സംഖ്യാപുസ്തകം 32:1-5

സംഖ്യാപുസ്തകം 32:1-5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

എന്നാൽ രൂബേന്യർക്കും ഗാദ്യർക്കും എത്രയും വളരെ ആടുമാടുകൾ ഉണ്ടായിരുന്നു; അവർ യസേർദേശവും ഗിലെയാദ്‍ദേശവും ആടുമാടുകൾക്കു കൊള്ളാകുന്ന സ്ഥലം എന്നു കണ്ടിട്ടു വന്നു മോശെയോടും പുരോഹിതനായ എലെയാസാരിനോടും സഭയിലെ പ്രഭുക്കന്മാരോടും സംസാരിച്ചു: അതാരോത്ത്, ദീബോൻ, യസേർ, നിമ്രാ, ഹെശ്ബോൻ, എലെയാലേ, സെബാം, നെബോ, ബെയോൻ എന്നിങ്ങനെ യഹോവ യിസ്രായേൽസഭയുടെ മുമ്പിൽ ജയിച്ചടക്കിയ ദേശം ആടുമാടുകൾക്കു കൊള്ളാകുന്ന പ്രദേശം; അടിയങ്ങൾക്കോ ആടുമാടുകൾ ഉണ്ട്. അതുകൊണ്ട് നിനക്ക് അടിയങ്ങളോടു കൃപയുണ്ടെങ്കിൽ ഈ ദേശം അടിയങ്ങൾക്ക് അവകാശമായി തരേണം; ഞങ്ങളെ യോർദ്ദാനക്കരെ കൊണ്ടുപോകരുതേ എന്നു പറഞ്ഞു.

സംഖ്യാപുസ്തകം 32:1-5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

രൂബേൻഗോത്രക്കാർക്കും ഗാദ്ഗോത്രക്കാർക്കും വളരെയധികം ആടുമാടുകളുണ്ടായിരുന്നു. അവയെ വളർത്തുന്നതിന് ഏറ്റവും അനുയോജ്യമായ പ്രദേശമാണു യസേരും ഗിലെയാദും എന്ന് അവർ കണ്ടു. അവർ മോശയോടും എലെയാസാർപുരോഹിതനോടും ജനനേതാക്കളോടും പറഞ്ഞു: “ഇസ്രായേൽജനസമൂഹത്തിനു മുമ്പിൽ സർവേശ്വരൻ കീഴടക്കിയ അതാരോത്ത്, ദീബോൻ, യസേർ, നിമ്രാ, ഹെശ്ബോൻ, എലെയാലേ, സെബാം, നെബോ, ബെയോൻ എന്നീ പട്ടണങ്ങൾ ഉൾപ്പെടുന്ന പ്രദേശം ആടുമാടുകളെ വളർത്തുന്നതിനു യോജിച്ച സ്ഥലമാണ്. ഈയുള്ളവർക്ക് ധാരാളം ആടുമാടുകളുണ്ടല്ലോ. അങ്ങയുടെ കരുണയ്‍ക്ക് പാത്രമാകുന്നു എങ്കിൽ ഈ പ്രദേശം ഞങ്ങൾക്ക് അവകാശമായി തന്നാലും; യോർദ്ദാനക്കരെയുള്ള ദേശത്തേക്കു ഞങ്ങളെ കൊണ്ടുപോകരുതേ.”

സംഖ്യാപുസ്തകം 32:1-5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

എന്നാൽ രൂബേന്യർക്കും ഗാദ്യർക്കും വളരെയധികം ആടുമാടുകൾ ഉണ്ടായിരുന്നു; അവർ യസേർദേശവും ഗിലെയാദ്‌ദേശവും ആടുമാടുകൾക്ക് അനുയോജ്യമായ സ്ഥലം എന്നു കണ്ടു മോശെയോടും പുരോഹിതനായ എലെയാസാരിനോടും സഭയിലെ പ്രഭുക്കന്മാരോടും സംസാരിച്ചു: “അതാരോത്ത്, ദീബോൻ, യസേർ, നിമ്രാ, ഹെശ്ബോൻ, എലെയാലേ, സെബാം, നെബോ, ബെയോൻ എന്നിങ്ങനെ യഹോവ യിസ്രായേൽസഭയുടെ മുമ്പിൽ ജയിച്ചടക്കിയ ദേശം ആടുമാടുകൾക്ക് അനുയോജ്യമായ പ്രദേശം; അടിയങ്ങൾക്കോ ആടുമാടുകൾ ഉണ്ട്. അതുകൊണ്ട് അങ്ങേയ്ക്ക് അടിയങ്ങളോട് കൃപയുണ്ടെങ്കിൽ ഈ ദേശം അടിയങ്ങൾക്ക് അവകാശമായി നല്കേണം; ഞങ്ങളെ യോർദ്ദാനക്കരെ കൊണ്ടുപോകരുതേ” എന്നു പറഞ്ഞു.

