സംഖ്യാപുസ്തകം 16:41-50
സംഖ്യാപുസ്തകം 16:41-50 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പിറ്റന്നാൾ യിസ്രായേൽമക്കളുടെ സഭയെല്ലാം മോശെക്കും അഹരോനും വിരോധമായി പിറുപിറുത്തു: നിങ്ങൾ യഹോവയുടെ ജനത്തെ കൊന്നുകളഞ്ഞു എന്നു പറഞ്ഞു. ഇങ്ങനെ മോശെക്കും അഹരോനും വിരോധമായി സഭ കൂടിയപ്പോൾ അവർ സമാഗമനകൂടാരത്തിന്റെ നേരേ നോക്കി: മേഘം അതിനെ മൂടി യഹോവയുടെ തേജസ്സും പ്രത്യക്ഷമായിരിക്കുന്നതു കണ്ടു. അപ്പോൾ മോശെയും അഹരോനും സമാഗമനകൂടാരത്തിന്റെ മുമ്പിൽ ചെന്നു. യഹോവ മോശെയോട്: ഈ സഭയുടെ മധ്യേനിന്നു മാറിപ്പോകുവിൻ; ഞാൻ അവരെ ക്ഷണത്തിൽ സംഹരിക്കും എന്നരുളിച്ചെയ്തു. അപ്പോൾ അവർ കവിണ്ണുവീണു. മോശെ അഹരോനോട്: നീ ധൂപകലശം എടുത്ത് അതിൽ യാഗപീഠത്തിലെ തീ ഇട്ടു ധൂപവർഗവും ഇട്ടു വേഗത്തിൽ സഭയുടെ മധ്യേ ചെന്ന് അവർക്കുവേണ്ടി പ്രായശ്ചിത്തം കഴിക്ക; യഹോവയുടെ സന്നിധിയിൽനിന്നു ക്രോധം പുറപ്പെട്ട് ബാധ തുടങ്ങിയിരിക്കുന്നു എന്നു പറഞ്ഞു. മോശെ കല്പിച്ചതുപോലെ അഹരോൻ കലശം എടുത്തു സഭയുടെ നടുവിലേക്ക് ഓടി, ബാധ ജനത്തിന്റെ ഇടയിൽ തുടങ്ങിയിരിക്കുന്നതു കണ്ടു, ധൂപം കാട്ടി ജനത്തിനുവേണ്ടി പ്രായശ്ചിത്തം കഴിച്ചു, മരിച്ചവർക്കും ജീവനുള്ളവർക്കും നടുവിൽ നിന്നപ്പോൾ ബാധ അടങ്ങി. കോരഹിന്റെ സംഗതിവശാൽ മരിച്ചവരെ കൂടാതെ ബാധയാൽ മരിച്ചവർ പതിന്നാലായിരത്തി എഴുനൂറു പേർ ആയിരുന്നു. പിന്നെ അഹരോൻ സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ മോശെയുടെ അടുക്കൽ മടങ്ങിവന്നു, അങ്ങനെ ബാധ നിന്നുപോയി.
