മർക്കൊസ് 4:1-25

മർക്കൊസ് 4:1-25 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അവൻ പിന്നെയും കടല്ക്കരെവച്ച് ഉപദേശിപ്പാൻ തുടങ്ങി. അപ്പോൾ ഏറ്റവും വലിയ പുരുഷാരം അവന്റെ അടുക്കൽ വന്നു കൂടുകകൊണ്ട് അവൻ പടകിൽ കയറി കടലിൽ ഇരുന്നു; പുരുഷാരം ഒക്കെയും കടലരികെ കരയിൽ ആയിരുന്നു. അവൻ ഉപമകളാൽ അവരെ പലതും ഉപദേശിച്ചു, ഉപദേശത്തിൽ അവരോടു പറഞ്ഞത്: കേൾപ്പിൻ; വിതയ്ക്കുന്നവൻ വിതപ്പാൻ പുറപ്പെട്ടു. വിതയ്ക്കുമ്പോൾ ചിലതു വഴിയരികെ വീണു; പറവകൾ വന്ന് അതു തിന്നുകളഞ്ഞു. മറ്റു ചിലതു പാറസ്ഥലത്ത് ഏറെ മണ്ണില്ലാത്തേടത്തു വീണു; മണ്ണിനു താഴ്ച ഇല്ലായ്കയാൽ ക്ഷണത്തിൽ മുളച്ചുവന്നു. സൂര്യൻ ഉദിച്ചാറെ ചൂടു തട്ടി, വേരില്ലായ്കകൊണ്ട് ഉണങ്ങിപ്പോയി. മറ്റു ചിലത് മുള്ളിനിടയിൽ വീണു; മുള്ളു മുളച്ചു വളർന്ന് അതിനെ ഞെരുക്കിക്കളഞ്ഞു; അതു വിളഞ്ഞതുമില്ല. മറ്റു ചിലതു നല്ല മണ്ണിൽ വീണിട്ടു മുളച്ചു വളർന്നു ഫലം കൊടുത്തു; മുപ്പതും അറുപതും നൂറും മേനി വിളഞ്ഞു. കേൾപ്പാൻ ചെവി ഉള്ളവൻ കേൾക്കട്ടെ എന്നും അവൻ പറഞ്ഞു. അനന്തരം അവൻ തനിച്ചിരിക്കുമ്പോൾ അവനോടുകൂടെയുള്ളവർ പന്തിരുവരുമായി ആ ഉപമകളെക്കുറിച്ചു ചോദിച്ചു. അവരോട് അവൻ പറഞ്ഞത്: ദൈവരാജ്യത്തിന്റെ മർമം നിങ്ങൾക്കു നല്കപ്പെട്ടിരിക്കുന്നു; പുറത്തുള്ളവർക്കോ സകലവും ഉപമകളാൽ ലഭിക്കുന്നു. അവർ മനം തിരിയാതെയും അവരോടു ക്ഷമിക്കാതെയും ഇരിക്കത്തക്കവണ്ണം അവർ കണ്ടിട്ടും അറിയാതിരിപ്പാനും കേട്ടിട്ടും ഗ്രഹിക്കാതിരിപ്പാനും സംഗതിവരും. പിന്നെ അവൻ അവരോടു പറഞ്ഞത്: ഈ ഉപമ ഗ്രഹിക്കുന്നില്ലയോ? പിന്നെ മറ്റ് ഉപമകൾ ഒക്കെയും എങ്ങനെ ഗ്രഹിക്കും? വിതയ്ക്കുന്നവൻ വചനം വിതയ്ക്കുന്നു. വചനം വിതച്ചിട്ടു വഴിയരികെ വീണത്, കേട്ട ഉടനെ സാത്താൻ വന്നു ഹൃദയങ്ങളിൽ വിതയ്ക്കപ്പെട്ട വചനം എടുത്തുകളയുന്നതാകുന്നു. അങ്ങനെതന്നെ പാറസ്ഥലത്തു വിതച്ചതു വചനം കേട്ട ഉടനെ സന്തോഷത്തോടെ കൈക്കൊള്ളുന്നവർ; എങ്കിലും അവർ ഉള്ളിൽ വേരില്ലാതെ ക്ഷണികന്മാർ ആകുന്നു; വചനം നിമിത്തം ഉപദ്രവമോ പീഡയോ ഉണ്ടായാൽ ക്ഷണത്തിൽ ഇടറിപ്പോകുന്നു. മുള്ളിനിടയിൽ വിതയ്ക്കപ്പെട്ടതോ വചനം കേട്ടിട്ട് ഇഹലോകത്തിന്റെ ചിന്തകളും ധനത്തിന്റെ വഞ്ചനയും മറ്റു വിഷയമോഹങ്ങളും അകത്തു കടന്ന്, വചനത്തെ ഞെരുക്കി നിഷ്ഫലമാക്കി