മത്തായി 8:1-27

മത്തായി 8:1-27 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അവൻ മലയിൽനിന്ന് ഇറങ്ങിവന്നാറെ വളരെ പുരുഷാരം അവനെ പിന്തുടർന്നു. അപ്പോൾ ഒരു കുഷ്ഠരോഗി വന്ന് അവനെ നമസ്കരിച്ച് കർത്താവേ, നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും എന്നു പറഞ്ഞു. അവൻ കൈ നീട്ടി അവനെ തൊട്ടു: എനിക്കു മനസ്സുണ്ട്; നീ ശുദ്ധമാക എന്നു പറഞ്ഞു; ഉടനെ കുഷ്ഠം മാറി അവൻ ശുദ്ധമായി. യേശു അവനോട്: നോക്കൂ, ആരോടും പറയരുത്; അവർക്കു സാക്ഷ്യത്തിനായി നീ ചെന്നു നിന്നെത്തന്നെ പുരോഹിതനു കാണിച്ച്, മോശെ കല്പിച്ച വഴിപാടു കഴിക്ക എന്നു പറഞ്ഞു. അവൻ കഫർന്നഹൂമിൽ എത്തിയപ്പോൾ ഒരു ശതാധിപൻ വന്ന് അവനോട്: കർത്താവേ, എന്റെ ബാല്യക്കാരൻ പക്ഷവാതം പിടിച്ചു കഠിനമായി വേദനപ്പെട്ടു വീട്ടിൽ കിടക്കുന്നു എന്ന് അപേക്ഷിച്ചു പറഞ്ഞു. അവൻ അവനോട്: ഞാൻ വന്ന് അവനെ സൗഖ്യമാക്കും എന്നു പറഞ്ഞു. അതിനു ശതാധിപൻ: കർത്താവേ, നീ എന്റെ പുരയ്ക്കകത്തു വരുവാൻ ഞാൻ യോഗ്യനല്ല; ഒരു വാക്കു മാത്രം കല്പിച്ചാൽ എന്റെ ബാല്യക്കാരനു സൗഖ്യം വരും. ഞാനും അധികാരത്തിൻകീഴുള്ള മനുഷ്യൻ ആകുന്നു. എന്റെ കീഴിൽ പടയാളികൾ ഉണ്ട്; ഞാൻ ഒരുവനോട്: പോക എന്നു പറഞ്ഞാൽ പോകുന്നു; മറ്റൊരുത്തനോട്: വരിക എന്നു പറഞ്ഞാൽ വരുന്നു; എന്റെ ദാസനോട്: ഇതു ചെയ്ക എന്നു പറഞ്ഞാൽ അവൻ ചെയ്യുന്നു എന്ന് ഉത്തരം പറഞ്ഞു. അതു കേട്ടിട്ട് യേശു അതിശയിച്ചു, പിൻചെല്ലുന്നവരോടു പറഞ്ഞത്: യിസ്രായേലിൽക്കൂടെ ഇത്ര വലിയ വിശ്വാസം കണ്ടിട്ടില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. കിഴക്കുനിന്നും പടിഞ്ഞാറുനിന്നും അനേകർ വന്ന് അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും കൂടെ സ്വർഗരാജ്യത്തിൽ പന്തിക്കിരിക്കും. രാജ്യത്തിന്റെ പുത്രന്മാരെയോ ഏറ്റവും പുറത്തുള്ള ഇരുളിലേക്കു തള്ളിക്കളയും; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു. പിന്നെ യേശു ശതാധിപനോട്: പോക, നീ വിശ്വസിച്ചതുപോലെ നിനക്കു ഭവിക്കട്ടെ എന്നു പറഞ്ഞു. ആ നാഴികയിൽതന്നെ അവന്റെ ബാല്യക്കാരനു സൗഖ്യം വന്നു. യേശു പത്രൊസിന്റെ വീട്ടിൽ വന്നാറെ അവന്റെ അമ്മാവിയമ്മ പനിപിടിച്ചു കിടക്കുന്നതു കണ്ടു. അവൻ അവളുടെ കൈ തൊട്ടു പനി അവളെ വിട്ടു; അവൾ എഴുന്നേറ്റ് അവർക്ക് ശുശ്രൂഷ ചെയ്തു. വൈകുന്നേരം ആയപ്പോൾ പല ഭൂതഗ്രസ്തരെയും അവന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ വാക്കുകൊണ്ടു ദുരാത്മാക്കളെ പുറത്താക്കി സകല ദീനക്കാർക്കും സൗഖ്യം വരുത്തി. അവൻ നമ്മുടെ ബലഹീനതകളെ എടുത്തു, വ്യാധികളെ ചുമന്നു എന്നു യെശയ്യാപ്രവാചകൻ പറഞ്ഞതു നിവൃത്തിയാകുവാൻ തന്നെ. എന്നാൽ യേശു തന്റെ ചുറ്റും വളരെ പുരുഷാരത്തെ കണ്ടാറെ അക്കരയ്ക്കു പോകുവാൻ കല്പിച്ചു. അന്ന് ഒരു ശാസ്ത്രി അവന്റെ അടുക്കൽ വന്നു: ഗുരോ, നീ എവിടെ പോയാലും ഞാൻ നിന്നെ അനുഗമിക്കാം എന്നു പറഞ്ഞു. യേശു അവനോട്: കുറുനരികൾക്കു കുഴികളും ആകാശത്തിലെ പറവകൾക്കു കൂടുകളും ഉണ്ട്; മനുഷ്യപുത്രനോ തല ചായിപ്പാൻ ഇടമില്ല എന്നു പറഞ്ഞു. ശിഷ്യന്മാരിൽ വേറൊരുത്തൻ അവനോട്: കർത്താവേ, ഞാൻ മുമ്പേ പോയി എന്റെ അപ്പനെ അടക്കം ചെയ്‍വാൻ അനുവാദം തരേണം എന്നു പറഞ്ഞു. യേശു അവനോട്: നീ എന്റെ പിന്നാലെ വരിക; മരിച്ചവർ തങ്ങളുടെ മരിച്ചവരെ അടക്കം ചെയ്യട്ടെ എന്നു പറഞ്ഞു. അവൻ ഒരു പടകിൽ കയറിയപ്പോൾ അവന്റെ ശിഷ്യന്മാർ കൂടെ ചെന്നു. പിന്നെ കടലിൽ വലിയ ഓളം ഉണ്ടായിട്ടു പടക് തിരകളാൽ മുങ്ങുമാറായി; അവനോ ഉറങ്ങുകയായിരുന്നു. അവർ അടുത്തു ചെന്നു: കർത്താവേ, രക്ഷിക്കേണമേ: ഞങ്ങൾ നശിച്ചുപോകുന്നു എന്നു പറഞ്ഞ് അവനെ ഉണർത്തി. അവൻ അവരോട്: അല്പവിശ്വാസികളേ, നിങ്ങൾ ഭീരുക്കൾ ആകുവാൻ എന്ത് എന്നു പറഞ്ഞശേഷം എഴുന്നേറ്റു കാറ്റിനെയും കടലിനെയും ശാസിച്ചപ്പോൾ വലിയ ശാന്തതയുണ്ടായി. എന്നാറെ ആ മനുഷ്യർ അതിശയിച്ചു: ഇവൻ എങ്ങനെയുള്ളവൻ? കാറ്റും കടലുംകൂടെ ഇവനെ അനുസരിക്കുന്നുവല്ലോ എന്നു പറഞ്ഞു.

പങ്ക് വെക്കു
മത്തായി 8 വായിക്കുക

മത്തായി 8:1-27 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

മലയിൽ നിന്നിറങ്ങി വന്നപ്പോൾ ഒരു വലിയ ജനസഞ്ചയം യേശുവിനെ അനുഗമിച്ചു. അപ്പോൾ ഒരു കുഷ്ഠരോഗി വന്ന് അവിടുത്തെ മുമ്പിൽ മുട്ടുകുത്തി ഇങ്ങനെ പറഞ്ഞു: “കർത്താവേ അങ്ങേക്കു മനസ്സുണ്ടെങ്കിൽ എന്നെ സുഖപ്പെടുത്തി ശുദ്ധനാക്കുവാൻ കഴിയും.” യേശു കൈനീട്ടി ആ രോഗിയെ തൊട്ടുകൊണ്ട്: “എനിക്കു മനസ്സുണ്ട്, നീ ശുദ്ധനാകുക” എന്നു പറഞ്ഞു. തൽക്ഷണം കുഷ്ഠരോഗം അയാളെ വിട്ടുമാറി. യേശു അയാളോട്, “നോക്കൂ, ഇക്കാര്യം ആരോടും പറയരുത്; എന്നാൽ നീ പോയി നിന്നെത്തന്നെ പുരോഹിതനു കാണിച്ചുകൊടുത്തിട്ട് മോശ കല്പിച്ചിട്ടുള്ള വഴിപാട് അർപ്പിക്കണം. അങ്ങനെ ഇക്കാര്യം അവരെ ബോധ്യപ്പെടുത്തുക” എന്നു പറഞ്ഞു. യേശു കഫർന്നഹൂമിൽ പ്രവേശിച്ചപ്പോൾ റോമൻ സൈന്യത്തിലെ ഒരു ശതാധിപൻ വന്ന് അവിടുത്തെ സഹായം അഭ്യർഥിച്ചു. “പ്രഭോ, എന്റെ ഭൃത്യൻ തളർവാതം പിടിപെട്ട് എന്റെ വീട്ടിൽ കിടക്കുന്നു; അവൻ ദുസ്സഹമായ വേദന അനുഭവിക്കുന്നു” എന്ന് അയാൾ പറഞ്ഞു. യേശു അയാളോട്: “ഞാൻ വന്ന് അവനെ സുഖപ്പെടുത്താം” എന്നു പറഞ്ഞു. അപ്പോൾ ശതാധിപൻ പറഞ്ഞു “പ്രഭോ അങ്ങ് എന്റെ ഭവനത്തിൽ വരാൻ തക്ക യോഗ്യത എനിക്കില്ല. അങ്ങ് ഒരു വാക്കു കല്പിച്ചാൽ മാത്രം മതി; എന്റെ ഭൃത്യൻ സുഖം പ്രാപിക്കും. ഞാൻ മേലധികാരികളുടെ കീഴിലുള്ള ഒരുവനാണ്; എന്റെ കീഴിലും ഭടന്മാരുണ്ട്; ഒരുവനോട് ‘പോകുക’ എന്നു ഞാൻ പറഞ്ഞാൽ അവൻ പോകുന്നു; മറ്റൊരുവനോട് ‘വരിക’ എന്നു പറഞ്ഞാൽ അവൻ വരുന്നു; എന്റെ ഭൃത്യനോട് ‘ഇതു ചെയ്യുക’ എന്നു പറഞ്ഞാൽ അവനതു ചെയ്യുന്നു.” യേശു ഇതു കേട്ടപ്പോൾ ആശ്ചര്യപ്പെട്ടു. തന്നെ അനുഗമിച്ചവരോട് അവിടുന്ന് അരുൾചെയ്തു: “ഇസ്രായേലിൽപോലും ഇതുപോലെയുള്ള