നെഹെമ്യാവ് 9:1-38
നെഹെമ്യാവ് 9:1-38 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നാൽ ഈ മാസം ഇരുപത്തിനാലാം തീയതി യിസ്രായേൽമക്കൾ ഉപവസിച്ചും രട്ടുടുത്തും തലയിൽ പൂഴി വാരിയിട്ടുംകൊണ്ടു കൂടിവന്നു. യിസ്രായേൽസന്തതിയായവർ സകല അന്യജാതിക്കാരിൽനിന്നും വേർതിരിഞ്ഞു നിന്നു തങ്ങളുടെ പാപങ്ങളെയും തങ്ങളുടെ പിതാക്കന്മാരുടെ അകൃത്യങ്ങളെയും ഏറ്റുപറഞ്ഞു. പിന്നെ അവർ തങ്ങളുടെ നിലയിൽ തന്നെ എഴുന്നേറ്റുനിന്നു, അന്ന് ഒരു യാമത്തോളം തങ്ങളുടെ ദൈവമായ യഹോവയുടെ ന്യായപ്രമാണപുസ്തകം വായിച്ചു കേൾക്കയും പിന്നെ ഒരു യാമത്തോളം പാപങ്ങളെ ഏറ്റുപറഞ്ഞ് തങ്ങളുടെ ദൈവമായ യഹോവയെ നമസ്കരിക്കയും ചെയ്തു. ലേവ്യരിൽ യേശുവ, ബാനി, കദ്മീയേൽ, ശെബന്യാവ്, ബുന്നി, ശേരെബ്യാവ്, ബാനി, കെനാനി, എന്നിവർ ലേവ്യർക്കു നില്പാനുള്ള പടികളിന്മേൽ നിന്നുകൊണ്ടു തങ്ങളുടെ ദൈവമായ യഹോവയോട് ഉറക്കെ നിലവിളിച്ചു. പിന്നെ യേശുവ, കദ്മീയേൽ, ബാനി, ഹശബ്ന്യാവ്, ശേരെബ്യാവ്, ഹോദീയാവ്, ശെബന്യാവ്, പെദഹ്യാവ് എന്നീ ലേവ്യർ പറഞ്ഞതെന്തെന്നാൽ: നിങ്ങൾ എഴുന്നേറ്റു നിങ്ങളുടെ ദൈവമായ യഹോവയെ എന്നെന്നേക്കും വാഴ്ത്തുവിൻ. സകല പ്രശംസയ്ക്കും സ്തുതിക്കും മീതെ ഉയർന്നിരിക്കുന്ന നിന്റെ മഹത്ത്വമുള്ള നാമം വാഴ്ത്തപ്പെടുമാറാകട്ടെ. നീ, നീ മാത്രം യഹോവ ആകുന്നു; നീ ആകാശത്തെയും സ്വർഗാധിസ്വർഗത്തെയും അവയിലെ സകല സൈന്യത്തെയും ഭൂമിയെയും അതിലുള്ള സകലത്തെയും സമുദ്രങ്ങളെയും അവയിലുള്ള സകലത്തെയും ഉണ്ടാക്കി; നീ അവയെയൊക്കെയും രക്ഷിക്കുന്നു; ആകാശത്തിലെ സൈന്യം നിന്നെ നമസ്കരിക്കുന്നു. അബ്രാമിനെ തിരഞ്ഞെടുത്ത് അവനെ കൽദയപട്ടണമായ ഊരിൽനിന്നു കൊണ്ടുവന്ന് അവന് അബ്രാഹാം എന്നു പേരിട്ട ദൈവമായ യഹോവ നീ തന്നെ. നീ അവന്റെ ഹൃദയം നിന്റെ മുമ്പാകെ വിശ്വസ്തമായി കണ്ടു; കനാന്യർ, ഹിത്യർ, അമോര്യർ, പെരിസ്യർ, യെബൂസ്യർ, ഗിർഗരുസ്യർ എന്നിവരുടെ ദേശം കൊടുക്കും, അവന്റെ സന്തതിക്കു തന്നെ കൊടുക്കും എന്ന് നീ അവനോട് ഒരു നിയമം ചെയ്തു; നീ നീതിമാനായിരിക്കയാൽ നിന്റെ വചനങ്ങളെ നിവർത്തിച്ചുമിരിക്കുന്നു. മിസ്രയീമിൽ ഞങ്ങളുടെ പിതാക്കന്മാരുടെ പീഡയെ നീ കാൺകയും ചെങ്കടലിന്റെ അരികെവച്ച് അവരുടെ നിലവിളിയെ കേൾക്കയും ഫറവോനിലും അവന്റെ സകല ദാസന്മാരിലും അവന്റെ ദേശത്തിലെ സകല ജനത്തിലും അടയാളങ്ങളും അദ്ഭുതങ്ങളും പ്രവർത്തിക്കയും ചെയ്തു; അവർ അവരോട് ഡംഭം കാണിച്ചതു നീ അറിഞ്ഞിരുന്നുവല്ലോ; അങ്ങനെ ഇന്നും ഉള്ളതുപോലെ നീ നിനക്ക് ഒരു നാമം സമ്പാദിച്ചിരിക്കുന്നു. നീ കടലിനെ അവരുടെ മുമ്പിൽ വിഭാഗിച്ചു; അവർ കടലിന്റെ നടുവിൽ ഉണങ്ങിയ നിലത്തുകൂടി കടന്നു; അവരെ പിന്തുടർന്നവരെ നീ പെരുവെള്ളത്തിൽ ഒരു കല്ലുപോലെ ആഴത്തിൽ എറിഞ്ഞുകളഞ്ഞു. നീ പകൽസമയത്തു മേഘസ്തംഭംകൊണ്ടും രാത്രിസമയത്ത് അവർ പോകുന്ന വഴിക്കു വെളിച്ചം കൊടുപ്പാൻ അഗ്നിസ്തംഭംകൊണ്ടും അവരെ വഴി നടത്തി. നീ സീനായിമലമേൽ ഇറങ്ങി ആകാശത്തുനിന്ന് അവരോടു സംസാരിച്ച് അവർക്കു ന്യായമായുള്ള വിധികളും സത്യമായുള്ള ന്യായപ്രമാണങ്ങളും നല്ല ചട്ടങ്ങളും കല്പനകളും കൊടുത്തു. നിന്റെ വിശുദ്ധശബ്ബത്ത് നീ അവരെ അറിയിച്ചു, നിന്റെ ദാസനായ മോശെ മുഖാന്തരം അവർക്കു കല്പനകളും ചട്ടങ്ങളും ന്യായപ്രമാണവും കല്പിച്ചുകൊടുത്തു. അവരുടെ വിശപ്പിനു നീ അവർക്ക് ആകാശത്തുനിന്ന് അപ്പം കൊടുത്തു; അവരുടെ ദാഹത്തിനു നീ അവർക്കു പാറയിൽനിന്നു വെള്ളം പുറപ്പെടുവിച്ചു; നീ അവർക്കു കൊടുക്കുമെന്നു സത്യം ചെയ്ത ദേശത്തെ കൈവശമാക്കുവാൻ ചെല്ലേണ്ടതിന് അവരോടു കല്പിച്ചു. എങ്കിലും അവരും ഞങ്ങളുടെ പിതാക്കന്മാരും അഹങ്കരിച്ചു ദുശ്ശാഠ്യം കാണിച്ചു, നിന്റെ കല്പനകളെ കേൾക്കാതിരുന്നു. അനുസരിപ്പാൻ അവർക്കു മനസ്സില്ലാതിരുന്നു; നീ അവരിൽ ചെയ്ത അദ്ഭുതങ്ങളെ അവർ ഓർക്കാതെ ദുശ്ശാഠ്യം കാണിച്ചു തങ്ങളുടെ അടിമപ്പാടിലേക്കു മടങ്ങിപ്പോകത്തക്കവണ്ണം തങ്ങളുടെ മത്സരത്തിൽ ഒരു തലവനെ നിയമിച്ചു; നീയോ ക്ഷമിപ്പാൻ ഒരുക്കവും കൃപയും കരുണയും ദീർഘക്ഷമയും ദയാസമൃദ്ധിയും ഉള്ള ദൈവം ആകയാൽ അവരെ കൈവിട്ടുകളഞ്ഞില്ല. അവർ തങ്ങൾക്ക് ഒരു കാളക്കിടാവിനെ വാർത്തുണ്ടാക്കി; ഇതു നിന്നെ മിസ്രയീമിൽനിന്നു കൊണ്ടുവന്ന നിന്റെ ദൈവം എന്നു പറഞ്ഞു മഹാകോപഹേതുക്കൾ ഉണ്ടാക്കിയാറെയും നീ നിന്റെ മഹാകരുണ നിമിത്തം അവരെ മരുഭൂമിയിൽ വിട്ടുകളഞ്ഞില്ല; പകലിൽ അവരെ വഴിനടത്തിയ മേഘസ്തംഭവും രാത്രിയിൽ അവർക്കു വെളിച്ചം കൊടുത്ത് അവർ നടക്കേണ്ടുന്ന വഴി കാണിച്ച അഗ്നിസ്തംഭവും അവരെ വിട്ടുമാറിയതുമില്ല. അവരെ ഉപദേശിക്കേണ്ടതിനു നീ നിന്റെ നല്ല ആത്മാവിനെ കൊടുത്തു; അവരുടെ കൊറ്റിനു മുട്ടു വരാതെ നിന്റെ മന്നയെയും അവരുടെ ദാഹത്തിനു വെള്ളത്തെയും കൊടുത്തു. ഇങ്ങനെ നീ അവരെ നാല്പതു സംവത്സരം മരുഭൂമിയിൽ പുലർത്തി: അവർക്ക് ഒന്നും കുറവുണ്ടായില്ല; അവരുടെ വസ്ത്രം പഴകിയില്ല, അവരുടെ കാൽ വീങ്ങിയതുമില്ല. നീ അവർക്ക് രാജ്യങ്ങളെയും ജാതികളെയും അതിർ തിരിച്ചു വിഭാഗിച്ചുകൊടുത്തു; അവർ ഹെശ്ബോൻരാജാവായ സീഹോന്റെ ദേശവും ബാശാൻരാജാവായ ഓഗിന്റെ ദേശവും കൈവശമാക്കി. അവരുടെ മക്കളെ നീ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർധിപ്പിച്ചു; ചെന്നു കൈവശമാക്കുവാൻ നീ അവരുടെ പിതാക്കന്മാരോട് അരുളിച്ചെയ്തിരുന്ന ദേശത്തേക്ക് അവരെ എത്തിച്ചു. അങ്ങനെ മക്കൾ ചെന്നു ദേശത്തെ കൈവശമാക്കി; ദേശനിവാസികളായ കനാന്യരെ നീ അവർക്കു കീഴടക്കി അവരെയും അവരുടെ രാജാക്കന്മാരെയും ദേശത്തുള്ള ജാതികളെയും തങ്ങൾക്ക് ബോധിച്ചതുപോലെ ചെയ്വാൻ അവരുടെ കൈയിൽ ഏല്പിച്ചുകൊടുത്തു. അവർ ഉറപ്പുള്ള പട്ടണങ്ങളും പുഷ്ടിയുള്ള ദേശവും പിടിച്ച് എല്ലാ നല്ല വസ്തുക്കളും നിറഞ്ഞ വീടുകളും വെട്ടിയുണ്ടാക്കിയ കിണറുകളും മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും അനവധി ഫലവൃക്ഷങ്ങളും കൈവശമാക്കി; അവർ തിന്നു തൃപ്തിപ്പെട്ടു പുഷ്ടിയുള്ളവരായി നിന്റെ വലിയ നന്മയിൽ സുഖിച്ചുകൊണ്ടിരുന്നു. എന്നിട്ടും അവർ അനുസരണക്കേടു കാണിച്ചു നിന്നോടു മത്സരിച്ചു നിന്റെ ന്യായപ്രമാണം തങ്ങളുടെ പുറകിൽ എറിഞ്ഞുകളഞ്ഞു; അവരെ നിങ്കലേക്കു തിരിപ്പാൻ അവരോടു സാക്ഷ്യം പറഞ്ഞ നിന്റെ പ്രവാചകന്മാരെ അവർ കൊന്നു മഹാകോപഹേതുക്കൾ ഉണ്ടാക്കി. ആകയാൽ നീ അവരെ അവരുടെ ശത്രുക്കളുടെ കൈയിൽ ഏല്പിച്ചു, അവർ അവരെ പീഡിപ്പിച്ചു; അവരുടെ കഷ്ടകാലത്ത് അവർ നിന്നോടു നിലവിളിച്ചപ്പോൾ നീ സ്വർഗത്തിൽനിന്നു കേട്ടു നിന്റെ മഹാകരുണനിമിത്തം അവർക്കു രക്ഷകന്മാരെ കൊടുത്തു; അവർ അവരുടെ ശത്രുക്കളുടെ കൈയിൽനിന്ന് അവരെ രക്ഷിച്ചു. അവർക്കു സ്വസ്ഥത ഉണ്ടായപ്പോൾ അവർ വീണ്ടും നിനക്ക് അനിഷ്ടമായതു ചെയ്തു; അതുകൊണ്ടു നീ അവരെ അവരുടെ ശത്രുക്കളുടെ കൈയിൽ ഏല്പിക്കയും അവർ അവരുടെമേൽ കർത്തവ്യം നടത്തുകയും ചെയ്തു; അവർ തിരിഞ്ഞ് നിന്നോടു നിലവിളിച്ചപ്പോൾ നീ സ്വർഗത്തിൽനിന്നു കേട്ട് അവരെ നിന്റെ കരുണപ്രകാരം പല പ്രാവശ്യവും വിടുവിച്ചു. അവരെ നിന്റെ ന്യായപ്രമാണത്തിലേക്കു തിരിച്ചു വരുത്തേണ്ടതിനു നീ അവരോടു സാക്ഷീകരിച്ചു; എന്നിട്ടും അവർ അഹങ്കരിക്കയും ഒരുത്തൻ അനുസരിച്ചു നടന്നു ജീവിക്കാകുന്ന നിന്റെ കല്പനകൾ കേൾക്കാതെ നിന്റെ വിധികൾക്കു വിരോധമായി പാപം ചെയ്കയും എതിർത്തുനിന്നു ദുശ്ശാഠ്യം കാണിക്കയും ചെയ്ത് അനുസരണം ഇല്ലാതിരുന്നു. നീ ഏറിയ സംവത്സരം അവരോടു ക്ഷമിച്ച് നിന്റെ ആത്മാവിനാൽ നിന്റെ പ്രവാചകന്മാർ മുഖാന്തരം അവരോടു സാക്ഷീകരിച്ചു; എന്നാൽ അവർ ശ്രദ്ധിച്ചില്ല; അതുകൊണ്ടു നീ അവരെ ദേശത്തെ ജാതികളുടെ കൈയിൽ ഏല്പിച്ചുകൊടുത്തു. എങ്കിലും നിന്റെ മഹാകരുണ നിമിത്തം നീ അവരെ നിർമ്മൂലമാക്കിയില്ല, ഉപേക്ഷിച്ചുകളഞ്ഞതുമില്ല; നീ കൃപയും കരുണയുമുള്ള ദൈവമല്ലോ. ആകയാൽ ദൈവമേ, നിയമവും കൃപയും പാലിക്കുന്നവനായി വലിയവനും ബലവാനും ഭയങ്കരനുമായ ഞങ്ങളുടെ ദൈവമേ, അശ്ശൂർരാജാക്കന്മാരുടെ കാലംമുതൽ ഇന്നുവരെ ഞങ്ങൾക്കും ഞങ്ങളുടെ രാജാക്കന്മാർക്കും പ്രഭുക്കന്മാർക്കും പുരോഹിതന്മാർക്കും പ്രവാചകന്മാർക്കും ഞങ്ങളുടെ പിതാക്കന്മാർക്കും നിന്റെ സർവജനത്തിനും നേരിട്ട കഷ്ടങ്ങളൊക്കെയും നിനക്കു ലഘുവായി തോന്നരുതേ. എന്നാൽ ഞങ്ങൾക്കു ഭവിച്ചതിലൊക്കെയും നീ നീതിമാൻ തന്നെ; നീ വിശ്വസ്തത കാണിച്ചിരിക്കുന്നു; ഞങ്ങളോ ദുഷ്ടത പ്രവർത്തിച്ചിരിക്കുന്നു. ഞങ്ങളുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പുരോഹിതന്മാരും ഞങ്ങളുടെ പിതാക്കന്മാരും നിന്റെ ന്യായപ്രമാണം അനുസരിച്ചു നടന്നിട്ടില്ല; നിന്റെ കല്പനകളും നീ അവരോടു സാക്ഷീകരിച്ച നിന്റെ സാക്ഷ്യങ്ങളും പ്രമാണിച്ചിട്ടുമില്ല. അവർ തങ്ങളുടെ രാജത്വത്തിലും നീ അവർക്ക് കൊടുത്ത നിന്റെ വലിയ നന്മകളിലും നീ അവർക്ക് അധീനമാക്കിക്കൊടുത്ത വിശാലതയും പുഷ്ടിയുമുള്ള ദേശത്തിലും നിന്നെ സേവിച്ചിട്ടില്ല; തങ്ങളുടെ ദുഷ്പ്രവൃത്തികളെ വിട്ടു തിരിഞ്ഞിട്ടുമില്ല. ഇതാ, ഞങ്ങൾ ഇന്നു ദാസന്മാർ; നീ ഞങ്ങളുടെ പിതാക്കന്മാർക്കു ഫലവും ഗുണവും അനുഭവിപ്പാൻ കൊടുത്ത ഈ ദേശത്തുതന്നെ ഇതാ, ഞങ്ങൾ ദാസന്മാരായിരിക്കുന്നു. ഞങ്ങളുടെ പാപങ്ങൾ നിമിത്തം നീ ഞങ്ങളുടെമേൽ ആക്കിയിരിക്കുന്ന രാജാക്കന്മാർക്ക് അതു വളരെ അനുഭവം കൊടുക്കുന്നു; അവർ തങ്ങൾക്കു ബോധിച്ചതുപോലെ ഞങ്ങളുടെ ദേഹത്തിന്മേലും ഞങ്ങളുടെ കന്നുകാലികളിന്മേലും അധികാരം നടത്തുന്നു; ഞങ്ങൾ വലിയ കഷ്ടത്തിലുമായിരിക്കുന്നു. ഇതൊക്കെയും ഓർത്തു ഞങ്ങൾ സ്ഥിരമായൊരു നിയമം ചെയ്ത് എഴുതുന്നു; ഞങ്ങളുടെ പ്രഭുക്കന്മാരും ലേവ്യരും പുരോഹിതന്മാരും അതിനു മുദ്രയിടുന്നു.
നെഹെമ്യാവ് 9:1-38 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ആ മാസം ഇരുപത്തിനാലാം ദിവസം ഇസ്രായേൽജനം ഉപവസിച്ച് ചാക്കുതുണി ഉടുത്തു തലയിൽ പൂഴി വാരിയിട്ട് സമ്മേളിച്ചു. ഇസ്രായേൽജനം അന്യജനതകളിൽനിന്നു വേർതിരിഞ്ഞു തങ്ങളുടെ പാപങ്ങളും തങ്ങളുടെ പിതാക്കന്മാരുടെ അകൃത്യങ്ങളും ഏറ്റുപറഞ്ഞു. പിന്നീട് അവർ സ്വസ്ഥാനങ്ങളിൽ എഴുന്നേറ്റു നിന്നു മൂന്നു മണിക്കൂറോളം തങ്ങളുടെ ദൈവമായ സർവേശ്വരന്റെ ധർമശാസ്ത്ര പുസ്തകം വായിച്ചുകേൾക്കുകയും മൂന്നു മണിക്കൂർ പാപങ്ങൾ ഏറ്റുപറഞ്ഞ് അവിടുത്തെ ആരാധിക്കുകയും ചെയ്തു. ലേവ്യരായ യേശുവ, ബാനി, കദ്മീയേൽ, ശെബന്യാ, ബുന്നി, ശേരെബ്യാ, ബാനി, കെനാനി എന്നിവർ ലേവ്യരുടെ വേദിയിൽ നിന്നുകൊണ്ടു ദൈവമായ സർവേശ്വരനോടു നിലവിളിച്ചു പ്രാർഥിച്ചു. പിന്നീട് ലേവ്യരായ യേശുവ, കദ്മീയേൽ, ബാനി, ഹശബ്ന്യാ, ശേരെബ്യാ, ഹോദിയാ, ശെബന്യാ, പെദഹ്യാ എന്നിവർ പറഞ്ഞു: “നിങ്ങൾ എഴുന്നേറ്റു നിങ്ങളുടെ ദൈവമായ സർവേശ്വരനെ എന്നുമെന്നും വാഴ്ത്തുക; സകല സ്തുതികൾക്കും സ്തോത്രങ്ങൾക്കും അതീതനായ അവിടുത്തെ മഹത്ത്വമേറിയ നാമം വാഴ്ത്തപ്പെടട്ടെ.” എസ്രാ തുടർന്നു: “അവിടുന്ന്, അവിടുന്നു മാത്രം ആണ് സർവേശ്വരൻ. അവിടുന്നു സ്വർഗത്തെയും സ്വർഗാധിസ്വർഗത്തെയും സകല വാനഗോളങ്ങളെയും അതിലുള്ള സകലത്തെയും സമുദ്രങ്ങളെയും അവയിലുള്ള സകലത്തെയും സൃഷ്ടിച്ചു. അവിടുന്ന് അവയെ എല്ലാം സംരക്ഷിക്കുന്നു; വാനഗോളങ്ങൾ അങ്ങയെ നമസ്കരിക്കുന്നു. അബ്രാമിനെ തിരഞ്ഞെടുത്തു കല്ദയരുടെ പട്ടണമായ ഊരിൽനിന്നു കൊണ്ടുവന്ന് അദ്ദേഹത്തിന് അബ്രഹാം എന്നു പേരു നല്കിയ ദൈവമായ സർവേശ്വരൻ അവിടുന്നുതന്നെ. അബ്രഹാം വിശ്വസ്തനാണെന്ന് അവിടുന്നു മനസ്സിലാക്കി; കനാന്യർ, ഹിത്യർ, അമോര്യർ, പെരിസ്യർ, യെബൂസ്യർ, ഗിർഗസ്യർ എന്നിവരുടെ ദേശം അദ്ദേഹത്തിന്റെ പിൻതലമുറകൾക്ക് കൊടുക്കും എന്ന് അവിടുന്ന് ഉടമ്പടി ചെയ്തു. നീതിമാനായ അവിടുന്ന് അതു നിറവേറ്റി. ഈജിപ്തിൽ ഞങ്ങളുടെ പിതാക്കന്മാർ അനുഭവിച്ച കഷ്ടതകൾ അവിടുന്നു കണ്ടു; ചെങ്കടലിന്റെ തീരത്തുവച്ച് അവരുടെ നിലവിളി കേട്ടു. ഈജിപ്തുകാർ ഞങ്ങളുടെ പിതാക്കന്മാരോടു ധിക്കാരപൂർവം പ്രവർത്തിച്ചത് അവിടുന്ന് അറിഞ്ഞു. ഫറവോയ്ക്കും അയാളുടെ ഭൃത്യന്മാർക്കും ആ ദേശത്തെ ജനത്തിനും എതിരെ അടയാളങ്ങളും