മർക്കൊസ് 8:22-38

മർക്കൊസ് 8:22-38 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അവർ ബേത്ത്സയിദയിൽ എത്തിയപ്പോൾ: ഒരു കുരുടനെ അവന്റെ അടുക്കൽ കൊണ്ടുവന്ന് അവനെ തൊടേണമെന്ന് അപേക്ഷിച്ചു. അവൻ കുരുടന്റെ കൈക്കു പിടിച്ച് അവനെ ഊരിനു പുറത്തു കൊണ്ടുപോയി അവന്റെ കണ്ണിൽ തുപ്പി അവന്റെമേൽ കൈവച്ചു: നീ വല്ലതും കാണുന്നുണ്ടോ എന്നു ചോദിച്ചു. അവൻ മേല്പോട്ടു നോക്കി: ഞാൻ മനുഷ്യരെ കാണുന്നു; അവർ നടക്കുന്നതു മരങ്ങൾ പോലെയത്രേ കാണുന്നത് എന്നു പറഞ്ഞു. പിന്നെയും അവന്റെ കണ്ണിന്മേൽ കൈ വച്ചാറെ അവൻ സൗഖ്യം പ്രാപിച്ചു മിഴിച്ചുനോക്കി എല്ലാം സ്പഷ്ടമായി കണ്ടു. നീ ഊരിൽ കടക്കപോലും അരുത് എന്ന് അവൻ പറഞ്ഞ് അവനെ വീട്ടിലേക്ക് അയച്ചു. അനന്തരം യേശു ശിഷ്യന്മാരുമായി ഫീലിപ്പൊസിന്റെ കൈസര്യക്ക് അടുത്ത ഊരുകളിലേക്കു പോയി; വഴിയിൽവച്ചു ശിഷ്യന്മാരോട്: ജനങ്ങൾ എന്നെ ആർ എന്നു പറയുന്നു എന്നു ചോദിച്ചു. യോഹന്നാൻസ്നാപകനെന്നു ചിലർ, ഏലീയാവെന്നു ചിലർ, പ്രവാചകന്മാരിൽ ഒരുത്തൻ എന്നു മറ്റു ചിലർ എന്ന് അവർ ഉത്തരം പറഞ്ഞു. അവൻ അവരോട്: എന്നാൽ നിങ്ങൾ എന്നെ ആർ എന്നു പറയുന്നു എന്നു ചോദിച്ചതിന്: നീ ക്രിസ്തു ആകുന്നു എന്നു പത്രൊസ് ഉത്തരം പറഞ്ഞു. പിന്നെ തന്നെക്കുറിച്ച് ആരോടും പറയരുതെന്ന് അവൻ അവരോടു ഖണ്ഡിതമായി പറഞ്ഞു. മനുഷ്യപുത്രൻ പലതും സഹിക്കയും മൂപ്പന്മാരും മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവനെ തള്ളിക്കളഞ്ഞു കൊല്ലുകയും മൂന്നു നാൾ കഴിഞ്ഞിട്ട് അവൻ ഉയിർത്തെഴുന്നേല്ക്കയും വേണം എന്ന് അവരെ ഉപദേശിച്ചുതുടങ്ങി. അവൻ ഈ വാക്കു തുറന്നുപറഞ്ഞു. അപ്പോൾ പത്രൊസ് അവനെ വേറിട്ടു കൊണ്ടുപോയി ശാസിച്ചുതുടങ്ങി; അവനോ തിരിഞ്ഞുനോക്കി ശിഷ്യന്മാരെ കണ്ടിട്ടു പത്രൊസിനെ ശാസിച്ചു: സാത്താനേ, എന്നെ വിട്ടു പോ; നീ ദൈവത്തിൻറേതല്ല മനുഷ്യരുടേതത്രേ കരുതുന്നത് എന്നു പറഞ്ഞു. പിന്നെ അവൻ പുരുഷാരത്തെയും തന്റെ ശിഷ്യന്മാരെയും അരികെ വിളിച്ച് അവരോടു പറഞ്ഞത്: ഒരുവൻ എന്നെ അനുഗമിപ്പാൻ ഇച്ഛിച്ചാൽ അവൻ തന്നെത്താൻ ത്യജിച്ചു തന്റെ ക്രൂശ് എടുത്തുകൊണ്ട് എന്നെ അനുഗമിക്കട്ടെ. ആരെങ്കിലും തന്റെ ജീവനെ രക്ഷിപ്പാൻ ഇച്ഛിച്ചാൽ അതിനെ കളയും; ആരെങ്കിലും എന്റെയും സുവിശേഷത്തിന്റെയും നിമിത്തം തന്റെ ജീവനെ കളഞ്ഞാൽ അതിനെ രക്ഷിക്കും. ഒരു മനുഷ്യൻ സർവലോകവും നേടുകയും തന്റെ ജീവനെ കളകയും ചെയ്താൽ അവന് എന്തു പ്രയോജനം? അല്ല, തന്റെ ജീവനുവേണ്ടി മനുഷ്യൻ എന്തൊരു മറുവില കൊടുക്കും; വ്യഭിചാരവും പാപവും ഉള്ള ഈ തലമുറയിൽ ആരെങ്കിലും എന്നെയും എന്റെ വചനങ്ങളെയും കുറിച്ചു നാണിച്ചാൽ അവനെക്കുറിച്ചു മനുഷ്യപുത്രനും തന്റെ പിതാവിന്റെ തേജസ്സിൽ വിശുദ്ധദൂതന്മാരുമായി വരുമ്പോൾ നാണിക്കും.

