നെഹെമ്യാവ് 8:9-18
നെഹെമ്യാവ് 8:9-18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദേശാധിപതിയായ നെഹെമ്യാവും ശാസ്ത്രിയായ എസ്രാപുരോഹിതനും ജനത്തെ ഉപദേശിച്ചുപോന്ന ലേവ്യരും സകല ജനത്തോടും: ഈ ദിവസം നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് വിശുദ്ധമാകുന്നു; നിങ്ങൾ ദുഃഖിക്കരുത് കരകയും അരുത് എന്നു പറഞ്ഞു. ജനമെല്ലാം ന്യായപ്രമാണവാക്യങ്ങളെ കേട്ടപ്പോൾ കരഞ്ഞുപോയിരുന്നു. അനന്തരം അവൻ അവരോട്: നിങ്ങൾ ചെന്നു മൃഷ്ടാന്നഭോജനവും മധുരപാനീയവും കഴിച്ചു തങ്ങൾക്കായി വട്ടംകൂട്ടിയിട്ടില്ലാത്തവർക്കു പകർച്ച കൊടുത്തയപ്പിൻ; ഈ ദിവസം നമ്മുടെ കർത്താവിനു വിശുദ്ധമാകുന്നു; നിങ്ങൾ ദുഃഖിക്കരുത്; യഹോവയിങ്കലെ സന്തോഷം നിങ്ങളുടെ ബലം ആകുന്നുവല്ലോ എന്നു പറഞ്ഞു. അവ്വണ്ണം ലേവ്യരും നിങ്ങൾ മിണ്ടാതിരിപ്പിൻ; ഈ ദിവസം വിശുദ്ധമല്ലോ; നിങ്ങൾ ദുഃഖിക്കരുത് എന്നു പറഞ്ഞു സർവജനത്തെയും സാവധാനപ്പെടുത്തി. തങ്ങളോടു പറഞ്ഞ വചനം ബോധ്യമായതുകൊണ്ടു ജനമെല്ലാം പോയി തിന്നുകയും കുടിക്കയും പകർച്ച കൊടുത്തയയ്ക്കയും അത്യന്തം സന്തോഷിക്കയും ചെയ്തു. പിറ്റന്നാൾ സകല ജനത്തിന്റെയും പിതൃഭവനത്തലവന്മാരും പുരോഹിതന്മാരും ലേവ്യരും ന്യായപ്രമാണവാക്യങ്ങളെ കേൾക്കേണ്ടതിന് എസ്രാശാസ്ത്രിയുടെ അടുക്കൽ ഒന്നിച്ചുകൂടി. യഹോവ മോശെ മുഖാന്തരം കല്പിച്ച ന്യായപ്രമാണത്തിൽ: യിസ്രായേൽമക്കൾ ഏഴാം മാസത്തിലെ ഉത്സവത്തിൽ കൂടാരങ്ങളിൽ പാർക്കേണം എന്നും എഴുതിയിരിക്കുന്നതുപോലെ കൂടാരങ്ങൾ ഉണ്ടാക്കേണ്ടതിനു നിങ്ങൾ മലയിൽ ചെന്ന് ഒലിവുകൊമ്പ്, കാട്ടൊലിവുകൊമ്പ്, കൊഴുന്തുകൊമ്പ്, ഈന്തുമടൽ, തഴച്ച വൃക്ഷങ്ങളുടെ കൊമ്പ് എന്നിവ കൊണ്ടുവരുവിൻ എന്നു തങ്ങളുടെ എല്ലാ പട്ടണങ്ങളിലും യെരൂശലേമിലും അറിയിച്ച് പ്രസിദ്ധപ്പെടുത്തേണമെന്നും എഴുതിയിരിക്കുന്നതായി അവർ കണ്ടു. അങ്ങനെ ജനം ചെന്ന് ഓരോരുത്തൻ താന്താന്റെ വീടിന്റെ മുകളിലും മുറ്റത്തും ദൈവാലയത്തിന്റെ പ്രാകാരങ്ങളിലും നീർവാതിൽക്കലെ വിശാലസ്ഥലത്തും എഫ്രയീംവാതിൽക്കലെ വിശാലസ്ഥലത്തും കൂടാരങ്ങളുണ്ടാക്കി. പ്രവാസത്തിൽനിന്നു മടങ്ങിവന്നവരുടെ സർവസഭയും കൂടാരങ്ങൾ ഉണ്ടാക്കി കൂടാരങ്ങളിൽ പാർത്തു; നൂന്റെ മകനായ യോശുവയുടെ കാലംമുതൽ അന്നുവരെ യിസ്രായേൽമക്കൾ അങ്ങനെ ചെയ്യാതിരുന്നതുകൊണ്ട് അന്ന് ഏറ്റവും വലിയ സന്തോഷം ഉണ്ടായി. ആദ്യദിവസംമുതൽ അവസാനദിവസംവരെ അവൻ ദിവസേന ദൈവത്തിന്റെ ന്യായപ്രമാണപുസ്തകം വായിച്ചു കേൾപ്പിച്ചു; അങ്ങനെ അവർ ഏഴു ദിവസം ഉത്സവം ആചരിച്ചു; എട്ടാം ദിവസം നിയമപ്രകാരം വിശുദ്ധസഭായോഗം കൂടുകയും ചെയ്തു.
