മർക്കൊസ് 2:15-17
മർക്കൊസ് 2:15-17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ വീട്ടിൽ പന്തിയിൽ ഇരിക്കുമ്പോൾ പല ചുങ്കക്കാരും പാപികളും യേശുവിനോടും അവന്റെ ശിഷ്യന്മാരോടുംകൂടി പന്തിയിൽ ഇരുന്നു; അവനെ അനുഗമിച്ചുവന്നവർ അനേകർ ആയിരുന്നു. അവൻ ചുങ്കക്കാരോടും പാപികളോടും കൂടെ തിന്നുകയും കുടിക്കയും ചെയ്യുന്നതു പരീശന്മാരുടെ കൂട്ടത്തിലുള്ള ശാസ്ത്രിമാർ കണ്ടിട്ട് അവന്റെ ശിഷ്യന്മാരോട്: അവൻ ചുങ്കക്കാരോടും പാപികളോടും കൂടെ തിന്നുകുടിക്കുന്നത് എന്ത് എന്നു ചോദിച്ചു. യേശു അതുകേട്ട് അവരോട്: ദീനക്കാർക്കല്ലാതെ സൗഖ്യമുള്ളവർക്കു വൈദ്യനെക്കൊണ്ട് ആവശ്യമില്ല; ഞാൻ നീതിമാന്മാരെ അല്ല, പാപികളെ അത്രേ വിളിപ്പാൻ വന്നത് എന്നു പറഞ്ഞു.
മർക്കൊസ് 2:15-17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യേശു ലേവിയുടെ വീട്ടിൽ ഭക്ഷണം കഴിക്കാനിരുന്നപ്പോൾ ചുങ്കക്കാരും മതനിഷ്ഠയില്ലാത്തവരുമായ പലരും യേശുവിനോടും ശിഷ്യന്മാരോടുംകൂടി പന്തിയിലിരുന്നു. ഇങ്ങനെയുള്ള അനേകമാളുകൾ അവിടുത്തെ അനുഗമിച്ചിരുന്നു. ചുങ്കക്കാരോടും മതനിഷ്ഠയില്ലാത്തവരോടും കൂടിയിരുന്ന് യേശു ഭക്ഷണം കഴിക്കുന്നത് പരീശന്മാരായ മതപണ്ഡിതന്മാർ കണ്ടപ്പോൾ അവിടുത്തെ ശിഷ്യന്മാരോട് അവർ ചോദിച്ചു: “എന്തുകൊണ്ടാണ് അദ്ദേഹം ചുങ്കക്കാരോടും മതനിഷ്ഠയില്ലാത്തവരോടുംകൂടി ഇരുന്നു ഭക്ഷണം കഴിക്കുന്നത്?” ഇതു കേട്ടിട്ട് യേശു അവരോട്, “ആരോഗ്യമുള്ളവർക്കല്ല രോഗികൾക്കാണ് വൈദ്യനെക്കൊണ്ട് ആവശ്യം; ഞാൻ പുണ്യവാന്മാരെയല്ല പാപികളെയാണു വിളിക്കുവാൻ വന്നത്” എന്നു പറഞ്ഞു.
മർക്കൊസ് 2:15-17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യേശു ലേവിയുടെ വീട്ടിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ പല ചുങ്കക്കാരും പാപികളും യേശുവിനോടും അവന്റെ ശിഷ്യന്മാരോടും കൂടി പന്തിയിൽ ഇരുന്നു; അവനെ അനുഗമിച്ചുവന്നവർ അനേകർ ആയിരുന്നു. അവൻ ചുങ്കക്കാരോടും പാപികളോടും കൂടെ തിന്നുകയും കുടിക്കുകയും ചെയ്യുന്നതു പരീശന്മാരുടെ കൂട്ടത്തിലുള്ള ശാസ്ത്രിമാർ കണ്ടിട്ട് അവന്റെ ശിഷ്യന്മാരോട്: “അവൻ ചുങ്കക്കാരോടും പാപികളോടും കൂടെ തിന്നു കുടിക്കുന്നതെന്ത്?“ എന്നു ചോദിച്ചു. യേശു അതു കേട്ട് അവരോട്: “രോഗികൾക്കല്ലാതെ ആരോഗ്യമുള്ളവർക്ക് വൈദ്യനെക്കൊണ്ട് ആവശ്യമില്ല; ഞാൻ നീതിമാന്മാരെ അല്ല, പാപികളെ അത്രേ വിളിക്കുവാൻ വന്നത്“ എന്നു പറഞ്ഞു.
