മർക്കൊസ് 8:1-13

മർക്കൊസ് 8:1-13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ആ ദിവസങ്ങളിൽ ഏറ്റവും വലിയ പുരുഷാരം ഉണ്ടായിരിക്കെ അവർക്കു ഭക്ഷിപ്പാൻ ഒന്നും ഇല്ലായ്കകൊണ്ടു യേശു ശിഷ്യന്മാരെ അടുക്കൽ വിളിച്ച് അവരോട്: ഈ പുരുഷാരം ഇപ്പോൾ മൂന്നു നാളായി എന്നോടുകൂടെ പാർക്കുന്നു; അവർക്കു ഭക്ഷിപ്പാൻ ഒന്നും ഇല്ലായ്കകൊണ്ട് എനിക്ക് അവരോട് അലിവു തോന്നുന്നു; ഞാൻ അവരെ പട്ടിണിയായി വീട്ടിലേക്ക് അയച്ചാൽ അവർ വഴിയിൽവച്ചു തളർന്നുപോകും; അവരിൽ ചിലർ ദൂരത്തുനിന്നു വന്നവരല്ലോ എന്നു പറഞ്ഞു. അതിന് അവന്റെ ശിഷ്യന്മാർ: ഇവർക്ക് ഇവിടെ മരുഭൂമിയിൽ അപ്പം കൊടുത്തു തൃപ്തിവരുത്തുവാൻ എങ്ങനെ കഴിയും എന്ന് ഉത്തരം പറഞ്ഞു. അവൻ അവരോട്: നിങ്ങളുടെ പക്കൽ എത്ര അപ്പം ഉണ്ട് എന്നു ചോദിച്ചു. ഏഴ് എന്ന് അവർ പറഞ്ഞു. അവൻ പുരുഷാരത്തോടു നിലത്ത് ഇരിപ്പാൻ കല്പിച്ചു.; പിന്നെ ആ ഏഴപ്പം എടുത്തു സ്തോത്രം ചെയ്തു നുറുക്കി, ശിഷ്യന്മാരുടെ പക്കൽ വിളമ്പുവാൻ കൊടുത്തു; അവർ പുരുഷാരത്തിനു വിളമ്പി. ചെറിയ മീനും കുറെ ഉണ്ടായിരുന്നു; അതും അവൻ അനുഗ്രഹിച്ചിട്ട്, വിളമ്പുവാൻ പറഞ്ഞു. അവർ തിന്നു തൃപ്തരായി; ശേഷിച്ച കഷണങ്ങൾ ഏഴു വട്ടി നിറച്ചെടുത്തു. അവർ ഏകദേശം നാലായിരം പേർ ആയിരുന്നു. അവൻ അവരെ പറഞ്ഞയച്ച ഉടനെ ശിഷ്യന്മാരോടുകൂടെ പടകു കയറി ദല്മനൂഥ അംശങ്ങളിൽ എത്തി. അനന്തരം പരീശന്മാർ വന്ന് അവനെ പരീക്ഷിച്ചുകൊണ്ട് ആകാശത്തുനിന്ന് ഒരു അടയാളം അന്വേഷിച്ച് അവനുമായി തർക്കിച്ചുതുടങ്ങി. അവൻ ആത്മാവിൽ ഞരങ്ങി: ഈ തലമുറ അടയാളം അന്വേഷിക്കുന്നതെന്ത്? ഈ തലമുറയ്ക്ക് അടയാളം ലഭിക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. അവരെ വിട്ടു പിന്നെയും പടകു കയറി അക്കരയ്ക്കു കടന്നു.

