മർക്കൊസ് 8:31-38

മർക്കൊസ് 8:31-38 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

മനുഷ്യപുത്രൻ പലതും സഹിക്കയും മൂപ്പന്മാരും മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവനെ തള്ളിക്കളഞ്ഞു കൊല്ലുകയും മൂന്നു നാൾ കഴിഞ്ഞിട്ട് അവൻ ഉയിർത്തെഴുന്നേല്ക്കയും വേണം എന്ന് അവരെ ഉപദേശിച്ചുതുടങ്ങി. അവൻ ഈ വാക്കു തുറന്നുപറഞ്ഞു. അപ്പോൾ പത്രൊസ് അവനെ വേറിട്ടു കൊണ്ടുപോയി ശാസിച്ചുതുടങ്ങി; അവനോ തിരിഞ്ഞുനോക്കി ശിഷ്യന്മാരെ കണ്ടിട്ടു പത്രൊസിനെ ശാസിച്ചു: സാത്താനേ, എന്നെ വിട്ടു പോ; നീ ദൈവത്തിൻറേതല്ല മനുഷ്യരുടേതത്രേ കരുതുന്നത് എന്നു പറഞ്ഞു. പിന്നെ അവൻ പുരുഷാരത്തെയും തന്റെ ശിഷ്യന്മാരെയും അരികെ വിളിച്ച് അവരോടു പറഞ്ഞത്: ഒരുവൻ എന്നെ അനുഗമിപ്പാൻ ഇച്ഛിച്ചാൽ അവൻ തന്നെത്താൻ ത്യജിച്ചു തന്റെ ക്രൂശ് എടുത്തുകൊണ്ട് എന്നെ അനുഗമിക്കട്ടെ. ആരെങ്കിലും തന്റെ ജീവനെ രക്ഷിപ്പാൻ ഇച്ഛിച്ചാൽ അതിനെ കളയും; ആരെങ്കിലും എന്റെയും സുവിശേഷത്തിന്റെയും നിമിത്തം തന്റെ ജീവനെ കളഞ്ഞാൽ അതിനെ രക്ഷിക്കും. ഒരു മനുഷ്യൻ സർവലോകവും നേടുകയും തന്റെ ജീവനെ കളകയും ചെയ്താൽ അവന് എന്തു പ്രയോജനം? അല്ല, തന്റെ ജീവനുവേണ്ടി മനുഷ്യൻ എന്തൊരു മറുവില കൊടുക്കും; വ്യഭിചാരവും പാപവും ഉള്ള ഈ തലമുറയിൽ ആരെങ്കിലും എന്നെയും എന്റെ വചനങ്ങളെയും കുറിച്ചു നാണിച്ചാൽ അവനെക്കുറിച്ചു മനുഷ്യപുത്രനും തന്റെ പിതാവിന്റെ തേജസ്സിൽ വിശുദ്ധദൂതന്മാരുമായി വരുമ്പോൾ നാണിക്കും.

