മർക്കൊസ് 6:35-44

മർക്കൊസ് 6:35-44 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

പിന്നെ നേരം നന്നേ വൈകീട്ടു ശിഷ്യന്മാർ അവന്റെ അടുക്കൽ വന്നു; ഇതു നിർജനപ്രദേശം അല്ലോ; നേരവും നന്നേ വൈകി; ഭക്ഷിപ്പാൻ ഇല്ലായ്കയാൽ അവർ ചുറ്റുമുള്ള കുടികളിലും ഊരുകളിലും ചെന്നു ഭക്ഷിപ്പാൻ വല്ലതും കൊള്ളേണ്ടതിന് അവരെ പറഞ്ഞയയ്ക്കേണം എന്നു പറഞ്ഞു. അവൻ അവരോടു: നിങ്ങൾ അവർക്കു ഭക്ഷിപ്പാൻ കൊടുപ്പിൻ എന്നു കല്പിച്ചതിനു: ഞങ്ങൾ പോയി ഇരുനൂറു വെള്ളിക്കാശിന് അപ്പം കൊണ്ടിട്ട് അവർക്കു തിന്മാൻ കൊടുക്കയോ എന്ന് അവനോടു പറഞ്ഞു. അവൻ അവരോട്: നിങ്ങൾക്ക് എത്ര അപ്പം ഉണ്ട്? ചെന്നു നോക്കുവിൻ എന്നു പറഞ്ഞു; അവർ നോക്കീട്ടു: അഞ്ച്, രണ്ടു മീനും ഉണ്ട് എന്നു പറഞ്ഞു. പിന്നെ അവൻ അവരോടു: എല്ലാവരെയും പച്ചപ്പുല്ലിൽ പന്തിപന്തിയായി ഇരുത്തുവാൻ കല്പിച്ചു. അവർ നൂറും അമ്പതും വീതം നിരനിരയായി ഇരുന്നു. അവൻ ആ അഞ്ച് അപ്പവും രണ്ടു മീനും എടുത്തു സ്വർഗത്തേക്ക് നോക്കി വാഴ്ത്തി, അപ്പം നുറുക്കി, അവർക്കു വിളമ്പുവാൻ തന്റെ ശിഷ്യന്മാർക്കു കൊടുത്തു; ആ രണ്ടു മീനും എല്ലാവർക്കും വിഭാഗിച്ചുകൊടുത്തു. എല്ലാവരും തിന്നു തൃപ്തരായി. കഷണങ്ങളും മീൻനുറുക്കും പന്ത്രണ്ടു കുട്ട നിറച്ചെടുത്തു. അപ്പം തിന്നവരോ അയ്യായിരം പുരുഷന്മാർ ആയിരുന്നു.

മർക്കൊസ് 6:35-44 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

നേരം വൈകിയപ്പോൾ ശിഷ്യന്മാർ യേശുവിന്റെ അടുക്കൽവന്നു പറഞ്ഞു: “ഇതൊരു വിജനസ്ഥലമാണല്ലോ; നേരവും നന്നേ വൈകിയിരിക്കുന്നു. കുടിപാർപ്പുള്ള സമീപസ്ഥലങ്ങളിലോ ഗ്രാമങ്ങളിലോ ചെന്ന് എന്തെങ്കിലും വാങ്ങി ഭക്ഷിക്കുവാൻ ജനങ്ങളെ പറഞ്ഞയച്ചാലും.” യേശു അവരോട്: “നിങ്ങൾത്തന്നെ അവർക്കു ഭക്ഷിക്കുവാൻ കൊടുക്കുക” എന്നു പറഞ്ഞു. അപ്പോൾ അവർ: “ഞങ്ങൾ പോയി ഇരുനൂറു ദിനാറിന് അപ്പം വാങ്ങി ഇവർക്കു കൊടുക്കണമെന്നാണോ അങ്ങു പറയുന്നത്?” എന്ന് ചോദിച്ചു. “നിങ്ങളുടെ കൈവശം എത്ര അപ്പം ഉണ്ട്? പോയി നോക്കൂ” എന്ന് യേശു അവരോടു പറഞ്ഞു. അവർ നോക്കിയശേഷം “അഞ്ചപ്പവും രണ്ടു മീനും ഉണ്ട്” എന്നറിയിച്ചു. ജനങ്ങളെ പച്ചപ്പുൽത്തറയിൽ പന്തിയായി ഇരുത്തുവാൻ യേശു അവരോടാജ്ഞാപിച്ചു. അവർ നൂറും അമ്പതുംപേർ വീതമുള്ള പന്തികളായി ഇരുന്നു. യേശു ആ അഞ്ചപ്പവും രണ്ടുമീനും എടുത്തു സ്വർഗത്തിലേക്കു നോക്കി വാഴ്ത്തി അപ്പം മുറിച്ചു ജനങ്ങൾക്കു വിളമ്പിക്കൊടുക്കുവാൻ ശിഷ്യന്മാരെ ഏല്പിച്ചു. ആ രണ്ടുമീനും അവർക്കു പങ്കിട്ടു കൊടുത്തു. എല്ലാവരും ഭക്ഷിച്ചു സംതൃപ്തരായി. ശേഷിച്ച അപ്പക്കഷണങ്ങളും മീൻ നുറുക്കുകളും അവർ പന്ത്രണ്ടു കുട്ട നിറച്ചെടുത്തു. അപ്പം തിന്നവരിൽ പുരുഷന്മാർതന്നെ അയ്യായിരം പേരുണ്ടായിരുന്നു.