മർക്കൊസ് 8:1-13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അന്നൊരിക്കൽ വീണ്ടും ഒരു വലിയ ജനസഞ്ചയം വന്നുകൂടി. അവർക്കു ഭക്ഷിക്കുന്നതിനൊന്നും ഇല്ലാഞ്ഞതിനാൽ ശിഷ്യന്മാരെ വിളിച്ച് യേശു പറഞ്ഞു: “ഈ ജനത്തോട് എനിക്ക് അനുകമ്പ തോന്നുന്നു; മൂന്നു ദിവസമായി അവർ എന്നോടുകൂടി കഴിയുകയാണല്ലോ. ഇവർക്കു ഭക്ഷിക്കാനൊന്നുമില്ല; ഞാനിവരെ പട്ടിണിയായി ഇവരുടെ വീടുകളിലേക്കു പറഞ്ഞയച്ചാൽ ഇവർ വഴിയിൽ തളർന്നുവീഴും; ഇവരിൽ ചിലർ ദൂരസ്ഥലങ്ങളിൽനിന്നു വന്നിട്ടുള്ളവരാണ്.” അപ്പോൾ ശിഷ്യന്മാർ അവിടുത്തോട്: “ഈ ജനത്തിനെല്ലാം ആഹാരം കൊടുക്കുവാൻ ഈ വിജനസ്ഥലത്ത് ആർക്കു കഴിയും?” എന്നു ചോദിച്ചു. “ആകട്ടെ നിങ്ങളുടെ കൈയിൽ എത്ര അപ്പമുണ്ട്?” എന്ന് യേശു അവരോട് ചോദിച്ചു. “ഏഴ്” എന്നവർ പറഞ്ഞു. അവിടുന്നു ജനത്തോടു നിലത്തിരിക്കുവാൻ ആജ്ഞാപിച്ചു. പിന്നീട് ആ ഏഴപ്പം എടുത്തു സ്തോത്രംചെയ്തു മുറിച്ച് അവർക്കു വിളമ്പിക്കൊടുക്കുവാൻ ശിഷ്യന്മാരെ ഏല്പിച്ചു. അവർ വിളമ്പി; കുറെ ചെറുമീനും അവരുടെ പക്കലുണ്ടായിരുന്നു; യേശു അവയും വാഴ്ത്തിയശേഷം വിളമ്പിക്കൊടുക്കുവാൻ ശിഷ്യന്മാരോടു പറഞ്ഞു. അവർ ഭക്ഷിച്ചു തൃപ്തരായി; ശേഷിച്ച അപ്പനുറുക്കുകൾ ഏഴു വട്ടി നിറയെ ശേഖരിച്ചു. ഭക്ഷിച്ചവർ നാലായിരത്തോളം പേരുണ്ടായിരുന്നു. യേശു അവരെ പറഞ്ഞയച്ചു. ഉടനെതന്നെ അവിടുന്നു ശിഷ്യന്മാരോടുകൂടി വഞ്ചിയിൽ കയറി ദല്മനൂഥ ദേശത്തേക്കു പോയി. പരീശന്മാർ വന്ന് യേശുവിനോടു തർക്കിച്ചു തുടങ്ങി. അവിടുത്തെ പരീക്ഷിച്ചുകൊണ്ട് ആകാശത്തുനിന്ന് ഒരു അടയാളം കാണിക്കുവാൻ അവർ അവിടുത്തോട് ആവശ്യപ്പെട്ടു. അവിടുന്ന് ആത്മാവിന്റെ അടിത്തട്ടിൽനിന്നു നെടുവീർപ്പിട്ടുകൊണ്ട് “ഈ തലമുറ അടയാളം അന്വേഷിക്കുന്നത് എന്തിന്? ഒരടയാളവും അവർക്കു ലഭിക്കുകയില്ലെന്നു ഞാൻ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു” എന്നു പറഞ്ഞു. അനന്തരം അവിടുന്ന് അവരെ വിട്ട് വഞ്ചിയിൽ കയറി തടാകത്തിന്റെ മറുകരയ്‍ക്കുപോയി.

മർക്കൊസ് 8:1-13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

ആ ദിവസങ്ങളിൽ വീണ്ടും വലിയ പുരുഷാരം കൂടിവന്നു, അവർക്ക് ഭക്ഷിക്കുവാൻ ഒന്നും ഇല്ലാത്തതുകൊണ്ട് യേശു ശിഷ്യന്മാരെ അടുക്കൽ വിളിച്ചു അവരോട്: “ഈ പുരുഷാരം ഇപ്പോൾ മൂന്നു നാളായി എന്നോടുകൂടെയുണ്ട്; അവർക്ക് ഭക്ഷിക്കുവാൻ ഒന്നും ഇല്ലാത്തതുകൊണ്ട് എനിക്ക് അവരോട് അലിവ് തോന്നുന്നു; ഞാൻ അവരെ പട്ടിണിയായി വീട്ടിലേക്ക് അയച്ചാൽ അവർ വഴിയിൽവച്ച് തളർന്നുപോകും; അവരിൽ ചിലർ ദൂരത്തുനിന്നുവന്നവരല്ലോ” എന്നു പറഞ്ഞു. അതിനു അവന്‍റെ ശിഷ്യന്മാർ: “ഇവർക്ക് തൃപ്തിവരുത്തുവാൻ മതിയായ അപ്പം ഈ മരുഭൂമിയിൽ എവിടെനിന്ന് നമുക്കു ലഭിക്കും?” എന്നു ഉത്തരം പറഞ്ഞു. അവൻ അവരോട്: “നിങ്ങളുടെ പക്കൽ എത്ര അപ്പം ഉണ്ട്?” എന്നു ചോദിച്ചു. “ഏഴു“ എന്നു അവർ പറഞ്ഞു. അവൻ പുരുഷാരത്തോട് നിലത്തു ഇരിക്കുവാൻ കല്പിച്ചു; പിന്നെ ആ ഏഴു അപ്പം എടുത്തു സ്തോത്രം ചെയ്തു നുറുക്കി, ശിഷ്യന്മാരുടെ പക്കൽ വിളമ്പുവാൻ കൊടുത്തു; അവർ പുരുഷാരത്തിന് വിളമ്പി. ചെറിയ മീനും കുറച്ച് ഉണ്ടായിരുന്നു; അതും അവൻ അനുഗ്രഹിച്ചിട്ട്, വിളമ്പുവാൻ പറഞ്ഞു. അവർ തിന്നു തൃപ്തരായി; ശേഷിച്ച കഷണങ്ങൾ ഏഴു വട്ടി നിറച്ചെടുത്തു. അവർ ഏകദേശം നാലായിരം പുരുഷന്മാർ ആയിരുന്നു. അവൻ അവരെ പറഞ്ഞയച്ച ഉടനെ ശിഷ്യന്മാരോട് കൂടെ പടക് കയറി ദല്മനൂഥ ദേശങ്ങളിൽ എത്തി. അനന്തരം പരീശന്മാർ വന്നു അവനെ പരീക്ഷിക്കേണ്ടതിന് ആകാശത്തുനിന്നു ഒരു അടയാളം അന്വേഷിച്ച് അവനുമായി തർക്കിച്ചു തുടങ്ങി. അവൻ ആത്മാവിൽ ഞരങ്ങി: “ഈ തലമുറ അടയാളം അന്വേഷിക്കുന്നതെന്ത്? ഈ തലമുറയ്ക്ക് അടയാളം ലഭിക്കുകയില്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു, പിന്നെ അവരെ വിട്ടു വീണ്ടും പടക് കയറി അക്കരയ്ക്കു കടന്നു.