അദ്ഭുതങ്ങളും കാട്ടി. അങ്ങനെ അവിടുത്തെ നാമം പ്രസിദ്ധമായി. അത് ഇന്നും നിലനില്ക്കുന്നു. അവിടുന്ന് ഇസ്രായേൽജനത്തിന്റെ മുമ്പിൽ കടലിനെ രണ്ടായി വിഭജിച്ചു. അങ്ങനെ അവർ ഉണങ്ങിയ നിലത്തുകൂടി നടന്നുപോയി. അവരെ പിന്തുടർന്നവരെ ആഴജലത്തിൽ വീണ കല്ല് എന്നപോലെ അവിടുന്നു സമുദ്രത്തിൽ ആഴ്ത്തിക്കളഞ്ഞു. അവിടുന്ന് പകൽ മേഘസ്തംഭത്താൽ അവരെ നയിച്ചു; രാത്രിയിൽ അഗ്നിസ്തംഭത്തിന്റെ പ്രകാശത്താൽ അവരെ വഴി നടത്തി. സ്വർഗത്തിൽനിന്നു സീനായ്പർവതത്തിൽ ഇറങ്ങിവന്ന് അവിടുന്ന് അവരോടു സംസാരിച്ചു; യഥാർഥ നീതിനിഷ്ഠമായ വിധികളും നിയമങ്ങളും ഉചിതമായ ചട്ടങ്ങളും കല്പനകളും അവർക്കു നല്കി. വിശുദ്ധശബത്ത് എങ്ങനെ ആചരിക്കണമെന്ന് അവിടുന്ന് അവരെ അറിയിച്ചു. അവിടുത്തെ ദാസനായ മോശയിലൂടെ അവർക്ക് ചട്ടങ്ങളും കല്പനകളും നിയമങ്ങളും നല്കി. അവരുടെ വിശപ്പടക്കാൻ ആകാശത്തുനിന്ന് അപ്പം കൊടുത്തു; അവരുടെ ദാഹം ശമിപ്പിക്കുന്നതിനു പാറയിൽനിന്നു വെള്ളം പുറപ്പെടുവിച്ചു. അവർക്കു വാഗ്ദാനം ചെയ്തിരുന്ന ദേശം കൈവശമാക്കാൻ അവരോടു കല്പിച്ചു. എന്നാൽ അവരും ഞങ്ങളുടെ പിതാക്കന്മാരും അഹങ്കരിച്ച് അങ്ങയോടു ദുശ്ശാഠ്യം കാണിച്ചു; അവിടുത്തെ കല്പനകൾ അനുസരിച്ചില്ല. അവിടുത്തെ അനുസരിക്കാൻ അവർ വിസമ്മതിച്ചു. അവർ ധിക്കാരികളായി, അവിടുന്നു കാട്ടിയ അദ്ഭുതങ്ങൾ മറന്നു. ഈജിപ്തിലെ അടിമത്തത്തിലേക്കു മടങ്ങിപ്പോകാൻ ഒരു നേതാവിനെ നിയോഗിച്ചു. അവിടുന്ന് ക്ഷമിക്കുന്നതിന് സന്നദ്ധനും കൃപാലുവും കരുണാർദ്രനും ക്ഷമാശീലനും അളവറ്റ സ്നേഹനിധിയും ആകയാൽ അവരെ കൈവിട്ടില്ല. അവർ തങ്ങൾക്ക് ആരാധിക്കാൻ വേണ്ടി ഒരു കാളക്കുട്ടിയെ വാർത്തുണ്ടാക്കി. “ഇത് ഞങ്ങളെ ഈജിപ്തിൽനിന്നു കൂട്ടിക്കൊണ്ടുവന്ന ദൈവം, എന്നു പറഞ്ഞ് അങ്ങയെ അത്യന്തം ദുഷിച്ചു. എങ്കിലും അവിടുത്തെ മഹാകരുണയാൽ അവരെ മരുഭൂമിയിൽവച്ചു കൈവിട്ടില്ല; പകൽ അവരെ നയിച്ച മേഘസ്തംഭവും രാത്രിയിൽ അവർക്കു വെളിച്ചം നല്കിയ അഗ്നിസ്തംഭവും അവരെ വിട്ടുമാറിയില്ല. അവർക്കു നല്ല ഉപദേശം ലഭിക്കാൻ അവിടുത്തെ ചൈതന്യം അവരിൽ പകർന്നു. അവർക്കു മന്നയും ദാഹശമനത്തിനു ജലവും അവിടുന്നു തുടർന്നും നല്കി. ഇങ്ങനെ അവിടുന്ന് അവരെ നാല്പതു സംവത്സരം മരുഭൂമിയിൽ പുലർത്തി; അവർക്കു ഒന്നിനും കുറവുണ്ടായില്ല; അവരുടെ വസ്ത്രം പഴകിയില്ല; അവരുടെ പാദങ്ങൾ വീങ്ങിയതുമില്ല. അവിടുന്നു രാജ്യങ്ങളെയും ജനതകളെയും അവരുടെ കൈയിൽ ഏല്പിച്ചു; അത് അവർക്ക് വിഭജിച്ചു കൊടുത്തു. അവർ ഹെശ്ബോൻരാജാവായ സീഹോന്റെയും ബാശാൻരാജാവായ ഓഗിന്റെയും രാജ്യങ്ങൾ കൈവശമാക്കി. ഇസ്രായേലിന്റെ സന്തതികളെ അവിടുന്ന് ആകാശത്തിലെ നക്ഷത്രങ്ങൾപോലെ വർധിപ്പിച്ചു; കൈവശമാക്കാൻ അവരുടെ പിതാക്കന്മാരോടു കല്പിച്ചിരുന്ന ദേശത്തേക്ക് അവരെ നയിച്ചു. അവർ ചെന്നു ദേശം കൈവശമാക്കി. ദേശവാസികളായ കനാന്യരെ അവിടുന്ന് അവർക്കു കീഴ്പെടുത്തി. യഥേഷ്ടം പ്രവർത്തിക്കാൻ തക്കവിധം അവരുടെ രാജാക്കന്മാരെയും ജനതകളെയും അവരുടെ കൈയിൽ ഏല്പിച്ചു കൊടുത്തു. അവർ സുരക്ഷിത നഗരങ്ങളും ഫലപുഷ്ടമായ ദേശവും പിടിച്ചടക്കി. വിശിഷ്ട വിഭവങ്ങൾ നിറഞ്ഞ വീടുകൾ, കിണറുകൾ, മുന്തിരിത്തോട്ടങ്ങൾ, ഒലിവുതോട്ടങ്ങൾ, ധാരാളമായ ഫലവൃക്ഷങ്ങൾ എന്നിവ കൈവശമാക്കി; അവർ വേണ്ടുവോളം ഭക്ഷിച്ചു തൃപ്തരായി തടിച്ചു കൊഴുത്തു; അവിടുന്നു നല്കിയ വിശിഷ്ട വസ്തുക്കൾ അവർ അനുഭവിച്ച് ആഹ്ലാദിച്ചു. എന്നിട്ടും അവർ അങ്ങയെ അനുസരിക്കാതെ മത്സരിച്ചു; അവിടുത്തെ നിയമം അവർ പുറന്തള്ളി. അങ്ങയിലേക്കു മടങ്ങിവരാൻ ആവശ്യപ്പെട്ട പ്രവാചകരെ അവർ വധിച്ചു. അങ്ങനെ അവർ അങ്ങയെ വളരെയധികം നിന്ദിച്ചു. അതിനാൽ അവിടുന്ന് അവരെ ശത്രുക്കളുടെ കൈയിൽ ഏല്പിച്ചു; അവർ അവരെ പീഡിപ്പിച്ചു. കഷ്ടതയിൽ അവർ വിളിച്ചപേക്ഷിച്ചു. അപ്പോൾ സ്വർഗത്തിൽനിന്ന് അവിടുന്ന് അതു കേട്ടു. അവിടുത്തെ കാരുണ്യാതിരേകത്താൽ അവർക്കു വിമോചകരെ നല്കി. അവർ അവരെ ശത്രുക്കളിൽനിന്നു രക്ഷിച്ചു. എന്നാൽ സ്വസ്ഥത ഉണ്ടായപ്പോൾ അവർ വീണ്ടും തിന്മ പ്രവർത്തിച്ചു. അതുകൊണ്ട് അവിടുന്നു അവരെ ശത്രുക്കളുടെ കൈയിൽ ഏല്പിച്ചു; അവർ അവരെ ഭരിച്ചു. അവർ തിരിഞ്ഞ് അങ്ങയോടു നിലവിളിച്ചപ്പോൾ അവിടുന്നു സ്വർഗത്തിൽനിന്നു കേട്ടു. അങ്ങനെ അവിടുത്തെ കാരുണ്യത്താൽ പലതവണ അവിടുന്ന് അവരെ വിടുവിച്ചു. അവിടുത്തെ നിയമമനുസരിക്കാൻ അവിടുന്ന് അവരോടു കല്പിച്ചു. എങ്കിലും അവർ അഹങ്കാരത്തോടെ ജീവിച്ചു; അവിടുത്തെ കല്പനകൾ ലംഘിച്ച് പാപം ചെയ്തു. അങ്ങനെ ദുശ്ശാഠ്യക്കാരായ അവർ ജീവദായകമായ കല്പനകൾ അനുസരിച്ചില്ല. അവിടുന്നു ദീർഘകാലം അവരോടു ക്ഷമിച്ചു. പ്രവാചകരിലൂടെ അവിടുത്തെ ആത്മാവ് അവർക്കു മുന്നറിയിപ്പു നല്കി; എന്നാൽ അവർ ശ്രദ്ധിച്ചില്ല. അതുകൊണ്ട് അവിടുന്ന് അവരെ അന്യജനതകൾക്ക് ഏല്പിച്ചുകൊടുത്തു. എങ്കിലും അവിടുത്തെ കാരുണ്യാതിരേകത്താൽ അവിടുന്ന് അവരെ നിശ്ശേഷം നശിപ്പിക്കയോ കൈവിടുകയോ ചെയ്തില്ല. അവിടുന്നു കൃപയും കരുണയുമുള്ള ദൈവമാണല്ലോ. മഹോന്നതനും ബലവാനും ഭീതിദനും ഉടമ്പടി പാലിക്കുന്നവനും കരുണാനിധിയുമായ ഞങ്ങളുടെ ദൈവമേ, അസ്സീറിയൻരാജാക്കന്മാരുടെ കാലംമുതൽ ഇന്നുവരെ ഞങ്ങളും ഞങ്ങളുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പുരോഹിതന്മാരും പ്രവാചകന്മാരും ഞങ്ങളുടെ പിതാക്കന്മാരും സർവജനങ്ങളും സഹിക്കേണ്ടിവന്ന കഷ്ടതകൾ അവിടുന്നു നിസ്സാരമായി ഗണിക്കരുതേ. ഞങ്ങൾ അർഹിക്കുന്ന ശിക്ഷയാണ് അവിടുന്നു ഞങ്ങൾക്കു നല്കിയത്. അവിടുന്നു വിശ്വസ്തനായിരുന്നു. ഞങ്ങളാകട്ടെ ദുഷ്ടത പ്രവർത്തിച്ചു. ഞങ്ങളുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പുരോഹിതന്മാരും പിതാക്കന്മാരും അവിടുത്തെ നിയമം അനുസരിച്ചില്ല; അവിടുത്തെ കല്പനകളും അവിടുന്നു നല്കിയ മുന്നറിയിപ്പും അവഗണിച്ചു. അവിടുന്ന് അവർക്ക് അധീനമാക്കിക്കൊടുത്ത വിസ്തൃതവും ഫലപുഷ്ടിയുള്ളതുമായ സ്വന്തം ദേശത്ത് അവിടുന്നു നല്കിയ നന്മകൾ അനുഭവിക്കുമ്പോഴും അവർ അങ്ങയെ സേവിച്ചില്ല. അവർ തങ്ങളുടെ ദുഷ്പ്രവൃത്തികൾ ഉപേക്ഷിച്ചുമില്ല. ഞങ്ങൾ ഇന്ന് അടിമകളാണ്; സൽഫലങ്ങളും നന്മകളും അനുഭവിക്കാൻ ഞങ്ങളുടെ പിതാക്കന്മാർക്കു കൊടുത്ത ദേശത്തു ഞങ്ങൾ ഇന്ന് അടിമകളാണ്. ഞങ്ങളുടെ പാപങ്ങൾ നിമിത്തം അവിടുന്നു ഞങ്ങളുടെമേൽ അധീശരാക്കിയിരിക്കുന്ന രാജാക്കന്മാർ ഈ ദേശത്തിന്റെ സമൃദ്ധി അനുഭവിക്കുന്നു. ഞങ്ങളുടെയും ഞങ്ങളുടെ കന്നുകാലികളുടെയുംമേൽ എന്തും പ്രവർത്തിക്കാനുള്ള അധികാരം അവർക്കുണ്ട്. ഞങ്ങൾ വലിയ കഷ്ടതയിൽ ആയിരിക്കുന്നു. അതുകൊണ്ട് ഞങ്ങൾ ഒരു ഉടമ്പടി എഴുതിയുണ്ടാക്കിയിരിക്കുന്നു. അതിൽ പ്രഭുക്കന്മാരും ലേവ്യരും പുരോഹിതന്മാരും ഒപ്പുവയ്ക്കുന്നു.
