മർക്കൊസ് 6:53-56

മർക്കൊസ് 6:53-56 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അവർ അക്കരെ ഗന്നേസരെത്ത് എന്ന സ്ഥലത്തു കരയ്‍ക്കിറങ്ങി. അവർ വഞ്ചിയിൽ നിന്നിറങ്ങിയ ഉടനെ ജനങ്ങൾ യേശുവിനെ തിരിച്ചറിഞ്ഞു. അവർ സമീപപ്രദേശങ്ങളിലെല്ലാം ഓടിനടന്ന് രോഗികളെ കിടക്കയോടുകൂടി എടുത്തുകൊണ്ട് യേശു വന്നിട്ടുണ്ടെന്നു കേട്ട സ്ഥലങ്ങളിൽ ചെന്നുതുടങ്ങി. ഗ്രാമങ്ങളിലും പട്ടണങ്ങളിലും നാട്ടിൻപുറങ്ങളിലും എന്നല്ല, അവിടുന്നു ചെല്ലുന്നിടത്തെല്ലാം ജനങ്ങൾ രോഗികളെ വീഥികളിൽ കിടത്തുമായിരുന്നു. “അവിടുത്തെ വസ്ത്രത്തിന്റെ അഗ്രത്തിലെങ്കിലും സ്പർശിക്കുവാൻ അനുവദിക്കണേ” എന്ന് അവർ കേണപേക്ഷിച്ചു. അവിടുത്തെ സ്പർശിച്ചവരെല്ലാം സുഖംപ്രാപിക്കുകയും ചെയ്തു.

മർക്കൊസ് 6:53-56 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

അവർ അക്കരെ ഗെന്നേസരത്ത് എത്തി പടക് കരയ്ക്കടുപ്പിച്ചു. അവർ പടകിൽനിന്ന് ഇറങ്ങിയ ഉടനെ ജനങ്ങൾ യേശുവിനെ തിരിച്ചറിഞ്ഞു. ആ ജനങ്ങൾ നാട്ടിൽ ഒക്കെയും ഓടിനടന്ന്, അവൻ വരുന്നു എന്നു കേൾക്കുന്ന ഇടത്തേക്ക് ദീനക്കാരെ കിടക്കയിൽ എടുത്തുംകൊണ്ട് അവന്‍റെ അടുക്കൽ വന്നു തുടങ്ങി. ഊരുകളിലോ പട്ടണങ്ങളിലോ കുടികളിലോ അവൻ ചെന്നിടത്തൊക്കെയും അവർ ചന്തകളിൽ രോഗികളെ കൊണ്ടുവന്നു വച്ചു, അവന്‍റെ വസ്ത്രത്തിന്‍റെ തൊങ്ങൽ എങ്കിലും തൊടേണ്ടതിന് അപേക്ഷിക്കുകയും അവനെ തൊട്ടവർക്ക് ഒക്കെയും സൗഖ്യം വരികയും ചെയ്തു.

മർക്കൊസ് 6:53-56 സമകാലിക മലയാളവിവർത്തനം (MCV)

അവർ തടാകത്തിന്റെ അക്കരെ ഗെന്നേസരെത്തിൽ എത്തി, വള്ളം അവിടെ അടുപ്പിച്ചു. വള്ളത്തിൽനിന്നിറങ്ങിയ ഉടനെ ജനങ്ങൾ യേശുവിനെ തിരിച്ചറിഞ്ഞു. അവർ ആ പ്രദേശത്തെല്ലാം ഓടിനടന്ന് യേശു ഉണ്ടെന്നു കേട്ട സ്ഥലങ്ങളിലേക്കെല്ലാം രോഗികളെ കിടക്കകളിൽ എടുത്തുകൊണ്ടുവന്നുതുടങ്ങി. ഗ്രാമങ്ങളിലും പട്ടണങ്ങളിലും നാട്ടിൻപുറങ്ങളിലും അദ്ദേഹം പോയിടത്തെല്ലാം അവർ രോഗികളെ കൊണ്ടുവന്നു, ചന്തമൈതാനങ്ങളിൽ കിടത്തിയിട്ട് അദ്ദേഹത്തിന്റെ പുറങ്കുപ്പായത്തിന്റെ വിളുമ്പിലെങ്കിലും തൊടാനുള്ള അനുവാദത്തിനായി അപേക്ഷിച്ചു. അദ്ദേഹത്തെ തൊട്ടവരെല്ലാം സൗഖ്യംപ്രാപിച്ചു.