നെഹെമ്യാവ് 8:9-18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ധർമശാസ്ത്രം വായിച്ചുകേട്ടപ്പോൾ ജനം കരഞ്ഞു. അപ്പോൾ ദേശാധിപതി നെഹെമ്യായും പുരോഹിതനും വേദപണ്ഡിതനുമായ എസ്രായും ജനത്തെ പഠിപ്പിച്ചുകൊണ്ടിരുന്ന ലേവ്യരും സമസ്തജനങ്ങളോടുമായി പറഞ്ഞു: “നിങ്ങളുടെ ദൈവമായ സർവേശ്വരന് ഈ ദിനം വിശുദ്ധമാകുന്നു; ഇന്ന് നിങ്ങൾ കരയുകയോ വിലപിക്കുകയോ അരുത്!” പിന്നീട് അദ്ദേഹം അവരോടു പറഞ്ഞു: “നിങ്ങൾ പോയി മൃഷ്ടാന്നഭോജനവും മധുരപാനീയവും കഴിക്കുക. ഭക്ഷണം ഒരുക്കിയിട്ടില്ലാത്തവർക്കു നിങ്ങളുടെ ആഹാരം പങ്കിടുക. ഈ ദിവസം നമ്മുടെ സർവേശ്വരനു വിശുദ്ധമാകുന്നു; നിങ്ങൾ ദുഃഖിക്കരുത്. സർവേശ്വരന്റെ സന്തോഷമാണു നിങ്ങളുടെ ബലം.” “മിണ്ടാതിരിക്കുക; ഈ ദിവസം സർവേശ്വരനു വിശുദ്ധമാണ്; നിങ്ങൾ ദുഃഖിക്കരുത്” എന്നു പറഞ്ഞ് ലേവ്യർ ജനത്തെ സമാധാനപ്പെടുത്തി. തങ്ങളോടു പറഞ്ഞ കാര്യങ്ങൾ ജനത്തിനു ബോധ്യമായി. അങ്ങനെ അവർ ഭക്ഷണപാനീയങ്ങൾ കഴിക്കാനും ഇല്ലാത്തവർക്കു ഭക്ഷണം പങ്കിടാനും അത്യന്തം ആഹ്ലാദിക്കാനുമായി പിരിഞ്ഞുപോയി. അടുത്തദിവസം സർവജനത്തിന്റെയും പിതൃഭവനത്തലവന്മാരും പുരോഹിതരും ലേവ്യരും ധർമശാസ്ത്രത്തിലെ വചനം പഠിക്കാൻവേണ്ടി വേദപണ്ഡിതനായ എസ്രായുടെ അടുക്കൽ വന്നു. “ജനം ഏഴാം മാസം ഉത്സവത്തിനു കൂടാരങ്ങളിൽ പാർക്കണം” എന്നും “കൂടാരങ്ങൾ ഉണ്ടാക്കാൻ മലയിൽ പോയി ഒലിവിന്റെയും കാട്ടൊലിവിന്റെയും കൊഴുന്തിന്റെയും തഴച്ച വൃക്ഷങ്ങളുടെയും കൊമ്പുകളും ഈന്തമടലുകളും കൊണ്ടുവന്ന് നിർദ്ദേശിച്ചിരിക്കുംപോലെ കൂടാരങ്ങൾ നിർമ്മിക്കണമെന്നും” തങ്ങളുടെ എല്ലാ പട്ടണങ്ങളിലും യെരൂശലേമിലും ഇതു വിളംബരം ചെയ്യണമെന്നും” എഴുതിയിരിക്കുന്ന ഭാഗം സർവേശ്വരൻ മോശയിലൂടെ നല്കിയിരുന്ന നിയമത്തിൽ അവർ കണ്ടു. അതനുസരിച്ചു ജനം അവ കൊണ്ടുവന്നു വീടുകളുടെ മട്ടുപ്പാവിലും മുറ്റത്തും ദേവാലയത്തിന്റെ അങ്കണങ്ങളിലും