മത്തായി 28:15-20
മത്തായി 28:15-20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവർ പണം വാങ്ങി ഉപദേശപ്രകാരം ചെയ്തു; ഈ കഥ ഇന്നുവരെ യെഹൂദന്മാരുടെ ഇടയിൽ പരക്കെ നടപ്പായിരിക്കുന്നു. എന്നാൽ പതിനൊന്നു ശിഷ്യന്മാർ ഗലീലയിൽ യേശു അവരോടു കല്പിച്ചിരുന്ന മലയ്ക്കു പോയി. അവനെ കണ്ടപ്പോൾ അവർ നമസ്കരിച്ചു; ചിലരോ സംശയിച്ചു. യേശു അടുത്തുചെന്നു: സ്വർഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു. ആകയാൽ നിങ്ങൾ പുറപ്പെട്ട്, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതൊക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകല ജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാ നാളും നിങ്ങളോടുകൂടെ ഉണ്ട് എന്ന് അരുളിച്ചെയ്തു.
മത്തായി 28:15-20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവർ പണം വാങ്ങി അവരോടു നിർദേശിച്ചതുപോലെ ചെയ്തു. ഇന്നുവരെ യെഹൂദന്മാരുടെ ഇടയിൽ പ്രചാരത്തിലിരിക്കുന്ന കഥ ഇതാണ്. ശിഷ്യന്മാർ പതിനൊന്നു പേരും ഗലീലയിൽ യേശു നിർദേശിച്ചിരുന്ന മലയിലേക്കു പോയി. അവിടുത്തെ കണ്ടപ്പോൾ അവർ സാഷ്ടാംഗം വീണു നമസ്കരിച്ചു; ചിലരാകട്ടെ സംശയിച്ചുനിന്നു. യേശു അടുത്തുചെന്ന് അവരോടു പറഞ്ഞു: “സ്വർഗത്തിലും ഭൂമിയിലുമുള്ള സകല അധികാരവും എനിക്കു നല്‌കപ്പെട്ടിരിക്കുന്നു. അതുകൊണ്ടു നിങ്ങൾ പോയി എല്ലാ ജനതകളെയും ശിഷ്യന്മാരാക്കുക; പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ അവരെ സ്നാപനം ചെയ്യുകയും ഞാൻ നിങ്ങളോട് ആജ്ഞാപിച്ചതെല്ലാം അനുസരിക്കുവാൻ അവരെ പഠിപ്പിക്കുകയും വേണം. ഞാൻ യുഗാന്ത്യത്തോളം എപ്പോഴും നിങ്ങളോടുകൂടെ ഉണ്ടായിരിക്കും.”
മത്തായി 28:15-20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അവർ പണം വാങ്ങി അവരുടെ നിർദ്ദേശപ്രകാരം ചെയ്തു; ഈ കഥ ഇന്നുവരെ യെഹൂദന്മാരുടെ ഇടയിൽ പരക്കെ നടപ്പായിരിക്കുന്നു. എന്നാൽ പതിനൊന്നു ശിഷ്യന്മാർ ഗലീലയിൽ യേശു അവരോട് നിർദ്ദേശിച്ചിരുന്ന മലയിലേക്ക് പോയി. അവനെ കണ്ടപ്പോൾ അവർ നമസ്കരിച്ചു; ചിലരോ സംശയിച്ചു. യേശു അടുത്തുചെന്നു: സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്ക് നൽകിയിരിക്കുന്നു. അതുകൊണ്ട് നിങ്ങൾ പോയി, സകലജനതകളെയും ശിഷ്യരാക്കുകയും, അവരെ പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ സ്നാനം കഴിപ്പിക്കുകയും ചെയ്യുവിൻ. ഞാൻ നിങ്ങളോടു കല്പിച്ചത് ഒക്കെയും അനുസരിക്കേണ്ടതിനായി ഉപദേശിക്കുകയും ചെയ്യുവിൻ; നോക്കൂ, ഞാൻ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ട് എന്നു അരുളിച്ചെയ്തു.
മത്തായി 28:15-20 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അവർ പണം വാങ്ങി ഉപദേശപ്രകാരം ചെയ്തു; ഈ കഥ ഇന്നുവരെ യെഹൂദന്മാരുടെ ഇടയിൽ പരക്കെ നടപ്പായിരിക്കുന്നു. എന്നാൽ പതിനൊന്നു ശിഷ്യന്മാർ ഗലീലയിൽ യേശു അവരോടു കല്പിച്ചിരുന്ന മലെക്കു പോയി. അവനെ കണ്ടപ്പോൾ അവർ നമസ്കരിച്ചു; ചിലരോ സംശയിച്ചു. യേശു അടുത്തുചെന്നു: സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു. ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു എന്നു അരുളിച്ചെയ്തു.
മത്തായി 28:15-20 സമകാലിക മലയാളവിവർത്തനം (MCV)
അതനുസരിച്ച് സൈനികർ ആ പണം വാങ്ങി തങ്ങളോടു നിർദേശിച്ചതുപോലെതന്നെ ചെയ്തു. ഈ കഥ ഇന്നുവരെയും യെഹൂദരുടെ മധ്യേ പരക്കെ പ്രചരിച്ചിരിക്കുന്നു. ശിഷ്യന്മാർ പതിനൊന്നുപേരും ഗലീലയിലേക്ക്, യേശു തങ്ങളോടു പോകണമെന്നു കൽപ്പിച്ചിരുന്ന മലയിലേക്കുതന്നെ യാത്രതിരിച്ചു. യേശുവിനെ കണ്ടപ്പോൾ അവർ അവിടത്തെ നമസ്കരിച്ചു; ചിലരോ, സംശയിച്ചു. യേശു തന്റെ ശിഷ്യന്മാരുടെ അടുത്തേക്ക് വന്ന്, “സ്വർഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നൽകിയിരിക്കുന്നു. അതുകൊണ്ട് നിങ്ങൾ പോയി പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോട് കൽപ്പിച്ചതെല്ലാം അനുവർത്തിക്കാൻ അവരെ ഉപദേശിച്ചുംകൊണ്ട് സകലജനതയെയും എന്റെ ശിഷ്യരാക്കുക. ഞാൻ യുഗാന്ത്യംവരെ എപ്പോഴും നിങ്ങളോടുകൂടെ ഉണ്ടായിരിക്കും, നിശ്ചയം,” എന്നു കൽപ്പിച്ചു.