മർക്കൊസ് 3:1-12

മർക്കൊസ് 3:1-12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അവൻ പിന്നെയും പള്ളിയിൽ ചെന്നു: അവിടെ വരണ്ട കൈയുള്ള ഒരു മനുഷ്യൻ ഉണ്ടായിരുന്നു. അവർ അവനെ കുറ്റം ചുമത്തേണ്ടതിനു ശബ്ബത്തിൽ അവനെ സൗഖ്യമാക്കുമോ എന്നു നോക്കിക്കൊണ്ടിരുന്നു. വരണ്ട കൈയുള്ള മനുഷ്യനോട് അവൻ: നടുവിൽ എഴുന്നേറ്റുനില്ക്ക എന്നു പറഞ്ഞു. പിന്നെ അവരോട്: ശബ്ബത്തിൽ നന്മ ചെയ്കയോ, തിന്മ ചെയ്കയോ, ജീവനെ രക്ഷിക്കയോ, കൊല്ലുകയോ, ഏതു വിഹിതം എന്നു ചോദിച്ചു. അവരോ മിണ്ടാതിരുന്നു. അവരുടെ ഹൃദയകാഠിന്യം നിമിത്തം അവൻ ദുഃഖിച്ചുകൊണ്ടു കോപത്തോടെ അവരെ ചുറ്റും നോക്കി, ആ മനുഷ്യനോട്: കൈ നീട്ടുക എന്നു പറഞ്ഞു; അവൻ നീട്ടി, അവന്റെ കൈ സൗഖ്യമായി. ഉടനെ പരീശന്മാർ പുറപ്പെട്ട്, അവനെ നശിപ്പിക്കേണ്ടതിനു ഹെരോദ്യരുമായി ആലോചന കഴിച്ചു. യേശു ശിഷ്യന്മാരുമായി കടല്ക്കരയ്ക്കു വാങ്ങിപ്പോയി; ഗലീലയിൽനിന്നു വലിയൊരു പുരുഷാരം അവനെ അനുഗമിച്ചു; യെഹൂദ്യയിൽനിന്നും യെരൂശലേമിൽനിന്നും എദോമിൽനിന്നും യോർദ്ദാനക്കരെനിന്നും സോരിന്റെയും സീദോന്റെയും ചുറ്റുപാടിൽനിന്നും വലിയൊരു കൂട്ടം അവൻ ചെയ്തത് ഒക്കെയും കേട്ടിട്ട് അവന്റെ അടുക്കൽ വന്നു. പുരുഷാരം തന്നെ ഞെരുക്കാതിരിക്കേണ്ടതിന് അവരുടെ നിമിത്തം ഒരു ചെറുപടകു തനിക്ക് ഒരുക്കി നിറുത്തുവാൻ അവൻ ശിഷ്യന്മാരോടു പറഞ്ഞു. അവൻ അനേകരെ സൗഖ്യമാക്കുകയാൽ ബാധകൾ ഉള്ളവർ ഒക്കെയും അവനെ തൊടേണ്ടതിനു തിക്കിത്തിരക്കി വന്നു. അശുദ്ധാത്മാക്കളും അവനെ കാണുമ്പോൾ ഒക്കെയും അവന്റെ മുമ്പിൽ വീണു: നീ ദൈവപുത്രൻ എന്നു നിലവിളിച്ചു പറയും. തന്നെ പ്രസിദ്ധമാക്കാതിരിക്കേണ്ടതിന് അവൻ അവരെ വളരെ ശാസിച്ചുപോന്നു.

