മർക്കൊസ് 14:32-39
മർക്കൊസ് 14:32-39 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവർ ഗെത്ത്ശെമന എന്നു പേരുള്ള തോട്ടത്തിൽ വന്നാറെ അവൻ ശിഷ്യന്മാരോട്: ഞാൻ പ്രാർഥിച്ചുതീരുവോളം ഇവിടെ ഇരിപ്പിൻ എന്നു പറഞ്ഞു. പിന്നെ അവൻ പത്രൊസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടിക്കൊണ്ടു ഭ്രമിപ്പാനും വ്യാകുലപ്പെടുവാനും തുടങ്ങി: എന്റെ ഉള്ളം മരണവേദനപോലെ അതിദുഃഖിതമായിരിക്കുന്നു; ഇവിടെ പാർത്ത് ഉണർന്നിരിപ്പിൻ എന്ന് അവരോടു പറഞ്ഞു. പിന്നെ അല്പം മുമ്പോട്ടു ചെന്നു നിലത്തു വീണു; കഴിയും എങ്കിൽ ആ നാഴിക നീങ്ങിപ്പോകേണം എന്നു പ്രാർഥിച്ചു: അബ്ബാ, പിതാവേ, നിനക്ക് എല്ലാം കഴിയും; ഈ പാനപാത്രം എങ്കൽനിന്നു നീക്കേണമേ; എങ്കിലും ഞാൻ ഇച്ഛിക്കുന്നതല്ല നീ ഇച്ഛിക്കുന്നതത്രേ ആകട്ടെ എന്നു പറഞ്ഞു. പിന്നെ അവൻ വന്ന് അവർ ഉറങ്ങുന്നതു കണ്ടു പത്രൊസിനോട്: ശിമോനേ, നീ ഉറങ്ങുന്നുവോ? ഒരു നാഴിക ഉണർന്നിരിപ്പാൻ നിനക്കു കഴിഞ്ഞില്ലയോ? പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ ഉണർന്നിരുന്നു പ്രാർഥിപ്പിൻ; ആത്മാവ് ഒരുക്കമുള്ളത്, ജഡമോ ബലഹീനമത്രേ എന്നു പറഞ്ഞു. അവൻ പിന്നെയും പോയി ആ വചനം തന്നെ ചൊല്ലി പ്രാർഥിച്ചു.
മർക്കൊസ് 14:32-39 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പിന്നീട് എല്ലാവരുംകൂടി ഗത്ശമേന എന്ന സ്ഥലത്തേക്കു പോയി. അവിടെ എത്തിയപ്പോൾ “ഞാൻ പ്രാർഥിച്ചു കഴിയുന്നതുവരെ നിങ്ങൾ ഇവിടെ ഇരിക്കുക” എന്ന് യേശു ശിഷ്യന്മാരോടു പറഞ്ഞു. പിന്നീട് അവിടുന്ന് പത്രോസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടിക്കൊണ്ട് മുമ്പോട്ടുപോയി; അവിടുന്ന് അത്യന്തം ശോകാകുലനും അസ്വസ്ഥനുമാകുവാൻ തുടങ്ങി. യേശു അവരോടു പറഞ്ഞു: “എന്റെ ആത്മാവിന്റെ വേദന മരണവേദനപോലെയായിരിക്കുന്നു. നിങ്ങൾ ഇവിടെ ജാഗ്രതയോടുകൂടി ഇരിക്കുക.” പിന്നീട് അവിടുന്ന് അല്പം മുന്നോട്ടുപോയി നിലത്ത് സാഷ്ടാംഗം വീണു: “കഴിയുമെങ്കിൽ കഷ്ടാനുഭവത്തിന്റെ ഈ നാഴിക നീങ്ങിപ്പോകണമേ” എന്നു പ്രാർഥിച്ചു. “പിതാവേ! എന്റെ പിതാവേ! അവിടുത്തേക്കു സമസ്തവും സാധ്യമാണല്ലോ; ഈ പാനപാത്രം എന്നിൽനിന്നു നീക്കിയാലും; എങ്കിലും ഞാൻ ഇച്ഛിക്കുന്നതുപോലെയല്ല, അങ്ങ് ഇച്ഛിക്കുന്നതുപോലെ നടക്കട്ടെ” എന്ന് അവിടുന്നു പ്രാർഥിച്ചു. യേശു തിരിച്ചുവന്നപ്പോൾ ശിഷ്യന്മാർ ഉറങ്ങുന്നതായി കണ്ടു. അവിടുന്ന് അവരോടു പറഞ്ഞു: “ശിമോനേ, നീ ഉറങ്ങുകയാണോ, ഒരുമണിക്കൂർ ഉണർന്നിരിക്കുവാൻ നിനക്കു കഴിവില്ലേ? പരീക്ഷയിൽ വീണുപോകാതിരിക്കുവാൻ നിങ്ങൾ ഉണർന്നിരുന്നു പ്രാർഥിക്കുക. ആത്മാവു സന്നദ്ധമാണ്; എന്നാൽ ശരീരം ദുർബലമത്രേ.” യേശു വീണ്ടുംപോയി അതേ വാക്കുകൾ ഉച്ചരിച്ചു പ്രാർഥിച്ചു.
മർക്കൊസ് 14:32-39 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അവർ ഗെത്ത്ശമന എന്നു പേരുള്ള സ്ഥലത്തുവന്നപ്പോൾ അവൻ ശിഷ്യന്മാരോട്: “ഞാൻ പ്രാർത്ഥിച്ചുതീരുവോളം ഇവിടെ ഇരിപ്പിൻ” എന്നു പറഞ്ഞു. പിന്നെ അവൻ പത്രൊസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടിക്കൊണ്ടു ഭ്രമിക്കുവാനും വ്യാകുലപ്പെടുവാനും തുടങ്ങി: “എന്റെ ഉള്ളം മരണവേദനപോലെ അതിദുഃഖിതമായിരിക്കുന്നു; ഇവിടെ പാർത്തു ഉണർന്നിരിപ്പിൻ” എന്നു അവരോടു പറഞ്ഞു. പിന്നെ അല്പം മുമ്പോട്ടു ചെന്നു നിലത്തുവീണു, കഴിയും എങ്കിൽ ആ നാഴിക നീങ്ങിപ്പോകേണം എന്നു പ്രാർത്ഥിച്ചു: “അബ്ബാ, പിതാവേ, നിനക്കു എല്ലാം കഴിയും; ഈ പാനപാത്രം എങ്കൽ നിന്നു നീക്കേണമേ; എങ്കിലും എന്‍റെ ഹിതമല്ല അങ്ങേയുടെ ഹിതം തന്നെ” ആകട്ടെ എന്നു പറഞ്ഞു. പിന്നെ അവൻ വന്നു അവർ ഉറങ്ങുന്നത് കണ്ടു പത്രൊസിനോട്: “ശിമോനേ, നീ ഉറങ്ങുന്നുവോ? ഒരു നാഴിക ഉണർന്നിരിപ്പാൻ നിനക്കു കഴിഞ്ഞില്ലയോ? പരീക്ഷയിൽ അകപ്പെടാതിരിക്കുവാൻ ഉണർന്നിരുന്നു പ്രാർത്ഥിക്കുവിൻ; ആത്മാവ് ഒരുക്കമുള്ളത്, ജഡമോ ബലഹീനമത്രേ” എന്നു പറഞ്ഞു. അവൻ പിന്നെയും പോയി ആ വചനം തന്നെ ചൊല്ലി പ്രാർത്ഥിച്ചു.