വിശ്വാസം ഞാൻ കണ്ടിട്ടില്ല എന്നു സത്യമായി ഞാൻ നിങ്ങളോടു പറയുന്നു. കിഴക്കുനിന്നും പടിഞ്ഞാറുനിന്നും അനേകമാളുകൾ വന്ന് അബ്രഹാമിനോടും ഇസ്ഹാക്കിനോടും യാക്കോബിനോടുംകൂടി സ്വർഗരാജ്യത്തിൽ വിരുന്നിനിരിക്കും. എന്നാൽ രാജ്യത്തിന്റെ അവകാശികളായിരിക്കേണ്ടവർ പുറത്തുള്ള അന്ധകാരത്തിലേക്കു തള്ളപ്പെടും; അവിടെ അവർ കരയുകയും പല്ലുകടിക്കുകയും ചെയ്യും എന്നു ഞാൻ നിങ്ങളോടു പറയുന്നു.” യേശു ആ ശതാധിപനോട്, “പൊയ്‍ക്കൊള്ളുക, താങ്കൾ വിശ്വസിച്ചിരിക്കുന്നതുപോലെ താങ്കൾക്കു ഭവിക്കട്ടെ” എന്നു പറഞ്ഞു. ആ നിമിഷംതന്നെ അയാളുടെ ഭൃത്യൻ സുഖം പ്രാപിച്ചു. യേശു പത്രോസിന്റെ വീട്ടിൽ ചെന്നപ്പോൾ അയാളുടെ ഭാര്യാമാതാവ് ജ്വരബാധിതയായി കിടക്കുന്നതു കണ്ടു. അവിടുന്ന് ആ സ്‍ത്രീയുടെ കൈയിൽ തൊട്ടു; അപ്പോൾ പനി വിട്ടുമാറി. അവർ എഴുന്നേറ്റ് അവിടുത്തെ പരിചരിച്ചു. സായാഹ്നമായപ്പോഴേക്ക് ഭൂതാവിഷ്ടരായ ഒട്ടേറെയാളുകളെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു. തന്റെ വാക്കുകൊണ്ടു ദുഷ്ടാത്മാക്കളെ അവിടുന്നു പുറത്താക്കി; എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു. ‘നമ്മുടെ വേദനകളെ അവിടുന്ന് ഏറ്റെടുക്കുകയും നമ്മുടെ രോഗങ്ങളുടെ ഭാരം വഹിക്കുകയും ചെയ്തു’ എന്ന് യെശയ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തത് ഇങ്ങനെ സംഭവിച്ചു. തന്റെ ചുറ്റും ഒരു ജനക്കൂട്ടത്തെ കണ്ടപ്പോൾ ഗലീലത്തടാകത്തിന്റെ മറുകരയ്‍ക്കു പോകുവാൻ യേശു ശിഷ്യന്മാരോട് ആജ്ഞാപിച്ചു. അപ്പോൾ ഒരു മതപണ്ഡിതൻ വന്ന് “ഗുരോ, അങ്ങ് എവിടെപോയാലും ഞാൻ അവിടുത്തെ അനുഗമിച്ചുകൊള്ളാം” എന്നു പറഞ്ഞു. അതിനു മറുപടിയായി, “കുറുനരികൾക്കു മാളങ്ങളുണ്ട്; ആകാശത്തിലെ പക്ഷികൾക്കു കൂടുകളും ഉണ്ട്; എന്നാൽ മനുഷ്യപുത്രനു തലചായ്‍ക്കാൻ ഇടമില്ല” എന്ന് യേശു പറഞ്ഞു. മറ്റൊരു ശിഷ്യൻ യേശുവിനോട്, “കർത്താവേ ഞാൻ ആദ്യം പോയി എന്റെ പിതാവിന്റെ ശവസംസ്കാരം നടത്തട്ടെ” എന്നു പറഞ്ഞു. എന്നാൽ യേശു അയാളോട്: “നീ എന്നെ അനുഗമിക്കുക; മരിച്ചവർ തങ്ങളുടെ മരിച്ചവരെ സംസ്കരിക്കട്ടെ;” എന്നു പ്രതിവചിച്ചു. പിന്നീട് യേശു വഞ്ചിയിൽ കയറി. ശിഷ്യന്മാരും അവിടുത്തെ പിന്നാലെ കയറി. പെട്ടെന്ന് തടാകത്തിൽ ഒരു വലിയ കൊടുങ്കാറ്റുണ്ടായി. തിരമാലകൾ വഞ്ചിക്കുമീതെ അടിച്ചുയർന്നു. യേശുവാകട്ടെ അപ്പോൾ ഉറങ്ങുകയായിരുന്നു. അവർ ചെന്ന് അവിടുത്തെ ഉണർത്തി: “നാഥാ, ഞങ്ങളിതാ നശിക്കുവാൻ പോകുന്നു!; ഞങ്ങളെ രക്ഷിക്കണമേ!” എന്ന് അപേക്ഷിച്ചു. യേശു അവരോട്: “അല്പവിശ്വാസികളേ, നിങ്ങൾ എന്തിനു ഭയപ്പെടുന്നു?” എന്നു ചോദിച്ചു. അനന്തരം അവിടുന്ന് എഴുന്നേറ്റു കാറ്റിനെയും തിരമാലകളെയും ശാസിച്ചു. ഉടനെ തടാകം തികച്ചും പ്രശാന്തമായി. അപ്പോൾ അവർ ആശ്ചര്യപ്പെട്ടു. “ഇദ്ദേഹം ആരാണ്? കാറ്റും തിരമാലകളുംപോലും ഇദ്ദേഹത്തെ അനുസരിക്കുന്നുവല്ലോ” എന്ന് അവർപറഞ്ഞു.

