മത്തായി 27:57-66
മത്തായി 27:57-66 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സന്ധ്യയായപ്പോൾ അരിമഥ്യക്കാരനായ യോസേഫ് എന്ന ധനവാൻ താനും യേശുവിന്റെ ശിഷ്യനായിരിക്കയാൽ വന്ന്, പീലാത്തൊസിന്റെ അടുക്കൽ ചെന്ന് യേശുവിന്റെ ശരീരം ചോദിച്ചു; പീലാത്തൊസ് അത് ഏല്പിച്ചുകൊടുപ്പാൻ കല്പിച്ചു. യോസേഫ് ശരീരം എടുത്തു നിർമ്മലശീലയിൽ പൊതിഞ്ഞ്, താൻ പാറയിൽ വെട്ടിച്ചിരുന്ന തന്റെ പുതിയ കല്ലറയിൽ വച്ചു കല്ലറയുടെ വാതിൽക്കൽ ഒരു വലിയ കല്ല് ഉരുട്ടിവച്ചിട്ടു പോയി. കല്ലറയ്ക്ക് എതിരേ മഗ്ദലക്കാരത്തി മറിയയും മറ്റേ മറിയയും ഇരുന്നിരുന്നു. ഒരുക്കനാളിന്റെ പിറ്റേ ദിവസം മഹാപുരോഹിതന്മാരും പരീശന്മാരും പീലാത്തൊസിന്റെ അടുക്കൽ ചെന്നുകൂടി: യജമാനനേ, ആ ചതിയൻ ജീവനോടിരിക്കുമ്പോൾ: മൂന്നു നാൾ കഴിഞ്ഞിട്ടു ഞാൻ ഉയിർത്തെഴുന്നേല്ക്കും എന്നു പറഞ്ഞപ്രകാരം ഞങ്ങൾക്ക് ഓർമ വന്നു. അതുകൊണ്ട് അവന്റെ ശിഷ്യന്മാർ ചെന്ന് അവനെ മോഷ്ടിച്ചിട്ട്, അവൻ മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർത്തെഴുന്നേറ്റു എന്നു ജനത്തോടു പറകയും ഒടുവിലത്തെ ചതിവു മുമ്പിലത്തേതിലും വിഷമമായിത്തീരുകയും ചെയ്യാതിരിക്കേണ്ടതിനു മൂന്നാം നാൾവരെ കല്ലറ ഉറപ്പാക്കുവാൻ കല്പിക്ക എന്നു പറഞ്ഞു. പീലാത്തൊസ് അവരോട്: കാവല്ക്കൂട്ടത്തെ തരാം; പോയി നിങ്ങളാൽ ആകുന്നേടത്തോളം ഉറപ്പുവരുത്തുവിൻ എന്നു പറഞ്ഞു. അവർ ചെന്നു കല്ലിനു മുദ്രവച്ചു കാവല്ക്കൂട്ടത്തെ നിറുത്തി കല്ലറ ഉറപ്പാക്കി.
മത്തായി 27:57-66 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നേരം വൈകിയപ്പോൾ അരിമഥ്യയിലെ ഒരു ധനികനായ യോസേഫ് എന്നയാൾ അവിടെയെത്തി. അയാളും യേശുവിന്റെ ശിഷ്യത്വം സ്വീകരിച്ചവരിൽ ഒരാളായിരുന്നു. അയാൾ പീലാത്തോസിനെ സമീപിച്ച് യേശുവിന്റെ ശരീരം വിട്ടുകൊടുക്കണമെന്നപേക്ഷിച്ചു. പീലാത്തോസ് അനുവാദം നല്‌കി. യോസേഫ് ശരീരം ഏറ്റുവാങ്ങി ഒരു ശുഭ്രവസ്ത്രത്തിൽ പൊതിഞ്ഞ് പുതുതായി പാറയിൽ വെട്ടിച്ച തന്റെ കല്ലറയിൽ സംസ്കരിച്ചു. ഒരു വലിയ കല്ലുരുട്ടി കല്ലറയുടെ വാതിൽക്കൽ വച്ചശേഷം അയാൾ പോയി. ഈ സമയത്ത് കല്ലറയ്‍ക്കഭിമുഖമായി മഗ്ദലേനമറിയവും മറ്റേ മറിയവും ഇരിക്കുന്നുണ്ടായിരുന്നു. പിറ്റേ ദിവസം, അതായത് ഒരുക്കനാൾ കഴിഞ്ഞിട്ട്, മുഖ്യപുരോഹിതന്മാരും പരീശന്മാരും ചെന്ന് പീലാത്തോസിനോട് പറഞ്ഞു: “പ്രഭോ, ആ വഞ്ചകൻ ജീവിച്ചിരുന്നപ്പോൾ ഞാൻ മൂന്നു ദിവസം കഴിഞ്ഞു ഉയിർത്തെഴുന്നേല്‌ക്കും’ എന്നു പറഞ്ഞിരുന്നതായി ഓർക്കുന്നു. അയാളുടെ ശിഷ്യന്മാർ വന്ന് അയാളെ മോഷ്‍ടിച്ചുകൊണ്ടുപോയിട്ട് അയാൾ മരിച്ചവരിൽനിന്ന് ഉത്ഥാനം ചെയ്തിരിക്കുന്നു എന്നു ജനത്തെ പറഞ്ഞു ധരിപ്പിക്കും. അങ്ങനെ ഒടുവിലത്തെ ഈ വഞ്ചന ആദ്യത്തേതിനെക്കാൾ വഷളായിത്തീരും. അതു സംഭവിക്കാതിരിക്കുവാൻ മൂന്നാം ദിവസംവരെ കല്ലറ ഭദ്രമായി സൂക്ഷിക്കുവാൻ കല്പിച്ചാലും.” “കാവല്ഭടന്മാരെ കൊണ്ടുപോയി നിങ്ങൾക്ക് ആവുംവിധം കല്ലറ ഭദ്രമാക്കിക്കൊള്ളുക” എന്നു പീലാത്തോസ് അവരോടു പറഞ്ഞു. അങ്ങനെ അവർ പോയി അടപ്പുകല്ലിനു മുദ്രവച്ച് കല്ലറ ഭദ്രമാക്കി; ഭടന്മാരെ കാവൽനിറുത്തുകയും ചെയ്തു.
മത്തായി 27:57-66 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
സന്ധ്യയായപ്പോൾ യേശുവിന്‍റെ ശിഷ്യനായിരുന്ന അരിമത്ഥ്യക്കാരനായ യോസേഫ് എന്ന പേരുള്ള ധനവാൻ വന്നു, പീലാത്തോസിനെ സമീപിച്ചു യേശുവിന്‍റെ ശരീരം ചോദിച്ചു; പീലാത്തോസ് അത് കൊടുക്കുവാൻ കല്പിച്ചു. യോസേഫ് ശരീരം എടുത്തു വൃത്തിയുള്ള ചണശീലയിൽ പൊതിഞ്ഞു, താൻ പാറയിൽ വെട്ടിച്ചിരുന്ന തന്‍റെ സ്വന്തമായ പുതിയ കല്ലറയിൽ വച്ചു കല്ലറയുടെ വാതിൽക്കൽ ഒരു വലിയ കല്ല് ഉരുട്ടിവച്ചിട്ടുപോയി. കല്ലറയ്ക്ക് എതിരെ മഗ്ദലക്കാരത്തി മറിയയും മറ്റെ മറിയയും ഇരുന്നിരുന്നു. ഒരുക്കനാളിൻ്റെ പിറ്റെ ദിവസം മഹാപുരോഹിതന്മാരും പരീശന്മാരും പീലാത്തൊസിനോടൊപ്പം വന്നുകൂടി: “യജമാനനേ, ഞങ്ങൾ ഓർക്കുന്നു ആ ചതിയൻ ജീവനോടിരിക്കുമ്പോൾ: മൂന്നുനാൾ കഴിഞ്ഞിട്ട് ഞാൻ ഉയിർത്തെഴുന്നേല്ക്കും എന്നു പറഞ്ഞത്. അതുകൊണ്ട് അവന്റെ ശിഷ്യന്മാർ ചെന്നു അവനെ മോഷ്ടിച്ചിട്ട്, അവൻ മരിച്ചവരുടെ ഇടയിൽ നിന്നു ഉയിർത്തെഴുന്നേറ്റു എന്നു ജനത്തോടു പറകയും ഒടുവിലത്തെ ചതിവ് മുമ്പിലത്തേതിലും വിഷമമായിത്തീരുകയും ചെയ്യാതിരിക്കേണ്ടതിന് മൂന്നാം നാൾവരെ കല്ലറ ഉറപ്പാക്കുവാൻ കല്പിക്ക“ എന്നു പറഞ്ഞു. പീലാത്തോസ് അവരോട്: “കാവൽക്കൂട്ടത്തെ തരാം; പോയി നിങ്ങളാൽ കഴിയുന്നിടത്തോളം ഉറപ്പുവരുത്തുവിൻ“ എന്നു പറഞ്ഞു. അവർ ചെന്നു കല്ലിന് മുദ്രവെച്ചു കാവൽക്കൂട്ടത്തെ നിർത്തി കല്ലറ ഉറപ്പാക്കി.
മത്തായി 27:57-66 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
സന്ധ്യയായപ്പോൾ അരിമഥ്യക്കാരനായ യോസേഫ് എന്ന ധനവാൻ താനും യേശുവിന്റെ ശിഷ്യനായിരിക്കയാൽ വന്നു, പീലാത്തൊസിന്റെ അടുക്കൽ ചെന്നു യേശുവിന്റെ ശരീരം ചോദിച്ചു; പീലത്തൊസ് അതു ഏല്പിച്ചുകൊടുപ്പാൻ കല്പിച്ചു. യോസേഫ് ശരീരം എടുത്തു നിർമ്മലശീലയിൽ പൊതിഞ്ഞു, താൻ പാറയിൽ വെട്ടിച്ചിരുന്ന തന്റെ പുതിയ കല്ലറയിൽ വെച്ചു കല്ലറയുടെ വാതിൽക്കൽ ഒരു വലിയ കല്ലു ഉരുട്ടിവെച്ചിട്ടു പോയി. കല്ലറെക്കു എതിരെ മഗ്ദലക്കാരത്തി മറിയയും മറ്റെ മറിയയും ഇരുന്നിരുന്നു. ഒരുക്കനാളിന്റെ പിറ്റെ ദിവസം മഹാപുരോഹിതന്മാരും പരീശന്മാരും പീലാത്തൊസിന്റെ അടുക്കൽ ചെന്നുകൂടി: യജമാനനേ, ആ ചതിയൻ ജീവനോടിരിക്കുമ്പോൾ: മൂന്നുനാൾ കഴിഞ്ഞിട്ടു ഞാൻ ഉയിർത്തെഴുന്നേല്ക്കും എന്നു പറഞ്ഞപ്രകാരം ഞങ്ങൾക്കു ഓർമ്മ വന്നു. അതുകൊണ്ടു അവന്റെ ശിഷ്യന്മാർ ചെന്നു അവനെ മോഷ്ടിച്ചിട്ടു, അവൻ മരിച്ചവരുടെ ഇടയിൽ നിന്നു ഉയിർത്തെഴുന്നേറ്റു എന്നു ജനത്തോടു പറകയും ഒടുവിലത്തെ ചതിവു മുമ്പിലത്തേതിലും വിഷമമായിത്തീരുകയും ചെയ്യാതിരിക്കേണ്ടതിന്നു മൂന്നാം നാൾവരെ കല്ലറ ഉറപ്പാക്കുവാൻ കല്പിക്ക എന്നു പറഞ്ഞു. പീലാത്തൊസ് അവരോടു: കാവൽക്കൂട്ടത്തെ തരാം; പോയി നിങ്ങളാൽ ആകുന്നെടത്തോളം ഉറപ്പുവരുത്തുവിൻ എന്നു പറഞ്ഞു. അവർ ചെന്നു കല്ലിന്നു മുദ്രവെച്ചു കാവൽക്കൂട്ടത്തെ നിറുത്തി കല്ലറ ഉറപ്പാക്കി.