സംഖ്യാപുസ്തകം 16:41-50 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പിറ്റെദിവസം ഇസ്രായേൽജനം മോശയ്‍ക്കും അഹരോനും എതിരായി പിറുപിറുത്തുകൊണ്ടു പറഞ്ഞു: “നിങ്ങൾ സർവേശ്വരന്റെ ജനങ്ങളെ കൊന്നുകളഞ്ഞു.” അവർ മോശയ്‍ക്കും അഹരോനും എതിരായി ഒന്നിച്ചുകൂടി തിരുസാന്നിധ്യകൂടാരത്തിന്റെ അടുക്കലേക്കു നീങ്ങി. അപ്പോൾ മേഘം കൂടാരത്തെ മൂടിയിരിക്കുന്നതും സർവേശ്വരന്റെ തേജസ്സ് പ്രത്യക്ഷമായിരിക്കുന്നതും അവർ കണ്ടു. മോശയും അഹരോനും തിരുസാന്നിധ്യകൂടാരത്തിന്റെ മുമ്പിൽ ചെന്നു നിന്നു. അപ്പോൾ സർവേശ്വരൻ മോശയോട്: “ഈ ജനത്തിന്റെ ഇടയിൽനിന്നു മാറി നില്‌ക്കുക; ക്ഷണത്തിൽ ഞാൻ അവരെ സംഹരിക്കും” എന്നു പറഞ്ഞു. അപ്പോൾ അവർ സാഷ്ടാംഗം വീണു. മോശ അഹരോനോടു പറഞ്ഞു: “യാഗപീഠത്തിലെ തീക്കനൽ നിറച്ച ധൂപകലശം നീ എടുത്ത് അതിൽ കുന്തുരുക്കം ഇട്ട് അതുമായി വേഗം ജനത്തിന്റെ മധ്യേ ചെന്ന് അവർക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കുക; സർവേശ്വരനിൽനിന്നു കോപം പുറപ്പെട്ടിരിക്കുന്നു. ബാധ ആരംഭിച്ചുകഴിഞ്ഞു.” മോശ പറഞ്ഞതുപോലെ അഹരോൻ ജനത്തിന്റെ ഇടയിലേക്ക് ഓടി; ബാധ അവരുടെ ഇടയിൽ ആരംഭിച്ചുകഴിഞ്ഞിരുന്നു; അഹരോൻ ധൂപാർപ്പണം നടത്തി ജനത്തിനുവേണ്ടി പ്രായശ്ചിത്തം കഴിച്ചു. മരിച്ചുവീണവരുടെയും ജീവനോടിരുന്നവരുടെയും മധ്യേ അഹരോൻ നിന്നപ്പോൾ ബാധ ശമിച്ചു. കോരഹ് നിമിത്തമായി മരിച്ചവർക്കു പുറമേ പതിനാലായിരത്തി എഴുനൂറു പേർ ബാധകൊണ്ടു മരിച്ചു. ബാധ ശമിച്ചപ്പോൾ അഹരോൻ തിരുസാന്നിധ്യകൂടാരത്തിന്റെ വാതില്‌ക്കൽ മോശയുടെ അടുത്തു തിരികെ ചെന്നു.
സംഖ്യാപുസ്തകം 16:41-50 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
പിറ്റെന്നാൾ യിസ്രായേൽ മക്കളുടെ സഭയെല്ലാം മോശെക്കും അഹരോനും വിരോധമായി പിറുപിറുത്തു: “നിങ്ങൾ യഹോവയുടെ ജനത്തെ കൊന്നുകളഞ്ഞു” എന്നു പറഞ്ഞു. ഇങ്ങനെ മോശെക്കും അഹരോനും വിരോധമായി സഭ കൂടിവന്ന് സമാഗമനകൂടാരത്തിന്‍റെ നേരെ നോക്കിയപ്പോൾ, മേഘം അതിനെ മൂടിയതായും യഹോവയുടെ തേജസ്സ് പ്രത്യക്ഷമായിരിക്കുന്നതും കണ്ടു. അപ്പോൾ മോശെയും അഹരോനും സമാഗമനകൂടാരത്തിന്റെ മുമ്പിൽ ചെന്നു. യഹോവ മോശെയോട്: “ഈ സഭയുടെ മദ്ധ്യത്തിൽനിന്ന് മാറിപ്പോകുവിൻ; ഞാൻ അവരെ ക്ഷണത്തിൽ സംഹരിക്കും” എന്നരുളിച്ചെയ്തു. അപ്പോൾ അവർ കമിഴ്ന്നുവീണു. മോശെ അഹരോനോട്: “നീ ധൂപകലശം