സംഖ്യാപുസ്തകം 14:1-9

സംഖ്യാപുസ്തകം 14:1-9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അപ്പോൾ സഭയൊക്കെയും ഉറക്കെ നിലവിളിച്ചു, ജനം ആ രാത്രി മുഴുവനും കരഞ്ഞു. യിസ്രായേൽമക്കൾ എല്ലാവരും മോശെക്കും അഹരോനും വിരോധമായി പിറുപിറുത്തു; സഭയൊക്കെയും അവരോട്: മിസ്രയീംദേശത്തുവച്ചു ഞങ്ങൾ മരിച്ചുപോയിരുന്നു എങ്കിൽ കൊള്ളായിരുന്നു. അല്ലെങ്കിൽ ഈ മരുഭൂമിയിൽവച്ചു ഞങ്ങൾ മരിച്ചുപോയിരുന്നു എങ്കിൽ കൊള്ളായിരുന്നു. വാളാൽ വീഴേണ്ടതിനു യഹോവ ഞങ്ങളെ ആ ദേശത്തിലേക്കു കൊണ്ടുപോകുന്നത് എന്തിന്? ഞങ്ങളുടെ ഭാര്യമാരും മക്കളും കൊള്ളയായ്പോകുമല്ലോ; മിസ്രയീമിലേക്കു മടങ്ങിപ്പോകയല്ലയോ ഞങ്ങൾക്കു നല്ലത്? എന്നു പറഞ്ഞു. നാം ഒരു തലവനെ നിശ്ചയിച്ചു മിസ്രയീമിലേക്ക് മടങ്ങിപ്പോക എന്നും അവർ തമ്മിൽ തമ്മിൽ പറഞ്ഞു. അപ്പോൾ മോശെയും അഹരോനും യിസ്രായേൽസഭയുടെ സർവസംഘത്തിന്റെയും മുമ്പാകെ കവിണ്ണുവീണു. ദേശത്തെ ഒറ്റുനോക്കിയവരിൽ നൂന്റെ മകൻ യോശുവയും യെഫുന്നെയുടെ മകൻ കാലേബും വസ്ത്രം കീറി യിസ്രായേൽമക്കളുടെ സർവസഭയോടും പറഞ്ഞത് എന്തെന്നാൽ: ഞങ്ങൾ സഞ്ചരിച്ച് ഒറ്റുനോക്കിയ ദേശം എത്രയും നല്ല ദേശം ആകുന്നു. യഹോവ നമ്മിൽ പ്രസാദിക്കുന്നു എങ്കിൽ അവൻ നമ്മെ പാലും തേനും ഒഴുകുന്ന ആ ദേശത്തേക്കു കൊണ്ടുചെന്നു നമുക്ക് അതു തരും. യഹോവയോടു നിങ്ങൾ മത്സരിക്കമാത്രം അരുത്; ആ ദേശത്തിലെ ജനത്തെ ഭയപ്പെടരുത്; അവർ നമുക്ക് ഇരയാകുന്നു; അവരുടെ ശരണം പൊയ്പോയിരിക്കുന്നു; നമ്മോടുകൂടെ യഹോവ ഉള്ളതുകൊണ്ട് അവരെ ഭയപ്പെടരുത്.

സംഖ്യാപുസ്തകം 14:1-9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഇസ്രായേൽജനം രാത്രി മുഴുവൻ ഉറക്കെ നിലവിളിച്ചുകൊണ്ടിരുന്നു. അവർ മോശയ്‍ക്കും അഹരോനും എതിരായി പിറുപിറുത്തു. ഈജിപ്തിലോ ഈ മരുഭൂമിയിലോ വച്ചു ഞങ്ങൾ മരിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു. വാളിനിരയാകാനായി ഞങ്ങളെ ആ ദേശത്തേക്കു കൊണ്ടുപോകുന്നത് എന്തിന്? ഞങ്ങളുടെ ഭാര്യമാരും കുഞ്ഞുങ്ങളും അവർക്ക് ഇരയായിത്തീരുമല്ലോ. ഈജിപ്തിലേക്കു മടങ്ങിപ്പോകുന്നതല്ലേ നല്ലത്?” അവർ അന്യോന്യം പറഞ്ഞു: “നമുക്ക് മറ്റൊരു നേതാവിനെ തിരഞ്ഞെടുത്ത് ഈജിപ്തിലേക്കു മടങ്ങിപ്പോകാം.” അപ്പോൾ മോശയും അഹരോനും അവിടെ കൂടിയിരുന്ന സകല ഇസ്രായേൽജനത്തിന്റെയും മുമ്പിൽ സാഷ്ടാംഗം വീണു. ദേശം ഒറ്റുനോക്കാൻ പോയവരിൽ നൂനിന്റെ മകൻ യോശുവയും യെഫുന്നെയുടെ മകൻ കാലേബും അവരുടെ വസ്ത്രം കീറി, സർവ ഇസ്രായേൽജനത്തോടുമായി അവർ പറഞ്ഞു: “ഞങ്ങൾ രഹസ്യമായി നിരീക്ഷിച്ച ദേശം വളരെ വിശിഷ്ടമാണ്. സർവേശ്വരൻ നമ്മിൽ പ്രസാദിച്ചാൽ അവിടുന്നു നമ്മെ പാലും തേനും ഒഴുകുന്ന ആ ദേശത്തേക്കു നയിക്കുകയും അതു നമുക്കു നല്‌കുകയും ചെയ്യും. നിങ്ങൾ അവിടുത്തോടു മത്സരിക്കരുത്. ആ ദേശനിവാസികളെ ഭയപ്പെടേണ്ടാ. അവർ നമുക്ക് ഇരയാകും. അവർക്ക് ഇനി രക്ഷയില്ല; സർവേശ്വരൻ നമ്മുടെ കൂടെയുള്ളതുകൊണ്ടു നാം അവരെ ഭയപ്പെടേണ്ടതില്ല.”

