നെഹെമ്യാവ് 4:6-20

നെഹെമ്യാവ് 4:6-20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അങ്ങനെ ഞങ്ങൾ മതിൽ പണിതു; വേല ചെയ്‍വാൻ ജനത്തിന് ഉത്സാഹം ഉണ്ടായിരുന്നതുകൊണ്ട് മതിൽ മുഴുവനും പാതിപൊക്കംവരെ തീർത്തു. യെരൂശലേമിന്റെ മതിലുകൾ അറ്റകുറ്റം തീർന്നുവരുന്നു എന്നും ഇടിവുകൾ അടഞ്ഞുതുടങ്ങി എന്നും സൻബല്ലത്തും തോബീയാവും അരാബ്യരും അമ്മോന്യരും അസ്തോദ്യരും കേട്ടപ്പോൾ അവർക്കു മഹാകോപം ജനിച്ചു. യെരൂശലേമിന്റെ നേരേ ചെന്നു യുദ്ധം ചെയ്യേണ്ടതിനും അവിടെ കലക്കം വരുത്തേണ്ടതിനും അവരൊക്കെയും ഒന്നിച്ചുകൂടി കൂട്ടുകെട്ടുണ്ടാക്കി. ഞങ്ങളോ ഞങ്ങളുടെ ദൈവത്തോടു പ്രാർഥിച്ചു; അവരുടെ നിമിത്തം രാവും പകലും കാവല്ക്കാരെ ആക്കേണ്ടിവന്നു. എന്നാൽ യെഹൂദ്യർ: ചുമട്ടുകാരുടെ ശക്തി ക്ഷയിച്ചുപോകുന്നു; കല്ലും മണ്ണും ഇനിയും വളരെ കിടക്കുന്നു; ആകയാൽ മതിൽ പണിവാൻ നമുക്കു കഴികയില്ല എന്നു പറഞ്ഞു. ഞങ്ങളുടെ ശത്രുക്കളോ: നാം അവരുടെ ഇടയിൽ ചെന്ന് അവരെ കൊന്നു പണിമുടക്കുന്നതുവരെ അവർ ഒന്നും അറികയും കാണുകയും അരുത് എന്നു പറഞ്ഞു. അവരുടെ സമീപം പാർത്ത യെഹൂദന്മാർ പല സ്ഥലങ്ങളിൽനിന്നും വന്നു; നിങ്ങൾ ഞങ്ങളുടെ അടുക്കൽ വരുവിൻ എന്നു പത്തു പ്രാവശ്യം ഞങ്ങളോട് അപേക്ഷിച്ചു. അതുകൊണ്ടു ഞാൻ മതിലിന്റെ പിമ്പുറത്തു പൊക്കം കുറഞ്ഞ സ്ഥലങ്ങളിലും തുറന്നുകിടക്കുന്ന സ്ഥലങ്ങളിലും ആളുകളെ ആക്കി ജനത്തെ കുടുംബംകുടുംബമായി വാളുകളോടും കുന്തങ്ങളോടും വില്ലുകളോടുംകൂടെ നിർത്തി. ഞാൻ നോക്കി എഴുന്നേറ്റു നിന്നു പ്രഭുക്കന്മാരോടും പ്രമാണികളോടും ശേഷം ജനത്തോടും: നിങ്ങൾ അവരെ പേടിക്കേണ്ടാ; വലിയവനും ഭയങ്കരനുമായ കർത്താവിനെ ഓർത്തു നിങ്ങളുടെ സഹോദരന്മാർക്കും പുത്രന്മാർക്കും പുത്രിമാർക്കും ഭാര്യമാർക്കും വീടുകൾക്കുംവേണ്ടി പൊരുതുവിൻ എന്നു പറഞ്ഞു. ഞങ്ങൾക്ക് അറിവു