മർക്കൊസ് 5:24-34
മർക്കൊസ് 5:24-34 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ അവനോടുകൂടെ പോയി, വലിയ പുരുഷാരവും പിൻചെന്ന് അവനെ തിക്കിക്കൊണ്ടിരുന്നു. പന്ത്രണ്ടു സംവത്സരമായിട്ടു രക്തസ്രവമുള്ളവളായി പല വൈദ്യന്മാരാലും ഏറിയോന്നു സഹിച്ചു തനിക്കുള്ളതൊക്കെയും ചെലവഴിച്ചിട്ടും ഒട്ടും ഭേദം വരാതെ ഏറ്റവും പരവശയായി തീർന്നിരുന്ന ഒരു സ്ത്രീ യേശുവിന്റെ വർത്തമാനം കേട്ടു: അവന്റെ വസ്ത്രം എങ്കിലും തൊട്ടാൽ ഞാൻ രക്ഷപെടും എന്നു പറഞ്ഞു പുരുഷാരത്തിൽകൂടി പുറകിൽ വന്ന് അവന്റെ വസ്ത്രം തൊട്ടു. ക്ഷണത്തിൽ അവളുടെ രക്തസ്രവം നിന്നു; ബാധ മാറി താൻ സ്വസ്ഥയായി എന്ന് അവൾ ശരീരത്തിൽ അറിഞ്ഞു. ഉടനെ യേശു തങ്കൽനിന്നു ശക്തി പുറപ്പെട്ടു എന്ന് ഉള്ളിൽ അറിഞ്ഞിട്ടു പുരുഷാരത്തിൽ തിരിഞ്ഞു: എന്റെ വസ്ത്രം തൊട്ടത് ആർ എന്നു ചോദിച്ചു. ശിഷ്യന്മാർ അവനോടു പുരുഷാരം നിന്നെ തിക്കുന്നതു കണ്ടിട്ടും എന്നെ തൊട്ടത് ആർ എന്നു ചോദിക്കുന്നുവോ എന്നു പറഞ്ഞു. അവനോ അതു ചെയ്തവളെ കാൺമാൻ ചുറ്റും നോക്കി. സ്ത്രീ തനിക്കു സംഭവിച്ചത് അറിഞ്ഞിട്ടു ഭയപ്പെട്ടും വിറച്ചുംകൊണ്ടു വന്ന് അവന്റെ മുമ്പിൽ വീണു വസ്തുത ഒക്കെയും അവനോടു പറഞ്ഞു. അവൻ അവളോടു: മകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോയി ബാധ ഒഴിഞ്ഞു സ്വസ്ഥയായിരിക്ക എന്നു പറഞ്ഞു.
മർക്കൊസ് 5:24-34 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യേശു ഉടനെ യായിറോസിന്റെ കൂടെ പുറപ്പെട്ടു. ഒരു വലിയ ജനസഞ്ചയം തിക്കിഞെരുക്കിക്കൊണ്ട് അവിടുത്തെ പിന്നാലെ ചെന്നു. പന്ത്രണ്ടു വർഷമായി രക്തസ്രാവരോഗം മൂലം കഷ്ടപ്പെട്ട ഒരു സ്‍ത്രീയും അക്കൂട്ടത്തിലുണ്ടായിരുന്നു. അനേകം വൈദ്യന്മാർ ചികിത്സിക്കുകയും ഉണ്ടായിരുന്ന പണമെല്ലാം ചെലവിടുകയും ചെയ്തിട്ടും ആ സ്‍ത്രീയുടെ രോഗം ഭേദമാകാതെ ഒന്നിനൊന്നു കൂടുകയാണു ചെയ്തത്. അവർ യേശുവിനെപ്പറ്റി കേട്ടിരുന്നു. അവിടുത്തെ വസ്ത്രത്തിലെങ്കിലും ഒന്നു തൊടാൻ കഴിഞ്ഞാൽ തനിക്കു സൗഖ്യം ലഭിക്കുമെന്ന് ആ രോഗിണി ആത്മഗതം ചെയ്തു. അങ്ങനെ ആൾത്തിരക്കിനിടയിൽ ആ സ്‍ത്രീ യേശുവിന്റെ പിറകിൽചെന്ന് അവിടുത്തെ വസ്ത്രത്തിൽ തൊട്ടു. തൽക്ഷണം അവരുടെ രക്തസ്രാവം നിലച്ചു; തന്റെ രോഗം വിട്ടുമാറിയതായി ശരീരത്തിൽ അവർക്ക് അനുഭവപ്പെടുകയും ചെയ്തു. തന്നിൽനിന്നു ശക്തി പുറപ്പെട്ടുവെന്നു മനസ്സിലാക്കിക്കൊണ്ട്, ആ ആൾത്തിരക്കിനിടയിൽ യേശു പെട്ടെന്നു തിരിഞ്ഞുനിന്ന് “ആരാണ് എന്റെ വസ്ത്രത്തിൽ തൊട്ടത്” എന്നു ചോദിച്ചു. അപ്പോൾ ശിഷ്യന്മാർ യേശുവിനോടു ചോദിച്ചു: “ജനങ്ങൾ അങ്ങയെ തിക്കിഞെരുക്കുന്നതു കാണുന്നില്ലേ? എന്നിട്ടും ‘എന്നെ തൊട്ടത് ആർ?’ എന്ന് അങ്ങു ചോദിക്കുകയാണോ?” എങ്കിലും തന്നെ ആരാണു തൊട്ടതെന്നറിയാൻ യേശു ചുറ്റും നോക്കി. എന്നാൽ തന്റെ ശരീരത്തിൽ സംഭവിച്ചതെന്തെന്നു മനസ്സിലാക്കിയ ആ സ്‍ത്രീ ഭയപ്പെട്ടു വിറച്ചുകൊണ്ട് അവിടുത്തെ മുമ്പിൽ സാഷ്ടാംഗം വീണ്, സത്യം മുഴുവൻ തുറന്നുപറഞ്ഞു. യേശു അവരോട്: “മകളേ, നിന്റെ വിശ്വാസം നിനക്കു സൗഖ്യം നല്‌കിയിരിക്കുന്നു; സമാധാനത്തോടുകൂടി പോകുക; നീ ആരോഗ്യവതിയായി ജീവിക്കുക” എന്നു പറഞ്ഞു.
മർക്കൊസ് 5:24-34 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അവൻ അവനോടുകൂടെ പോയി, വലിയ പുരുഷാരവും പിൻചെന്നു അവനെ തിക്കിക്കൊണ്ടിരുന്നു. പന്ത്രണ്ടു വർഷമായിട്ട് രക്തസ്രവമുള്ള ഒരു സ്ത്രീ അവിടെ ഉണ്ടായിരുന്നു. അവൾ പല വൈദ്യന്മാരാലുള്ള ചികിത്സകൊണ്ട് വളരെയധികം സഹിച്ചു തനിക്കുള്ളതൊക്കെയും ചെലവഴിച്ചിട്ടും ഒട്ടും ഭേദം വരാതെ ഏറ്റവും പരവശയായി തീർന്നിരുന്നു. അവൾ യേശുവിനെകുറിച്ചുള്ള വർത്തമാനം കേട്ടു: “അവന്റെ വസ്ത്രം എങ്കിലും തൊട്ടാൽ ഞാൻ സുഖപ്പെടും” എന്നു പറഞ്ഞു; അവൻ പുരുഷാരത്തിൽകൂടി നടക്കുമ്പോൾ അവന്‍റെ പുറകിൽ വന്നു അവന്റെ വസ്ത്രം തൊട്ടു. ക്ഷണത്തിൽ അവളുടെ രക്തസ്രവം നിന്നു; ബാധ മാറി താൻ സ്വസ്ഥയായി എന്നു അവൾ തന്‍റെ ശരീരത്തിൽ അറിഞ്ഞു. ഉടനെ യേശു തന്നിൽനിന്നു ശക്തി പുറപ്പെട്ടു എന്നു