മത്തായി 27:57-66 സമകാലിക മലയാളവിവർത്തനം (MCV)
സന്ധ്യയായപ്പോൾ, യേശുവിന്റെ ഒരു ശിഷ്യനായിരുന്ന അരിമഥ്യക്കാരൻ യോസേഫ് എന്ന ധനികൻ അവിടെ എത്തി. അദ്ദേഹം പീലാത്തോസിന്റെ അടുക്കൽ ചെന്ന് യേശുവിന്റെ മൃതദേഹം വിട്ടുതരണമെന്ന് അപേക്ഷിച്ചു; അദ്ദേഹത്തിന് അതു വിട്ടുകൊടുക്കാൻ പീലാത്തോസ് ഉത്തരവിടുകയും ചെയ്തു. യോസേഫ് ആ മൃതദേഹം എടുത്ത് വെടിപ്പുള്ള ഒരു മൃദുലവസ്ത്രത്തിൽ പൊതിഞ്ഞ്, തനിക്കായി പാറയിൽ വെട്ടിച്ചിരുന്ന പുതിയ കല്ലറയിൽ സംസ്കരിച്ചു. കല്ലറയുടെ കവാടത്തിൽ വലിയൊരു കല്ല് ഉരുട്ടിവെച്ചതിനുശേഷം അദ്ദേഹം പോയി. അവിടെ, മഗ്ദലക്കാരി മറിയയും മറ്റേ മറിയയും കല്ലറയ്ക്കുമുമ്പിൽ ഇരിക്കുന്നുണ്ടായിരുന്നു. ഒരുക്കനാൾ കഴിഞ്ഞുള്ള ദിവസം പുരോഹിതമുഖ്യന്മാരും പരീശന്മാരും ഒരുമിച്ച് പീലാത്തോസിന്റെ അടുക്കൽവന്നു. അവർ അദ്ദേഹത്തോട്, “പ്രഭോ, ആ വഞ്ചകൻ ജീവിച്ചിരുന്നപ്പോൾ, ‘ഞാൻ മൂന്ന് ദിവസത്തിനുശേഷം ഉയിർത്തെഴുന്നേൽക്കും’ എന്നു പറഞ്ഞത് ഞങ്ങൾ ഓർക്കുന്നു. അതുകൊണ്ട് മൂന്നുദിവസംവരെ കല്ലറ സുരക്ഷിതമാക്കാൻ ഉത്തരവിടണം എന്നപേക്ഷിച്ചു. അല്ലാത്തപക്ഷം അയാളുടെ ശിഷ്യന്മാർ വന്ന് മൃതദേഹം മോഷ്ടിക്കുകയും അയാൾ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റിരിക്കുന്നു എന്ന് ജനങ്ങളോടു പറയുകയും ചെയ്യും. ഈ ഒടുവിലത്തെ വഞ്ചന ആദ്യത്തേതിനെക്കാൾ വിഷമകരമാകുകയും ചെയ്യും.” അതിന് പീലാത്തോസ്, “ഒരുസംഘം സൈനികരെ തരാം, നിങ്ങൾ പോയി കഴിയുന്നവിധത്തിലെല്ലാം കല്ലറ സുരക്ഷിതമാക്കുക” എന്നു പറഞ്ഞു. അങ്ങനെ അവർ പോയി ആ പാറമേൽ മുദ്രവെച്ചും സൈനികരെ നിയോഗിച്ചും കല്ലറ ഭദ്രമാക്കി.