ഫിലിപ്പിയർ 1:7-11

ഫിലിപ്പിയർ 1:7-11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

കൃപയിൽ എനിക്കു കൂട്ടാളികളായ നിങ്ങളെയൊക്കെയും എന്റെ ബന്ധനങ്ങളിലും സുവിശേഷത്തിന്റെ പ്രതിവാദത്തിലും സ്ഥിരീകരണത്തിലും ഞാൻ എന്റെ ഹൃദയത്തിൽ വഹിച്ചിരിക്കകൊണ്ട് അങ്ങനെ നിങ്ങളെയെല്ലാവരെയും കുറിച്ച് വിചാരിക്കുന്നത് എനിക്ക് ന്യായമല്ലോ. ക്രിസ്തുയേശുവിന്റെ ആർദ്രതയോടെ ഞാൻ നിങ്ങളെ എല്ലാവരെയും കാൺമാൻ എത്ര വാഞ്ഛിക്കുന്നു എന്നതിനു ദൈവം സാക്ഷി. നിങ്ങളുടെ സ്നേഹം മേല്ക്കുമേൽ പരിജ്ഞാനത്തിലും സകല വിവേകത്തിലും വർധിച്ചു വന്നിട്ട് നിങ്ങൾ ഭേദാഭേദങ്ങളെ വിവേചിപ്പാറാകേണം എന്നും ക്രിസ്തുവിന്റെ നാളിലേക്കു നിർമ്മലന്മാരും ഇടർച്ചയില്ലാത്തവരും ദൈവത്തിന്റെ മഹത്ത്വത്തിനും പുകഴ്ചയ്ക്കുമായിട്ടു യേശുക്രിസ്തുവിനാൽ നീതിഫലം നിറഞ്ഞവരുമായിത്തീരേണം എന്നും ഞാൻ പ്രാർഥിക്കുന്നു.

ഫിലിപ്പിയർ 1:7-11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

നിങ്ങളെ എല്ലാവരെയും എന്റെ ഹൃദയത്തിൽ വഹിച്ചിരിക്കുന്നതുകൊണ്ട്, നിങ്ങളെപ്പറ്റി ഇപ്രകാരമെല്ലാം വിചാരിക്കുന്നത് യുക്തമാണല്ലോ. എന്തുകൊണ്ടെന്നാൽ എന്റെ കാരാഗൃഹവാസത്തിലും അതുപോലെ തന്നെ സുവിശേഷത്തിനുവേണ്ടി പ്രതിവാദം നടത്തുകയും അതിനെ ഉറപ്പിക്കുകയും ചെയ്യുവാൻ ദൈവം എനിക്കു നല്‌കിയ ഈ പദവിയിലും നിങ്ങളെല്ലാവരും പങ്കാളികളായിരുന്നല്ലോ. ക്രിസ്തുയേശുവിന്റെ പ്രീതിവാത്സല്യങ്ങളോടുകൂടി നിങ്ങളെ എല്ലാവരെയും കാണുവാൻ ഞാൻ എത്ര അധികമായി ആഗ്രഹിക്കുന്നു എന്നതിന് എന്റെ ദൈവം സാക്ഷി. ഉത്തമമായതു തിരഞ്ഞെടുക്കുവാൻ നിങ്ങൾ പ്രാപ്തരാകുന്നതിനു പര്യാപ്തമായ പരിജ്ഞാനത്തോടും, വിവേചനബുദ്ധിയോടുംകൂടി നിങ്ങളുടെ സ്നേഹം മേല്‌ക്കുമേൽ വർധിച്ചുവരട്ടെ എന്നു ഞാൻ പ്രാർഥിക്കുന്നു. അങ്ങനെ ക്രിസ്തുവിന്റെ പ്രത്യാഗമനദിവസത്തിൽ നിങ്ങൾ വിശുദ്ധിയും നൈർമല്യവും ഉള്ളവരായിത്തീരും. ദൈവത്തിന്റെ മഹത്ത്വത്തിനും സ്തുതിക്കുംവേണ്ടി യേശുക്രിസ്തുവിൽകൂടി ദൈവം നമ്മെ സ്വീകരിക്കുന്നതിന്റെ ഫലങ്ങൾകൊണ്ട് നിങ്ങൾ നിറയുകയും ചെയ്യും.

