മീഖാ 6:1-8
മീഖാ 6:1-8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവ അരുളിച്ചെയ്യുന്നതു കേൾപ്പിൻ: നീ എഴുന്നേറ്റ് പർവതങ്ങളുടെ മുമ്പാകെ വ്യവഹരിക്ക; കുന്നുകൾ നിന്റെ വാക്ക് കേൾക്കട്ടെ; പർവതങ്ങളും ഭൂമിയുടെ സ്ഥിരമായ അടിസ്ഥാനങ്ങളുമായുള്ളോവേ, യഹോവയുടെ വ്യവഹാരം കേൾപ്പിൻ! യഹോവയ്ക്കു തന്റെ ജനത്തോട് ഒരു വ്യവഹാരം ഉണ്ട്; അവൻ യിസ്രായേലിനോടു വാദിക്കും. എന്റെ ജനമേ, ഞാൻ നിന്നോട് എന്തു ചെയ്തു? ഏതൊന്നിനാൽ ഞാൻ നിന്നെ മുഷിപ്പിച്ചു? എന്റെ നേരേ സാക്ഷീകരിക്ക. ഞാൻ നിന്നെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു, അടിമവീട്ടിൽനിന്നു നിന്നെ വീണ്ടെടുത്തു, മോശെയെയും അഹരോനെയും മിര്യാമിനെയും നിന്റെ മുമ്പിൽ അയച്ചു. എന്റെ ജനമേ, നിങ്ങൾ യഹോവയുടെ നീതിപ്രവൃത്തികളെ അറിയേണ്ടതിനു മോവാബ്രാജാവായ ബാലാക് ആലോചിച്ചതും ബെയോരിന്റെ മകനായ ബിലെയാം ഉത്തരം പറഞ്ഞതും ശിത്തീംമുതൽ ഗില്ഗാല് വരെ സംഭവിച്ചതും ഓർക്കുക. എന്തൊന്നുകൊണ്ടു ഞാൻ യഹോവയുടെ സന്നിധിയിൽ ചെന്ന്, അത്യുന്നതദൈവത്തിന്റെ മുമ്പാകെ കുമ്പിടേണ്ടൂ? ഞാൻ ഹോമയാഗങ്ങളോടും ഒരു വയസ്സു പ്രായമുള്ള കാളക്കിടാക്കളോടുംകൂടെ അവന്റെ സന്നിധിയിൽ ചെല്ലേണമോ? ആയിരം ആയിരം ആട്ടുകൊറ്റനിലും പതിനായിരം പതിനായിരം തൈലനദിയിലും യഹോവ പ്രസാദിക്കുമോ? എന്റെ അതിക്രമത്തിനുവേണ്ടി ഞാൻ എന്റെ ആദ്യജാതനെയും ഞാൻ ചെയ്ത പാപത്തിനുവേണ്ടി എന്റെ ഉദരഫലത്തെയും കൊടുക്കേണമോ? മനുഷ്യാ, നല്ലത് എന്തെന്ന് അവൻ നിനക്കു കാണിച്ചുതന്നിരിക്കുന്നു: ന്യായം പ്രവർത്തിപ്പാനും ദയാതല്പരനായിരിപ്പാനും നിന്റെ ദൈവത്തിന്റെ സന്നിധിയിൽ താഴ്മയോടെ നടപ്പാനും അല്ലാതെ എന്താകുന്നു യഹോവ നിന്നോടു ചോദിക്കുന്നത്?
