മർക്കൊസ് 1:32-39

മർക്കൊസ് 1:32-39 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

വൈകുന്നേരം സൂര്യൻ അസ്തമിച്ചശേഷം അവർ സകലവിധ ദീനക്കാരെയും ഭൂതഗ്രസ്തരെയും അവന്റെ അടുക്കൽ കൊണ്ടുവന്നു. പട്ടണം ഒക്കെയും വാതിൽക്കൽ വന്നുകൂടിയിരുന്നു. നാനാവ്യാധികളാൽ വലഞ്ഞിരുന്ന അനേകരെ അവൻ സൗഖ്യമാക്കി, അനേകം ഭൂതങ്ങളെയും പുറത്താക്കി; ഭൂതങ്ങൾ അവനെ അറികകൊണ്ടു സംസാരിപ്പാൻ അവയെ സമ്മതിച്ചില്ല. അതികാലത്ത് ഇരുട്ടോടെ അവൻ എഴുന്നേറ്റു പുറപ്പെട്ട് ഒരു നിർജനസ്ഥലത്തു ചെന്നു പ്രാർഥിച്ചു. ശിമോനും കൂടെയുള്ളവരും അവന്റെ പിന്നാലെ ചെന്ന്, അവനെ കണ്ടപ്പോൾ: എല്ലാവരും നിന്നെ അന്വേഷിക്കുന്നു എന്നു പറഞ്ഞു. അവൻ അവരോട്: ഞാൻ അടുത്ത ഊരുകളിലും പ്രസംഗിക്കേണ്ടതിനു നാം അവിടേക്കു പോക; ഇതിനായിട്ടല്ലോ ഞാൻ പുറപ്പെട്ടു വന്നിരിക്കുന്നത് എന്നു പറഞ്ഞു. അങ്ങനെ അവൻ ഗലീലയിൽ ഒക്കെയും അവരുടെ പള്ളികളിൽ ചെന്നു പ്രസംഗിക്കയും ഭൂതങ്ങളെ പുറത്താക്കുകയും ചെയ്തു.

മർക്കൊസ് 1:32-39 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സൂര്യാസ്തമയത്തോടുകൂടി ശബത്ത് അവസാനിച്ചപ്പോൾ, അവർ എല്ലാവിധ രോഗികളെയും ഭൂതബാധിതരെയും അവിടുത്തെ അടുക്കൽ കൊണ്ടുവന്നു. പട്ടണവാസികളെല്ലാവരും വാതില്‌ക്കൽ വന്നുകൂടി. വിവിധ വ്യാധികൾ ബാധിച്ച അനേകമാളുകളെ അവിടുന്നു സുഖപ്പെടുത്തി. അനേകം ഭൂതാവിഷ്ടരിൽനിന്ന് ഭൂതങ്ങളെ ബഹിഷ്കരിക്കുകയും ചെയ്തു. അവിടുന്ന് ആരാണെന്നു ഭൂതങ്ങൾക്ക് അറിയാമായിരുന്നു. അതുകൊണ്ട്, അവിടുന്ന് അവരെ സംസാരിക്കുവാൻ അനുവദിച്ചില്ല. അതിരാവിലെ ഇരുട്ടുള്ളപ്പോൾത്തന്നെ യേശു എഴുന്നേറ്റ് ഒരു വിജനസ്ഥലത്തുപോയി പ്രാർഥിച്ചു. ശിമോനും കൂടെയുണ്ടായിരുന്നവരും യേശുവിനെ അന്വേഷിച്ചു പുറപ്പെട്ടു. അവിടുത്തെ കണ്ടെത്തിയപ്പോൾ “എല്ലാവരും അങ്ങയെ അന്വേഷിക്കുന്നു” എന്ന് അവർ പറഞ്ഞു. യേശു അവരോട്, “ചുറ്റുപാടുമുള്ള മറ്റു ഗ്രാമങ്ങളിലേക്കും നമുക്കു പോകണം. എനിക്ക് ആ പ്രദേശങ്ങളിലും പ്രസംഗിക്കേണ്ടിയിരിക്കുന്നു. അതിനുവേണ്ടിയാണല്ലോ ഞാൻ വന്നിരിക്കുന്നത്” എന്നു മറുപടി പറഞ്ഞു. അവരുടെ സുനഗോഗുകളിൽ പ്രസംഗിക്കുകയും ഭൂതങ്ങളെ ബഹിഷ്കരിക്കുകയും ചെയ്തുകൊണ്ട് ഗലീലയിൽ ഉടനീളം അവിടുന്നു സഞ്ചരിച്ചു.

