോ? ഞാൻ കൈ നീട്ടിയെങ്കിലും ആരും കൂട്ടാക്കിയില്ലല്ലോ? എന്റെ സകല ആലോചനകളും നിങ്ങൾ അവഗണിച്ചു; എന്റെ ശാസനകളെ നിരാകരിച്ചു. അതുകൊണ്ട് നിങ്ങളുടെ അനർഥത്തിൽ ഞാൻ ആഹ്ലാദിക്കും; നിങ്ങൾ സംഭീതരാകുമ്പോൾ ഞാൻ നിങ്ങളെ പരിഹസിക്കും; നിങ്ങളെ കൊടുംഭീതി കൊടുങ്കാറ്റുപോലെയും അനർഥം ചുഴലിക്കാറ്റുപോലെയും ആഞ്ഞടിച്ച് നിങ്ങൾക്ക് കഷ്ടതയും കഠിനവേദനയും ഉണ്ടാകുമ്പോൾ ഞാൻ നിങ്ങളെ പരിഹസിക്കും. അപ്പോൾ നിങ്ങൾ എന്നെ വിളിക്കും; ഞാൻ ഉത്തരം നല്‌കുകയില്ല. നിങ്ങൾ ജാഗ്രതയോടെ എന്നെ അന്വേഷിക്കും; കണ്ടെത്തുകയുമില്ല. നിങ്ങൾ ജ്ഞാനത്തെ വെറുത്തു; ദൈവഭക്തി തള്ളിക്കളഞ്ഞു. നിങ്ങൾ എന്റെ ഉപദേശം വകവച്ചില്ല എന്റെ ശാസന നിരസിച്ചു, സ്വന്തം പ്രവൃത്തികളുടെ ഫലം നിങ്ങൾ അനുഭവിക്കും. നിങ്ങളുടെ ഉപായങ്ങളിൽ നിങ്ങൾക്ക് മടുപ്പുതോന്നും. എന്നെ ഉപേക്ഷിച്ചതുമൂലം അവിവേകികൾ കൊല്ലപ്പെടും. ഭോഷന്മാരുടെ അലംഭാവം അവരെ നശിപ്പിക്കും. എന്നാൽ എന്റെ വാക്കു ശ്രദ്ധിക്കുന്നവൻ സുരക്ഷിതനായി വസിക്കും. അനർഥഭയം കൂടാതെ അവൻ സ്വൈരമായിരിക്കും.
സദൃശവാക്യങ്ങൾ 1:1-33 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യിസ്രായേൽ രാജാവായിരുന്ന ദാവീദിന്‍റെ മകനായ ശലോമോന്റെ സദൃശവാക്യങ്ങൾ. ജ്ഞാനവും പ്രബോധനവും പ്രാപിക്കുവാനും വിവേകവചനങ്ങളെ ഗ്രഹിക്കുവാനും പരിജ്ഞാനം, നീതി, ന്യായം, സത്യം എന്നിവയ്ക്കായി പ്രബോധനം ലഭിക്കുവാനും അല്പബുദ്ധികൾക്ക് സൂക്ഷ്മബുദ്ധിയും ബാലന് പരിജ്ഞാനവും വകതിരിവും നല്കുവാനും ജ്ഞാനി കേട്ടിട്ടു വിദ്യാഭിവൃദ്ധി പ്രാപിക്കുവാനും, ബുദ്ധിമാൻ സദുപദേശം സമ്പാദിക്കുവാനും സദൃശവാക്യങ്ങളും അലങ്കാരവചനങ്ങളും ജ്ഞാനികളുടെ മൊഴികളും കടങ്കഥകളും ഗ്രഹിക്കുവാനും അവ ഉപകരിക്കുന്നു. യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു; ഭോഷന്മാർ ജ്ഞാനവും പ്രബോധനവും നിരസിക്കുന്നു. മകനേ, അപ്പന്റെ പ്രബോധനം കേൾക്കുക; അമ്മയുടെ ഉപദേശം ഉപേക്ഷിക്കുകയും അരുത്; അവ നിന്റെ ശിരസ്സിന് അലങ്കാരമാലയും നിന്റെ കഴുത്തിന് ആഭരണവും ആയിരിക്കും. മകനേ, പാപികൾ നിന്നെ വശീകരിച്ചാൽ അവർക്ക് വഴങ്ങരുത്. “ഞങ്ങളോടുകൂടി വരിക; നാം രക്തത്തിനായി പതിയിരിക്കുക; നിർദ്ദോഷിയെ കാരണംകൂടാതെ പിടിക്കുവാൻ ഒളിച്ചിരിക്കുക. പാതാളംപോലെ അവരെ ജീവനോടെയും കുഴിയിൽ ഇറങ്ങുന്നവരെപ്പോലെ അവരെ സർവ്വാംഗമായും വിഴുങ്ങിക്കളയുക. നമുക്ക് വിലയേറിയ സമ്പത്തൊക്കെയും കിട്ടും; നമ്മുടെ വീടുകളെ കൊള്ളകൊണ്ട് നിറയ്ക്കാം. നിനക്കു ഞങ്ങളോടൊപ്പം തുല്യഓഹരി കിട്ടും; നമുക്ക് എല്ലാവർക്കും സഞ്ചി ഒന്നായിരിക്കും” എന്നിങ്ങനെ അവർ പറഞ്ഞാൽ, മകനേ, നീ അവരുടെ വഴിക്ക് പോകരുത്; നിന്റെ കാൽ അവരുടെ പാതയിൽ വയ്ക്കുകയും അരുത്. അവരുടെ കാൽ ദോഷം ചെയ്യുവാൻ ഓടുന്നു; രക്തം ചൊരിയിക്കുവാൻ അവർ ബദ്ധപ്പെടുന്നു. പക്ഷി കാൺകെ വലവിരിക്കുന്നത് വ്യർത്ഥമല്ലയോ. അവർ സ്വന്ത രക്തത്തിനായി പതിയിരിക്കുന്നു; സ്വന്തപ്രാണഹാനിക്കായി ഒളിച്ചിരിക്കുന്നു. ദുരാഗ്രഹികളായ എല്ലാരുടെയും വഴികൾ അങ്ങനെ തന്നെ; അത് അവരുടെ ജീവനെ എടുത്തുകളയുന്നു. ജ്ഞാനം വീഥിയിൽ ഘോഷിക്കുന്നു; അവൾ വിശാലസ്ഥലത്ത് സ്വരം കേൾപ്പിക്കുന്നു. അവൾ ആരവമുള്ള തെരുക്കളുടെ തലയ്ക്കൽനിന്ന് വിളിക്കുന്നു; നഗരകവാടങ്ങളിലും നഗരത്തിനകത്തും പ്രസ്താവിക്കുന്നത്: “ബുദ്ധിഹീനരേ, നിങ്ങൾ ബുദ്ധീഹിനതയിൽ രസിക്കുകയും പരിഹാസികളേ, നിങ്ങൾ പരിഹാസത്തിൽ സന്തോഷിക്കുകയും ഭോഷന്മാരേ, നിങ്ങൾ പരിജ്ഞാനത്തെ വെറുക്കുകയും ചെയ്യുന്നത് എത്രത്തോളം? എന്‍റെ ശാസനയ്ക്ക് തിരിഞ്ഞുകൊള്ളുവിൻ; ഞാൻ എന്റെ മനസ്സ് നിങ്ങൾക്ക് പകർന്നുതരും; എന്‍റെ വചനങ്ങൾ നിങ്ങളെ അറിയിക്കും. ”ഞാൻ വിളിച്ചിട്ട് നിങ്ങൾ ശ്രദ്ധിക്കാതെയും ഞാൻ കൈ നീട്ടിയിട്ട് ആരും കൂട്ടാക്കാതെയും നിങ്ങൾ എന്റെ ആലോചന എല്ലാം ത്യജിച്ചുകളയുകയും എന്‍റെ ശാസനയെ ഒട്ടും അനുസരിക്കാതിരിക്കുകയും ചെയ്തതുകൊണ്ട് ഞാനും നിങ്ങളുടെ അനർത്ഥദിവസത്തിൽ ചിരിക്കും; നിങ്ങൾ ഭയപ്പെടുന്നത് നിങ്ങൾക്ക് ഭവിക്കുമ്പോൾ പരിഹസിക്കും. നിങ്ങൾ ഭയപ്പെടുന്നത് നിങ്ങൾക്ക് കൊടുങ്കാറ്റുപോലെയും നിങ്ങളുടെ ആപത്ത് ചുഴലിക്കാറ്റുപോലെയും വരുമ്പോൾ, കഷ്ടവും സങ്കടവും നിങ്ങൾക്ക് വരുമ്പോൾ തന്നെ. ”അപ്പോൾ അവർ എന്നെ വിളിക്കും; ഞാൻ ഉത്തരം പറയുകയില്ല. എന്നെ ജാഗ്രതയോടെ അന്വേഷിക്കും; കണ്ടെത്തുകയുമില്ല. അവർ പരിജ്ഞാനത്തെ വെറുത്തുവല്ലോ; യഹോവാഭക്തിയെ തിരഞ്ഞെടുത്തതുമില്ല. അവർ എന്റെ ആലോചന അനുസരിക്കാതെ എന്റെ ശാസന എല്ലാം നിരസിച്ച് കളഞ്ഞതുകൊണ്ട് അവർ സ്വന്തവഴിയുടെ ഫലം അനുഭവിക്കുകയും അവരുടെ ആലോചനകളാൽ തൃപ്തി പ്രാപിക്കുകയും ചെയ്യും. ബുദ്ധിഹീനരുടെ പിന്മാറ്റം അവരെ കൊല്ലും; ഭോഷന്മാരുടെ അലസത അവരെ നശിപ്പിക്കും. എന്റെ വാക്ക് കേൾക്കുന്നവനോ നിർഭയം വസിക്കുകയും ദോഷഭയം കൂടാതെ സ്വൈരമായിരിക്കുകയും ചെയ്യും.”
സദൃശവാക്യങ്ങൾ 1:1-33 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യിസ്രായേൽരാജാവായി ദാവീദിന്റെ മകനായ ശലോമോന്റെ സദൃശവാക്യങ്ങൾ. ജ്ഞാനവും പ്രബോധനവും പ്രാപിപ്പാനും വിവേകവചനങ്ങളെ ഗ്രഹിപ്പാനും പരിജ്ഞാനം, നീതി, ന്യായം, നേർ എന്നിവെക്കായി പ്രബോധനം ലഭിപ്പാനും അല്പബുദ്ധികൾക്കു സൂക്ഷ്മബുദ്ധിയും ബാലന്നു പരിജ്ഞാനവും വകതിരിവും നല്കുവാനും ജ്ഞാനി കേട്ടിട്ടു വിദ്യാഭിവൃദ്ധി പ്രാപിപ്പാനും, ബുദ്ധിമാൻ സദുപദേശം സമ്പാദിപ്പാനും സദൃശവാക്യങ്ങളും അലങ്കാരവചനങ്ങളും ജ്ഞാനികളുടെ മൊഴികളും കടങ്കഥകളും മനസ്സിലാക്കുവാനും അവ ഉതകുന്നു. യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു; ഭോഷന്മാരോ ജ്ഞാനവും പ്രബോധനവും നിരസിക്കുന്നു. മകനേ, അപ്പന്റെ പ്രബോധനം കേൾക്ക; അമ്മയുടെ ഉപദേശം ഉപേക്ഷിക്കയുമരുതു; അവ നിന്റെ ശിരസ്സിന്നു അലങ്കാരമാലയും നിന്റെ കഴുത്തിന്നു സരപ്പളിയും ആയിരിക്കും. മകനേ, പാപികൾ നിന്നെ വശീകരിച്ചാൽ വഴിപ്പെട്ടുപോകരുതു. ഞങ്ങളോടുകൂടെ വരിക; നാം രക്തത്തിന്നായി പതിയിരിക്ക; നിർദ്ദോഷിയെ കാരണം കൂടാതെ പിടിപ്പാൻ ഒളിച്ചിരിക്ക. പാതാളംപോലെ അവരെ ജീവനോടെയും കുഴിയിൽ ഇറങ്ങുന്നവരെപ്പോലെ അവരെ സർവ്വാംഗമായും വിഴുങ്ങിക്കളക. നമുക്കു വിലയേറിയ സമ്പത്തൊക്കെയും കിട്ടും; നമ്മുടെ വീടുകളെ കൊള്ളകൊണ്ടു നിറെക്കാം. നിനക്കു ഞങ്ങളോടുകൂടെ സമാംശം കിട്ടും; നമുക്കു എല്ലാവർക്കും സഞ്ചി ഒന്നായിരിക്കും; എന്നിങ്ങനെ അവർ പറഞ്ഞാൽ, മകനേ, നീ അവരുടെ വഴിക്കു പോകരുതു; നിന്റെ കാൽ അവരുടെ പാതയിൽ വെക്കയുമരുതു. അവരുടെ കാൽ ദോഷം ചെയ്വാൻ ഓടുന്നു; രക്തം ചൊരിയിപ്പാൻ അവർ ബദ്ധപ്പെടുന്നു. പക്ഷി കാൺകെ വലവിരിക്കുന്നതു വ്യർത്ഥമല്ലോ. അവർ സ്വന്ത രക്തത്തിന്നായി പതിയിരിക്കുന്നു; സ്വന്തപ്രാണഹാനിക്കായി ഒളിച്ചിരിക്കുന്നു. ദുരാഗ്രഹികളായ ഏവരുടെയും വഴികൾ അങ്ങനെ തന്നേ; അതു അവരുടെ ജീവനെ എടുത്തുകളയുന്നു. ജ്ഞാനമായവൾ വീഥിയിൽ ഘോഷിക്കുന്നു; വിശാലസ്ഥലത്തു സ്വരം കേൾപ്പിക്കുന്നു. അവൾ ആരവമുള്ള തെരുക്കളുടെ തലെക്കൽനിന്നു വിളിക്കുന്നു; നഗരദ്വാരങ്ങളിലും നഗരത്തിന്നകത്തും പ്രസ്താവിക്കുന്നതു: ബുദ്ധിഹീനരേ, നിങ്ങൾ ബുദ്ധീഹിനതയിൽ രസിക്കയും പരിഹാസികളേ, നിങ്ങൾ പരിഹാസത്തിൽ സന്തോഷിക്കയും ഭോഷന്മാരേ, നിങ്ങൾ പരിജ്ഞാനത്തെ വെറുക്കയും ചെയ്യുന്നതു എത്രത്തോളം? എന്റെ ശാസനെക്കു തിരിഞ്ഞുകൊൾവിൻ; ഞാൻ എന്റെ മനസ്സു നിങ്ങൾക്കു പൊഴിച്ചു തരും; എന്റെ വചനങ്ങൾ നിങ്ങളെ അറിയിക്കും. ഞാൻ വിളിച്ചിട്ടു നിങ്ങൾ ശ്രദ്ധിക്കാതെയും ഞാൻ കൈ നീട്ടീട്ടു ആരും കൂട്ടാക്കാതെയും നിങ്ങൾ എന്റെ ആലോചന ഒക്കെയും ത്യജിച്ചുകളകയും എന്റെ ശാസനയെ ഒട്ടും അനുസരിക്കാതിരിക്കയും ചെയ്തതുകൊണ്ടു ഞാനും നിങ്ങളുടെ അനർത്ഥദിവസത്തിൽ ചിരിക്കും; നിങ്ങൾ ഭയപ്പെടുന്നതു നിങ്ങൾക്കു ഭവിക്കുമ്പോൾ പരിഹസിക്കും. നിങ്ങൾ ഭയപ്പെടുന്നതു നിങ്ങൾക്കു കൊടുങ്കാറ്റുപോലെയും നിങ്ങളുടെ ആപത്തു ചുഴലിക്കാറ്റുപോലെയും വരുമ്പോൾ, കഷ്ടവും സങ്കടവും നിങ്ങൾക്കു വരുമ്പോൾ തന്നേ. അപ്പോൾ അവർ എന്നെ വിളിക്കും; ഞാൻ ഉത്തരം പറകയില്ല. എന്നെ ജാഗ്രതയോടെ അന്വേഷിക്കും; കണ്ടെത്തുകയുമില്ല. അവർ പരിജ്ഞാനത്തെ വെറുത്തല്ലോ; യഹോവാഭക്തിയെ തിരഞ്ഞെടുത്തതുമില്ല. അവർ എന്റെ ആലോചന അനുസരിക്കാതെ എന്റെ ശാസന ഒക്കെയും നിരസിച്ചു കളഞ്ഞതുകൊണ്ടു അവർ സ്വന്തവഴിയുടെ ഫലം അനുഭവിക്കയും തങ്ങളുടെ ആലോചനകളാൽ തൃപ്തി പ്രാപിക്കയും ചെയ്യും. ബുദ്ധിഹീനരുടെ പിന്മാറ്റം അവരെ കൊല്ലും; ഭോഷന്മാരുടെ നിശ്ചിന്ത അവരെ നശിപ്പിക്കും. എന്റെ വാക്കു കേൾക്കുന്നവനോ നിർഭയം വസിക്കയും ദോഷഭയം കൂടാതെ സ്വൈരമായിരിക്കയും ചെയ്യും.