പങ്ക് വെക്കു
മത്തായി 8 വായിക്കുക

മത്തായി 8:1-27 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

യേശു മലയിൽനിന്നു ഇറങ്ങി വന്നപ്പോൾ വളരെ പുരുഷാരം അവനെ പിന്തുടർന്നു. അപ്പോൾ ഒരു കുഷ്ഠരോഗി വന്നു അവനെ നമസ്കരിച്ചു: “കർത്താവേ, നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും“ എന്നു പറഞ്ഞു. യേശു കൈ നീട്ടി അവനെ തൊട്ടു:എനിക്ക് മനസ്സുണ്ട്; നീ ശുദ്ധമാക എന്നു പറഞ്ഞു; ഉടനെ കുഷ്ഠം മാറി അവൻ ശുദ്ധനായി. യേശു അവനോട്: നോക്കൂ, ഇത് നീ ആരോടും പറയരുത്; എന്നാൽ പുരോഹിതന്മാർക്കു സാക്ഷ്യത്തിനായി നീ ചെന്നു നിന്നെത്തന്നെ അവർക്ക് കാണിച്ചു, മോശെ കല്പിച്ച വഴിപാട് കഴിക്ക എന്നു പറഞ്ഞു. യേശു കഫർന്നഹൂമിൽ എത്തിയപ്പോൾ ഒരു ശതാധിപൻ വന്നു അവനോട്: “കർത്താവേ, എന്‍റെ വേലക്കാരൻ തളർവാതം പിടിച്ച് കഠിനമായി വേദനപ്പെട്ട് വീട്ടിൽ കിടക്കുന്നു“ എന്നു അപേക്ഷിച്ചു പറഞ്ഞു. യേശു അവനോട്: ഞാൻ വന്നു അവനെ സൌഖ്യമാക്കും എന്നു പറഞ്ഞു. അതിന് ശതാധിപൻ: “കർത്താവേ, നീ എന്‍റെ വീടിനകത്ത് വരുവാൻ ഞാൻ യോഗ്യനല്ല; ഒരു വാക്കുമാത്രം കല്പിച്ചാൽ എന്‍റെ വേലക്കാരന് സൌഖ്യംവരും. ഞാനും അധികാരത്തിൻകീഴുള്ള മനുഷ്യൻ ആകുന്നു. എന്‍റെ കീഴിൽ പടയാളികൾ ഉണ്ട്; ഞാൻ ഒരുവനോട്: പോക എന്നു പറഞ്ഞാൽ പോകുന്നു; മറ്റൊരുത്തനോട്: വരിക എന്നു പറഞ്ഞാൽ വരുന്നു; എന്‍റെ ദാസനോട്: ഇതു ചെയ്ക എന്നു പറഞ്ഞാൽ അവൻ ചെയ്യുന്നു“ എന്നു ഉത്തരം പറഞ്ഞു. അത് കേട്ടിട്ടു യേശു അതിശയിച്ചു, തന്നെ അനുഗമിക്കുന്നവരോട് പറഞ്ഞത്: യിസ്രായേലിൽകൂടെ ഇത്രവലിയ വിശ്വാസമുള്ള ഒരുവനെ കണ്ടിട്ടില്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു. കിഴക്കുനിന്നും പടിഞ്ഞാറുനിന്നും അനേകർ വന്നു അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും കൂടെ സ്വർഗ്ഗരാജ്യത്തിൽ പന്തിയിലിരിക്കും. രാജ്യത്തിന്‍റെ പുത്രന്മാരെയോ ഏറ്റവും പുറത്തുള്ള ഇരുളിലേക്ക് തള്ളിക്കളയും; അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു. പിന്നെ യേശു ശതാധിപനോട്: പോക, നീ വിശ്വസിച്ചതുപോലെ നിനക്കു ഭവിക്കട്ടെ എന്നു പറഞ്ഞു. ആ സമയം തന്നെ അവന്‍റെ വേലക്കാരന് സൌഖ്യംവന്നു. യേശു പത്രോസിന്‍റെ വീട്ടിൽ വന്നപ്പോൾ അവന്‍റെ അമ്മാവിയമ്മ പനിപിടിച്ചു കിടക്കുന്നത് കണ്ടു. അവൻ അവളുടെ കയ്യിൽ തൊട്ടു പനി അവളെ വിട്ടുമാറി; അവൾ എഴുന്നേറ്റ് അവർക്ക് ശുശ്രൂഷചെയ്തു. വൈകുന്നേരം ആയപ്പോൾ പല ഭൂതഗ്രസ്തരെയും അവന്‍റെ അടുക്കൽ കൊണ്ടുവന്നു; അവൻ വാക്കുകൊണ്ടു ദുരാത്മാക്കളെ പുറത്താക്കി സകലദീനക്കാർക്കും സൗഖ്യം വരുത്തി. അവൻ നമ്മുടെ ബലഹീനതകളെ എടുത്തു വ്യാധികളെ ചുമന്നു എന്നു യെശയ്യാപ്രവാചകൻ പറഞ്ഞത് ഇപ്രകാരം നിവൃത്തിയാകുവാൻ ഇടയായി. എന്നാൽ യേശു തന്‍റെ ചുറ്റും വളരെ പുരുഷാരത്തെ കണ്ടപ്പോൾ ഗലീലാകടലിൻ്റെ അക്കരയ്ക്ക് പോകുവാൻ കല്പിച്ചു. അപ്പോൾ ഒരു ശാസ്ത്രി അവന്‍റെ അടുക്കൽ വന്നു: “ഗുരോ, നീ എവിടെ പോയാലും ഞാൻ നിന്നെ അനുഗമിക്കും“ എന്നു പറഞ്ഞു. യേശു അവനോട്: കുറുനരികൾക്ക് കുഴികളും ആകാശത്തിലെ പറവകൾക്ക് കൂടുകളും ഉണ്ട്; മനുഷ്യപുത്രനോ തലചായിപ്പാൻ ഇടം ഇല്ല എന്നു പറഞ്ഞു. ശിഷ്യന്മാരിൽ മറ്റൊരുവൻ അവനോട്: “കർത്താവേ, ഞാൻ മുമ്പേപോയി എന്‍റെ അപ്പനെ അടക്കം ചെയ്‌വാൻ അനുവാദം തരേണം“ എന്നു പറഞ്ഞു. യേശു അവനോട്: “നീ എന്നെ അനുഗമിക്ക, മരിച്ചവർ തങ്ങളുടെ മരിച്ചവരെ അടക്കം ചെയ്യുവാനായി അവരെ വിട്ടയയ്ക്ക” എന്നു പറഞ്ഞു. പിന്നെ യേശു പടകിൽ കയറിയപ്പോൾ അവന്‍റെ ശിഷ്യന്മാർ അവനോട് കൂടെ ചെന്നു. അപ്പോൾ കടലിൽ വലിയ ഓളം ഉണ്ടായിട്ട് പടക് തിരകളാൽ മുങ്ങുമാറായി; യേശുവോ ഉറങ്ങുകയായിരുന്നു. അവർ അടുത്തുചെന്നു: “കർത്താവേ, രക്ഷിക്കേണമേ; ഞങ്ങൾ ഇപ്പോൾതന്നെ മരിച്ചുപോകും“ എന്നു പറഞ്ഞു അവനെ ഉണർത്തി. യേശു അവരോട്: അല്പവിശ്വാസികളേ, നിങ്ങൾ ഭീരുക്കൾ ആകുവാൻ എന്ത് എന്നു പറഞ്ഞശേഷം എഴുന്നേറ്റ് കാറ്റിനേയും കടലിനേയും ശാസിച്ചു വലിയ ശാന്തതയുണ്ടായി. അപ്പോൾ ആ മനുഷ്യർ ആശ്ചര്യപ്പെട്ടിട്ട്: “ഇവൻ എങ്ങനെയുള്ളവൻ? കാറ്റും കടലും കൂടെ ഇവനെ അനുസരിക്കുന്നുവല്ലോ“ എന്നു പറഞ്ഞു.