തീർക്കുന്നതാകുന്നു. നല്ല മണ്ണിൽ വിതയ്ക്കപ്പെട്ടതോ വചനം കേൾക്കയും അംഗീകരിക്കയും ചെയ്യുന്നവർ തന്നെ; അവർ മുപ്പതും അറുപതും നൂറും മേനി വിളയുന്നു. പിന്നെ അവൻ അവരോടു പറഞ്ഞത്: വിളക്കു കത്തിച്ചു പറയിൻകീഴിലോ കട്ടില്ക്കീഴിലോ വയ്ക്കുമാറുണ്ടോ? വിളക്കുതണ്ടിന്മേലല്ലയോ വയ്ക്കുന്നത്? വെളിപ്പെടുവാനുള്ളതല്ലാതെ ഗൂഢമായത് ഒന്നും ഇല്ല; വെളിച്ചത്തു വരുവാനുള്ളതല്ലാതെ മറവായത് ഒന്നും ഇല്ല. കേൾപ്പാൻ ചെവി ഉള്ളവൻ കേൾക്കട്ടെ. നിങ്ങൾ കേൾക്കുന്നത് എന്ത് എന്നു സൂക്ഷിച്ചുകൊൾവിൻ; നിങ്ങൾ അളക്കുന്ന അളവുകൊണ്ടു നിങ്ങൾക്കും അളന്നുകിട്ടും; അധികമായും കിട്ടും. ഉള്ളവനു കൊടുക്കും; ഇല്ലാത്തവനോടോ ഉള്ളതുംകൂടെ എടുത്തുകളയും എന്നും അവൻ അവരോടു പറഞ്ഞു.

മർക്കൊസ് 4:1-25 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

യേശു വീണ്ടും ഗലീലത്തടാകത്തിന്റെ തീരത്തുവച്ചു പ്രബോധിപ്പിക്കുവാൻ തുടങ്ങി. ഒരു വലിയ ജനാവലി അവിടുത്തെ ചുറ്റും കൂടിയിരുന്നതുകൊണ്ട് അവിടുന്ന് തടാകത്തിൽ കിടന്ന ഒരു വഞ്ചിയിൽ കയറി ഇരുന്നു. ജനങ്ങളെല്ലാവരും തടാകതീരത്തു നിലകൊണ്ടു. ദൃഷ്ടാന്തങ്ങളിലൂടെ അവിടുന്നു പല കാര്യങ്ങൾ അവരെ പഠിപ്പിച്ചു. ധർമോപദേശമധ്യേ അവിടുന്ന് ഇപ്രകാരം പറഞ്ഞു: “ഇതാ കേൾക്കൂ! ഒരു മനുഷ്യൻ വിതയ്‍ക്കാൻ പുറപ്പെട്ടു. അയാൾ വിതച്ചപ്പോൾ കുറെ വിത്തു വഴിയിൽ വീണു. പക്ഷികൾ വന്ന് അവ തിന്നുകളഞ്ഞു. ചില വിത്തു പാറയുള്ള സ്ഥലത്താണു വീണത്. അവിടെ മണ്ണിനു താഴ്ചയില്ലാതിരുന്നതിനാൽ വിത്തു പെട്ടെന്നു മുളച്ചെങ്കിലും അവയ്‍ക്കു വേരില്ലാഞ്ഞതുകൊണ്ട് സൂര്യൻ ഉദിച്ചുയർന്നപ്പോൾ വാടിക്കരിഞ്ഞുപോയി. മറ്റു ചിലതു മുൾച്ചെടികൾക്കിടയിൽ വീണു. മുൾച്ചെടികൾ വളർന്ന് അവയെ ഞെരുക്കിക്കളഞ്ഞു. അവ ഫലം നല്‌കിയില്ല. മറ്റുള്ള വിത്തു നല്ല നിലത്താണു വീണത്. അവ മുളച്ചു വളർന്നു; മുപ്പതും അറുപതും നൂറും മേനി വിളവു നല്‌കി.” “കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ” എന്നും യേശു പറഞ്ഞു. യേശു തനിച്ചിരുന്നപ്പോൾ, അവിടുത്തോട് കൂടെയുണ്ടായിരുന്നവരിൽ ചിലർ പന്ത്രണ്ടു ശിഷ്യന്മാരോടുകൂടിവന്ന്, അവിടുന്നു പറഞ്ഞതിന്റെ പൊരുൾ എന്താണെന്നു ചോദിച്ചു. അപ്പോൾ യേശു അരുൾചെയ്തു: “ദൈവരാജ്യത്തിന്റെ മർമം നിങ്ങൾക്കു വെളിപ്പെടുത്തിയിരിക്കുന്നു. എന്നാൽ മറ്റുള്ളവരാകട്ടെ എല്ലാം ദൃഷ്ടാന്തങ്ങളിലൂടെ കേൾക്കുന്നു. “അവർ പിന്നെയും പിന്നെയും നോക്കും; പക്ഷേ കാണുകയില്ല; പിന്നെയും പിന്നെയും കേൾക്കും; പക്ഷേ, ഗ്രഹിക്കുകയില്ല; അങ്ങനെ അല്ലായിരുന്നെങ്കിൽ അവർ ദൈവത്തിങ്കലേക്കു തിരിയുകയും അവരുടെ പാപം ക്ഷമിക്കപ്പെടുകയും ചെയ്യുമായിരുന്നു.” പിന്നീട് യേശു അവരോടു പറഞ്ഞു: “ഈ ദൃഷ്ടാന്തം നിങ്ങൾക്കു മനസ്സിലായില്ലേ? എങ്കിൽ മറ്റു ദൃഷ്ടാന്തങ്ങളൊക്കെയും നിങ്ങൾ എങ്ങനെ ഗ്രഹിക്കും? വിതയ്‍ക്കുന്നവൻ ദൈവവചനമാണു വിതയ്‍ക്കുന്നത്. ചിലരുടെ ഹൃദയത്തിൽ വിതയ്‍ക്കപ്പെടുന്ന വചനം കേൾക്കുന്ന ക്ഷണത്തിൽത്തന്നെ സാത്താൻ വന്ന് എടുത്തുകളയുന്നു. ഇതാണ് വഴിയരികിൽ വീണ വിത്ത്. അതുപോലെതന്നെ പാറയുള്ള സ്ഥലത്തു വിതയ്‍ക്കപ്പെട്ട വിത്തിനെപ്പോലെയാണ് മറ്റു ചിലർ. കേൾക്കുന്ന ഉടനെ അവർ സന്തോഷപൂർവം വചനം സ്വീകരിക്കുന്നു. എന്നാൽ അതിന്റെ വേര് ആഴത്തിലേക്ക് ഇറങ്ങിച്ചെല്ലാത്തതുകൊണ്ട് അല്പകാലം മാത്രമേ നിലനില്‌ക്കുകയുള്ളൂ; വചനംമൂലം കഷ്ടതകളും പീഡനങ്ങളും നേരിടുമ്പോൾ ആടിയുലഞ്ഞു വീണുപോകുന്നു. മുൾച്ചെടികൾക്കിടയിൽ വിതയ്‍ക്കപ്പെട്ട വിത്തിനെപ്പോലെയാണു മറ്റു ചിലർ; വചനം കേൾക്കുമെങ്കിലും ലൗകിക ജീവിതത്തിന്റെ ക്ലേശങ്ങളും ധനമോഹവും ഇതരകാര്യങ്ങളിലുള്ള വ്യഗ്രതയും വചനത്തെ ഞെക്കിഞെരുക്കുകയും ഫലശൂന്യമാക്കുകയും ചെയ്യുന്നവരാണ് ഇക്കൂട്ടർ. എന്നാൽ നല്ല നിലത്തു വിതയ്‍ക്കപ്പെട്ട വിത്തു സൂചിപ്പിക്കുന്നത്, വചനം കേട്ടു സ്വീകരിക്കുകയും മുപ്പതും അറുപതും നൂറും മേനി വിളവ് ഉത്പാദിപ്പിക്കുകയും ചെയ്യുന്നവരെയത്രേ.” പിന്നീടു യേശു അവരോടു പറഞ്ഞു: “വിളക്കു കത്തിച്ചു പറയുടെയോ കട്ടിലിന്റെയോ കീഴിൽ ആരെങ്കിലും വയ്‍ക്കുമോ? അതു വിളക്കുതണ്ടിന്മേലല്ലേ വയ്‍ക്കുന്നത്? നിഗൂഢമായി വച്ചിരിക്കുന്നത് എന്തുതന്നെ ആയാലും അതു വെളിച്ചത്തുവരും. മൂടി വച്ചിരിക്കുന്നതെന്തും അനാവരണം ചെയ്യപ്പെടും. കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ.” യേശു വീണ്ടും പറഞ്ഞു: “നിങ്ങൾ കേൾക്കുന്നത് എന്താണെന്നു ശ്രദ്ധിക്കുക; നിങ്ങൾ അളക്കുന്ന അളവുകൊണ്ടുതന്നെ നിങ്ങൾക്ക് അളന്നു കിട്ടും; എന്നല്ല നിങ്ങൾക്കു കൂടുതൽ കിട്ടുകയും ചെയ്യും. ഉള്ളവനു നല്‌കപ്പെടും; ഇല്ലാത്തവനിൽനിന്ന് അവന് ഉള്ളതുകൂടി എടുത്തുകളയും.”

