മർക്കൊസ് 13:33-37

മർക്കൊസ് 13:33-37 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ആ കാലം എപ്പോൾ എന്നു നിങ്ങൾ അറിയായ്കകൊണ്ടു സൂക്ഷിച്ചുകൊൾവിൻ; ഉണർന്നും പ്രാർഥിച്ചുംകൊണ്ടിരിപ്പിൻ. ഒരു മനുഷ്യൻ വീടു വിട്ടു പരദേശത്തു പോകുമ്പോൾ ദാസന്മാർക്ക് അധികാരവും അവനവന് അതതു വേലയും കൊടുത്തിട്ടു വാതിൽക്കാവല്ക്കാരനോട് ഉണർന്നിരിപ്പാൻ കല്പിച്ചതുപോലെ തന്നെ. യജമാനൻ സന്ധ്യക്കോ അർധരാത്രിക്കോ കോഴി കൂകുന്ന നേരത്തോ രാവിലെയോ എപ്പോൾ വരും എന്ന് അറിയായ്കകൊണ്ട്, അവൻ പെട്ടെന്നു വന്നു നിങ്ങളെ ഉറങ്ങുന്നവരായി കണ്ടെത്താതിരിക്കേണ്ടതിന് ഉണർന്നിരിപ്പിൻ. ഞാൻ നിങ്ങളോടു പറയുന്നതോ എല്ലാവരോടും പറയുന്നു: ഉണർന്നിരിപ്പിൻ.

മർക്കൊസ് 13:33-37 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

നിങ്ങൾ സശ്രദ്ധം ജാഗരൂകരായിരിക്കുക; എന്തെന്നാൽ ആ സമയം എപ്പോഴാണെന്നു നിങ്ങൾക്കറിഞ്ഞുകൂടല്ലോ. ഒരു മനുഷ്യൻ വീടുവിട്ടു യാത്രയ്‍ക്കു പുറപ്പെടുമ്പോൾ തന്റെ ഭൃത്യന്മാർക്ക് ഓരോരുത്തർക്കും ചെയ്യുവാനുള്ള ജോലി ഏല്പിച്ചിട്ട് വാതിൽ കാവല്‌ക്കാരനോട് ജാഗ്രതയോടുകൂടി ഇരിക്കണമെന്ന് ആജ്ഞാപിക്കുന്നതുപോലെയാണത്. ആ ഗൃഹനായകൻ സന്ധ്യക്കോ, അർധരാത്രിക്കോ, കോഴികൂകുമ്പോഴോ, പുലർകാലത്തോ എപ്പോഴാണു വരുന്നതെന്ന് നിങ്ങൾക്ക് അറിഞ്ഞുകൂടാ. അതുകൊണ്ട് ജാഗ്രതയുള്ളവരായിരിക്കുക. അല്ലെങ്കിൽ ഗൃഹനായകൻ പെട്ടെന്നു വന്നു നിങ്ങളെ ഉറങ്ങുന്നവരായി കണ്ടെന്നു വരാം. നിങ്ങളോടു പറയുന്നതുതന്നെ ഞാൻ എല്ലാവരോടും പറയുന്നു: ‘ഉണർന്നിരിക്കുക!’

മർക്കൊസ് 13:33-37 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

ആ സമയം എപ്പോഴാണെന്ന് നിങ്ങൾ അറിയായ്കകൊണ്ട് ജാഗ്രതയോടെ ഉണർന്നും പ്രാർത്ഥിച്ചുംകൊണ്ടിരിക്കുവിൻ. “ഇതു ഒരു മനുഷ്യൻ വീടു വിട്ടു പരദേശത്തുപോകുമ്പോൾ തന്‍റെ ദാസന്മാർക്ക് ആ വീടിന്‍റെ ചുമതലയും അവനവന് അതതു വേലയും കൊടുത്തിട്ടു വാതിൽ കാവൽക്കാരനോട് ഉണർന്നിരിപ്പാൻ കല്പിച്ചതുപോലെ തന്നെ. യജമാനൻ സന്ധ്യയ്ക്കോ അർദ്ധരാത്രിക്കോ കോഴികൂകുന്ന നേരത്തോ രാവിലെയോ എപ്പോൾ വരും എന്നു നിങ്ങൾ അറിയായ്കകൊണ്ട്, അവൻ പെട്ടെന്ന് വന്നു നിങ്ങളെ ഉറങ്ങുന്നവരായി കണ്ടെത്താതിരിക്കേണ്ടതിന് ഉണർന്നിരിപ്പിൻ. ഞാൻ നിങ്ങളോടു പറയുന്നത് എല്ലാവരോടും പറയുന്നു: ഉണർന്നിരിപ്പിൻ.“