മീഖാ 6:1-8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരന്റെ വാക്കു ശ്രദ്ധിക്കുവിൻ, സർവേശ്വരാ, ഇസ്രായേലിനെതിരെയുള്ള അവിടുത്തെ പരാതികൾ അറിയിച്ചാലും. ഗിരികളും പർവതങ്ങളും അവിടുത്തെ ശബ്ദം കേൾക്കട്ടെ. ഗിരികളേ, ഭൂമിയുടെ ശാശ്വതാടിസ്ഥാനങ്ങളേ, സർവേശ്വരന്റെ വാദം കേൾക്കുവിൻ; അവിടുത്തേക്കു തന്റെ ജനത്തിനെതിരെ ഒരു വ്യവഹാരം ഉണ്ട്. ഇസ്രായേലിനെതിരെ അവിടുന്നു കുറ്റം ഉന്നയിക്കാൻ പോകുന്നു. “എന്റെ ജനമേ, ഞാൻ നിങ്ങളോട് എന്തു ചെയ്തു? ഏതുവിധം ഞാൻ നിങ്ങളെ വിഷമിപ്പിച്ചു?” ഈജിപ്തിൽനിന്നു ഞാൻ നിങ്ങളെ വിടുവിച്ചു കൊണ്ടുവന്നു; അടിമത്തത്തിൽനിന്നു ഞാൻ നിങ്ങളെ വീണ്ടെടുത്തു; നിങ്ങളെ നയിക്കാൻ മോശയെയും അഹരോനെയും മിര്യാമിനെയും ഞാൻ അയച്ചു. എന്റെ ജനമേ, മോവാബുരാജാവായ ബാലാക്ക് ആലോചിച്ചതും ബെയോരിന്റെ പുത്രനായ ബിലെയാം അവനു നല്കിയ മറുപടിയും ഓർമിക്കുക. ശിത്തീംമുതൽ ഗില്ഗാൽവരെ സംഭവിച്ചതും ഓർക്കുക. അങ്ങനെ സർവേശ്വരന്റെ രക്ഷാകരമായ പ്രവൃത്തികൾ നിങ്ങൾ ഗ്രഹിക്കുവിൻ. ഞാൻ സർവേശ്വരന്റെ സന്നിധിയിൽ എന്തു കാഴ്ചയുമായാണ് വരേണ്ടത്? അത്യുന്നതനായ ദൈവത്തിന്റെ മുമ്പിൽ ഞാൻ എങ്ങനെയാണ് കുമ്പിടേണ്ടത്? ഹോമയാഗത്തിന് ഒരു വയസ്സു പ്രായമുള്ള കാളക്കിടാക്കളോടുകൂടി തിരുസന്നിധിയിൽ ഞാൻ ചെല്ലണമോ? ആയിരക്കണക്കിനു മുട്ടാടുകളിലും പതിനായിരക്കണക്കിനു തൈലനദികളിലും അവിടുന്നു പ്രസാദിക്കുമോ? എന്റെ അതിക്രമങ്ങൾക്കുവേണ്ടി എന്റെ ആദ്യജാതനെ, എന്റെ പാപങ്ങൾക്കുവേണ്ടി എന്റെ ഉദരഫലത്തെ തന്നെ നല്കണമോ? മനുഷ്യാ, നല്ലത് എന്തെന്ന് അവിടുന്നു നിനക്കു കാണിച്ചു തന്നിരിക്കുന്നു; നീതി പ്രവർത്തിക്കുക, സുസ്ഥിരസ്നേഹം കാണിക്കുക, ദൈവത്തിന്റെ സന്നിധിയിൽ വിനീതനായി നടക്കുക, ഇതല്ലാതെ മറ്റെന്താണ് അവിടുന്ന് ആവശ്യപ്പെടുന്നത്?
മീഖാ 6:1-8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യഹോവ അരുളിച്ചെയ്യുന്നത് കേൾക്കുവിൻ; “നീ എഴുന്നേറ്റ് പർവ്വതങ്ങളുടെ മുമ്പിൽ വ്യവഹരിക്കുക; കുന്നുകൾ നിന്റെ വാക്ക് കേൾക്കട്ടെ.” പർവ്വതങ്ങളും ഭൂമിയുടെ സ്ഥിരമായ അടിസ്ഥാനങ്ങളുമായുള്ളോവേ, യഹോവയുടെ വ്യവഹാരം കേൾക്കുവിൻ! യഹോവയ്ക്ക് തന്റെ ജനത്തോട് ഒരു വ്യവഹാരം ഉണ്ട്; അവിടുന്ന് യിസ്രായേലിനോട് വാദിക്കും. “എന്റെ ജനമേ, ഞാൻ നിന്നോട് എന്ത് ചെയ്തു? എന്തിനാൽ ഞാൻ നിന്നെ മുഷിപ്പിച്ചു? എനിക്ക് വിരോധമായി സാക്ഷീകരിക്കുക. ഞാൻ നിന്നെ മിസ്രയീമിൽ നിന്ന് പുറപ്പെടുവിച്ച്, അടിമവീട്ടിൽനിന്ന് നിന്നെ വീണ്ടെടുത്ത്, മോശെയെയും അഹരോനെയും മിര്യാമിനെയും നിന്റെ മുമ്പിൽ അയച്ചു. എന്റെ ജനമേ, നിങ്ങൾ യഹോവയുടെ നീതിപ്രവൃത്തികളെ അറിയേണ്ടതിന്, മോവാബ്രാജാവായ ബാലാക്ക് ആലോചിച്ചതും, ബെയോരിന്റെ മകനായ ബിലെയാം ഉത്തരം പറഞ്ഞതും, ശിത്തീംമുതൽ ഗില്ഗാൽവരെ സംഭവിച്ചതും ഓർക്കുക.” യഹോവയുടെ സന്നിധിയിൽ ചെന്നു, അത്യുന്നതദൈവത്തിന്റെ മുമ്പാകെ കുമ്പിടേണ്ടതിന് ഞാൻ എന്താണ് കൊണ്ടുവരേണ്ടത്? ഞാൻ ഹോമയാഗങ്ങളോടും ഒരു വയസ്സ് പ്രായമുള്ള കാളക്കിടാക്കളോടും കൂടി അവിടുത്തെ സന്നിധിയിൽ ചെല്ലണമോ? ആയിരം ആയിരം ആട്ടുകൊറ്റനിലും പതിനായിരം പതിനായിരം തൈലനദിയിലും യഹോവ പ്രസാദിക്കുമോ? എന്റെ അതിക്രമത്തിനു വേണ്ടി ഞാൻ എന്റെ ആദ്യജാതനെയും, ഞാൻ ചെയ്ത പാപത്തിന് വേണ്ടി എന്റെ ഉദരഫലത്തെയും കൊടുക്കണമോ? മനുഷ്യാ, നല്ലത് എന്തെന്ന് അവിടുന്ന് നിനക്ക് കാണിച്ചുതന്നിരിക്കുന്നു: ന്യായം പ്രവർത്തിക്കുവാനും ദയാതല്പരനായിരിക്കുവാനും നിന്റെ ദൈവത്തിന്റെ സന്നിധിയിൽ താഴ്മയോടെ നടക്കുവാനും അല്ലാതെ എന്താകുന്നു യഹോവ നിന്നോട് ചോദിക്കുന്നത്?
മീഖാ 6:1-8 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവ അരുളിച്ചെയ്യുന്നതു കേൾപ്പിൻ; നീ എഴുന്നേറ്റു പർവ്വതങ്ങളുടെ മുമ്പാകെ വ്യവഹരിക്ക; കുന്നുകൾ നിന്റെ വാക്കു കേൾക്കട്ടെ; പർവ്വതങ്ങളും ഭൂമിയുടെ സ്ഥിരമായ അടിസ്ഥാനങ്ങളുമായുള്ളോവേ, യഹോവയുടെ വ്യവഹാരം കേൾപ്പിൻ! യഹോവെക്കു തന്റെ ജനത്തോടു ഒരു വ്യവഹാരം ഉണ്ടു; അവൻ യിസ്രായേലിനോടു വാദിക്കും. എന്റെ ജനമേ, ഞാൻ നിന്നോടു എന്തു ചെയ്തു? ഏതൊന്നിനാൽ ഞാൻ നിന്നെ മുഷിപ്പിച്ചു? എന്റെ നേരെ സാക്ഷീകരിക്ക. ഞാൻ നിന്നെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു, അടിമവീട്ടിൽനിന്നു നിന്നെ വീണ്ടെടുത്തു, മോശെയെയും അഹരോനെയും മിര്യാമിനെയും നിന്റെ മുമ്പിൽ അയച്ചു. എന്റെ ജനമേ, നിങ്ങൾ യഹോവയുടെ നീതിപ്രവൃത്തികളെ അറിയേണ്ടതിന്നു മോവാബ്രാജാവായ ബാലാക്ക് ആലോചിച്ചതും ബെയോരിന്റെ മകനായ ബിലെയാം ഉത്തരം പറഞ്ഞതും ശിത്തീംമുതൽ ഗില്ഗാൽവരെ സംഭവിച്ചതും ഓർക്കുക. എന്തൊന്നുകൊണ്ടു ഞാൻ യഹോവയുടെ സന്നിധിയിൽ ചെന്നു, അത്യുന്നതദൈവത്തിന്റെ മുമ്പാകെ കുമ്പിടേണ്ടു? ഞാൻ ഹോമയാഗങ്ങളോടും ഒരു വയസ്സു പ്രായമുള്ള കാളക്കിടാക്കളോടും കൂടെ അവന്റെ സന്നിധിയിൽ ചെല്ലേണമോ? ആയിരം ആയിരം ആട്ടുകൊറ്റനിലും പതിനായിരം പതിനായിരം തൈലനദിയിലും യഹോവ പ്രസാദിക്കുമോ? എന്റെ അതിക്രമത്തിന്നു വേണ്ടി ഞാൻ എന്റെ ആദ്യജാതനെയും ഞാൻ ചെയ്ത പാപത്തിന്നു വേണ്ടി എന്റെ ഉദരഫലത്തെയും കൊടുക്കേണമോ? മനുഷ്യാ, നല്ലതു എന്തെന്നു അവൻ നിനക്കു കാണിച്ചു തന്നിരിക്കുന്നു: ന്യായം പ്രവർത്തിപ്പാനും ദയാതല്പരനായിരിപ്പാനും നിന്റെ ദൈവത്തിന്റെ സന്നിധിയിൽ താഴ്മയോടെ നടപ്പാനും അല്ലാതെ എന്താകുന്നു യഹോവ നിന്നോടു ചോദിക്കുന്നതു?
