ഫിലിപ്പിയർ 1:1-18
ഫിലിപ്പിയർ 1:1-18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ക്രിസ്തുയേശുവിന്റെ ദാസന്മാരായ പൗലൊസും തിമൊഥെയൊസും ഫിലിപ്പിയിൽ ക്രിസ്തുയേശുവിലുള്ള സകല വിശുദ്ധന്മാർക്കും അധ്യക്ഷന്മാർക്കും ശുശ്രൂഷകന്മാർക്കും കൂടെ എഴുതുന്നത്: നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നും കർത്താവായ ക്രിസ്തുയേശുവിങ്കൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. ഞാൻ നിങ്ങൾക്ക് എല്ലാവർക്കുംവേണ്ടി കഴിക്കുന്ന സകല പ്രാർഥനയിലും എപ്പോഴും സന്തോഷത്തോടെ പ്രാർഥിച്ചും നിങ്ങളിൽ നല്ല പ്രവൃത്തിയെ ആരംഭിച്ചവൻ യേശുക്രിസ്തുവിന്റെ നാളോളം അതിനെ തികയ്ക്കും എന്ന് ഉറപ്പായി വിശ്വസിച്ചുമിരിക്കുന്നു. ഒന്നാം നാൾമുതൽ ഇതുവരെയും സുവിശേഷഘോഷണത്തിൽ നിങ്ങൾക്കുള്ള കൂട്ടായ്മ നിമിത്തം ഞാൻ നിങ്ങളെ ഓർക്കുമ്പോഴൊക്കെയും എന്റെ ദൈവത്തിനു സ്തോത്രം ചെയ്യുന്നു. കൃപയിൽ എനിക്കു കൂട്ടാളികളായ നിങ്ങളെയൊക്കെയും എന്റെ ബന്ധനങ്ങളിലും സുവിശേഷത്തിന്റെ പ്രതിവാദത്തിലും സ്ഥിരീകരണത്തിലും ഞാൻ എന്റെ ഹൃദയത്തിൽ വഹിച്ചിരിക്കകൊണ്ട് അങ്ങനെ നിങ്ങളെയെല്ലാവരെയും കുറിച്ച് വിചാരിക്കുന്നത് എനിക്ക് ന്യായമല്ലോ. ക്രിസ്തുയേശുവിന്റെ ആർദ്രതയോടെ ഞാൻ നിങ്ങളെ എല്ലാവരെയും കാൺമാൻ എത്ര വാഞ്ഛിക്കുന്നു എന്നതിനു ദൈവം സാക്ഷി. നിങ്ങളുടെ സ്നേഹം മേല്ക്കുമേൽ പരിജ്ഞാനത്തിലും സകല വിവേകത്തിലും വർധിച്ചു വന്നിട്ട് നിങ്ങൾ ഭേദാഭേദങ്ങളെ വിവേചിപ്പാറാകേണം എന്നും ക്രിസ്തുവിന്റെ നാളിലേക്കു നിർമ്മലന്മാരും ഇടർച്ചയില്ലാത്തവരും ദൈവത്തിന്റെ മഹത്ത്വത്തിനും പുകഴ്ചയ്ക്കുമായിട്ടു യേശുക്രിസ്തുവിനാൽ നീതിഫലം നിറഞ്ഞവരുമായിത്തീരേണം എന്നും ഞാൻ പ്രാർഥിക്കുന്നു. സഹോദരന്മാരേ, എനിക്കു ഭവിച്ചത് സുവിശേഷത്തിന്റെ അഭിവൃദ്ധിക്കു കാരണമായിത്തീർന്നു എന്ന് നിങ്ങൾ അറിവാൻ ഞാൻ ഇച്ഛിക്കുന്നു. എന്റെ ബന്ധനങ്ങൾ ക്രിസ്തു നിമിത്തമാകുന്നു എന്ന് അകമ്പടിപട്ടാളത്തിലൊക്കെയും ശേഷം എല്ലാവർക്കും തെളിവായി വരികയും സഹോദരന്മാർ മിക്കപേരും എന്റെ ബന്ധനങ്ങളാൽ കർത്താവിൽ ധൈര്യം പൂണ്ടു ദൈവത്തിന്റെ വചനം ഭയം കൂടാതെ പ്രസ്താവിപ്പാൻ അധികം തുനിയുകയും ചെയ്തിരിക്കുന്നു. ചിലർ ക്രിസ്തുവിനെ അസൂയയും പിണക്കവും നിമിത്തം പ്രസംഗിക്കുന്നു; ചിലരോ നല്ല മനസ്സോടെ തന്നെ. അവർ സുവിശേഷത്തിന്റെ പ്രതിവാദത്തിനായിട്ടു ഞാൻ ഇവിടെ കിടക്കുന്നു എന്ന് അറിഞ്ഞിട്ട് അത് സ്നേഹത്താൽ ചെയ്യുന്നു. മറ്റവരോ എന്റെ ബന്ധനങ്ങളിൽ എനിക്കു ക്ലേശം വരുത്തുവാൻ ഭാവിച്ചുകൊണ്ട് നിർമ്മലതയോടെയല്ല ശാഠ്യത്താൽ അത്രേ ക്രിസ്തുവിനെ പ്രസംഗിക്കുന്നത്. പിന്നെ എന്ത്? നാട്യമായിട്ടോ പരമാർഥമായിട്ടോ ഏതുവിധമായാലും ക്രിസ്തുവിനെ അല്ലോ പ്രസംഗിക്കുന്നത്. ഇതിൽ ഞാൻ സന്തോഷിക്കുന്നു; ഇനിയും സന്തോഷിക്കും.
ഫിലിപ്പിയർ 1:1-18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ക്രിസ്തുയേശുവിന്റെ സേവകരായ പൗലൊസും തിമൊഥെയോസും, ഫിലിപ്പിയിലെ സഭാമേലധ്യക്ഷന്മാർക്കും ശുശ്രൂഷകർക്കും ക്രിസ്തുയേശുവിനോട് ഏകീഭവിച്ചിട്ടുള്ള സകല ദൈവജനങ്ങൾക്കും എഴുതുന്നത്: നമ്മുടെ പിതാവായ ദൈവത്തിൽനിന്നും കർത്താവായ യേശുക്രിസ്തുവിൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ലഭിക്കട്ടെ. നിങ്ങളെ ഓർമിക്കുമ്പോഴെല്ലാം എന്റെ ദൈവത്തിനു ഞാൻ സ്തോത്രം ചെയ്യുന്നു. നിങ്ങൾക്കെല്ലാവർക്കുംവേണ്ടി ഞാൻ പ്രാർഥിക്കുമ്പോഴെല്ലാം ആനന്ദത്തോടുകൂടിയാണു പ്രാർഥിക്കുന്നത്. ആദിമുതൽ ഇന്നുവരെയും സുവിശേഷ പ്രചാരണത്തിൽ നിങ്ങൾ വഹിച്ചിട്ടുള്ള പങ്കിൽ ദൈവത്തോടു ഞാൻ അതീവ കൃതജ്ഞനുമാണ്. ഈ നല്ല പ്രവൃത്തി നിങ്ങളിൽ ആരംഭിച്ച ദൈവം, ക്രിസ്തുയേശുവിന്റെ പ്രത്യാഗമനനാൾവരെ, അതു തുടർന്നു പൂർത്തിയാക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങളെ എല്ലാവരെയും എന്റെ ഹൃദയത്തിൽ വഹിച്ചിരിക്കുന്നതുകൊണ്ട്, നിങ്ങളെപ്പറ്റി ഇപ്രകാരമെല്ലാം വിചാരിക്കുന്നത് യുക്തമാണല്ലോ. എന്തുകൊണ്ടെന്നാൽ എന്റെ കാരാഗൃഹവാസത്തിലും അതുപോലെ തന്നെ സുവിശേഷത്തിനുവേണ്ടി പ്രതിവാദം നടത്തുകയും അതിനെ ഉറപ്പിക്കുകയും ചെയ്യുവാൻ ദൈവം എനിക്കു നല്‌കിയ ഈ പദവിയിലും നിങ്ങളെല്ലാവരും പങ്കാളികളായിരുന്നല്ലോ. ക്രിസ്തുയേശുവിന്റെ പ്രീതിവാത്സല്യങ്ങളോടുകൂടി നിങ്ങളെ എല്ലാവരെയും കാണുവാൻ ഞാൻ എത്ര അധികമായി ആഗ്രഹിക്കുന്നു എന്നതിന് എന്റെ ദൈവം സാക്ഷി. ഉത്തമമായതു തിരഞ്ഞെടുക്കുവാൻ നിങ്ങൾ പ്രാപ്തരാകുന്നതിനു പര്യാപ്തമായ പരിജ്ഞാനത്തോടും, വിവേചനബുദ്ധിയോടുംകൂടി നിങ്ങളുടെ സ്നേഹം മേല്‌ക്കുമേൽ വർധിച്ചുവരട്ടെ എന്നു ഞാൻ പ്രാർഥിക്കുന്നു. അങ്ങനെ ക്രിസ്തുവിന്റെ പ്രത്യാഗമനദിവസത്തിൽ നിങ്ങൾ വിശുദ്ധിയും നൈർമല്യവും ഉള്ളവരായിത്തീരും. ദൈവത്തിന്റെ മഹത്ത്വത്തിനും സ്തുതിക്കുംവേണ്ടി യേശുക്രിസ്തുവിൽകൂടി ദൈവം നമ്മെ സ്വീകരിക്കുന്നതിന്റെ ഫലങ്ങൾകൊണ്ട് നിങ്ങൾ നിറയുകയും ചെയ്യും. സഹോദരരേ, എനിക്കു സംഭവിച്ചതെല്ലാം യഥാർഥത്തിൽ സുവിശേഷത്തിന്റെ പുരോഗതിക്കു സഹായകരമായിത്തീർന്നു എന്നു നിങ്ങൾ മനസ്സിലാക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. ക്രിസ്തുവിനെപ്രതിയാണ് ഞാൻ കാരാഗൃഹത്തിൽ ആയിരിക്കുന്നത് എന്ന് എല്ലാ അകമ്പടിപ്പട്ടാളക്കാർക്കും ഇവിടെയുള്ള മറ്റെല്ലാവർക്കും ബോധ്യമായിരിക്കുന്നു. ഞാൻ തടവിലായതു മൂലം സഹോദരന്മാരിൽ മിക്കപേർക്കും കർത്താവിലുള്ള വിശ്വാസം ഉറയ്‍ക്കുകയും ദൈവത്തിന്റെ സന്ദേശം നിർഭയം പ്രഘോഷിക്കുന്നതിനുള്ള ധൈര്യം വർധിക്കുകയും ചെയ്തിരിക്കുന്നു. ചിലർ ക്രിസ്തുവിന്റെ സുവിശേഷം പ്രഘോഷിക്കുന്നത് അസൂയയും പിണക്കവും കൊണ്ടാണെന്ന് വ്യക്തമാണ്. മറ്റു ചിലരാകട്ടെ ആത്മാർഥമായ സന്മനസ്സോടുകൂടി