മർക്കൊസ് 13:21-27

മർക്കൊസ് 13:21-27 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അന്ന് ആരെങ്കിലും നിങ്ങളോട്: ഇതാ ക്രിസ്തു ഇവിടെ എന്നോ അതാ അവിടെ എന്നോ പറഞ്ഞാൽ വിശ്വസിക്കരുത്. കള്ളക്രിസ്തുക്കളും കള്ളപ്രവാചകന്മാരും എഴുന്നേറ്റ്, കഴിയും എങ്കിൽ വൃതന്മാരെയും തെറ്റിപ്പാനായി അടയാളങ്ങളും അദ്ഭുതങ്ങളും കാണിക്കും. നിങ്ങളോ സൂക്ഷിച്ചുകൊൾവിൻ; ഞാൻ എല്ലാം നിങ്ങളോടു മുൻകൂട്ടി പറഞ്ഞുവല്ലോ. എങ്കിലോ ആ കാലത്തെ കഷ്ടം കഴിഞ്ഞശേഷം സൂര്യൻ ഇരുണ്ടുപോകയും ചന്ദ്രൻ പ്രകാശം കൊടുക്കാതിരിക്കയും ആകാശത്തുനിന്നു നക്ഷത്രങ്ങൾ വീണുകൊണ്ടിരിക്കയും ആകാശത്തിലെ ശക്തികൾ ഇളകിപ്പോകയും ചെയ്യും. അപ്പോൾ മനുഷ്യപുത്രൻ വലിയ ശക്തിയോടും തേജസ്സോടുംകൂടെ മേഘങ്ങളിൽ വരുന്നത് അവർ കാണും. അന്ന് അവൻ തന്റെ ദൂതന്മാരെ അയച്ച്, തന്റെ വൃതന്മാരെ ഭൂമിയുടെ അറുതിമുതൽ ആകാശത്തിന്റെ അറുതിവരെയും നാലു ദിക്കിൽനിന്നും കൂട്ടിച്ചേർക്കും.

മർക്കൊസ് 13:21-27 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

“അപ്പോൾ ‘അതാ ക്രിസ്തു അവിടെയുണ്ട്’! ‘ഇതാ ഇവിടെയുണ്ട്’! എന്ന് ആരെങ്കിലും നിങ്ങളോടു പറഞ്ഞാൽ അതു വിശ്വസിക്കരുത്. കള്ളക്രിസ്തുക്കളും വ്യാജപ്രവാചകന്മാരും വന്ന് കഴിയുമെങ്കിൽ തിരഞ്ഞെടുക്കപ്പെട്ടവരെക്കൂടി വഴിതെറ്റിക്കുന്നതിനായി അടയാളങ്ങളും അദ്ഭുതങ്ങളും കാണിക്കും. നിങ്ങൾ ജാഗരൂകരായിരിക്കുക. ഞാൻ മുൻകൂട്ടി എല്ലാം നിങ്ങളോടു പറഞ്ഞിരിക്കുന്നു. “അക്കാലത്ത് ഈ കൊടിയ ദുരന്തങ്ങൾക്കുശേഷം സൂര്യൻ ഇരുണ്ടുപോകും; ചന്ദ്രൻ പ്രകാശം ചൊരിയുകയില്ല; നക്ഷത്രങ്ങൾ ആകാശത്തുനിന്നു വീണുകൊണ്ടിരിക്കും; നഭോമണ്ഡലത്തിലെ ശക്തികൾ ഇളക്കപ്പെടും. അനന്തരം മനുഷ്യപുത്രൻ മഹാശക്തിയോടും തേജസ്സോടുംകൂടി വിൺമേഘങ്ങളിൽ എഴുന്നള്ളുന്നത് അവർ കാണും. പിന്നീട് അവിടുന്നു തന്റെ ദൂതന്മാരെ അയച്ച് ആകാശത്തിന്റെയും ഭൂമിയുടെയും അറുതിവരെയുള്ള നാലു ദിക്കുകളിൽനിന്നും തിരഞ്ഞെടുത്തവരെ കൂട്ടിച്ചേർക്കും.

മർക്കൊസ് 13:21-27 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

അന്നു ആരെങ്കിലും നിങ്ങളോടു: ഇതാ ക്രിസ്തു ഇവിടെ എന്നോ അതാ അവിടെ എന്നോ പറഞ്ഞാൽ വിശ്വസിക്കരുത്. കള്ള ക്രിസ്തുക്കളും കള്ളപ്രവാചകന്മാരും എഴുന്നേറ്റ്, കഴിയുമെങ്കിൽ വൃതന്മാരെയും തെറ്റിപ്പാനായി അടയാളങ്ങളും അത്ഭുതങ്ങളും കാണിയ്ക്കും. നിങ്ങളോ സൂക്ഷിച്ചുകൊള്ളുവിൻ; ഞാൻ എല്ലാം നിങ്ങളോടു മുൻകൂട്ടി പറഞ്ഞുവല്ലോ. “എങ്കിലോ ആ കാലത്തെ കഷ്ടം കഴിഞ്ഞശേഷം സൂര്യൻ ഇരുണ്ടുപോകുകയും ചന്ദ്രൻ പ്രകാശം കൊടുക്കാതിരിക്കുകയും ആകാശത്തുനിന്നു നക്ഷത്രങ്ങൾ വീഴുകയും ആകാശത്തിലെ ശക്തികൾ ഇളകിപ്പോകുകയും ചെയ്യും. അപ്പോൾ മനുഷ്യപുത്രൻ വലിയ ശക്തിയോടും തേജസ്സോടുംകൂടെ മേഘങ്ങളിൽ വരുന്നത് അവർ കാണും. അന്നു അവൻ തന്‍റെ ദൂതന്മാരെ അയച്ച്, തന്‍റെ വൃതന്മാരെ ഭൂമിയുടെ അറുതിമുതൽ ആകാശത്തിന്‍റെ അറുതിവരെയും നാലു ദിക്കിൽനിന്നും കൂട്ടിച്ചേർക്കും.“