മർക്കൊസ് 2:15-17 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അവൻ വീട്ടിൽ പന്തിയിൽ ഇരിക്കുമ്പോൾ പല ചുങ്കക്കാരും പാപികളും യേശുവിനോടും അവന്റെ ശിഷ്യന്മാരോടും കൂടി പന്തിയിൽ ഇരുന്നു; അവനെ അനുഗമിച്ചുവന്നവർ അനേകർ ആയിരുന്നു. അവൻ ചുങ്കക്കാരോടും പാപികളോടും കൂടെ തിന്നുകയും കൂടിക്കയും ചെയ്യുന്നതു പരീശന്മാരുടെ കൂട്ടത്തിലുള്ള ശാസ്ത്രിമാർ കണ്ടിട്ടു അവന്റെ ശിഷ്യന്മാരോടു: അവൻ ചുങ്കക്കാരോടും പാപികളോടും കൂടെ തിന്നുകുടിക്കുന്നതു എന്തു എന്നു ചോദിച്ചു. യേശു അതു കേട്ടു അവരോടു: ദീനക്കാർക്കല്ലാതെ സൗഖ്യമുള്ളവർക്കു വൈദ്യനെക്കൊണ്ടു ആവശ്യമില്ല; ഞാൻ നീതിമാന്മാരെ അല്ല, പാപികളെ അത്രേ വിളിപ്പാൻ വന്നതു എന്നു പറഞ്ഞു.
മർക്കൊസ് 2:15-17 സമകാലിക മലയാളവിവർത്തനം (MCV)
പിന്നീടൊരിക്കൽ യേശു ലേവിയുടെ ഭവനത്തിൽ വിരുന്നുസൽക്കാരത്തിൽ പങ്കെടുക്കുകയായിരുന്നു. അന്ന് വിരുന്നിന് അദ്ദേഹത്തോടും ശിഷ്യന്മാരോടുമൊപ്പം അനേകം നികുതിപിരിവുകാരും കുപ്രസിദ്ധപാപികളും ഉണ്ടായിരുന്നു; കാരണം, അദ്ദേഹത്തിന്റെ അനുഗാമികളിൽ ഒട്ടേറെപ്പേർ ഇങ്ങനെയുള്ളവർ ആയിരുന്നു. അദ്ദേഹം പാപികളോടും നികുതിപിരിവുകാരോടുമൊപ്പം ഭക്ഷണം കഴിക്കുന്നതു കണ്ടിട്ടു പരീശന്മാരുടെ കൂട്ടത്തിലുള്ള വേദജ്ഞർ യേശുവിന്റെ ശിഷ്യന്മാരോട്, “അദ്ദേഹം നികുതിപിരിവുകാരോടും പാപികളോടുമൊപ്പം ഭക്ഷിക്കുന്നതെന്ത്?” എന്നു ചോദിച്ചു. യേശു ഇതു കേട്ടിട്ട് അവരോട്, “ആരോഗ്യമുള്ളവർക്കല്ല, രോഗികൾക്കാണ് വൈദ്യനെക്കൊണ്ട് ആവശ്യം. ഞാൻ നീതിനിഷ്ഠരെയല്ല, പാപികളെയാണു വിളിക്കാൻ വന്നിരിക്കുന്നത്” എന്ന് ഉത്തരം പറഞ്ഞു.