പ്രസംഗിക്കുന്നു. എന്നോടുള്ള സ്നേഹത്തിന്റെ പേരിലാണ് അവർ അപ്രകാരം ചെയ്യുന്നത്. എന്തെന്നാൽ സുവിശേഷത്തിന്റെ സംരക്ഷണത്തിനുവേണ്ടിയാണ് എന്നെ നിയോഗിച്ചിരിക്കുന്നതെന്ന് അവർക്കറിയാം. ആദ്യത്തെ കൂട്ടർ ആത്മാർഥതകൊണ്ടല്ല പിന്നെയോ കക്ഷിതാത്പര്യംകൊണ്ടാണ് ക്രിസ്തുവിനെ വിളംബരം ചെയ്യുന്നത്; ബന്ധനസ്ഥനായ എന്നെ കൂടുതൽ ക്ലേശിപ്പിക്കാമെന്നത്രേ അവർ കരുതുന്നത്. അതു സാരമില്ല! ഉദ്ദേശ്യം ശരിയോ തെറ്റോ ആയിക്കൊള്ളട്ടെ. എങ്ങനെയായാലും ക്രിസ്തുവിനെക്കുറിച്ചാണല്ലോ പ്രസംഗിക്കുന്നതെന്ന് ഓർക്കുമ്പോൾ എനിക്കു സന്തോഷമേയുള്ളൂ; ഈ സന്തോഷത്തിൽ ഞാൻ തുടരുകയും ചെയ്യും.
ഫിലിപ്പിയർ 1:1-18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ക്രിസ്തുയേശുവിൻ്റെ ദാസന്മാരായ പൗലൊസും തിമൊഥെയൊസും ഫിലിപ്പിയിൽ ക്രിസ്തുയേശുവിലുള്ള സകലവിശുദ്ധന്മാർക്കും അദ്ധ്യക്ഷന്മാർക്കും ശുശ്രൂഷകന്മാർക്കും കൂടെ എഴുതുന്നത്: നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്ക് കൃപയും സമാധാനവും ഉണ്ടാകട്ടെ. നിങ്ങളിൽ നല്ല പ്രവൃത്തിയെ ആരംഭിച്ചവൻ യേശുക്രിസ്തുവിന്റെ നാളോളം അതിനെ തികയ്ക്കും എന്നു ഞാൻ ഉറച്ച്, ഒന്നാം നാൾമുതൽ ഇതുവരെയും സുവിശേഷഘോഷണത്തിൽ നിങ്ങൾക്കുള്ള കൂട്ടായ്മ നിമിത്തം, നിങ്ങൾക്ക് എല്ലാവർക്കുംവേണ്ടി കഴിക്കുന്ന സകല പ്രാർത്ഥനയിലും എപ്പോഴും സന്തോഷത്തോടെ പ്രാർത്ഥിച്ച്, നിങ്ങളെ ഓർക്കുമ്പോൾ ഒക്കെയും എന്‍റെ ദൈവത്തിന് ഞാൻ സ്തോത്രം ചെയ്യുന്നു. എന്‍റെ ബന്ധനങ്ങളിലും സുവിശേഷത്തിന്റെ പ്രതിവാദത്തിലും സ്ഥിരീകരണത്തിലും, കൃപയിൽ എനിക്ക് കൂട്ടാളികളായ നിങ്ങളെ ഒക്കെയും ഞാൻ എന്റെ ഹൃദയത്തിൽ വഹിച്ചിരിക്കുകകൊണ്ട് നിങ്ങളെ എല്ലാവരെയും കുറിച്ച് അങ്ങനെ വിചാരിക്കുന്നത് എനിക്ക് ന്യായമല്ലോ. ക്രിസ്തുയേശുവിൻ്റെ ആർദ്രതയോടെ ഞാൻ നിങ്ങളെ എല്ലാവരെയും കാണുവാൻ എത്ര വാഞ്ചിക്കുന്നു