മർക്കൊസ് 8:31-38 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

മനുഷ്യപുത്രനായ തനിക്കു വളരെയധികം കഷ്ടതകൾ സഹിക്കേണ്ടിവരുമെന്നും ജനപ്രമാണിമാരും മുഖ്യപുരോഹിതന്മാരും മതപണ്ഡിതന്മാരും തന്നെ പരിത്യജിക്കുമെന്നും താൻ വധിക്കപ്പെടുമെന്നും മൂന്നാം ദിവസം ഉയിർത്തെഴുന്നേല്‌ക്കുമെന്നും യേശു അവരെ പറഞ്ഞു ധരിപ്പിക്കുവാൻ തുടങ്ങി. ഇക്കാര്യങ്ങൾ അവിടുന്ന് അവരോടു തുറന്നു പറഞ്ഞു. അപ്പോൾ പത്രോസ് യേശുവിനെ അല്പം മാറ്റി നിറുത്തി അവിടുത്തെ തന്റെ പ്രതിഷേധം അറിയിച്ചു. അവിടുന്നു തിരിഞ്ഞു ശിഷ്യന്മാരെ കണ്ടിട്ട്, “സാത്താനേ, എന്റെ മുമ്പിൽനിന്നു പോകൂ; നിന്റെ ചിന്താഗതി ദൈവത്തിൻറേതല്ല മനുഷ്യരുടേതത്രേ” എന്നു പറഞ്ഞു പത്രോസിനെ ശാസിച്ചു. അനന്തരം യേശു ജനക്കൂട്ടത്തെയും ശിഷ്യന്മാരെയും അടുക്കൽ വിളിച്ച് ഇപ്രകാരം പ്രസ്താവിച്ചു: “എന്നെ അനുഗമിക്കുവാൻ ആരെങ്കിലും ഇച്ഛിക്കുന്നെങ്കിൽ അവൻ തന്നെത്തന്നെ ത്യജിച്ചു തന്റെ കുരിശു വഹിച്ചുകൊണ്ട് എന്നെ അനുഗമിക്കട്ടെ. ആരെങ്കിലും തന്റെ ജീവനെ രക്ഷിക്കുവാൻ ഇച്ഛിക്കുന്നുവെങ്കിൽ അവൻ അതു നഷ്ടപ്പെടുത്തും; എന്നാൽ എനിക്കുവേണ്ടിയും സുവിശേഷത്തിനുവേണ്ടിയും തന്റെ ജീവനെ നഷ്ടപ്പെടുത്തുന്നവൻ അതിനെ രക്ഷിക്കും. ഒരുവൻ സർവലോകവും നേടിയാലും തന്റെ ജീവൻ നഷ്ടപ്പെടുത്തിയാൽ അവന് എന്താണു പ്രയോജനം? തന്റെ ജീവൻ തിരിച്ചുകിട്ടുന്നതിനുവേണ്ടി ഒരുവന് എന്തു പകരം കൊടുക്കുവാൻ കഴിയും? വഴി പിഴച്ചതും പാപം നിറഞ്ഞതുമായ ഈ തലമുറയിൽ ആരെങ്കിലും എന്നെയും എന്റെ വചനങ്ങളെയും കുറിച്ചു ലജ്ജിച്ചാൽ, തന്റെ പിതാവിന്റെ തേജസ്സിൽ വിശുദ്ധമാലാഖമാരോടുകൂടി വരുമ്പോൾ മനുഷ്യപുത്രൻ അവനെക്കുറിച്ചും ലജ്ജിക്കും.”