മർക്കൊസ് 6:35-44 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

പിന്നെ നേരം നന്നേ വൈകിയപ്പോൾ, ശിഷ്യന്മാർ അവന്‍റെ അടുക്കൽ വന്നു; “ഇതു നിർജ്ജനപ്രദേശം അല്ലോ; നേരവും നന്നേ വൈകി; അവർ ചുറ്റുമുള്ള നാട്ടിൻപുറങ്ങളിലും ഗ്രാമങ്ങളിലും ചെന്നു ഭക്ഷിക്കുവാൻ വല്ലതും വാങ്ങേണ്ടതിന് അവരെ പറഞ്ഞയക്കണം” എന്നു പറഞ്ഞു. എന്നാൽ അവൻ അവരോട്: “നിങ്ങൾ അവർക്കു ഭക്ഷിക്കുവാൻ കൊടുക്കുവിൻ എന്നു പറഞ്ഞതിന്: “ഞങ്ങൾ പോയി ഇരുനൂറ് വെള്ളിക്കാശിന് അപ്പം വാങ്ങിക്കൊണ്ടു വന്ന് അവർക്കു തിന്മാൻ കൊടുക്കുകയോ?” എന്നു അവനോട് പറഞ്ഞു. അവൻ അവരോട്: “നിങ്ങളുടെ പക്കൽ എത്ര അപ്പം ഉണ്ട്? ചെന്നു നോക്കുവിൻ” എന്നു പറഞ്ഞു; അവർ നോക്കിയിട്ട്: “അഞ്ചു അപ്പവും രണ്ടുമീനും ഉണ്ട്” എന്നു പറഞ്ഞു. പിന്നെ അവൻ എല്ലാവരോടും പച്ചപ്പുല്ലിന്മേൽ പന്തിപന്തിയായി ഇരിക്കുവാൻ കല്പിച്ചു. അവർ നൂറും അമ്പതും വീതം പന്തിപന്തിയായി ഇരുന്നു. അവൻ ആ അഞ്ചു അപ്പവും രണ്ടുമീനും എടുത്തു സ്വർഗ്ഗത്തേക്ക് നോക്കി വാഴ്ത്തി, അപ്പം നുറുക്കി, അവർക്കു വിളമ്പുവാൻ തന്‍റെ ശിഷ്യന്മാർക്കു കൊടുത്തു; ആ രണ്ടുമീനും എല്ലാവർക്കും വിഭാഗിച്ചു കൊടുത്തു. അവർ എല്ലാവരും തൃപ്തരാകുന്നതുവരെ കഴിച്ചു. അവർ അപ്പക്കഷണങ്ങളും മീൻനുറുക്കും പന്ത്രണ്ടു കുട്ട നിറച്ചെടുത്തു. അപ്പം തിന്നവരോ അയ്യായിരം (5,000) പുരുഷന്മാർ ആയിരുന്നു.