മർക്കൊസ് 8:1-13 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ആ ദിവസങ്ങളിൽ ഏറ്റവും വലിയ പുരുഷാരം ഉണ്ടായിരിക്കെ അവർക്കു ഭക്ഷിപ്പാൻ ഒന്നും ഇല്ലായ്കകൊണ്ടു യേശു ശിഷ്യന്മാരെ അടുക്കൽ വിളിച്ചു അവരോടു: ഈ പുരുഷാരം ഇപ്പോൾ മൂന്നു നാളായി എന്നോടുകൂടെ പാർക്കുന്നു; അവർക്കു ഭക്ഷിപ്പാൻ ഒന്നും ഇല്ലായ്കകൊണ്ടു എനിക്കു അവരോടു അലിവു തോന്നുന്നു; ഞാൻ അവരെ പട്ടിണിയായി വീട്ടിലേക്കു അയച്ചാൽ അവർ വഴിയിൽ വെച്ചു തളർന്നു പോകും; അവരിൽ ചിലർ ദൂരത്തുനിന്നുവന്നവരല്ലോ എന്നു പറഞ്ഞു. അതിന്നു അവന്റെ ശിഷ്യന്മാർ: ഇവർക്കു ഇവിടെ മരുഭൂമിയിൽ അപ്പം കൊടുത്തു തൃപ്തിവരുത്തുവാൻ എങ്ങനെ കഴിയും എന്നു ഉത്തരം പറഞ്ഞു. അവൻ അവരോടു: നിങ്ങളുടെ പക്കൽ എത്ര അപ്പം ഉണ്ടു എന്നു ചോദിച്ചു. ഏഴു എന്നു അവർ പറഞ്ഞു. അവൻ പുരുഷാരത്തോടു നിലത്തു ഇരിപ്പാൻ കല്പിച്ചു; പിന്നെ ആ ഏഴപ്പം എടുത്തു സ്തോത്രം ചെയ്തു നുറുക്കി, ശിഷ്യന്മാരുടെ പക്കൽ വിളമ്പുവാൻ കൊടുത്തു; അവർ പുരുഷാരത്തിനു വിളമ്പി. ചെറിയ മീനും കുറെ ഉണ്ടായിരുന്നു; അതും അവൻ അനുഗ്രഹിച്ചിട്ടു, വിളമ്പുവാൻ പറഞ്ഞു. അവർ തിന്നു തൃപ്തരായി; ശേഷിച്ച കഷണങ്ങൾ ഏഴു വട്ടി നിറച്ചെടുത്തു. അവർ ഏകദേശം നാലായിരം പേർ ആയിരുന്നു. അവൻ അവരെ പറഞ്ഞയച്ച ഉടനെ ശിഷ്യന്മാരോടു കൂടെ പടകു കയറി ദല്മനൂഥ അംശങ്ങളിൽ എത്തി. അനന്തരം പരീശന്മാർ വന്നു അവനെ പരീക്ഷിച്ചു കൊണ്ടു ആകാശത്തു നിന്നു ഒരു അടയാളം അന്വേഷിച്ചു അവനുമായി തർക്കിച്ചു തുടങ്ങി. അവൻ ആത്മാവിൽ ഞരങ്ങി: ഈ തലമുറ അടയാളം അന്വേഷിക്കുന്നതു എന്തു? ഈ തലമുറെക്കു അടയാളം ലഭിക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു, അവരെ വിട്ടു പിന്നെയും പടകു കയറി അക്കരെക്കു കടന്നു.