മർക്കൊസ് 13:33-37 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ആ കാലം എപ്പോൾ എന്നു നിങ്ങൾ അറിയായ്കകൊണ്ടു സൂക്ഷിച്ചുകൊൾവിൻ; ഉണർന്നും പ്രാർത്ഥിച്ചും കൊണ്ടിരിപ്പിൻ. ഒരു മനുഷ്യൻ വീടുവിട്ടു പരദേശത്തുപോകുമ്പോൾ ദാസന്മാർക്കു അധികാരവും അവനവന്നു അതതു വേലയും കൊടുത്തിട്ടു വാതിൽകാവൽക്കാരനോടു ഉണർന്നിരിപ്പാൻ കല്പിച്ചതുപോലെ തന്നേ. യജമാനൻ സന്ധ്യക്കോ അർദ്ധരാത്രിക്കോ കോഴികൂകുന്ന നേരത്തോ രാവിലെയോ എപ്പോൾ വരും എന്നു അറിയായ്കകൊണ്ടു, അവൻ പെട്ടെന്നു വന്നു നിങ്ങളെ ഉറങ്ങുന്നവരായി കണ്ടെത്താതിരിക്കേണ്ടതിന്നു ഉണർന്നിരിപ്പിൻ. ഞാൻ നിങ്ങളോടു പറയുന്നതോ എല്ലാവരോടും പറയുന്നു: ഉണർന്നിരിപ്പിൻ.

മർക്കൊസ് 13:33-37 സമകാലിക മലയാളവിവർത്തനം (MCV)

സൂക്ഷിക്കുക! ജാഗ്രതയോടെയിരിക്കുക! ആ സമയം എപ്പോൾ വരുന്നെന്നു നിങ്ങൾ അറിയുന്നില്ലല്ലോ. ഒരു മനുഷ്യൻ തന്റെ വീട് സേവകരെ ഏൽപ്പിച്ചിട്ടു സേവകർ ഓരോരുത്തർക്കും ഓരോ ജോലി ഏൽപ്പിക്കുകയും വാതിൽകാവൽക്കാരനോടു ജാഗ്രതയോടെ ഇരിക്കാൻ കൽപ്പിക്കുകയുംചെയ്തിട്ട് ദൂരേക്കു പോകുന്നതുപോലെയാകുന്നു ഇത്. “ഭവനത്തിന്റെ യജമാനൻ തിരികെ വരുന്നത് എപ്പോഴാണെന്ന് നിങ്ങൾക്കറിയാത്തതിനാൽ ജാഗ്രതയോടിരിക്കുക. അത് സന്ധ്യക്കോ അർധരാത്രിയിലോ അതിരാവിലെയോ പുലർച്ചയ്ക്കോ ആയിരിക്കാം. അദ്ദേഹത്തിന്റെ വരവ് അപ്രതീക്ഷിത സമയത്തായിരിക്കുകയാൽ നിങ്ങൾ ഉറങ്ങുന്നവരായി കാണപ്പെടരുത്. ഞാൻ ഇപ്പോൾ നിങ്ങളോടു പറയുന്നതുതന്നെ എല്ലാവരോടുമുള്ള എന്റെ കൽപ്പനയാണ്: ‘ജാഗ്രതയോടെയിരിക്കുക!’ ”