കിട്ടിപ്പോയെന്നും ദൈവം അവരുടെ ആലോചനയെ നിഷ്ഫലമാക്കിയെന്നും ഞങ്ങളുടെ ശത്രുക്കൾ കേട്ടശേഷം ഞങ്ങൾ എല്ലാവരും മതിലിങ്കൽ താന്താന്റെ വേലയ്ക്കു മടങ്ങിച്ചെല്ലുവാനിടയായി. അന്നു മുതൽക്ക് എന്റെ ഭൃത്യന്മാരിൽ പാതിപ്പേർ വേലയ്ക്ക് നിന്നു പാതിപ്പേർ കുന്തവും പരിചയും വില്ലും കവചവും ധരിച്ചു നിന്നു; മതിൽ പണിയുന്ന എല്ലാ യെഹൂദന്മാരുടെയും പുറകിൽ പ്രഭുക്കന്മാർ നിന്നു; ചുമടെടുക്കുന്ന ചുമട്ടുകാർ ഒരു കൈകൊണ്ടു വേലചെയ്കയും മറ്റേ കൈകൊണ്ട് ആയുധം പിടിക്കയും ചെയ്തു. പണിയുന്നവർ അരയ്ക്കു വാൾ കെട്ടിയും കൊണ്ടു പണിതു. എന്നാൽ കാഹളം ഊതുന്നവൻ എന്റെ അടുക്കൽതന്നെ ആയിരുന്നു. ഞാൻ പ്രഭുക്കന്മാരോടും പ്രമാണികളോടും ശേഷം ജനത്തോടും: വേല വലിയതും വിശാലമായതും ആകുന്നു; നാം മതിലിന്മേൽ ചിതറി തമ്മിൽ തമ്മിൽ അകന്നിരിക്കുന്നു. നിങ്ങൾ കാഹളനാദം കേൾക്കുന്നേടത്തു ഞങ്ങളുടെ അടുക്കൽ കൂടിക്കൊൾവിൻ; നമ്മുടെ ദൈവം നമുക്കുവേണ്ടി യുദ്ധം ചെയ്യും എന്നു പറഞ്ഞു.

നെഹെമ്യാവ് 4:6-20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അങ്ങനെ ഞങ്ങൾ മതിൽപ്പണി തുടർന്നു; ജനത്തിന്റെ ഉത്സാഹംകൊണ്ടു മതിൽ മുഴുവനും പകുതിവരെ കെട്ടി ഉയർത്തി. യെരൂശലേമിന്റെ മതിലുകളുടെ പുനരുദ്ധാരണം പൂർത്തിയാകുന്നു എന്നും വിള്ളലുകൾ അടഞ്ഞു തുടങ്ങി എന്നും കേട്ട് സൻബല്ലത്തും തോബീയായും അറബികളും അമ്മോന്യരും അസ്തോദ്യരും കുപിതരായി. യെരൂശലേമിനെതിരെ പോരാടാനും കലാപം ഉണ്ടാക്കാനും അവർ ഒത്തുകൂടി ഗൂഢാലോചന നടത്തി. ഞങ്ങളാകട്ടെ, ഞങ്ങളുടെ ദൈവത്തോടു പ്രാർഥിച്ചു. അവരിൽനിന്നുള്ള രക്ഷയ്‍ക്കായി ഞങ്ങൾ രാവും പകലും കാവൽ ഏർപ്പെടുത്തി. “ചുമട്ടുകാർ തളർന്നിരിക്കുന്നു. മതിലിന്റെ അവശിഷ്ടങ്ങൾ ഇനിയും ധാരാളം നീക്കാനുണ്ട്; പണി തുടരാൻ ഞങ്ങൾക്കു കഴിയുന്നില്ല” എന്നു യെഹൂദ്യർ പറഞ്ഞു. “നാം