സംഖ്യാപുസ്തകം 32:1-5 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

എന്നാൽ രൂബേന്യർക്കും ഗാദ്യർക്കും എത്രയും വളരെ ആടുമാടുകൾ ഉണ്ടായിരുന്നു; അവർ യസേർദേശവും ഗിലെയാദ്‌ദേശവും ആടുമാടുകൾക്കു കൊള്ളാകുന്ന സ്ഥലം എന്നു കണ്ടിട്ടു വന്നു മോശെയൊടും പുരോഹിതനായ എലെയാസാരിനോടും സഭയിലെ പ്രഭുക്കന്മാരോടും സംസാരിച്ചു: അതാരോത്ത്, ദീബോൻ, യസേർ, നിമ്രാ, ഹെശ്ബോൻ, എലെയാലേ, സെബാം, നെബോ, ബെയോൻ എന്നിങ്ങനെ യഹോവ യിസ്രായേൽസഭയുടെ മുമ്പിൽ ജയിച്ചടക്കിയ ദേശം ആടുമാടുകൾക്കു കൊള്ളാകുന്ന പ്രദേശം; അടിയങ്ങൾക്കോ ആടുമാടുകൾ ഉണ്ടു. അതുകൊണ്ടു നിനക്കു അടിയങ്ങളോടു കൃപയുണ്ടെങ്കിൽ ഈ ദേശം അടിയങ്ങൾക്കു അവകാശമായി തരേണം; ഞങ്ങളെ യോർദ്ദാന്നക്കരെ കൊണ്ടുപോകരുതേ എന്നു പറഞ്ഞു.

സംഖ്യാപുസ്തകം 32:1-5 സമകാലിക മലയാളവിവർത്തനം (MCV)

വളരെയധികം കന്നുകാലികളും ആട്ടിൻപറ്റങ്ങളും ഉണ്ടായിരുന്ന രൂബേന്യരും ഗാദ്യരും യാസേർ, ഗിലെയാദ് എന്നീ ദേശങ്ങൾ വളർത്തുമൃഗങ്ങൾക്ക് അനുയോജ്യമെന്നു കണ്ടു. അതിനാൽ രൂബേന്യരും ഗാദ്യരും മോശയുടെയും പുരോഹിതനായ എലെയാസാരിന്റെയും സഭാനേതാക്കന്മാരുടെയും അടുക്കൽവന്ന് പറഞ്ഞു: “അതാരോത്ത്, ദീബോൻ, യാസേർ, നിമ്രാ, ഹെശ്ബോൻ, എലെയാലേ, സേബാം, നെബോ, ബെയോൻ എന്നിങ്ങനെ ഇസ്രായേൽജനത്തിന്റെ മുമ്പിൽ യഹോവ കീഴടക്കിയ ദേശം വളർത്തുമൃഗങ്ങൾക്ക് അനുയോജ്യമാണ്; അങ്ങയുടെ ദാസന്മാർക്കു വളർത്തുമൃഗങ്ങൾ ഉണ്ടല്ലോ. അവിടന്ന് ഞങ്ങളിൽ പ്രസാദിച്ചിരിക്കുന്നെങ്കിൽ, ഈ ദേശം ഞങ്ങളുടെ അവകാശമായി അങ്ങയുടെ ദാസന്മാർക്കു നൽകണമേ. യോർദാൻ മറികടക്കാൻ ഞങ്ങൾക്കിടയാക്കരുതേ.”