മർക്കൊസ് 3:1-12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

യേശു പിന്നീടൊരിക്കൽ സുനഗോഗിൽ ചെന്നു; കൈ ശോഷിച്ചുപോയ ഒരു മനുഷ്യൻ അവിടെയുണ്ടായിരുന്നു. ശബത്തുദിവസം അവിടുന്ന് ആ മനുഷ്യനെ സുഖപ്പെടുത്തുമോ എന്ന് അവർ ഉറ്റുനോക്കിക്കൊണ്ടിരുന്നു. യേശുവിൽ കുറ്റം ആരോപിക്കുന്നതിനുവേണ്ടിയാണ് അങ്ങനെ ചെയ്തത്. കൈ ശോഷിച്ച ആ മനുഷ്യനോട്, “എഴുന്നേറ്റ് മുൻപിലേക്ക് മാറിനില്‌ക്കുക” എന്ന് യേശു പറഞ്ഞു. പിന്നീട് അവിടുന്ന് ജനത്തോട്, “ശബത്തിൽ നന്മ ചെയ്യുന്നതോ, തിന്മ ചെയ്യുന്നതോ, ജീവനെ രക്ഷിക്കുന്നതോ, നശിപ്പിക്കുന്നതോ ഏതാണു നിയമാനുസൃതം?” എന്നു ചോദിച്ചു. അവരാകട്ടെ മൗനം അവലംബിച്ചു. യേശു അവരുടെ ഹൃദയകാഠിന്യത്തിൽ ദുഃഖിച്ച്, കോപത്തോടുകൂടി ചുറ്റും നോക്കിയശേഷം ആ മനുഷ്യനോട്, “നിന്റെ കൈ നീട്ടുക” എന്നു പറഞ്ഞു. അയാൾ കൈ നീട്ടി. ഉടനെ കൈ സുഖം പ്രാപിച്ചു. പരീശന്മാർ ഉടൻതന്നെ പുറത്തുപോയി അവിടുത്തെ എങ്ങനെ അപായപ്പെടുത്താം എന്നതിനെക്കുറിച്ച് ഹേരോദ്യരോട് ആലോചിച്ചു. ശിഷ്യന്മാരോടുകൂടി യേശു ഗലീലത്തടാകത്തിന്റെ തീരത്തേക്കു പോയി. ഗലീലയിൽനിന്ന് ഒരു വൻ ജനസഞ്ചയം അവിടുത്തെ അനുഗമിച്ചു. യെഹൂദ്യ, യെരൂശലേം, എദോം, യോർദ്ദാന്റെ മറുകര, സോരിന്റെയും സീദോന്റെയും ചുറ്റുമുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിൽനിന്നെല്ലാം വലിയൊരു ജനാവലി യേശു ചെയ്ത കാര്യങ്ങളെക്കുറിച്ചു കേട്ടിട്ട് അവിടുത്തെ അടുക്കൽ വന്നുകൂടി. ഒട്ടേറെ ആളുകളെ അവിടുന്ന് സുഖപ്പെടുത്തിയതിനാൽ രോഗബാധിതരായ എല്ലാവരും അവിടുത്തെ സ്പർശിക്കുന്നതിനായി തള്ളിക്കയറി മുൻപോട്ടു വന്നുകൊണ്ടിരുന്നു. ആൾക്കൂട്ടം തന്നെ ഞെരുക്കാതിരിക്കേണ്ടതിന് ഒരു ചെറുവഞ്ചി ഒരുക്കുവാൻ യേശു ശിഷ്യന്മാരോടു പറഞ്ഞു. അവിടുത്തെ കണ്ടമാത്രയിൽ ദുഷ്ടാത്മാക്കൾ സാഷ്ടാംഗം വീണ് “അങ്ങു ദൈവപുത്രനാണ്” എന്നു വിളിച്ചു പറഞ്ഞു. താൻ ആരാണെന്നു വെളിപ്പെടുത്തരുതെന്ന് അവരോട് യേശു കർശനമായി ആജ്ഞാപിച്ചു.

മർക്കൊസ് 3:1-12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

യേശു പിന്നെയും പള്ളിയിൽ ചെന്നു: അവിടെ വരണ്ട കയ്യുള്ള ഒരു മനുഷ്യൻ ഉണ്ടായിരുന്നു. അവർ അവനെ കുറ്റം ചുമത്തേണ്ടതിനുള്ള ഒരു കാരണത്തിനുവേണ്ടി ശബ്ബത്തിൽ അവനെ സൌഖ്യമാക്കുമോ എന്നു നോക്കിക്കൊണ്ടിരുന്നു. വരണ്ട കയ്യുള്ള മനുഷ്യനോടു അവൻ: “എഴുന്നേറ്റു നടുവിൽ നില്ക്ക“ എന്നു പറഞ്ഞു. പിന്നെ അവരോട്: “ശബ്ബത്തിൽ നന്മ ചെയ്കയോ, തിന്മചെയ്കയോ, ജീവനെ രക്ഷിയ്ക്കുകയോ, കൊല്ലുകയോ, ഏത് വിഹിതം?” എന്നു ചോദിച്ചു. അവരോ മിണ്ടാതിരുന്നു. അവരുടെ ഹൃദയകാഠിന്യം നിമിത്തം അവൻ ദുഃഖിച്ചുകൊണ്ട് കോപത്തോടെ അവരെ ചുറ്റും നോക്കി, ആ മനുഷ്യനോടു: “കൈ നീട്ടുക” എന്നു പറഞ്ഞു: അവൻ നീട്ടി, അവന്‍റെ കൈ സൗഖ്യമായി. ഉടനെ പരീശന്മാർ പുറപ്പെട്ടു, ഹെരോദ്യരുമായി കൂടിക്കാഴ്ച നടത്തി, അവനെ കൊല്ലേണ്ടതിനു അവനു വിരോധമായി ആലോചന കഴിച്ചു. യേശു ശിഷ്യന്മാരുമായി കടൽത്തീരത്തേയ്ക്കു പോയി; ഗലീലയിൽനിന്നു വലിയൊരു പുരുഷാരം അവനെ അനുഗമിച്ചു; യെഹൂദ്യയിൽ നിന്നും യെരൂശലേമിൽ നിന്നും ഏദോമിൽ നിന്നും യോർദ്ദാനക്കരെനിന്നും സോരിന്‍റെയും സീദോന്‍റെയും ചുറ്റുപാടിൽനിന്നും വലിയൊരു കൂട്ടം അവൻ ചെയ്തതു ഒക്കെയും കേട്ടിട്ടു അവന്‍റെ അടുക്കൽ വന്നു. പുരുഷാരം തന്നെ ഞെരുക്കാതിരിക്കേണ്ടതിന് അവരുടെ നിമിത്തം ഒരു പടക് തനിക്കുവേണ്ടി ഒരുക്കി നിർത്തുവാൻ അവൻ ശിഷ്യന്മാരോടു പറഞ്ഞു. അവൻ അനേകരെ സൌഖ്യമാക്കുകയാൽ ബാധകൾ ഉള്ളവർ ഒക്കെയും അവനെ തൊടേണ്ടതിനു തിക്കിത്തിരക്കി വന്നു. അശുദ്ധാത്മാക്കൾ അവനെ കാണുമ്പോൾ ഒക്കെയും അവന്‍റെ മുമ്പിൽ വീണു; “നീ ദൈവപുത്രൻ” എന്നു നിലവിളിച്ചു പറയുകയും ചെയ്തു. തന്നെ പ്രസിദ്ധമാക്കരുതെന്ന് അവൻ അവരോട് കർശനമായി കല്പിച്ചുപോന്നു.