മർക്കൊസ് 4:1-25 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അവൻ പിന്നെയും കടല്ക്കരെവച്ച് ഉപദേശിക്കുവാൻ തുടങ്ങി. അപ്പോൾ ഏറ്റവും വലിയ പുരുഷാരം അവന്‍റെ അടുക്കൽ വന്നു കൂടുകകൊണ്ട് അവൻ ഒരു പടകിൽ കയറി; പടക് കടലിലേക്കു നീക്കി അതിൽ ഇരുന്നു; പുരുഷാരം ഒക്കെയും കടലരികെ കരയിൽ ആയിരുന്നു. അവൻ ഉപമകളാൽ അവരെ പലതും ഉപദേശിച്ചു, ഉപദേശിക്കുമ്പോൾ അവരോട് പറഞ്ഞത്: “കേൾക്കുവിൻ; വിതയ്ക്കുന്നവൻ വിതയ്ക്കുവാൻ പുറപ്പെട്ടു. വിതയ്ക്കുമ്പോൾ ചില വിത്തുകൾ വഴിയിൽ വീണു; പറവകൾ വന്നു അത് തിന്നുകളഞ്ഞു. മറ്റു ചില വിത്തുകൾ പാറസ്ഥലത്ത് ഏറെ മണ്ണില്ലാത്തേടത്തു വീണു; മണ്ണിന് താഴ്ച ഇല്ലായ്കയാൽ ക്ഷണത്തിൽ മുളച്ചുപൊങ്ങി. സൂര്യൻ ഉദിച്ചപ്പോൾ ചൂട് തട്ടി, വേരില്ലായ്കകൊണ്ട് ഉണങ്ങിപ്പോയി. മറ്റു ചില വിത്തുകൾ മുൾച്ചെടികൾക്കിടയിൽ വീണു; മുൾച്ചെടി വളർന്ന് അതിനെ ഞെരുക്കിക്കളഞ്ഞു; അത് വിളഞ്ഞതുമില്ല. മറ്റു ചില വിത്തുകൾ നല്ല മണ്ണിൽ വീണു മുളച്ചു വളർന്ന് ഫലം കൊടുത്തു; ആ വിത്തുകളിൽ ചിലത് മുപ്പതും ചിലത് അറുപതും ചിലത് നൂറും മേനിയും വിളഞ്ഞു. കേൾക്കുവാൻ ചെവി ഉള്ളവൻ കേൾക്കട്ടെ” എന്നും അവൻ പറഞ്ഞു. അനന്തരം യേശു തനിച്ചിരിക്കുമ്പോൾ അവനോടുകൂടെയുള്ളവർ പന്തിരുവരുമായി ആ ഉപമകളെക്കുറിച്ചു ചോദിച്ചു. അവരോട് അവൻ പറഞ്ഞത്: “ദൈവരാജ്യത്തിൻ്റെ മർമ്മം നിങ്ങൾക്ക് നല്കപ്പെട്ടിരിക്കുന്നു; പുറത്തുള്ളവർക്കോ സകലവും ഉപമകളാൽ ലഭിക്കുന്നു. അവർ മനം തിരിയാതെയും അവരോട് ക്ഷമിക്കാതെയും ഇരിക്കത്തക്കവണ്ണം അവർ കണ്ടിട്ടും അറിയാതിരിക്കുവാനും കേട്ടിട്ടും ഗ്രഹിക്കാതിരിപ്പാനും ഇടവരും. പിന്നെ അവൻ അവരോടു പറഞ്ഞത്: ഈ ഉപമ ഗ്രഹിക്കുന്നില്ലയോ? പിന്നെ മറ്റെ ഉപമകൾ ഒക്കെയും എങ്ങനെ ഗ്രഹിക്കും? വിതയ്ക്കുന്നവൻ വചനം വിതയ്ക്കുന്നു. വചനം വിതച്ചിട്ട് വഴിയരികെ വീണത്, കേട്ട ഉടനെ സാത്താൻ വന്നു ഹൃദയങ്ങളിൽ വിതയ്ക്കപ്പെട്ട വചനം എടുത്തുകളയുന്നതാകുന്നു. പാറസ്ഥലത്ത് വിതച്ചത്; വചനം കേട്ട ഉടനെ സന്തോഷത്തോടെ കൈക്കൊള്ളുന്നവർ; എങ്കിലും അവർ ഉള്ളിൽ വേരില്ലാത്തതിനാൽ അല്പസമയത്തേക്ക് മാത്രം നിലനിൽക്കുന്നു. പിന്നീട് വചനംനിമിത്തം ഉപദ്രവമോ പീഢയോ ഉണ്ടായാൽ ക്ഷണത്തിൽ ഇടറിപ്പോകുന്നവരാകുന്നു. മുള്ളിനിടയിൽ വിതയ്ക്കപ്പെട്ടതോ; വചനം കേട്ടിട്ടു ഇഹലോകത്തിന്‍റെ ചിന്തകളും ധനത്തിന്‍റെ വഞ്ചനയും മറ്റു വസ്തുക്കൾക്കായുള്ള മോഹങ്ങളും അകത്ത് കടന്ന്, വചനത്തെ ഞെരുക്കി നിഷ്ഫലമാക്കി തീർക്കുന്നതാകുന്നു. നല്ല മണ്ണിൽ വിതയ്ക്കപ്പെട്ടതോ വചനം കേൾക്കുകയും അംഗീകരിക്കുകയും ചെയ്യുന്നവർ തന്നെ; അവർ മുപ്പതും അറുപതും നൂറും മേനി വിളഞ്ഞു. പിന്നെ അവൻ അവരോട് പറഞ്ഞത്: നിങ്ങൾ വീട്ടിലേക്ക് വിളക്കു കൊണ്ടുവരുന്നത് പറയിൻ കീഴിലോ കട്ടില്ക്കീഴിലോ വയ്ക്കുവാനാണോ? നിങ്ങൾ അത് കൊണ്ടുവന്ന് വിളക്കുതണ്ടിന്മേലല്ലേ വയ്ക്കുന്നത്? വെളിപ്പെടുവാനുള്ളതല്ലാതെ ഗൂഢമായത് ഒന്നും ഇല്ല; വെളിച്ചത്തു വരുവാനുള്ളതല്ലാതെ മറവായതു ഒന്നും ഇല്ല. കേൾക്കുവാൻ ചെവി ഉള്ളവൻ കേൾക്കട്ടെ. “നിങ്ങൾ കേൾക്കുന്നതെന്ത് എന്നു സൂക്ഷിച്ചു കൊൾവിൻ; നിങ്ങൾ അളക്കുന്ന അളവുകൊണ്ട് നിങ്ങൾക്കും അളന്നുകിട്ടും; അധികമായും കിട്ടും. എന്തുകൊണ്ടെന്നാൽ ഉള്ളവനു കൊടുക്കും; ഇല്ലാത്തവനോടോ ഉള്ളതുംകൂടെ എടുത്തുകളയും എന്നും അവൻ അവരോടു പറഞ്ഞു.