അവരുടെ ഇടയിൽ കടന്ന് അവരെ കൊന്ന് മതിലിന്റെ പണി മുടക്കുന്നതുവരെ അവർ നമ്മുടെ നീക്കം അറിയരുത്” എന്നു ഞങ്ങളുടെ ശത്രുക്കൾ പറഞ്ഞു. സമീപവാസികളായ യെഹൂദന്മാർ പല തവണ ഞങ്ങളുടെ അടുക്കൽ വന്നു പറഞ്ഞു: “എങ്ങോട്ടു തിരിഞ്ഞാലും അവർ നമ്മെ എതിരിടും.” അതുകൊണ്ടു മതിലിന്റെ പണി പൂർത്തിയാകാത്ത ഇടങ്ങളിൽ തുറസ്സായ സ്ഥലത്തു ജനങ്ങളെ കുടുംബക്രമത്തിൽ വാള്, കുന്തം, വില്ല് എന്നിവയുമായി അണിനിരത്തി. ഞാൻ ചുറ്റും നോക്കി; പ്രഭുക്കന്മാരോടും പ്രമാണികളോടും മറ്റു ജനങ്ങളോടുമായി പറഞ്ഞു: “നിങ്ങൾ അവരെ ഭയപ്പെടേണ്ടാ; ഉന്നതനും ഉഗ്രപ്രഭാവവാനുമായ സർവേശ്വരനെ ഓർത്തുകൊണ്ടു നിങ്ങളുടെ സഹോദരന്മാർക്കും പുത്രന്മാർക്കും പുത്രിമാർക്കും ഭാര്യമാർക്കും വീടുകൾക്കുംവേണ്ടി പോരാടുക.” തങ്ങളുടെ ഗൂഢാലോചന ഞങ്ങളുടെ അറിവിൽ പെട്ടെന്നും ദൈവം തങ്ങളുടെ ഉപായം നിഷ്ഫലമാക്കിയെന്നും ഞങ്ങളുടെ ശത്രുക്കൾ മനസ്സിലാക്കി. ഞങ്ങൾ ആകട്ടെ മതിലിന്റെ പണി തുടർന്നു. അന്നുമുതൽ എന്റെ ആളുകളിൽ പകുതിപേർ പണിയിലേർപ്പെട്ടു; പകുതി ആളുകൾ കുന്തം, പരിച, വില്ല്, കവചം എന്നിവ ധരിച്ചു കാവൽനിന്നു. പണിയിൽ ഏർപ്പെട്ടിരുന്നവരെ നേതാക്കന്മാർ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. ചുമട്ടുകാർ ഒരു കൈകൊണ്ടു വേല ചെയ്യുകയും മറ്റേ കൈയിൽ ആയുധം വഹിക്കുകയും ചെയ്തു. മതിലുപണിക്കാർപോലും അരയിൽ വാൾ തൂക്കിയിട്ടിരുന്നു. കാഹളം ഊതുന്നവൻ എന്റെ അടുക്കൽ നിന്നിരുന്നു. ഞാൻ ജനത്തോടും അവരുടെ പ്രഭുക്കന്മാരോടും പ്രമാണികളോടും പറഞ്ഞു: “നാം ചെയ്തുകൊണ്ടിരിക്കുന്ന ജോലി വളരെ വലുതാണ്. അതു പലയിടത്തായി വ്യാപിച്ചിരിക്കുന്നു. മതിലിന്റെ പണിയിൽ ഏർപ്പെട്ട് നാം പല സ്ഥലങ്ങളിൽ ആയിരിക്കുന്നു. കാഹളധ്വനി കേൾക്കുമ്പോൾ ഞങ്ങളുടെ അടുത്ത് ഓടിക്കൂടണം. നമ്മുടെ ദൈവം നമുക്കുവേണ്ടി പോരാടും.”

നെഹെമ്യാവ് 4:6-20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

അങ്ങനെ ഞങ്ങൾ മതിൽ പണിതു; വേലചെയ്‌വാൻ ജനത്തിന് ഉത്സാഹം ഉണ്ടായിരുന്നതുകൊണ്ട് മതിൽ മുഴുവനും പകുതി പൊക്കംവരെ തീർത്തു. യെരൂശലേമിന്‍റെ മതിലുകൾ അറ്റകുറ്റം തീർന്നുവരുന്നു എന്നും വിടവുകൾ അടഞ്ഞുതുടങ്ങി എന്നും സൻബല്ലത്തും തോബീയാവും അരാബരും അമ്മോന്യരും അസ്തോദ്യരും കേട്ടപ്പോൾ അവർ കോപാകുലരായി. യെരൂശലേമിന്‍റെ നേരെ ചെന്നു യുദ്ധം ചെയ്യേണ്ടതിനും അവിടെ കലക്കം വരുത്തേണ്ടതിനും അവർ ഒക്കെയും ഒന്നിച്ചുകൂടി കൂട്ടുകെട്ടുണ്ടാക്കി. ഞങ്ങളോ ഞങ്ങളുടെ ദൈവത്തോട് പ്രാർത്ഥിച്ചു; അവരുടെ നിമിത്തം രാപ്പകൽ കാവല്ക്കാരെ ആക്കേണ്ടിവന്നു. എന്നാൽ യെഹൂദ്യർ: “ചുമട്ടുകാരുടെ ശക്തി ക്ഷയിച്ചുപോകുന്നു; കല്ലും മണ്ണും ഇനിയും വളരെ കിടക്കുന്നു; ആകയാൽ മതിൽ പണിയുവാൻ നമുക്ക് കഴിയുകയില്ല” എന്നു പറഞ്ഞു. ഞങ്ങളുടെ ശത്രുക്കളോ: “അവർ അറിയുകയോ കാണുകയോ ചെയ്യുന്നതിന് മുമ്പെ നാം അവരുടെ ഇടയിൽ ചെന്നു അവരെ കൊന്ന് അവരുടെ പണി മുടക്കാം” എന്നു പറഞ്ഞു. അവരുടെ സമീപം പാർത്ത യെഹൂദന്മാർ വന്ന്, “എങ്ങോട്ട് നിങ്ങൾ തിരിഞ്ഞാലും അവർ നമുക്ക് എതിരെ വരും” എന്നു പത്തു പ്രാവശ്യം ഞങ്ങളോട് പറഞ്ഞു. അതുകൊണ്ട് ഞാൻ മതിലിന്‍റെ പുറകിൽ പൊക്കം കുറഞ്ഞ സ്ഥലങ്ങളിലും തുറന്നുകിടക്കുന്ന സ്ഥലങ്ങളിലും ആളുകളെ ആക്കി ജനത്തെ കുടുംബംകുടുംബമായി വാളുകളോടും കുന്തങ്ങളോടും വില്ലുകളോടും കൂടെ നിർത്തി. ഞാൻ നോക്കി എഴുന്നേറ്റ്, പ്രഭുക്കന്മാരോടും പ്രമാണികളോടും ശേഷം ജനത്തോടും: “നിങ്ങൾ അവരെ പേടിക്കേണ്ടാ; വലിയവനും ഭയങ്കരനുമായ കർത്താവിനെ ഓർത്തു നിങ്ങളുടെ സഹോദരന്മാർക്കും പുത്രന്മാർക്കും പുത്രിമാർക്കും ഭാര്യമാർക്കും വീടുകൾക്കും വേണ്ടി പൊരുതുവിൻ” എന്നു പറഞ്ഞു. ഞങ്ങൾക്ക് അറിവ് കിട്ടിപ്പോയെന്നും ദൈവം അവരുടെ ആലോചനയെ നിഷ്ഫലമാക്കിയെന്നും ഞങ്ങളുടെ ശത്രുക്കൾ കേട്ടശേഷം ഞങ്ങൾ എല്ലാവരും മതിലിന്‍റെ പണിയിൽ അവരവരുടെ വേലയ്ക്ക് മടങ്ങിചെല്ലുവാനിടയായി. അന്നുമുതൽ എന്‍റെ ഭൃത്യന്മാരിൽ പകുതിപേർ വേലയ്ക്കും, പകുതിപേർ കുന്തവും പരിചയും വില്ലും കവചവും ധരിച്ചും നിന്നു. മതിൽ പണിയുന്ന എല്ലാ യെഹൂദന്മാരുടെയും പുറകിൽ പ്രഭുക്കന്മാർ നിന്നു. ചുമടെടുക്കുന്ന ചുമട്ടുകാർ ഒരു കൈകൊണ്ട് വേല ചെയ്യുകയും മറ്റെ കൈകൊണ്ട് ആയുധം പിടിക്കയും ചെയ്തു. പണിയുന്നവർ അരയ്ക്ക് വാൾ കെട്ടിക്കൊണ്ട് പണിതു. എന്നാൽ കാഹളം ഊതുന്നവൻ എന്‍റെ അടുക്കൽ തന്നെ ആയിരുന്നു. ഞാൻ പ്രഭുക്കന്മാരോടും പ്രമാണികളോടും ശേഷം ജനത്തോടും: “വേല വലിയതും വിശാലമായതും ആകുന്നു; നാം മതിലിന്മേൽ ചിതറി തമ്മിൽതമ്മിൽ അകന്നിരിക്കുന്നു. നിങ്ങൾ കാഹളനാദം കേൾക്കുന്ന സ്ഥലത്ത് ഞങ്ങളുടെ അടുക്കൽ കൂടിക്കൊൾവിൻ; നമ്മുടെ ദൈവം നമുക്ക് വേണ്ടി യുദ്ധം ചെയ്യും” എന്നു പറഞ്ഞു.

