മത്തായി 7:1-6
മത്തായി 7:1-6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിങ്ങൾ വിധിക്കപ്പെടാതിരിക്കേണ്ടതിനു വിധിക്കരുത്. നിങ്ങൾ വിധിക്കുന്ന വിധിയാൽ നിങ്ങളെയും വിധിക്കും; നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നു കിട്ടും. എന്നാൽ സ്വന്തകണ്ണിലെ കോൽ ഓർക്കാതെ സഹോദരന്റെ കണ്ണിലെ കരട് നോക്കുന്നത് എന്ത്? അല്ല, സ്വന്തകണ്ണിൽ കോൽ ഇരിക്കെ നീ സഹോദരനോട്: നില്ല്, നിന്റെ കണ്ണിൽനിന്നു കരട് എടുത്തുകളയട്ടെ, എന്നു പറയുന്നത് എങ്ങനെ? കപടഭക്തിക്കാരാ, മുമ്പേ സ്വന്തകണ്ണിൽനിന്നു കോൽ എടുത്തുകളക; പിന്നെ സഹോദരന്റെ കണ്ണിൽനിന്നു കരട് എടുത്തുകളവാൻ വെടിപ്പായി കാണും. വിശുദ്ധമായതു നായ്ക്കൾക്കു കൊടുക്കരുത്; നിങ്ങളുടെ മുത്തുകളെ പന്നികളുടെ മുമ്പിൽ ഇടുകയുമരുത്; അവ കാൽകൊണ്ട് അവയെ ചവിട്ടുകയും തിരിഞ്ഞു നിങ്ങളെ ചീന്തിക്കളകയും ചെയ്‍വാൻ ഇടവരരുത്.
മത്തായി 7:1-6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“നിങ്ങൾ മറ്റുള്ളവരെ വിധിക്കരുത്; എന്നാൽ നിങ്ങളെയും വിധിക്കുകയില്ല. നിങ്ങൾ മറ്റുള്ളവരെ എങ്ങനെ വിധിക്കുന്നുവോ അതുപോലെയായിരിക്കും ദൈവം നിങ്ങളെയും വിധിക്കുക. നിങ്ങൾ ഏത് അളവുകൊണ്ടു മറ്റുള്ളവരെ അളക്കുന്നുവോ അതേ അളവുകോൽകൊണ്ടു ദൈവം നിങ്ങളെയും അളക്കും. നിങ്ങളുടെ കണ്ണിൽ കോൽ ഇരിക്കുന്നതോർക്കാതെ സഹോദരന്റെ കണ്ണിലെ കരടു കണ്ടുപിടിക്കുവാൻ ശ്രമിക്കുന്നതെന്തിന്? സ്വന്തം കണ്ണിൽ കോലിരിക്കെ സഹോദരനോട് ‘നില്‌ക്കൂ, താങ്കളുടെ കണ്ണിലെ കരട് ഞാൻ എടുക്കാം’ എന്ന് എങ്ങനെ നീ പറയും? ഹേ, കപടഭക്താ, ആദ്യം നിന്റെ കണ്ണിൽനിന്നു കോല് എടുത്തുകളയുക. അപ്പോൾ നിന്റെ സഹോദരന്റെ കണ്ണിലെ കരട് എടുത്തുകളയുവാൻ തക്കവിധം വ്യക്തമായി നിനക്കു കാണാൻ കഴിയും. “വിശുദ്ധമായതു നായ്ക്കൾക്കു കൊടുക്കരുത്; നിങ്ങളുടെ മുത്തുകൾ പന്നികളുടെ മുമ്പിൽ എറിയുകയുമരുത്. അവ മുത്തുകളെ ചവുട്ടിമെതിക്കുകയും നേരെ തിരിഞ്ഞ് നിങ്ങളെ ചീന്തിക്കളയുകയും ചെയ്യും.
മത്തായി 7:1-6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
നിങ്ങൾ വിധിക്കപ്പെടാതിരിക്കേണ്ടതിന് വിധിക്കരുത്. നിങ്ങൾ വിധിക്കുന്ന വിധിയാൽ നിങ്ങളും വിധിക്കപ്പെടും; നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നുകിട്ടും. എന്നാൽ സ്വന്തകണ്ണിൽ തടിക്കഷണം ഇരിക്കുന്നത് നോക്കാതെ സഹോദരന്‍റെ കണ്ണിലെ ചെറിയ വൈക്കോൽ കരട് നോക്കുന്നത് എന്ത്? അല്ല, സ്വന്തകണ്ണിൽ തടിക്കഷണം ഇരിക്കെ നീ സഹോദരനോട്: നിന്‍റെ കണ്ണിൽ നിന്നു വൈക്കോൽ കരട് എടുത്തുകളയട്ടെ എന്നു പറയുന്നത് എങ്ങനെ? കപടഭക്തിക്കാരാ, ആദ്യം സ്വന്തകണ്ണിൽ നിന്ന് തടിക്കഷണം എടുത്തുകളയുക; പിന്നെ സഹോദരന്‍റെ കണ്ണിൽ നിന്ന് കരട് എടുത്തുകളയുവാൻ വ്യക്തമായി കാണും. വിശുദ്ധമായത് നായ്ക്കൾക്ക് കൊടുക്കരുത്; നിങ്ങളുടെ മുത്തുകളെ പന്നികളുടെ മുമ്പിൽ ഇടുകയുമരുത്; അവ കാൽ കൊണ്ടു അവയെ ചവിട്ടുകയും തിരിഞ്ഞു നിങ്ങളെ ചീന്തിക്കളകയും ചെയ്‌വാൻ ഇടവരും.
മത്തായി 7:1-6 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നിങ്ങൾ വിധിക്കപ്പെടാതിരിക്കേണ്ടതിന്നു വിധിക്കരുതു. നിങ്ങൾ വിധിക്കുന്ന വിധിയാൽ നിങ്ങളെയും വിധിക്കും; നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നു കിട്ടും. എന്നാൽ സ്വന്തകണ്ണിലെ കോൽ ഓർക്കാതെ സഹോദരന്റെ കണ്ണിലെ കരടു നോക്കുന്നതു എന്തു? അല്ല, സ്വന്ത കണ്ണിൽ കോൽ ഇരിക്കെ നീ സഹോദരനോടു: നില്ലു, നിന്റെ കണ്ണിൽ നിന്നു കരടു എടുത്തുകളയട്ടെ എന്നു പറയുന്നതു എങ്ങനെ? കപടഭക്തിക്കാരാ, മുമ്പെ സ്വന്തകണ്ണിൽനിന്നു കോൽ എടുത്തുകളക; പിന്നെ സഹോദരന്റെ കണ്ണിൽനിന്നു കരടു എടുത്തുകളവാൻ വെടിപ്പായി കാണും. വിശുദ്ധമായതു നായ്ക്കൾക്കു കൊടുക്കരുതു; നിങ്ങളുടെ മുത്തുകളെ പന്നികളുടെ മുമ്പിൽ ഇടുകയുമരുതു; അവ കാൽകൊണ്ടു അവയെ ചവിട്ടുകയും തിരിഞ്ഞു നിങ്ങളെ ചീന്തിക്കളകയും ചെയ്‌വാൻ ഇടവരരുതു.
മത്തായി 7:1-6 സമകാലിക മലയാളവിവർത്തനം (MCV)
“മറ്റുള്ളവരെ ന്യായംവിധിക്കരുത്, വിധിച്ചാൽ നിങ്ങളും വിധിക്കപ്പെടും. നിങ്ങൾ മറ്റുള്ളവരെ വിധിക്കുന്ന അതേ മാനദണ്ഡത്താൽ നിങ്ങളും വിധിക്കപ്പെടും നിങ്ങൾ അളക്കാൻ ഉപയോഗിക്കുന്ന അതേ അളവുകൊണ്ടു നിങ്ങൾക്കും അളന്നുകിട്ടും. “സ്വന്തം കണ്ണിൽ മരക്കഷണം ഇരിക്കുന്നതു ഗൗനിക്കാതെ നിങ്ങൾ സഹോദരങ്ങളുടെ കണ്ണിലെ കരടു ചൂണ്ടിക്കാണിക്കാൻ ശ്രമിക്കുന്നതെന്തുകൊണ്ട്? നിന്റെ സ്വന്തം കണ്ണിൽ ഒരു മരക്കഷണമിരിക്കുമ്പോൾ സഹോദരങ്ങളോട്, ‘നിങ്ങളുടെ കണ്ണിലെ കരട് എടുത്തുകളയട്ടെ’ എന്നു നിനക്ക് എങ്ങനെ പറയാൻകഴിയും? കപടഭക്തരേ, ആദ്യം നിങ്ങളുടെ കണ്ണിൽനിന്ന് മരക്കഷണം എടുത്തുകളയുക. അപ്പോൾ സഹോദരങ്ങളുടെ കണ്ണിൽനിന്ന് കരട് എടുത്തുകളയുന്നതിന് നിങ്ങൾക്കു വ്യക്തമായി കാണാൻ കഴിയും. “വിശുദ്ധമായതു നായ്ക്കൾക്കു കൊടുക്കരുത്, നിങ്ങളുടെ മുത്തുകൾ പന്നികളുടെമുമ്പിൽ എറിയുകയുമരുത്; പന്നികൾ ആ മുത്തുകൾ ചവിട്ടിമെതിക്കയും നായ്ക്കൾ തിരിഞ്ഞു നിങ്ങളെ ചീന്തിക്കളയുകയും ചെയ്യും.