മർക്കൊസ് 4:1-25 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അവൻ പിന്നെയും കടല്ക്കരെവെച്ചു ഉപദേശിപ്പാൻ തുടങ്ങി. അപ്പോൾ ഏറ്റവും വലിയ പുരുഷാരം അവന്റെ അടുക്കൽ വന്നു കൂടുകകൊണ്ടു അവൻ പടകിൽ കയറി കടലിൽ ഇരുന്നു; പുരുഷാരം ഒക്കെയും കടലരികെ കരയിൽ ആയിരുന്നു. അവൻ ഉപമകളാൽ അവരെ പലതും ഉപദേശിച്ചു, ഉപദേശത്തിൽ അവരോടു പറഞ്ഞതു: കേൾപ്പിൻ; വിതെക്കുന്നവൻ വിതെപ്പാൻ പുറപ്പെട്ടു. വിതെക്കുമ്പോൾ ചിലതു വഴിയരികെ വീണു; പറവകൾ വന്നു അതു തിന്നുകളഞ്ഞു. മറ്റു ചിലതു പാറസ്ഥലത്തു ഏറെ മണ്ണില്ലാത്തേടത്തു വീണു; മണ്ണിന്നു താഴ്ച ഇല്ലായ്കയാൽ ക്ഷണത്തിൽ മുളെച്ചുവന്നു. സൂര്യൻ ഉദിച്ചാറെ ചൂടു തട്ടി, വേരില്ലായ്കകൊണ്ടു ഉണങ്ങിപ്പോയി. മറ്റു ചിലതു മുള്ളിന്നിടയിൽ വീണു; മുള്ളു മുളെച്ചു വളർന്നു അതിനെ ഞെരുക്കിക്കളഞ്ഞു; അതു വിളഞ്ഞതുമില്ല. മറ്റു ചിലതു നല്ലമണ്ണിൽ വീണിട്ടു മുളെച്ചു വളർന്നു ഫലം കൊടുത്തു; മുപ്പതും അറുപതും നൂറും മേനി വിളഞ്ഞു. കേൾപ്പാൻ ചെവി ഉള്ളവൻ കേൾക്കട്ടെ എന്നും അവൻ പറഞ്ഞു. അനന്തരം അവൻ തനിച്ചിരിക്കുമ്പോൾ അവനോടുകൂടെയുള്ളവർ പന്തിരുവരുമായി ആ ഉപമകളെക്കുറിച്ചു ചോദിച്ചു. അവരോടു അവൻ പറഞ്ഞതു: ദൈവരാജ്യത്തിന്റെ മർമ്മം നിങ്ങൾക്കു നല്കപ്പെട്ടിരിക്കുന്നു; പുറത്തുള്ളവർക്കോ സകലവും ഉപമകളാൽ ലഭിക്കുന്നു. അവർ മനംതിരിയാതെയും അവരോടു ക്ഷമിക്കാതെയും ഇരിക്കത്തക്കവണ്ണം അവർ കണ്ടിട്ടും അറിയാതിരിപ്പാനും കേട്ടിട്ടും ഗ്രഹിക്കാതിരിപ്പാനും സംഗതിവരും. പിന്നെ അവൻ അവരോടു പറഞ്ഞതു: ഈ ഉപമ ഗ്രഹിക്കുന്നില്ലയോ? പിന്നെ മറ്റെ ഉപമകൾ ഒക്കെയും എങ്ങനെ ഗ്രഹിക്കും? വിതെക്കുന്നവൻ വചനം വിതെക്കുന്നു. വചനം വിതച്ചിട്ടു വഴിയരികെ വീണതു, കേട്ട ഉടനെ സാത്താൻ വന്നു ഹൃദയങ്ങളിൽ വിതെക്കപ്പെട്ട വചനം എടുത്തുകളയുന്നതാകുന്നു. അങ്ങനെ തന്നേ പാറസ്ഥലത്തു വിതെച്ചതു വചനം കേട്ട ഉടനെ സന്തോഷത്തോടെ കൈക്കൊള്ളുന്നവർ; എങ്കിലും അവർ ഉള്ളിൽ വേരില്ലാതെ ക്ഷണികന്മാർ ആകുന്നു; വചനം നിമിത്തം ഉപദ്രവമോ പീഡയോ ഉണ്ടായാൽ ക്ഷണത്തിൽ ഇടറിപ്പോകുന്നു. മുള്ളിന്നിടയിൽ വിതെക്കപ്പെട്ടതോ വചനം കേട്ടിട്ടു ഇഹലോകത്തിന്റെ ചിന്തകളും ധനത്തിന്റെ വഞ്ചനയും മറ്റുവിഷയ മോഹങ്ങളും അകത്തു കടന്നു, വചനത്തെ ഞെരുക്കി നഷ്ഫലമാക്കി തീർക്കുന്നതാകുന്നു. നല്ലമണ്ണിൽ വിതെക്കപ്പെട്ടതോ വചനം കേൾക്കയും അംഗീകരിക്കയും ചെയ്യുന്നവർ തന്നേ; അവർ മുപ്പതും അറുപതും നൂറും മേനി വിളയുന്നു. പിന്നെ അവൻ അവരോടു പറഞ്ഞതു: വിളക്കു കത്തിച്ചു പറയിൻ കീഴിലോ കട്ടില്ക്കീഴിലോ വെക്കുമാറുണ്ടോ? വിളക്കുതണ്ടിന്മേലല്ലയോ വെക്കുന്നതു? വെളിപ്പെടുവാനുള്ളതല്ലാതെ ഗൂഢമായതു ഒന്നും ഇല്ല; വെളിച്ചത്തു വരുവാനുള്ളതല്ലാതെ മറവായതു ഒന്നും ഇല്ല. കേൾപ്പാൻ ചെവി ഉള്ളവൻ കേൾക്കട്ടെ. നിങ്ങൾ കേൾക്കുന്നതു എന്തു എന്നു സൂക്ഷിച്ചു കൊൾവിൻ; നിങ്ങൾ അളക്കുന്ന അളവുകൊണ്ടു നിങ്ങൾക്കും അളന്നുകിട്ടും; അധികമായും കിട്ടും. ഉള്ളവന്നു കൊടുക്കും; ഇല്ലാത്തവനോടോ ഉള്ളതുംകൂടെ എടുത്തുകളയും എന്നും അവൻ അവരോടു പറഞ്ഞു.