എടുത്ത് അതിൽ യാഗപീഠത്തിലെ തീയും ധൂപവർഗ്ഗവും ഇട്ടു വേഗത്തിൽ സഭയുടെ മദ്ധ്യേ ചെന്നു അവർക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കുക; യഹോവയുടെ സന്നിധിയിൽനിന്ന് ക്രോധം പുറപ്പെട്ടു ബാധ തുടങ്ങിയിരിക്കുന്നു” എന്നു പറഞ്ഞു. മോശെ കല്പിച്ചതുപോലെ അഹരോൻ കലശം എടുത്ത് സഭയുടെ നടുവിലേക്ക് ഓടി, ബാധ ജനത്തിന്റെ ഇടയിൽ തുടങ്ങിയിരിക്കുന്നത് കണ്ടു, ധൂപം കാട്ടി ജനത്തിനുവേണ്ടി പ്രായശ്ചിത്തം കഴിച്ച്, മരിച്ചവർക്കും ജീവനുള്ളവർക്കും നടുവിൽ നിന്നപ്പോൾ ബാധ അടങ്ങി. കോരഹിന്‍റെ നിമിത്തം മരിച്ചവരെ കൂടാതെ ബാധയാൽ മരിച്ചവർ പതിനാലായിരത്തിഎഴുനൂറു (14,700) പേർ ആയിരുന്നു പിന്നെ അഹരോൻ സമാഗമനകൂടാരത്തിന്‍റെ വാതില്ക്കൽ മോശെയുടെ അടുക്കൽ മടങ്ങിവന്നു; അങ്ങനെ ബാധ നിന്നുപോയി.
സംഖ്യാപുസ്തകം 16:41-50 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
പിറ്റെന്നാൾ യിസ്രായേൽമക്കളുടെ സഭയെല്ലാം മോശെക്കും അഹരോന്നും വിരോധമായി പിറുപിറുത്തു: നിങ്ങൾ യഹോവയുടെ ജനത്തെ കൊന്നുകളഞ്ഞു എന്നു പറഞ്ഞു. ഇങ്ങനെ മോശെക്കും അഹരോന്നും വിരോധമായി സഭകൂടിയപ്പോൾ അവർ സമാഗമനകൂടാരത്തിന്റെ നേരെ നോക്കി: മേഘം അതിനെ മൂടി യഹോവയുടെ തേജസ്സും പ്രത്യക്ഷമായിരിക്കുന്നതു കണ്ടു. അപ്പോൾ മോശെയും അഹരോനും സമാഗമനകൂടാരത്തിന്റെ മുമ്പിൽ ചെന്നു. യഹോവ മോശെയോടു: ഈ സഭയുടെ മദ്ധ്യേനിന്നു മാറിപ്പോകുവിൻ; ഞാൻ അവരെ ക്ഷണത്തിൽ സംഹരിക്കും എന്നരുളിച്ചെയ്തു. അപ്പോൾ അവർ കവിണ്ണുവീണു. മോശെ അഹരോനോടു: നീ ധൂപകലശം എടുത്തു അതിൽ യാഗപീഠത്തിലെ തീ ഇട്ടു ധൂപവർഗ്ഗവും ഇട്ടു വേഗത്തിൽ സഭയുടെ മദ്ധ്യേ ചെന്നു അവർക്കുവേണ്ടി പ്രായശ്ചിത്തം കഴിക്ക; യഹോവയുടെ സന്നിധിയിൽനിന്നു ക്രോധം പുറപ്പെട്ടു ബാധ തുടങ്ങിയിരിക്കുന്നു എന്നു പറഞ്ഞു. മോശെ കല്പിച്ചതുപോലെ അഹരോൻ കലശം എടുത്തു സഭയുടെ നടുവിലേക്കു ഓടി, ബാധ ജനത്തിന്റെ ഇടയിൽ തുടങ്ങിയിരിക്കുന്നതു കണ്ടു, ധൂപം കാട്ടി ജനത്തിന്നുവേണ്ടി പ്രായശ്ചിത്തം കഴിച്ചു, മരിച്ചവർക്കും ജീവനുള്ളവർക്കും നടുവിൽ നിന്നപ്പോൾ ബാധ അടങ്ങി. കോരഹിന്റെ സംഗതിവശാൽ മരിച്ചവരെ കൂടാതെ ബാധയാൽ മരിച്ചവർ പതിന്നാലായിരത്തെഴുനൂറുപേർ ആയിരുന്നു പിന്നെ അഹരോൻ സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ മോശെയുടെ അടുക്കൽ മടങ്ങിവന്നു, അങ്ങനെ ബാധ നിന്നുപോയി.