എന്നതിന് ദൈവം സാക്ഷി. നിങ്ങളുടെ സ്നേഹം മേല്ക്കുമേൽ ജ്ഞാനത്തിലും സകലവിവേചനത്തിലും വർദ്ധിച്ചു വന്നിട്ട് ക്രിസ്തുവിന്‍റെ നാളിലേക്ക് നിഷ്കളങ്കരും കുറ്റമില്ലാത്തവരുമായി, നിങ്ങൾ ഉത്തമമായത് അംഗീകരിച്ച്, ദൈവത്തിന്‍റെ മഹത്വത്തിനും പുകഴ്ചയ്ക്കുമായിട്ട് യേശുക്രിസ്തുവിനാൽ നീതിഫലങ്ങൾ നിറഞ്ഞവരാകുവാൻ ഞാൻ പ്രാർത്ഥിക്കുന്നു. സഹോദരന്മാരേ, എനിക്ക് ഭവിച്ചത് സുവിശേഷത്തിന്‍റെ അഭിവൃദ്ധിക്ക് കാരണമായിത്തീർന്നു എന്നു നിങ്ങൾ ഇപ്പോൾ അറിയുവാൻ ഞാൻ ഇച്ഛിക്കുന്നു. അതുകൊണ്ട് എന്‍റെ ബന്ധനങ്ങൾ ക്രിസ്തു നിമിത്തമാകുന്നു എന്നു അകമ്പടിപട്ടാളത്തിൽ ഒക്കെയും ശേഷം എല്ലാവർക്കും തെളിവായി വരികയും സഹോദരന്മാർ മിക്കപേരും എന്റെ ബന്ധനങ്ങളാൽ കർത്താവിൽ ധൈര്യംപൂണ്ട് ദൈവത്തിന്‍റെ വചനം ഭയംകൂടാതെ അധികമായി പ്രസ്താവിക്കുവാൻ ധൈര്യത്തോടെ ഇരിക്കുകയും ചെയ്യുന്നു. ചിലർ ക്രിസ്തുവിനെ പ്രസംഗിക്കുന്നത് അസൂയയും പിണക്കവും നിമിത്തമാണ്; ചിലരോ നല്ല മനസ്സോടെ തന്നെ. അവർ സുവിശേഷത്തിന്‍റെ പ്രതിവാദത്തിനായി എന്നെ നിയമിച്ചിരിക്കുന്നു എന്നു അറിഞ്ഞിട്ട് അത് സ്നേഹത്തിൽനിന്ന് ചെയ്യുന്നു. എന്നാൽ മറ്റവരോ, എന്റെ ബന്ധനങ്ങളിൽ എനിക്ക് പ്രയാസം വരുത്തുവാൻ ഭാവിച്ചുകൊണ്ട് നിർമ്മലതയോടെയല്ല, സ്വാർത്ഥതയിൽ നിന്നത്രേ ക്രിസ്തുവിനെ പ്രസംഗിക്കുന്നത്. പിന്നെ എന്ത്? അഭിനയമായിട്ടോ സത്യമായിട്ടോ ഏതുവിധമായാലും ക്രിസ്തുവിനെ അത്രേ പ്രസംഗിക്കുന്നത്. ഇതിൽ ഞാൻ സന്തോഷിക്കുന്നു; ഇനിയും സന്തോഷിക്കും.
ഫിലിപ്പിയർ 1:1-18 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ക്രിസ്തുയേശുവിന്റെ ദാസന്മാരായ പൗലൊസും തിമൊഥെയൊസും ഫിലിപ്പിയിൽ ക്രിസ്തുയേശുവിലുള്ള സകലവിശുദ്ധന്മാർക്കും അദ്ധ്യക്ഷന്മാർക്കും ശുശ്രൂഷകന്മാർക്കും കൂടെ എഴുതുന്നതു: നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നും