മർക്കൊസ് 6:31-34

മർക്കൊസ് 6:31-34 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

നിരവധിയാളുകൾ വരികയും പോകുകയും ചെയ്തുകൊണ്ടിരുന്നതിനാൽ യേശുവിനും ശിഷ്യന്മാർക്കും ഭക്ഷണം കഴിക്കുവാൻപോലും സമയം കിട്ടിയിരുന്നില്ല. അതുകൊണ്ട് യേശു അപ്പോസ്തോലന്മാരോട്: “നിങ്ങൾ വരിക, നമുക്ക് ഒരു വിജനസ്ഥലത്തുപോയി അല്പസമയം വിശ്രമിക്കാം” എന്നു പറഞ്ഞു. അവർ വഞ്ചിയിൽകയറി തനിച്ച് ഒരു ഏകാന്തസ്ഥലത്തേക്കു പോയി. അവർ പോകുന്നതു പലരും കാണുകയും അറിയുകയും ചെയ്തു. അങ്ങനെ എല്ലാ പട്ടണങ്ങളിൽനിന്നും ആളുകൾ കരമാർഗം ഓടി യേശുവും ശിഷ്യന്മാരും എത്തുന്നതിനുമുമ്പ് അവിടെ എത്തി. യേശു കരയ്‍ക്കിറങ്ങിയപ്പോൾ ഒരു വലിയ ജനസഞ്ചയത്തെ കണ്ടു. അവർ ഇടയനില്ലാത്ത ആടുകളെപ്പോലെ ആയിരുന്നതുകൊണ്ട് അവിടുത്തേക്ക് അവരോട് അനുകമ്പയുണ്ടായി. അവിടുന്നു പലകാര്യങ്ങൾ അവരെ പഠിപ്പിക്കുവാൻ തുടങ്ങി.

മർക്കൊസ് 6:31-34 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

വരുന്നവരും പോകുന്നവരും വളരെ ആയിരുന്നതിനാൽ അവർക്കു വിശ്രമിപ്പാൻ സമയം ലഭിച്ചിരുന്നില്ല, ഭക്ഷിക്കുവാൻ പോലും സമയം ഇല്ലാത്തതുകൊണ്ട് അവൻ അവരോട്: നിങ്ങൾ ഒരു ഏകാന്ത സ്ഥലത്ത് വേറിട്ടുവന്ന് അല്പം ആശ്വസിച്ചുകൊൾവിൻ എന്നു പറഞ്ഞു. അങ്ങനെ അവർ പടകിൽ കയറി ഒരു ഏകാന്ത സ്ഥലത്ത് വേറിട്ടുപോയി. അവർ പോകുന്നത് പലരും കണ്ടു, അറിഞ്ഞ്, എല്ലാ പട്ടണങ്ങളിൽനിന്നും കാൽനടയായി അവിടേക്ക് ഓടി, അവർക്കു മുമ്പെ അവിടെ എത്തി. അവൻ പടകിൽ നിന്നു കരയ്ക്കിറങ്ങിയപ്പോൾ വലിയ പുരുഷാരത്തെ കണ്ടു, അവർ ഇടയൻ ഇല്ലാത്ത ആടുകളെപ്പോലെ ആകകൊണ്ട് അവരിൽ മനസ്സലിഞ്ഞ് പലതും ഉപദേശിച്ചു തുടങ്ങി.

മർക്കൊസ് 6:31-34 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

വരുന്നവരും പോകുന്നവരും വളരെ ആയിരുന്നതിനാൽ അവർക്കു ഭക്ഷിപ്പാൻ പോലും സമയം ഇല്ലായ്കകൊണ്ടു അവൻ അവരോടു: നിങ്ങൾ ഒരു ഏകാന്തസ്ഥലത്തു വേറിട്ടുവന്നു അല്പം ആശ്വസിച്ചുകൊൾവിൻ എന്നു പറഞ്ഞു. അങ്ങനെ അവർ പടകിൽ കയറി ഒരു ഏകാന്ത സ്ഥലത്തു വേറിട്ടുപോയി. അവർ പോകുന്നതു പലരും കണ്ടു അറിഞ്ഞു, എല്ലാ പട്ടണങ്ങളിൽ നിന്നും കാൽനടയായി അവിടേക്കു ഓടി, അവർക്കു മുമ്പെ എത്തി. അവൻ പടകിൽ നിന്നു ഇറങ്ങിയാറെ വലിയ പുരുഷാരത്തെ കണ്ടു, അവർ ഇടയൻ ഇല്ലാത്ത ആടുകളെപ്പോലെ ആകകൊണ്ടു അവരിൽ മനസ്സലിഞ്ഞു പലതും ഉപദേശിച്ചു തുടങ്ങി.

മർക്കൊസ് 6:31-34 സമകാലിക മലയാളവിവർത്തനം (MCV)

ഈ സമയത്ത് യേശുവിന്റെ അടുക്കൽ ധാരാളം ആളുകൾ വരികയും പോകുകയും ചെയ്തിരുന്നതുകൊണ്ട് യേശുവിനും ശിഷ്യന്മാർക്കും ആഹാരം കഴിക്കാൻപോലും അവസരം ലഭിച്ചില്ല. അതുകൊണ്ട് അദ്ദേഹം അവരോട്, “നിങ്ങൾ എന്റെകൂടെ ഒരു വിജനസ്ഥലത്തു വന്ന് അൽപ്പം വിശ്രമിക്കുക” എന്നു പറഞ്ഞു. അങ്ങനെ അവർ ഒരു വള്ളത്തിൽ കയറി ഒരു വിജനസ്ഥലത്തേക്ക് യാത്രയായി. എന്നാൽ, അവർ പോകുന്നതുകണ്ട് അത് എവിടേക്കാണെന്നു മനസ്സിലാക്കിയ അനേകം ആളുകൾ എല്ലാ പട്ടണങ്ങളിൽനിന്നും ഓടി അവർക്കുമുമ്പേ ആ സ്ഥലത്തെത്തി. യേശു കരയ്ക്കിറങ്ങിയപ്പോൾ ഒരു വലിയ ജനക്കൂട്ടം ഇടയനില്ലാത്ത ആടുകളെപ്പോലെ ആയിരിക്കുന്നതുകണ്ട്; യേശുവിന് അവരോടു സഹതാപം തോന്നി. അതുകൊണ്ട് അദ്ദേഹം അവരെ പല കാര്യങ്ങളും ഉപദേശിക്കാൻ തുടങ്ങി.