നെഹെമ്യാവ് 9:1-38 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്നാൽ ഈ മാസം ഇരുപത്തിനാലാം തീയതി യിസ്രായേൽ മക്കൾ ഉപവസിച്ച്, രട്ടുടുത്തും ദേഹത്ത് പൂഴി വാരിയിട്ടും കൊണ്ട് ഒന്നിച്ചുകൂടി. യിസ്രായേൽപരമ്പരയിലുള്ളവർ സകല അന്യജാതിക്കാരിൽ നിന്നും വേർതിരിഞ്ഞുനിന്ന് തങ്ങളുടെ പാപങ്ങളും തങ്ങളുടെ പിതാക്കന്മാരുടെ അകൃത്യങ്ങളും ഏറ്റുപറഞ്ഞു. പിന്നെ അവർ തങ്ങളുടെ സ്ഥാനങ്ങളിൽ തന്നെ എഴുന്നേറ്റ് നിന്നു. അന്ന് ഒരു യാമത്തോളം ദൈവമായ യഹോവയുടെ ന്യായപ്രമാണപുസ്തകം വായിച്ച് കേൾക്കുകയും പിന്നെ ഒരു യാമത്തോളം പാപങ്ങളെ ഏറ്റുപറഞ്ഞ് തങ്ങളുടെ ദൈവമായ യഹോവയെ നമസ്കരിക്കുകയും ചെയ്തു. ലേവ്യരിൽ യേശുവ, ബാനി, കദ്മീയേൽ, ശെബന്യാവ്, ബുന്നി, ശേരെബ്യാവ്, ബാനി, കെനാനി എന്നിവർ ലേവ്യർക്ക് നിൽക്കുവാനുള്ള പടികളിൽ നിന്നുകൊണ്ട് തങ്ങളുടെ ദൈവമായ യഹോവയോട് ഉറക്കെ നിലവിളിച്ചു. പിന്നെ യേശുവ, കദ്മീയേൽ, ബാനി, ഹശബ്ന്യാവ്, ശേരെബ്യാവ്, ഹോദീയാവ്, ശെബന്യാവ്, പെഥഹ്യാവ്, എന്നീ ലേവ്യർ പറഞ്ഞതെന്തെന്നാൽ: “നിങ്ങൾ എഴുന്നേറ്റ് നിങ്ങളുടെ ദൈവമായ യഹോവയെ എന്നെന്നേക്കും വാഴ്ത്തുവിൻ. സകല പ്രശംസയ്ക്കും സ്തുതിക്കും മീതെ ഉയർന്നിരിക്കുന്ന അങ്ങേയുടെ മഹത്വമുള്ള നാമം വാഴ്ത്തപ്പെടുമാറാകട്ടെ. അങ്ങ്, അങ്ങ് മാത്രമാണ് യഹോവ; അങ്ങ് ആകാശത്തെയും സ്വർഗ്ഗാധിസ്വർഗ്ഗത്തെയും അവയിലെ സകലസൈന്യത്തെയും ഭൂമിയെയും അതിലുള്ള സകലത്തെയും സമുദ്രങ്ങളെയും അവയിലുള്ള സകലത്തെയും ഉണ്ടാക്കി; അങ്ങ് അവയെ ഒക്കെയും രക്ഷിക്കുന്നു; ആകാശത്തിലെ സൈന്യം അങ്ങയെ നമസ്കരിക്കുന്നു. “അബ്രാമിനെ തിരഞ്ഞെടുത്ത് അവനെ കൽദയപട്ടണമായ ഊരിൽനിന്ന് കൊണ്ടുവന്ന് അവന് അബ്രാഹാം എന്ന് പേരിട്ട ദൈവമായ യഹോവ അങ്ങ് തന്നെ. അങ്ങ് അവന്റെ ഹൃദയം അങ്ങേയുടെ മുമ്പാകെ വിശ്വസ്തമായി കണ്ടു. കനാന്യർ, ഹിത്യർ, അമോര്യർ, പെരിസ്യർ, യെബൂസ്യർ, ഗിർഗ്ഗശ്യർ എന്നിവരുടെ ദേശം കൊടുക്കും, അവന്റെ സന്തതിക്ക് തന്നെ കൊടുക്കും എന്ന് അങ്ങ് അവനോട് ഒരു നിയമം ചെയ്തു. അങ്ങ് നീതിമാനായിരിക്കയാൽ അങ്ങേയുടെ വചനങ്ങൾ നിവർത്തിച്ചുമിരിക്കുന്നു. “മിസ്രയീമിൽ ഞങ്ങളുടെ പൂര്വ്വ പിതാക്കന്മാരുടെ പീഡയെ അങ്ങ് കാണുകയും ചെങ്കടലിന്റെ അരികെ നിന്നുള്ള അവരുടെ നിലവിളിയെ കേൾക്കുകയും ഫറവോനിലും അവന്റെ സകലദാസന്മാരിലും അവന്റെ ദേശത്തെ സകല ജനങ്ങളിലും അടയാളങ്ങളും അത്ഭുതങ്ങളും പ്രവർത്തിക്കയും ചെയ്തു. അവർ അവരോട് അഹങ്കാരം പ്രവർത്തിച്ചത് അങ്ങ് അറിഞ്ഞിരുന്നുവല്ലോ; അങ്ങനെ ഇന്നും നിലനിൽക്കുന്നതുപോലെ അങ്ങ് അങ്ങേയ്ക്കായി ഒരു നാമം സമ്പാദിച്ചിരിക്കുന്നു. അങ്ങ് കടലിനെ അവരുടെ മുമ്പിൽ വിഭാഗിച്ച്, കടലിന്റെ നടുവിൽ ഉണങ്ങിയ നിലത്തുകൂടി അവരെ കടക്കുമാറാക്കി; അവരെ പിന്തുടർന്നവരെ അങ്ങ് പെരുവെള്ളത്തിൽ ഒരു കല്ലുപോലെ ആഴത്തിൽ എറിഞ്ഞുകളഞ്ഞു. അങ്ങ് പകൽ മേഘസ്തംഭം കൊണ്ടും രാത്രി അവർ പോകുന്ന വഴിക്ക് വെളിച്ചംകൊടുക്കുവാൻ അഗ്നിസ്തംഭംകൊണ്ടും അവരെ വഴിനടത്തി. “അങ്ങ് സീനായിമലമേൽ ഇറങ്ങി, ആകാശത്തുനിന്നു അവരോട് സംസാരിച്ച് അവർക്ക് ന്യായമായുള്ള വിധികളും സത്യമായുള്ള ന്യായപ്രമാണങ്ങളും നല്ല ചട്ടങ്ങളും കല്പനകളും നൽകി. അങ്ങേയുടെ വിശുദ്ധശബ്ബത്ത് അങ്ങ് അവരെ അറിയിച്ച്, അങ്ങേയുടെ ദാസനായ മോശെമുഖാന്തരം അവർക്ക് കല്പനകളും ചട്ടങ്ങളും ന്യായപ്രമാണവും കല്പിച്ചുകൊടുത്തു. “അവരുടെ വിശപ്പിന് അങ്ങ് അവർക്ക് ആകാശത്തുനിന്നു അപ്പം കൊടുത്തു; അവരുടെ ദാഹത്തിന് അങ്ങ് അവർക്ക് പാറയിൽനിന്ന് വെള്ളം പുറപ്പെടുവിച്ചു. അങ്ങ് അവർക്ക് കൊടുക്കുമെന്ന് സത്യംചെയ്ത ദേശം കൈവശമാക്കുവാനും അവരോട് കല്പിച്ചു. “എങ്കിലും അവരും ഞങ്ങളുടെ പൂര്വ്വ പിതാക്കന്മാരും അഹങ്കരിച്ച് ദുശ്ശാഠ്യം കാണിച്ച്, അങ്ങേയുടെ കല്പനകളെ കേൾക്കാതിരുന്നു. അനുസരിക്കുവാൻ അവർ കൂട്ടാക്കിയില്ല; അങ്ങ് അവരിൽ ചെയ്ത അത്ഭുതങ്ങൾ അവർ ഓർക്കാതെ ദുശ്ശാഠ്യം കാണിച്ച് തങ്ങളുടെ അടിമത്തത്തിലേക്ക് മടങ്ങിപ്പോകുവാൻ വേണ്ടി മത്സരിച്ച് ഒരു തലവനെ നിയമിച്ചു. അങ്ങോ കൃപയും കരുണയും ദീർഘക്ഷമയും മഹാദയയും ഉള്ള ദൈവം ആകയാൽ അവരെ ഉപേക്ഷിച്ചുകളഞ്ഞില്ല. അവർ തങ്ങൾക്ക് ഒരു കാളക്കിടാവിനെ വാർത്തുണ്ടാക്കി; ‘ഇത് നിന്നെ മിസ്രയീമിൽ നിന്ന് കൊണ്ടുവന്ന നിന്റെ ദൈവം’ എന്നു പറഞ്ഞ് വലിയ ക്രോധം ജനിപ്പിച്ചു. “എങ്കിലും അങ്ങേയുടെ മഹാകരുണ നിമിത്തം അങ്ങ് അവരെ മരുഭൂമിയിൽ വിട്ടുകളഞ്ഞില്ല. പകൽ അവരെ വഴിനടത്തിയ മേഘസ്തംഭവും രാത്രി അവർക്ക് വെളിച്ചം കൊടുത്ത് വഴി കാണിച്ച അഗ്നിസ്തംഭവും അവരെ വിട്ടുമാറിയതുമില്ല. അവരെ ഉപദേശിക്കേണ്ടതിന് അങ്ങേയുടെ നല്ല ആത്മാവിനെ അങ്ങ് കൊടുത്തു. അവരുടെ വിശപ്പിന് മന്നയും അവരുടെ ദാഹത്തിന് വെള്ളവും കൊടുത്തു. ഇങ്ങനെ അങ്ങ് അവരെ നാല്പത് വര്ഷം മരുഭൂമിയിൽ പരിപാലിച്ചു. അവർക്ക് ഒന്നിനും കുറവുണ്ടായില്ല; അവരുടെ വസ്ത്രം പഴകിയില്ല, അവരുടെ കാൽ വീങ്ങിയതുമില്ല. “അങ്ങ് അവർക്ക് രാജ്യങ്ങളെയും ജാതികളെയും അതിർതിരിച്ച് വിഭാഗിച്ചു കൊടുത്തു. അവർ ഹെശ്ബോൻ രാജാവായ സീഹോന്റെ ദേശവും ബാശാൻരാജാവായ ഓഗിന്റെ ദേശവും കൈവശമാക്കി. അങ്ങ് അവരുടെ മക്കളെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർദ്ധിപ്പിച്ചു; കൈവശമാക്കുവാൻ അവരുടെ പൂര്വ്വ പിതാക്കന്മാരോട് അങ്ങ് അരുളിച്ചെയ്തിരുന്ന ദേശത്തക്ക് അവരെ കൊണ്ടുവന്നു. “അങ്ങനെ അവരുടെ മക്കൾ ചെന്നു ദേശത്തെ കൈവശമാക്കി; ദേശനിവാസികളായ കനാന്യരെ അങ്ങ് കീഴ്പെടുത്തി, അവരെയും അവരുടെ രാജാക്കന്മാരെയും ദേശത്തെ ജാതികളെയും തങ്ങൾക്ക് ബോധിച്ചതുപോലെ ചെയ്യുവാൻ അവരുടെ കയ്യിൽ ഏല്പിച്ചുകൊടുത്തു. അവർ ഉറപ്പുള്ള പട്ടണങ്ങളും ഫലപുഷ്ടിയുള്ള ദേശവും പിടിച്ചു; എല്ലാ നല്ലവസ്തുക്കളും നിറഞ്ഞ വീടുകളും വെട്ടിയുണ്ടാക്കിയ കിണറുകളും മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും അനവധി ഫലവൃക്ഷങ്ങളും കൈവശമാക്കി. അവർ തിന്ന് തൃപ്തിപ്പെട്ട് പുഷ്ടിയുള്ളവരായി അങ്ങേയുടെ വലിയ നന്മയിൽ സന്തോഷിച്ചു. “എന്നിട്ടും അവർ അനുസരണക്കേട് കാണിച്ച് അങ്ങേയോട് മത്സരിച്ച് അങ്ങേയുടെ ന്യായപ്രമാണം തങ്ങളുടെ പുറകിൽ എറിഞ്ഞുകളഞ്ഞു. അവരെ അങ്ങയിലേയ്ക്ക് തിരിക്കുവാൻ അവരോട് സാക്ഷ്യംപറഞ്ഞ അങ്ങേയുടെ പ്രവാചകന്മാരെ അവർ കൊന്ന് വലിയ ക്രോധകാരണങ്ങൾ ഉണ്ടാക്കി. ആകയാൽ അങ്ങ് അവരെ അവരുടെ ശത്രുക്കളുടെ കയ്യിൽ ഏല്പിച്ചു. അവർ അവരെ പീഡിപ്പിച്ചു; അവരുടെ കഷ്ടകാലത്ത് അവർ അങ്ങേയോട് നിലവിളിച്ചപ്പോൾ അങ്ങ് സ്വർഗ്ഗത്തിൽനിന്ന് കേട്ട് അങ്ങേയുടെ മഹാകരുണ നിമിത്തം അവർക്ക് രക്ഷകന്മാരെ നൽകി. അവർ അവരുടെ ശത്രുക്കളുടെ കയ്യിൽനിന്ന് അവരെ രക്ഷിച്ചു. അവർക്ക് സ്വസ്ഥത ലഭിച്ചപ്പോൾ അവർ വീണ്ടും അങ്ങേക്ക് അനിഷ്ടമായത് ചെയ്തു. അതുകൊണ്ട് അങ്ങ് അവരെ അവരുടെ ശത്രുക്കളുടെ കയ്യിൽ ഏല്പിക്കുകയും അവർ അവരുടെ മേൽ ഭരണം നടത്തുകയും ചെയ്തു. അവർ തിരിഞ്ഞ് അങ്ങേയോട് നിലവിളിച്ചപ്പോൾ അങ്ങ് സ്വർഗ്ഗത്തിൽനിന്ന് കേട്ട് അങ്ങേയുടെ കരുണയാൽ പലപ്രാവശ്യവും അവരെ വിടുവിച്ചു. “അവരെ അങ്ങേയുടെ ന്യായപ്രമാണത്തിലേക്ക് തിരിച്ച് വരുത്തേണ്ടതിന് അങ്ങ് അവരോട് സാക്ഷീകരിച്ചു; എന്നിട്ടും അവർ അഹങ്കരിക്കുകയും, അനുസരിച്ച് നടക്കുന്നവർക്ക് ജീവൻ നൽകുന്ന അങ്ങേയുടെ കല്പനകൾ കേൾക്കാതെ അങ്ങേയുടെ വിധികൾക്ക് വിരോധമായി പാപം ചെയ്കയും എതിർത്തുനിന്ന് ദുശ്ശാഠ്യം കാണിച്ച് അനുസരണമില്ലാത്തവരാകുകയും ചെയ്തു. അങ്ങ് ഏറിയ വര്ഷം അവരോട് ക്ഷമിച്ച് അങ്ങേയുടെ ആത്മാവിനാൽ അങ്ങേയുടെ പ്രവാചകന്മാർ മുഖാന്തരം അവരോട് സാക്ഷീകരിച്ചു; എന്നാൽ അവർ ശ്രദ്ധിച്ചില്ല; അതുകൊണ്ട് അങ്ങ് അവരെ ദേശത്തെ ജനതകളുടെ കയ്യിൽ ഏല്പിച്ചുകൊടുത്തു. എങ്കിലും അങ്ങേയുടെ മഹാകരുണ നിമിത്തം അങ്ങ് അവരെ നിർമ്മൂലമാക്കിയില്ല, ഉപേക്ഷിച്ചുകളഞ്ഞതുമില്ല. അങ്ങ് കൃപയും കരുണയുമുള്ള ദൈവമല്ലോ. “ആകയാൽ ദൈവമേ, നിയമവും കൃപയും പാലിക്കുന്നവനായി വലിയവനും ബലവാനും ഭയങ്കരനുമായ ഞങ്ങളുടെ ദൈവമേ, അശ്ശൂർ രാജാക്കന്മാരുടെ കാലം മുതൽ ഇന്നുവരെ ഞങ്ങൾക്കും ഞങ്ങളുടെ രാജാക്കന്മാർക്കും പ്രഭുക്കന്മാർക്കും പുരോഹിതന്മാർക്കും പ്രവാചകന്മാർക്കും ഞങ്ങളുടെ പിതാക്കന്മാർക്കും അങ്ങേയുടെ സർവ്വജനത്തിനും നേരിട്ട കഷ്ടങ്ങളൊക്കെയും അങ്ങേക്ക് ലഘുവായി തോന്നരുതേ. എന്നാൽ ഞങ്ങൾക്ക് ഭവിച്ചതിൽ ഒക്കെയും അങ്ങ് നീതിമാൻ തന്നെ; അങ്ങ് വിശ്വസ്തത കാണിച്ചിരിക്കുന്നു; ഞങ്ങളോ ദുഷ്ടത പ്രവർത്തിച്ചിരിക്കുന്നു. ഞങ്ങളുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പുരോഹിതന്മാരും ഞങ്ങളുടെ പൂര്വ്വ പിതാക്കന്മാരും അങ്ങേയുടെ ന്യായപ്രമാണം അനുസരിച്ച് നടന്നിട്ടില്ല; അങ്ങേയുടെ കല്പനകളും അങ്ങ് അവരോട് സാക്ഷീകരിച്ച സാക്ഷ്യങ്ങളും പ്രമാണിച്ചിട്ടുമില്ല. അവർ തങ്ങളുടെ രാജത്വത്തിലും അങ്ങ് അവർക്ക് കൊടുത്ത വലിയ നന്മകളിലും അങ്ങ് അവർക്ക് അധീനമാക്കിക്കൊടുത്ത വിശാലതയും ഫലപുഷ്ടിയുമുള്ള ദേശത്തിലും അങ്ങയെ സേവിച്ചിട്ടില്ല; തങ്ങളുടെ ദുഷ്പ്രവൃത്തികൾ വിട്ട് തിരിഞ്ഞിട്ടുമില്ല. “ഇതാ, ഞങ്ങൾ ഇന്ന് ദാസന്മാർ; അങ്ങ് ഞങ്ങളുടെ പൂര്വ്വ പിതാക്കന്മാർക്ക് ഫലവും ഗുണവും അനുഭവിക്കുവാൻ കൊടുത്ത ഈ ദേശത്ത് തന്നെ ഇതാ, ഞങ്ങൾ ദാസന്മാരായിരിക്കുന്നു. ഞങ്ങളുടെ പാപങ്ങൾ നിമിത്തം അങ്ങ് ഞങ്ങളുടെമേൽ ആക്കിയിരിക്കുന്ന രാജാക്കന്മാർ അതിലെ വിളവുകൾ എടുക്കുന്നു; അവർ തങ്ങൾക്ക് ബോധിച്ചതുപോലെ ഞങ്ങളിലും ഞങ്ങളുടെ കന്നുകാലികളിലും അധികാരം നടത്തുന്നു; ഞങ്ങൾ വലിയ കഷ്ടത്തിലും ആയിരിക്കുന്നു.” “ഇതൊക്കെയും ഓർത്തു ഞങ്ങൾ സ്ഥിരമായോരു ഉടമ്പടി എഴുതുന്നു. ഞങ്ങളുടെ പ്രഭുക്കന്മാരും ലേവ്യരും പുരോഹിതന്മാരും അതിന് മുദ്രയിടുന്നു.”
നെഹെമ്യാവ് 9:1-38 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എന്നാൽ ഈ മാസം ഇരുപത്തിനാലാം തിയ്യതി യിസ്രായേൽമക്കൾ ഉപവസിച്ചും രട്ടുടുത്തും തലയിൽ പൂഴി വാരിയിട്ടുംകൊണ്ടു കൂടിവന്നു. യിസ്രായേൽസന്തതിയായവർ സകലഅന്യജാതിക്കാരിൽനിന്നും വേറുതിരിഞ്ഞുനിന്നു തങ്ങളുടെ പാപങ്ങളെയും തങ്ങളുടെ പിതാക്കന്മാരുടെ അകൃത്യങ്ങളെയും ഏറ്റു പറഞ്ഞു. പിന്നെ അവർ തങ്ങളുടെ നിലയിൽ തന്നേ എഴുന്നേറ്റുനിന്നു, അന്നു ഒരു യാമത്തോളം തങ്ങളുടെ ദൈവമായ യഹോവയുടെ ന്യായപ്രമാണപുസ്തകം വായിച്ചു കേൾക്കയും പിന്നെ ഒരു യാമത്തോളം പാപങ്ങളെ ഏറ്റുപറഞ്ഞു തങ്ങളുടെ ദൈവമായ യഹോവയെ നമസ്കരിക്കയും ചെയ്തു. ലേവ്യരിൽ യേശുവ, ബാനി, കദ്മീയേൽ, ശെബന്യാവു, ബുന്നി, ശേരെബ്യാവു, ബാനി, കെനാനി എന്നിവർ ലേവ്യർക്കു നില്പാനുള്ള പടികളിന്മേൽ നിന്നുകൊണ്ടു തങ്ങളുടെ ദൈവമായ യഹോവയോടു ഉറക്കെ നിലവിളിച്ചു. പിന്നെ യേശുവ, കദ്മീയേൽ, ബാനി, ഹശബ്ന്യാവു, ശേരെബ്യാവു, ഹോദീയാവു, ശെബന്യാവു, പെദഹ്യാവു, എന്നീ ലേവ്യർ പറഞ്ഞതെന്തെന്നാൽ: നിങ്ങൾ എഴുന്നേറ്റു നിങ്ങളുടെ ദൈവമായ യഹോവയെ എന്നെന്നേക്കും വാഴ്ത്തുവിൻ. സകലപ്രശംസെക്കും സ്തുതിക്കും മീതെ ഉയർന്നിരിക്കുന്ന നിന്റെ മഹത്വമുള്ള നാമം വാഴ്ത്തപ്പെടുമാറാകട്ടെ. നീ, നീ മാത്രം യഹോവ ആകുന്നു; നീ ആകാശത്തെയും സ്വർഗ്ഗാധിസ്വർഗ്ഗത്തെയും അവയിലെ സകലസൈന്യത്തെയും ഭൂമിയെയും