മർക്കൊസ് 4:1-25 സമകാലിക മലയാളവിവർത്തനം (MCV)

യേശു തടാകതീരത്തുവെച്ചു വീണ്ടും ജനത്തോട് ഉപദേശിക്കാൻ ആരംഭിച്ചു. ഒരു വലിയ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നതിനാൽ അദ്ദേഹം തടാകത്തിലുണ്ടായിരുന്ന ഒരു വള്ളത്തിൽ കയറി ഉപവിഷ്ടനായി. തീരത്ത്, വെള്ളത്തിനരികെവരെ ജനങ്ങൾ നിന്നിരുന്നു. യേശു സാദൃശ്യകഥകളിലൂടെ അനേകം കാര്യങ്ങൾ അവരെ പഠിപ്പിച്ചു. അദ്ദേഹം പറഞ്ഞ ഒരുപമ ഇപ്രകാരമാണ്: “കേൾക്കുക! ഒരിക്കൽ ഒരു കർഷകൻ വിത്തുവിതയ്ക്കാൻ പുറപ്പെട്ടു; വിതയ്ക്കുമ്പോൾ ചിലത് വഴിയോരത്തു വീണു. അത് പക്ഷികൾ വന്നു കൊത്തിത്തിന്നു. ചിലതു പാറയുള്ള സ്ഥലങ്ങളിൽ വീണു. അവിടെ അധികം മണ്ണില്ലായിരുന്നു. ആഴത്തിൽ മണ്ണില്ലാതിരുന്നതിനാൽ വിത്ത് വേഗം മുളച്ചുവന്നു. എന്നാൽ സൂര്യകിരണമേറ്റപ്പോൾ അതു വരണ്ടു; ആഴത്തിൽ വേരില്ലാതിരുന്നതിനാൽ കരിഞ്ഞുംപോയി. കുറെ വിത്തുകളാകട്ടെ മുൾച്ചെടികൾക്കിടയിൽ വീണു. മുൾച്ചെടികൾ പെട്ടെന്നുയർന്ന് ചെടികളെ ഞെരുക്കിയതുകൊണ്ട് അവ ഫലം പുറപ്പെടുവിച്ചില്ല. എന്നാൽ, കുറെ വിത്തുകൾ നല്ല നിലത്തുവീണു. അവ മുളച്ചു, വളർന്നു, മുപ്പതും അറുപതും നൂറും മടങ്ങ് വിളവുനൽകി.” യേശു തുടർന്നു പറഞ്ഞു: “ചെവിയുള്ളവരെല്ലാം കേട്ടു ഗ്രഹിക്കട്ടെ!” പിന്നീട് യേശു തനിച്ചായിരുന്നപ്പോൾ പന്ത്രണ്ട് ശിഷ്യന്മാരും മറ്റുചിലരും വന്ന് ആ സാദൃശ്യകഥകളെക്കുറിച്ച് അദ്ദേഹത്തോടു ചോദിച്ചു. അപ്പോൾ അദ്ദേഹം അവരോടു പറഞ്ഞത്: “ദൈവരാജ്യത്തിന്റെ രഹസ്യങ്ങൾ ഗ്രഹിക്കാനുള്ള സൗഭാഗ്യം നിങ്ങൾക്കു നൽകപ്പെട്ടിരിക്കുന്നു; പുറത്തുള്ളവരോട് എല്ലാം സാദൃശ്യകഥകളിലൂടെ പറയുന്നു. “അവർ എപ്പോഴും കണ്ടുകൊണ്ടിരിക്കും, എന്നാൽ ഒരിക്കലും മനസ്സിലാക്കുകയില്ല. അവർ എപ്പോഴും കേട്ടുകൊണ്ടിരിക്കും, എന്നാൽ ഒരിക്കലും ഗ്രഹിക്കുകയില്ല; അല്ലായിരുന്നെങ്കിൽ അവർ മാനസാന്തരപ്പെടുകയും അവരുടെ പാപങ്ങൾ ദൈവം അവരോടു