സംഖ്യാപുസ്തകം 14:1-9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

അപ്പോൾ സഭ ആസകലം തീവ്ര ദു:ഖത്താൽ ഉറക്കെ നിലവിളിച്ചു; ജനം ആ രാത്രിമുഴുവനും കരഞ്ഞു. യിസ്രായേൽ മക്കൾ എല്ലാവരും മോശെക്കും അഹരോനും വിരോധമായി പിറുപിറുത്തു; സഭ ആസകലം അവരോട്: “മിസ്രയീമിൽ വച്ചോ ഈ മരുഭൂമിയിൽവച്ചോ ഞങ്ങൾ മരിച്ചുപോയിരുന്നു എങ്കിൽ കൊള്ളാമായിരുന്നു. വാളാൽ വീഴേണ്ടതിന് യഹോവ ഞങ്ങളെ ആ ദേശത്തിലേക്ക് കൊണ്ടുപോകുന്നത് എന്തിന്? ഞങ്ങളുടെ ഭാര്യമാരും മക്കളും കൊള്ളയായിപ്പോകുമല്ലോ; മിസ്രയീമിലേക്കു മടങ്ങിപ്പോകുകയല്ലയോ ഞങ്ങൾക്ക് നല്ലത്?” എന്നു പറഞ്ഞു. ”നാം ഒരു നായകനെ തിരഞ്ഞെടുത്ത് മിസ്രയീമിലേക്കു മടങ്ങിപ്പോകുക” എന്നും അവർ തമ്മിൽതമ്മിൽ പറഞ്ഞു. അപ്പോൾ മോശെയും അഹരോനും യിസ്രായേൽസഭയുടെ സർവ്വസംഘത്തിൻ്റെയും മുമ്പിൽ കവിണ്ണുവീണു. ദേശത്തെ ഒറ്റുനോക്കിയവരിൽ നൂന്‍റെ മകൻ യോശുവയും യെഫുന്നെയുടെ മകൻ കാലേബും വസ്ത്രം കീറി, യിസ്രായേൽ മക്കളുടെ സർവ്വസഭയോടും പറഞ്ഞത് എന്തെന്നാൽ: “ഞങ്ങൾ സഞ്ചരിച്ച് ഒറ്റുനോക്കിയ ദേശം എത്രയും നല്ലദേശം ആകുന്നു. യഹോവ നമ്മിൽ പ്രസാദിക്കുന്നു എങ്കിൽ അവൻ നമ്മെ പാലും തേനും ഒഴുകുന്ന ആ ദേശത്തേക്ക് കൊണ്ടുചെന്ന് അത് നമുക്ക് തരും. യഹോവയോട് നിങ്ങൾ മത്സരിക്കുകമാത്രം അരുത്; ആ ദേശത്തിലെ ജനത്തെ ഭയപ്പെടരുത്; അവർ നമുക്ക് ഇരയാകുന്നു; അവരുടെ ശരണം പൊയ്പോയിരിക്കുന്നു; നമ്മോടുകൂടെ യഹോവ ഉള്ളതുകൊണ്ട് അവരെ ഭയപ്പെടരുത്.

സംഖ്യാപുസ്തകം 14:1-9 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അപ്പോൾ സഭയൊക്കെയും ഉറക്കെ നിലവിളിച്ചു, ജനം ആ രാത്രി മുഴുവനും കരഞ്ഞു. യിസ്രായേൽമക്കൾ എല്ലാവരും മോശെക്കും അഹരോന്നും വിരോധമായി പിറുപിറുത്തു; സഭ ഒക്കെയും അവരോടു: മിസ്രയീംദേശത്തുവെച്ചു ഞങ്ങൾ മരിച്ചുപോയിരുന്നു എങ്കിൽ കൊള്ളായിരുന്നു. അല്ലെങ്കിൽ ഈ മരുഭൂമിയിൽവെച്ചു ഞങ്ങൾ മരിച്ചുപോയിരുന്നു എങ്കിൽ കൊള്ളായിരുന്നു. വാളാൽ വീഴേണ്ടതിന്നു യഹോവ ഞങ്ങളെ ആ ദേശത്തിലേക്കു കൊണ്ടുപോകുന്നതു എന്തിന്നു? ഞങ്ങളുടെ ഭാര്യമാരും മക്കളും കൊള്ളയായ്പോകുമല്ലോ; മിസ്രയീമിലേക്കു മടങ്ങിപ്പോകയല്ലയോ ഞങ്ങൾക്കു നല്ലതു? എന്നു പറഞ്ഞു. നാം ഒരു തലവനെ നിശ്ചയിച്ചു മിസ്രയീമിലേക്കു മടങ്ങിപ്പോക എന്നും അവർ തമ്മിൽതമ്മിൽ പറഞ്ഞു. അപ്പോൾ മോശെയും അഹരോനും യിസ്രായേൽസഭയുടെ സർവ്വസംഘത്തിന്റെയും മുമ്പാകെ കവിണ്ണുവീണു. ദേശത്തെ ഒറ്റുനോക്കിയവരിൽ നൂന്റെ മകൻ യോശുവയും യെഫുന്നയുടെ മകൻ കാലേബും വസ്ത്രം കീറി, യിസ്രായേൽമക്കളുടെ സർവ്വസഭയോടും പറഞ്ഞതു എന്തെന്നാൽ: ഞങ്ങൾ സഞ്ചരിച്ചു ഒറ്റു നോക്കിയ ദേശം എത്രയും നല്ലദേശം ആകുന്നു. യഹോവ നമ്മിൽ പ്രസാദിക്കുന്നു എങ്കിൽ അവൻ നമ്മെ പാലും തേനും ഒഴുകുന്ന ആ ദേശത്തേക്കു കൊണ്ടുചെന്നു നമുക്കു അതു തരും. യഹോവയോടു നിങ്ങൾ മത്സരിക്കമാത്രം അരുതു; ആ ദേശത്തിലെ ജനത്തെ ഭയപ്പെടരുതു; അവർ നമുക്കു ഇരയാകുന്നു; അവരുടെ ശരണം പോയ്പോയിരിക്കുന്നു; നമ്മോടുകൂടെ യഹോവ ഉള്ളതുകൊണ്ടു അവരെ ഭയപ്പെടരുതു.

സംഖ്യാപുസ്തകം 14:1-9 സമകാലിക മലയാളവിവർത്തനം (MCV)

ആ രാത്രി ഇസ്രായേൽസഭ മുഴുവനും ശബ്ദം ഉയർത്തി ഉച്ചത്തിൽ കരഞ്ഞു; സകല ഇസ്രായേല്യരും മോശയ്ക്കും അഹരോനും എതിരായി പിറുപിറുത്തു; സർവസഭയും അവരോടു പറഞ്ഞു: “ഞങ്ങൾ ഈജിപ്റ്റിൽവെച്ചു മരിച്ചിരുന്നെങ്കിൽ! അല്ലെങ്കിൽ മരുഭൂമിയിൽത്തന്നെ ഞങ്ങൾ മരിച്ചിരുന്നെങ്കിൽ! ഞങ്ങൾ വാളിനാൽ വീഴാനായി യഹോവ ഞങ്ങളെ ഈ ദേശത്തേക്കു കൊണ്ടുവന്നതെന്തിന്? ഞങ്ങളുടെ ഭാര്യമാരും കുട്ടികളും കൊള്ളയായി പിടിക്കപ്പെടാൻ പോകുന്നു. ഈജിപ്റ്റിലേക്കു തിരികെപ്പോകുന്നതല്ലേ ഞങ്ങൾക്കു നല്ലത്?” “നമുക്ക് ഒരു നായകനെ തെരഞ്ഞെടുത്ത് ഈജിപ്റ്റിലേക്ക് മടങ്ങിപ്പോകാം,” അവർ പരസ്പരം പറഞ്ഞു. അപ്പോൾ മോശയും അഹരോനും അവിടെ കൂടിയിരുന്ന ഇസ്രായേൽസഭയിലുണ്ടായിരുന്ന സർവരുടെയും മുമ്പിൽ കമിഴ്ന്നുവീണു. ദേശം പര്യവേക്ഷണംചെയ്യാൻ പോയവരിൽ നൂന്റെ മകൻ യോശുവയും യെഫുന്നയുടെ മകൻ കാലേബും തങ്ങളുടെ വസ്ത്രംകീറി സർവ ഇസ്രായേൽസഭയോടും പറഞ്ഞു: “ഞങ്ങൾ സഞ്ചരിച്ച് പര്യവേക്ഷണംചെയ്ത ദേശം ഏറ്റവും നല്ലത്. യഹോവ നമ്മിൽ പ്രസാദിക്കുന്നെങ്കിൽ, അവിടന്ന് പാലും തേനും ഒഴുകുന്ന ആ ദേശത്തേക്കു നമ്മെ കൊണ്ടുചെന്ന് അതു നമുക്കു തരും. യഹോവയോടു മത്സരിക്കുകമാത്രം അരുത്. ആ ദേശത്തുള്ള ജനത്തെ ഭയപ്പെടരുത്, അവർ നമുക്കിരയാകും. അവരുടെ സുരക്ഷ നഷ്ടപ്പെട്ടിരിക്കുന്നു; എന്നാൽ യഹോവ നമ്മോടൊപ്പം ഉണ്ട്. അവരെ ഭയപ്പെടരുത്.”