കർത്താവായ ക്രിസ്തുയേശുവിങ്കൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. ഞാൻ നിങ്ങൾക്കു എല്ലാവർക്കും വേണ്ടി കഴിക്കുന്ന സകലപ്രാർത്ഥനയിലും എപ്പോഴും സന്തോഷത്തോടെ പ്രാർത്ഥിച്ചും നിങ്ങളിൽ നല്ല പ്രവൃത്തിയെ ആരംഭിച്ചവൻ യേശുക്രിസ്തുവിന്റെ നാളോളം അതിനെ തികെക്കും എന്നു ഉറപ്പായി വിശ്വസിച്ചുമിരിക്കുന്നു. ഒന്നാം നാൾമുതൽ ഇതുവരെയും സുവിശേഷഘോഷണത്തിൽ നിങ്ങൾക്കുള്ള കൂട്ടായ്മനിമിത്തം ഞാൻ നിങ്ങളെ ഓർക്കുമ്പോൾ ഒക്കെയും എന്റെ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു. കൃപയിൽ എനിക്കു കൂട്ടാളികളായ നിങ്ങളെ ഒക്കെയും എന്റെ ബന്ധനങ്ങളിലും സുവിശേഷത്തിന്റെ പ്രതിവാദത്തിലും സ്ഥിരീകരണത്തിലും ഞാൻ എന്റെ ഹൃദയത്തിൽ വഹിച്ചിരിക്കകൊണ്ടു അങ്ങനെ നിങ്ങളെ എല്ലാവരെയും കുറിച്ചു വിചാരിക്കുന്നതു എനിക്കു ന്യായമല്ലോ. ക്രിസ്തുയേശുവിന്റെ ആർദ്രതയോടെ ഞാൻ നിങ്ങളെ എല്ലാവരെയും കാണ്മാൻ എത്ര വാഞ്ഛിക്കുന്നു എന്നതിന്നു ദൈവം സാക്ഷി. നിങ്ങളുടെ സ്നേഹം മേല്ക്കുമേൽ പരിജ്ഞാനത്തിലും സകലവിവേകത്തിലും വർദ്ധിച്ചു വന്നിട്ടു നിങ്ങൾ ഭേദാഭേദങ്ങളെ വിവേചിപ്പാറാകേണം എന്നും ക്രിസ്തുവിന്റെ നാളിലേക്കു നിർമ്മലന്മാരും ഇടർച്ചയില്ലാത്തവരും ദൈവത്തിന്റെ മഹത്വത്തിന്നും പുകഴ്ചെക്കുമായിട്ടു യേശുക്രിസ്തുവിനാൽ നീതിഫലം നിറഞ്ഞവരുമായി തീരേണം എന്നും ഞാൻ പ്രാർത്ഥിക്കുന്നു. സഹോദരന്മാരേ, എനിക്കു ഭവിച്ചതു സുവിശേഷത്തിന്റെ അഭിവൃദ്ധിക്കു കാരണമായിത്തീർന്നു എന്നു നിങ്ങൾ അറിവാൻ ഞാൻ ഇച്ഛിക്കുന്നു. എന്റെ ബന്ധനങ്ങൾ ക്രിസ്തുനിമിത്തമാകുന്നു എന്നു അകമ്പടിപട്ടാളത്തിൽ ഒക്കെയും ശേഷം എല്ലാവർക്കും തെളിവായി വരികയും സഹോദരന്മാർ മിക്കപേരും എന്റെ ബന്ധനങ്ങളാൽ കർത്താവിൽ ധൈര്യം പൂണ്ടു ദൈവത്തിന്റെ വചനം ഭയംകൂടാതെ പ്രസ്താവിപ്പാൻ അധികം തുനിയുകയും ചെയ്തിരിക്കുന്നു. ചിലർ ക്രിസ്തുവിനെ അസൂയയും പിണക്കവുംനിമിത്തം പ്രസംഗിക്കുന്നു; ചിലരോ നല്ല മനസ്സോടെ തന്നേ. അവർ സുവിശേഷത്തിന്റെ പ്രതിവാദത്തിന്നായിട്ടു ഞാൻ ഇവിടെ കിടക്കുന്നു എന്നു അറിഞ്ഞിട്ടു അതു സ്നേഹത്താൽ ചെയ്യുന്നു. മറ്റവരോ എന്റെ ബന്ധനങ്ങളിൽ എനിക്കു ക്ലേശം വരുത്തുവാൻ ഭാവിച്ചുകൊണ്ടു നിർമ്മലതയോടെയല്ല ശാഠ്യത്താൽ അത്രേ ക്രിസ്തുവിനെ പ്രസംഗിക്കുന്നതു. പിന്നെ എന്തു? നാട്യമായിട്ടോ പരമാർത്ഥമായിട്ടോ ഏതുവിധമായാലും ക്രിസ്തുവിനെ അല്ലോ പ്രസംഗിക്കുന്നതു. ഇതിൽ ഞാൻ സന്തോഷിക്കുന്നു; ഇനിയും സന്തോഷിക്കും.
ഫിലിപ്പിയർ 1:1-18 സമകാലിക മലയാളവിവർത്തനം (MCV)
ക്രിസ്തുയേശുവിന്റെ ദാസന്മാരായ പൗലോസും തിമോത്തിയോസും, ക്രിസ്തുയേശുവിൽ വിശ്വാസമർപ്പിച്ച ഫിലിപ്പിയ സഭയിലെ അധ്യക്ഷന്മാരും ശുശ്രൂഷകരും ഉൾപ്പെടെ എല്ലാ വിശുദ്ധർക്കും, എഴുതുന്നത്: നമ്മുടെ പിതാവായ ദൈവത്തിൽനിന്നും കർത്താവായ യേശുക്രിസ്തുവിൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകുമാറാകട്ടെ. നിങ്ങളെ ഓർക്കുമ്പോഴെല്ലാം ഞാൻ എന്റെ ദൈവത്തിനു സ്തോത്രംചെയ്യുന്നു. എന്റെ സുവിശേഷഘോഷണദൗത്യത്തിലെ ആദ്യദിവസംമുതൽ ഇന്നുവരെ നിങ്ങളുടെ പങ്കാളിത്തം അനുസ്മരിച്ച് നിങ്ങൾ എല്ലാവർക്കുംവേണ്ടിയുള്ള സകലപ്രാർഥനകളിലും ഞാൻ എപ്പോഴും ആനന്ദത്തോടെ അപേക്ഷിക്കുന്നു. നിങ്ങളിൽ ദൈവം ആരംഭിച്ച നല്ല പ്രവൃത്തി ക്രിസ്തുയേശുവിന്റെ പുനരാഗമനദിനംവരെ തുടർന്ന് അതിന്റെ പരിപൂർണതയിൽ എത്തിക്കുമെന്ന് എനിക്ക് ദൃഢനിശ്ചയമുണ്ട്. എന്റെ കാരാഗൃഹവാസത്തിലും സുവിശേഷത്തിന് അനുകൂലമായി വാദിച്ച് അതുറപ്പിക്കുന്ന എന്റെ ശുശ്രൂഷയിലും നിങ്ങളെല്ലാവരും എന്നോടൊപ്പം ദൈവകൃപയിൽ പങ്കുവഹിച്ചു. അതുകൊണ്ട് നിങ്ങളെല്ലാവരും എനിക്ക് വളരെ പ്രിയരാണ്. ഇങ്ങനെ നിങ്ങളെ എല്ലാവരെപ്പറ്റിയും ചിന്തിക്കുന്നത് യുക്തമാണല്ലോ. ക്രിസ്തുയേശുവിന് നിങ്ങളോടുള്ള