മർക്കൊസ് 8:1-13 സമകാലിക മലയാളവിവർത്തനം (MCV)

ആ ദിവസങ്ങളിൽത്തന്നെ വീണ്ടും ഒരു വലിയ ജനക്കൂട്ടം വന്നുകൂടിയിരുന്നു. അവരുടെപക്കൽ ഭക്ഷിക്കാൻ ഒന്നും അവശേഷിച്ചിരുന്നില്ല. അതുകൊണ്ട് യേശു ശിഷ്യന്മാരെ അടുക്കൽ വിളിച്ച് അവരോട്: “എനിക്ക് ഈ ജനത്തോട് സഹതാപം തോന്നുന്നു. ഇവർ എന്നോടൊപ്പമായിട്ട് മൂന്നുദിവസമായി; ഇവർക്കു ഭക്ഷിക്കാൻ ഒന്നുംതന്നെ ഇല്ല. ഞാൻ അവരെ വിശപ്പോടെ വീട്ടിലേക്കയച്ചാൽ അവർ വഴിയിൽ തളർന്നുവീഴും; അവരിൽ ചിലർ വളരെ ദൂരത്തുനിന്നു വന്നവരുമാണ്” എന്നു പറഞ്ഞു. അതിനു ശിഷ്യന്മാർ, “ഇവിടെ ഈ വിജനപ്രദേശത്ത് ഇവർക്കു മതിയാകുന്നത്ര അപ്പം കിട്ടുന്നത് എവിടെനിന്ന്?” എന്നു ചോദിച്ചു. യേശു അവരോട്, “നിങ്ങളുടെ കൈയിൽ എത്ര അപ്പം ഉണ്ട്?” എന്നു ചോദിച്ചു. “ഏഴ്” അവർ മറുപടി പറഞ്ഞു. യേശു ജനക്കൂട്ടത്തോട് തറയിലിരിക്കാൻ കൽപ്പിച്ചു. പിന്നീട് ആ ഏഴ് അപ്പം എടുത്ത് സ്തോത്രംചെയ്ത്, നുറുക്കി, ജനങ്ങൾക്കു വിളമ്പാൻ ശിഷ്യന്മാരെ ഏൽപ്പിക്കുകയും അവർ അതു വിളമ്പുകയും ചെയ്തു. അവരുടെപക്കൽ കുറെ ചെറിയ മീനും ഉണ്ടായിരുന്നു; അതിനുവേണ്ടിയും അദ്ദേഹം നന്ദി അർപ്പിച്ചതിനുശേഷം, വിളമ്പാൻ ശിഷ്യന്മാരോടു പറഞ്ഞു. ജനങ്ങൾ ഭക്ഷിച്ചു തൃപ്തരായി. ശേഷിച്ച നുറുക്കുകൾ ശിഷ്യന്മാർ ഏഴു കുട്ട നിറയെ ശേഖരിച്ചു. അവിടെ ഭക്ഷണം കഴിച്ചവരിൽ പുരുഷന്മാർ ഏകദേശം നാലായിരം ആയിരുന്നു. അവരെ യാത്രയയച്ചശേഷം അദ്ദേഹം ശിഷ്യന്മാരോടുകൂടെ വള്ളത്തിൽ കയറി ദൽമനൂഥാ ദേശത്തേക്കു യാത്രയായി. പരീശന്മാർ വന്ന് യേശുവിനോടു തർക്കിച്ചുതുടങ്ങി. യേശു ദൈവപുത്രൻ ആണെന്നതിന് തെളിവായി അവർ സ്വർഗത്തിൽനിന്ന് ഒരു അത്ഭുതചിഹ്നം കാണിക്കണമെന്ന് ആവശ്യപ്പെട്ടു. അദ്ദേഹം ആത്മാവിൽ ഞരങ്ങിക്കൊണ്ട്: “ഈ തലമുറ എന്തുകൊണ്ടാണ് ചിഹ്നം ആവശ്യപ്പെടുന്നത്? ഞാൻ നിങ്ങളോടു സത്യം പറയുന്നു: ഈ തലമുറയ്ക്ക് ഒരു അത്ഭുതചിഹ്നവും നൽകപ്പെടുകയില്ല” എന്നു പറഞ്ഞു. പിന്നീട് അദ്ദേഹം അവരെവിട്ടു വള്ളത്തിൽ കയറി അക്കരയ്ക്കു യാത്രയായി.