മർക്കൊസ് 8:31-38 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

“മനുഷ്യപുത്രൻ പലതും സഹിക്കുകയും മൂപ്പന്മാരും മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവനെ തള്ളിക്കളഞ്ഞു കൊല്ലുകയും മൂന്നുനാൾ കഴിഞ്ഞിട്ട് അവൻ ഉയിർത്തെഴുന്നേല്ക്കുകയും വേണം” എന്നു അവരെ ഉപദേശിച്ചു തുടങ്ങി. അവൻ ഇതു വ്യക്തമായി പറഞ്ഞു. അപ്പോൾ പത്രൊസ് അവനെ വേറിട്ടു കൊണ്ടുപോയി ശാസിച്ചുതുടങ്ങി. അവനോ തിരിഞ്ഞുനോക്കി ശിഷ്യന്മാരെ കണ്ടിട്ട് പത്രൊസിനെ ശാസിച്ചു: “സാത്താനേ, എന്‍റെ മുമ്പിൽനിന്ന് പോ; നീ ദൈവത്തിന്‍റെതല്ല മനുഷ്യരുടേതത്രേ കരുതുന്നത്” എന്നു പറഞ്ഞു. പിന്നെ അവൻ പുരുഷാരത്തെയും തന്‍റെ ശിഷ്യന്മാരെയും ഒരുമിച്ചുവിളിച്ച് അവരോട് പറഞ്ഞത്: “ഒരുവൻ എന്നെ അനുഗമിക്കുവാൻ ഇച്ഛിച്ചാൽ അവൻ തന്നെത്താൻ ത്യജിച്ച് തന്‍റെ ക്രൂശ് എടുത്തുകൊണ്ടു എന്നെ അനുഗമിക്കട്ടെ. ആരെങ്കിലും തന്‍റെ ജീവനെ രക്ഷിക്കാൻ ഇച്ഛിച്ചാൽ അതിനെ കളയും; ആരെങ്കിലും എന്‍റെയും സുവിശേഷത്തിന്‍റെയും നിമിത്തം തന്‍റെ ജീവനെ കളഞ്ഞാൽ അതിനെ രക്ഷിക്കും. ഒരു മനുഷ്യൻ സർവ്വലോകവും നേടുകയും തന്‍റെ ജീവനെ കളയുകയും ചെയ്താൽ അവനു എന്ത് പ്രയോജനം? അല്ല, തന്‍റെ ജീവനു വേണ്ടി മനുഷ്യൻ എന്ത് മറുവില കൊടുക്കും? വ്യഭിചാരവും പാപവും ഉള്ള ഈ തലമുറയിൽ ആരെങ്കിലും എന്നെയും എന്‍റെ വചനങ്ങളെയും കുറിച്ചു നാണിച്ചാൽ അവനെക്കുറിച്ചു മനുഷ്യപുത്രനും തന്‍റെ പിതാവിന്‍റെ തേജസ്സിൽ വിശുദ്ധ ദൂതന്മാരുമായി വരുമ്പോൾ നാണിക്കും.”

മർക്കൊസ് 8:31-38 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

മനുഷ്യപുത്രൻ പലതും സഹിക്കയും മൂപ്പന്മാരും മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവനെ തള്ളിക്കളഞ്ഞു കൊല്ലുകയും മൂന്നു നാൾ കഴിഞ്ഞിട്ടു അവൻ ഉയിർത്തെഴുന്നേല്ക്കയും വേണം എന്നു അവരെ ഉപദേശിച്ചു തുടങ്ങി. അവൻ ഈ വാക്കു തുറന്നു പറഞ്ഞു. അപ്പോൾ പത്രൊസ് അവനെ വേറിട്ടു കൊണ്ടുപോയി ശാസിച്ചുതുടങ്ങി. അവനോ തിരിഞ്ഞു നോക്കി ശിഷ്യന്മാരെ കണ്ടിട്ടു പത്രൊസിനെ ശാസിച്ചു: സാത്താനേ, എന്നെ വിട്ടു പോ; നീ ദൈവത്തിന്റേതല്ല മനുഷ്യരുടെതത്രേ കരുതുന്നതു എന്നു പറഞ്ഞു. പിന്നെ അവൻ പുരുഷാരത്തെയും തന്റെ ശിഷ്യന്മാരെയും അരികെ വിളിച്ചു അവരോടു പറഞ്ഞതു: ഒരുവൻ എന്നെ അനുഗമിപ്പാൻ ഇച്ഛിച്ചാൽ അവൻ തന്നെത്താൻ ത്യജിച്ചു തന്റെ ക്രൂശ് എടുത്തുകൊണ്ടു എന്നെ അനുഗമിക്കട്ടെ. *ആരെങ്കിലും തന്റെ ജീവനെ രക്ഷിപ്പാൻ ഇച്ഛിച്ചാൽ അതിനെ കളയും; ആരെങ്കിലും എന്റെയും സുവിശേഷത്തിന്റെയും നിമിത്തം തന്റെ ജീവനെ കളഞ്ഞാൽ അതിനെ രക്ഷിക്കും. ഒരു മനുഷ്യൻ സർവ്വലോകവും നേടുകയും തന്റെ ജീവനെ കളകയും ചെയ്താൽ അവന്നു എന്തു പ്രയോജനം? അല്ല, തന്റെ ജീവന്നു വേണ്ടി മനുഷ്യൻ എന്തൊരു മറുവില കൊടുക്കും; വ്യഭിചാരവും പാപവും ഉള്ള ഈ തലമുറയിൽ ആരെങ്കിലും എന്നെയും എന്റെ വചനങ്ങളെയും കുറിച്ചു നാണിച്ചാൽ അവനെക്കുറിച്ചു മനുഷ്യപുത്രനും തന്റെ പിതാവിന്റെ തേജസ്സിൽ വിശുദ്ധ ദൂതന്മാരുമായി വരുമ്പോൾ നാണിക്കും