മർക്കൊസ് 8:22-38 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

പിന്നീട് അവർ ബെത്‍സെയ്ദയിലെത്തി. കാഴ്ചയില്ലാത്ത ഒരുവനെ ചിലർ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു. “അയാളെ ഒന്നു തൊടണേ” എന്ന് അവർ അപേക്ഷിച്ചു. അവിടുന്ന് ആ അന്ധനെ കൈക്കുപിടിച്ച് ഗ്രാമത്തിനു പുറത്തു കൊണ്ടുപോയി അയാളുടെ കണ്ണിൽ സ്വന്തം ഉമിനീരു പുരട്ടുകയും കൈകൾ അയാളുടെമേൽ വയ്‍ക്കുകയും ചെയ്തു. “വല്ലതും കാണുന്നുണ്ടോ?” എന്ന് യേശു ആ മനുഷ്യനോടു ചോദിച്ചു. അയാൾ മുഖം ഉയർത്തിനോക്കിക്കൊണ്ടു പറഞ്ഞു: “എനിക്കു മനുഷ്യരെ കാണാം; എന്നാൽ അവർ മരങ്ങൾപോലെയിരിക്കുന്നു; അവർ നടക്കുന്നതായി ഞാൻ കാണുന്നു.” അയാളുടെ കണ്ണുകളുടെമേൽ വീണ്ടും യേശു തന്റെ കരങ്ങൾവച്ചു; അയാൾ മിഴിച്ചു നോക്കി. അപ്പോൾ എല്ലാം വ്യക്തമായി കാണത്തക്കവിധം ആ അന്ധൻ സുഖം പ്രാപിച്ചു. ഗ്രാമത്തിൽ പ്രവേശിക്കുകപോലും ചെയ്യരുതെന്നു പറഞ്ഞിട്ട് യേശു അയാളെ വീട്ടിലേക്കു പറഞ്ഞയച്ചു. അനന്തരം യേശു ശിഷ്യന്മാരോടുകൂടി കൈസര്യഫിലിപ്പിക്കു ചുറ്റുമുള്ള ഗ്രാമങ്ങളിലേക്കുപോയി. വഴിയിൽവച്ച് അവിടുന്ന് ശിഷ്യന്മാരോട്: “ഞാൻ ആരാണെന്നാണ് ആളുകൾ പറയുന്നത്?” എന്നു ചോദിച്ചു. “ചിലർ സ്നാപകയോഹന്നാൻ എന്നും, മറ്റു ചിലർ ഏലിയാ എന്നും, വേറെ ചിലർ പ്രവാചകന്മാരിൽ ഒരുവനെന്നും പറയുന്നു” എന്ന് അവർ ഉത്തരം പറഞ്ഞു. അപ്പോൾ, “ആകട്ടെ, ഞാൻ ആരാണെന്നാണു നിങ്ങൾ പറയുന്നത്?” എന്ന് യേശു ചോദിച്ചു. അതിനു പത്രോസ്, “അങ്ങു ക്രിസ്തു ആകുന്നു” എന്നുത്തരം പറഞ്ഞു. തന്നെപ്പറ്റി ആരോടും പറയരുതെന്ന് അവിടുന്നു കർശനമായി അവരോട് ആജ്ഞാപിച്ചു. മനുഷ്യപുത്രനായ തനിക്കു വളരെയധികം കഷ്ടതകൾ സഹിക്കേണ്ടിവരുമെന്നും ജനപ്രമാണിമാരും മുഖ്യപുരോഹിതന്മാരും മതപണ്ഡിതന്മാരും തന്നെ പരിത്യജിക്കുമെന്നും താൻ വധിക്കപ്പെടുമെന്നും മൂന്നാം ദിവസം ഉയിർത്തെഴുന്നേല്‌ക്കുമെന്നും യേശു അവരെ പറഞ്ഞു ധരിപ്പിക്കുവാൻ തുടങ്ങി. ഇക്കാര്യങ്ങൾ അവിടുന്ന് അവരോടു തുറന്നു പറഞ്ഞു. അപ്പോൾ പത്രോസ് യേശുവിനെ അല്പം മാറ്റി നിറുത്തി അവിടുത്തെ തന്റെ പ്രതിഷേധം അറിയിച്ചു. അവിടുന്നു തിരിഞ്ഞു ശിഷ്യന്മാരെ കണ്ടിട്ട്, “സാത്താനേ, എന്റെ മുമ്പിൽനിന്നു പോകൂ; നിന്റെ ചിന്താഗതി ദൈവത്തിൻറേതല്ല മനുഷ്യരുടേതത്രേ” എന്നു പറഞ്ഞു പത്രോസിനെ ശാസിച്ചു. അനന്തരം യേശു ജനക്കൂട്ടത്തെയും ശിഷ്യന്മാരെയും അടുക്കൽ വിളിച്ച് ഇപ്രകാരം പ്രസ്താവിച്ചു: “എന്നെ അനുഗമിക്കുവാൻ ആരെങ്കിലും ഇച്ഛിക്കുന്നെങ്കിൽ അവൻ തന്നെത്തന്നെ ത്യജിച്ചു തന്റെ കുരിശു വഹിച്ചുകൊണ്ട് എന്നെ അനുഗമിക്കട്ടെ. ആരെങ്കിലും തന്റെ ജീവനെ രക്ഷിക്കുവാൻ ഇച്ഛിക്കുന്നുവെങ്കിൽ അവൻ അതു നഷ്ടപ്പെടുത്തും; എന്നാൽ എനിക്കുവേണ്ടിയും സുവിശേഷത്തിനുവേണ്ടിയും തന്റെ ജീവനെ നഷ്ടപ്പെടുത്തുന്നവൻ അതിനെ രക്ഷിക്കും. ഒരുവൻ സർവലോകവും നേടിയാലും തന്റെ ജീവൻ നഷ്ടപ്പെടുത്തിയാൽ അവന് എന്താണു പ്രയോജനം? തന്റെ ജീവൻ തിരിച്ചുകിട്ടുന്നതിനുവേണ്ടി ഒരുവന് എന്തു പകരം കൊടുക്കുവാൻ കഴിയും? വഴി പിഴച്ചതും പാപം നിറഞ്ഞതുമായ ഈ തലമുറയിൽ ആരെങ്കിലും എന്നെയും എന്റെ വചനങ്ങളെയും കുറിച്ചു ലജ്ജിച്ചാൽ, തന്റെ പിതാവിന്റെ തേജസ്സിൽ വിശുദ്ധമാലാഖമാരോടുകൂടി വരുമ്പോൾ മനുഷ്യപുത്രൻ അവനെക്കുറിച്ചും ലജ്ജിക്കും.”