അതിലുള്ള സകലത്തെയും സമുദ്രങ്ങളെയും അവയിലുള്ള സകലത്തെയും ഉണ്ടാക്കി; നീ അവയെ ഒക്കെയും രക്ഷിക്കുന്നു; ആകാശത്തിലെ സൈന്യം നിന്നെ നമസ്കരിക്കുന്നു. അബ്രാമിനെ തിരഞ്ഞെടുത്തു അവനെ കൽദയപട്ടണമായ ഊരിൽനിന്നു കൊണ്ടുവന്നു അവന്നു അബ്രാഹാം എന്നു പേരിട്ട ദൈവമായ യഹോവ നീ തന്നേ. നീ അവന്റെ ഹൃദയം നിന്റെ മുമ്പാകെ വിശ്വസ്തമായി കണ്ടു; കനാന്യർ, ഹിത്യർ, അമോര്യർ, പെരിസ്യർ, യെബൂസ്യർ, ഗിർഗ്ഗസ്യർ എന്നിവരുടെ ദേശം കൊടുക്കും, അവന്റെ സന്തതിക്കു തന്നേ കൊടുക്കും എന്നു നീ അവനോടു ഒരു നിയമം ചെയ്തു; നീ നീതിമാനായിരിക്കയാൽ നിന്റെ വചനങ്ങളെ നിവൃത്തിച്ചുമിരിക്കുന്നു. മിസ്രയീമിൽ ഞങ്ങളുടെ പിതാക്കന്മാരുടെ പീഡയെ നീ കാൺകയും ചെങ്കടലിന്റെ അരികെവെച്ചു അവരുടെ നിലവിളിയെ കേൾക്കയും ഫറവോനിലും അവന്റെ സകലദാസന്മാരിലും അവന്റെ ദേശത്തിലെ സകലജനത്തിലും അടയാളങ്ങളും അത്ഭുതങ്ങളും പ്രവർത്തിക്കയും ചെയ്തു; അവർ അവരോടു ഡംഭം കാണിച്ചതു നീ അറിഞ്ഞിരുന്നുവല്ലോ; അങ്ങനെ ഇന്നും ഉള്ളതുപോലെ നീ നിനക്കു ഒരു നാമം സമ്പാദിച്ചിരിക്കുന്നു. നീ കടലിനെ അവരുടെ മുമ്പിൽ വിഭാഗിച്ചു; അവർ കടലിന്റെ നടുവിൽ ഉണങ്ങിയ നിലത്തുകൂടി കടന്നു; അവരെ പിന്തുടർന്നവരെ നീ പെരുവെള്ളത്തിൽ ഒരു കല്ലുപോലെ ആഴത്തിൽ എറിഞ്ഞുകളഞ്ഞു. നീ പകൽസമയത്തു മേഘസ്തംഭം കൊണ്ടും രാത്രിസമയത്തു അവർ പോകുന്ന വഴിക്കു വെളിച്ചംകൊടുപ്പാൻ അഗ്നിസ്തംഭംകൊണ്ടും അവരെ വഴിനടത്തി. നീ സീനായിമലമേൽ ഇറങ്ങി ആകാശത്തുനിന്നു അവരോടു സംസാരിച്ചു അവർക്കു ന്യായമായുള്ള വിധികളും സത്യമായുള്ള ന്യായപ്രമാണങ്ങളും നല്ല ചട്ടങ്ങളും കല്പനകളും കൊടുത്തു. നിന്റെ വിശുദ്ധശബ്ബത്ത് നീ അവരെ അറിയിച്ചു, നിന്റെ ദാസനായ മോശെമുഖാന്തരം അവർക്കു കല്പനകളും ചട്ടങ്ങളും ന്യായപ്രമാണവും കല്പിച്ചുകൊടുത്തു. അവരുടെ വിശപ്പിന്നു നീ അവർക്കു ആകാശത്തുനിന്നു അപ്പം കൊടുത്തു; അവരുടെ ദാഹത്തിന്നു നീ അവർക്കു പാറയിൽനിന്നു വെള്ളം പുറപ്പെടുവിച്ചു. നീ അവർക്കു കൊടുക്കുമെന്നു സത്യം ചെയ്ത ദേശത്തെ കൈവശമാക്കുവാൻ ചെല്ലേണ്ടതിന്നു അവരോടു കല്പിച്ചു. എങ്കിലും അവരും ഞങ്ങളുടെ പിതാക്കന്മാരും അഹങ്കരിച്ചു ദുശ്ശാഠ്യം കാണിച്ചു, നിന്റെ കല്പനകളെ കേൾക്കാതിരുന്നു. അനുസരിപ്പാൻ അവർക്കു മനസ്സില്ലാതിരുന്നു; നീ അവരിൽ ചെയ്ത അത്ഭുതങ്ങളെ അവർ ഓർക്കാതെ ദുശ്ശാഠ്യം കാണിച്ചു തങ്ങളുടെ അടിമപ്പാടിലേക്കു മടങ്ങിപ്പോകത്തക്കവണ്ണം തങ്ങളുടെ മത്സരത്തിൽ ഒരു തലവനെ നിയമിച്ചു; നീയോ ക്ഷമിപ്പാൻ ഒരുക്കവും കൃപയും കരുണയും ദീർഘക്ഷമയും ദയാസമൃദ്ധിയും ഉള്ള ദൈവം ആകയാൽ അവരെ കൈ വിട്ടുകളഞ്ഞില്ല. അവർ തങ്ങൾക്കു ഒരു കാളക്കിടാവിനെ വാർത്തുണ്ടാക്കി; ഇതു നിന്നെ മിസ്രയീമിൽനിന്നു കൊണ്ടുവന്ന നിന്റെ ദൈവം എന്നു പറഞ്ഞു മഹാകോപഹേതുക്കൾ ഉണ്ടാക്കിയാറെയും നീ നിന്റെ മഹാകരുണനിമിത്തം അവരെ മരുഭൂമിയിൽ വിട്ടുകളഞ്ഞില്ല; പകലിൽ അവരെ വഴിനടത്തിയ മേഘസ്തംഭവും രാത്രിയിൽ അവർക്കു വെളിച്ചം കൊടുത്തു അവർ നടക്കേണ്ടുന്ന വഴി കാണിച്ച അഗ്നിസ്തംഭവും അവരെ വിട്ടുമാറിയതുമില്ല. അവരെ ഉപദേശിക്കേണ്ടതിന്നു നീ നിന്റെ നല്ല ആത്മാവിനെ കൊടുത്തു; അവരുടെ കൊറ്റിന്നു മുട്ടു വരാതെ നിന്റെ മന്നയെയും അവരുടെ ദാഹത്തിന്നു വെള്ളത്തെയും കൊടുത്തു. ഇങ്ങനെ നീ അവരെ നാല്പതു സംവത്സരം മരുഭൂമിയിൽ പുലർത്തി: അവർക്കു ഒന്നും കുറവുണ്ടായില്ല; അവരുടെ വസ്ത്രം പഴകിയില്ല, അവരുടെ കാൽ വീങ്ങിയതുമില്ല. നീ അവർക്കു രാജ്യങ്ങളെയും ജാതികളെയും അതിർതിരിച്ചു വിഭാഗിച്ചുകൊടുത്തു; അവർ ഹെശ്ബോൻരാജാവായ സീഹോന്റെ ദേശവും ബാശാൻരാജാവായ ഓഗിന്റെ ദേശവും കൈവശമാക്കി. അവരുടെ മക്കളെ നീ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർദ്ധിപ്പിച്ചു; ചെന്നു കൈവശമാക്കുവാൻ നീ അവരുടെ പിതാക്കന്മാരോടു അരുളിച്ചെയ്തിരുന്ന ദേശത്തേക്കു അവരെ എത്തിച്ചു. അങ്ങനെ മക്കൾ ചെന്നു ദേശത്തെ കൈവശമാക്കി; ദേശനിവാസികളായ കനാന്യരെ നീ അവർക്കു കീഴടക്കി അവരെയും അവരുടെ രാജാക്കന്മാരെയും ദേശത്തുള്ള ജാതികളെയും തങ്ങൾക്കു ബോധിച്ചതുപോലെ ചെയ്വാൻ അവരുടെ കയ്യിൽ ഏല്പിച്ചുകൊടുത്തു. അവർ ഉറപ്പുള്ള പട്ടണങ്ങളും പുഷ്ടിയുള്ള ദേശവും പിടിച്ചു എല്ലാനല്ലവസ്തുക്കളും നിറഞ്ഞ വീടുകളും വെട്ടിയുണ്ടാക്കിയ കിണറുകളും മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും അനവധി ഫലവൃക്ഷങ്ങളും കൈവശമാക്കി; അവർ തിന്നു തൃപ്തിപ്പെട്ടു പുഷ്ടിയുള്ളവരായി നിന്റെ വലിയ നന്മയിൽ സുഖിച്ചുകൊണ്ടിരുന്നു. എന്നിട്ടും അവർ അനുസരണക്കേടു കാണിച്ചു നിന്നോടു മത്സരിച്ചു നിന്റെ ന്യായപ്രമാണം തങ്ങളുടെ പുറകിൽ എറിഞ്ഞുകളഞ്ഞു; അവരെ നിങ്കലേക്കു തിരിപ്പാൻ അവരോടു സാക്ഷ്യംപറഞ്ഞ നിന്റെ പ്രവാചകന്മാരെ അവർ കൊന്നു മഹാകോപഹേതുക്കൾ ഉണ്ടാക്കി. ആകയാൽ നീ അവരെ അവരുടെ ശത്രുക്കളുടെ കയ്യിൽ ഏല്പിച്ചു, അവർ അവരെ പീഡിപ്പിച്ചു; അവരുടെ കഷ്ടകാലത്തു അവർ നിന്നോടു നിലവിളിച്ചപ്പോൾ നീ സ്വർഗ്ഗത്തിൽനിന്നു കേട്ടു നിന്റെ മഹാകരുണനിമിത്തം അവർക്കു രക്ഷകന്മാരെ കൊടുത്തു; അവർ അവരുടെ ശത്രുക്കളുടെ കയ്യിൽനിന്നു അവരെ രക്ഷിച്ചു. അവർക്കു സ്വസ്ഥത ഉണ്ടായപ്പോൾ അവർ വീണ്ടും നിനക്കു അനിഷ്ടമായതു ചെയ്തു; അതുകൊണ്ടു നീ അവരെ അവരുടെ ശത്രുക്കളുടെ കയ്യിൽ ഏല്പിക്കയും അവർ അവരുടെമേൽ കർത്തവ്യം നടത്തുകയും ചെയ്തു; അവർ തിരിഞ്ഞു നിന്നോടു നിലവിളിച്ചപ്പോൾ നീ സ്വർഗ്ഗത്തിൽനിന്നു കേട്ടു അവരെ നിന്റെ കരുണപ്രകാരം പലപ്രാവശ്യവും വിടുവിച്ചു. അവരെ നിന്റെ ന്യായപ്രമാണത്തിലേക്കു തിരിച്ചു വരുത്തേണ്ടതിന്നു നീ അവരോടു സാക്ഷീകരിച്ചു; എന്നിട്ടും അവർ അഹങ്കരിക്കയും ഒരുത്തൻ അനുസരിച്ചു നടന്നു ജീവിക്കാകുന്ന നിന്റെ കല്പനകൾ കേൾക്കാതെ നിന്റെ വിധികൾക്കു വിരോധമായി പാപം ചെയ്കയും എതിർത്തുനിന്നു ദുശ്ശാഠ്യം കാണിക്കയും ചെയ്തു അനുസരണം ഇല്ലാതിരുന്നു. നീ ഏറിയ സംവത്സരം അവരോടു ക്ഷമിച്ചു നിന്റെ ആത്മാവിനാൽ നിന്റെ പ്രവാചകന്മാർമുഖാന്തരം അവരോടു സാക്ഷീകരിച്ചു; എന്നാൽ അവർ ശ്രദ്ധിച്ചില്ല; അതുകൊണ്ടു നീ അവരെ ദേശത്തെ ജാതികളുടെ കയ്യിൽ ഏല്പിച്ചുകൊടുത്തു. എങ്കിലും നിന്റെ മഹാകരുണ നിമിത്തം നീ അവരെ നിർമ്മൂലമാക്കിയില്ല, ഉപേക്ഷിച്ചുകളഞ്ഞതുമില്ല; നീ കൃപയും കരുണയുമുള്ള ദൈവമല്ലോ. ആകയാൽ ദൈവമേ, നിയമവും കൃപയും പാലിക്കുന്നവനായി വലിയവനും ബലവാനും ഭയങ്കരനുമായ ഞങ്ങളുടെ ദൈവമേ, അശ്ശൂർരാജാക്കന്മാരുടെ കാലംമുതൽ ഇന്നുവരെ ഞങ്ങൾക്കും ഞങ്ങളുടെ രാജാക്കന്മാർക്കും പ്രഭുക്കന്മാർക്കും പുരോഹിതന്മാർക്കും പ്രവാചകന്മാർക്കും ഞങ്ങളുടെ പിതാക്കന്മാർക്കും നിന്റെ സർവ്വജനത്തിന്നും നേരിട്ട കഷ്ടങ്ങളൊക്കെയും നിനക്കു ലഘുവായി തോന്നരുതേ. എന്നാൽ ഞങ്ങൾക്കു ഭവിച്ചതിൽ ഒക്കെയും നീ നീതിമാൻ തന്നേ; നീ വിശ്വസ്തത കാണിച്ചിരിക്കുന്നു; ഞങ്ങളോ ദുഷ്ടത പ്രവർത്തിച്ചിരിക്കുന്നു. ഞങ്ങളുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പുരോഹിതന്മാരും ഞങ്ങളുടെ പിതാക്കന്മാരും നിന്റെ ന്യായപ്രമാണം അനുസരിച്ചു നടന്നിട്ടില്ല; നിന്റെ കല്പനകളും നീ അവരോടു സാക്ഷീകരിച്ച നിന്റെ സാക്ഷ്യങ്ങളും പ്രമാണിച്ചിട്ടുമില്ല. അവർ തങ്ങളുടെ രാജത്വത്തിലും നീ അവർക്കു കൊടുത്ത നിന്റെ വലിയ നന്മകളിലും നീ അവർക്കു അധീനമാക്കിക്കൊടുത്ത വിശാലതയും പുഷ്ടിയുമുള്ള ദേശത്തിലും നിന്നെ സേവിച്ചിട്ടില്ല; തങ്ങളുടെ ദുഷ്പ്രവൃത്തികളെ വിട്ടു തിരിഞ്ഞിട്ടുമില്ല. ഇതാ, ഞങ്ങൾ ഇന്നു ദാസന്മാർ; നീ ഞങ്ങളുടെ പിതാക്കന്മാർക്കു ഫലവും ഗുണവും അനുഭവിപ്പാൻ കൊടുത്ത ഈ ദേശത്തു തന്നേ ഇതാ, ഞങ്ങൾ ദാസന്മാരായിരിക്കുന്നു. ഞങ്ങളുടെ പാപങ്ങൾനിമിത്തം നീ ഞങ്ങളുടെമേൽ ആക്കിയിരിക്കുന്ന രാജാക്കന്മാർക്കു അതു വളരെ അനുഭവം കൊടുക്കുന്നു; അവർ തങ്ങൾക്കു ബോധിച്ചതുപോലെ ഞങ്ങളുടെ ദേഹത്തിന്മേലും ഞങ്ങളുടെ കന്നുകാലികളിന്മേലും അധികാരം നടത്തുന്നു; ഞങ്ങൾ വലിയ കഷ്ടത്തിലും ആയിരിക്കുന്നു. ഇതൊക്കെയും ഓർത്തു ഞങ്ങൾ സ്ഥിരമായോരു നിയമം ചെയ്തു എഴുതുന്നു; ഞങ്ങളുടെ പ്രഭുക്കന്മാരും ലേവ്യരും പുരോഹിതന്മാരും അതിന്നു മുദ്രയിടുന്നു.
നെഹെമ്യാവ് 9:1-38 സമകാലിക മലയാളവിവർത്തനം (MCV)
ഈ മാസത്തിന്റെ ഇരുപത്തിനാലാം തീയതി ഇസ്രായേൽമക്കൾ ഉപവസിച്ച് ചാക്കുശീലയുടുത്തും തലയിൽ പൂഴിയിട്ടുംകൊണ്ട് ഒരുമിച്ചുകൂടി. ഇസ്രായേൽ പരമ്പരയിലുള്ളവർ വിദേശികളായിട്ടുള്ള എല്ലാവരിൽനിന്നും വേർതിരിഞ്ഞു നിന്നുകൊണ്ട് തങ്ങളുടെ പാപങ്ങളും തങ്ങളുടെ പിതാക്കന്മാരുടെ പാപങ്ങളും ഏറ്റുപറഞ്ഞു. തങ്ങൾ നിന്നിരുന്നിടത്തുതന്നെ നിന്നുകൊണ്ട്, തങ്ങളുടെ ദൈവമായ യഹോവയുടെ ന്യായപ്രമാണഗ്രന്ഥം വായിക്കാൻ അവർ ദിവസത്തിന്റെ നാലിലൊരുഭാഗം ചെലവഴിച്ചു; പാപങ്ങൾ ഏറ്റുപറയുന്നതിനും തങ്ങളുടെ ദൈവമായ യഹോവയെ ആരാധിക്കുന്നതിനും വീണ്ടും നാലിലൊരുഭാഗം ഉപയോഗിച്ചു. ലേവ്യരായ യേശുവ, ബാനി, കദ്മീയേൽ, ശെബന്യാവ്, ബുന്നി, ശേരെബ്യാവ്, ബാനി, കെനാനി എന്നിവർ ലേവ്യർക്കുള്ള പടികളിൽ നിന്നുകൊണ്ട് തങ്ങളുടെ ദൈവമായ യഹോവയോട് ഉറക്കെ നിലവിളിച്ചു. പിന്നെ ലേവ്യരായ യേശുവ, കദ്മീയേൽ, ബാനി, ഹശ്ബെനെയാവ്, ശേരെബ്യാവ്, ഹോദീയാവ്, ശെബന്യാവ്, പെഥഹ്യാവ് എന്നിവർ ഇപ്രകാരം പറഞ്ഞു: “എഴുന്നേറ്റ് എന്നും എന്നെന്നേക്കും നിലനിൽക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയെ വാഴ്ത്തുക.” “സകലപ്രശംസയ്ക്കും സ്തുതിക്കും മീതേ ഉയർന്നിരിക്കുന്ന അവിടത്തെ മഹത്ത്വമുള്ള നാമം വാഴ്ത്തപ്പെടുമാറാകട്ടെ. അങ്ങ്, അങ്ങുമാത്രമാണ് യഹോവ; സ്വർഗത്തെയും സ്വർഗാധിസ്വർഗത്തെയും അവയിലെ സർവസൈന്യത്തെയും ഭൂമിയെയും അതിലെ സകലത്തെയും സമുദ്രത്തെയും അതിലുള്ള സകലത്തെയും അങ്ങ് ഉണ്ടാക്കി. അവയ്ക്കെല്ലാം അങ്ങ് ജീവൻ നൽകി, സ്വർഗീയസൈന്യങ്ങൾ അങ്ങയെ ആരാധിക്കുന്നു. “അബ്രാമിനെ തെരഞ്ഞെടുത്ത് കൽദയരുടെ പട്ടണമായ ഊരിൽനിന്ന് കൊണ്ടുവന്ന് അദ്ദേഹത്തിന് അബ്രാഹാം എന്നു പേരിട്ട ദൈവമായ യഹോവ അങ്ങാകുന്നു. അദ്ദേഹത്തിന്റെ ഹൃദയം അങ്ങയോടു വിശ്വസ്തമെന്നു കണ്ട് അദ്ദേഹത്തിന്റെ പിൻതലമുറയ്ക്ക് കനാന്യർ, ഹിത്യർ, അമോര്യർ, പെരിസ്യർ, യെബൂസ്യർ, ഗിർഗ്ഗശ്യർ എന്നിവരുടെ ദേശം കൊടുക്കുമെന്ന് അദ്ദേഹത്തോട് അങ്ങ് ഉടമ്പടിചെയ്തു; അങ്ങ് നീതിമാനാകുകയാൽ അവിടത്തെ വാഗ്ദാനം അങ്ങ് നിറവേറ്റി. “ഈജിപ്റ്റിൽ ഞങ്ങളുടെ പിതാക്കന്മാരുടെ കഷ്ടത അങ്ങ് കാണുകയും ചെങ്കടലിനരികെനിന്നുള്ള അവരുടെ കരച്ചിൽ കേൾക്കുകയും ചെയ്തു. ഫറവോനും അദ്ദേഹത്തിന്റെ സകല ഉദ്യോഗസ്ഥന്മാർക്കും അദ്ദേഹത്തിന്റെ ദേശത്തിലെ സകലജനത്തിനുമെതിരേ അങ്ങ് ചിഹ്നങ്ങളും അത്ഭുതങ്ങളും കാണിച്ചു. ഞങ്ങളുടെ പിതാക്കന്മാരോട് അവർ എത്ര ക്രൂരമായാണ് പെരുമാറിയതെന്ന് അങ്ങ് അറിഞ്ഞല്ലോ. അങ്ങേക്കായി ഒരു നാമം അങ്ങ് സമ്പാദിച്ചു; അത് ഇന്നുവരെ നിലനിൽക്കുകയും ചെയ്യുന്നു. കടലിലൂടെ ഉണങ്ങിയ നിലത്ത് അവർ നടക്കേണ്ടതിന് അങ്ങ് അവർക്കുമുമ്പിൽ സമുദ്രത്തെ വിഭാഗിച്ചു, എന്നാൽ അവരെ പിൻതുടരുന്നവരെ പെരുവെള്ളത്തിലേക്ക് ഒരു കല്ലെന്നപോലെ ആഴങ്ങളിലേക്ക് അങ്ങ് എറിഞ്ഞുകളഞ്ഞു. പകൽ മേഘസ്തംഭംകൊണ്ടും രാത്രിയിൽ അവർ പോകുന്നതിനുള്ള വഴിയിൽ വെളിച്ചംകൊടുക്കാൻ അഗ്നിസ്തംഭംകൊണ്ടും അങ്ങ് അവരെ നയിച്ചു. “സീനായി മലയിലേക്ക് അങ്ങ് ഇറങ്ങിവന്നു; സ്വർഗത്തിൽനിന്ന് അങ്ങ് അവരോടു സംസാരിക്കുകയും ചെയ്തു. നീതിയുക്തവും സത്യവുമായ അനുശാസനങ്ങളും നിയമങ്ങളും നല്ല ഉത്തരവുകളും കൽപ്പനകളും അങ്ങ് അവർക്കു നൽകി. അങ്ങയുടെ വിശുദ്ധ ശബ്ബത്തിനെക്കുറിച്ച് അവർക്ക് അറിവു നൽകി; അങ്ങയുടെ ദാസനായ മോശയിൽക്കൂടി കൽപ്പനകളും ഉത്തരവുകളും നിയമങ്ങളും കൽപ്പിച്ചുനൽകി. അവരുടെ വിശപ്പിനു സ്വർഗത്തിൽനിന്ന് അപ്പവും ദാഹത്തിന് പാറയിൽനിന്ന് വെള്ളവും കൊടുത്തു. അവർക്കു നൽകുമെന്നു വാഗ്ദാനംചെയ്തിരുന്ന ദേശം ചെന്നു കൈവശമാക്കാനും അവരോടു കൽപ്പിച്ചു. “എന്നാൽ ഞങ്ങളുടെ പിതാക്കന്മാരായ അവർ അഹങ്കരിച്ചു; ദുശ്ശാഠ്യത്തോടെ, അങ്ങയുടെ കൽപ്പനകൾ അവർ ശ്രദ്ധിക്കാതിരുന്നു. അവ അനുസരിക്കാൻ അവർ കൂട്ടാക്കിയില്ല; അവരുടെയിടയിൽ അങ്ങ് ചെയ്ത അത്ഭുതങ്ങൾ അവർ ഓർത്തതുമില്ല. അവർ ദുശ്ശാഠ്യമുള്ളവരായി, ഈജിപ്റ്റിലെ അടിമത്തത്തിലേക്ക് തങ്ങളെ തിരികെക്കൊണ്ടുപോകാൻ അവരുടെ മാത്സര്യത്തിൽ ഒരു നേതാവിനെ നിയമിച്ചു. എന്നാൽ അങ്ങ് കൃപയും കരുണയും ദീർഘക്ഷമയും മഹാദയയും ഉള്ള, ക്ഷമിക്കുന്നവനായ ദൈവം ആകുന്നു; അങ്ങ് അവരെ ഉപേക്ഷിച്ചില്ല. അവർ ഒരു കാളക്കിടാവിന്റെ രൂപം വാർത്തുണ്ടാക്കി, ‘ഈജിപ്റ്റിൽനിന്ന് നിങ്ങളെ പുറപ്പെടുവിച്ച ദൈവം ഇതാ’ എന്നു പറയുകയും വലിയ ദൈവദൂഷണങ്ങൾ പ്രവർത്തിക്കുകയും ചെയ്തു. “അങ്ങയുടെ മഹാകരുണയാൽ അങ്ങ് അവരെ മരുഭൂമിയിൽ ഉപേക്ഷിച്ചില്ല; പകൽ അവർക്കു പോകുന്നതിനുള്ള വഴിയിൽ അവരെ നടത്തിയ മേഘസ്തംഭമോ രാത്രിയിൽ അവരുടെ വഴിയിൽ വെളിച്ചം നൽകിയ അഗ്നിസ്തംഭമോ അവരിൽനിന്നും അകന്നില്ല. അവരെ ഉപദേശിക്കേണ്ടതിനായി അങ്ങയുടെ നല്ല ആത്മാവിനെ അങ്ങ് നൽകി. അവരുടെ വായിൽനിന്ന് അങ്ങയുടെ മന്നാ അങ്ങു നീക്കിയില്ല; അവരുടെ ദാഹത്തിന് അങ്ങ് വെള്ളവും കൊടുത്തു. നാൽപ്പതുവർഷം മരുഭൂമിയിൽ അവരെ പരിപാലിച്ചു; അവർ ഒന്നിനും ബുദ്ധിമുട്ടിയില്ല. അവരുടെ വസ്ത്രം പഴകുകയോ കാൽ വീങ്ങുകയോ ചെയ്തില്ല. “അങ്ങ് വിദൂരത്തുള്ള അതിരുകൾവരെ അവർക്ക് രാജ്യങ്ങളും രാഷ്ട്രങ്ങളും നൽകി, അങ്ങനെ അവർ ഹെശ്ബോൻരാജാവായ സീഹോന്റെയും ബാശാൻരാജാവായ ഓഗിന്റെയും ദേശങ്ങൾ കൈവശമാക്കി. അവരുടെ പിൻഗാമികളെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ അങ്ങ് വർധിപ്പിച്ചു; അവരുടെ പിതാക്കന്മാർ ചെന്നു കൈവശമാക്കാൻ അങ്ങ് കൽപ്പിച്ച ദേശത്തേക്ക് അവരെ കൊണ്ടുവന്നു. അങ്ങനെ ആ പിൻഗാമികൾ ചെന്നു ദേശം കൈവശമാക്കി; തദ്ദേശവാസികളായ കനാന്യരെ അവരുടെമുമ്പാകെ അങ്ങു കീഴ്പ്പെടുത്തി, തങ്ങൾക്കു ബോധിച്ചപ്രകാരം അവരോടു ചെയ്യേണ്ടതിന് അവരുടെ രാജാക്കന്മാരോടും ദേശവാസികളോടുംകൂടെ കനാന്യരെ അവരുടെ കൈയിൽ ഏൽപ്പിച്ചു. കെട്ടുറപ്പുള്ള പട്ടണങ്ങളും ഫലപുഷ്ടിയുള്ള നിലവും അവർ പിടിച്ചെടുത്തു; എല്ലാ നല്ല വസ്തുക്കളെയുംകൊണ്ടു നിറഞ്ഞ വീടുകളും വെട്ടിയുണ്ടാക്കിയ കിണറുകളും മുന്തിരിത്തോപ്പുകളും ഒലിവുതോപ്പുകളും അനേകം ഫലവൃക്ഷങ്ങളും അവർ കൈവശമാക്കി. അവർ മതിവരുന്നതുവരെ ഭക്ഷിച്ചു പുഷ്ടിപിടിച്ച്, അങ്ങയുടെ വലിയ നന്മകളെക്കൊണ്ട് തങ്ങളെത്തന്നെ സന്തോഷിപ്പിച്ചു. “എന്നിട്ടും അവർ അനുസരണകെട്ടവരായി അങ്ങേക്കെതിരേ കലഹിച്ചു; അങ്ങയുടെ ന്യായപ്രമാണത്തിന് അവർ പുറംതിരിഞ്ഞു. അങ്ങയുടെ പക്കലേക്ക് അവരെ തിരിക്കേണ്ടതിന് അവർക്ക് ഉപദേശം നൽകിയ അങ്ങയുടെ പ്രവാചകന്മാരെ അവർ കൊന്നുകളഞ്ഞു. വലിയ ദൈവദൂഷണവും അവർ കാട്ടി. അതുകൊണ്ട് അവരുടെ ശത്രുക്കളുടെകൈയിൽ അങ്ങ് അവരെ ഏൽപ്പിച്ചു; അവർ അവരെ പീഡിപ്പിച്ചു. പീഡനകാലത്ത് അവർ അങ്ങയോടു നിലവിളിച്ചു. സ്വർഗത്തിൽനിന്ന് അങ്ങ് അവരുടെ നിലവിളി കേട്ടു; അങ്ങയുടെ മഹാകരുണയാൽ ശത്രുക്കളുടെ കൈയിൽനിന്ന് അവരെ വിടുവിക്കേണ്ടതിന് വീണ്ടെടുപ്പുകാരെ നൽകി. “എന്നാൽ സ്വസ്ഥത ലഭിച്ചുകഴിഞ്ഞപ്പോൾ അവർ വീണ്ടും അങ്ങയുടെമുമ്പാകെ തിന്മ പ്രവർത്തിച്ചു. അപ്പോൾ അവരുടെ ശത്രുക്കൾ അവരെ ഭരിക്കേണ്ടതിന് അങ്ങ് അവരെ ഏൽപ്പിച്ചുകൊടുത്തു. അപ്പോൾ വീണ്ടും അവർ അങ്ങയോടു നിലവിളിച്ചു; അങ്ങ് സ്വർഗത്തിൽനിന്ന് കേട്ട് അങ്ങയുടെ കരുണയാൽ അനേകംപ്രാവശ്യം അവരെ രക്ഷിച്ചു. “അങ്ങയുടെ ന്യായപ്രമാണത്തിലേക്കു മടങ്ങാൻ അങ്ങ് മുന്നറിയിപ്പു നൽകിയിട്ടും അവർ ദുശ്ശാഠ്യം കാണിച്ച്, അങ്ങയുടെ കൽപ്പനകൾ ചെവിക്കൊണ്ടില്ല. അനുസരിക്കുന്നവർ അവയാൽ ജീവിക്കും എന്ന അവിടത്തെ ചട്ടങ്ങൾക്കെതിരേ പാപംചെയ്തുകൊണ്ട് അവർ ദുശ്ശാഠ്യവും മർക്കടമുഷ്ടിയും ഉള്ളവരും അനുസരണമില്ലാത്തവരും ആയി. ഏറെ വർഷങ്ങൾ അങ്ങ് അവരോട് സഹിഷ്ണുത കാട്ടി, അങ്ങയുടെ ആത്മാവിനാൽ അവിടത്തെ പ്രവാചകന്മാരിലൂടെ അവർക്കു മുന്നറിയിപ്പു നൽകി. എന്നിട്ടും അവർ ശ്രദ്ധിച്ചില്ല. അതുകൊണ്ട് അങ്ങ് അവരെ സമീപരാഷ്ട്രങ്ങളിലെ ജനതകളുടെ കൈയിൽ ഏൽപ്പിച്ചു; എങ്കിലും, അവിടത്തെ മഹാദയയാൽ അവരെ മുഴുവനായി നശിപ്പിക്കുകയോ തള്ളിക്കളയുകയോ ചെയ്തില്ല; അങ്ങ് ദയാലുവും കാരുണ്യവാനുമായ ദൈവമല്ലോ. “അതുകൊണ്ട് ഞങ്ങളുടെ ദൈവമേ, സ്നേഹത്തിന്റെ ഉടമ്പടി നിറവേറ്റുന്ന വലിയവനും ശക്തനും ഭയങ്കരനുമായ ദൈവമേ, ഞങ്ങളും ഞങ്ങളുടെ രാജാക്കന്മാർ, അധിപതിമാർ, പുരോഹിതന്മാർ, പ്രവാചകന്മാർ, പിതാക്കന്മാർ എന്നിവരും ചേർന്ന അങ്ങയുടെ ജനം, അശ്ശൂർരാജാക്കന്മാരുടെ കാലംമുതൽ ഇപ്പോൾവരെ സഹിക്കുന്ന കഷ്ടതകളൊന്നും ലഘുവായി കാണരുതേ. ഞങ്ങൾക്കു സംഭവിച്ച സകലത്തിലും അങ്ങ് നീതിമാനായിരുന്നു; ഞങ്ങൾ തെറ്റു ചെയ്തപ്പോഴും അങ്ങ് വിശ്വസ്തനായിരുന്നു; ഞങ്ങളുടെ രാജാക്കന്മാരും അധിപതികളും പുരോഹിതന്മാരും പിതാക്കന്മാരും അങ്ങയുടെ ന്യായപ്രമാണം പാലിക്കുകയോ അങ്ങ് നൽകിയ കൽപ്പനകളും നിയമവ്യവസ്ഥകളും ചെവിക്കൊള്ളുകയോ ചെയ്തില്ല. അങ്ങ് നൽകിയ വലിയ നന്മകളും അവരുടെമുമ്പാകെവെച്ച വിശാലവും സമൃദ്ധവുമായ ദേശവും അനുഭവിച്ചുകൊണ്ട് അവർ തങ്ങളുടെ രാജ്യത്തിലായിരുന്നപ്പോൾ പോലും അങ്ങയെ സേവിക്കുകയോ തങ്ങളുടെ ദുഷ്പ്രവൃത്തി വിട്ടുതിരിയുകയോ ചെയ്തില്ല. “എന്നാൽ ഇതാ, ഇന്നു ഞങ്ങൾ അടിമകളാണ്. ഇതിലെ ഫലവും മറ്റു നന്മകളും അനുഭവിക്കേണ്ടതിന് ഞങ്ങളുടെ പിതാക്കന്മാർക്ക് അങ്ങ് നൽകിയ ഈ ദേശത്ത് ഞങ്ങൾ അടിമകളായിക്കഴിയുന്നു. ഞങ്ങളുടെ പാപങ്ങൾനിമിത്തം, ഞങ്ങളുടെ മേൽവിചാരകരായി അങ്ങ് നിയോഗിച്ച രാജാക്കന്മാർ ഇതിലെ സമൃദ്ധമായ വിളവുകൾ എടുക്കുന്നു; ഞങ്ങളുടെ ദേഹത്തിന്മേലും കന്നുകാലികളുടെമേലും അവരുടെ ഇഷ്ടംപോലെ അധികാരം നടത്തുന്നു; ഞങ്ങളോ, വലിയ ദുരിതത്തിലായിരിക്കുന്നു. “ഇതെല്ലാംനിമിത്തം ഞങ്ങൾ ദൃഢമായ ഒരു ഉടമ്പടി ഉണ്ടാക്കി, അത് എഴുതിവെക്കുന്നു. ഞങ്ങളുടെ അധിപതിമാരും ലേവ്യരും പുരോഹിതന്മാരും അതു മുദ്രയിടുന്നു.”