മർക്കൊസ് 3:1-12 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അവൻ പിന്നെയും പള്ളിയിൽ ചെന്നു: അവിടെ വരണ്ട കയ്യുള്ള ഒരു മനുഷ്യൻ ഉണ്ടായിരുന്നു. അവർ അവനെ കുറ്റം ചുമത്തേണ്ടതിന്നു ശബ്ബത്തിൽ അവനെ സൗഖ്യമാക്കുമോ എന്നു നോക്കിക്കൊണ്ടിരുന്നു. വരണ്ടകയ്യുള്ള മനുഷ്യനോടു അവൻ: നടുവിൽ എഴുന്നേറ്റുനില്ക്ക എന്നു പറഞ്ഞു. പിന്നെ അവരോടു: ശബ്ബത്തിൽ നന്മ ചെയ്കയോ, തിന്മചെയ്കയോ, ജീവനെ രക്ഷിക്കയോ, കൊല്ലുകയോ, ഏതു വിഹിതം എന്നു ചോദിച്ചു. അവരോ മിണ്ടാതിരുന്നു. അവരുടെ ഹൃദയകാഠിന്യം നിമിത്തം അവൻ ദുഃഖിച്ചുകൊണ്ടു കോപത്തോടെ അവരെ ചുറ്റും നോക്കി, ആ മനുഷ്യനോടു: കൈ നീട്ടുക എന്നു പറഞ്ഞു: അവൻ നീട്ടി, അവന്റെ കൈ സൗഖ്യമായി. ഉടനെ പരീശന്മാർ പുറപ്പെട്ടു, അവനെ നശിപ്പിക്കേണ്ടതിന്നു ഹെരോദ്യരുമായി ആലോചന കഴിച്ചു. യേശു ശിഷ്യന്മാരുമായി കടല്ക്കരക്കു വാങ്ങിപ്പോയി; ഗലീലയിൽനിന്നു വലിയോരു പുരുഷാരം അവനെ അനുഗമിച്ചു; യെഹൂദ്യയിൽ നിന്നും യെരൂശലേമിൽനിന്നും എദോമിൽ നിന്നും യോർദ്ദാന്നക്കരെനിന്നും സോരിന്റെയും സിദോന്റെയും ചുറ്റുപാട്ടിൽനിന്നും വലിയോരു കൂട്ടം അവൻ ചെയ്തതു ഒക്കെയും കേട്ടിട്ടു അവന്റെ അടുക്കൽ വന്നു. പുരുഷാരം തന്നെ ഞെരുക്കാതിരിക്കേണ്ടതിന്നു അവരുടെ നിമിത്തം ഒരു ചെറു പടകു തനിക്കു ഒരുക്കി നിറുത്തുവാൻ അവൻ ശിഷ്യന്മാരോടു പറഞ്ഞു. അവൻ അനേകരെ സൗഖ്യമാക്കുകയാൽ ബാധകൾ ഉള്ളവർ ഒക്കെയും അവനെ തൊടേണ്ടതിന്നു തിക്കിത്തിരക്കി വന്നു. അശുദ്ധാത്മാക്കളും അവനെ കാണുമ്പോൾ ഒക്കെയും അവന്റെ മുമ്പിൽ വീണു: നീ ദൈവപുത്രൻ എന്നു നിലവിളിച്ചു പറയും. തന്നെ പ്രസിദ്ധമാക്കാതിരിക്കേണ്ടതിന്നു അവൻ അവരെ വളരെ ശാസിച്ചുപോന്നു.