പങ്ക് വെക്കു
മത്തായി 8 വായിക്കുക

മത്തായി 8:1-27 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അവൻ മലയിൽനിന്നു ഇറങ്ങിവന്നാറെ വളരെ പുരുഷാരം അവനെ പിന്തുടർന്നു. അപ്പോൾ ഒരു കുഷ്ഠരോഗി വന്നു അവനെ നമസ്കരിച്ചു, കർത്താവേ, നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും എന്നു പറഞ്ഞു. അവൻ കൈ നീട്ടി അവനെ തൊട്ടു: എനിക്കു മനസ്സുണ്ടു; നീ ശുദ്ധമാക എന്നു പറഞ്ഞു; ഉടനെ കുഷ്ഠം മാറി അവൻ ശുദ്ധമായി. യേശു അവനോടു: നോക്കു, ആരോടും പറയരുതു; അവർക്കു സാക്ഷ്യത്തിന്നായി നീ ചെന്നു നിന്നെത്തന്നേ പുരോഹിതന്നു കാണിച്ചു, മോശെ കല്പിച്ച വഴിപാടു കഴിക്ക എന്നു പറഞ്ഞു. അവൻ കഫർന്നഹൂമിൽ എത്തിയപ്പോൾ ഒരു ശതാധിപൻ വന്നു അവനോടു: കർത്താവേ, എന്റെ ബാല്യക്കാരൻ പക്ഷവാതം പിടിച്ചു കഠിനമായി വേദനപ്പെട്ടു വീട്ടിൽ കിടക്കുന്നു എന്നു അപേക്ഷിച്ചു പറഞ്ഞു. അവൻ അവനോടു: ഞാൻ വന്നു അവനെ സൗഖ്യമാക്കും എന്നു പറഞ്ഞു. അതിന്നു ശതാധിപൻ: കർത്താവേ, നീ എന്റെ പുരെക്കകത്തു വരുവാൻ ഞാൻ യോഗ്യനല്ല; ഒരു വാക്കുമാത്രം കല്പിച്ചാൽ എന്റെ ബാല്യക്കാരന്നു സൗഖ്യം വരും. ഞാനും അധികാരത്തിൻ കീഴുള്ള മനുഷ്യൻ ആകുന്നു. എന്റെ കീഴിൽ പടയാളികൾ ഉണ്ടു; ഞാൻ ഒരുവനോടു: പോക എന്നു പറഞ്ഞാൽ പോകുന്നു; മറ്റൊരുത്തനോടു: വരിക എന്നു പറഞ്ഞാൽ വരുന്നു; എന്റെ ദാസനോടു: ഇതു ചെയ്ക എന്നു പറഞ്ഞാൽ അവൻ ചെയ്യുന്നു എന്നു ഉത്തരം പറഞ്ഞു. അതു കേട്ടിട്ടു യേശു അതിശയിച്ചു, പിൻചെല്ലുന്നവരോടു പറഞ്ഞതു: യിസ്രായേലിൽകൂടെ ഇത്ര വലിയ വിശ്വാസം കണ്ടിട്ടില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. കിഴക്കുനിന്നും പടിഞ്ഞാറുനിന്നും അനേകർ വന്നു അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും കൂടെ സ്വർഗ്ഗരാജ്യത്തിൽ പന്തിക്കിരിക്കും. രാജ്യത്തിന്റെ പുത്രന്മാരേയോ ഏറ്റവും പുറത്തുള്ള ഇരുളിലേക്കു തള്ളിക്കളയും; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു. പിന്നെ യേശു ശതാധിപനോടു: പോക, നീ വിശ്വസിച്ചതുപോലെ നിനക്കു ഭവിക്കട്ടെ എന്നു പറഞ്ഞു. ആ നാഴികയിൽ തന്നേ അവന്റെ ബാല്യക്കാരന്നു സൗഖ്യം വന്നു. യേശു പത്രോസിന്റെ വീട്ടിൽ വന്നാറെ അവന്റെ അമ്മാവിയമ്മ പനിപിടിച്ചു കിടക്കുന്നതു കണ്ടു. അവൻ അവളുടെ കൈതൊട്ടു പനി അവളെ വിട്ടു; അവൾ എഴുന്നേറ്റു അവർക്കു ശുശ്രൂഷ ചെയ്തു. വൈകുന്നേരം ആയപ്പോൾ പല ഭൂതഗ്രസ്തരെയും അവന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ വാക്കുകൊണ്ടു ദുരാത്മാക്കളെ പുറത്താക്കി സകലദീനക്കാർക്കും സൗഖ്യം വരുത്തി. അവൻ നമ്മുടെ ബലഹീനതകളെ എടുത്തു വ്യാധികളെ ചുമന്നു എന്നു യെശയ്യാപ്രവാചകൻ പറഞ്ഞതു നിവൃത്തിയാകുവാൻ തന്നേ. എന്നാൽ യേശു തന്റെ ചുറ്റും വളരെ പുരുഷാരത്തെ കണ്ടാറെ അക്കരെക്കു പോകുവാൻ കല്പിച്ചു. അന്നു ഒരു ശാസ്ത്രി അവന്റെ അടുക്കൽ വന്നു: ഗുരോ, നീ എവിടെ പോയാലും ഞാൻ നിന്നെ അനുഗമിക്കാം എന്നു പറഞ്ഞു. യേശു അവനോടു: കുറുനരികൾക്കു കുഴികളും ആകാശത്തിലെ പറവകൾക്കു കൂടുകളും ഉണ്ടു; മനുഷ്യപുത്രന്നോ തലചായിപ്പാൻ ഇടം ഇല്ല എന്നു പറഞ്ഞു. ശിഷ്യന്മാരിൽ വേറൊരുത്തൻ അവനോടു: കർത്താവേ, ഞാൻ മുമ്പെപോയി എന്റെ അപ്പനെ അടക്കം ചെയ്‌വാൻ അനുവാദം തരേണം എന്നുപറഞ്ഞു. യേശു അവനോടു: നീ എന്റെ പിന്നാലെ വരിക; മരിച്ചവർ തങ്ങളുടെ മരിച്ചവരെ അടക്കം ചെയ്യട്ടെ എന്നു പറഞ്ഞു. അവൻ ഒരു പടകിൽ കയറിയപ്പോൾ അവന്റെ ശിഷ്യന്മാർ കൂടെ ചെന്നു. പിന്നെ കടലിൽ വലിയ ഓളം ഉണ്ടായിട്ടു പടകു തിരകളാൽ മുങ്ങുമാറായി; അവനോ ഉറങ്ങുകയായിരുന്നു. അവർ അടുത്തുചെന്നു: കർത്താവേ, രക്ഷിക്കേണമേ; ഞങ്ങൾ നശിച്ചുപോകുന്നു എന്നു പറഞ്ഞു അവനെ ഉണർത്തി. അവൻ അവരോടു: അല്പവിശ്വാസികളെ, നിങ്ങൾ ഭീരുക്കൾ ആകുവാൻ എന്തു എന്നു പറഞ്ഞശേഷം എഴുന്നേറ്റു കാറ്റിനെയും കടലിനെയും ശാസിച്ചപ്പോൾ വലിയ ശാന്തതയുണ്ടായി. എന്നാറെ ആ മനുഷ്യർ അതിശയിച്ചു: ഇവൻ എങ്ങനെയുള്ളവൻ? കാറ്റും കടലും കൂടെ ഇവനെ അനുസരിക്കുന്നുവല്ലോ എന്നു പറഞ്ഞു.

പങ്ക് വെക്കു
മത്തായി 8 വായിക്കുക

മത്തായി 8:1-27 സമകാലിക മലയാളവിവർത്തനം (MCV)

യേശു മലയിൽനിന്ന് ഇറങ്ങിവന്നപ്പോൾ വലിയ ജനസമൂഹം അദ്ദേഹത്തെ അനുഗമിച്ചു. ഒരു കുഷ്ഠരോഗി അദ്ദേഹത്തിന്റെമുമ്പിൽ വന്ന് സാഷ്ടാംഗം വീണ്, “കർത്താവേ, അങ്ങേക്കു മനസ്സുണ്ടെങ്കിൽ എന്നെ സൗഖ്യമാക്കാൻ കഴിയും” എന്നു പറഞ്ഞു. യേശു കൈനീട്ടി ആ മനുഷ്യനെ തൊട്ടുകൊണ്ട്, “എനിക്കു മനസ്സുണ്ട്, ശുദ്ധനാകുക” എന്നു പറഞ്ഞു. ഉടൻതന്നെ കുഷ്ഠം അവനെ വിട്ടുമാറി. തുടർന്ന് യേശു അവനോട്, “നോക്കൂ, ഇത് ആരോടും പറയരുത്; എന്നാൽ നീ പോയി പുരോഹിതനു നിന്നെത്തന്നെ കാണിക്കുക. നീ പൂർണസൗഖ്യമുള്ളവനായി എന്ന് പൊതുജനങ്ങൾക്കു ബോധ്യപ്പെടുന്നതിനായി മോശ കൽപ്പിച്ച വഴിപാടുകൾ അർപ്പിക്കുകയും ചെയ്യുക” എന്നു പറഞ്ഞു. യേശു കഫാർനഹൂമിൽ പ്രവേശിച്ചപ്പോൾ, ഒരു ശതാധിപൻ സഹായാഭ്യർഥനയുമായി അദ്ദേഹത്തെ സമീപിച്ച്, “കർത്താവേ, എന്റെ സേവകൻ പക്ഷാഘാതം ബാധിച്ച് അതിവേദന അനുഭവിച്ചുകൊണ്ട് വീട്ടിൽ കിടപ്പിലാണ്” എന്നു പറഞ്ഞു. അപ്പോൾ യേശു, “ഞാൻ വന്ന് അവനെ സൗഖ്യമാക്കാം” എന്ന് ശതാധിപനോട് പറഞ്ഞു. അതിനുത്തരമായി, “കർത്താവേ, അങ്ങ് എന്റെ ഭവനത്തിൽ വരാനുള്ള യോഗ്യത എനിക്കില്ല; അങ്ങ് ഒരു വാക്ക് ഉച്ചരിച്ചാൽമാത്രം മതി, എന്റെ സേവകൻ സൗഖ്യമാകും. ഞാനും അധികാരത്തിനു കീഴ്പ്പെട്ടിരിക്കുന്ന ഒരു വ്യക്തിയാണ്; എന്റെ കീഴിലും സൈനികരുണ്ട്, അവരിലൊരുവനോട് ‘പോകുക’ എന്നു പറഞ്ഞാൽ അയാൾ പോകുന്നു. മറ്റൊരുവനോട് ‘വരിക’ എന്നു പറഞ്ഞാൽ അയാൾ വരുന്നു. ഞാൻ എന്റെ സേവകനോട് ‘ഒരു കാര്യം ചെയ്യുക’ എന്നു പറയുമ്പോൾ അയാൾ ചെയ്യുന്നു,” എന്നു ശതാധിപൻ പറഞ്ഞു. ഇതു കേട്ട് യേശു ആശ്ചര്യപ്പെട്ട്, തന്നെ അനുഗമിക്കുന്നവരോട്, “ഇസ്രായേൽജനതയിൽപോലും ഇത്ര ദൃഢവിശ്വാസം ഞാൻ ആരിലും കണ്ടില്ല, സത്യം, എന്നു ഞാൻ നിങ്ങളോടു പറയുന്നു. യേശു പിന്നെയും, ‘പൂർവപശ്ചിമരാജ്യങ്ങളിൽനിന്നും അനേകർ വന്ന് സ്വർഗരാജ്യത്തിൽ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടുംകൂടെ വിരുന്നിനിരിക്കും. എന്നാൽ, സ്വർഗരാജ്യത്തിൽ പ്രവേശിക്കേണ്ടിയിരുന്ന പലരും പുറത്ത് ഘോരാന്ധകാരത്തിലേക്ക് എറിയപ്പെടും, അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും’ ” എന്നു പറഞ്ഞു. പിന്നെ യേശു ശതാധിപനോട്, “പൊയ്ക്കൊള്ളൂ, നീ വിശ്വസിച്ചതുപോലെ നിനക്കു ഭവിക്കട്ടെ” എന്നു പറഞ്ഞു. ആ നിമിഷംതന്നെ അയാളുടെ സേവകൻ സൗഖ്യമായി. യേശു പത്രോസിന്റെ ഭവനത്തിൽ എത്തിയപ്പോൾ പത്രോസിന്റെ അമ്മായിയമ്മ പനിപിടിച്ച് കിടപ്പിലായിരിക്കുന്നതു കണ്ടു. യേശു അവളുടെ കൈയിൽ സ്പർശിച്ചു; അവളുടെ പനി സൗഖ്യമായി. അവൾ എഴുന്നേറ്റ് അദ്ദേഹത്തെ ശുശ്രൂഷിച്ചുതുടങ്ങി. സന്ധ്യയായപ്പോൾ, അനേകം ഭൂതബാധിതരെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു; യേശു കൽപ്പനയാൽ ഭൂതങ്ങളെ പുറത്താക്കുകയും രോഗബാധിതരായ എല്ലാവരെയും സൗഖ്യമാക്കുകയും ചെയ്തു. “ഞങ്ങളുടെ ബലഹീനതകൾ അവിടന്ന് വഹിച്ചു; ഞങ്ങളുടെ അസ്വാസ്ഥ്യങ്ങളെ അവിടന്ന് മാറ്റിത്തന്നു,” എന്ന് യെശയ്യാപ്രവാചകനിലൂടെ അരുളിച്ചെയ്തിരുന്നതു നിറവേറാൻ ഇതു സംഭവിച്ചു. തന്റെ ചുറ്റുമുള്ള ജനസമൂഹത്തെ കണ്ടപ്പോൾ യേശു ശിഷ്യന്മാരോട് തടാകത്തിന്റെ അക്കരയ്ക്കുപോകാം എന്ന നിർദേശംനൽകി. ഉടനെ ഒരു വേദജ്ഞൻ അദ്ദേഹത്തിന്റെ അടുക്കൽവന്ന്, “ഗുരോ, അങ്ങ് എവിടെ പോയാലും ഞാൻ അങ്ങയെ അനുഗമിക്കാം” എന്നു പറഞ്ഞു. അതിന് യേശു, “കുറുനരികൾക്കു മാളങ്ങളും ആകാശത്തിലെ പക്ഷികൾക്കു കൂടുകളും ഉണ്ട്, എന്നാൽ മനുഷ്യപുത്രനോ തലചായ്‌ക്കാൻ ഇടമില്ല” എന്നു മറുപടി പറഞ്ഞു. മറ്റൊരു ശിഷ്യൻ യേശുവിനോട്, “കർത്താവേ, ഞാൻ ആദ്യം പോയി എന്റെ പിതാവിന്റെ ശവസംസ്കാരം നടത്താൻ അനുവദിച്ചാലും!” എന്നപേക്ഷിച്ചു. യേശുവോ, “ഇപ്പോൾ എന്നെ അനുഗമിക്കുക, മരിച്ചവർ അവരവരുടെ മരിച്ചവരെ സംസ്കരിക്കട്ടെ” എന്ന് അയാളോടു പറഞ്ഞു. അതിനുശേഷം യേശു വള്ളത്തിൽ കയറി; അദ്ദേഹത്തോടൊപ്പം ശിഷ്യന്മാരും യാത്രതുടർന്നു. പെട്ടെന്ന്, ഉഗ്രമായൊരു കൊടുങ്കാറ്റ് തടാകത്തിൽ ആഞ്ഞടിച്ചു, വള്ളം മുങ്ങിപ്പോകുംവിധം തിരമാലകൾ ഉയർന്നുപൊങ്ങി. യേശുവോ ഉറങ്ങുകയായിരുന്നു. ശിഷ്യന്മാർ ചെന്ന് അദ്ദേഹത്തെ ഉണർത്തിക്കൊണ്ട്, “കർത്താവേ, രക്ഷിക്കണമേ! ഞങ്ങൾ മുങ്ങിപ്പോകുന്നു!” എന്നു പറഞ്ഞു. “വിശ്വാസത്തിൽ ഉറപ്പില്ലാത്തവരേ, നിങ്ങൾ ഇങ്ങനെ ഭയപ്പെടുന്നതെന്തിന്?” എന്നു പറഞ്ഞിട്ട് യേശു എഴുന്നേറ്റ് കാറ്റിനെയും തിരകളെയും ശാസിച്ചു; തടാകം പ്രശാന്തമായി. ശിഷ്യന്മാർ ആശ്ചര്യപ്പെട്ടു, “ആരാണിദ്ദേഹം? കാറ്റും തിരകളുംപോലും ഇദ്ദേഹത്തെ അനുസരിക്കുന്നല്ലോ!” എന്നു പറഞ്ഞു.

പങ്ക് വെക്കു
മത്തായി 8 വായിക്കുക