മത്തായി 4:1-22

മത്തായി 4:1-22 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അനന്തരം പിശാചിനാൽ പരീക്ഷിക്കപ്പെടുവാൻ യേശുവിനെ ആത്മാവ് മരുഭൂമിയിലേക്കു നടത്തി. അവൻ നാല്പതു പകലും നാല്പതു രാവും ഉപവസിച്ചശേഷം അവനു വിശന്നു. അപ്പോൾ പരീക്ഷകൻ അടുത്തു വന്ന്: നീ ദൈവപുത്രൻ എങ്കിൽ ഈ കല്ല് അപ്പമായിത്തീരുവാൻ കല്പിക്ക എന്നു പറഞ്ഞു. അതിന് അവൻ: “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായിൽകൂടി വരുന്ന സകല വചനംകൊണ്ടും ജീവിക്കുന്നു” എന്ന് എഴുതിയിരിക്കുന്നു എന്ന് ഉത്തരം പറഞ്ഞു. പിന്നെ പിശാച് അവനെ വിശുദ്ധനഗരത്തിൽ കൊണ്ടുപോയി ദൈവാലയത്തിന്റെ അഗ്രത്തിന്മേൽ നിറുത്തി അവനോട്: നീ ദൈവപുത്രൻ എങ്കിൽ താഴത്തോട്ടു ചാടുക; “നിന്നെക്കുറിച്ച് അവൻ തന്റെ ദൂതന്മാരോടു കല്പിക്കും; അവൻ നിന്റെ കാൽ കല്ലിനോടു തട്ടാതവണ്ണം നിന്നെ കൈയിൽ താങ്ങിക്കൊള്ളും” എന്ന് എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു. യേശു അവനോട്: “നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുത്” എന്നുംകൂടെ എഴുതിയിരിക്കുന്നു എന്നു പറഞ്ഞു. പിന്നെ പിശാച് അവനെ ഏറ്റവും ഉയർന്നോരു മലമേൽ കൂട്ടിക്കൊണ്ടുപോയി ലോകത്തിലുള്ള സകല രാജ്യങ്ങളെയും അവയുടെ മഹത്ത്വത്തെയും കാണിച്ചു: വീണ് എന്നെ നമസ്കരിച്ചാൽ ഇതൊക്കെയും നിനക്കു തരാം എന്ന് അവനോടു പറഞ്ഞു. യേശു അവനോട്: സാത്താനേ, എന്നെ വിട്ടുപോ; “നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ച് അവനെ മാത്രമേ ആരാധിക്കാവൂ” എന്ന് എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു. അപ്പോൾ പിശാച് അവനെ വിട്ടുപോയി; ദൂതന്മാർ അടുത്തുവന്ന് അവനെ ശുശ്രൂഷിച്ചു. യോഹന്നാൻ തടവിൽ ആയി എന്നു കേട്ടാറെ അവൻ ഗലീലയ്ക്കു വാങ്ങിപ്പോയി, നസറെത്തു വിട്ടു സെബൂലൂന്റെയും നഫ്താലിയുടെയും അതിരുകളിൽ കടല്ക്കരെയുള്ള കഫർന്നഹൂമിൽ ചെന്നു പാർത്തു; “സെബൂലൂൻദേശവും നഫ്താലിദേശവും കടല്ക്കരയിലും യോർദ്ദാനക്കരെയുമുള്ള നാടും ജാതികളുടെ ഗലീലയും ഇങ്ങനെ ഇരുട്ടിൽ ഇരിക്കുന്ന ജനം വലിയോരു വെളിച്ചം കണ്ടു; മരണത്തിന്റെ ദേശത്തിലും നിഴലിലും ഇരിക്കുന്നവർക്കു പ്രകാശം ഉദിച്ചു” എന്ന് യെശയ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാൻ ഇട വന്നു. അന്നുമുതൽ യേശു: സ്വർഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ എന്നു പ്രസംഗിച്ചുതുടങ്ങി. അവൻ ഗലീലക്കടല്പുറത്തു നടക്കുമ്പോൾ പത്രൊസ് എന്നു പേരുള്ള ശിമോൻ, അവന്റെ സഹോദരനായ അന്ത്രെയാസ് എന്നിങ്ങനെ മീൻപിടിക്കാരായ രണ്ടു സഹോദരന്മാർ കടലിൽ വല വീശുന്നതു കണ്ടു: എന്റെ പിന്നാലെ വരുവിൻ; ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും എന്ന് അവരോടു പറഞ്ഞു. ഉടനെ അവർ വല വിട്ടേച്ച് അവനെ അനുഗമിച്ചു. അവിടെനിന്നു മുമ്പോട്ടു പോയാറെ സെബെദിയുടെ മകൻ യാക്കോബും അവന്റെ സഹോദരൻ യോഹന്നാനും എന്ന വേറെ രണ്ടു സഹോദരന്മാർ പടകിൽ ഇരുന്ന് അപ്പനായ സെബെദിയുമായി വല നന്നാക്കുന്നതു കണ്ട് അവരെയും വിളിച്ചു. അവരും ഉടനെ പടകിനെയും അപ്പനെയും വിട്ട് അവനെ അനുഗമിച്ചു.