മർക്കൊസ് 13:21-27 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അന്നു ആരെങ്കിലും നിങ്ങളോടു: ഇതാ ക്രിസ്തു ഇവിടെ എന്നോ അതാ അവിടെ എന്നോ പറഞ്ഞാൽ വിശ്വസിക്കരുതു. കള്ളക്രിസ്തുക്കളും കള്ളപ്രവാചകന്മാരും എഴുന്നേറ്റു, കഴിയും എങ്കിൽ വൃതന്മാരെയും തെറ്റിപ്പാനായി അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും. നിങ്ങളോ സൂക്ഷിച്ചുകൊൾവിൻ; ഞാൻ എല്ലാം നിങ്ങളോടു മുൻകൂട്ടി പറഞ്ഞുവല്ലോ. എങ്കിലോ ആ കാലത്തെ കഷ്ടം കഴിഞ്ഞ ശേഷം സൂര്യൻ ഇരുണ്ടുപോകയും ചന്ദ്രൻ പ്രകാശം കൊടുക്കാതിരിക്കയും ആകാശത്തുനിന്നു നക്ഷത്രങ്ങൾ വീണുകൊണ്ടിരിക്കയും ആകാശത്തിലെ ശക്തികൾ ഇളകിപ്പോകയും ചെയ്യും. അപ്പോൾ മനുഷ്യപുത്രൻ വലിയ ശക്തിയോടും തേജസ്സോടുംകൂടെ മേഘങ്ങളിൽ വരുന്നതു അവർ കാണും. അന്നു അവൻ തന്റെ ദൂതന്മാരെ അയച്ചു, തന്റെ വൃതന്മാരെ ഭൂമിയുടെ അറുതിമുതൽ ആകാശത്തിന്റെ അറുതിവരെയും നാലു ദിക്കിൽ നിന്നും കൂട്ടിച്ചേർക്കും.

മർക്കൊസ് 13:21-27 സമകാലിക മലയാളവിവർത്തനം (MCV)

അന്ന് നിങ്ങളോട് ആരെങ്കിലും, ‘ക്രിസ്തു ഇതാ ഇവിടെ’ എന്നോ ‘ക്രിസ്തു അതാ അവിടെ’ എന്നോ പറഞ്ഞാൽ അതു വിശ്വസിക്കരുത്. കാരണം, വ്യാജക്രിസ്തുക്കളും വ്യാജപ്രവാചകരും വന്ന് ചിഹ്നങ്ങളും അത്ഭുതങ്ങളും പ്രവർത്തിച്ച് മനുഷ്യരെ വഞ്ചിക്കും; സാധ്യമെങ്കിൽ തെരഞ്ഞെടുക്കപ്പെട്ടവരെപ്പോലും! ആകയാൽ ജാഗ്രത പാലിക്കുക; ഞാൻ ഇത് മുൻകൂട്ടിത്തന്നെ സകലതും നിങ്ങളോടു പറഞ്ഞിരിക്കുന്നു. “ആ ദിവസങ്ങളിലെ ദുരിതങ്ങൾ അവസാനിച്ചതിനുശേഷം, “ ‘സൂര്യൻ അന്ധകാരമയമാകും, ചന്ദ്രന്റെ പ്രകാശം ഇല്ലാതെയാകും: നക്ഷത്രങ്ങൾ ആകാശത്തുനിന്നു കൊഴിഞ്ഞുവീഴും; ആകാശഗോളങ്ങൾക്ക് ഇളക്കംതട്ടും.’ “അപ്പോൾ മനുഷ്യപുത്രൻ (ഞാൻ) മഹാശക്തിയോടും പ്രതാപത്തോടുംകൂടെ മേഘങ്ങളിൽ വരുന്നത് മനുഷ്യർ കാണും. അവിടന്ന് തെരഞ്ഞെടുത്തവർക്കായി അന്നാളിൽ അവിടത്തെ ദൂതന്മാരെ അയയ്ക്കും; ആകാശത്തിന്റെ ഒരറ്റംമുതൽ മറ്റേയറ്റംവരെ, നാല് അതിരുകളിൽനിന്ന്, മനുഷ്യപുത്രൻ തനിക്കായി തെരഞ്ഞെടുത്തവരെ ദൂതന്മാർ ഒരുമിച്ചുകൂട്ടും.