ജലകവാടത്തിനും എഫ്രയീംകവാടത്തിനും സമീപത്തുള്ള തുറസ്സായ സ്ഥലങ്ങളിലും കൂടാരങ്ങളുണ്ടാക്കി. പ്രവാസത്തിൽനിന്നു മടങ്ങിവന്ന ജനമെല്ലാം കൂടാരങ്ങളുണ്ടാക്കി അവയിൽ പാർത്തു. നൂന്റെ പുത്രൻ യോശുവയുടെ കാലത്തിനുശേഷം അന്നുവരെ ഇസ്രായേൽജനം ഇപ്രകാരം ചെയ്തിരുന്നില്ല. അങ്ങനെ അവർ അത്യന്തം ആഹ്ലാദിച്ചു. ഉത്സവത്തിന്റെ ആദ്യദിവസംമുതൽ അവസാനദിവസംവരെ എന്നും എസ്രാ ദൈവത്തിന്റെ ധർമശാസ്ത്രപുസ്തകം വായിച്ചു കേൾപ്പിച്ചു. അങ്ങനെ അവർ ഏഴു ദിവസം ഉത്സവം ആചരിച്ച് എട്ടാം ദിവസം ധർമശാസ്ത്രമനുസരിച്ച് അവർ വിശുദ്ധസഭ കൂടി.
നെഹെമ്യാവ് 8:9-18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ദേശാധിപതിയായ നെഹെമ്യാവും ശാസ്ത്രിയായ എസ്രാപുരോഹിതനും ജനത്തെ ഉപദേശിച്ചുപോന്ന ലേവ്യരും സകലജനത്തോടും: “ഈ ദിവസം നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് വിശുദ്ധമാകുന്നു; നിങ്ങൾ ദുഃഖിക്കുകയോ കരയുകയോ ചെയ്യരുത്” എന്നു പറഞ്ഞു. ജനമെല്ലാം ന്യായപ്രമാണവാക്യങ്ങളെ കേട്ടപ്പോൾ കരയുകയായിരുന്നു. അനന്തരം അവർ അവരോട്: “നിങ്ങൾ ചെന്നു നല്ല ഭക്ഷണവും മധുരപാനീയവും കഴിച്ച് തങ്ങൾക്കായി കരുതിയിട്ടില്ലാത്തവർക്കായി ഓഹരി കൊടുത്തയപ്പിൻ; ഈ ദിവസം നമ്മുടെ കർത്താവിന് വിശുദ്ധമാകുന്നു; നിങ്ങൾ ദുഃഖിക്കരുത്; യഹോവയിങ്കലെ സന്തോഷം നിങ്ങളുടെ ബലം ആകുന്നുവല്ലോ” എന്നു പറഞ്ഞു. അപ്രകാരം ലേവ്യരും “നിങ്ങൾ മിണ്ടാതിരിപ്പിൻ; ഈ ദിവസം വിശുദ്ധമല്ലോ; നിങ്ങൾ ദുഃഖിക്കരുത്” എന്നു പറഞ്ഞ് സർവ്വജനത്തെയും ശാന്തരാക്കി. തങ്ങളോട് പറഞ്ഞ വചനം ബോദ്ധ്യമായതുകൊണ്ട് ജനമെല്ലാം പോയി തിന്നുകയും കുടിക്കുകയും ഓഹരി കൊടുത്തയക്കയും അത്യന്തം സന്തോഷിക്കയും ചെയ്തു. പിറ്റെന്നാൾ സകലജനത്തിന്റെയും പിതൃഭവനത്തലവന്മാരും പുരോഹിതന്മാരും ലേവ്യരും ന്യായപ്രമാണവാക്യങ്ങൾ കേൾക്കേണ്ടതിന് എസ്രാശാസ്ത്രിയുടെ അടുക്കൽ ഒന്നിച്ചുകൂടി. യഹോവ മോശെമുഖാന്തരം കല്പിച്ച ന്യായപ്രമാണത്തിൽ: ‘യിസ്രായേൽ മക്കൾ ഏഴാം മാസത്തിലെ ഉത്സവത്തിൽ കൂടാരങ്ങളിൽ പാർക്കേണം എന്നും എഴുതപ്പെട്ടിരിക്കുന്നതുപോലെ കൂടാരങ്ങൾ ഉണ്ടാക്കേണ്ടതിന് നിങ്ങൾ മലയിൽ ചെന്നു ഒലിവുകൊമ്പ്, കാട്ടൊലിവുകൊമ്പ്, കൊഴുന്തുകൊമ്പ്, ഈന്തമടൽ, തഴച്ച വൃക്ഷങ്ങളുടെ കൊമ്പ് എന്നിവ കൊണ്ടുവരുവിൻ എന്ന് തങ്ങളുടെ എല്ലാ പട്ടണങ്ങളിലും യെരൂശലേമിലും അറിയിച്ച് പ്രസിദ്ധപ്പെടുത്തണം’ എന്നും എഴുതിയിരിക്കുന്നതായി അവർ കണ്ടു. അങ്ങനെ ജനം ചെന്നു ഒരോരുത്തൻ താന്താന്റെ വീടിന്റെ മുകളിലും മുറ്റത്തും ദൈവാലയത്തിന്റെ പ്രാകാരങ്ങളിലും നീർവ്വാതിലിന്റെയും എഫ്രയീംവാതിലിന്റെയും വിശാലസ്ഥലത്തും കൂടാരങ്ങളുണ്ടാക്കി. പ്രവാസത്തിൽനിന്ന് മടങ്ങിവന്നവരുടെ സർവ്വസഭയും കൂടാരങ്ങൾ ഉണ്ടാക്കി അതിൽ പാർത്തു. നൂന്റെ മകൻ യോശുവയുടെ കാലം മുതൽ അന്നുവരെ യിസ്രായേൽ മക്കൾ അങ്ങനെ ചെയ്യാതിരുന്നതുകൊണ്ട് അന്ന് ഏറ്റവും വലിയ സന്തോഷം ഉണ്ടായി. ആദ്യ ദിവസംമുതൽ അവസാനദിവസംവരെ അവൻ ദിവസേന ദൈവത്തിന്റെ ന്യായപ്രമാണപുസ്തകം വായിച്ച് കേൾപ്പിച്ചു. അങ്ങനെ അവർ ഏഴു ദിവസം ഉത്സവം ആചരിച്ചു; എട്ടാം ദിവസം നിയമപ്രകാരം വിശുദ്ധസഭായോഗം കൂടുകയും ചെയ്തു.
നെഹെമ്യാവ് 8:9-18 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ദേശാധിപതിയായ നെഹെമ്യാവും ശാസ്ത്രിയായ എസ്രാപുരോഹിതനും ജനത്തെ ഉപദേശിച്ചുപോന്ന ലേവ്യരും സകലജനത്തോടും: ഈ ദിവസം നിങ്ങളുടെ ദൈവമായ യഹോവെക്കു വിശുദ്ധമാകുന്നു; നിങ്ങൾ ദുഃഖിക്കരുതു കരകയും അരുതു എന്നു പറഞ്ഞു. ജനമെല്ലാം ന്യായപ്രമാണവാക്യങ്ങളെ കേട്ടപ്പോൾ കരഞ്ഞുപോയിരുന്നു. അനന്തരം അവർ അവരോടു: നിങ്ങൾ ചെന്നു മൃഷ്ടാന്നഭോജനവും മധുരപാനീയവും കഴിച്ചു തങ്ങൾക്കായി വട്ടംകൂട്ടീട്ടില്ലാത്തവർക്കു പകർച്ച കൊടുത്തയപ്പിൻ; ഈ ദിവസം നമ്മുടെ കർത്താവിന്നു വിശുദ്ധമാകുന്നു; നിങ്ങൾ ദുഃഖിക്കരുതു; യഹോവയിങ്കലെ സന്തോഷം നിങ്ങളുടെ ബലം ആകുന്നുവല്ലോ എന്നു പറഞ്ഞു. അവ്വണ്ണം ലേവ്യരും നിങ്ങൾ മിണ്ടാതിരിപ്പിൻ; ഈ ദിവസം വിശുദ്ധമല്ലോ; നിങ്ങൾ ദുഃഖിക്കരുതു എന്നു പറഞ്ഞു സർവ്വജനത്തെയും സാവധാനപ്പെടുത്തി. തങ്ങളോടു പറഞ്ഞ വചനം ബോദ്ധ്യമായതുകൊണ്ടു ജനമെല്ലാം പോയി തിന്നുകയും കുടിക്കയും പകർച്ച കൊടുത്തയക്കയും അത്യന്തം സന്തോഷിക്കയും ചെയ്തു. പിറ്റെന്നാൾ സകലജനത്തിന്റെയും പിതൃഭവനത്തലവന്മാരും പുരോഹിതന്മാരും ലേവ്യരും ന്യായപ്രമാണവാക്യങ്ങളെ കേൾക്കേണ്ടതിന്നു എസ്രാശാസ്ത്രിയുടെ അടുക്കൽ ഒന്നിച്ചുകൂടി. യഹോവ മോശെമുഖാന്തരം കല്പിച്ച ന്യായപ്രമാണത്തിൽ: യിസ്രായേൽമക്കൾ ഏഴാം മാസത്തിലെ ഉത്സവത്തിൽ കൂടാരങ്ങളിൽ പാർക്കേണം എന്നും എഴുതിയിരിക്കുന്നതുപോലെ കൂടാരങ്ങൾ ഉണ്ടാക്കേണ്ടതിന്നു നിങ്ങൾ മലയിൽ ചെന്നു ഒലിവുകൊമ്പു, കാട്ടൊലിവുകൊമ്പു, കൊഴുന്തുകൊമ്പു, ഈന്തമടൽ, തഴെച്ച വൃക്ഷങ്ങളുടെ കൊമ്പു എന്നിവ കൊണ്ടുവരുവിൻ എന്നു തങ്ങളുടെ എല്ലാ പട്ടണങ്ങളിലും യെരൂശലേമിലും അറിയിച്ചു പ്രസിദ്ധപ്പെടുത്തേണമെന്നും എഴുതിയിരിക്കുന്നതായി അവർ കണ്ടു. അങ്ങനെ ജനം ചെന്നു ഒരോരുത്തൻ താന്താന്റെ വീട്ടിന്റെ മുകളിലും മുറ്റത്തും ദൈവാലയത്തിന്റെ പ്രാകാരങ്ങളിലും നീർവ്വാതില്ക്കലെ വിശാലസ്ഥലത്തും എഫ്രയീംവാതില്ക്കലെ വിശാലസ്ഥലത്തും കൂടാരങ്ങളുണ്ടാക്കി. പ്രവാസത്തിൽ നിന്നു മടങ്ങിവന്നവരുടെ സർവ്വസഭയും കൂടാരങ്ങൾ ഉണ്ടാക്കി കൂടാരങ്ങളിൽ പാർത്തു; നൂന്റെ മകനായ യോശുവയുടെ കാലംമുതൽ അന്നുവരെ യിസ്രായേൽമക്കൾ അങ്ങനെ ചെയ്യാതിരുന്നതുകൊണ്ടു അന്നു ഏറ്റവും വലിയ സന്തോഷം ഉണ്ടായി. ആദ്യദിവസം മുതൽ അവസാനദിവസംവരെ അവൻ ദിവസേന ദൈവത്തിന്റെ ന്യായപ്രമാണപുസ്തകം വായിച്ചു കേൾപ്പിച്ചു; അങ്ങനെ അവർ ഏഴു ദിവസം ഉത്സവം ആചരിച്ചു; എട്ടാം ദിവസം നിയമപ്രകാരം വിശുദ്ധസഭായോഗം കൂടുകയും ചെയ്തു.