മീഖാ 6:1-8 സമകാലിക മലയാളവിവർത്തനം (MCV)
യഹോവ അരുളിച്ചെയ്യുന്നതു ശ്രദ്ധിക്കുക: “നീ എഴുന്നേറ്റ് പർവതങ്ങളുടെ മുമ്പിൽ വ്യവഹരിക്കുക; നീ പറയുന്നത് കുന്നുകൾ കേൾക്കട്ടെ. “പർവതങ്ങളേ, യഹോവയുടെ വ്യവഹാരം കേൾക്കുക; ഭൂമിയുടെ ശാശ്വതമായ അടിസ്ഥാനങ്ങളേ, ശ്രദ്ധിക്കുക. യഹോവയ്ക്കു തന്റെ ജനത്തിനുനേരേ ഒരു വ്യവഹാരമുണ്ട്; അവിടന്ന് ഇസ്രായേലിന്റെനേരേ കുറ്റമാരോപിക്കുന്നു. “എന്റെ ജനമേ, ഞാൻ നിങ്ങളോട് എന്തു ചെയ്തു? ഞാൻ എങ്ങനെയെങ്കിലും നിങ്ങളെ ഭാരപ്പെടുത്തിയോ? എന്നോട് ഉത്തരം പറയൂ. ഞാൻ നിങ്ങളെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്നു, അടിമദേശത്തുനിന്നു നിങ്ങളെ വീണ്ടെടുത്തു. നിങ്ങളെ നയിക്കാൻ ഞാൻ മോശയെയും അഹരോനെയും മിര്യാമിനെയും അയച്ചു. എന്റെ ജനമേ, മോവാബുരാജാവായ ബാലാക്കിന്റെ ആലോചന എന്തായിരുന്നു എന്നും ബെയോരിന്റെ മകനായ ബിലെയാമിന്റെ മറുപടിയും ഓർക്കുക; യഹോവയുടെ നീതിയുള്ള പ്രവൃത്തികൾ അറിയേണ്ടതിന് ശിത്തീമിൽനിന്നു ഗിൽഗാൽവരെയുള്ള നിങ്ങളുടെ യാത്ര ഓർക്കുക.” യഹോവയുടെ സന്നിധിയിൽ ഞാൻ എന്താണ് കൊണ്ടുവരേണ്ടത്? ഉന്നതനായ ദൈവത്തിന്റെ മുമ്പിൽ വണങ്ങുമ്പോൾ, ഹോമയാഗങ്ങളുമായി ഞാൻ അവിടത്തെ സന്നിധിയിൽ വരണമോ? ഒരുവയസ്സു പ്രായമുള്ള കാളക്കിടാങ്ങളുമായി വരണമോ? ആയിരക്കണക്കിനു കോലാടുകളിൽ യഹോവ പ്രസാദിക്കുമോ? പതിനായിരക്കണക്കിനു തൈലനദികളിൽ അവിടന്നു പ്രസാദിക്കുമോ? എന്റെ അതിക്രമത്തിനായി എന്റെ ആദ്യജാതനെയും എന്റെ പാപങ്ങൾക്കായി എന്റെ ഉദരഫലത്തെയും ഞാൻ അർപ്പിക്കണമോ? മനുഷ്യാ, നന്മ എന്തെന്ന് അവിടന്നു നിന്നെ കാണിച്ചിരിക്കുന്നു; നീതി പ്രവർത്തിക്കുക, കരുണയെ സ്നേഹിക്കുക നിന്റെ ദൈവത്തിന്റെ മുമ്പിൽ താഴ്മയോടെ ജീവിക്കുക. ഇതല്ലാതെ മറ്റെന്താണ് യഹോവ നിന്നോട് ആവശ്യപ്പെടുന്നത്?