മർക്കൊസ് 8:22-38 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

അവർ ബേത്ത്സയിദയിൽ എത്തിയപ്പോൾ അവിടുത്തെ ജനങ്ങൾ ഒരു കുരുടനെ യേശുവിന്‍റെ അടുക്കൽ കൊണ്ടുവന്നു അവനെ തൊടേണമെന്ന് അപേക്ഷിച്ചു. അവൻ കുരുടന്‍റെ കൈയ്ക്കു പിടിച്ചു അവനെ ഗ്രാമത്തിന് പുറത്തു കൊണ്ടുപോയി അവന്‍റെ കണ്ണിൽ തുപ്പി അവന്‍റെമേൽ കൈ വച്ചു: ”നീ വല്ലതും കാണുന്നുണ്ടോ” എന്നു ചോദിച്ചു. അവൻ മേല്പോട്ടു നോക്കി: ”ഞാൻ മനുഷ്യരെ കാണുന്നു; മരങ്ങൾ നടക്കുന്നതുപോലെയത്രേ ഞാൻ അവരെ കാണുന്നത്” എന്നു പറഞ്ഞു. വീണ്ടും യേശു അവന്‍റെ കണ്ണിന്മേൽ കൈ വെച്ചപ്പോൾ അവൻ കാഴ്ച പ്രാപിച്ചു മിഴിച്ചുനോക്കി എല്ലാം സ്പഷ്ടമായി കണ്ടു. “നീ ഗ്രാമത്തിൽ കടക്കുകപോലും അരുത്” എന്നു പറഞ്ഞ് അവൻ അവനെ വീട്ടിലേക്ക് അയച്ചു. അനന്തരം യേശു ശിഷ്യന്മാരുമായി ഫിലിപ്പിന്‍റെ കൈസര്യയിലെ ഗ്രാമങ്ങളിലേക്കു പോയി; വഴിയിൽവെച്ചു ശിഷ്യന്മാരോട്: “ജനങ്ങൾ എന്നെ ആർ എന്നു പറയുന്നു?” എന്നു ചോദിച്ചു. “യോഹന്നാൻ സ്നാപകനെന്ന് ചിലർ, ഏലിയാവെന്ന് ചിലർ, പ്രവാചകന്മാരിൽ ഒരുവൻ എന്നു മറ്റുചിലർ” എന്നു അവർ ഉത്തരം പറഞ്ഞു. അവൻ അവരോട്: “എന്നാൽ നിങ്ങൾ എന്നെ ആർ എന്നു പറയുന്നു?” എന്നു ചോദിച്ചതിന്: “നീ ക്രിസ്തു ആകുന്നു” എന്നു പത്രൊസ് ഉത്തരം പറഞ്ഞു. പിന്നെ തന്നെക്കുറിച്ച് ആരോടും പറയരുതെന്ന് അവൻ അവരോട് ഖണ്ഡിതമായി പറഞ്ഞു. “മനുഷ്യപുത്രൻ പലതും സഹിക്കുകയും മൂപ്പന്മാരും മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവനെ തള്ളിക്കളഞ്ഞു കൊല്ലുകയും മൂന്നുനാൾ കഴിഞ്ഞിട്ട് അവൻ ഉയിർത്തെഴുന്നേല്ക്കുകയും വേണം” എന്നു അവരെ ഉപദേശിച്ചു തുടങ്ങി. അവൻ ഇതു വ്യക്തമായി പറഞ്ഞു. അപ്പോൾ പത്രൊസ് അവനെ വേറിട്ടു കൊണ്ടുപോയി ശാസിച്ചുതുടങ്ങി. അവനോ തിരിഞ്ഞുനോക്കി ശിഷ്യന്മാരെ കണ്ടിട്ട് പത്രൊസിനെ ശാസിച്ചു: “സാത്താനേ, എന്‍റെ മുമ്പിൽനിന്ന് പോ; നീ ദൈവത്തിന്‍റെതല്ല മനുഷ്യരുടേതത്രേ കരുതുന്നത്” എന്നു പറഞ്ഞു. പിന്നെ അവൻ പുരുഷാരത്തെയും തന്‍റെ ശിഷ്യന്മാരെയും ഒരുമിച്ചുവിളിച്ച് അവരോട് പറഞ്ഞത്: “ഒരുവൻ എന്നെ അനുഗമിക്കുവാൻ ഇച്ഛിച്ചാൽ അവൻ തന്നെത്താൻ ത്യജിച്ച് തന്‍റെ ക്രൂശ് എടുത്തുകൊണ്ടു എന്നെ അനുഗമിക്കട്ടെ. ആരെങ്കിലും തന്‍റെ ജീവനെ രക്ഷിക്കാൻ ഇച്ഛിച്ചാൽ അതിനെ കളയും; ആരെങ്കിലും എന്‍റെയും സുവിശേഷത്തിന്‍റെയും നിമിത്തം തന്‍റെ ജീവനെ കളഞ്ഞാൽ അതിനെ രക്ഷിക്കും. ഒരു മനുഷ്യൻ സർവ്വലോകവും നേടുകയും തന്‍റെ ജീവനെ കളയുകയും ചെയ്താൽ അവനു എന്ത് പ്രയോജനം? അല്ല, തന്‍റെ ജീവനു വേണ്ടി മനുഷ്യൻ എന്ത് മറുവില കൊടുക്കും? വ്യഭിചാരവും പാപവും ഉള്ള ഈ തലമുറയിൽ ആരെങ്കിലും എന്നെയും എന്‍റെ വചനങ്ങളെയും കുറിച്ചു നാണിച്ചാൽ അവനെക്കുറിച്ചു മനുഷ്യപുത്രനും തന്‍റെ പിതാവിന്‍റെ തേജസ്സിൽ വിശുദ്ധ ദൂതന്മാരുമായി വരുമ്പോൾ നാണിക്കും.”