മർക്കൊസ് 1:32-39 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

വൈകുന്നേരം സൂര്യൻ അസ്തമിച്ചശേഷം അവർ സകലവിധ ദീനക്കാരെയും ഭൂതഗ്രസ്തരെയും അവന്‍റെ അടുക്കൽ കൊണ്ടുവന്നു. പട്ടണം ഒക്കെയും വാതിൽക്കൽ വന്നു കൂടിയിരുന്നു. നാനാവ്യാധികളാൽ വലഞ്ഞിരുന്ന അനേകരെ അവൻ സൗഖ്യമാക്കി, അനേകം ഭൂതങ്ങളെയും പുറത്താക്കി; ഭൂതങ്ങൾ അവനെ അറിയുകകൊണ്ട് അവയെ സംസാരിപ്പാൻ അവൻ സമ്മതിച്ചില്ല. അവൻ അതികാലത്ത്, ഇരുട്ടുള്ളപ്പോൾതന്നെ എഴുന്നേറ്റ് പുറപ്പെട്ടു ഒരു നിർജ്ജനസ്ഥലത്ത് ചെന്നു പ്രാർത്ഥിച്ചു. ശിമോനും കൂടെയുള്ളവരും അവനെ അന്വേഷിച്ചു ചെന്നു, അവനെ കണ്ടപ്പോൾ: “എല്ലാവരും നിന്നെ അന്വേഷിക്കുന്നു” എന്നു പറഞ്ഞു. അവൻ അവരോട്: “ഞാൻ ചുറ്റുമുള്ള ഗ്രാമങ്ങളിലും പ്രസംഗിക്കേണ്ടതിന് നാം അവിടേക്കു പോക; ഇതിനായിട്ടല്ലോ ഞാൻ പുറപ്പെട്ടു വന്നിരിക്കുന്നത്” എന്നു പറഞ്ഞു. അങ്ങനെ അവൻ ഗലീലയിൽ ഒക്കെയും അവരുടെ പള്ളികളിൽ ചെന്നു പ്രസംഗിക്കുകയും ഭൂതങ്ങളെ പുറത്താക്കുകയും ചെയ്തു.

മർക്കൊസ് 1:32-39 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

വൈകുന്നേരം സൂര്യൻ അസ്തമിച്ചശേഷം അവർ സകലവിധദീനക്കാരെയും ഭൂതഗ്രസ്തരെയും അവന്റെ അടുക്കൽ കൊണ്ടുവന്നു. പട്ടണം ഒക്കെയും വാതിൽക്കൽ വന്നു കൂടിയിരുന്നു. നാനാവ്യാധികളാൽ വലഞ്ഞിരുന്ന അനേകരെ അവൻ സൗഖ്യമാക്കി, അനേകം ഭൂതങ്ങളെയും പുറത്താക്കി; ഭൂതങ്ങൾ അവനെ അറികകൊണ്ടു സംസാരിപ്പാൻ അവയെ സമ്മതിച്ചില്ല. അതികാലത്തു ഇരുട്ടോടെ അവൻ എഴുന്നേറ്റു പുറപ്പെട്ടു ഒരു നിർജ്ജനസ്ഥലത്തു ചെന്നു പ്രാർത്ഥിച്ചു. ശിമോനും കൂടെയുള്ളവരും അവന്റെ പിന്നാലെ ചെന്നു, അവനെ കണ്ടപ്പോൾ: എല്ലാവരും നിന്നെ അന്വേഷിക്കുന്നു എന്നു പറഞ്ഞു. അവൻ അവരോടു: ഞാൻ അടുത്ത ഊരുകളിലും പ്രസംഗിക്കേണ്ടതിന്നു നാം അവിടേക്കു പോക; ഇതിന്നായിട്ടല്ലോ ഞാൻ പുറപ്പെട്ടു വന്നിരിക്കുന്നതു എന്നു പറഞ്ഞു. അങ്ങനെ അവൻ ഗലീലയിൽ ഒക്കെയും അവരുടെ പള്ളികളിൽ ചെന്നു പ്രസംഗിക്കയും ഭൂതങ്ങളെ പുറത്താക്കുകയും ചെയ്തു.

മർക്കൊസ് 1:32-39 സമകാലിക മലയാളവിവർത്തനം (MCV)

അന്നു വൈകുന്നേരം, സൂര്യൻ അസ്തമിച്ചതിനുശേഷം, ജനങ്ങൾ രോഗികളും ഭൂതബാധിതരുമായ എല്ലാവരെയും യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു. നഗരവാസികൾ എല്ലാവരും വാതിൽക്കൽ വന്നുകൂടി. പലവിധ രോഗങ്ങൾ ബാധിച്ചിരുന്ന അനേകംപേരെ യേശു സൗഖ്യമാക്കി; അനവധി ഭൂതങ്ങളെയും പുറത്താക്കി. യേശു ആരെന്ന് ഭൂതങ്ങൾക്ക് അറിയാമായിരുന്നതുകൊണ്ട് അവയെ സംസാരിക്കാൻ അദ്ദേഹം അനുവദിച്ചതുമില്ല. അതിരാവിലെ, ഇരുട്ടുള്ളപ്പോൾത്തന്നെ, യേശു ഉറക്കമുണർന്ന് ഒരു വിജനസ്ഥലത്ത് ചെന്നു പ്രാർഥിച്ചു. ശിമോനും കൂടെയുള്ളവരും അദ്ദേഹത്തെ അന്വേഷിച്ചുചെന്നു. കണ്ടെത്തിയപ്പോൾ; “എല്ലാവരും അങ്ങയെ അന്വേഷിക്കുന്നു” എന്ന് അവർ അദ്ദേഹത്തോടു പറഞ്ഞു. അതിന് യേശു, “അടുത്തുള്ള ഗ്രാമങ്ങളിലും പ്രസംഗിക്കേണ്ടതിന് നമുക്ക് അവിടേക്കു പോകാം; ഈ ശുശ്രൂഷയ്ക്കായിട്ടാണല്ലോ ഞാൻ വന്നിരിക്കുന്നത്” എന്നു മറുപടി പറഞ്ഞു അങ്ങനെ അദ്ദേഹം യെഹൂദരുടെ പള്ളികളിൽ പ്രസംഗിച്ചുകൊണ്ടും ഭൂതങ്ങളെ പുറത്താക്കിക്കൊണ്ടും ഗലീലയിൽ എല്ലായിടത്തും സഞ്ചരിച്ചു.