ഫിലിപ്പിയർ 1:7-11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

എന്‍റെ ബന്ധനങ്ങളിലും സുവിശേഷത്തിന്‍റെ പ്രതിവാദത്തിലും സ്ഥിരീകരണത്തിലും, കൃപയിൽ എനിക്ക് കൂട്ടാളികളായ നിങ്ങളെ ഒക്കെയും ഞാൻ എന്‍റെ ഹൃദയത്തിൽ വഹിച്ചിരിക്കുകകൊണ്ട് നിങ്ങളെ എല്ലാവരെയും കുറിച്ച് അങ്ങനെ വിചാരിക്കുന്നത് എനിക്ക് ന്യായമല്ലോ. ക്രിസ്തുയേശുവിൻ്റെ ആർദ്രതയോടെ ഞാൻ നിങ്ങളെ എല്ലാവരെയും കാണുവാൻ എത്ര വാഞ്ചിക്കുന്നു എന്നതിന് ദൈവം സാക്ഷി. നിങ്ങളുടെ സ്നേഹം മേല്ക്കുമേൽ ജ്ഞാനത്തിലും സകലവിവേചനത്തിലും വർദ്ധിച്ചു വന്നിട്ട് ക്രിസ്തുവിന്‍റെ നാളിലേക്ക് നിഷ്കളങ്കരും കുറ്റമില്ലാത്തവരുമായി, നിങ്ങൾ ഉത്തമമായത് അംഗീകരിച്ച്, ദൈവത്തിന്‍റെ മഹത്വത്തിനും പുകഴ്ചയ്ക്കുമായിട്ട് യേശുക്രിസ്തുവിനാൽ നീതിഫലങ്ങൾ നിറഞ്ഞവരാകുവാൻ ഞാൻ പ്രാർത്ഥിക്കുന്നു.

ഫിലിപ്പിയർ 1:7-11 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

കൃപയിൽ എനിക്കു കൂട്ടാളികളായ നിങ്ങളെ ഒക്കെയും എന്റെ ബന്ധനങ്ങളിലും സുവിശേഷത്തിന്റെ പ്രതിവാദത്തിലും സ്ഥിരീകരണത്തിലും ഞാൻ എന്റെ ഹൃദയത്തിൽ വഹിച്ചിരിക്കകൊണ്ടു അങ്ങനെ നിങ്ങളെ എല്ലാവരെയും കുറിച്ചു വിചാരിക്കുന്നതു എനിക്കു ന്യായമല്ലോ. ക്രിസ്തുയേശുവിന്റെ ആർദ്രതയോടെ ഞാൻ നിങ്ങളെ എല്ലാവരെയും കാണ്മാൻ എത്ര വാഞ്ഛിക്കുന്നു എന്നതിന്നു ദൈവം സാക്ഷി. നിങ്ങളുടെ സ്നേഹം മേല്ക്കുമേൽ പരിജ്ഞാനത്തിലും സകലവിവേകത്തിലും വർദ്ധിച്ചു വന്നിട്ടു നിങ്ങൾ ഭേദാഭേദങ്ങളെ വിവേചിപ്പാറാകേണം എന്നും ക്രിസ്തുവിന്റെ നാളിലേക്കു നിർമ്മലന്മാരും ഇടർച്ചയില്ലാത്തവരും ദൈവത്തിന്റെ മഹത്വത്തിന്നും പുകഴ്ചെക്കുമായിട്ടു യേശുക്രിസ്തുവിനാൽ നീതിഫലം നിറഞ്ഞവരുമായി തീരേണം എന്നും ഞാൻ പ്രാർത്ഥിക്കുന്നു.

ഫിലിപ്പിയർ 1:7-11 സമകാലിക മലയാളവിവർത്തനം (MCV)

എന്റെ കാരാഗൃഹവാസത്തിലും സുവിശേഷത്തിന് അനുകൂലമായി വാദിച്ച് അതുറപ്പിക്കുന്ന എന്റെ ശുശ്രൂഷയിലും നിങ്ങളെല്ലാവരും എന്നോടൊപ്പം ദൈവകൃപയിൽ പങ്കുവഹിച്ചു. അതുകൊണ്ട് നിങ്ങളെല്ലാവരും എനിക്ക് വളരെ പ്രിയരാണ്. ഇങ്ങനെ നിങ്ങളെ എല്ലാവരെപ്പറ്റിയും ചിന്തിക്കുന്നത് യുക്തമാണല്ലോ. ക്രിസ്തുയേശുവിന് നിങ്ങളോടുള്ള അതേ വാത്സല്യത്തോടെ നിങ്ങളെയെല്ലാം കാണാൻ ഞാൻ എത്ര ആഗ്രഹിക്കുന്നു എന്നതിനു ദൈവംതന്നെ സാക്ഷി. ആഴത്തിലുള്ള അറിവിലും തികഞ്ഞ വിവേകത്തിലും നിങ്ങളുടെ സ്നേഹം അധികമധികം വർധിച്ചുവന്ന് നിങ്ങൾ ഏറ്റവും അമൂല്യമായതുതന്നെ തെരഞ്ഞെടുത്തുകൊണ്ട് ക്രിസ്തുവിന്റെ പുനരാഗമനംവരെ നിർമലരും കളങ്കരഹിതരും ആയി ജീവിക്കാൻ ഇടയാകട്ടെ എന്നു ഞാൻ പ്രാർഥിക്കുന്നു. തന്നെയുമല്ല, യേശുക്രിസ്തുവിലൂടെമാത്രം ലഭ്യമാകുന്ന നീതിയുടെ ഫലങ്ങൾ ദൈവത്തിന്റെ മഹത്ത്വത്തിനും പുകഴ്ചയ്ക്കുമായി നിങ്ങളിൽ നിറയട്ടെ എന്നും ഞാൻ പ്രാർഥിക്കുന്നു.