സംഖ്യാപുസ്തകം 32:6-12
സംഖ്യാപുസ്തകം 32:6-12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മോശെ ഗാദ്യരോടും രൂബേന്യരോടും പറഞ്ഞത്: നിങ്ങളുടെ സഹോദരന്മാർ യുദ്ധത്തിനു പോകുമ്പോൾ നിങ്ങൾക്ക് ഇവിടെ ഇരിക്കേണമെന്നോ? യഹോവ യിസ്രായേൽമക്കൾക്കു കൊടുത്തിട്ടുള്ള ദേശത്തേക്ക് അവർ കടക്കാതിരിപ്പാൻ തക്കവണ്ണം നിങ്ങൾ അവരെ അധൈര്യപ്പെടുത്തുന്നത് എന്തിന്? ഒറ്റുനോക്കേണ്ടതിനു ഞാൻ നിങ്ങളുടെ പിതാക്കന്മാരെ കാദേശ്-ബർന്നേയയിൽനിന്ന് അയച്ചപ്പോൾ അവർ ഇങ്ങനെതന്നെ ചെയ്തു. അവർ എസ്കോൽതാഴ്‌വരയോളം ചെന്നു ദേശം കണ്ട ശേഷം യഹോവ യിസ്രായേൽമക്കൾക്കു കൊടുത്തിട്ടുള്ള ദേശത്തേക്കു പോകാതിരിക്കത്തക്കവണ്ണം അവരെ അധൈര്യപ്പെടുത്തി. അന്നു യഹോവയുടെ കോപം ജ്വലിച്ചു; അവൻ സത്യം ചെയ്തു കല്പിച്ചത്: കെനിസ്യനായ യെഫുന്നെയുടെ മകൻ കാലേബും നൂന്റെ മകൻ യോശുവയും യഹോവയോടു പൂർണമായി പറ്റിനിന്നതുകൊണ്ട് അവരല്ലാതെ മിസ്രയീമിൽനിന്നു പോന്നവരിൽ ഇരുപതു വയസ്സുമുതൽ മേലോട്ടുള്ള ഒരുത്തനും ഞാൻ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും സത്യം ചെയ്ത ദേശത്തെ കാണുകയില്ല; അവർ എന്നോടു പൂർണമായി പറ്റിനില്ക്കായ്കകൊണ്ടുതന്നെ.
സംഖ്യാപുസ്തകം 32:6-12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഗാദ്, രൂബേൻ ഗോത്രക്കാരോടു മോശ പറഞ്ഞു: “സ്വന്തം സഹോദരന്മാർ യുദ്ധത്തിനു പോകുമ്പോൾ നിങ്ങൾക്ക് ഇവിടെ ഇരിക്കണമെന്നോ? സർവേശ്വരൻ ഇസ്രായേൽജനത്തിനു നല്‌കിയ ദേശത്തേക്ക് അവർ പ്രവേശിക്കാതിരിക്കത്തക്കവിധം അവരെ നിങ്ങൾ എന്തിനു നിരുത്സാഹപ്പെടുത്തുന്നു? ദേശം രഹസ്യനിരീക്ഷണം നടത്തുന്നതിനു കാദേശ്-ബർന്നേയയിൽനിന്നു നിങ്ങളുടെ പിതാക്കന്മാരെ ഞാൻ അയച്ചപ്പോൾ അവർ ചെയ്തതും ഇതു തന്നെയായിരുന്നു. എസ്കോൽതാഴ്‌വരയിൽ ചെന്ന് ആ ദേശം കണ്ടതിനുശേഷം സർവേശ്വരൻ തങ്ങൾക്കു നല്‌കിയ ദേശത്തേക്കു പോകാതിരിക്കാൻ ഇസ്രായേൽജനത്തെ അവർ നിരുത്സാഹപ്പെടുത്തി. അന്നു സർവേശ്വരന്റെ കോപം അവരുടെ നേരേ ജ്വലിച്ചു; അബ്രഹാമിനും, ഇസ്ഹാക്കിനും, യാക്കോബിനും നല്‌കുമെന്നു വാഗ്ദാനം ചെയ്തിരുന്ന ദേശം കെനിസ്യനായ യെഫുന്നെയുടെ പുത്രൻ കാലേബും നൂനിന്റെ പുത്രൻ യോശുവയും ഒഴികെ ഈജിപ്തിൽനിന്നു പോന്നവരിൽ ഇരുപതു വയസ്സും അതിനുമേലും പ്രായമുള്ള ആരും കാണുകയില്ലെന്നു സർവേശ്വരൻ സത്യം ചെയ്തു.
സംഖ്യാപുസ്തകം 32:6-12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
മോശെ ഗാദ്യരോടും രൂബേന്യരോടും പറഞ്ഞത്: “നിങ്ങളുടെ സഹോദരന്മാർ യുദ്ധത്തിനു പോകുമ്പോൾ നിങ്ങൾക്ക് ഇവിടെ ഇരിക്കണമെന്നോ? യഹോവ യിസ്രായേൽ മക്കൾക്ക് കൊടുത്തിട്ടുള്ള ദേശത്തേക്ക് അവർ കടക്കാതിരിക്കുവാൻ തക്കവണ്ണം നിങ്ങൾ അവരെ അധൈര്യപ്പെടുത്തുന്നത് എന്തിന്? ഒറ്റുനോക്കേണ്ടതിന് ഞാൻ നിങ്ങളുടെ പിതാക്കന്മാരെ കാദേശ്ബർന്നേയയിൽനിന്ന് അയച്ചപ്പോൾ അവർ ഇങ്ങനെതന്നെ ചെയ്തു. അവർ എസ്കോൽതാഴ്വര വരെ ചെന്നു ദേശം കണ്ടശേഷം യഹോവ യിസ്രായേൽ മക്കൾക്ക് കൊടുത്തിട്ടുള്ള ദേശത്തേക്ക് പോകാതിരിക്കത്തക്കവണ്ണം അവരെ അധൈര്യപ്പെടുത്തി. അന്നു യഹോവയുടെ കോപം ജ്വലിച്ചു; അവിടുന്ന് സത്യംചെയ്ത് കല്പിച്ചത്: “കെനിസ്യനായ യെഫുന്നെയുടെ മകൻ കാലേബും നൂന്റെ മകൻ യോശുവയും യഹോവയോട് പൂർണ്ണമായി പറ്റിനിന്നതുകൊണ്ട് അവരല്ലാതെ മിസ്രയീമിൽനിന്നു പുറപ്പെട്ടുവന്നവരിൽ ഇരുപതും അതിനുമുകളിലും പ്രായമുള്ള ആരും, ഞാൻ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും സത്യംചെയ്ത ദേശം കാണുകയില്ല; അവർ എന്നോട് പൂർണ്ണമായി പറ്റിനില്‍ക്കായ്കകൊണ്ട് തന്നെ”.