പങ്ക് വെക്കു
മത്തായി 4 വായിക്കുക

മത്തായി 4:1-22 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അനന്തരം പിശാചിനാൽ പരീക്ഷിക്കപ്പെടുന്നതിന് ആത്മാവ് യേശുവിനെ വിജനസ്ഥലത്തേക്കു നയിച്ചു. അവിടുന്നു നാല്പതു പകലും നാല്പതു രാത്രിയും ഉപവസിച്ചു. അതു കഴിഞ്ഞപ്പോൾ അവിടുത്തേക്കു വിശന്നു. അപ്പോൾ പരീക്ഷകൻ അടുത്തുചെന്ന് “അവിടുന്നു ദൈവത്തിന്റെ പുത്രനാണെങ്കിൽ ഈ കല്ലുകളോട് അപ്പമായിത്തീരുവാൻ ആജ്ഞാപിക്കുക” എന്നു പറഞ്ഞു. യേശുവാകട്ടെ ഇങ്ങനെ പ്രതിവചിച്ചു: ‘അപ്പംകൊണ്ടു മാത്രമല്ല മനുഷ്യൻ ജീവിക്കുന്നത്, പ്രത്യുത, ദൈവത്തിന്റെ വായിൽനിന്നു വരുന്ന എല്ലാ വചനങ്ങളുംകൊണ്ടു കൂടിയാണ്’ എന്നു വേദഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.” പിന്നീട് പിശാച് യേശുവിനെ വിശുദ്ധനഗരത്തിലേക്കു കൊണ്ടുപോയി ദേവാലയ ഗോപുരത്തിന്റെ മുകളിൽ നിറുത്തിയിട്ടു പറഞ്ഞു: “അങ്ങു ദൈവത്തിന്റെ പുത്രനാണെങ്കിൽ ഇവിടെനിന്നു താഴത്തേക്കു ചാടുക; “അങ്ങയുടെ കാല് കല്ലിൽ തട്ടാതെ തങ്ങളുടെ കൈകളിൽ അങ്ങയെ താങ്ങിക്കൊള്ളുന്നതിനു ദൈവം തന്റെ മാലാഖമാരോട് ആജ്ഞാപിക്കും എന്ന് എഴുതിയിട്ടുണ്ടല്ലോ.” യേശു പിശാചിനോട് “നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുത്’ എന്നും എഴുതിയിട്ടുണ്ട്” എന്നു പറഞ്ഞു. പിന്നീട് പിശാച് യേശുവിനെ ഉയരംകൂടിയ ഒരു മലയിലേക്കു കൂട്ടിക്കൊണ്ടുപോയി, ലോകത്തിലുള്ള സകല രാജ്യങ്ങളെയും അവയുടെ മഹിമയെയും കാട്ടിക്കൊടുത്തു; “എന്നെ സാഷ്ടാംഗം വീണു വണങ്ങിയാൽ ഇവയെല്ലാം ഞാൻ അവിടുത്തേക്കു നല്‌കാം” എന്നു പറഞ്ഞു. അപ്പോൾ യേശു പിശാചിനോട് “സാത്താനേ, പോകൂ! ‘നിന്റെ ദൈവമായ കർത്താവിനെ വണങ്ങി അവിടുത്തെ മാത്രമേ ആരാധിക്കാവൂ’ എന്നും എഴുതിയിട്ടുണ്ട്” എന്നു പറഞ്ഞു. അപ്പോൾ പിശാച് യേശുവിനെ വിട്ടുപോയി; മാലാഖമാർ വന്ന് അവിടുത്തെ പരിചരിച്ചു. യോഹന്നാൻ ബന്ധനസ്ഥനായി എന്നു കേട്ടിട്ട് യേശു ഗലീലയിലേക്കു മടങ്ങിപ്പോയി. അവിടുന്ന് നസറെത്തു വിട്ട് സെബുലൂന്റെയും നഫ്താലിയുടെയും അതിർത്തിയിൽ തടാകതീരത്തുള്ള കഫർന്നഹൂമിൽ പോയി പാർത്തു. സെബുലൂൻദേശവും നഫ്താലിദേശവും തടാകതീരത്തും യോർദ്ദാനക്കരെയുമുള്ള നാടും, വിജാതീയരുടെ ഗലീലയും, ഇങ്ങനെ ഇരുട്ടിൽ ഇരിക്കുന്ന ജനം ഒരു വലിയ പ്രകാശം കണ്ടു; മരണത്തിന്റെ നിഴൽ വീശിയ ദേശത്തു പാർത്തിരുന്നവർക്കു പ്രകാശം ഉദിച്ചു എന്ന് യെശയ്യാപ്രവാചകൻ മുഖാന്തരം പറഞ്ഞിട്ടുള്ളത് ഇങ്ങനെ പ്രാപ്തമായി. “സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു; അതുകൊണ്ട് അനുതപിച്ചു ദൈവത്തിലേക്കു തിരിയുക” എന്ന് അന്നുമുതൽ യേശു ആഹ്വാനം ചെയ്തുതുടങ്ങി. യേശു ഗലീലത്തടാകത്തിന്റെ തീരത്തുകൂടി നടന്നുപോകുമ്പോൾ പത്രോസ് എന്നറിയപ്പെടുന്ന ശിമോനും, അയാളുടെ സഹോദരൻ അന്ത്രയാസും തടാകത്തിൽ വലവീശുന്നതു കണ്ടു. അവർ മീൻപിടിത്തക്കാരായിരുന്നു. യേശു അവരോട്, “നിങ്ങൾ എന്റെ കൂടെ വരിക; ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും” എന്നു പറഞ്ഞു. അവർ ഉടനെ വല ഉപേക്ഷിച്ചിട്ട് അവിടുത്തെ അനുഗമിച്ചു. അവിടെനിന്നു മുമ്പോട്ടു ചെന്നപ്പോൾ മറ്റു രണ്ടു സഹോദരന്മാരെ കണ്ടു. അവർ സെബദിയുടെ പുത്രന്മാരായ യാക്കോബും യോഹന്നാനുമായിരുന്നു. അവർ തങ്ങളുടെ പിതാവിനോടുകൂടി വഞ്ചിയിൽ ഇരുന്നു വല നന്നാക്കുകയായിരുന്നു. യേശു അവരെയും വിളിച്ചു. അവരും തൽക്ഷണം വഞ്ചിയെയും പിതാവിനെയും വിട്ടിട്ട് അവിടുത്തെ അനുഗമിച്ചു.