മർക്കൊസ് 8:22-38 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അവർ ബേത്ത്സയിദയിൽ എത്തിയപ്പോൾ ഒരു കുരുടനെ അവന്റെ അടുക്കൽ കൊണ്ടുവന്നു അവനെ തൊടേണമെന്നു അപേക്ഷിച്ചു. അവൻ കുരുടന്റെ കൈക്കു പിടിച്ചു അവനെ ഊരിന്നു പുറത്തുകൊണ്ടു പോയി അവന്റെ കണ്ണിൽ തുപ്പി അവന്റെ മേൽ കൈ വെച്ചു: നീ വല്ലതും കാണുന്നുണ്ടോ എന്നു ചോദിച്ചു. അവൻ മേല്പോട്ടു നോക്കി: ഞാൻ മനുഷ്യരെ കാണുന്നു; അവർ നടക്കുന്നതു മരങ്ങൾപോലെയത്രേ കാണുന്നതു എന്നു പറഞ്ഞു. പിന്നെയും അവന്റെ കണ്ണിന്മേൽ കൈ വെച്ചാറെ അവൻ സൗഖ്യം പ്രാപിച്ചു മിഴിച്ചുനോക്കി എല്ലാം സ്പഷ്ടമായി കണ്ടു. നീ ഊരിൽ കടക്കപോലും അരുതു എന്നു അവൻ പറഞ്ഞു അവനെ വീട്ടിലേക്കു അയച്ചു. അനന്തരം യേശു ശിഷ്യന്മാരുമായി ഫിലിപ്പൊസിന്റെ കൈസര്യക്കു അടുത്ത ഊരുകളിലേക്കു പോയി; വഴിയിൽവെച്ചു ശിഷ്യന്മാരോടു: ജനങ്ങൾ എന്നെ ആർ എന്നു പറയുന്നു എന്നു ചോദിച്ചു. യോഹന്നാൻ സ്നാപകനെന്നു ചിലർ, ഏലീയാവെന്നു ചിലർ, പ്രവാചകന്മാരിൽ ഒരുത്തൻ എന്നു മറ്റു ചിലർ എന്നു അവർ ഉത്തരം പറഞ്ഞു. അവൻ അവരോടു: എന്നാൽ നിങ്ങൾ എന്നെ ആർ എന്നു പറയുന്നു എന്നു ചോദിച്ചതിന്നു: നീ ക്രിസ്തു ആകുന്നു എന്നു പത്രൊസ് ഉത്തരം പറഞ്ഞു. പിന്നെ തന്നെക്കുറിച്ചു ആരോടും പറയരുതെന്നു അവൻ അവരോടു ഖണ്ഡിതമായി പറഞ്ഞു. മനുഷ്യപുത്രൻ പലതും സഹിക്കയും മൂപ്പന്മാരും മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവനെ തള്ളിക്കളഞ്ഞു കൊല്ലുകയും മൂന്നു നാൾ കഴിഞ്ഞിട്ടു അവൻ ഉയിർത്തെഴുന്നേല്ക്കയും വേണം എന്നു അവരെ ഉപദേശിച്ചു തുടങ്ങി. അവൻ ഈ വാക്കു തുറന്നു പറഞ്ഞു. അപ്പോൾ പത്രൊസ് അവനെ വേറിട്ടു കൊണ്ടുപോയി ശാസിച്ചുതുടങ്ങി. അവനോ തിരിഞ്ഞു നോക്കി ശിഷ്യന്മാരെ കണ്ടിട്ടു പത്രൊസിനെ ശാസിച്ചു: സാത്താനേ, എന്നെ വിട്ടു പോ; നീ ദൈവത്തിന്റേതല്ല മനുഷ്യരുടെതത്രേ കരുതുന്നതു എന്നു പറഞ്ഞു. പിന്നെ അവൻ പുരുഷാരത്തെയും തന്റെ ശിഷ്യന്മാരെയും അരികെ വിളിച്ചു അവരോടു പറഞ്ഞതു: ഒരുവൻ എന്നെ അനുഗമിപ്പാൻ ഇച്ഛിച്ചാൽ അവൻ തന്നെത്താൻ ത്യജിച്ചു തന്റെ ക്രൂശ് എടുത്തുകൊണ്ടു എന്നെ അനുഗമിക്കട്ടെ. *ആരെങ്കിലും തന്റെ ജീവനെ രക്ഷിപ്പാൻ ഇച്ഛിച്ചാൽ അതിനെ കളയും; ആരെങ്കിലും എന്റെയും സുവിശേഷത്തിന്റെയും നിമിത്തം തന്റെ ജീവനെ കളഞ്ഞാൽ അതിനെ രക്ഷിക്കും. ഒരു മനുഷ്യൻ സർവ്വലോകവും നേടുകയും തന്റെ ജീവനെ കളകയും ചെയ്താൽ അവന്നു എന്തു പ്രയോജനം? അല്ല, തന്റെ ജീവന്നു വേണ്ടി മനുഷ്യൻ എന്തൊരു മറുവില കൊടുക്കും; വ്യഭിചാരവും പാപവും ഉള്ള ഈ തലമുറയിൽ ആരെങ്കിലും എന്നെയും എന്റെ വചനങ്ങളെയും കുറിച്ചു നാണിച്ചാൽ അവനെക്കുറിച്ചു മനുഷ്യപുത്രനും തന്റെ പിതാവിന്റെ തേജസ്സിൽ വിശുദ്ധ ദൂതന്മാരുമായി വരുമ്പോൾ നാണിക്കും

മർക്കൊസ് 8:22-38 സമകാലിക മലയാളവിവർത്തനം (MCV)

അവർ ബേത്ത്സയിദയിൽ എത്തി. അന്ധനായ ഒരാളെ ചിലർ കൊണ്ടുവന്ന് അയാളെ തൊടണമെന്ന് യേശുവിനോട് അപേക്ഷിച്ചു. യേശു അന്ധന്റെ കൈക്കുപിടിച്ചു, ഗ്രാമത്തിനു പുറത്തുകൊണ്ടുപോയി. അദ്ദേഹം അയാളുടെ കണ്ണുകളിൽ തുപ്പി, തന്റെ കൈകൾ അയാളുടെമേൽ വെച്ചുകൊണ്ട് അയാളോട്, “നീ എന്തെങ്കിലും കാണുന്നുണ്ടോ?” എന്നു ചോദിച്ചു. അയാൾ ചുറ്റും നോക്കിയിട്ട്, “ഞാൻ മനുഷ്യരെ കാണുന്നുണ്ട്. പക്ഷേ, വ്യക്തമായിട്ടല്ല, അവർ നടക്കുന്ന മരങ്ങളെപ്പോലെയാണ് കാണപ്പെടുന്നത്” എന്നു പറഞ്ഞു. യേശു വീണ്ടും അയാളുടെ കണ്ണുകളിൽ കൈകൾ വെച്ചു. അപ്പോൾ അയാളുടെ കണ്ണുകൾ തുറന്നു. അയാൾക്കു കാഴ്ച തിരിച്ചു കിട്ടി. അയാൾ സകലതും വ്യക്തമായി കണ്ടു. “ഗ്രാമത്തിനുള്ളിൽ പോകരുത്” എന്നു പറഞ്ഞ് യേശു അയാളെ നേരേ വീട്ടിലേക്കയച്ചു. യേശുവും ശിഷ്യന്മാരും കൈസര്യ ഫിലിപ്പിയിലെ ഗ്രാമങ്ങളിലേക്കു യാത്രയായി. പോകുന്ന വഴിയിൽ അദ്ദേഹം അവരോട്, “ഞാൻ ആര് ആകുന്നു എന്നാണ് ജനങ്ങൾ പറയുന്നത്?” എന്നു ചോദിച്ചു. അതിനു ശിഷ്യന്മാർ, “യോഹന്നാൻസ്നാപകൻ എന്നു ചിലരും ഏലിയാവ് എന്നു മറ്റുചിലരും പ്രവാചകന്മാരിൽ ഒരാൾ എന്നു വേറെ ചിലരും പറയുന്നു” എന്നുത്തരം പറഞ്ഞു. “എന്നാൽ നിങ്ങളോ?” യേശു ആരാഞ്ഞു, “ഞാൻ ആരാകുന്നു എന്നാണ് നിങ്ങൾ പറയുന്നത്?” “അങ്ങ് ക്രിസ്തു ആകുന്നു,” എന്ന് പത്രോസ് പ്രതിവചിച്ചു. തന്നെപ്പറ്റി ആരോടും പറയരുത് എന്ന കർശനനിർദേശവും യേശു അവർക്കു നൽകി. മനുഷ്യപുത്രൻ വളരെ കഷ്ടം സഹിക്കുകയും സമുദായനേതാക്കന്മാർ, പുരോഹിതമുഖ്യന്മാർ, വേദജ്ഞർ എന്നിവരാൽ തിരസ്കരിക്കപ്പെടുകയും വധിക്കപ്പെടുകയും മൂന്നാംദിവസം ഉയിർത്തെഴുന്നേൽക്കുകയും ചെയ്യുമെന്ന് അദ്ദേഹം അവരെ ഉപദേശിച്ചുതുടങ്ങി. അദ്ദേഹം ഈ കാര്യം തുറന്നുപറഞ്ഞപ്പോൾ പത്രോസ് അദ്ദേഹത്തെ മാറ്റിനിർത്തി ശാസിച്ചുതുടങ്ങി. യേശുവോ തിരിഞ്ഞു തന്റെ ശിഷ്യന്മാരെ നോക്കിയിട്ട്, പത്രോസിനെ ശാസിച്ചു. “സാത്താനേ, എന്റെ മുമ്പിൽനിന്ന് പോ; നീ ദൈവത്തിന്റെ കാര്യങ്ങളല്ല, മനുഷ്യരുടെ കാര്യങ്ങളാണ് ചിന്തിക്കുന്നത്” എന്നു പറഞ്ഞു. പിന്നെ അദ്ദേഹം ശിഷ്യന്മാരെയും ജനക്കൂട്ടത്തെയും അടുക്കൽ വിളിച്ച് ഇങ്ങനെ പറഞ്ഞു: “ഒരാൾ എന്റെ അനുയായി ആകാൻ ഇച്ഛിക്കുന്നെങ്കിൽ അയാൾ സ്വയം ത്യജിച്ച് തന്റെ ക്രൂശ് എടുത്തുകൊണ്ട് എന്നെ അനുഗമിക്കട്ടെ. സ്വന്തം ജീവനെ രക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതു നഷ്ടമാകും; എന്നാൽ എന്റെ അനുയായി ആയതു നിമിത്തവും സുവിശേഷം നിമിത്തവും സ്വജീവൻ നഷ്ടപ്പെടുത്തുന്നവർ അതിനെ രക്ഷിക്കും. ഒരാൾ ലോകം മുഴുവൻ തന്റെ സ്വന്തമാക്കിയാലും സ്വന്തം ജീവൻ കൈമോശംവരുത്തിയാൽ അയാൾക്ക് എന്തു പ്രയോജനം? അഥവാ, ഒരാൾക്ക് തന്റെ ജീവന്റെ വിലയായി എന്തു പകരം കൊടുക്കാൻ കഴിയും? വ്യഭിചാരവും പാപവും ഉള്ള ഈ തലമുറയിൽ ആരെങ്കിലും എന്നെയും എന്റെ വചനങ്ങളെയുംകുറിച്ചു ലജ്ജിച്ചാൽ അവനെക്കുറിച്ചു മനുഷ്യപുത്രനും (ഞാനും) തന്റെ പിതാവിന്റെ തേജസ്സിൽ വിശുദ്ധദൂതരോടുകൂടെ വരുമ്പോൾ ലജ്ജിക്കും.”