മർക്കൊസ് 6:35-44 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

പിന്നെ നേരം നന്നേ വൈകീട്ടു ശിഷ്യന്മാർ അവന്റെ അടുക്കൽ വന്നു; ഇതു നിർജ്ജനപ്രദേശം അല്ലോ; നേരവും നന്നേ വൈകി; ഭക്ഷിപ്പാൻ ഇല്ലായ്കയാൽ അവർ ചുറ്റുമുള്ള കുടികളിലും ഊരുകളിലും ചെന്നു ഭക്ഷിപ്പാൻ വല്ലതും കൊള്ളേണ്ടതിന്നു അവരെ പറഞ്ഞയക്കേണം എന്നു പറഞ്ഞു. അവൻ അവരോടു: നിങ്ങൾ അവർക്കു ഭക്ഷിപ്പാൻ കൊടുപ്പിൻ എന്നു കല്പിച്ചതിന്നു: ഞങ്ങൾ പോയി ഇരുനൂറു വെള്ളിക്കാശിന്നു അപ്പം കൊണ്ടിട്ടു അവർക്കു തിന്മാൻ കൊടുക്കയോ എന്നു അവനോടു പറഞ്ഞു. അവൻ അവരോടു: നിങ്ങൾക്കു എത്ര അപ്പം ഉണ്ടു? ചെന്നു നോക്കുവിൻ എന്നു പറഞ്ഞു; അവർ നോക്കിട്ടു: അഞ്ചു, രണ്ടു മീനും ഉണ്ടു എന്നു പറഞ്ഞു. പിന്നെ അവൻ അവരോടു: എല്ലാവരെയും പച്ചപ്പുല്ലിൽ പന്തിപന്തിയായി ഇരുത്തുവാൻ കല്പിച്ചു. അവർ നൂറും അമ്പതും വീതം നിരനിരയായി ഇരുന്നു. അവൻ ആ അഞ്ചു അപ്പവും രണ്ടു മീനും എടുത്തു സ്വർഗ്ഗത്തേക്കു നോക്കി വാഴ്ത്തി, അപ്പം നുറുക്കി, അവർക്കു വിളമ്പുവാൻ തന്റെ ശിഷ്യന്മാർക്കു കൊടുത്തു; ആ രണ്ടു മീനും എല്ലാവർക്കും വിഭാഗിച്ചുകൊടുത്തു. എല്ലാവരും തിന്നു തൃപ്തരായി. കഷണങ്ങളും മീൻ നുറുക്കും പന്ത്രണ്ടു കൊട്ട നിറച്ചെടുത്തു. അപ്പം തിന്നവരോ അയ്യായിരം പുരുഷന്മാർ ആയിരുന്നു.

മർക്കൊസ് 6:35-44 സമകാലിക മലയാളവിവർത്തനം (MCV)

നേരം വൈകിയപ്പോൾ അദ്ദേഹത്തിന്റെ ശിഷ്യന്മാർ അടുത്തെത്തി. “ഇതൊരു വിജനസ്ഥലമാണ്, നേരവും വളരെ വൈകിയിരിക്കുന്നു, ചുറ്റുമുള്ള ഗ്രാമങ്ങളിലും ഗ്രാമാന്തരങ്ങളിലും പോയി എന്തെങ്കിലും ഭക്ഷണസാധനങ്ങൾ വാങ്ങാൻ ജനങ്ങളെ പറഞ്ഞയച്ചാലും” എന്നു പറഞ്ഞു. അതിനുത്തരമായി യേശു, “നിങ്ങൾ അവർക്ക് എന്തെങ്കിലും ഭക്ഷിക്കാൻ കൊടുക്കുക” എന്നു പറഞ്ഞു. “അതിന് ഇരുനൂറ് വെള്ളിക്കാശു വേണ്ടിവരും. ഞങ്ങൾ പോയി അത്രയും പണം സ്വരൂപിച്ച് അപ്പം വാങ്ങി അവർക്കു ഭക്ഷിക്കാൻ കൊടുക്കണമോ?” എന്ന് അവർ അദ്ദേഹത്തോടു ചോദിച്ചു. അദ്ദേഹം അവരോട്, “നിങ്ങളുടെപക്കൽ എത്ര അപ്പം ഉണ്ട്? പോയി നോക്കുക” എന്നു പറഞ്ഞു. അവർ നോക്കിയിട്ട്, “അഞ്ച്; രണ്ടുമീനും ഉണ്ട്” എന്നു പറഞ്ഞു. ജനങ്ങളെ പച്ചപ്പുൽപ്പുറത്തു പന്തിപന്തിയായി ഇരുത്താൻ യേശു അവരോടു പറഞ്ഞു. അവർ നൂറും അൻപതും വീതം നിരനിരയായി നിലത്തിരുന്നു. അദ്ദേഹം അഞ്ചപ്പവും രണ്ടുമീനും എടുത്തു സ്വർഗത്തിലേക്കു നോക്കി വാഴ്ത്തി, അപ്പം നുറുക്കി. ജനങ്ങൾക്കു വിളമ്പിക്കൊടുക്കാൻ ശിഷ്യന്മാരെ ഏൽപ്പിച്ചു. ആ രണ്ടുമീനും അതുപോലെ അദ്ദേഹം എല്ലാവർക്കുമായി പങ്കിട്ടു. എല്ലാവരും ഭക്ഷിച്ചു തൃപ്തരായി; അവശേഷിച്ച അപ്പക്കഷണങ്ങളും മീനും ശിഷ്യന്മാർ പന്ത്രണ്ട് കുട്ട നിറയെ ശേഖരിച്ചു. ഭക്ഷണം കഴിച്ചവരിൽ അയ്യായിരംപേർ പുരുഷന്മാർ ആയിരുന്നു.