പങ്ക് വെക്കു
മത്തായി 4 വായിക്കുക

മത്തായി 4:1-22 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

അനന്തരം പിശാചിനാൽ പരീക്ഷിക്കപ്പെടുവാൻ യേശുവിനെ ആത്മാവ് മരുഭൂമിയിലേക്ക് നടത്തി. അവൻ നാല്പതുപകലും നാല്പതുരാവും ഉപവസിച്ചശേഷം അവനു വിശന്നു. അപ്പോൾ പരീക്ഷകൻ അടുത്തുവന്ന് പറഞ്ഞു: “നീ ദൈവപുത്രൻ എങ്കിൽ ഈ കല്ല് അപ്പമായിത്തീരുവാൻ കല്പിക്ക.” എന്നാൽ അവൻ ഉത്തരം പറഞ്ഞത്: മനുഷ്യൻ അപ്പംകൊണ്ട് മാത്രമല്ല, ദൈവത്തിന്‍റെ വായിൽനിന്നും വരുന്ന സകല വചനംകൊണ്ടും ജീവിക്കുന്നു എന്നു എഴുതിയിരിക്കുന്നു. പിന്നെ പിശാച് അവനെ വിശുദ്ധനഗരത്തിൽ കൊണ്ടുപോയി ദൈവാലയത്തിന്‍റെ ഏറ്റവും ഉയർന്ന ഭാഗത്ത് നിർത്തി അവനോട്: “നീ ദൈവപുത്രൻ എങ്കിൽ താഴോട്ടു ചാടുക.” “നിന്നെക്കുറിച്ച് അവൻ തന്‍റെ ദൂതന്മാരോട് കല്പിക്കും; അവൻ നിന്‍റെ കാൽ കല്ലിനോട് തട്ടാതവണ്ണം നിന്നെ കയ്യിൽ താങ്ങിക്കൊള്ളും” എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു. യേശു അവനോട്: നിന്‍റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുത് എന്നും കൂടെ എഴുതിയിരിക്കുന്നു എന്നു പറഞ്ഞു. പിന്നെ പിശാച് അവനെ ഏറ്റവും ഉയർന്നൊരു മലമുകളിൽ കൂട്ടിക്കൊണ്ടുപോയി ലോകത്തിലുള്ള സകല രാജ്യങ്ങളെയും അവയുടെ മഹത്വത്തെയും കാണിച്ചു: ‘‘വണങ്ങി എന്നെ നമസ്കരിച്ചാൽ ഇതൊക്കെയും നിനക്കു നൽകാം” എന്നു അവനോട് പറഞ്ഞു. യേശു അവനോട് പറഞ്ഞു: സാത്താനേ ഇവിടം വിട്ട് പോക! നിന്‍റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവൂ എന്നു എഴുതിയിരിക്കുന്നുവല്ലോ. അപ്പോൾ പിശാച് അവനെ വിട്ടുപോയി; ദൂതന്മാർ അടുത്തുവന്ന് അവനെ ശുശ്രൂഷിച്ചു. യോഹന്നാനെ തടവിലാക്കിയിരിക്കുന്നു എന്നു കേട്ടപ്പോൾ യേശു ഗലീലയിലേക്ക് പിൻ വാങ്ങുകയും, നസറെത്ത് വിട്ടു സെബൂലൂന്‍റെയും നഫ്താലിയുടെയും അതിരുകളിൽ കടല്ക്കരെയുള്ള കഫർന്നഹൂമിൽ ചെന്നു താമസിക്കുകയും ചെയ്തു; “സെബൂലൂൻ ദേശത്തും നഫ്താലിദേശത്തും കടല്ക്കരയിലും യോർദ്ദാനക്കരെയുള്ള നാടുകളിലും ജനതകളുടെ ഗലീലയിലും ഇങ്ങനെ ഇരുട്ടിൽ ഇരുന്നതായ ജനം മഹത്തായൊരു വെളിച്ചം കണ്ടു; മരണത്തിന്‍റെ ദേശത്തിലും നിഴലിലും ആയിരുന്നവർക്ക് പ്രകാശം ഉദിച്ചു” എന്നു യെശയ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തത് നിവൃത്തിയാകുവാൻ കാരണമായി. അന്നുമുതൽ യേശു: സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുകയാൽ മാനസാന്തരപ്പെടുവിൻ എന്നു പ്രസംഗിച്ചു തുടങ്ങി. യേശു ഗലീലക്കടല്പുറത്ത് നടക്കുമ്പോൾ പത്രൊസ് എന്നു പേരുള്ള ശിമോൻ അവന്‍റെ സഹോദരനായ അന്ത്രെയാസ്, എന്നിങ്ങനെ മീൻപിടിക്കുന്നവരായ രണ്ടു സഹോദരന്മാർ കടലിൽ വല വീശുന്നതു കണ്ടു. യേശു അവരോട് പറഞ്ഞു. എന്‍റെ പിന്നാലെ വരുവിൻ; ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും ഉടനെ അവർ വല വിട്ടുകളഞ്ഞ് യേശുവിനെ അനുഗമിച്ചു. അവിടെനിന്നു മുമ്പോട്ടു പോയപ്പോൾ സെബെദിയുടെ മകൻ യാക്കോബും അവന്‍റെ സഹോദരൻ യോഹന്നാനും എന്ന വേറെ രണ്ടു സഹോദരന്മാർ പടകിൽ ഇരുന്നു അപ്പനായ സെബെദിയുമായി വല നന്നാക്കുന്നതു കണ്ടു അവരെയും വിളിച്ചു. അവരും ഉടൻ തന്നെ പടകിനെയും അപ്പനെയും വിട്ടു യേശുവിനെ അനുഗമിച്ചു.