സദൃശവാക്യങ്ങൾ 1:1-33 സമകാലിക മലയാളവിവർത്തനം (MCV)
ദാവീദിന്റെ പുത്രനും ഇസ്രായേൽരാജാവുമായ ശലോമോന്റെ സുഭാഷിതങ്ങൾ: മനുഷ്യർക്കു ജ്ഞാനവും ശിക്ഷണവും നേടുന്നതിനും വിവേകവചനങ്ങൾ ഗ്രഹിക്കുന്നതിനും; പരിജ്ഞാനത്തോടെയുള്ള പെരുമാറ്റം, നീതി, ന്യായം, ഔചിത്യം എന്നിവയ്ക്കുള്ള പ്രബോധനം ലഭിക്കാനും; ലളിതമാനസർക്കു കാര്യപ്രാപ്തിയും, യുവാക്കൾക്കു പരിജ്ഞാനവും വകതിരിവും പ്രദാനംചെയ്യുന്നതിനും— ഈ സുഭാഷിതങ്ങൾ കേട്ട് ജ്ഞാനി തന്റെ അറിവ് വർധിപ്പിക്കുന്നതിനും വിവേകികൾ മാർഗദർശനം നേടുന്നതിനും— സുഭാഷിതങ്ങളും സാദൃശ്യകഥകളും സൂക്തങ്ങളും കടങ്കഥകളും ഗ്രഹിക്കുന്നതിനും ഇവ പ്രയോജനപ്രദമാകും. യഹോവാഭക്തി പരിജ്ഞാനത്തിന്റെ ഉറവിടമാകുന്നു എന്നാൽ ഭോഷർ ജ്ഞാനവും ശിക്ഷണവും നിരാകരിക്കുന്നു. എന്റെ കുഞ്ഞേ, നിന്റെ പിതാവിന്റെ ശിക്ഷണം ശ്രദ്ധിക്കുകയും നിന്റെ മാതാവിന്റെ ഉപദേശം അവഗണിക്കുകയും അരുത്. അവ നിന്റെ ശിരസ്സിന് അഴകേകുന്ന ഒരു ലതാമകുടവും നിന്റെ കഴുത്തിൽ ഒരു അലങ്കാരഹാരവും ആയിരിക്കും. എന്റെ കുഞ്ഞേ, പാപികൾ നിന്നെ വശീകരിച്ചാൽ, അവർക്കു വിധേയപ്പെട്ടുപോകരുത്. അവർ ഇപ്രകാരം പറഞ്ഞേക്കാം: “ഞങ്ങളോടൊപ്പം വരൂ; നമുക്കു രക്തത്തിനായി പതിയിരിക്കാം, ഒരു വിനോദത്തിനായി, നിരുപദ്രവകാരിക്കെതിരേ കരുക്കൾനീക്കാം; പാതാളമെന്നപോലെ നമുക്കവരെ ജീവനോടെ വിഴുങ്ങാം, ശവക്കുഴിയിലേക്കു നിപതിക്കുന്നവരെപ്പോലെ നമുക്കവരെ മുഴുവനായി വിഴുങ്ങിക്കളയാം; വിവിധതരം അമൂല്യവസ്തുക്കൾ നമുക്കു പിടിച്ചെടുക്കാം നമ്മുടെ വീടുകൾ കൊള്ളമുതൽകൊണ്ടു നിറയ്ക്കാം; ഞങ്ങളോടൊപ്പം പങ്കുചേരൂ; നമുക്കെല്ലാവർക്കും ഒരു പണസഞ്ചിയിൽനിന്നു പങ്കുപറ്റാം”— എന്റെ കുഞ്ഞേ, അവരോടൊപ്പം പോകരുതേ, അവരുടെ പാതകളിൽ പാദം പതിയുകയുമരുതേ; കാരണം അവരുടെ പാദം തിന്മപ്രവൃത്തികളിലേക്ക് ദ്രുതഗമനംചെയ്യുന്നു, രക്തം ചിന്തുന്നതിന് അവർ തിടുക്കംകൂട്ടുന്നു. പക്ഷികൾ നോക്കിക്കൊണ്ടിരിക്കുമ്പോൾ വല വിരിക്കുന്നത് എത്ര നിരർഥകം! എന്നാൽ ഈ മനുഷ്യർ സ്വരക്തത്തിനായിത്തന്നെ പതിയിരിക്കുന്നു; അവർ സ്വന്തം ജീവനായിത്തന്നെ വല വിരിക്കുന്നു! അതിക്രമങ്ങളിലൂടെ നേട്ടങ്ങൾ കൊയ്യുന്നവരുടെയെല്ലാം ഗതി ഇപ്രകാരംതന്നെയാണ്; കൈവശമാക്കുന്നവരുടെ ജീവനെത്തന്നെ അത് അപഹരിക്കുന്നു. തെരുവോരങ്ങളിൽനിന്നു ജ്ഞാനം ഉദ്ഘോഷിക്കുന്നു, ചത്വരങ്ങളിൽനിന്ന് അവൾ ശബ്ദമുയർത്തുന്നു; ശബ്ദമുഖരിതമായ തെരുക്കോണിൽനിന്ന് അവൾ ഉറക്കെ വിളിച്ചുപറയുന്നു, നഗരകവാടത്തിൽ അവൾ പ്രഭാഷണം നടത്തുന്നു: “ലളിതമാനസരേ, എത്രനാൾ നിങ്ങൾ നിങ്ങളുടെ മൂഢതയിൽ അഭിരമിക്കും? പരിഹാസികളേ, എത്രനാൾ നിങ്ങൾ നിങ്ങളുടെ പരിഹാസത്തിൽ രസിക്കും? ഭോഷരേ, എത്രനാൾ നിങ്ങൾ പരിജ്ഞാനത്തെ വെറുക്കും? എന്റെ ശാസനകേട്ട് അനുതപിക്കുക. അപ്പോൾ എന്റെ ഹൃദയം ഞാൻ നിങ്ങളുമായി പങ്കുവെക്കും, എന്റെ ഉപദേശങ്ങൾ ഞാൻ നിങ്ങളെ അറിയിക്കും. എന്നാൽ ഞാൻ നിങ്ങളെ വിളിച്ചപ്പോൾ നിങ്ങൾ വന്നില്ല; സഹായവാഗ്ദാനവുമായി ഞാൻ നിങ്ങളെ സമീപിച്ചു; ആരും ഗൗനിച്ചതുമില്ല. എന്റെ ഉപദേശങ്ങളെല്ലാം നിങ്ങൾ നിരാകരിച്ചു; എന്റെ ശാസന സ്വീകരിച്ചതുമില്ല. അതുകൊണ്ടു ഞാൻ നിങ്ങളുടെ ദുരന്തങ്ങളിൽ പുഞ്ചിരിക്കും; അത്യാഹിതങ്ങൾ നിങ്ങളെ തകിടംമറിക്കുമ്പോൾ ഞാൻ പരിഹസിക്കും— അത്യാഹിതങ്ങൾ ഒരു കൊടുങ്കാറ്റുപോലെ നിങ്ങൾക്കുമേൽ ആഞ്ഞടിക്കുമ്പോൾ, ദുരന്തങ്ങൾ ചുഴലിക്കാറ്റുപോലെ നിങ്ങളെ തൂത്തെറിയുമ്പോൾ, ദുരിതവും വ്യഥയും നിങ്ങളെ കീഴടക്കുമ്പോൾത്തന്നെ. “അപ്പോൾ അവർ എന്നോട് കേണപേക്ഷിക്കും, എന്നാൽ ഞാൻ ഉത്തരം അരുളുകയില്ല; അവർ ഉത്കണ്ഠയോടെ എന്നെ അന്വേഷിച്ചുനടക്കും, എങ്കിലും കണ്ടെത്തുകയില്ല, അവർ പരിജ്ഞാനത്തെ വെറുത്തു യഹോവയെ ഭയപ്പെടുന്നത് തെരഞ്ഞെടുത്തതുമില്ല. അവർ എന്റെ ഉപദേശം തിരസ്കരിച്ച് ശാസനയെ പുച്ഛിച്ചു, അതുകൊണ്ട് അവർ തങ്ങളുടെ കർമഫലം അനുഭവിക്കും അവരുടെ ദുരുപായങ്ങളുടെ ഫലംകൊണ്ട് അവർക്കു ശ്വാസംമുട്ടും. ലളിതമാനസരുടെ അപഥസഞ്ചാരം അവരെ മരണത്തിലേക്കു തള്ളിയിടും, ഭോഷരുടെ അലംഭാവം അവരെ നശിപ്പിക്കും; എന്നാൽ എന്റെ വാക്കു കേൾക്കുന്നവർ സുരക്ഷിതരായി ജീവിക്കും അനർഥഭീതികൂടാതെ സ്വസ്ഥരായിരിക്കുകയും ചെയ്യും.”