നെഹെമ്യാവ് 6:1-4

നെഹെമ്യാവ് 6:1-4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഞാൻ വീണ്ടും മതിൽ നിർമ്മിച്ച് അതിന്റെ വിടവുകൾ എല്ലാം അടച്ചു എന്നു സൻബല്ലത്തും തോബീയായും അറേബ്യനായ ഗേശെമും ഞങ്ങളുടെ മറ്റു ശത്രുക്കളും അറിഞ്ഞു. എന്നാൽ ഞാൻ അതിന്റെ കവാടങ്ങൾക്കു കതകുകൾ പിടിപ്പിച്ചിരുന്നില്ല. അപ്പോൾ സൻബല്ലത്തും ഗേശെമും എന്റെ അടുക്കൽ ആളയച്ചു പറയിച്ചു: “വരിക, ഓനോ സമതലത്തിലെ ഒരു ഗ്രാമത്തിൽവച്ചു നമുക്കു കൂടിയാലോചന നടത്താം. എന്നെ ദ്രോഹിക്കുകയായിരുന്നു അവരുടെ ഉദ്ദേശ്യം. ഞാൻ അവരുടെ അടുക്കലേക്ക് ഈ മറുപടിയുമായി ദൂതന്മാരെ അയച്ചു. “ഞാൻ ഒരു വലിയ ജോലിയിൽ ഏർപ്പെട്ടിരിക്കയാണ്. ഇപ്പോൾ വരാൻ നിവൃത്തിയില്ല; അതു മുടക്കി നിങ്ങളുടെ അടുക്കൽ ഞാൻ എന്തിനു വരണം?” ഇതേ സന്ദേശവുമായി അവർ നാലു പ്രാവശ്യം എന്റെ അടുക്കൽ ആളയച്ചു. ഈ മറുപടിതന്നെ ഓരോ തവണയും ഞാൻ നല്‌കി.

നെഹെമ്യാവ് 6:1-4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

എന്നാൽ ഞാൻ മതിൽ പണിതു; ആ കാലത്തു പടിവാതിലുകൾക്കു കതകുകൾ വച്ചിരുന്നില്ലെങ്കിലും അറ്റകുറ്റം ഒന്നും ശേഷിപ്പില്ലെന്നു സൻബല്ലത്തും തോബീയാവും അരാബ്യനായ ഗേശെമും ഞങ്ങളുടെ മറ്റു ശത്രുക്കളും കേട്ടപ്പോൾ സൻബല്ലത്തും ഗേശെമും എന്റെ അടുക്കൽ ആളയച്ചു: വരിക; നാം ഓനോസമഭൂമിയിലെ ഒരു ഗ്രാമത്തിൽ യോഗം കൂടുക എന്നു പറയിച്ചു. എന്നോടു ദോഷം ചെയ്‍വാനായിരുന്നു അവർ നിരൂപിച്ചത്. ഞാൻ അവരുടെ അടുക്കലേക്കു ദൂതന്മാരെ അയച്ചു: ഞാൻ ഒരു വലിയ വേല ചെയ്തുവരുന്നു; എനിക്ക് അങ്ങോട്ടു വരുവാൻ കഴിവില്ല; ഞാൻ വേല വിട്ടു നിങ്ങളുടെ അടുക്കൽ വരുന്നതിനാൽ അതിനു മിനക്കേടു വരുത്തുന്നത് എന്തിന് എന്നു പറയിച്ചു. അവർ നാലു പ്രാവശ്യം ഇങ്ങനെ എന്റെ അടുക്കൽ ആളയച്ചു; ഞാനും ഈ വിധംതന്നെ മറുപടി പറഞ്ഞയച്ചു.

നെഹെമ്യാവ് 6:1-4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

എന്നാൽ ഞാൻ മതിൽ പണിതു. ആ കാലത്ത് പടിവാതിലുകൾക്ക് കതകുകൾ വച്ചിരുന്നില്ലെങ്കിലും അറ്റകുറ്റം ഒന്നും ശേഷിക്കുന്നില്ലെന്ന് സൻബല്ലത്തും തോബീയാവും അരാബ്യനായ ഗേശെമും ഞങ്ങളുടെ മറ്റ് ശത്രുക്കളും കേട്ടപ്പോൾ സൻബല്ലത്തും ഗേശെമും എന്‍റെ അടുക്കൽ ആളയച്ച്: “വരിക; നാം ഓനോസമഭൂമിയിലെ ഒരു ഗ്രാമത്തിൽ യോഗംകൂടുക” എന്നു പറയിച്ചു. എന്നോട് ദോഷം ചെയ്‌വാനായിരുന്നു അവർ നിരൂപിച്ചത്. ഞാൻ അവരുടെ അടുക്കലേക്ക് ദൂതന്മാരെ അയച്ചു: “ഞാൻ ഒരു വലിയ വേല ചെയ്തുവരുന്നു; എനിക്ക് അങ്ങോട്ട് വരുവാൻ കഴിവില്ല; ഞാൻ വേല വിട്ട് നിങ്ങളുടെ അടുക്കൽവന്ന് അതിന് മുടക്കം വരുത്തുന്നത് എന്തിന്?” എന്നു പറയിച്ചു. അവർ നാലു പ്രാവശ്യം ഇങ്ങനെ എന്‍റെ അടുക്കൽ ആളയച്ച്; ഞാനും ഈ വിധം തന്നെ മറുപടി പറഞ്ഞയച്ചു.

നെഹെമ്യാവ് 6:1-4 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

എന്നാൽ ഞാൻ മതിൽ പണിതു; ആ കാലത്തു പടിവാതിലുകൾക്കു കതകുകൾ വെച്ചിരുന്നില്ലെങ്കിലും അറ്റകുറ്റം ഒന്നും ശേഷിപ്പില്ലെന്നു സൻബല്ലത്തും തോബീയാവും അരാബ്യനായ ഗേശെമും ഞങ്ങളുടെ മറ്റു ശത്രുക്കളും കേട്ടപ്പോൾ സൻബല്ലത്തും ഗേശെമും എന്റെ അടുക്കൽ ആളയച്ചു: വരിക; നാം ഓനോസമഭൂമിയിലെ ഒരു ഗ്രാമത്തിൽ യോഗംകൂടുക എന്നു പറയിച്ചു. എന്നോടു ദോഷം ചെയ്‌വാനായിരുന്നു അവർ നിരൂപിച്ചതു. ഞാൻ അവരുടെ അടുക്കലേക്കു ദൂതന്മാരെ അയച്ചു: ഞാൻ ഒരു വലിയ വേല ചെയ്തുവരുന്നു; എനിക്കു അങ്ങോട്ടു വരുവാൻ കഴിവില്ല; ഞാൻ വേല വിട്ടു നിങ്ങളുടെ അടുക്കൽ വരുന്നതിനാൽ അതിന്നു മിനക്കേടു വരുത്തുന്നതു എന്തിന്നു എന്നു പറയിച്ചു. അവർ നാലു പ്രാവശ്യം ഇങ്ങനെ എന്റെ അടുക്കൽ ആളയച്ചു; ഞാനും ഈ വിധം തന്നേ മറുപടി പറഞ്ഞയച്ചു.

നെഹെമ്യാവ് 6:1-4 സമകാലിക മലയാളവിവർത്തനം (MCV)

ഞാൻ മതിൽ പുനരുദ്ധരിച്ചെന്നും കവാടങ്ങൾക്കു കതകുകളൊന്നും വെച്ചിരുന്നില്ലെങ്കിൽപോലും, ഒരു ഭാഗത്തും വിടവുകൾ അവശേഷിക്കുന്നില്ല എന്നും സൻബല്ലത്തും തോബിയാവും അരാബ്യനായ ഗേശെമും ഞങ്ങളുടെ മറ്റു ശത്രുക്കളും കേട്ടു; “വരിക, ഓനോസമഭൂമിയിലെ ഒരു ഗ്രാമത്തിൽ നമുക്ക് കണ്ടുമുട്ടാം,” എന്ന് സൻബല്ലത്തും ഗേശെമും എനിക്ക് ഒരു സന്ദേശം അയച്ചു. എന്നാൽ അവർ എന്നെ ഉപദ്രവിക്കാൻ പദ്ധതിയിട്ടിരുന്നു; അതുകൊണ്ട് ഞാൻ ദൂതന്മാർ മുഖേന ഇപ്രകാരം അറിയിച്ചു: “ഞാൻ ഒരു വലിയ വേലയിൽ ഏർപ്പെട്ടിരിക്കുകയാണ്, അത് ഉപേക്ഷിച്ചു വരാനാവില്ല. നിങ്ങളെ കാണുന്നതിനുവേണ്ടി എന്തിനാണു വേല മുടക്കി ഞാൻ വരുന്നത്?” അവർ ഇതേ സന്ദേശം നാലുപ്രാവശ്യം അയച്ചു; ഓരോ പ്രാവശ്യവും ഞാൻ ഇതേ മറുപടിതന്നെ അവർക്കു നൽകി.