പങ്ക് വെക്കു
മത്തായി 4 വായിക്കുക

മത്തായി 4:1-22 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അനന്തരം പിശാചിനാൽ പരീക്ഷിക്കപ്പെടുവാൻ യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നടത്തി. അവൻ നാല്പതു പകലും നാല്പതു രാവും ഉപവസിച്ച ശേഷം അവന്നു വിശന്നു. അപ്പോൾ പരീക്ഷകൻ അടുത്തു വന്നു: നീ ദൈവപുത്രൻ എങ്കിൽ ഈ കല്ലു അപ്പമായ്തീരുവാൻ കല്പിക്ക എന്നു പറഞ്ഞു. അതിന്നു അവൻ: “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായിൽകൂടി വരുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു” എന്നു എഴുതിയിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു. പിന്നെ പിശാചു അവനെ വിശുദ്ധ നഗരത്തിൽ കൊണ്ടുപോയി ദൈവാലയത്തിന്റെ അഗ്രത്തിന്മേൽ നിറുത്തി അവനോടു: നീ ദൈവപുത്രൻ എങ്കിൽ താഴത്തോട്ടു ചാടുക; “നിന്നെക്കുറിച്ചു അവൻ തന്റെ ദൂതന്മാരോടു കല്പിക്കും; അവൻ നിന്റെ കാൽ കല്ലിനോടു തട്ടാതവണ്ണം നിന്നെ കയ്യിൽ താങ്ങികൊള്ളും” എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു. യേശു അവനോടു: “നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുതു എന്നും കൂടെ എഴുതിയിരിക്കുന്നു” എന്നു പറഞ്ഞു. പിന്നെ പിശാചു അവനെ ഏറ്റവും ഉയർന്നോരു മലമേൽ കൂട്ടികൊണ്ടുപോയി ലോകത്തിലുള്ള സകല രാജ്യങ്ങളെയും അവയുടെ മഹത്വത്തെയും കാണിച്ചു: വീണു എന്നെ നമസ്കരിച്ചാൽ ഇതൊക്കെയും നിനക്കു തരാം എന്നു അവനോടു പറഞ്ഞു. യേശു അവനോടു: സാത്താനേ, എന്നെ വിട്ടുപോ; “നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു എന്നു എഴുതിയിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു. അപ്പോൾ പിശാചു അവനെ വിട്ടുപോയി; ദൂതന്മാർ അടുത്തുവന്നു അവനെ ശുശ്രൂഷിച്ചു. യോഹന്നാൻ തടവിൽ ആയി എന്നു കേട്ടാറെ അവൻ ഗലീലെക്കു വാങ്ങിപ്പോയി, നസറെത്ത് വിട്ടു സെബൂലൂന്റെയും നഫ്താലിയുടെയും അതിരുകളിൽ കടല്ക്കരെയുള്ള കഫർന്നഹൂമിൽ ചെന്നു പാർത്തു; “സെബൂലൂൻ ദേശവും നഫ്താലിദേശവും കടല്ക്കരയിലും യോർദ്ദാന്നക്കരെയുമുള്ള നാടും ജാതികളുടെ ഗലീലയും ഇങ്ങനെ ഇരുട്ടിൽ ഇരിക്കുന്ന ജനം വലിയോരു വെളിച്ചം കണ്ടു; മരണത്തിന്റെ ദേശത്തിലും നിഴലിലും ഇരിക്കുന്നവർക്കു പ്രകാശം ഉദിച്ചു” എന്നു യെശയ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാൻ ഇടവന്നു. അന്നുമുതൽ യേശു: സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ എന്നു പ്രസംഗിച്ചു തുടങ്ങി. അവൻ ഗലീലക്കടല്പുറത്തു നടക്കുമ്പോൾ പത്രൊസ് എന്നു പേരുള്ള ശിമോൻ അവന്റെ സഹോദരനായ അന്ത്രെയാസ്, എന്നിങ്ങനെ മീൻപിടിക്കാരായ രണ്ടു സഹോദരന്മാർ കടലിൽ വല വീശുന്നതു കണ്ടു: എന്റെ പിന്നാലെ വരുവിൻ; ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും എന്നു അവരോടു പറഞ്ഞു. ഉടനെ അവർ വല വിട്ടേച്ചു അവനെ അനുഗമിച്ചു. അവിടെ നിന്നു മുമ്പോട്ടു പോയാറെ സെബെദിയുടെ മകൻ യാക്കോബും അവന്റെ സഹോദരൻ യോഹന്നാനും എന്ന വേറെ രണ്ടു സഹോദരന്മാർ പടകിൽ ഇരുന്നു അപ്പനായ സെബദിയുമായി വല നന്നാക്കുന്നതു കണ്ടു അവരെയും വിളിച്ചു. അവരും ഉടനെ പടകിനെയും അപ്പനെയും വിട്ടു അവനെ അനുഗമിച്ചു.

പങ്ക് വെക്കു
മത്തായി 4 വായിക്കുക

മത്തായി 4:1-22 സമകാലിക മലയാളവിവർത്തനം (MCV)

ഇതിനുശേഷം പിശാചിനാൽ പ്രലോഭിപ്പിക്കപ്പെടുന്നതിന് ദൈവാത്മാവ് യേശുവിനെ വിജനപ്രദേശത്തേക്ക് കൊണ്ടുപോയി. നാൽപ്പതുപകലും നാൽപ്പതുരാവും ഉപവസിച്ചശേഷം അദ്ദേഹത്തിനു വിശപ്പനുഭവപ്പെട്ടു. അപ്പോൾ പ്രലോഭകൻ അടുത്തുചെന്ന്, “അങ്ങ് ദൈവപുത്രൻ ആണെങ്കിൽ, ഈ കല്ലുകളോട് അപ്പം ആകാൻ ആജ്ഞാപിക്കുക!” എന്നു പറഞ്ഞു. അതിന് യേശു, “ ‘മനുഷ്യൻ കേവലം അപ്പംകൊണ്ടുമാത്രമല്ല ജീവിക്കുന്നത്, മറിച്ച് ദൈവത്തിന്റെ തിരുവായിൽനിന്നു പുറപ്പെടുന്ന സകലവചനങ്ങളാലും ആണ്’ എന്ന് എഴുതിയിരിക്കുന്നു” എന്ന് ഉത്തരം പറഞ്ഞു. തുടർന്ന് പിശാച് യേശുവിനെ വിശുദ്ധനഗരത്തിലേക്ക് കൊണ്ടുവന്ന്, ദൈവാലയത്തിന്റെ ഗോപുരാഗ്രത്തിൽ നിർത്തിയിട്ട്, “അങ്ങ് ദൈവപുത്രൻ ആകുന്നു എങ്കിൽ, താഴേക്കു ചാടുക. “ ‘ദൈവം തന്റെ ദൂതന്മാരോട് അങ്ങയെ സംരക്ഷിക്കാൻ കൽപ്പിക്കും, അവർ അങ്ങയുടെ പാദങ്ങൾ കല്ലിൽ മുട്ടാതെ അങ്ങയെ അവരുടെ കരങ്ങളിലേന്തും,’ എന്ന് എഴുതിയിരിക്കുന്നല്ലോ,” എന്നു പറഞ്ഞു. യേശു അവനോട്, “ ‘നിങ്ങളുടെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുത്’ എന്നും