മർക്കൊസ് 3:1-12 സമകാലിക മലയാളവിവർത്തനം (MCV)

യേശു വീണ്ടും പള്ളിയിൽ ചെന്നു. കൈ ശോഷിച്ച ഒരു മനുഷ്യൻ അന്ന് അവിടെ ഉണ്ടായിരുന്നു. ചിലർ യേശുവിന്റെമേൽ കുറ്റം ആരോപിക്കാൻ പഴുതു തേടുകയായിരുന്നതുകൊണ്ട് അദ്ദേഹം ആ മനുഷ്യനെ ശബ്ബത്തുനാളിൽ സൗഖ്യമാക്കുമോ എന്ന് അവർ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരുന്നു. യേശു, കൈ ശോഷിച്ച മനുഷ്യനോട്, “എഴുന്നേറ്റ് എല്ലാവരുടെയും മുമ്പിൽ നിൽക്കുക” എന്നു പറഞ്ഞു. പിന്നെ യേശു അവരോട്, “ശബ്ബത്തുനാളിൽ നന്മ ചെയ്യുന്നതോ തിന്മചെയ്യുന്നതോ ജീവൻ രക്ഷിക്കുന്നതോ കൊല്ലുന്നതോ ഏതാണ് നിയമവിധേയം?” എന്നു ചോദിച്ചു. അവരോ നിശ്ശബ്ദത പാലിച്ചു. യേശു അവരുടെ ഹൃദയകാഠിന്യത്തെ ഓർത്ത് ദുഃഖിതനായി. കോപത്തോടെ ചുറ്റും നോക്കിക്കൊണ്ട് കൈ ശോഷിച്ച മനുഷ്യനോട്: “നിന്റെ കൈനീട്ടുക” എന്നു പറഞ്ഞു. അയാൾ കൈനീട്ടി; പരിപൂർണസൗഖ്യം ലഭിച്ചു. ഉടനെ പരീശന്മാർ പുറത്തിറങ്ങി യേശുവിനെ എങ്ങനെ വധിക്കാൻ കഴിയും എന്നതിനെക്കുറിച്ചു ഹെരോദപക്ഷക്കാരുമായി ഗൂഢാലോചന നടത്തി. യേശു തന്റെ ശിഷ്യന്മാരോടുകൂടെ തടാകതീരത്തേക്കുപോയി. ഗലീലയിൽനിന്ന് വലിയൊരു ജനസഞ്ചയം അവരുടെ പിന്നാലെ ചെന്നു. യേശു ചെയ്തുകൊണ്ടിരുന്ന പ്രവൃത്തികളെക്കുറിച്ചെല്ലാം കേട്ടിട്ട് യെഹൂദ്യയിൽനിന്നും ജെറുശലേമിൽനിന്നും ഏദോമിൽനിന്നും യോർദാന്റെ അക്കരെനിന്നും സോരിനും സീദോനും ചുറ്റുമുള്ള പ്രദേശങ്ങളിൽനിന്നും വലിയൊരു ജനാവലി യേശുവിന്റെ അടുക്കലെത്തി. ജനത്തിരക്കിൽപ്പെട്ട് ഞെരുങ്ങിപ്പോകാതിരിക്കേണ്ടതിന്, തനിക്കായി ഒരു ചെറിയ വള്ളം തയ്യാറാക്കാൻ യേശു ശിഷ്യന്മാരോടു പറഞ്ഞു. കാരണം, യേശു അനേകരെ സൗഖ്യമാക്കിയതുകൊണ്ട്, അദ്ദേഹത്തെ ഒന്നു സ്പർശിക്കാനെങ്കിലും കഴിഞ്ഞെങ്കിൽ എന്നുവെച്ച് രോഗബാധിതരായ ജനങ്ങൾ തിരക്കുകൂട്ടുകയായിരുന്നു. അശുദ്ധാത്മാവ് ബാധിച്ചവർ യേശുവിനെ കാണുമ്പോഴെല്ലാം മുമ്പിൽ വീണ്, “അങ്ങു ദൈവപുത്രൻ” എന്ന് അലറിവിളിച്ചുപറഞ്ഞു. എന്നാൽ, താൻ ആരാണെന്നു വെളിപ്പെടുത്തരുതെന്ന് അദ്ദേഹം അവരോട് കർശനമായി ആജ്ഞാപിച്ചു.