അതേ വാത്സല്യത്തോടെ നിങ്ങളെയെല്ലാം കാണാൻ ഞാൻ എത്ര ആഗ്രഹിക്കുന്നു എന്നതിനു ദൈവംതന്നെ സാക്ഷി. ആഴത്തിലുള്ള അറിവിലും തികഞ്ഞ വിവേകത്തിലും നിങ്ങളുടെ സ്നേഹം അധികമധികം വർധിച്ചുവന്ന് നിങ്ങൾ ഏറ്റവും അമൂല്യമായതുതന്നെ തെരഞ്ഞെടുത്തുകൊണ്ട് ക്രിസ്തുവിന്റെ പുനരാഗമനംവരെ നിർമലരും കളങ്കരഹിതരും ആയി ജീവിക്കാൻ ഇടയാകട്ടെ എന്നു ഞാൻ പ്രാർഥിക്കുന്നു. തന്നെയുമല്ല, യേശുക്രിസ്തുവിലൂടെമാത്രം ലഭ്യമാകുന്ന നീതിയുടെ ഫലങ്ങൾ ദൈവത്തിന്റെ മഹത്ത്വത്തിനും പുകഴ്ചയ്ക്കുമായി നിങ്ങളിൽ നിറയട്ടെ എന്നും ഞാൻ പ്രാർഥിക്കുന്നു. സഹോദരങ്ങളേ, ഞാൻ അഭിമുഖീകരിച്ചതൊക്കെയും സുവിശേഷത്തിന്റെ വ്യാപനത്തിനായി പ്രയോജനപ്പെട്ടു എന്നു നിങ്ങൾ അറിയണം എന്നു ഞാൻ ആഗ്രഹിക്കുന്നു. അങ്ങനെ, ഞാൻ ചങ്ങല ധരിച്ചിരിക്കുന്നത് ക്രിസ്തു നിമിത്തമാണെന്ന് കൊട്ടാരനിവാസികൾ എല്ലാവർക്കും മറ്റുള്ളവർക്കും വ്യക്തമായിട്ടറിയാൻ കഴിഞ്ഞു. അതുമാത്രമല്ല എന്റെ കാരാഗൃഹവാസംനിമിത്തം ഒട്ടുമിക്ക സഹോദരങ്ങളും കർത്താവിൽ ആത്മവിശ്വാസമാർജിച്ചു; അവർ നിർഭയരായി ദൈവവചനം ഘോഷിക്കാൻ കൂടുതൽ ധൈര്യം പ്രകടിപ്പിക്കുകയും ചെയ്തു. ചിലർ ഞങ്ങളോടുള്ള അസൂയയും മാത്സര്യവും നിമിത്തം ക്രിസ്തുവിനെ പ്രസംഗിക്കുന്നു. എന്നാൽ മറ്റുചിലർ സദുദ്ദേശ്യത്തോടെയാണ് അതു ചെയ്യുന്നത്. സുവിശേഷത്തിന് അനുകൂലമായി വാദിച്ചതിനാൽ ഞാൻ ഇവിടെ അടയ്ക്കപ്പെട്ടിരിക്കുന്നു എന്നറിഞ്ഞ് അവർ സ്നേഹപൂർവം അങ്ങനെചെയ്യുന്നു. മാത്സര്യപൂർവം ക്രിസ്തുവിനെ പ്രസംഗിക്കുന്നവർ ആകട്ടെ ആത്മാർഥത ഇല്ലാതെ, എന്റെ കാരാഗൃഹവാസം കൂടുതൽ ദുഷ്കരമാക്കുന്നതിനു വേണ്ടിയാണ് അപ്രകാരം ചെയ്യുന്നത്. എങ്ങനെ ആയാലെന്ത്? സദുദ്ദേശ്യത്തോടെയോ ദുരുദ്ദേശ്യത്തോടെയോ എങ്ങനെ ആയിരുന്നാലും ക്രിസ്തുവിനെയാണല്ലോ പ്രസംഗിക്കുന്നത്; അതിൽ ഞാൻ ആനന്ദിക്കുന്നു. അതേ, ഞാൻ ആനന്ദിച്ചുകൊണ്ടേയിരിക്കും