മർക്കൊസ് 8:31-38 സമകാലിക മലയാളവിവർത്തനം (MCV)

മനുഷ്യപുത്രൻ വളരെ കഷ്ടം സഹിക്കുകയും സമുദായനേതാക്കന്മാർ, പുരോഹിതമുഖ്യന്മാർ, വേദജ്ഞർ എന്നിവരാൽ തിരസ്കരിക്കപ്പെടുകയും വധിക്കപ്പെടുകയും മൂന്നാംദിവസം ഉയിർത്തെഴുന്നേൽക്കുകയും ചെയ്യുമെന്ന് അദ്ദേഹം അവരെ ഉപദേശിച്ചുതുടങ്ങി. അദ്ദേഹം ഈ കാര്യം തുറന്നുപറഞ്ഞപ്പോൾ പത്രോസ് അദ്ദേഹത്തെ മാറ്റിനിർത്തി ശാസിച്ചുതുടങ്ങി. യേശുവോ തിരിഞ്ഞു തന്റെ ശിഷ്യന്മാരെ നോക്കിയിട്ട്, പത്രോസിനെ ശാസിച്ചു. “സാത്താനേ, എന്റെ മുമ്പിൽനിന്ന് പോ; നീ ദൈവത്തിന്റെ കാര്യങ്ങളല്ല, മനുഷ്യരുടെ കാര്യങ്ങളാണ് ചിന്തിക്കുന്നത്” എന്നു പറഞ്ഞു. പിന്നെ അദ്ദേഹം ശിഷ്യന്മാരെയും ജനക്കൂട്ടത്തെയും അടുക്കൽ വിളിച്ച് ഇങ്ങനെ പറഞ്ഞു: “ഒരാൾ എന്റെ അനുയായി ആകാൻ ഇച്ഛിക്കുന്നെങ്കിൽ അയാൾ സ്വയം ത്യജിച്ച് തന്റെ ക്രൂശ് എടുത്തുകൊണ്ട് എന്നെ അനുഗമിക്കട്ടെ. സ്വന്തം ജീവനെ രക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതു നഷ്ടമാകും; എന്നാൽ എന്റെ അനുയായി ആയതു നിമിത്തവും സുവിശേഷം നിമിത്തവും സ്വജീവൻ നഷ്ടപ്പെടുത്തുന്നവർ അതിനെ രക്ഷിക്കും. ഒരാൾ ലോകം മുഴുവൻ തന്റെ സ്വന്തമാക്കിയാലും സ്വന്തം ജീവൻ കൈമോശംവരുത്തിയാൽ അയാൾക്ക് എന്തു പ്രയോജനം? അഥവാ, ഒരാൾക്ക് തന്റെ ജീവന്റെ വിലയായി എന്തു പകരം കൊടുക്കാൻ കഴിയും? വ്യഭിചാരവും പാപവും ഉള്ള ഈ തലമുറയിൽ ആരെങ്കിലും എന്നെയും എന്റെ വചനങ്ങളെയുംകുറിച്ചു ലജ്ജിച്ചാൽ അവനെക്കുറിച്ചു മനുഷ്യപുത്രനും (ഞാനും) തന്റെ പിതാവിന്റെ തേജസ്സിൽ വിശുദ്ധദൂതരോടുകൂടെ വരുമ്പോൾ ലജ്ജിക്കും.”