സംഖ്യാപുസ്തകം 16:41-50 സമകാലിക മലയാളവിവർത്തനം (MCV)
അടുത്തദിവസം ഇസ്രായേൽസമൂഹം മുഴുവനും മോശയ്ക്കും അഹരോനും എതിരായി പിറുപിറുത്തു. “നിങ്ങൾ യഹോവയുടെ ജനത്തെ കൊന്നു” എന്ന് അവർ പറഞ്ഞു. എന്നാൽ സഭ മോശയ്ക്കും അഹരോനും എതിരായി സംഘടിച്ച് സമാഗമകൂടാരത്തിലേക്കടുത്തു. അപ്പോൾത്തന്നെ മേഘം അതിനെ മൂടിയിട്ട് യഹോവയുടെ തേജസ്സ് പ്രത്യക്ഷമായി. അപ്പോൾ മോശയും അഹരോനും സമാഗമകൂടാരത്തിന്റെ മുമ്പിലേക്കു ചെന്നു. യഹോവ മോശയോട് അരുളിച്ചെയ്തു: “ഇപ്പോൾത്തന്നെ ഞാൻ അവരെ നശിപ്പിക്കേണ്ടതിന് ഈ സഭയിൽനിന്ന് മാറിപ്പോകുക.” അപ്പോൾ അവർ കമിഴ്ന്നുവീണു. ഇതിനുശേഷം മോശ അഹരോനോടു പറഞ്ഞു: “നിന്റെ ധൂപകലശമെടുത്ത് യാഗപീഠത്തിലെ അഗ്നിയോടുകൂടെ അതിൽ സുഗന്ധവർഗം ഇട്ട്, അവർക്കുവേണ്ടി പ്രായശ്ചിത്തം ചെയ്യാൻ വേഗത്തിൽ സഭയിലേക്കു ചെല്ലുക. യഹോവയിൽനിന്ന് കോപം പുറപ്പെട്ടിരിക്കുന്നു; ബാധ തുടങ്ങിക്കഴിഞ്ഞു.” ആകയാൽ അഹരോൻ മോശ പറഞ്ഞതുപോലെ ചെയ്ത് സഭാമധ്യത്തിലേക്ക് ഓടിച്ചെന്നു. ജനത്തിന്റെ ഇടയിൽ ബാധ തുടങ്ങിക്കഴിഞ്ഞിരുന്നു. എങ്കിലും അഹരോൻ ധൂപം അർപ്പിച്ച് അവർക്കുവേണ്ടി പ്രായശ്ചിത്തം ചെയ്തു. അദ്ദേഹം ജീവനുള്ളവരുടെയും മരിച്ചവരുടെയും ഇടയിൽനിന്നപ്പോൾ ബാധ നിന്നു. എങ്കിലും കോരഹ് നിമിത്തം മരിച്ചവരെക്കൂടാതെ 14,700 ആളുകൾ ബാധയാൽ മരിച്ചു. ബാധ നിന്നതിനാൽ അഹരോൻ സമാഗമകൂടാരവാതിലിനു മുമ്പിൽ മോശയുടെ അടുത്തേക്കു മടങ്ങിവന്നു.