ഉള്ളിൽ അറിഞ്ഞിട്ട് പുരുഷാരത്തിൽ തിരിഞ്ഞു: “എന്റെ വസ്ത്രം തൊട്ടത് ആർ” എന്നു ചോദിച്ചു. ശിഷ്യന്മാർ അവനോട്: പുരുഷാരം നിന്നെ ചുറ്റും തിക്കുന്നത് കണ്ടിട്ടും “എന്നെ തൊട്ടത് ആർ” എന്നു നീ ചോദിക്കുന്നുവോ? എന്നു പറഞ്ഞു. അവനോ അത് ചെയ്തത് ആരാണെന്ന് കാണ്മാൻ ചുറ്റും നോക്കി. സ്ത്രീ തനിക്കു സംഭവിച്ചത് അറിഞ്ഞിട്ട് ഭയപ്പെട്ടും വിറച്ചുംകൊണ്ടു വന്നു അവന്റെ മുമ്പിൽ വീണു വസ്തുത ഒക്കെയും അവനോട് പറഞ്ഞു. അവൻ അവളോട്: “മകളേ, നിന്റെ വിശ്വാസം നിന്നെ സുഖമാക്കിയിരിക്കുന്നു; സമാധാനത്തോടെ പോക, ബാധ ഒഴിഞ്ഞു ആരോഗ്യത്തോടിരിക്ക” എന്നു പറഞ്ഞു.
മർക്കൊസ് 5:24-34 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അവൻ അവനോടുകൂടെ പോയി, വലിയ പുരുഷാരവും പിൻചെന്നു അവനെ തിക്കിക്കൊണ്ടിരുന്നു. പന്ത്രണ്ടു സംവത്സരമായിട്ടു രക്തസ്രവമുള്ളവളായി പല വൈദ്യന്മാരാലും ഏറിയോന്നു സഹിച്ചു തനിക്കുള്ളതൊക്കെയും ചെലവഴിച്ചിട്ടും ഒട്ടും ഭേദം വരാതെ ഏറ്റവും പരവശയായി തീർന്നിരുന്ന ഒരു സ്ത്രീ യേശുവിന്റെ വർത്തമാനം കേട്ടു: അവന്റെ വസ്ത്രം എങ്കിലും തൊട്ടാൽ ഞാൻ രക്ഷപ്പെടും എന്നു പറഞ്ഞു പുരുഷാരത്തിൽകൂടി പുറകിൽ വന്നു അവന്റെ വസ്ത്രം തൊട്ടു. ക്ഷണത്തിൽ അവളുടെ രക്തസ്രവം നിന്നു; ബാധ മാറി താൻ സ്വസ്ഥയായി എന്നു അവൾ ശരീരത്തിൽ അറിഞ്ഞു. ഉടനെ യേശു തങ്കൽനിന്നു ശക്തി പുറപ്പെട്ടു എന്നു ഉള്ളിൽ അറിഞ്ഞിട്ടു പുരുഷാരത്തിൽ തിരിഞ്ഞു: എന്റെ വസ്ത്രം തൊട്ടതു ആർ എന്നു ചോദിച്ചു. ശിഷ്യന്മാർ അവനോടു: പുരുഷാരം നിന്നെ തിരക്കുന്നതു കണ്ടിട്ടും എന്നെ തൊട്ടതു ആർ എന്നു ചോദിക്കുന്നുവോ എന്നു പറഞ്ഞു. അവനോ അതു ചെയ്തവളെ കാണ്മാൻ ചുറ്റും നോക്കി. സ്ത്രീ തനിക്കു സംഭവിച്ചതു അറിഞ്ഞിട്ടു ഭയപ്പെട്ടും വിറെച്ചുകൊണ്ടു വന്നു അവന്റെ മുമ്പിൽ വീണു വസ്തുത ഒക്കെയും അവനോടു പറഞ്ഞു. അവൻ അവളോടു: മകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോയി ബാധ ഒഴിഞ്ഞു സ്വസ്ഥയായിരിക്ക എന്നു പറഞ്ഞു.
മർക്കൊസ് 5:24-34 സമകാലിക മലയാളവിവർത്തനം (MCV)
യേശു അയാളോടൊപ്പം പോയി. വലിയ ജനക്കൂട്ടം അദ്ദേഹത്തെ പിൻതുടരുകയും തിക്കിത്തിരക്കുകയും ചെയ്തു. പന്ത്രണ്ടുവർഷമായി രക്തസ്രാവമുള്ള ഒരു സ്ത്രീ ജനക്കൂട്ടത്തിൽ ഉണ്ടായിരുന്നു. പല വൈദ്യന്മാരുടെയും ചികിത്സയാൽ അവൾ കഷ്ടപ്പെടുകയും തനിക്കുള്ളതെല്ലാം ചെലവഴിക്കുകയും ചെയ്തിട്ടും അവളുടെ സ്ഥിതി മെച്ചപ്പെടുന്നതിനുപകരം അധികം വഷളായിക്കൊണ്ടിരുന്നു. യേശുവിനെപ്പറ്റി കേട്ടിരുന്ന അവൾ ജനത്തിരക്കിനിടയിലൂടെ വന്ന് അദ്ദേഹത്തിന്റെ പിന്നിലെത്തി പുറങ്കുപ്പായത്തിൽ തൊട്ടു. കാരണം, “അദ്ദേഹത്തിന്റെ വസ്ത്രത്തിൽ ഒന്നു തൊട്ടാൽ എനിക്കു സൗഖ്യം ലഭിക്കും” എന്ന് അവൾ ചിന്തിച്ചിരുന്നു. ഉടനെ അവളുടെ രക്തസ്രാവം നിലച്ചു. രോഗം മാറിയതായി അവൾ ശരീരത്തിൽ അനുഭവിച്ചറിഞ്ഞു. തന്നിൽനിന്ന് ശക്തി പുറപ്പെട്ടതായി ഉടൻതന്നെ യേശു മനസ്സിലാക്കി. ജനമധ്യേ തിരിഞ്ഞുനിന്ന് അദ്ദേഹം, “ആരാണ് എന്റെ വസ്ത്രത്തിൽ സ്പർശിച്ചത്?” എന്ന് ആരാഞ്ഞു. “ജനങ്ങൾ അങ്ങയെ തിക്കുന്നതു കാണുന്നില്ലേ?” എന്നിട്ടും “ ‘ആരാണ് എന്നെ തൊട്ടത്?’ എന്ന് അങ്ങു ചോദിക്കുന്നതെന്ത്” എന്നു ശിഷ്യന്മാർ ചോദിച്ചു. എങ്കിലും തന്നെ തൊട്ടത് ആരാണ് എന്നറിയാൻ യേശു ചുറ്റും നോക്കി. തനിക്കു സംഭവിച്ചത് അറിഞ്ഞിട്ട് ആ സ്ത്രീ ഭയന്നുവിറച്ചുകൊണ്ട് വന്ന് അദ്ദേഹത്തിന്റെ കാൽക്കൽവീണു; സത്യമെല്ലാം തുറന്നുപറഞ്ഞു. അദ്ദേഹം അവളോട്, “മോളേ, നിന്റെ വിശ്വാസം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു, നീ സമാധാനത്തോടെ പോകുക. നിന്റെ കഷ്ടത അവസാനിച്ചല്ലോ” എന്നു പറഞ്ഞു.