എഴുതിയിരിക്കുന്നു.” വീണ്ടും, പിശാച് യേശുവിനെ വളരെ ഉയർന്ന ഒരു മലയിലേക്കു കൂട്ടിക്കൊണ്ടുപോയി. ലോകത്തിലെ സകലരാജ്യങ്ങളും അവയുടെ മഹത്ത്വവും അദ്ദേഹത്തെ കാണിച്ചിട്ട്, “ഇവയെല്ലാം ഞാൻ നിനക്കു തരാം, എന്നെ ഒന്ന് സാഷ്ടാംഗം വീണുവണങ്ങിയാൽ മതി.” എന്ന് അവൻ പറഞ്ഞു. അപ്പോൾ യേശു അവനോട്, “സാത്താനേ, എന്നെ വിട്ട് പോകൂ! ‘നിങ്ങളുടെ ദൈവമായ കർത്താവിനെ വണങ്ങി അവിടത്തെമാത്രമേ സേവിക്കാവൂ’ എന്നാണല്ലോ എഴുതപ്പെട്ടിരിക്കുന്നത്” എന്നു പറഞ്ഞു. അപ്പോൾ പിശാച് യേശുവിനെ വിട്ടുപോയി, ദൂതന്മാർ വന്ന് അദ്ദേഹത്തെ ശുശ്രൂഷിച്ചു. യോഹന്നാൻസ്നാപകനെ കാരാഗൃഹത്തിലടച്ചു എന്നു മനസ്സിലാക്കി യേശു ഗലീലയ്ക്കു മടങ്ങി; നസറെത്തിൽനിന്ന് ഗലീല തടാകതീരത്ത് സെബൂലൂൻ-നഫ്താലി ഗോത്രക്കാരുടെ നാടായ, കഫാർനഹൂമിലേക്ക് അദ്ദേഹം താമസം മാറ്റി. “സെബൂലൂൻ ദേശവും നഫ്താലി ദേശവും തടാകതീരവും യോർദാൻ അക്കരെ നാടും, യെഹൂദേതര ഗലീലയും— അന്ധകാരത്തിൽ അമർന്നിരുന്ന ജനതതിയൊക്കെയും വലിയൊരു പ്രഭ ദർശിച്ചു. മരണനിഴൽ വീശിയ ദേശത്തു താമസിച്ചവരുടെമേൽ ഒരു പ്രകാശം ഉദിച്ചു!” എന്ന് യെശയ്യാപ്രവാചകനിലൂടെ അരുളിച്ചെയ്തത് നിറവേറി. ആ സമയംമുതൽ യേശു, “മാനസാന്തരപ്പെടുക; സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു” എന്നു പ്രസംഗിക്കാൻ ആരംഭിച്ചു. യേശു ഗലീലാതടാകതീരത്തുകൂടി നടന്നുപോകുമ്പോൾ പത്രോസ് എന്നു വിളിക്കപ്പെട്ട ശിമോനെയും അദ്ദേഹത്തിന്റെ സഹോദരനായ അന്ത്രയോസിനെയും കണ്ടു. മീൻപിടിത്തക്കാരായ അവർ തടാകത്തിൽ വലയിറക്കുകയായിരുന്നു. യേശു അവരോട്, “എന്നെ അനുഗമിക്കുക, ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും” എന്നു പറഞ്ഞു. ഉടൻതന്നെ അവർ വല ഉപേക്ഷിച്ച് യേശുവിനെ അനുഗമിച്ചു. അവിടെനിന്നു മുമ്പോട്ടു പോകുമ്പോൾ യേശു വേറെ രണ്ട് സഹോദരന്മാരെ കണ്ടു: സെബെദിയുടെ മകൻ യാക്കോബിനെയും അദ്ദേഹത്തിന്റെ സഹോദരനായ യോഹന്നാനെയും. അവർ തങ്ങളുടെ പിതാവ് സെബെദിയോടൊപ്പം വള്ളത്തിലിരുന്ന് വല നന്നാക്കുകയായിരുന്നു. യേശു അവരെയും വിളിച്ചു, അവരും പെട്ടെന്ന് വള്ളവും തങ്ങളുടെ പിതാവിനെയും വിട്ട് അദ്ദേഹത്തെ അനുഗമിച്ചു.

പങ്ക് വെക്കു
മത്തായി 4 വായിക്കുക