നെഹെമ്യാവ് 8:9-18 സമകാലിക മലയാളവിവർത്തനം (MCV)
ദേശാധിപതിയായ നെഹെമ്യാവും പുരോഹിതനും ന്യായപ്രമാണോപദേഷ്ടാവുമായ എസ്രായും ജനത്തെ ഉപദേശിച്ച ലേവ്യരും സകലജനത്തോടും പറഞ്ഞത്: “ഈ ദിവസം നിങ്ങളുടെ ദൈവമായ യഹോവയ്ക്കു വിശുദ്ധം; ഇന്നു കരയുകയോ വിലപിക്കുകയോ ചെയ്യരുത്;” ന്യായപ്രമാണവചനങ്ങൾ കേട്ടപ്പോൾ ജനമെല്ലാം കരയുകയായിരുന്നു. നെഹെമ്യാവു തുടർന്ന് അവരോട് ഇപ്രകാരം പറഞ്ഞു: “നിങ്ങൾചെന്ന് നല്ല ഭക്ഷണം കഴിച്ച്, മധുരപാനീയം കുടിച്ച്, തങ്ങൾക്കുവേണ്ടി ഒന്നും കരുതിയിട്ടില്ലാത്തവർക്കുള്ള വീതം കൊടുത്തയയ്ക്കുക; കാരണം, ഈ ദിവസം നമ്മുടെ കർത്താവിനു വിശുദ്ധം; ഇന്നു വിലപിക്കരുത്, കാരണം യഹോവയിലുള്ള ആനന്ദം ആണല്ലോ നമ്മുടെ ബലം.” “ശാന്തരാകുവിൻ, ഈ ദിവസം വിശുദ്ധമല്ലോ, ഇന്നു വിലപിക്കരുത്,” എന്നു പറഞ്ഞ് ലേവ്യരും ജനത്തെ ശാന്തരാക്കി. തങ്ങളോടു പറഞ്ഞവാക്കുകൾ ജനമെല്ലാം ഗ്രഹിച്ചതിനാൽ അവർ പോയി ഭക്ഷിക്കുകയും പാനംചെയ്യുകയും ആഹാരത്തിന്റെ വീതം മറ്റുള്ളവർക്കു കൊടുത്തയയ്ക്കുകയും വളരെ ആനന്ദത്തോടെ ആഘോഷിക്കുകയും ചെയ്തു. ആ മാസത്തിന്റെ രണ്ടാംദിവസം സകലജനത്തിന്റെയും കുടുംബത്തലവന്മാർ പുരോഹിതന്മാരോടും ലേവ്യരോടുംചേർന്ന് ന്യായപ്രമാണത്തിലെ വാക്കുകൾ സശ്രദ്ധം മനസ്സിലാക്കേണ്ടതിന് ഉപദേഷ്ടാവായ എസ്രായുടെ അടുക്കൽവന്നു. ഏഴാംമാസത്തിലെ ഉത്സവകാലത്ത് ഇസ്രായേൽമക്കൾ കൂടാരങ്ങളിൽ പാർക്കണം എന്ന് യഹോവ മോശമുഖാന്തരം കൽപ്പിച്ച ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നത് അവർ കണ്ടു. എഴുതപ്പെട്ടിരിക്കുന്നപ്രകാരം, “കുന്നുകളിലേക്കു പോയി ഒലിവുകൊമ്പ്, കാട്ടൊലിവുകൊമ്പ്, കൊഴുന്തുകൊമ്പ്, ഈന്തപ്പനമടൽ, തഴച്ചവൃക്ഷങ്ങളുടെ കൊമ്പ് എന്നിവ കൊണ്ടുവന്ന്, കൂടാരങ്ങൾ നിർമിക്കുക” എന്ന് തങ്ങളുടെ എല്ലാ പട്ടണങ്ങളിലും ജെറുശലേമിലും പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. അങ്ങനെ ജനം പോയി കൊമ്പുകൾ വെട്ടിക്കൊണ്ടുവന്ന്, തങ്ങളുടെ വീടിന്റെ മുകളിലും മുറ്റത്തും ദൈവാലയത്തിന്റെ മുറ്റത്തും ജലകവാടത്തിന്റെമുന്നിലും എഫ്രയീംകവാടത്തിന്റെമുന്നിലും കൂടാരങ്ങളുണ്ടാക്കി. പ്രവാസത്തിൽനിന്നു മടങ്ങിയെത്തിയവരുടെ കൂട്ടമെല്ലാം കൂടാരങ്ങൾ നിർമിച്ച് അതിൽ താമസിച്ചു. നൂന്റെ മകനായ യോശുവയുടെ കാലംമുതൽ അന്നുവരെ ഇസ്രായേൽമക്കൾ അങ്ങനെ ചെയ്തിരുന്നില്ല; അങ്ങനെ ചെയ്തതിനാൽ അവരുടെ ആനന്ദം വളരെ വലിയതായിരുന്നു. ആദ്യദിവസംമുതൽ അവസാനദിവസംവരെ ദിവസേന അദ്ദേഹം ദൈവത്തിന്റെ ന്യായപ്രമാണഗ്രന്ഥത്തിൽനിന്നു വായിച്ചു. ഏഴുദിവസം അവർ ഉത്സവം ആചരിച്ചു; നിയമിക്കപ്പെട്ടിരുന്നത് അനുസരിച്ച് എട്ടാംദിവസം അവർ ഒരു സഭായോഗം കൂടി.