നെഹെമ്യാവ് 4:6-20 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അങ്ങനെ ഞങ്ങൾ മതിൽ പണിതു; വേല ചെയ്‌വാൻ ജനത്തിന്നു ഉത്സാഹം ഉണ്ടായിരുന്നതുകൊണ്ടു മതിൽ മഴുവനും പാതിപൊക്കംവരെ തീർത്തു. യെരൂശലേമിന്റെ മതിലുകൾ അറ്റകുറ്റം തീർന്നുവരുന്നു എന്നും ഇടിവുകൾ അടഞ്ഞുതുടങ്ങി എന്നും സൻബല്ലത്തും തോബീയാവും അരാബ്യരും അമ്മോന്യരും അസ്തോദ്യരും കേട്ടപ്പോൾ അവർക്കു മഹാകോപം ജനിച്ചു. യെരൂശലേമിന്റെ നേരെ ചെന്നു യുദ്ധം ചെയ്യേണ്ടതിന്നും അവിടെ കലക്കം വരുത്തേണ്ടതിന്നും അവർ ഒക്കെയും ഒന്നിച്ചുകൂടി കൂട്ടുകെട്ടുണ്ടാക്കി. ഞങ്ങളോ ഞങ്ങളുടെ ദൈവത്തോടു പ്രാർത്ഥിച്ചു; അവരുടെനിമിത്തം രാവും പകലും കാവല്ക്കാരെ ആക്കേണ്ടിവന്നു. എന്നാൽ യെഹൂദ്യർ: ചുമട്ടുകാരുടെ ശക്തി ക്ഷയിച്ചുപോകുന്നു; കല്ലും മണ്ണും ഇനിയും വളരെ കിടക്കുന്നു; ആകയാൽ മതിൽ പണിവാൻ നമുക്കു കഴികയില്ല എന്നു പറഞ്ഞു. ഞങ്ങളുടെ ശത്രുക്കളോ: നാം അവരുടെ ഇടയിൽ ചെന്നു അവരെ കൊന്നു പണി മുടക്കുന്നതുവരെ അവർ ഒന്നും അറികയും കാണുകയും അരുതു എന്നു പറഞ്ഞു. അവരുടെ സമീപം പാർത്ത യെഹൂദന്മാർ പല സ്ഥലങ്ങളിൽനിന്നും വന്നു; നിങ്ങൾ ഞങ്ങളുടെ അടുക്കൽ വരുവിൻ എന്നു പത്തു പ്രാവശ്യം ഞങ്ങളോടു അപേക്ഷിച്ചു. അതുകൊണ്ടു ഞാൻ മതിലിന്റെ പിമ്പുറത്തു പൊക്കം കുറഞ്ഞ സ്ഥലങ്ങളിലും തുറന്നുകിടക്കുന്ന സ്ഥലങ്ങളിലും ആളുകളെ ആക്കി ജനത്തെ കുടുംബം കുടുംബമായി വാളുകളോടും കുന്തങ്ങളോടും വില്ലുകളോടും കൂടെ നിർത്തി. ഞാൻ നോക്കി എഴുന്നേറ്റുനിന്നു പ്രഭുക്കന്മാരോടും പ്രമാണികളോടും ശേഷം ജനത്തോടും: നിങ്ങൾ അവരെ പേടിക്കേണ്ടാ; വലിയവനും ഭയങ്കരനുമായ കർത്താവിനെ ഓർത്തു നിങ്ങളുടെ സഹോദരന്മാർക്കും പുത്രന്മാർക്കും പുത്രിമാർക്കും ഭാര്യമാർക്കും വീടുകൾക്കും വേണ്ടി പൊരുതുവിൻ എന്നു പറഞ്ഞു. ഞങ്ങൾക്കു അറിവു കിട്ടിപ്പോയെന്നും ദൈവം അവരുടെ ആലോചനയെ നിഷ്ഫലമാക്കിയെന്നും ഞങ്ങളുടെ ശത്രുക്കൾ കേട്ടശേഷം ഞങ്ങൾ എല്ലാവരും മതിലിങ്കൽ താന്താന്റെ വേലെക്കു മടങ്ങിച്ചെല്ലുവാനിടയായി. അന്നുമുതല്ക്കു എന്റെ ഭൃത്യന്മാരിൽ പാതിപേർ വേലെക്കു നിന്നു പാതിപേർ കുന്തവും പരിചയും വില്ലും കവചവും ധരിച്ചുനിന്നു; മതിൽ പണിയുന്ന എല്ലാ യെഹൂദന്മാരുടെയും പുറകിൽ പ്രഭുക്കന്മാർ നിന്നു. ചുമടെടുക്കുന്ന ചുമട്ടുകാർ ഒരു കൈകൊണ്ടു വേല ചെയ്കയും മറ്റെ കൈകൊണ്ടു ആയുധം പിടിക്കയും ചെയ്തു. പണിയുന്നവർ അരെക്കു വാൾ കെട്ടിയുംകൊണ്ടു പണിതു. എന്നാൽ കാഹളം ഊതുന്നവൻ എന്റെ അടുക്കൽ തന്നേ ആയിരുന്നു. ഞാൻ പ്രഭുക്കന്മാരോടും പ്രമാണികളോടും ശേഷംജനത്തോടും: വേല വലിയതും വിശാലമായതും ആകുന്നു; നാം മതിലിന്മേൽ ചിതറി തമ്മിൽതമ്മിൽ അകന്നിരിക്കുന്നു. നിങ്ങൾ കാഹളനാദം കേൾക്കുന്നേടത്തു ഞങ്ങളുടെ അടുക്കൽ കൂടിക്കൊൾവിൻ; നമ്മുടെ ദൈവം നമുക്കു വേണ്ടി യുദ്ധം ചെയ്യും എന്നു പറഞ്ഞു.

നെഹെമ്യാവ് 4:6-20 സമകാലിക മലയാളവിവർത്തനം (MCV)

ജനം പൂർണമനസ്സോടെ വേല ചെയ്തതിനാൽ ഞങ്ങൾ മതിൽമുഴുവനും പകുതിപ്പൊക്കംവരെ പണിതുയർത്തി. എന്നാൽ ജെറുശലേമിന്റെ മതിലുകൾ വേഗത്തിൽ നന്നാക്കപ്പെടുന്നെന്നും അതിലെ വിടവുകൾ അടയ്ക്കപ്പെടുന്നെന്നും സൻബല്ലത്ത്, തോബിയാവ്, അരാബ്യർ, അമ്മോന്യർ, അശ്ദോദ്യർ എന്നിവർ കേട്ടപ്പോൾ അവർ വളരെ പ്രകോപിതരായി. ജെറുശലേമിനോടു വന്നു യുദ്ധംചെയ്ത് അവിടെ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ അവർ ഒത്തുകൂടി ആലോചിച്ചു. എന്നാൽ ഞങ്ങൾ ഞങ്ങളുടെ ദൈവത്തോടു പ്രാർഥിച്ചു; ഈ വെല്ലുവിളി നിമിത്തം രാവും പകലും ഇവർക്കെതിരേ കാവൽനിർത്തി. അതിനുശേഷം യെഹൂദ്യർ: “പണിക്കാരുടെ ശക്തി ക്ഷയിക്കുന്നു; മതിൽ പണിയാൻ നമുക്കു കഴിയാത്തവിധം ധാരാളം കല്ലും മണ്ണും ഇനിയുമിവിടെ കൂടിക്കിടക്കുന്നു” എന്നു പറഞ്ഞു. “അവർ അറിയുകയോ കാണുകയോ ചെയ്യുന്നതിനുമുമ്പേ നമുക്ക് അവരുടെയിടയിലേക്കു ചെന്ന് അവരെ കൊന്ന് അവരുടെ പണി മുടക്കാം,” എന്ന് ഞങ്ങളുടെ ശത്രുക്കൾ പറയുകയും ചെയ്തു. അവരുടെ സമീപം താമസിച്ചിരുന്ന യെഹൂദന്മാർ ഞങ്ങളുടെ അടുക്കൽവന്ന്, “എങ്ങോട്ടു തിരിഞ്ഞാലും അവർ നമുക്കെതിരേ വരും” എന്നു പത്തിലധികം പ്രാവശ്യം പറഞ്ഞു. അതുകൊണ്ട് ഞാൻ മതിലിന്റെ പൊക്കം വളരെ കുറഞ്ഞു തുറന്നുകിടക്കുന്ന ചില സ്ഥലങ്ങളിൽ വാൾ, കുന്തം, അമ്പ്, എന്നിവയുമായി ആളുകളിൽ ചിലരെ അവരുടെ കുടുംബങ്ങളോടുകൂടെ നിർത്തി. സകലതും നോക്കിയശേഷം ഞാൻ എഴുന്നേറ്റ് പ്രഭുക്കന്മാരോടും ഉദ്യോഗസ്ഥരോടും ശേഷം ജനത്തോടും പറഞ്ഞു: “അവരെ ഭയപ്പെടരുത്; വലിയവനും ഭയങ്കരനുമായ കർത്താവിനെ ഓർക്കുക; അങ്ങനെ നിങ്ങളുടെ സഹോദരങ്ങൾക്കും പുത്രന്മാർക്കും പുത്രിമാർക്കും ഭാര്യമാർക്കും ഭവനങ്ങൾക്കുംവേണ്ടി യുദ്ധംചെയ്യുക.” അവരുടെ ഗൂഢാലോചനയെക്കുറിച്ച് ഞങ്ങൾ അറിഞ്ഞെന്നും ദൈവം തങ്ങളുടെ പദ്ധതി നിഷ്ഫലമാക്കിയെന്നും ഞങ്ങളുടെ ശത്രുക്കൾ കേട്ടശേഷം, ഞങ്ങൾ മതിൽപണിയിലേക്കും ഓരോരുത്തരും അവരവരുടെ വേലയിലേക്കും മടങ്ങി. അന്നുമുതൽ, എന്റെ ആൾക്കാരിൽ പകുതിപേർ ജോലിചെയ്തു; ബാക്കി പകുതിപേർ കുന്തം, പരിച, അമ്പ്, കവചം എന്നിവ വഹിച്ചു നിന്നു. ഉദ്യോഗസ്ഥർ മതിൽ പണിയുന്ന യെഹൂദ്യരുടെ മുഴുവന്റെയും പിന്നിൽ ഉണ്ടായിരുന്നു. ചുമടെടുക്കുന്നവർ ഒരു കൈകൊണ്ടു ജോലി ചെയ്യുകയും മറ്റേ കൈയിൽ ആയുധം പിടിക്കുകയും ചെയ്തു. പണിയുന്നവരെല്ലാം വാൾ അരയ്ക്കു കെട്ടിയിരുന്നു. കാഹളം മുഴക്കുന്നവൻ എന്നോടൊപ്പംതന്നെ നിന്നു. എന്നിട്ട് ഞാൻ പ്രഭുക്കന്മാരോടും ഉദ്യോഗസ്ഥരോടും ശേഷം ജനത്തോടും പറഞ്ഞു: “പണി വലിയതും വിശാലവുമാണ്. നാമെല്ലാം മതിലിന്മേൽ വളരെ അകലെയുമാണ്. കാഹളത്തിന്റെ മുഴക്കം നിങ്ങൾ എവിടെ കേട്ടാലും അവിടെ ഞങ്ങളോടു ചേരുക. നമ്മുടെ ദൈവം നമുക്കുവേണ്ടി യുദ്ധംചെയ്യും.”