സംഖ്യാപുസ്തകം 32:6-12 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
മോശെ ഗാദ്യരോടും രൂബേന്യരോടും പറഞ്ഞതു: നിങ്ങളുടെ സഹോദരന്മാർ യുദ്ധത്തിന്നു പോകുമ്പോൾ നിങ്ങൾക്കു ഇവിടെ ഇരിക്കേണമെന്നോ? യഹോവ യിസ്രായേൽമക്കൾക്കു കൊടുത്തിട്ടുള്ള ദേശത്തേക്കു അവർ കടക്കാതിരിപ്പാൻ തക്കവണ്ണം നിങ്ങൾ അവരെ അധൈര്യപ്പെടുത്തുന്നതു എന്തിന്നു? ഒറ്റുനോക്കേണ്ടതിന്നു ഞാൻ നിങ്ങളുടെ പിതാക്കന്മാരെ കാദേശ്ബർന്നേയയിൽനിന്നു അയച്ചപ്പോൾ അവർ ഇങ്ങനെ തന്നേ ചെയ്തു. അവർ എസ്കോൽ താഴ്‌വരയൊളം ചെന്നു ദേശം കണ്ടശേഷം യഹോവ യിസ്രായേൽമക്കൾക്കു കൊടുത്തിട്ടുള്ള ദേശത്തേക്കു പോകാതിരിക്കത്തക്കവണ്ണം അവരെ അധൈര്യപ്പെടുത്തി. അന്നു യഹോവയുടെ കോപം ജ്വലിച്ചു; അവൻ സത്യംചെയ്തു കല്പിച്ചതു: കെനിസ്യനായ യെഫുന്നെയുടെ മകൻ കാലേബും നൂന്റെ മകൻ യോശുവയും യഹോവയോടു പൂർണ്ണമായി പറ്റിനിന്നതുകൊണ്ടു അവരല്ലാതെ മിസ്രയീമിൽനിന്നു പോന്നവരിൽ ഇരുപതു വയസ്സുമുതൽ മേലോട്ടുള്ള ഒരുത്തനും ഞാൻ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും സത്യം ചെയ്ത ദേശത്തെ കാണുകയില്ല; അവർ എന്നോടു പൂർണ്ണമായി പറ്റിനില്ക്കായ്കകൊണ്ടു തന്നേ.
സംഖ്യാപുസ്തകം 32:6-12 സമകാലിക മലയാളവിവർത്തനം (MCV)
മോശ ഗാദ്യരോടും രൂബേന്യരോടും പറഞ്ഞു: “നിങ്ങൾ ഇവിടെ ആയിരിക്കുമ്പോൾ നിങ്ങളുടെ സഹോദരന്മാർ യുദ്ധത്തിനു പോകുമോ? ഇസ്രായേല്യരെ യഹോവ അവർക്കു നൽകിയ ദേശത്തേക്കു പോകുന്നതിൽനിന്ന് നിങ്ങൾ നിരുത്സാഹപ്പെടുത്തുന്നതെന്ത്? ഇതുതന്നെയാണ്, ഞാൻ കാദേശ്-ബർന്നേയയിൽനിന്ന് ദേശം നോക്കാൻ വിട്ടപ്പോൾ, നിങ്ങളുടെ പിതാക്കന്മാരും ചെയ്തത്. എസ്കോൽ താഴ്വരയിലേക്ക് അവർ കയറിപ്പോയി ദേശം നിരീക്ഷിച്ചശേഷം, യഹോവ ഇസ്രായേല്യർക്കു നൽകിയ ദേശത്ത് കടക്കുന്നതിൽനിന്ന് അവരെ അവർ നിരുത്സാഹപ്പെടുത്തി. അന്നാളിൽ യഹോവയുടെ കോപം ജ്വലിച്ചു. അവിടന്ന് ഇപ്രകാരം ശപഥംചെയ്തു: ‘കെനിസ്യനായ യെഫുന്നയുടെ മകൻ കാലേബും നൂന്റെ മകനായ യോശുവയും പൂർണഹൃദയത്തോടെ യഹോവയെ പിൻപറ്റിയിരിക്കുകയാൽ, അവരല്ലാതെ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടു വന്നവരിൽ ഇരുപതു വയസ്സോ അതിലധികമോ പ്രായമുള്ള പുരുഷന്മാരിൽ ഒരുത്തൻപോലും, അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും ഞാൻ ശപഥംചെയ്ത വാഗ്ദത്തദേശം കാണുകയില്ല. കാരണം ഇവരാരും എന്നെ പൂർണഹൃദയത്തോടെ പിൻപറ്റിയില്ല.’