മർക്കൊസ് 14:32-39 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അവർ ഗെത്ത്ശേമന എന്നു പേരുള്ള തോട്ടത്തിൽ വന്നാറെ അവൻ ശിഷ്യന്മാരോടു: ഞാൻ പ്രാർത്ഥിച്ചു തീരുവോളം ഇവിടെ ഇരിപ്പിൻ എന്നു പറഞ്ഞു. പിന്നെ അവൻ പത്രൊസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടിക്കൊണ്ടു ഭ്രമിപ്പാനും വ്യാകുലപ്പെടുവാനും തുടങ്ങി: എന്റെ ഉള്ളം മരണവേദനപോലെ അതിദുഃഖിതമായിരിക്കുന്നു; ഇവിടെ പാർത്തു ഉണർന്നിരിപ്പിൻ എന്നു അവരോടു പറഞ്ഞു. പിന്നെ അല്പം മുമ്പോട്ടു ചെന്നു നിലത്തു വീണു, കഴിയും എങ്കിൽ ആ നാഴിക നീങ്ങിപ്പോകേണം എന്നു പ്രാർത്ഥിച്ചു: അബ്ബാ, പിതാവേ, നിനക്കു എല്ലാം കഴിയും; ഈ പാനപാത്രം എങ്കൽ നിന്നു നീക്കേണമേ; എങ്കിലും ഞാൻ ഇച്ഛിക്കുന്നതല്ല നീ ഇച്ഛിക്കുന്നതത്രേ ആകട്ടെ എന്നു പറഞ്ഞു. പിന്നെ അവൻ വന്നു അവർ ഉറങ്ങുന്നതു കണ്ടു പത്രൊസിനോടു: ശിമോനേ, നീ ഉറങ്ങുന്നുവോ? ഒരു നാഴിക ഉണർന്നിരിപ്പാൻ നിനക്കു കഴിഞ്ഞില്ലയോ? പരീക്ഷയിൽ അകപ്പെടായ്‌വാൻ ഉണർന്നിരുന്നു പ്രാർത്ഥിപ്പിൻ; ആത്മാവു ഒരുക്കമുള്ളതു, ജഡമോ ബലഹീനമത്രേ എന്നു പറഞ്ഞു. അവൻ പിന്നെയും പോയി ആ വചനം തന്നെ ചൊല്ലി പ്രാർത്ഥിച്ചു.
മർക്കൊസ് 14:32-39 സമകാലിക മലയാളവിവർത്തനം (MCV)
പിന്നെ അവർ ഗെത്ത്ശേമന എന്ന സ്ഥലത്ത് എത്തി. യേശു ശിഷ്യന്മാരോട്, “ഞാൻ പ്രാർഥിച്ചു തീരുന്നതുവരെ ഇവിടെ ഇരിക്കുക” എന്നു പറഞ്ഞു. അതിനുശേഷം അദ്ദേഹം പത്രോസ്, യാക്കോബ്, യോഹന്നാൻ എന്നിവരെയും കൂട്ടിക്കൊണ്ടുപോയി. അവിടെവെച്ച് അദ്ദേഹം ദുഃഖവിവശനും വ്യാകുലനുമാകാൻ തുടങ്ങി, “എന്റെ പ്രാണനിൽ ദുഃഖം നിറഞ്ഞുകവിഞ്ഞിട്ട് ഞാൻ മരണാസന്നനായിരിക്കുന്നു. നിങ്ങൾ എന്നോടൊപ്പം ഇവിടെ ഉണർന്നിരിക്കുക” എന്ന് അവരോടു പറഞ്ഞു. പിന്നെ യേശു അൽപ്പംകൂടെ മുമ്പോട്ടുചെന്ന് നിലത്തു വീണ്, കഴിയുമെങ്കിൽ ആ മണിക്കൂറുകൾ തന്നിൽനിന്ന് നീങ്ങിപ്പോകാനായി പിതാവിനോട്: “ അബ്ബാ, പിതാവേ, അവിടത്തേക്കു സകലതും സാധ്യമാണല്ലോ. ഈ പാനപാത്രം എന്നിൽനിന്ന് മാറ്റണമേ. എങ്കിലും എന്റെ ഇഷ്ടംപോലെയല്ല, അവിടത്തെ ഇഷ്ടംപോലെതന്നെ ആകട്ടെ” എന്നു പ്രാർഥിച്ചു. അതിനുശേഷം, യേശു ശിഷ്യന്മാരുടെ അടുക്കൽ മടങ്ങിവന്നു. ഉറക്കത്തിലാണ്ടുപോയ ശിഷ്യന്മാരെക്കണ്ടിട്ട്, അദ്ദേഹം പത്രോസിനോട്, “ശിമോനേ, നീ ഉറങ്ങുന്നോ? ഒരു മണിക്കൂർപോലും ഉണർന്നിരിക്കാൻ നിനക്കു കഴിയുന്നില്ലേ? പ്രലോഭനത്തിൽ അകപ്പെടാതിരിക്കാൻ ഉണർന്നിരുന്ന് പ്രാർഥിക്കുക. ആത്മാവ് സന്നദ്ധം, എന്നാൽ ശരീരമോ ദുർബലം.” ഒരിക്കൽക്കൂടി അദ്ദേഹം പോയി ആദ്യം പ്രാർഥിച്ച അതേ വാക്കുകൾതന്നെ പറഞ്ഞു പ്രാർഥിച്ചു.