ക്ഷമിക്കുകയും ചെയ്യുമായിരുന്നു.” പിന്നീട് യേശു അവരോട് ഇങ്ങനെ പറഞ്ഞു: “ഈ സാദൃശ്യകഥ നിങ്ങൾ മനസ്സിലാക്കുന്നില്ലേ? അങ്ങനെയെങ്കിൽ മറ്റ് സാദൃശ്യകഥകളെല്ലാം നിങ്ങൾ എങ്ങനെ മനസ്സിലാക്കും? കർഷകൻ വചനം വിതയ്ക്കുന്നു. ചില കേൾവിക്കാരുടെ അനുഭവം വഴിയരികിൽ വീണ വിത്തിന്റെ അനുഭവംപോലെയാണ്. അവർ വചനം കേട്ടുകഴിയുന്നമാത്രയിൽത്തന്നെ സാത്താൻ വന്ന് അവരിൽ വിതയ്ക്കപ്പെട്ട വചനം എടുത്തുകളയുന്നു. പാറസ്ഥലത്ത് വിതച്ച വിത്തുപോലെയാണ് മറ്റുചിലർ, ഇങ്ങനെയുള്ളവർ വചനം കേൾക്കുകയും ഉടനെതന്നെ ആനന്ദത്തോടെ സ്വീകരിക്കുകയുംചെയ്യുന്നു. എന്നാൽ, അവർക്ക് ആഴത്തിൽ വേരില്ലായ്കയാൽ അധികനാൾ നിലനിൽക്കുകയില്ല. വചനംനിമിത്തം കഷ്ടതയോ ഉപദ്രവമോ ഉണ്ടാകുമ്പോൾ അവർ വേഗം വിശ്വാസം ത്യജിച്ചുകളയുന്നു. മറ്റുചിലർ, മുൾച്ചെടികൾക്കിടയിൽ വിതച്ച വിത്തുപോലെ വചനം കേൾക്കുന്നു; എന്നാൽ, ഈ ജീവിതത്തിലെ ആകുലതകളും ധനത്തിന്റെ വഞ്ചനയും ഇതരമോഹങ്ങളും ഉള്ളിൽ കടന്ന് വചനത്തെ ഞെരുക്കി ഫലശൂന്യമാക്കിത്തീർക്കുന്നു. മറ്റുള്ളവർ, നല്ല മണ്ണിൽ വിതച്ച വിത്തുപോലെ വചനം കേൾക്കുകയും സ്വീകരിക്കുകയും മുപ്പതും അറുപതും നൂറും മടങ്ങു വിളവുനൽകുകയുംചെയ്യുന്നു.” പിന്നീട് യേശു അവരോടു പറഞ്ഞു: “നിങ്ങൾ വിളക്കുകൊളുത്തുന്നത് പറയുടെ കീഴിലോ കട്ടിലിന്റെ കീഴിലോ വെക്കാനാണോ? വിളക്കുകാലിന്മേലല്ലേ അതു വെക്കേണ്ടത്? ഒളിച്ചു വെച്ചിരിക്കുന്നതെല്ലാം വെളിപ്പെടുത്തപ്പെടേണ്ടതാണ്. ഗോപ്യമായിരിക്കുന്നതെല്ലാം വെളിച്ചത്തു കൊണ്ടുവരേണ്ടതാണ്. ചെവിയുള്ളവർ കേട്ടു ഗ്രഹിക്കട്ടെ.” “നിങ്ങൾ കേൾക്കുന്നത് എന്തെന്നു ശ്രദ്ധിക്കുക,” അദ്ദേഹം തുടർന്നു: “നിങ്ങൾ അളക്കാൻ ഉപയോഗിക്കുന്ന അതേ അളവുകൊണ്ടു നിങ്ങൾക്കും അളന്നുകിട്ടും; അതിൽ കൂടുതലും കിട്ടും. ഉള്ളവർക്ക് അധികം നൽകപ്പെടും; എന്നാൽ, ഇല്ലാത്തവരിൽനിന്ന് അവർക്കുള്ള അൽപ്പംകൂടെ എടുത്തുകളയപ്പെടും.”